വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രൂരത എന്നെങ്കിലും അവസാനിക്കുമോ?

ക്രൂരത എന്നെങ്കിലും അവസാനിക്കുമോ?

ക്രൂരത എന്നെങ്കിലും അവസാനിക്കുമോ?

ഇന്നു ലോകത്തു നടമാടുന്ന ക്രൂരകൃത്യങ്ങൾക്ക്‌ ഒരു പ്രധാനകാരണം സ്വാർഥതയാണെന്ന്‌ മിക്കവരും തലകുലുക്കി സമ്മതിക്കും. ദശാബ്ദങ്ങൾക്കു മുമ്പുതന്നെ ഇതിന്റെ വിത്തുകൾ പാകിയത്‌ ‘ഞാൻ മുമ്പൻ മനോഭാവം’ പ്രകടമാക്കുന്ന ഒരു തലമുറയാണ്‌. ഇന്നതു വളർന്നു പന്തലിച്ച്‌ ‘സ്വന്തംകാര്യം സിന്ദാബാദ്‌’ എന്നു ചിന്തിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചിരിക്കുന്നു. സ്വന്തം കാര്യലബ്ധിക്കായി ക്രൂരകൃത്യങ്ങൾ ഉൾപ്പെടെ എന്തും ചെയ്യാൻ മടിക്കാത്തവരാണ്‌ പലരും. വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല രാഷ്‌ട്രങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്‌.

മനുഷ്യജീവനു പുല്ലുവിലപോലും കൽപ്പിക്കാത്ത കാലമാണിത്‌. ക്രൂരതയിൽ ആനന്ദിക്കുന്ന ചിലരെങ്കിലും ഉണ്ട്‌. ഒരു ‘ത്രില്ലിനു’ വേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുന്ന കുറ്റവാളികളെപ്പോലെയാണ്‌ അവർ. അക്രമവും ക്രൂരതയും കുത്തിനിറച്ച സിനിമകൾ ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങൾ, അത്തരം സിനിമകൾ നിർമിച്ച്‌ പണംവാരാൻ സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നു. വിനോദങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും നിഷ്‌ഠുര കൃത്യങ്ങൾ നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പലരുടെയും മനസ്സാക്ഷി മരവിച്ചുപോകുന്നു.

ക്രൂരത പലപ്പോഴും മാനസിക പ്രശ്‌നങ്ങൾക്ക്‌ ഇടയാക്കുന്നുണ്ട്‌. ഇന്നു നടമാടുന്ന ക്രൂരകൃത്യങ്ങളെ പരാമർശിച്ചുകൊണ്ട്‌ മെക്‌സിക്കോ നാഷണൽ ഒട്ടോണമസ്‌ യൂണിവേഴ്‌സിറ്റിയിലെ നൊയമി ഡീയസ്‌ മറോക്കിൻ പറയുന്നു: “അക്രമം ആളുകൾ പഠിച്ചെടുക്കുന്നതാണ്‌, അത്‌ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. സാമൂഹ്യ സാഹചര്യങ്ങൾ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അക്രമമാർഗങ്ങൾ അവലംബിക്കാൻ ആളുകൾ പഠിക്കുന്നു.” അങ്ങനെ ദുഷ്‌കൃത്യത്തിന്‌ ഇരയായിട്ടുള്ളവർ മിക്കപ്പോഴും മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത കാണിക്കുന്നു​—⁠ഒരുപക്ഷേ അവർ ഉപദ്രവിക്കപ്പെട്ട അതേ വിധത്തിൽ.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരിക്കുന്നവരും ക്രൂരമായി പെരുമാറാനുള്ള സാധ്യത ഏറെയാണ്‌. ഇനി, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്ന ഭരണകൂടങ്ങളോടുള്ള അതൃപ്‌തിയാൽ നീറിപ്പുകയുന്ന ആളുകളെയും വിസ്‌മരിക്കരുത്‌. തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടേ അടങ്ങൂ എന്ന വാശിയിലാണ്‌ അവരിൽ ചിലർ. അതിന്‌ അവർ ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള ഏതു മാർഗവും അവലംബിക്കും. പലപ്പോഴും അതിനു വിലയൊടുക്കേണ്ടിവരുന്നതാകട്ടെ നിരപരാധികളും.

എന്നാൽ നിങ്ങൾ ചിന്തിച്ചേക്കാം: ‘മനുഷ്യർ ക്രൂരമായി പെരുമാറാൻ തുടങ്ങിയത്‌ എന്തുകൊണ്ടാണ്‌? ഇന്ന്‌ അവസ്ഥകൾ കൂടുതൽ വഷളായിരിക്കുന്നതിന്റെ കാരണം എന്താണ്‌?’

ക്രൂരതയ്‌ക്കു പിന്നിൽ യഥാർഥത്തിൽ ആരാണ്‌?

പിശാചായ സാത്താൻ ഈ ലോകത്തിന്മേൽ ശക്തമായ സ്വാധീനം ചെലുത്തുന്നുവെന്ന്‌ ബൈബിൾ പറയുന്നു. അത്‌ അവനെ “ഈ ലോകത്തിന്റെ ദൈവം” എന്നു വിളിക്കുന്നു. (2 കൊരിന്ത്യർ 4:4) പ്രപഞ്ചത്തിലെ ഏറ്റവും സ്വാർഥനും ക്രൂരനുമായ വ്യക്തിയാണ്‌ അവൻ. അതുകൊണ്ടുതന്നെ യേശു അവനെ ‘കൊലപാതകൻ’ എന്നും ‘ഭോഷ്‌കിന്റെ അപ്പൻ’ എന്നും വിളിച്ചു.​—⁠യോഹന്നാൻ 8:⁠44.

ആദാമും ഹവ്വായും അനുസരണക്കേടു കാണിച്ചതുമുതൽ മനുഷ്യവർഗം സാത്താന്റെ ശക്തമായ സ്വാധീനത്തിൻകീഴിലാണ്‌. (ഉല്‌പത്തി 3:1-7, 16-19) ആദ്യ മനുഷ്യജോഡി യഹോവയ്‌ക്ക്‌ എതിരെ തിരിഞ്ഞ്‌ ഏതാണ്ടു 15 നൂറ്റാണ്ടിനുശേഷം മത്സരികളായ ദൂതന്മാർ മനുഷ്യശരീരമെടുത്ത്‌ സ്‌ത്രീകളെ വിവാഹം ചെയ്‌ത്‌ നെഫിലിം എന്ന സങ്കരവർഗത്തിനു ജന്മംകൊടുത്തു. ഏതുതരം വ്യക്തികളായിരുന്നു അവർ? അവരുടെ പേരുതന്നെ അതു വ്യക്തമാക്കുന്നുണ്ട്‌. “വീഴിക്കുന്നവർ” എന്നാണ്‌ ആ പേരിനർഥം. ആക്രമണോത്സുകരായ അവർ അക്രമവും അധാർമികതയുംകൊണ്ട്‌ ഭൂമിയെ നിറച്ചു. ദൈവം കൊണ്ടുവന്ന ജലപ്രളയം മാത്രമാണ്‌ അതിനൊരു അന്ത്യംകുറിച്ചത്‌. (ഉല്‌പത്തി 6:4, 5, 17) ഈ നെഫിലിമുകളെല്ലാം പ്രളയത്തിൽ നശിച്ചെങ്കിലും അവരുടെ പിതാക്കന്മാർ ജഡശരീരം ഉപേക്ഷിച്ച്‌ അദൃശ്യ ഭൂതങ്ങളായി ആത്മമണ്ഡലത്തിലേക്കു പോയി.​—⁠1 പത്രൊസ്‌ 3:19, 20.

മത്സരികളായ ദൂതന്മാരുടെ അക്രമവാസന വെളിവാക്കുന്ന ഒരു സംഭവം യേശുവിന്റെ നാളിലുണ്ടായി. ഭൂതഗ്രസ്‌തനായ ഒരു കുട്ടിയുടെ കാര്യത്തിലാണ്‌ അതു സംഭവിച്ചത്‌. ഭൂതം അവന്‌ ആവർത്തിച്ച്‌ അപസ്‌മാരം ഉണ്ടാകുന്നതിന്‌ ഇടയാക്കി, തീയിലും വെള്ളത്തിലും തള്ളിയിട്ട്‌ അവനെ കൊല്ലാനും നോക്കി. (മർക്കൊസ്‌ 9:17-22) ഈ “ദുഷ്ടാത്മസേന,” അവരുടെ നിഷ്‌ഠുര സൈന്യാധിപനായ സാത്താന്റെ ദയാരഹിതമായ വ്യക്തിത്വമാണു പ്രതിഫലിപ്പിക്കുന്നതെന്നു വ്യക്തമല്ലേ?​—⁠എഫെസ്യർ 6:⁠12.

ഇന്നത്തെ അവസ്ഥയെക്കുറിച്ചു ബൈബിൾ എന്താണു പറയുന്നതെന്നു നോക്കുക. “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും . . . വമ്പു പറയുന്നവരും അഹങ്കാരികളും . . . നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.” (2 തിമൊഥെയൊസ്‌ 3:1-5) ഇത്തരം ക്രൂരതകളുടെയെല്ലാം പിന്നിലും ഭൂതസ്വാധീനംതന്നെയാണ്‌.

നമ്മുടെ നാളുകൾ വിശേഷിച്ചും ദുരിതപൂർണമായിരിക്കുമെന്ന്‌ ബൈബിൾ പ്രവചനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്‌. 1914-ൽ യേശുക്രിസ്‌തു ദൈവരാജ്യം സ്ഥാപിച്ചപ്പോൾ സാത്താനെയും അവന്റെ ഭൂതഗണങ്ങളെയും സ്വർഗത്തിൽനിന്നു പുറന്തള്ളി എന്നതാണ്‌ അതിനു കാരണം. ബൈബിൾ പ്രഖ്യാപിക്കുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”​—⁠വെളിപ്പാടു 12:5-9, 12.

ഇന്നത്തെ അവസ്ഥയ്‌ക്ക്‌ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണോ ഇതിനർഥം? മുമ്പു പരാമർശിച്ച ഡീയസ്‌ മറോക്കിൻ പ്രസ്‌താവിക്കുന്നു: അഭികാമ്യമല്ലാത്ത സ്വഭാവങ്ങൾ “ഉപേക്ഷിക്കാൻ ആളുകൾ പ്രാപ്‌തരാണ്‌.” എന്നാൽ ഭൂമിയിലെമ്പാടും സാത്താന്റെ സ്വാധീനം നിറഞ്ഞുനിൽക്കുമ്പോൾ ഒരു വ്യക്തിക്ക്‌ അങ്ങനെ ചെയ്യുക അത്ര എളുപ്പമല്ല. എന്നിരുന്നാലും വ്യത്യസ്‌തമായ, ഒരു ഉയർന്ന ഉറവിൽനിന്നുള്ള ശക്തി തന്റെ ചിന്തയെയും പ്രവൃത്തിയെയും സ്വാധീനിക്കാൻ അയാൾ അനുവദിക്കുന്നെങ്കിൽ തന്റെ വ്യക്തിത്വത്തിനു മാറ്റംവരുത്താൻ അയാൾക്കാകും. ഏതാണ്‌ ആ ശക്തി?

മാറ്റങ്ങൾ സാധ്യമാണ്‌​—⁠എന്നാലെങ്ങനെ?

സന്തോഷകരമെന്നുപറയട്ടെ, പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ശക്തി ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്‌. ഏതു ഭൂതസ്വാധീനത്തെയും മറികടക്കാൻ അതിനാകും. അതു സ്‌നേഹവും മനുഷ്യക്ഷേമവും ഉന്നമിപ്പിക്കുന്നു. ദൈവാത്മാവിനാൽ സ്വാധീനിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരാളിൽ ക്രൂരതയുടെ ഒരു ലാഞ്ചനപോലും കാണരുത്‌. ഇതിനർഥം ദൈവത്തിനു പ്രസാദകരമാംവിധം അയാൾ തന്റെ വ്യക്തിത്വം ദൈവേഷ്ടത്തോട്‌ അനുരൂപപ്പെടുത്തണമെന്നാണ്‌. അങ്ങനെയെങ്കിൽ എന്താണ്‌ ആ ദൈവേഷ്ടം? അത്‌ കഴിവിന്റെ പരമാവധി ദൈവത്തിന്റെ വഴികളിൽ നാം നടക്കുക എന്നതാണ്‌. മറ്റുവാക്കുകളിൽ പറഞ്ഞാൽ ദൈവം മറ്റുള്ളവരെ വീക്ഷിക്കുന്നതുപോലെതന്നെ നാമും അവരെ വീക്ഷിക്കണമെന്നാണ്‌.​—⁠എഫെസ്യർ 5:1, 2; കൊലൊസ്സ്യർ 3:7-10.

ദൈവത്തിന്റെ കാര്യനിർവഹണരീതികളെക്കുറിച്ചു പഠിക്കുന്ന ഏതൊരാൾക്കും അവൻ എല്ലായ്‌പോഴും മറ്റുള്ളവരിൽ താത്‌പര്യം എടുത്തിട്ടുണ്ടെന്നു ബോധ്യമാകും. മനുഷ്യരോടോ, എന്തിന്‌ മൃഗങ്ങളോടുപോലുമോ അവൻ ഒരിക്കലും നിർദയമായി പെരുമാറിയിട്ടില്ല. * (ആവർത്തനപുസ്‌തകം 22:10; സങ്കീർത്തനം 36:7; സദൃശവാക്യങ്ങൾ 12:10) ക്രൂരതയെയും അതിലേർപ്പെടുന്നവരെയും അവൻ വെറുക്കുന്നു. (സദൃശവാക്യങ്ങൾ 3:31, 32) മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്‌ഠരെന്നു കരുതി ബഹുമാനിക്കാൻ സഹായിക്കുന്ന ഒരു പുതിയ വ്യക്തിത്വം ക്രിസ്‌ത്യാനികൾ വളർത്തിയെടുക്കണമെന്ന്‌ യഹോവ പ്രതീക്ഷിക്കുന്നു. (ഫിലിപ്പിയർ 2:2-4) ആ പുതിയ വ്യക്തിത്വത്തിന്റെ ഭാഗമാണ്‌ “മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ” എന്നിവ. “സമ്പൂർണ്ണതയുടെ ബന്ധമായ” സ്‌നേഹവും ഒഴിച്ചുകൂടാനാവാത്തതാണ്‌. (കൊലൊസ്സ്യർ 3:12-14) ഈ ഗുണങ്ങളെല്ലാം പ്രതിഫലിപ്പിച്ചിരുന്നെങ്കിൽ ലോകം എത്ര വ്യത്യസ്‌തമാകുമായിരുന്നു!

എന്നിരുന്നാലും വ്യക്തിത്വത്തിൽ സ്ഥായിയായ ഒരു മാറ്റം വരുത്തുക സാധ്യമാണോയെന്നു നിങ്ങൾ സംശയിച്ചേക്കാം. എങ്കിൽ മാർട്ടിന്റെ * ജീവിതാനുഭവം ഒന്നു പരിശോധിക്കുക. കുട്ടികളുടെ മുമ്പിൽവെച്ചുപോലും അദ്ദേഹം തന്റെ ഭാര്യയുടെ നേരെ ആക്രോശിക്കുകയും അവളെ വല്ലാതെ ഉപദ്രവിക്കുകയും ചെയ്യുക പതിവായിരുന്നു. ഒരിക്കൽ സഹായത്തിനായി കുട്ടികൾക്ക്‌ അയൽവക്കത്തേക്ക്‌ ഓടേണ്ടതായിപ്പോലും വന്നു, അത്രയ്‌ക്കു വഷളായിരുന്നു വീട്ടിലെ അവസ്ഥ. കുറെ വർഷങ്ങൾക്കുശേഷം ആ കുടുംബം യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. തന്റെ സ്വഭാവത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും മറ്റുള്ളവരോട്‌ എങ്ങനെ പെരുമാറണമെന്നും മാർട്ടിൻ മനസ്സിലാക്കി. എന്നാൽ അദ്ദേഹത്തിനു മാറ്റം വരുത്താനായോ? അദ്ദേഹത്തിന്റെ ഭാര്യതന്നെ പറയട്ടെ: “പണ്ടൊക്കെ, ദേഷ്യം വന്നാൽപ്പിന്നെ നോക്കേണ്ട, എന്റെ ഭർത്താവ്‌ വേറൊരു മനുഷ്യനായിരുന്നു. ഞങ്ങളുടെ ജീവിതത്തെക്കുറിച്ചാണെങ്കിൽ പറയുകയും വേണ്ട. മാറ്റംവരുത്താൻ അദ്ദേഹത്തെ സഹായിച്ചതിന്‌ എനിക്കു യഹോവയോട്‌ എത്ര നന്ദിയുണ്ടെന്നോ! ഇന്ന്‌ അദ്ദേഹം ഒരു നല്ല ഭർത്താവും പിതാവും ആണ്‌.”

ഇത്തരത്തിലുള്ള അനേകം അനുഭവങ്ങളിൽ ഒന്നു മാത്രമാണിത്‌. ലോകമെമ്പാടും യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ച ലക്ഷക്കണക്കിന്‌ ആളുകൾ തങ്ങളുടെ ജീവിതത്തിൽനിന്ന്‌ ക്രൂരത അപ്പാടെ പിഴുതെറിഞ്ഞിരിക്കുന്നു. തീർച്ചയായും, മാറ്റം വരുത്തുക സാധ്യമാണ്‌.

ക്രൂരതകളുടെ അന്ത്യം ആസന്നം

സമീപഭാവിയിൽ മുഴുഭൂമിയുടെയും ഭരണം ദൈവരാജ്യം ഏറ്റെടുക്കും. സ്വർഗത്തിൽ സ്ഥാപിതമായിരിക്കുന്ന ഒരു ഗവൺമെന്റാണിത്‌. അതിനു നേതൃത്വംവഹിക്കുന്നതോ? സമാനുഭാവവും അനുകമ്പയുമുള്ള യേശുക്രിസ്‌തുവും. സകല ക്രൂരതകളുടെയും ഉറവിടമായ സാത്താനെയും അവന്റെ ഭൂതങ്ങളെയും ദൈവരാജ്യം ഇതിനോടകംതന്നെ സ്വർഗത്തിൽനിന്നു പുറത്താക്കിയിരിക്കുന്നു. പെട്ടെന്നുതന്നെ ഭൂമിയിലെ സമാധാനസ്‌നേഹികളായ പ്രജകളുടെ ആവശ്യങ്ങൾ ദൈവരാജ്യം തൃപ്‌തിപ്പെടുത്തും. (സങ്കീർത്തനം 37:10, 11; യെശയ്യാവു 11:2-5) ലോകപ്രശ്‌നങ്ങൾക്കുള്ള യഥാർഥ പരിഹാരം ദൈവരാജ്യം മാത്രമാണ്‌. എന്നാൽ അതിനായി കാത്തിരിക്കവേ നിങ്ങൾ ക്രൂരതയ്‌ക്ക്‌ ഇരയാകുന്നെങ്കിലെന്ത്‌?

ക്രൂരതയ്‌ക്ക്‌ അതേ നാണയത്തിൽ തിരിച്ചടിക്കുന്നത്‌ ഒട്ടും ബുദ്ധിയല്ല. അതു കാര്യങ്ങൾ ഒന്നുകൂടി വഷളാക്കുകയേ ഉള്ളൂ. യഥാസമയം “ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്ന” യഹോവയിൽ ആശ്രയിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (യിരെമ്യാവു 17:10) (6-ാം പേജിലെ “ക്രൂരതയ്‌ക്ക്‌ ഇരയാകുമ്പോൾ . . .” എന്ന ചതുരം കാണുക.) ക്രൂരതയുടെ ഫലമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ നിങ്ങൾ സഹിക്കേണ്ടി വന്നേക്കാം എന്നതു ശരിയാണ്‌. (സഭാപ്രസംഗി 9:11) എന്നാൽ ക്രൂരതയുടെ എല്ലാ ഭവിഷ്യത്തുകളും, മരണംപോലും ഇല്ലാതാക്കാൻ ദൈവത്തിനു കഴിയും. ഇനി, ക്രൂരതയ്‌ക്ക്‌ ഇരയായി മരണമടഞ്ഞാൽപ്പോലും തന്റെ ഓർമയിലുള്ളവരെ ദൈവം ജീവനിലേക്കു കൊണ്ടുവരുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.​—⁠യോഹന്നാൻ 5:28, 29.

ക്രൂരതയ്‌ക്ക്‌ ഇരയാകാനുള്ള സാധ്യത ഇപ്പോൾ ഉണ്ടെങ്കിലും ദൈവവുമായി ഒരു അടുത്ത ബന്ധം സ്ഥാപിച്ച്‌ അവന്റെ വാഗ്‌ദാനങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നതിലൂടെ നമുക്ക്‌ ആശ്വാസം കണ്ടെത്താനാകും. സാറയുടെ ഉദാഹരണം പരിചിന്തിക്കുക. ഭർത്താവിന്റെ പിന്തുണയില്ലാതെതന്നെ അവർ തന്റെ രണ്ടു പുത്രന്മാരെ നല്ല വിദ്യാഭ്യാസമൊക്കെ കൊടുത്ത്‌ വളർത്തി വലുതാക്കി. എന്നാൽ വയസ്സായപ്പോൾ അവർ അമ്മയെ തിരിഞ്ഞുനോക്കിയില്ല. എന്നിരുന്നാലും ഒരു ക്രിസ്‌ത്യാനിയായിത്തീർന്ന സാറ പറയുന്നു: “ഓർക്കുമ്പോൾ എനിക്കു സങ്കടമുണ്ട്‌, പക്ഷേ യഹോവ എന്നെ ഒരിക്കലും കൈവിട്ടില്ല. എന്താവശ്യം ഉണ്ടെങ്കിലും ഓടിയെത്തുന്ന ആത്മീയ സഹോദരീസഹോദരന്മാരിലൂടെ ദൈവത്തിന്റെ പിന്തുണ ഞാൻ അനുഭവിച്ചറിയുന്നു. എന്റെ പ്രശ്‌നങ്ങൾ മാത്രമല്ല ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ച്‌ അവനെ അനുസരിക്കുന്ന ഏവരുടെയും പ്രശ്‌നങ്ങൾ അവൻ പെട്ടെന്നുതന്നെ പരിഹരിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌.”

സാറ പറയുന്ന ഈ ആത്മീയ സഹോദരീസഹോദരന്മാർ ആരാണ്‌? യഹോവയുടെ സാക്ഷികൾ. സഹാനുഭൂതിയുള്ള ആളുകളുടെ ഒരു ആഗോള സഹോദരവർഗമാണ്‌ അവർ. (1 പത്രൊസ്‌ 2:17) സകല ക്രൂരതകളും പെട്ടെന്നുതന്നെ അവസാനിക്കുമെന്ന ഉറച്ച ബോധ്യം അവർക്കുണ്ട്‌. ക്രൂരതകളുടെയെല്ലാം മുഖ്യ കാരണക്കാരനായ പിശാചായ സാത്താനോ അവനെപ്പോലെ പ്രവർത്തിക്കുന്നവരോ മേലാൽ ഉണ്ടായിരിക്കില്ല. “ക്രൂരതയുടെ കാലം” എന്ന്‌ ഒരു എഴുത്തുകാരൻ വിശേഷിപ്പിച്ച ഈ കാലഘട്ടത്തിന്‌ എന്നെന്നേക്കുമായി തിരശ്ശീല വീഴും. ഈ പ്രത്യാശയെക്കുറിച്ച്‌ യഹോവയുടെ സാക്ഷികളോട്‌ ചോദിച്ചറിയരുതോ?

[അടിക്കുറിപ്പുകൾ]

^ ഖ. 16 ദൈവത്തിന്റെ ഗുണങ്ങളെയും വ്യക്തിത്വത്തെയും കുറിച്ചു വിശദമായി മനസ്സിലാക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകം പഠിക്കുക.

^ ഖ. 17 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[6-ാം പേജിലെ ചതുരം]

ക്രൂരതയ്‌ക്ക്‌ ഇരയാകുമ്പോൾ . . .

ആ സാഹചര്യത്തെ നേരിടാൻ സഹായകമായ പ്രായോഗിക ഉപദേശങ്ങൾ ദൈവവചനം നൽകുന്നുണ്ട്‌. പിൻവരുന്നവ നിങ്ങൾക്ക്‌ എങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കുക:

“ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.”​—⁠സദൃശവാക്യങ്ങൾ 20:⁠22.

“ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്‌മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.”​—⁠സഭാപ്രസംഗി 5:⁠8.

“സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.”​—⁠മത്തായി 5:⁠5.

“മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.”​—⁠മത്തായി 7:⁠12.

“ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു.”​—⁠റോമർ 12:17-19.

“ക്രിസ്‌തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. . . . തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്‌പിക്കയത്രേ ചെയ്‌തതു.”​—⁠1 പത്രൊസ്‌ 2:21-23.

[7-ാം പേജിലെ ചിത്രങ്ങൾ]

ജീവിതത്തിൽനിന്ന്‌ ക്രൂരത പിഴുതെറിയാൻ യഹോവ അനേകരെ പഠിപ്പിച്ചിരിക്കുന്നു