വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൗലൊസിനോടൊപ്പം ബെരോവയിലേക്ക്‌

പൗലൊസിനോടൊപ്പം ബെരോവയിലേക്ക്‌

പൗലൊസിനോടൊപ്പം ബെരോവയിലേക്ക്‌

കാലഘട്ടം ഏകദേശം പൊതുയുഗം 50. രണ്ടു മിഷനറിമാരുടെ പ്രവർത്തനത്തിനു നല്ല ഫലമുണ്ടാകുന്നു; വലിയൊരു കൂട്ടം വിശ്വാസികളായിത്തീർന്നു. തുടർന്ന്‌ അക്രമാസക്തരായ ജനക്കൂട്ടം അവർക്കു നേരെ ഇളകി. അതുകൊണ്ട്‌ പുതുതായി രൂപീകൃതമായ സഭയുടെയും മിഷനറിമാരുടെയും സുരക്ഷയെക്കരുതി അവിടത്തെ സഹോദരന്മാർ ഒരു തീരുമാനത്തിലെത്തുന്നു​—⁠രായ്‌ക്കുരാമാനം രണ്ടുപേരെയും പറഞ്ഞുവിടുക. അങ്ങനെ പൗലൊസും ശീലാസും തെസ്സലൊനീക്കയിലുള്ള മാസിഡോണിയൻ തുറമുഖത്തുനിന്നു പലായനം ചെയ്യുന്നു. അവർ അടുത്ത പ്രസംഗ മേഖലയിലേക്കു യാത്രതിരിക്കുന്നു, ബെരോവയിലേക്ക്‌.

പുരാതനകാലത്തെന്നപോലെ ഇന്നും ഒരു സന്ദർശകന്‌ ദൂരെനിന്നുകൊണ്ട്‌ ഹരിതമനോഹരമായ വെർമിയോ പർവതത്തിന്റെ കിഴക്കേ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന ബെരോവ (വെറിയാ) കാണാനാകും. തെസ്സലൊനീക്കയ്‌ക്ക്‌ ഏകദേശം 65 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിടക്കുന്ന ഈ നഗരത്തിൽനിന്ന്‌ 40 കിലോമീറ്ററോളം ദൂരമുണ്ട്‌ ഈജിയൻ കടലിലേക്ക്‌. ബെരോവയുടെ തെക്കുവശത്താണ്‌ ഒളിമ്പസ്‌ പർവതം. ഐതിഹ്യമനുസരിച്ച്‌ ഗ്രീക്കു ദേവന്മാരിൽ പ്രധാനികൾ കുടിയിരിക്കുന്നത്‌ ഇവിടെയാണ്‌.

പൗലൊസിന്റെ പ്രസംഗപ്രവർത്തനംമൂലം അനേകർ ക്രിസ്‌ത്യാനികളായിത്തീർന്ന ഒരു പ്രദേശമെന്ന നിലയിൽ ബൈബിൾ വിദ്യാർഥികൾക്കു താത്‌പര്യമുള്ള സ്ഥലമാണ്‌ ബെരോവ. (പ്രവൃത്തികൾ 17:10-15) പൗലൊസിനോടൊപ്പം ചെന്ന്‌ ഈ പുരാതന നഗരത്തിന്റെ ചരിത്രത്തിലേക്ക്‌ നമുക്കൊന്നു കണ്ണോടിക്കാം.

ആദ്യകാല ചരിത്രം

ബെരോവയുടെ പിറവി എന്നാണെന്നതു സംബന്ധിച്ച്‌ ആർക്കും വ്യക്തമായ ധാരണയില്ല. അതിലെ ആദ്യനിവാസികൾ പ്രുഗ്യൻ വംശജരായിരിക്കാമെന്നു കരുതപ്പെടുന്നു. പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 7-ാം നൂറ്റാണ്ടിൽ മാസിഡോണിയക്കാർ അവരെ തുരത്തുകയായിരുന്നു. മൂന്നു നൂറ്റാണ്ടിനുശേഷം, മഹാനായ അലക്‌സാണ്ടറുടെ ദ്വിഗ്‌വിജയങ്ങളെത്തുടർന്ന്‌ മാസിഡോണിയ പ്രതാപത്തിന്റെ ഉച്ചകോടിയിലെത്തി. സീയൂസ്‌, അർത്തെമീസ്‌, അപ്പോളോ, അഥേന എന്നിവരുടെയും മറ്റു ഗ്രീക്കു ദേവന്മാരുടെയും ക്ഷേത്രങ്ങളെപ്പോലുള്ള ആകർഷകങ്ങളായ മന്ദിരങ്ങളും മതിലുകളും നിർമിക്കപ്പെട്ടു.

ഒരു ചരിത്രകൃതിയനുസരിച്ച്‌ ബെരോവ “അതിന്റെ പ്രാന്തപ്രദേശങ്ങളിലും ഉത്തര ഗ്രീസിന്റെ ശിഷ്ടഭാഗങ്ങളിലും പ്രബലമായ സ്വാധീനം ചെലുത്തി.” മാസിഡോണിയയിലെ അവസാനത്തെ സാമ്രാജ്യമായ ആന്റിഗോണിഡ്‌ രാജകുടുംബത്തിന്റെ ഭരണകാലത്ത്‌ (പൊ.യു.മു. 306-168) നഗരം ശ്രദ്ധേയമായ വളർച്ച നേടി; പിന്നീട്‌ ഇതിനെ റോമാക്കാർ കീഴടക്കുകയായിരുന്നു.

പൊ.യു.മു. 197-ൽ റോമാക്കാർ ഫിലിപ്പ്‌ അഞ്ചാമൻ രാജാവിനെ കീഴടക്കി. അതോടെ “അതുവരെയുണ്ടായിരുന്ന അധികാര സന്തുലിതാവസ്ഥ തകിടംമറിഞ്ഞു. കിഴക്കൻ മെഡിറ്ററേനിയനിൽ റോം നിർണായക ശക്തിയായിത്തീർന്നു”വെന്ന്‌ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ പറയുന്നു. പൊ.യു.മു. 168-ൽ ബെരോവയ്‌ക്കു തെക്കുള്ള പൈഡ്‌നയിൽവെച്ച്‌ പുരാതന മെഡിറ്ററേനിയൻ ഭരണാധിപനായ പേർസൂസിനുമേൽ ഒരു റോമൻ ജനറൽ നിർണായക വിജയം നേടുകയുണ്ടായി. ബൈബിൾ പ്രവചിച്ചിരുന്നതുപോലെ, ലോകശക്തിയായിരുന്ന ഗ്രീസിന്റെ സ്ഥാനം റോം കയ്യടക്കി. (ദാനീയേൽ 7:6, 7, 23) ആ ഏറ്റുമുട്ടലിനുശേഷം റോമിനു കീഴടങ്ങിയ മാസിഡോണിയൻ നഗരങ്ങളിൽ ഒന്നായിരുന്നു ബെരോവ.

പൊ.യു.മു. ഒന്നാം നൂറ്റാണ്ടിൽ പോംപിയും ജൂലിയസ്‌ സീസറും തമ്മിലുള്ള ഏറ്റുമുട്ടലിനു വേദിയായി മാറി മാസിഡോണിയ. വാസ്‌തവത്തിൽ ബെരോവയുടെ പ്രാന്തപ്രദേശത്താണ്‌ പോംപി തന്റെ ആസ്ഥാനം സ്ഥാപിക്കുകയും സൈന്യത്തെ വിന്യസിപ്പിക്കുകയും ചെയ്‌തത്‌.

റോമിന്റെ തണലിൽ തഴച്ചുവളരുന്നു

പാക്‌സ്‌ റൊമാനാ അഥവാ റോമൻ സമാധാന കാലത്ത്‌ ബെരോവ സന്ദർശിക്കുന്ന ഒരാൾക്ക്‌ ഒരേ അകലത്തിൽ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്‌തൂപികകൾ സഹിതമുള്ള കല്ലുപാകിയ തെരുവുകൾ കാണാനാകുമായിരുന്നു. നഗരത്തിൽ പൊതു സ്‌നാനക്കുളങ്ങൾ, തിയേറ്ററുകൾ, ലൈബ്രറികൾ, ദ്വന്ദ്വയുദ്ധത്തിനുള്ള വേദികൾ എന്നിവയും ഉണ്ടായിരുന്നു. പൈപ്പുകൾവഴിയുള്ള കുടിവെള്ള സംവിധാനവും ഭൂഗർഭ അഴുക്കുചാൽ പദ്ധതിയും സഹിതം സജ്ജമായിരുന്നു നഗരം. കച്ചവടക്കാർ, കലാകാരന്മാർ, കായികാഭ്യാസികൾ എന്നിവർ വന്നുപോകുന്ന ഒരു വാണിജ്യകേന്ദ്രമായി മാറി ബെരോവ. നിരവധി കലാസ്വാദകരും മറ്റും അവിടെ എത്തിയിരുന്നു. വിദേശികൾക്കു സ്വന്തം മതാചാരപ്രകാരം ആരാധന നടത്തുന്നതിനുള്ള സ്ഥലങ്ങളും ഉണ്ടായിരുന്നു. അതേ, റോമൻ അധീനതയിലുള്ള സകല മതങ്ങളുടെയും ഒരു സമന്വയം ഈ നഗരത്തിൽ കാണാം.

ബെരോവക്കാരുടെ ദൈവങ്ങളുടെ കൂട്ടത്തിൽ മരണാനന്തരം ദിവ്യത്വം നൽകപ്പെട്ട റോമൻ ചക്രവർത്തിമാരും ഉണ്ടായിരുന്നു. അവിടത്തുകാർക്ക്‌ അതൊരു പുത്തരിയല്ലായിരുന്നു; കാരണം മഹാനായ അലക്‌സാണ്ടറിനെ ദൈവമായി ആരാധിച്ചിരുന്നു അവർ. ഒരു ഗ്രീക്കു രേഖ ഇങ്ങനെ പറയുന്നു: “ഒരു രാജാവിന്‌ ജീവിതകാലത്തുതന്നെ ദിവ്യത്വം കൽപ്പിച്ച്‌ ആരാധിച്ചിരുന്ന രീതിയുമായി പരിചിതരായിരുന്ന പൗരസ്‌ത്യ സാമ്രാജ്യത്തിലെ ഗ്രീക്കുകാർക്ക്‌ . . . റോമൻ ചക്രവർത്തിമാരെ ആരാധിക്കാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ നാണയങ്ങളിൽ ചക്രവർത്തിയെ ദൈവിക പരിവേഷമുള്ള കിരീടം ധരിച്ചിരുന്നതായി ചിത്രീകരിച്ചിരുന്നു. ഒരു ദൈവത്തെയെന്നപോലെ ഭക്ത്യാദരപൂർവം കീർത്തനങ്ങളും ഗാനങ്ങളും സഹിതം അദ്ദേഹത്തെ സ്‌തുതിച്ചിരുന്നു.” ക്ഷേത്രങ്ങളും ബലിപീഠങ്ങളും നിർമിച്ച്‌ അദ്ദേഹത്തിനു ബലികളർപ്പിച്ചിരുന്നു. ചക്രവർത്തിയാരാധനയോടു ബന്ധപ്പെട്ട ആഘോഷങ്ങളിൽ ചക്രവർത്തിമാരും പങ്കെടുത്തിരുന്നു; കല, കായിക, സാഹിത്യ മത്സരങ്ങളും അതോടനുബന്ധിച്ചു നടത്തിയിരുന്നു.

ബെരോവ വ്യാജാരാധനയുടെ കേന്ദ്രമായത്‌ എങ്ങനെയാണ്‌? മാസിഡോണിയൻ കീനോന്റെ കേന്ദ്രസ്ഥാനം അതായിരുന്നു എന്നതാണു കാരണം. മാസിഡോണിയൻ നഗര പ്രതിനിധികളുടെ ഒരു സംഘമായിരുന്നു കീനോൻ. നഗരങ്ങളിലെയും പ്രവിശ്യകളിലെയും പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത്‌ റോമാക്കാരുടെ മേൽനോട്ടത്തിൻകീഴിൽ തീർപ്പു കൽപ്പിക്കുന്നതിനായി ഈ പ്രതിനിധികൾ ബെരോവയിൽ കൂടിവരിക പതിവായിരുന്നു. ചക്രവർത്തിയാരാധനയോടു ബന്ധപ്പെട്ട ചടങ്ങുകൾക്ക്‌ നേതൃത്വം വഹിക്കുക എന്നതായിരുന്നു കീനോന്റെ മുഖ്യ ധർമങ്ങളിൽ ഒന്ന്‌.

ഇത്തരമൊരു അന്തരീക്ഷത്തിലേക്കാണ്‌ പൗലൊസും ശീലാസും തെസ്സലൊനീക്കയിൽനിന്നു പലായനം ചെയ്‌തെത്തിയത്‌. ബെരോവ റോമാക്കാരുടെ അധീനതയിലായിട്ട്‌ അപ്പോൾ രണ്ടു നൂറ്റാണ്ട്‌ പിന്നിട്ടിരുന്നു.

സുവാർത്ത ബെരോവയിൽ

പൗലൊസിന്റെ ബെരോവയിലെ പ്രസംഗപ്രവർത്തനം ആരംഭിക്കുന്നത്‌ അവിടത്തെ സിനഗോഗിലാണ്‌. അവനു ലഭിച്ച സ്വീകരണമോ? നിശ്വസ്‌തരേഖ എന്താണു പറയുന്നത്‌? അവിടത്തെ യഹൂദന്മാർ “തെസ്സലൊനീക്യയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.” (പ്രവൃത്തികൾ 17:10, 11) “ഉത്തമ”രായിരുന്ന അവർ തങ്ങളുടെ പാരമ്പര്യങ്ങളിൽ കടിച്ചുതൂങ്ങിയില്ല; പുതിയ കാര്യങ്ങളാണ്‌ കേട്ടതെങ്കിൽപ്പോലും അവർ അതിനെ സംശയദൃഷ്ടിയോടെ നോക്കുകയോ അതിൽ അസ്വസ്ഥരാകുകയോ ചെയ്‌തില്ല. പൗലൊസിന്റെ സന്ദേശം തിരസ്‌കരിക്കുന്നതിനു പകരം മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ അവർ ശ്രദ്ധിച്ചു.

പൗലൊസ്‌ പഠിപ്പിച്ച കാര്യങ്ങൾ സത്യമാണെന്ന്‌ ആ യഹൂദന്മാർക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞതെങ്ങനെയാണ്‌? അതു തിട്ടപ്പെടുത്താൻ അവർക്കു വിശ്വസനീയമായ ഒരു അളവുകോലുണ്ടായിരുന്നു; അതീവ ശ്രദ്ധയോടും ഉത്സാഹത്തോടുംകൂടെ അവർ തിരുവെഴുത്തുകൾ പരിശോധിച്ചു. ബൈബിൾ പണ്ഡിതനായ മാത്യു ഹെൻറി ഇപ്രകാരം വിലയിരുത്തുന്നു: “പൗലൊസ്‌ തിരുവെഴുത്തുകൾ ഉപയോഗിച്ച്‌ ന്യായവാദം ചെയ്യുകയും താൻ പറഞ്ഞതിന്റെ തെളിവിനായി പഴയ നിയമത്തിൽനിന്ന്‌ ഉദ്ധരിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ അവർക്ക്‌ തങ്ങളുടെ ബൈബിൾ തുറന്ന്‌ അവൻ പരാമർശിച്ച ഭാഗങ്ങൾ എടുത്തുനോക്കി സന്ദർഭം പരിശോധിക്കാനും അന്തർലീനമായിരിക്കുന്ന അർഥത്തെക്കുറിച്ചു വിചിന്തനം ചെയ്യാനും മറ്റു തിരുവെഴുത്തുകളുമായി അവയെ താരതമ്യപ്പെടുത്താനും അങ്ങനെ പൗലൊസിന്റെ വാദമുഖങ്ങൾ സ്വാഭാവികവും സത്യവുമാണോ എന്ന്‌ പരിശോധിച്ചുനോക്കി ഒരു നിഗമനത്തിലെത്താനും കഴിഞ്ഞു.”

ഇത്‌ കേവലം ഉപരിപ്ലവമായ പഠനമല്ലായിരുന്നു. ശബത്തുദിവസം മാത്രമല്ല എല്ലാ ദിവസവും തിരുവെഴുത്തുകൾ ഉത്സാഹപൂർവം പഠിക്കാൻ അവർ സമയം കണ്ടെത്തിയിരുന്നു.

ഫലമോ? ബെരോവയിലെ അനേകം യഹൂദന്മാർ സന്ദേശം കൈക്കൊണ്ട്‌ വിശ്വാസികളായി. ഒരുപക്ഷേ യഹൂദ മതപരിവർത്തിതർ ഉൾപ്പെടെ നിരവധി ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു. എന്നാൽ ഇത്‌ തെസ്സലൊനീക്കയിലെ യഹൂദന്മാരുടെ ശ്രദ്ധയിൽപ്പെടാതെ പോയില്ല. അവർ ഉടൻതന്നെ ബെരോവയിലെത്തി “പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.”​—⁠പ്രവൃത്തികൾ 17:4, 12, 13.

ബെരോവ വിടേണ്ടിവന്നെങ്കിലും പൗലൊസ്‌ മറ്റിടങ്ങളിൽ പ്രസംഗപ്രവർത്തനം തുടർന്നു. ഇത്തവണ അവൻ അഥേനയിലേക്കു പോകുന്ന ഒരു കപ്പലിൽ കയറി. (പ്രവൃത്തികൾ 17:14, 15) എന്നിരുന്നാലും, പൗലൊസിന്‌ സന്തോഷിക്കാൻ വകയുണ്ടായിരുന്നു; കാരണം അവന്റെ പ്രവർത്തനഫലമായിട്ടാണ്‌ ബെരോവയിൽ ക്രിസ്‌ത്യാനിത്വം പച്ചപിടിച്ചത്‌. ഇന്ന്‌ അത്‌ നല്ല ഫലം കായ്‌ക്കുന്നു.

ശ്രദ്ധാപൂർവം ദൈവവചനം പരിശോധിച്ച്‌ “സകലവും ശോധന ചെയ്‌തു നല്ലതു മുറുകെ പിടി”ക്കുന്ന ആളുകൾ ബെരോവയിൽ (വെറിയാ) ഇന്നുമുണ്ട്‌. (1 തെസ്സലൊനീക്യർ 5:21) യഹോവയുടെ സാക്ഷികളുടെ തഴച്ചുവളരുന്ന രണ്ടു സഭകൾ അവിടെയുണ്ട്‌. പൗലൊസിനെപ്പോലെ അവരും മറ്റുള്ളവരുമായി ബൈബിൾ സന്ദേശങ്ങൾ പങ്കുവെച്ചുകൊണ്ട്‌ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നു; അങ്ങനെ ആത്മാർഥ ഹൃദയരായ ആളുകളെ കണ്ടെത്തി അവരുമായി ബൈബിളിൽനിന്നു ന്യായവാദം ചെയ്യുകയും ചെയ്യുന്നു​—⁠സത്യദൈവമായ യഹോവയെക്കുറിച്ച്‌ അറിയാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന്‌ ബൈബിളിന്റെ പ്രചോദകശക്തിയെ അനുവദിച്ചുകൊണ്ടുതന്നെ.​—⁠എബ്രായർ 4:12.

[13-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പൗലൊസിന്റെ രണ്ടാം മിഷനറി യാത്രയുടെ ഭാഗം

മുസ്യ

ത്രോവാസ്‌

നവപൊലി

ഫിലിപ്പി

മാസിഡോണിയ

അംഫിപൊലിസ്‌

തെസ്സലൊനീക്ക

ബെരോവ

ഗ്രീസ്‌

അഥേന

കൊരിന്ത്‌

അഖായ

ഏഷ്യ

എഫെസൊസ്‌

രൊദൊസ്‌

[13-ാം പേജിലെ ചിത്രം]

മഹാനായ അലക്‌സാണ്ടറിനെ ഗ്രീക്കുദേവനായി ചിത്രീകരിക്കുന്ന വെള്ളിനാണയം

[കടപ്പാട്‌]

നാണയം: Pictorial Archive (Near Eastern History) Est.

[14-ാം പേജിലെ ചിത്രം]

ബെരോവയിൽ (വെറിയാ) യഹൂദന്മാർ താമസിക്കുന്നിടത്തേക്കുള്ള ഒരു കവാടം

[15-ാം പേജിലെ ചിത്രം]

ആധുനിക ബെരോവയിലെ (വെറിയാ) ഒരു പുരാതന സിനഗോഗ്‌