വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

● ആഗ്രഹിച്ചതു ലഭിക്കുന്നതുവരെ അപേക്ഷിച്ചുകൊണ്ടിരുന്ന ആതിഥേയനെ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? (ലൂക്കൊസ്‌ 11:5-10)

പ്രാർഥിക്കുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട മനോഭാവം എന്തായിരിക്കണമെന്ന്‌ ഈ ദൃഷ്ടാന്തം പ്രകടമാക്കുന്നു. ദൈവത്തിന്റെ ആത്മാവിനുവേണ്ടി നാം മടുത്തുപോകാതെ തുടർച്ചയായി പ്രാർഥിക്കണം. (ലൂക്കൊസ്‌ 11:11-13)​—⁠12/15, പേജുകൾ 20-2.

● വിധവയെയും ന്യായാധിപനെയുംകുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു? (ലൂക്കൊസ്‌ 18:1-8)

പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യത്തിന്‌ ഇത്‌ അടിവരയിടുന്നു. ആ ന്യായാധിപനിൽനിന്നു വ്യത്യസ്‌തനായി യഹോവ നീതിയുള്ളവനും നമ്മെ സഹായിക്കാൻ മനസ്സൊരുക്കമുള്ളവനും ആണ്‌. കൂടാതെ, ദൃഷ്ടാന്തത്തിലെ വിധവയെപ്പോലെ നമുക്ക്‌ ദൈവത്തിൽ ശക്തമായ വിശ്വാസവും ഉണ്ടായിരിക്കണം.​—⁠12/15, പേജുകൾ 26-8.

● അപ്പൊസ്‌തലനായ പൗലൊസ്‌ കൊരിന്ത്യയിലെ ക്രിസ്‌ത്യാനികളോട്‌ സ്‌നേഹിക്കുന്നതിൽ ‘വിശാലരാകാൻ’ പറഞ്ഞതെന്തുകൊണ്ട്‌? (2 കൊരിന്ത്യർ 6:11-13)

അവരിൽ ചിലർ സഹവിശ്വാസികളോടു വിലമതിപ്പില്ലാത്തവരും സങ്കുചിത മനസ്‌കരും ഹൃദയവിശാലതയില്ലാത്തവരും ആയിരുന്നുവെന്നു തോന്നുന്നു. എന്നാൽ, സഹവിശ്വാസികളോട്‌ യഥാർഥ വിലമതിപ്പ്‌ നട്ടുവളർത്താൻ നാം കഠിനശ്രമം ചെയ്യണം, പുതിയ സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ടുപോലും.​—⁠1/1, പേജുകൾ 9-11.

വെളിപ്പാടു 7:​3-ൽ പറഞ്ഞിരിക്കുന്ന മുദ്രയിടൽ എന്താണ്‌?

അഭിഷിക്ത ക്രിസ്‌ത്യാനികളെ ദൈവം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുമ്പോൾ അവർ പ്രാഥമികമായി മുദ്രയിടപ്പെടുന്നു. എന്നാൽ, അവർ തങ്ങളുടെ വിശ്വസ്‌തത പൂർണമായ അളവിൽ പ്രകടമാക്കിയിരിക്കുന്നു എന്നതിന്റെ സ്ഥിരീകരണമായ അന്തിമ മുദ്രയിടലിനെക്കുറിച്ചാണ്‌ വെളിപ്പാടു 7:​3-ൽ പറയുന്നത്‌.​—⁠1/1, പേജുകൾ 30-1.

● ശമൂവേലിനെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിൽനിന്ന്‌ മാതാപിതാക്കൾക്ക്‌ എന്തെല്ലാം പഠിക്കാനാകും?

ശമൂവേലിന്റെ മാതാപിതാക്കൾ ചെയ്‌തതുപോലെ തങ്ങളുടെ മക്കളെ ദൈവവചനം പഠിപ്പിക്കണം എന്നതാണ്‌ ഒരു സംഗതി. കൂടാതെ, യഹോവയുടെ സേവനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കിമാറ്റാൻ മക്കളെ പ്രോത്സാഹിപ്പിക്കുകയും വേണം.​—⁠1/15, പേജ്‌ 16.

● യഹോവയ്‌ക്കായി കാത്തിരിക്കാൻ സന്തോഷമുള്ളവരാണെന്നു നമുക്കെങ്ങനെ പ്രകടമാക്കാം?

ഭക്തികെട്ട സകലരെയും നശിപ്പിച്ചുകൊണ്ട്‌ നമുക്ക്‌ ആശ്വാസം കൈവരുത്തുന്ന ‘ദൈവദിവസത്തിന്റെ വരവിനായി കാത്തിരിക്കുകയാണു’ നാം. (2 പത്രൊസ്‌ 3:7, 11) സകല ദുഷ്ടതയ്‌ക്കും അറുതിവരുത്താൻ യഹോവ അതിയായി ആഗ്രഹിക്കുന്നു. എന്നാൽ തന്റെ നാമത്തിനു മഹത്ത്വം കരേറ്റുന്ന ഒരു വിധത്തിൽ ക്രിസ്‌ത്യാനികൾക്കു രക്ഷ പ്രദാനം ചെയ്യാനായി അവൻ ആത്മസംയമം പാലിക്കുകയാണ്‌. എപ്പോൾ നടപടി എടുക്കണമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമെന്ന ബോധ്യം നമുക്കുണ്ടായിരിക്കണം. ആ സമയത്തിനായി കാത്തിരിക്കവേ, ദൈവത്തെ സ്‌തുതിക്കുന്നതിൽ ശുഷ്‌കാന്തിയുള്ളവരായിരിക്കുകയും വേണം. (സങ്കീർത്തനം 71:14, 15)​—⁠3/1, പേജ്‌ 17-18.

● ശുദ്ധിയുള്ള ഓരോ മൃഗങ്ങളിൽനിന്നും എത്ര എണ്ണത്തെയാണ്‌ നോഹ പെട്ടകത്തിൽ കയറ്റിയത്‌​—⁠ഏഴു വീതമോ ഏഴു ജോഡി വീതമോ?

ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ‘ഏഴേഴ്‌’ എണ്ണത്തെ ചേർത്തുകൊള്ളാനാണ്‌ നോഹയോടു പറഞ്ഞത്‌. (ഉല്‌പത്തി 7:1, 2) ‘ഏഴേഴ്‌’ എന്ന വാക്കിന്റെ എബ്രായ ഭാഷയിലെ അർഥം “ഏഴ്‌ ഏഴ്‌” എന്നാണ്‌. ഈ വിധത്തിൽ സംഖ്യ ആവർത്തിക്കുന്നത്‌ ഏഴു ജോഡിയെ അർഥമാക്കുന്നില്ല. മറ്റു ബൈബിൾ വിവരണങ്ങളും അതാണു സൂചിപ്പിക്കുന്നത്‌. നോഹ ഓരോ ഇനത്തിൽനിന്നും ഏഴുവീതം എടുത്തു എന്നു വ്യക്തം, മൂന്നു ജോഡിയും ഏഴാമതൊരെണ്ണവും. ആ ഒരെണ്ണത്തെ യാഗം അർപ്പിക്കുന്നതിനായി ഉപയോഗിക്കാൻ കഴിയുമായിരുന്നു. (ഉല്‌പത്തി 8:20)​—⁠3/15, പേജ്‌ 31.

● ക്രിസ്‌ത്യാനികൾ, സഭയിൽ നേതൃത്വമെടുക്കുന്ന മൂപ്പന്മാരുടെ ജീവാവസാനം ‘ഓർക്കേണ്ടത്‌’ എന്തുകൊണ്ട്‌?

മൂപ്പന്മാരുടെ വിശ്വസ്‌ത ജീവിതഗതിയുടെ ഫലത്തെക്കുറിച്ചു ധ്യാനിക്കാനും അഥവാ സുസൂക്ഷ്‌മം പരിചിന്തിക്കാനും വിശ്വാസത്തിന്റെ അത്തരം മാതൃകകൾ അനുകരിക്കാനും പൗലൊസ്‌ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (എബ്രായർ 13:7) ദൈവവചനം ആവശ്യപ്പെടുന്നതുകൊണ്ടു മാത്രമല്ല നാം അപ്രകാരം ചെയ്യുന്നത്‌; പിന്നെയോ രാജ്യതാത്‌പര്യങ്ങളും നമ്മുടെ നന്മയും ലക്ഷ്യമാക്കിയാണു മൂപ്പന്മാർ പ്രവർത്തിക്കുന്നതെന്ന്‌ നമുക്കു ബോധ്യം ഉള്ളതുകൊണ്ടുമാണ്‌.​—⁠4/1, പേജ്‌ 28.