വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഡ്രിയാനയുടെ ആഗ്രഹം

ആഡ്രിയാനയുടെ ആഗ്രഹം

ആഡ്രിയാനയുടെ ആഗ്രഹം

അമേരിക്കയിലെ ഓക്‌ലഹോമ സംസ്ഥാനത്തെ ടൽസയിൽ താമസിക്കുന്ന ആറു വയസ്സുകാരി ആഡ്രിയാനയ്‌ക്ക്‌ ഒരു മോഹം ഉണ്ടായിരുന്നു. സങ്കീർത്തനക്കാരനായ ദാവീദിന്റേതിനു സമാനമായിരുന്നു അത്‌. അവൻ ഇങ്ങനെ പാടി: “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്‌കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.”​—⁠സങ്കീർത്തനം 27:⁠4.

ആറു മാസം പ്രായമുള്ളപ്പോൾ ആഡ്രിയാനയ്‌ക്ക്‌ ന്യൂറോബ്ലാസ്റ്റോമ, അതായത്‌ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരുതരം ക്യാൻസർ പിടിപെട്ടിരിക്കുന്നതായി കണ്ടെത്തി. ഈ മാരകരോഗം അവളുടെ കാലുകൾ രണ്ടും തളർത്തിക്കളഞ്ഞു. അനവധി ശസ്‌ത്രക്രിയകൾക്കും ഒരു വർഷം നീണ്ടുനിന്ന കീമോതെറാപ്പിക്കും അവൾ വിധേയയായി.

ഒരു ലോകപ്രശസ്‌ത അമ്യൂസ്‌മെന്റ്‌ പാർക്കിൽ ആഡ്രിയാനയെ കൊണ്ടുപോകുന്നതിനുവേണ്ടി അവളുടെ പപ്പ​—⁠അവളുടെയും അമ്മയുടെയും മതവിശ്വാസം പിൻപറ്റാത്ത ആളാണ്‌ അദ്ദേഹം​—⁠ഒരു സംഘടനയുടെ സഹായം തേടുകയുണ്ടായി. അവൾക്ക്‌ അതിനുള്ള അവസരം ഒരുക്കുന്നതിനു മുമ്പ്‌ പ്രസ്‌തുത സംഘടന അവളുമായി ഒരു അഭിമുഖം നടത്തി. തന്റെ പേരു പരിഗണിച്ചതിനു നന്ദിപറഞ്ഞശേഷം അവൾ തന്റെ ആഗ്രഹം അവരോടു വെളിപ്പെടുത്തി. ബെഥേൽ സന്ദർശിക്കുക എന്നതായിരുന്നു അത്‌. യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലുള്ള ലോകാസ്ഥാനമാണത്‌. എന്നാൽ തന്നെ ഒരു അമ്യൂസ്‌മെന്റ്‌ പാർക്കിൽ കൊണ്ടുപോകുന്നതിനു വേണ്ടിയാണ്‌ പപ്പ അപേക്ഷ നൽകിയിരിക്കുന്നത്‌ എന്നറിഞ്ഞ ആഡ്രിയാന, ബെഥേൽ സന്ദർശിക്കാനുള്ള അവസരത്തിനായി യഹോവയോടു പ്രാർഥിച്ചു. ബെഥേൽ സന്ദർശനം കുട്ടികൾക്ക്‌ അത്ര ആസ്വാദ്യമായേക്കുമോ എന്ന സന്ദേഹം ആ സംഘടനയ്‌ക്ക്‌ ഉണ്ടായിരുന്നെങ്കിലും ആഡ്രിയാനയുടെ പപ്പ എതിർപ്പൊന്നും പ്രകടിപ്പിക്കാഞ്ഞതിനാൽ അവർ ആ മോഹം സാധിച്ചുകൊടുക്കാൻ തയ്യാറായി.

അങ്ങനെ ആദ്യമായി ബെഥേൽ സന്ദർശിക്കുന്നതിന്‌ ആഡ്രിയാന അമ്മയോടും ചേച്ചിയോടും ഒരു കൂട്ടുകാരിയോടും ഒപ്പം ന്യൂയോർക്കിലേക്കു പുറപ്പെട്ടു. “യഹോവ എന്റെ പ്രാർഥന കേട്ടു. അവൻ ഞങ്ങളെ ബെഥേലിലേക്കു സ്വാഗതം ചെയ്യുമെന്ന്‌ എനിക്കറിയാമായിരുന്നു. പുസ്‌തകവും മാസികയും ബൈബിളുമൊക്കെ ഉണ്ടാക്കുന്നത്‌ എങ്ങനെയെന്ന്‌ ഞാനവിടെ നേരിട്ടു കണ്ടു. അമ്യൂസ്‌മെന്റ്‌ പാർക്കിനെക്കാൾ എത്രയോ നല്ലതാണിത്‌,” ആഡ്രിയാന പറഞ്ഞു.

“യഹോവയുടെ മനോഹരത്വം” ആഡ്രിയാന നേരിൽ കാണുകതന്നെ ചെയ്‌തു. യഹോവയുടെ ജനത്തിന്റെ ലോകാസ്ഥാനത്തെ പ്രവർത്തനങ്ങൾ അവളിൽ അത്ഭുതാദരങ്ങൾ ഉണർത്തി. ന്യൂയോർക്കിലെ ലോകാസ്ഥാനത്തിനു പുറമേ പല രാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾക്ക്‌ ബ്രാഞ്ച്‌ ഓഫീസുകൾ ഉണ്ട്‌. നിങ്ങൾക്കും അവിടേക്കു സ്വാഗതം!