വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘കൊയ്‌ത്തിനു വെളുത്തിരിക്കുന്ന’ ഒരു വയൽ

‘കൊയ്‌ത്തിനു വെളുത്തിരിക്കുന്ന’ ഒരു വയൽ

‘കൊയ്‌ത്തിനു വെളുത്തിരിക്കുന്ന’ ഒരു വയൽ

തെക്കേ അമേരിക്കയുടെ വടക്കേയറ്റത്ത്‌, വടക്കൻ കൊളംബിയയിലും വടക്കു പടിഞ്ഞാറൻ വെനെസ്വേലയിലുമായി സ്ഥിതിചെയ്യുന്ന ഗ്വാഹീരാ ഉപദ്വീപ്‌. ചുട്ടുപൊള്ളുന്ന ചൂടും പരിമിതമായ മഴയുമാണ്‌ ഈ നാടിന്റെ ദുരന്തം. പാതിമരുഭൂമി എന്നു വിളിക്കാവുന്ന ഇവിടെ താപനില 430 സെൽഷ്യസ്‌ വരെ എത്താറുണ്ട്‌. കാലാവസ്ഥ ഇങ്ങനെയാണെങ്കിലും കഠിനാധ്വാനികളായ ഒന്നാംതരം കർഷകരാണ്‌ ഇവിടത്തുകാർ. തുടർച്ചയായി അടിക്കുന്ന കടൽക്കാറ്റും വടക്കുകിഴക്കൻ വാണിജ്യവാതങ്ങളുമാണ്‌ തെല്ലൊരാശ്വാസം. മനംമയക്കുന്ന പ്രകൃതിദൃശ്യങ്ങളും സുന്ദരങ്ങളായ കടൽത്തീരങ്ങളും കൺകുളിർക്കെ കണ്ടാസ്വദിക്കാൻ സന്ദർശകർക്കു കഴിയുന്നതും അതുകൊണ്ടാണ്‌.

വൈയൂ ഇന്ത്യക്കാരുടെ നാട്ടിലേക്കു സ്വാഗതം. ഏകദേശം 3,05,000 വൈയൂകൾ ഉള്ളതിൽ 1,35,000 പേരും താമസിക്കുന്നത്‌ കൊളംബിയയിലാണ്‌. സ്‌പാനീഷ്‌ അധിനിവേശത്തിനു വളരെക്കാലം മുമ്പാണ്‌ ഇവർ ഇവിടെ താമസമാക്കിയത്‌.

കൃഷിയും കന്നുകാലി വളർത്തലുമാണ്‌ മുഖ്യ ഉപജീവന മാർഗം. മത്സ്യബന്ധനം, അയൽരാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകൾ എന്നിവയുമുണ്ട്‌. നെയ്‌ത്തിൽ സമർഥരാണ്‌ ഇവിടത്തെ സ്‌ത്രീകൾ; വർണപ്പകിട്ടാർന്ന അവരുടെ ഉത്‌പന്നങ്ങൾക്ക്‌ വിനോദസഞ്ചാരികൾക്കിടയിൽ വലിയ പ്രിയമാണ്‌.

ആത്മാർഥതയ്‌ക്കും അതിഥിസത്‌കാരത്തിനും പേരുകേട്ടവരാണ്‌ വൈയൂകൾ. എങ്കിലും അവരും “ദുർഘടസമയങ്ങ”ളിലാണു ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1) ദാരിദ്ര്യമാണ്‌ മുഖ്യപ്രശ്‌നങ്ങളിലൊന്ന്‌; ഇത്‌ നിരക്ഷരത, ശിശു വികലപോഷണം, വൈദ്യപരിചരണത്തിന്റെ അഭാവം, അക്രമം തുടങ്ങി മറ്റു പ്രശ്‌നങ്ങൾക്കു വളംവെക്കുന്നു.

പതിറ്റാണ്ടുകളിലുടനീളം വൈയൂകളുടെ നാട്ടിലേക്ക്‌ ക്രൈസ്‌തവസഭകൾ മിഷനറിമാരെ അയച്ചിട്ടുണ്ട്‌. അങ്ങനെ ഭൂരിഭാഗം അധ്യാപക പരിശീലന സ്‌കൂളുകളും ബോർഡിങ്‌ സ്‌കൂളുകളും പള്ളിയുടെ നിയന്ത്രണത്തിലായി. അനേകം വൈയൂകളും പ്രതിമാരാധന, ശിശുസ്‌നാനം തുടങ്ങിയ ക്രൈസ്‌തവ ആചാരങ്ങൾ പിൻപറ്റാൻ തുടങ്ങി. എന്നാൽ പാരമ്പര്യങ്ങളിലും അന്ധവിശ്വാസങ്ങളിലും വേരുറച്ച ആചാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല.

പൊതുവേ ദൈവവിചാരമുള്ളവരാണ്‌ വൈയൂകൾ; യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്ന ബൈബിൾസത്യങ്ങളിൽ താത്‌പര്യമുള്ളവരുമാണ്‌. 1980-കളുടെ തുടക്കത്തിൽ ഗ്വാഹീരായിൽ വെറും ഏഴ്‌ വൈയൂ സാക്ഷികളാണ്‌ ഉണ്ടായിരുന്നത്‌. അവരിൽ മൂന്നുപേർ തലസ്ഥാനമായ റീയോആച്ചായിലായിരുന്നു. സ്ഥലത്തെ സാക്ഷികളെക്കൂടാതെ 20 പ്രസാധകർ അവിടെ സ്‌പാനീഷിൽ രാജ്യസുവാർത്ത പ്രസംഗിക്കുകയുണ്ടായി.

സ്വന്തം ഭാഷയിൽ സുവാർത്ത

റീയോആച്ചായിൽ താമസിക്കുന്ന ഭൂരിഭാഗം വൈയൂകളും മാതൃഭാഷയായ വൈയൂണൈക്കി കൂടാതെ അൽപ്പസ്വൽപ്പം സ്‌പാനീഷും സംസാരിക്കും. തുടക്കത്തിൽ രാജ്യപ്രസംഗവേലയ്‌ക്ക്‌ കാര്യമായ ഫലമുണ്ടായില്ല. സ്ഥലവാസികൾ ആരീഹൂനാസിനെ​—⁠വൈയൂകളല്ലാത്തവരെ അവർ അങ്ങനെയാണു വിളിക്കുന്നത്‌​—⁠മിക്കപ്പോഴും ഒഴിവാക്കിയിരുന്നു. സാക്ഷികൾ വീട്ടിൽ ചെല്ലുമ്പോഴൊക്കെ മിക്ക വൈയൂകളും സ്‌പാനീഷിനു പകരം അവരുടെ ഭാഷയിൽ സംസാരിക്കും; അങ്ങനെ സാക്ഷികൾ അടുത്ത വീട്ടിലേക്കു പോകും, അതായിരുന്നു പതിവ്‌.

എന്നാൽ 1994 അവസാനത്തോടെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ ഒരു കൂട്ടം പ്രത്യേക പയനിയർമാരെ, അതായത്‌ മുഴുസമയസുവിശേഷകരെ, റീയോആച്ചാ സഭയിലേക്ക്‌ അയച്ചു. തങ്ങളെ വൈയൂണൈക്കി പഠിപ്പിക്കാൻ പയനിയർമാർ ഒരു വൈയൂ സാക്ഷിയോട്‌ ആവശ്യപ്പെട്ടു. എളുപ്പമുള്ള ഏതാനും അവതരണങ്ങൾ മനഃപാഠമാക്കിയതിനുശേഷം ഈ ശുശ്രൂഷകർ വയലിലേക്കു പോയി. പെട്ടെന്നുതന്നെ ആളുകളുടെ പ്രതികരണത്തിനു മാറ്റംവന്നു. ബൈബിൾ പഠിപ്പിച്ചിരുന്നവരുടെ ഭാഷ അത്ര നല്ലതല്ലായിരുന്നെങ്കിലും വീട്ടുകാർക്ക്‌ അതൊരത്ഭുതമായിരുന്നു; അവർ കേൾക്കാൻ മനസ്സുകാണിച്ചെന്നു മാത്രമല്ല, ചിലപ്പോൾ അവർക്കറിയാവുന്ന സ്‌പാനീഷിൽ തിരിച്ചു സംസാരിച്ചുകൊണ്ട്‌ നല്ലൊരു സംഭാഷണത്തിനു വഴിതുറക്കുകയും ചെയ്‌തു!

“കൊയ്‌ത്തിനു വെളുത്തിരിക്കുന്നു”

അപ്പൊസ്‌തലനായ പൗലൊസ്‌ ശിഷ്യരാക്കൽ-വേലയെ കൃഷിയിറക്കുന്നതിനോട്‌ ഉപമിക്കുകയുണ്ടായി; കർഷകരായ വൈയൂകൾക്ക്‌ എളുപ്പം മനസ്സിലാകുന്ന ഒരു താരതമ്യമായിരുന്നു അത്‌. (1 കൊരിന്ത്യർ 3:5-9) ഒരർഥത്തിൽ നോക്കുമ്പോൾ വൈയൂ വയൽ “കൊയ്‌ത്തിന്നു വെളുത്തിരി”ക്കുന്നുവെന്നു പറയാം.​—⁠യോഹന്നാൻ 4:35.

മാനാവൂരയിൽ താമസിച്ചിരുന്ന വൈയൂ ഇന്ത്യക്കാരനായ നീലിന്‌ ജന്മനാതന്നെ ഒരു ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നു. തന്റെ ദുരവസ്ഥയെപ്രതി ദൈവത്തെ പഴിച്ചുകൊണ്ട്‌ അവൻ ആത്മഹത്യക്കു ശ്രമിക്കുകപോലും ചെയ്‌തിട്ടുണ്ട്‌; അത്രയ്‌ക്കു നിരാശയായിരുന്നു അവന്‌. ജോലിസംബന്ധമായി പട്ടണങ്ങൾ സന്ദർശിക്കവേ വീടുതോറും പ്രസംഗിക്കാറുണ്ടായിരുന്ന ഒരു സാക്ഷി യഹോവയുടെ രാജ്യത്തെക്കുറിച്ച്‌ നീലിനോടു സംസാരിച്ചു. നീലിന്‌ അന്ന്‌ 14 വയസ്സ്‌. നീലിനു താത്‌പര്യമുണ്ടെന്നു മനസ്സിലാക്കിയ സാക്ഷി അവനെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. യഹോവയുടെ സ്‌നേഹത്തെക്കുറിച്ചു പഠിച്ചപ്പോൾ അവനു സന്തോഷമായി. ദൈവമല്ല തന്റെ രോഗത്തിന്‌ ഉത്തരവാദി എന്ന്‌ അവനു മനസ്സിലായി. ഭൂമി ഒരു പറുദീസയാക്കുമെന്നും അവിടെ രോഗങ്ങൾ ഒന്നുംതന്നെ ഉണ്ടായിരിക്കില്ല എന്നുമുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തെക്കുറിച്ചു വായിച്ചത്‌ നീലിനെ വല്ലാതെ സ്‌പർശിച്ചു!​—⁠യെശയ്യാവു 33:24; മത്തായി 6:9, 10.

ആ സമയത്താണ്‌ നീലിന്റെ വീട്ടുകാരും മറ്റൊരു കുടുംബവും തമ്മിൽ ഒരു പ്രശ്‌നമുണ്ടായത്‌. തങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനായി നീലിന്റെ ബന്ധുക്കൾ ചില കർമങ്ങൾ നടത്തി. പിന്നീട്‌ എന്തു സംഭവിച്ചെന്ന്‌ നീൽ പറയുന്നതു കേൾക്കുക: “എന്റെ പുതിയ വിശ്വാസത്തെക്കുറിച്ച്‌ വീട്ടുകാരോടു പറയാൻ ആദ്യം എനിക്കു പേടിയായിരുന്നു; പ്രത്യേകിച്ച്‌, എല്ലാവരും ആദരിച്ചിരുന്ന കുടുംബത്തിലെ കാരണവൻമാരോട്‌.” ബൈബിളിനു നിരക്കാത്ത വിശ്വാസങ്ങളോ ആത്മവിദ്യയോടു ബന്ധപ്പെട്ട ആചാരങ്ങളോ പിൻപറ്റില്ലെന്ന നീലിന്റെ നിലപാട്‌ മാതാപിതാക്കളെ കോപാകുലരാക്കി. അപ്പോൾ നീൽ റീയോആച്ചായിലേക്കു മാറി അവിടത്തെ സഭയിൽ പോകാൻ തുടങ്ങി. പിന്നീട്‌ അവൻ സ്‌നാപനമേറ്റു. 1993-ൽ ഒരു ശുശ്രൂഷാദാസനായിത്തീർന്ന നീൽ മൂന്നു വർഷത്തിനുശേഷം സാധാരണ പയനിയറുമായി. 1997-ൽ ഒരു സഭാമൂപ്പനായി; 2000-ത്തിൽ പ്രത്യേക പയനിയറായിക്കൊണ്ട്‌ ശുശ്രൂഷ വിപുലമാക്കി.

അടുത്തതായി, സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയ റ്റെറീസ എന്ന വൈയൂ വനിതയുടെ കാര്യമെടുക്കുക. കൂടെക്കഴിഞ്ഞിരുന്ന ഡാനിയേലിന്റെ പരിഹാസവും ഉപദ്രവവും സഹിച്ചാണ്‌ അവർ ജീവിച്ചിരുന്നത്‌; എന്തിന്‌, മൂന്നു കുട്ടികളെപ്പോലും അയാൾ വെറുതെവിട്ടില്ല. അവസാനം അയാൾ റ്റെറീസയോടൊപ്പം ബൈബിൾ പഠിക്കാൻ സമ്മതിച്ചെങ്കിലും, കൂട്ടുകൂടി കുടിക്കുന്നത്‌ അയാൾക്കൊരു പതിവായിരുന്നു. ചിലപ്പോഴൊക്കെ നാലോ അഞ്ചോ ദിവസം മദ്യലഹരിയിലായിരിക്കും. കുടുംബം പട്ടിണിയാകാൻ അതുപോരേ? റ്റെറീസ പക്ഷേ പഠനം തുടരുകയും ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുകയും ചെയ്‌തു. അങ്ങനെ, ബൈബിൾ പഠിക്കേണ്ടതു പ്രധാനമാണെന്ന്‌ ഡാനിയേലിനു മനസ്സിലായി. ആ സമയത്താണ്‌ അവരുടെ ഒരു കുട്ടി, തിളച്ചുകൊണ്ടിരുന്ന വെള്ളത്തിൽ വീണു മരിച്ചത്‌. മകൻ നഷ്ടപ്പെട്ടതിന്റെ വേദന ഒരു വശത്ത്‌; ബൈബിളിനു വിരുദ്ധമായ ശവസംസ്‌കാര കർമങ്ങൾ നടത്താൻ നിർബന്ധിക്കുന്ന കൂട്ടുകാരിൽനിന്നും അയൽക്കാരിൽനിന്നുമുള്ള സമ്മർദം മറുവശത്ത്‌. അതായിരുന്നു റ്റെറീസയുടെ സ്ഥിതി.

ദുഷ്‌കരമായ ആ സമയത്ത്‌ അടുത്തുള്ള സഭയിലെ അംഗങ്ങളാണ്‌ ഈ ദമ്പതികൾക്ക്‌ സഹായവും സാന്ത്വനവുമായത്‌. ശവസംസ്‌കാരത്തിനുശേഷവും സ്ഥലത്തെ വൈയൂ-സഭയിലെ അംഗങ്ങൾ അവരെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു. സഭയിലെ സഹോദരങ്ങളുടെ സ്‌നേഹം കണ്ട ഡാനിയേൽ ആത്മീയമായി പുരോഗമിക്കാൻ തുടങ്ങി. മദ്യപാനം ഉപേക്ഷിക്കുകയും റ്റെറീസയെ ഉപദ്രവിക്കുന്നതു നിറുത്തുകയും ചെയ്‌തു. ഡാനിയേലും റ്റെറീസയും വിവാഹിതരായി; ഡാനിയേൽ അധ്വാനിച്ചു കുടുംബം പോറ്റാനും തുടങ്ങി. ആത്മീയമായി കൂടുതൽ പുരോഗതി നേടിയ അവർ 2003-ൽ സ്‌നാപനമേറ്റു. ഇന്നിപ്പോൾ രണ്ടുപേരും പലരെയും ബൈബിൾ പഠിപ്പിക്കുന്നുണ്ട്‌. റ്റെറീസ അവളുടെ കുടുംബത്തോട്‌ സത്യത്തെക്കുറിച്ചു സംസാരിച്ചു; അതുകൊണ്ട്‌ സാക്ഷികൾ സന്ദർശിക്കുമ്പോൾ ഇപ്പോഴവർ ശ്രദ്ധിക്കാൻ മനസ്സു കാണിക്കുന്നുണ്ട്‌. ഡാനിയേലിന്റെ ഒരു അനന്തരവൻ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനാണ്‌; ചേട്ടന്റെയും ചേച്ചിയുടെയും രണ്ടു പെൺമക്കൾ ബൈബിൾ പഠിക്കാനും സഭായോഗങ്ങൾക്കു ഹാജരാകാനും തുടങ്ങിയിരിക്കുന്നു. ഒരു അപകടത്തിൽ മകൻ നഷ്ടപ്പെട്ട, ഡാനിയേലിന്റെ ഒരു ചേച്ചിയും കുടുംബവും ബൈബിൾ പഠിക്കാൻ താത്‌പര്യം കാണിച്ചിട്ടുണ്ട്‌.

ആത്മീയാഹാരം​—⁠വൈയൂണൈക്കി ഭാഷയിൽ

1998-ൽ, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! * എന്ന ചെറുപുസ്‌തകം വൈയൂണൈക്കിയിൽ പ്രസിദ്ധീകരിച്ചു. വൈയൂ വയലിന്റെ വളർച്ചയിലും ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നതിലും ഇതു വലിയ സഹായമായി. യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വൈയൂണൈക്കിയിലേക്കു പരിഭാഷപ്പെടുത്തുന്നതിനായി ഏതാനും സഹോദരങ്ങൾക്കു പരിശീലനം ലഭിച്ചു, 2003-ലായിരുന്നു അത്‌. റീയോആച്ചായിലുള്ള ഒരു കൂട്ടം പരിഭാഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി കൂടുതൽ ലഘുപത്രികകൾ പുറത്തിറങ്ങി; അത്‌ വൈയൂണൈക്കി സംസാരിക്കുന്ന ശിഷ്യന്മാരുടെ ആത്മീയ വളർച്ചയ്‌ക്കു നിദാനമായി.

2001 മുതൽ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ പരിപാടിയുടെ ഏതാനും ഭാഗങ്ങൾ വൈയൂണൈക്കിയിലേക്കു തർജമ ചെയ്യാൻ തുടങ്ങി. സ്വന്തം ഭാഷയിൽ പരിപാടികൾ കേൾക്കുന്നത്‌ ബൈബിൾ വിദ്യാർഥികൾക്കു വലിയ പ്രോത്സാഹനമാണ്‌. വൈയൂണൈക്കി ഭാഷയിൽ ബൈബിൾനാടകങ്ങൾ അവതരിപ്പിക്കപ്പെടുന്ന ദിനത്തിനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്‌ അവർ.

തഴച്ചുവളരുന്ന ഒരു വയൽ

റീയോആച്ചായിൽനിന്ന്‌ ഏതാണ്ട്‌ 100 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പട്ടണമാണ്‌ ഊറീബിയാ. ഇവിടത്തെ വൈയൂ സഭയിൽ 16 പ്രസാധകരാണുള്ളത്‌. ഇവരിൽ പലരും ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരോടു പ്രസംഗിക്കുന്നതിനായി നല്ല ശ്രമം ചെയ്യുന്നു. അത്തരത്തിലുള്ള ഒരു സാക്ഷീകരണ പരിപാടിയെക്കുറിച്ച്‌ സഭയിലെ ഒരു മൂപ്പൻ പറയുന്നത്‌ ഇതാണ്‌: “ഞങ്ങളൊരു ഫാമിൽ പോയി; ഉയരംകുറഞ്ഞ മേൽക്കൂരകളും കൊച്ചുകൊച്ചു ജനാലകളുമുള്ള ഒരു ഡസനോളം വീടുകൾ ഉണ്ടായിരുന്നു ആ കോമ്പൗണ്ടിൽ. ഓരോ വീടിനു മുമ്പിലും യോറ്റോഹോലോ, എന്നുവെച്ചാൽ കള്ളിച്ചെടിയുടെ കട്ടിയുള്ള ഉൾത്തണ്ടുകൊണ്ട്‌ ഉണ്ടാക്കിയ പരന്ന മേൽക്കൂര ഉണ്ടായിരുന്നു. സൂര്യന്റെ ചുട്ടുപൊള്ളുന്ന ചൂടിൽനിന്ന്‌ അത്‌ വീട്ടുകാരെയും വിരുന്നുകാരെയും സംരക്ഷിച്ചിരുന്നു. പലർക്കും നല്ല താത്‌പര്യമുണ്ടെന്നു കണ്ടപ്പോൾ ഞങ്ങൾക്കു സന്തോഷമായി. അതുകൊണ്ട്‌ തിരിച്ചുചെന്ന്‌ ബൈബിളധ്യയനം തുടങ്ങാനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ചെയ്‌തു. തിരിച്ചു ചെന്നപ്പോഴല്ലേ ഒരു കാര്യം മനസ്സിലായത്‌, പലർക്കും അക്ഷരാഭ്യാസമില്ല. ആവശ്യത്തിനു ഫണ്ടില്ലാതെ വന്നതുനിമിത്തം അന്യാധീനപ്പെട്ടുപോയ ഒരു സ്‌കൂളിനെക്കുറിച്ച്‌ അവർ ഞങ്ങളോടു പറഞ്ഞു. സാക്ഷരതാ ക്ലാസ്സുകൾ നടത്തുന്നതിനും ബൈബിൾ പഠിപ്പിക്കുന്നതിനും വേണ്ടി ഒരു ക്ലാസ്സ്‌മുറി ഉപയോഗിക്കാൻ അതിന്റെ ഭാരവാഹി ഞങ്ങളെ അനുവദിച്ചു. എഴുത്തും വായനയും പഠിച്ച ആറു പേർ ബൈബിൾ പഠിക്കുന്നതിൽ പുരോഗതി വരുത്തുന്നുണ്ട്‌. അവരുടെ വിലമതിപ്പും താത്‌പര്യവും ഞങ്ങളെ ശരിക്കും സ്‌പർശിച്ചു; അതുകൊണ്ട്‌ ഫാമിൽ യോഗങ്ങൾ നടത്താനാണു ഞങ്ങളുടെ പരിപാടി.”

അവിടത്തുകാരല്ലാത്ത പല സാക്ഷികളും വൈയൂണൈക്കി പഠിച്ചിരിക്കുന്നു; അവരുടെ സഹായം തികച്ചും മൂല്യവത്താണ്‌. ഗ്വാഹീരാ ഉപദ്വീപിൽ ഇപ്പോൾ ഈ ഭാഷയിലുള്ള എട്ടു സഭകളും രണ്ടു കൂട്ടങ്ങളുമുണ്ട്‌.

ഈ ഉദ്യമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹമുണ്ട്‌ എന്ന കാര്യം ഉറപ്പാണ്‌. വൈയൂകൾക്കിടയിലെ പ്രസംഗവേലയിൽ ഇനിയും ധാരാളം ചെയ്യാനുണ്ട്‌ എന്നതിനു സംശയമില്ല. ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ചിന്തയുള്ളവർ ക്രിസ്‌തീയ ശിഷ്യന്മാരായിത്തീരുന്നതുകൊണ്ട്‌ പ്രതീക്ഷയ്‌ക്കു വകയുണ്ട്‌. “കൊയ്‌ത്തിന്നു വെളുത്തിരിക്കുന്ന” ഈ വയലിലേക്ക്‌ യഹോവ കൂടുതൽ ശുശ്രൂഷകരെ അയയ്‌ക്കുമാറാകട്ടെ.​—⁠മത്തായി 9:37, 38.

[അടിക്കുറിപ്പ്‌]

^ ഖ. 18 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[16-ാം പേജിലെ ഭൂപടങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

വെനെസ്വേല

കൊളംബിയ

ലാ ഗ്വാഹീരാ

മാനാവൂര

റീയോആച്ചാ

ഊറീബിയാ

[16-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

താഴെ കാണിച്ചിരിക്കുന്ന വൈയൂ ക്യാമ്പ്‌: Victor Englebert