വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മികവർധന പ്രാപിക്കുന്ന സഭ

ആത്മികവർധന പ്രാപിക്കുന്ന സഭ

ആത്മികവർധന പ്രാപിക്കുന്ന സഭ

“അങ്ങനെ . . . സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചു.” ​—⁠പ്രവൃത്തികൾ 9:31.

1. “ദൈവത്തിന്റെ സഭ”യോടുള്ള ബന്ധത്തിൽ പരിചിന്തിക്കാനാകുന്ന ചില ചോദ്യങ്ങളേവ?

യഹോവ പൊതുയുഗം 33-ലെ പെന്തെക്കൊസ്‌തുനാളിൽ ക്രിസ്‌തുശിഷ്യരുടെ ഒരു കൂട്ടത്തെ ഒരു പുതിയ ജനതയായി, ‘ദൈവത്തിന്റെ ഇസ്രായേലായി’ അംഗീകരിച്ചു. (ഗലാത്യർ 6:16) ഈ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ, ബൈബിൾ വിളിക്കുന്നതുപോലെ “ദൈവത്തിന്റെ സഭ”യായിത്തീരുകയും ചെയ്‌തു. (1 കൊരിന്ത്യർ 11:22) അതിൽ എന്താണ്‌ ഉൾപ്പെട്ടിരുന്നത്‌? “ദൈവത്തിന്റെ സഭ”യുടെ ഘടന എങ്ങനെ ആയിരിക്കുമായിരുന്നു? അതിലെ അംഗങ്ങൾ ഭൂമിയിൽ എവിടെ ജീവിച്ചിരുന്നാലും അതിന്റെ പ്രവർത്തനം ഏതു വിധത്തിലായിരിക്കുമായിരുന്നു? നമ്മുടെ ജീവിതത്തെയും സന്തോഷത്തെയും അത്‌ എങ്ങനെ സ്വാധീനിക്കുന്നു?

2, 3. സഭ സംഘടിതമായിരിക്കുമെന്ന്‌ യേശു എങ്ങനെ സൂചിപ്പിച്ചു?

2 മുൻ ലേഖനത്തിൽ കണ്ടതുപോലെ, തന്റെ അഭിഷിക്ത അനുഗാമികളുടെ സഭയുടെ ജനനം മുൻകൂട്ടിപ്പറഞ്ഞുകൊണ്ട്‌ യേശു പത്രൊസിനോട്‌ “ഈ പാറമേൽ,” അതായത്‌ യേശുക്രിസ്‌തുവിന്മേൽ “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” എന്നു പറഞ്ഞു. (മത്തായി 16:18) കൂടാതെ അപ്പൊസ്‌തലന്മാരോടൊപ്പം ആയിരിക്കെത്തന്നെ, താമസംവിനാ സ്ഥാപിക്കപ്പെടാനിരുന്ന ആ സഭയുടെ പ്രവർത്തനവിധവും ഘടനയും സംബന്ധിച്ചുള്ള വിവരങ്ങളും അവൻ നൽകി.

3 സഭയിൽ ചിലർ നേതൃത്വംവഹിക്കാനുണ്ടാകുമെന്ന്‌ വാക്കാലും പ്രവൃത്തിയാലും യേശു വ്യക്തമാക്കി. കൂട്ടത്തിലുള്ളവർക്കു സേവനമനുഷ്‌ഠിച്ചുകൊണ്ട്‌ അഥവാ ശുശ്രൂഷ ചെയ്‌തുകൊണ്ടായിരിക്കുമായിരുന്നു അവർ അങ്ങനെ ചെയ്യുന്നത്‌. അവൻ ഇങ്ങനെ പറഞ്ഞു: “ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെമേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു. നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.” (മർക്കൊസ്‌ 10:42-44) വ്യക്തമായും, അങ്ങിങ്ങായി ഒറ്റതിരിഞ്ഞു പ്രവർത്തിക്കുന്ന വ്യക്തികളടങ്ങിയ കുത്തഴിഞ്ഞ ഒരു പ്രസ്ഥാനമായിരിക്കുമായിരുന്നില്ല “ദൈവത്തിന്റെ സഭ.” പിന്നെയോ, അന്യോന്യം ഇടപഴകുകയും കൂട്ടായി പ്രവർത്തിക്കുകയും ചെയ്യുന്ന അംഗങ്ങളോടുകൂടിയ അത്‌ വ്യക്തമായ ഘടനയുള്ള ഒന്നായിരിക്കുമായിരുന്നു.

4, 5. സഭയിൽ ആത്മീയ പ്രബോധനം ആവശ്യമായിരിക്കുമായിരുന്നെന്ന്‌ നാം എങ്ങനെ അറിയുന്നു?

4 അപ്പൊസ്‌തലന്മാർക്കും യേശുവിൽനിന്നു പഠിച്ച മറ്റുള്ളവർക്കും സഭയോടുള്ള ബന്ധത്തിൽ പ്രത്യേക ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കുമെന്ന്‌ ആ ‘ദൈവസഭയുടെ’ ശിരസ്സായിരിക്കുമായിരുന്ന യേശു സൂചിപ്പിച്ചു. എന്തായിരുന്നു അത്‌? ആത്മീയ അറിവു പകർന്നുകൊടുക്കുക എന്നതായിരുന്നു അവരുടെ ഒരു സുപ്രധാന നിയമനം. പുനരുത്ഥാനത്തെത്തുടർന്ന്‌ യേശു മറ്റു ചില അപ്പൊസ്‌തലന്മാരുടെ സാന്നിധ്യത്തിൽ പത്രൊസിനോടു പറഞ്ഞ പിൻവരുന്ന വാക്കുകൾ ഓർക്കുക: “യോഹന്നാന്റെ മകനായ ശിമോനേ, നീ . . . എന്നെ സ്‌നേഹിക്കുന്നുവോ”? പത്രൊസിന്റെ മറുപടി “ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ” എന്നായിരുന്നു. അപ്പോൾ യേശു അവനോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ മേയ്‌ക്ക . . . എന്റെ ആടുകളെ പാലിക്ക . . . എന്റെ ആടുകളെ മേയ്‌ക്ക.” (യോഹന്നാൻ 21:15-17) എത്ര സുപ്രധാനമായ ഒരു നിയമനം!

5 സഭയിൽ കൂട്ടിച്ചേർക്കപ്പെടുന്നവരെ ഒരു ആട്ടിൻകൂട്ടത്തിലെ ആടുകളോട്‌ ഉപമിച്ചിരിക്കുന്നതായി യേശുവിന്റെ വാക്കുകളിൽനിന്നു നമുക്കു കാണാനാകും. ക്രിസ്‌തീയ പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമാകുന്ന ഈ ആടുകൾക്ക്‌ ആത്മീയ പോഷണവും ഉചിതമായ പരിപാലനവും ആവശ്യമായിരുന്നു. കൂടാതെ മറ്റുള്ളവരെ പഠിപ്പിച്ചു ശിഷ്യരാക്കാൻ യേശു തന്റെ എല്ലാ അനുഗാമികൾക്കും കൽപ്പനകൊടുത്തിരിക്കുന്നതിനാൽ ആ ദിവ്യനിയോഗം നിറവേറ്റാൻ, അവന്റെ ആടുകളായിത്തീരുന്ന പുതിയവരെയെല്ലാം പരിശീലിപ്പിക്കേണ്ടതുമുണ്ടായിരുന്നു.​—⁠മത്തായി 28:19, 20.

6. പുതുതായി രൂപംകൊണ്ട “ദൈവത്തിന്റെ സഭ”യിൽ എന്തു ക്രമീകരണങ്ങൾ ചെയ്യപ്പെട്ടിരുന്നു?

6 “ദൈവത്തിന്റെ സഭ” രൂപപ്പെട്ടുകഴിഞ്ഞതോടെ അതിലെ അംഗങ്ങൾ പ്രബോധനത്തിനും പരസ്‌പര പ്രോത്സാഹനത്തിനുമായി ക്രമമായി കൂടിവരാൻ തുടങ്ങി. “അവർ അപ്പൊസ്‌തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്‌മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു” എന്ന്‌ ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. (പ്രവൃത്തികൾ 2:42, 46, 47) ചില പ്രത്യേക കാര്യങ്ങളോടുള്ള ബന്ധത്തിൽ പ്രായോഗിക സഹായം നൽകാൻ യോഗ്യരായ ചില പുരുഷന്മാർ നിയമിക്കപ്പെട്ടിരുന്നു എന്നതാണ്‌ ബൈബിൾരേഖയിൽ കാണുന്ന ശ്രദ്ധേയമായ മറ്റൊരു വസ്‌തുത. വിദ്യാഭ്യാസത്തിന്റെയോ സാങ്കേതിക വൈദഗ്‌ധ്യങ്ങളുടെയോ അടിസ്ഥാനത്തിലായിരുന്നില്ല അവരെ തിരഞ്ഞെടുത്തിരുന്നത്‌. മറിച്ച്‌ “ആത്മാവും ജഞാനവും നിറഞ്ഞ” പുരുഷന്മാരായിരുന്നു അവർ. അവരിലൊരാളായിരുന്ന സ്‌തെഫാനൊസ്‌ “വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ”വനായിരുന്നുവെന്ന്‌ ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. സഭാക്രമീകരണത്തിന്റെ ഒരു ഫലത്തെക്കുറിച്ച്‌ രേഖ ഇങ്ങനെ പറയുന്നു: “ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി.”​—⁠പ്രവൃത്തികൾ 6:1-7.

ദൈവത്താൽ ഉപയോഗിക്കപ്പെട്ട പുരുഷന്മാർ

7, 8. (എ) യെരൂശലേമിലെ അപ്പൊസ്‌തലന്മാർക്കും മൂപ്പന്മാർക്കും ആദിമ ക്രിസ്‌തീയ സമൂഹത്തിൽ ഏതു സേവനപദവി ഉണ്ടായിരുന്നു? (ബി) സഭകളിലൂടെ മാർഗനിർദേശം നൽകപ്പെട്ടപ്പോൾ എന്തു ഫലമുണ്ടായി?

7 സഭയുടെ ശൈശവദശയിൽ അപ്പൊസ്‌തലന്മാർ നേതൃനിരയിൽ സേവിച്ചിരുന്നെങ്കിലും അവർ ഒറ്റയ്‌ക്കായിരുന്നില്ല. പൗലൊസും സഹചാരികളും സിറിയയിലെ അന്ത്യൊക്യയിലേക്കു മടങ്ങിപ്പോയ സന്ദർഭത്തെക്കുറിച്ച്‌ പ്രവൃത്തികൾ 14:27 ഇങ്ങനെ പറയുന്നു: “അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്‌തതൊക്കെയും . . . അറിയിച്ചു.” അവർ ആ പ്രാദേശിക സഭയിലായിരിക്കെ, പുറജാതികളിൽനിന്നു വിശ്വാസികളായിത്തീരുന്നവർ പരിച്ഛേദനയേൽക്കണമോയെന്ന ചോദ്യം ഉയർന്നുവന്നു. അതിനു തീർപ്പുകാണാൻ പൗലൊസിനെയും ബർന്നബാസിനെയും, അന്നു ഭരണസംഘമായി പ്രവർത്തിച്ചിരുന്ന യെരൂശലേമിലെ “അപ്പൊസ്‌തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ” പറഞ്ഞയച്ചു.​—⁠പ്രവൃത്തികൾ 15:1-3.

8 “ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്‌തലന്മാരും മൂപ്പന്മാരും വന്നുകൂടി”യപ്പോൾ ആധ്യക്ഷ്യംവഹിച്ചത്‌ യേശുവിന്റെ അർധസഹോദരനും ക്രിസ്‌തീയ മൂപ്പനുമായ യാക്കോബ്‌ ആയിരുന്നു. അവൻ പക്ഷേ ഒരു അപ്പൊസ്‌തലൻ ആയിരുന്നില്ല. (പ്രവൃത്തികൾ 15:6) വിശദമായ ചർച്ചയ്‌ക്കൊടുവിൽ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ തിരുവെഴുത്തിനു ചേർച്ചയിൽ അവർ ഒരു തീരുമാനത്തിലെത്തി. പ്രസ്‌തുത തീരുമാനം പ്രാദേശിക സഭകളെ എഴുതിയറിയിച്ചു. (പ്രവൃത്തികൾ 15:22-32) സഭകൾ അതു കൈക്കൊള്ളുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്‌തു. എന്തായിരുന്നു ഫലം? സഹോദരീസഹോദരന്മാർ പ്രോത്സാഹിതരും ബലിഷ്‌ഠരുമായിത്തീർന്നു. “അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്‌തു” എന്ന്‌ ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു.​—⁠പ്രവൃത്തികൾ 16:⁠5.

9. യോഗ്യരായ ക്രിസ്‌തീയ പുരുഷന്മാർക്കായി ബൈബിൾ ഏത്‌ ഉത്തരവാദിത്വങ്ങൾ വെച്ചുനീട്ടുന്നു?

9 എന്നാൽ പ്രാദേശിക സഭകളുടെ അനുദിന പ്രവർത്തനം സംബന്ധിച്ചെന്ത്‌? ഉദാഹരണത്തിന്‌ ക്രേത്ത ദ്വീപിലുണ്ടായിരുന്ന സഭകളുടെ കാര്യമെടുക്കുക. ആ ദ്വീപിലുള്ള പലർക്കും ഒരു സത്‌പേരില്ലായിരുന്നെങ്കിലും ചിലർ ആവശ്യമായ മാറ്റങ്ങൾവരുത്തിക്കൊണ്ടു ക്രിസ്‌ത്യാനികളായിത്തീർന്നു. (തീത്തൊസ്‌ 1:10-12; 2:2, 3) വിവിധ പട്ടണങ്ങളിൽ വസിച്ചിരുന്ന അവരെല്ലാവരും ഭരണസംഘം പ്രവർത്തിച്ചിരുന്ന യെരൂശലേമിൽനിന്ന്‌ ഏറെ ദൂരെയായിരുന്നു. അതു പക്ഷേ വലിയ ഒരു പ്രശ്‌നമായിരുന്നില്ല, കാരണം മറ്റു സ്ഥലങ്ങളിൽ ചെയ്‌തിരുന്നതുപോലെ ക്രേത്തയിലെ ഓരോ പ്രാദേശിക സഭയിലും ആത്മീയ “മൂപ്പന്മാരെ” നിയമിച്ചിരുന്നു. ബൈബിളിൽ കാണപ്പെടുന്ന യോഗ്യതകളിൽ എത്തിച്ചേർന്നിരുന്ന അവർ “പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും” പ്രാപ്‌തരായ മേൽവിചാരകന്മാരായിരുന്നു. (തീത്തൊസ്‌ 1:5-9; 1 തിമൊഥെയൊസ്‌ 3:1-7) ശുശ്രൂഷാദാസന്മാർ അഥവാ ഡീക്കന്മാർ എന്ന നിലയിൽ സേവിക്കാൻ ആത്മീയ യോഗ്യത പ്രാപിച്ച മറ്റു പുരുഷന്മാരും ഉണ്ടായിരുന്നു.​—⁠1 തിമൊഥെയൊസ്‌ 3:8-10, 12, 13.

10. മത്തായി 18:15-17 അനുസരിച്ച്‌ ഗുരുതരമായ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കണമായിരുന്നു?

10 സഭകൾക്ക്‌ ഇത്തരമൊരു ചട്ടക്കൂട്‌ ഉണ്ടായിരിക്കുമായിരുന്നെന്ന്‌ യേശു സൂചിപ്പിച്ചു. ചിലപ്പോഴൊക്കെ ദൈവജനത്തിൽപ്പെട്ട രണ്ടുപേർക്കിടയിൽ​—⁠അവരിലൊരാൾ മറ്റേയാൾക്കെതിരെ ചെയ്യുന്ന ഏതെങ്കിലുമൊരു പാപംനിമിത്തം​—⁠ഒരു വിഷമസന്ധി സംജാതമായേക്കാമെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട്‌ മത്തായി 18:15-17-ൽ അവൻ വിവരിച്ച കാര്യങ്ങൾ ഓർക്കുക. ദ്രോഹിക്കപ്പെട്ട വ്യക്തി തനിച്ചു മറ്റേയാളെ സമീപിച്ച്‌ “കുറ്റം അവന്നു ബോധം വരുത്ത”ണമായിരുന്നു. അതുകൊണ്ടു തീരുന്നില്ലെങ്കിൽ പ്രശ്‌നത്തിന്റെ നിജസ്ഥിതി അറിയാവുന്ന വേറെ ഒന്നോ രണ്ടോ പേരെ സഹായത്തിനു വിളിക്കാൻ കഴിയുമായിരുന്നു. എന്നിട്ടും പരിഹാരം കാണുന്നില്ലെങ്കിലോ? യേശു ഇങ്ങനെ പറഞ്ഞു: “അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.” യേശു ഇതു പറഞ്ഞപ്പോഴും യഹൂദർതന്നെയായിരുന്നു “ദൈവത്തിന്റെ സഭ.” അതുകൊണ്ട്‌ അവന്റെ വാക്കുകൾ പ്രാരംഭത്തിൽ അവർക്കു ബാധകമായിരുന്നു. * എന്നാൽ ക്രിസ്‌തീയ സഭ സ്ഥാപിക്കപ്പെടുന്നതോടെ യേശുവിന്റെ വാക്കുകൾ ആ സഭയ്‌ക്കു ബാധകമായിത്തീരുമായിരുന്നു. ഓരോ ക്രിസ്‌ത്യാനിയുടെയും ആത്മീയക്ഷേമത്തിനും മാർഗനിർദേശത്തിനുമായി ദൈവജനത്തിനു സഭാതലത്തിലുള്ള ഒരു ക്രമീകരണം ഉണ്ടായിരിക്കുമായിരുന്നുവെന്നതിന്റെ മറ്റൊരു സൂചനയാണിത്‌.

11. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മൂപ്പന്മാർ ഏതു വിധത്തിൽ ഉൾപ്പെടേണ്ടിയിരുന്നു?

11 ഉചിതമായും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലോ ദുഷ്‌ചെയ്‌തികൾ കൈകാര്യം ചെയ്യുന്നതിലോ പ്രാദേശിക സഭകളെ പ്രതിനിധാനം ചെയ്യുന്നതു മൂപ്പന്മാരുടെ ഉത്തരവാദിത്വത്തിൽപ്പെടുമായിരുന്നു. അവരുടെ യോഗ്യതകളെക്കുറിച്ചു തീത്തൊസ്‌ 1:​9 പറയുന്നതുമായി ഇതു ചേർച്ചയിലാണ്‌. തീർച്ചയായും ‘ക്രമക്കേടുകൾ പരിഹരിക്കാൻ’ പൗലൊസ്‌ സഭകളിലേക്കയച്ച തീത്തൊസിനെപ്പോലെ അപൂർണരായിരുന്നു പ്രാദേശിക മൂപ്പന്മാർ. (തീത്തൊസ്‌ 1:4, 5, ഓശാന ബൈബിൾ) ഇന്നു മൂപ്പന്മാരായി സേവിക്കാൻ ശുപാർശചെയ്യപ്പെടുന്നവർ കാലം മാറ്റുരച്ച വിശ്വാസവും ഭക്തിയും ഉള്ളവരാണ്‌. അതുകൊണ്ടുതന്നെ മൂപ്പന്മാരുടെ വഴിനടത്തിപ്പിലും നേതൃത്വത്തിലും വിശ്വാസമർപ്പിക്കുന്നതിനു സഭയിലെ ശേഷം അംഗങ്ങൾക്കു തീർച്ചയായും കഴിയും.

12. മൂപ്പന്മാർക്കു സഭയുടെ കാര്യത്തിൽ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

12 എഫെസ്യ സഭയിലെ മൂപ്പന്മാർക്കു പൗലൊസ്‌ ഇങ്ങനെയെഴുതി: “നിങ്ങളെത്തന്നേയും . . . ദൈവത്തിന്റെ സഭയെ മേയ്‌പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃത്തികൾ 20:28) “ദൈവത്തിന്റെ സഭയെ മേയ്‌പാ”നാണ്‌ ഇന്നും സഭാമേൽവിചാരകന്മാർ നിയമിക്കപ്പെടുന്നത്‌. കർത്തൃത്വം നടത്തിക്കൊണ്ടല്ല പിന്നെയോ സ്‌നേഹത്തോടെയായിരിക്കണം അവർ അങ്ങനെ ചെയ്യേണ്ടത്‌. (1 പത്രൊസ്‌ 5:2, 3) “ആട്ടിൻകൂട്ടം മുഴുവനെയും” ബലപ്പെടുത്താനും സഹായിക്കാനും മേൽവിചാരകന്മാർ യത്‌നിക്കണം.

സഭയോടു പറ്റിനിൽക്കുക

13. ചിലപ്പോഴൊക്കെ സഭയിൽ എന്തു സംഭവിച്ചേക്കാം, എന്തുകൊണ്ട്‌?

13 മൂപ്പന്മാർ ഉൾപ്പെടെ സഭയിലുള്ള എല്ലാവരും അപൂർണരാണ്‌. അതുകൊണ്ടുതന്നെ ഇടയ്‌ക്കൊക്കെ തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും ഉണ്ടായേക്കാം; ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്‌തലന്മാരിൽ ചിലർ ജീവിച്ചിരുന്നപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്‌. (ഫിലിപ്പിയർ 4:2, 3) ഒരു മേൽവിചാരകനോ മറ്റാരെങ്കിലുമോ പരുഷമോ ദയാരഹിതമോ ആയ വിധത്തിൽ സംസാരിക്കുന്നതായോ പൂർണമായി സത്യമല്ലാത്ത കാര്യങ്ങൾ പറയുന്നതായോ നമുക്കു തോന്നിയേക്കാം. അല്ലെങ്കിൽ തിരുവെഴുത്തുവിരുദ്ധമായ ഒരു കാര്യം സംഭവിക്കുന്നതായും എന്നാൽ അതറിയാമായിട്ടും മൂപ്പന്മാർ നടപടി സ്വീകരിക്കാതിരിക്കുന്നതായും കാണപ്പെട്ടേക്കാം. യഥാർഥത്തിൽ, തിരുവെഴുത്തുകൾക്കും നമുക്കറിവില്ലാത്ത വസ്‌തുതകൾക്കും ചേർച്ചയിൽ പ്രസ്‌തുത പ്രശ്‌നം കൈകാര്യം ചെയ്‌തുകഴിഞ്ഞിട്ടുണ്ടായിരിക്കാം അല്ലെങ്കിൽ ഇപ്പോൾ അങ്ങനെ ചെയ്‌തുകൊണ്ടിരിക്കുകയായിരിക്കാം. ഇനി, നമ്മൾ വിചാരിച്ചതുപോലെതന്നെയാണു കാര്യങ്ങൾ സംഭവിച്ചിരിക്കുന്നതെങ്കിലോ? ഇതു ചിന്തിക്കുക: യഹോവയുടെ പരിപാലനത്തിലായിരുന്ന കൊരിന്ത്യ സഭയിൽ കുറെക്കാലത്തോളം ഗുരുതരമായ ഒരു ദുഷ്‌പ്രവൃത്തി തുടർന്നുപോന്നിരുന്നു. എന്നാൽ തക്കസമയത്ത്‌ ശരിയായ വിധത്തിലും ദൃഢതയോടെയും അതു കൈകാര്യം ചെയ്യപ്പെട്ടുവെന്ന്‌ അവൻ ഉറപ്പുവരുത്തി. (1 കൊരിന്ത്യർ 5:1, 5, 9-11) ‘അന്നു ഞാൻ കൊരിന്തിൽ ഉണ്ടായിരുന്നെങ്കിൽ, നടപടി സ്വീകരിക്കുന്നതുവരെയുള്ള ആ കാലയളവിൽ ഞാൻ എങ്ങനെ പ്രതികരിക്കുമായിരുന്നു?’ എന്നു നമുക്കു നമ്മോടുതന്നെ ചോദിക്കാവുന്നതാണ്‌.

14, 15. ചിലർ യേശുവിനെ വിട്ടുപോയത്‌ എന്തുകൊണ്ട്‌, അതു നമുക്കു നൽകുന്ന പാഠമെന്ത്‌?

14 സഭയോടുള്ള ബന്ധത്തിലുണ്ടായേക്കാവുന്ന മറ്റൊരു സാഹചര്യം പരിചിന്തിക്കുക. ഒരു തിരുവെഴുത്തുപദേശം മനസ്സിലാക്കാനും അംഗീകരിക്കാനും ഒരു വ്യക്തിക്കു പ്രയാസമായിത്തീരുന്നു. അദ്ദേഹം ബൈബിളും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ച്‌ ആഴമായ പഠനം നടത്തുകയും പക്വതയുള്ള ക്രിസ്‌ത്യാനികളുടെ​—⁠മൂപ്പന്മാരുടെപോലും​—⁠സഹായം തേടുകയും ചെയ്‌തിട്ടുണ്ടായിരിക്കാം. എന്നിട്ടും സംശയം തീരുന്നില്ല. അദ്ദേഹത്തിന്‌ എന്തു ചെയ്യാനാകും? യേശു മരിക്കുന്നതിന്‌ ഉദ്ദേശം ഒരു വർഷംമുമ്പ്‌ സമാനമായ ഒരു കാര്യം സംഭവിക്കുകയുണ്ടായി. താൻ “ജീവന്റെ അപ്പ”മാണെന്നും “മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ” ഒരുവന്‌ എന്നേക്കും ജീവിക്കാൻ കഴിയില്ലെന്നും അവൻ പ്രസ്‌താവിച്ചു. അത്‌ അവന്റെ ശിഷ്യന്മാരിൽ ചിലരെ ഞെട്ടിച്ചുകളഞ്ഞു. വിശദീകരണം ആരായുകയോ വിശ്വാസപൂർവം കാത്തിരിക്കുകയോ ചെയ്യുന്നതിനുപകരം, ശിഷ്യന്മാരിൽ പലരും “പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.” (യോഹന്നാൻ 6:35, 41-66) അന്നു നാം അവിടെ ഉണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?

15 ആധുനിക കാലത്ത്‌ ചിലർ സ്വന്തമായ വിധത്തിൽ ദൈവത്തെ സേവിക്കാൻ തീരുമാനിച്ചുകൊണ്ട്‌ പ്രാദേശിക സഭയുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുന്നു. വികാരങ്ങൾ മുറിപ്പെട്ടതിനാലോ ഒരു ഉപദേശം ഉൾക്കൊള്ളാൻ പ്രയാസമായതിനാലോ ആണ്‌ അങ്ങനെ ചെയ്‌തതെന്ന്‌ അവർ പറഞ്ഞേക്കാം. അല്ലെങ്കിൽ ഒരു ദുഷ്‌പ്രവൃത്തി കൈകാര്യം ചെയ്യപ്പെടാതെ വിട്ടിരിക്കുന്നതായി അവർക്കു തോന്നിയതായിരിക്കാം അതിനു കാരണം. അതിനോട്‌ അവർ പ്രതികരിച്ച വിധം എത്ര ന്യായയുക്തമാണ്‌? ഓരോ ക്രിസ്‌ത്യാനിക്കും ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കുമെന്നതു സത്യമാണെങ്കിലും അപ്പൊസ്‌തലന്മാരുടെ നാളുകളിലെന്നപോലെ യഹോവ ഒരു ലോകവ്യാപക സഭയെ ഇന്ന്‌ ഉപയോഗിക്കുന്നു എന്ന സത്യം നമുക്കു നിഷേധിക്കാനാവില്ല. തന്നെയുമല്ല, ഒന്നാം നൂറ്റാണ്ടിൽ അവൻ പ്രാദേശിക സഭകളെ ഉപയോഗിക്കുകയും ആ ക്രമീകരണത്തെ അനുഗ്രഹിക്കുകയും അവയുടെ പ്രയോജനത്തിനായി യോഗ്യരായ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും ആക്കിവെക്കുകയും ചെയ്‌തു; ഇന്നും അതു സത്യമാണ്‌.

16. സഭ ഉപേക്ഷിച്ചുപോകാൻ പ്രേരണ തോന്നിയാൽ ഒരു വ്യക്തി എന്തിനെക്കുറിച്ചു ചിന്തിക്കണം?

16 ദൈവവുമായുള്ള സ്വന്തംബന്ധം മാത്രം മതിയെന്ന്‌ ഒരു ക്രിസ്‌ത്യാനിക്കു തോന്നുന്നപക്ഷം അദ്ദേഹം, ദിവ്യനിയുക്തമായ ഒരു ക്രമീകരണത്തിനു​—⁠ദൈവജനത്തിന്റെ ലോകവ്യാപക സഭയുടെയും പ്രാദേശിക സഭകളുടെയും ക്രമീകരണത്തിനു​—⁠പുറംതിരിയുകയാണു ചെയ്യുന്നത്‌. ആ വ്യക്തി ദൈവത്തെ ആരാധിക്കാൻ സ്വന്തം പാത കണ്ടെത്തുകയോ മറ്റേതാനും പേരോടൊപ്പം അങ്ങനെ ചെയ്യുകയോ ചെയ്‌തേക്കാം. അപ്പോൾപ്പിന്നെ സഭാമൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും ക്രമീകരണത്തിൽനിന്നു പ്രയോജനമനുഭവിക്കാൻ അവർക്ക്‌ എങ്ങനെ കഴിയും? തന്റെ ലേഖനം ലവൊദിക്യ സഭയിലും വായിക്കണമെന്നു നിർദേശിച്ചുകൊണ്ട്‌ പൗലൊസ്‌ കൊലൊസ്സ്യയിലുള്ള സഭയ്‌ക്ക്‌ എഴുതിയപ്പോൾ, അവർ ക്രിസ്‌തുവിൽ “വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും” നിലകൊള്ളണമെന്ന്‌ അവൻ ഉപദേശിക്കുകയുണ്ടായി. അതിൽനിന്നു പ്രയോജനം നേടാൻ കഴിയുമായിരുന്നത്‌ സഭ വിട്ടുപോയിരുന്നവർക്കല്ല, പിന്നെയോ ആ സഭകളിൽ ഉണ്ടായിരുന്നവർക്കാണ്‌.​—⁠കൊലൊസ്സ്യർ 2:6, 7; 4:16.

സത്യത്തിന്റെ തൂണും അടിസ്ഥാനവും

17. സഭയെ സംബന്ധിച്ച്‌ 1 തിമൊഥെയൊസ്‌ 3:15 നമ്മെ എന്തു പഠിപ്പിക്കുന്നു?

17 ക്രിസ്‌തീയ മൂപ്പനായ തിമൊഥെയൊസിനുള്ള തന്റെ ആദ്യ ലേഖനത്തിൽ, പ്രാദേശിക സഭകളിലെ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ഉണ്ടായിരിക്കേണ്ട യോഗ്യതകൾ പൗലൊസ്‌ വിവരിച്ചു. അതേത്തുടർന്ന്‌ ഉടൻതന്നെ അവൻ “ജീവനുള്ള ദൈവത്തിന്റെ സഭ”യെ പരാമർശിക്കുകയും അതു “സത്യത്തിന്റെ തൂണും അടിസ്ഥാനവു”മാണെന്നു പറയുകയും ചെയ്‌തു. (1 തിമൊഥെയൊസ്‌ 3:15) നിശ്ചയമായും ഒന്നാം നൂറ്റാണ്ടിൽ, അഭിഷിക്ത ക്രിസ്‌ത്യാനികളുടെ മുഴു സഭയും ‘സത്യത്തിന്റെ തൂണായി’ വർത്തിച്ചു. സത്യം സമ്പാദിക്കാൻ ഓരോ ക്രിസ്‌ത്യാനിയെയും മുഖ്യമായി സഹായിച്ചത്‌ പ്രാദേശിക സഭകളായിരുന്നുവെന്നത്‌ അവിതർക്കിതമാണ്‌. സത്യം പഠിപ്പിക്കപ്പെടുന്നതും അതിനെ പിന്തുണയ്‌ക്കുന്ന തെളിവുകൾ അവതരിപ്പിക്കപ്പെടുന്നതും അവർക്കു കേൾക്കാനായത്‌ അവിടെയായിരുന്നു; അവിടെ അവർക്ക്‌ ആത്മീയമായി കരുത്താർജിക്കാനും കഴിഞ്ഞിരുന്നു.

18. സഭായോഗങ്ങൾ സുപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 സമാനമായി ഇന്ന്‌ ലോകവ്യാപക ക്രിസ്‌തീയ സഭ ദൈവത്തിന്റെ ഭവനമാണ്‌, അതു “സത്യത്തിന്റെ തൂണും അടിസ്ഥാനവു”മാണ്‌. ആത്മീയമായി കരുത്താർജിക്കാനും ദൈവവുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കാനും ദൈവേഷ്ടം ചെയ്യാൻ സജ്ജരായിത്തീരാനുമുള്ള ഒരു പ്രധാന മാർഗം പ്രാദേശിക സഭയിലെ യോഗങ്ങളിൽ ക്രമമായി ഹാജരാകുന്നതും പങ്കുപറ്റുന്നതുമാണ്‌. കൊരിന്തിലെ സഭയ്‌ക്ക്‌ എഴുതിയപ്പോൾ, സഭായോഗങ്ങളിൽ ചർച്ചചെയ്യുന്ന വിവരങ്ങളിലേക്കും അവ അവതരിപ്പിക്കുന്ന വിധത്തിലേക്കും പൗലൊസ്‌ ശ്രദ്ധക്ഷണിക്കുകയുണ്ടായി. കൂടിവരുന്നവരുടെ “ആത്മികവർദ്ധന”യ്‌ക്ക്‌ ഇടയാക്കുമാറ്‌ അതു സുവ്യക്തവും സുഗ്രഹവുമായിരിക്കണമെന്നു താൻ ആഗ്രഹിക്കുന്നതായി അവൻ എഴുതി. (1 കൊരിന്ത്യർ 14:12, 17-19) യഹോവയാം ദൈവം പ്രാദേശിക സഭാക്രമീകരണത്തിനു സാധുത നൽകുകയും അതിനെ പിന്തുണയ്‌ക്കുകയും ചെയ്‌തിരിക്കുന്നതായി നാം ഓർക്കുന്നെങ്കിൽ, ആത്മീയമായി ബലപ്പെടാൻ അതു നമ്മെയും സഹായിക്കും.

19. പ്രാദേശിക സഭയോടു നിങ്ങൾക്കു കടപ്പാടു തോന്നുന്നത്‌ എന്തുകൊണ്ട്‌?

19 അതേ, ക്രിസ്‌ത്യാനികളെന്ന നിലയിൽ കരുത്താർജിക്കാൻ നാം സഭയ്‌ക്കുള്ളിൽത്തന്നെ ആയിരിക്കേണ്ടതുണ്ട്‌. വളരെക്കാലമായി വ്യാജോപദേശങ്ങളുടെ സ്വാധീനവലയത്തിൽനിന്നുള്ള ഒരു സംരക്ഷണമായി അതു നിലകൊണ്ടിരിക്കുന്നു. തന്റെ മിശിഹൈക രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടാൻ അവൻ ഉപയോഗിച്ചുവന്നിരിക്കുന്നതും അതാണ്‌. ക്രിസ്‌തീയ സഭയിലൂടെ അവൻ വൻകാര്യങ്ങൾ നിവർത്തിച്ചിരിക്കുന്നുവെന്നതിനു സംശയമില്ല.​—⁠എഫെസ്യർ 3:9-11.

[അടിക്കുറിപ്പ്‌]

^ ഖ. 10 “സഭയോടു അറിയിക്ക” എന്ന യേശുവിന്റെ നിർദേശത്തിന്റെ അർഥം “അത്തരം കേസുകൾ അന്വേഷിക്കാൻ അധികാരപ്പെടുത്തപ്പെട്ട സഭാപ്രതിനിധികളെ” അറിയിക്ക എന്നായിരിക്കാൻ കഴിയുമെന്ന്‌ ബൈബിൾ പണ്ഡിതനായ ആൽബർട്ട്‌ ബാൺസ്‌ പറയുന്നു. “യെഹൂദ സിന്നഗോഗുകളിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്‌തിരുന്ന മൂപ്പന്മാരുടെ ഒരു ന്യായാധിപസംഘം ഉണ്ടായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നിങ്ങൾ ഓർമിക്കുന്നുവോ?

• ദൈവം ഭൂമിയിൽ സഭകളെ ഉപയോഗിക്കുമായിരുന്നുവെന്നു നാം പ്രതീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• അപൂർണരെങ്കിലും മൂപ്പന്മാർ സഭയ്‌ക്കുവേണ്ടി എന്തു സേവനം ചെയ്യുന്നു?

• ആത്മീയമായി കരുത്താർജിക്കാൻ പ്രാദേശിക സഭ നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

യെരൂശലേമിലെ അപ്പൊസ്‌തലന്മാരും മൂപ്പന്മാരും ഭരണസംഘമായി സേവിച്ചു

[28-ാം പേജിലെ ചിത്രം]

സഭയോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും പ്രബോധനം ലഭിക്കുന്നു