വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങൾ ക്രിസ്‌ത്യാനികൾ ഒഴിവാക്കേണ്ടതുണ്ടോ?

കാപ്പി, ചായ, ചോക്കലേറ്റ്‌, കോള തുടങ്ങിയ, കഫീൻ അടങ്ങിയ വിഭവങ്ങൾ ഒരു ക്രിസ്‌ത്യാനിക്കു നിഷിദ്ധമാണെന്നു ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്‌. ചിലർ കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ആദ്യമായി നമുക്കു നോക്കാം.

മനസ്സിനെ ഉത്തേജിപ്പിച്ചുകൊണ്ട്‌ അതിന്റെ ഭാവതലങ്ങളിൽ വ്യതിയാനം സൃഷ്ടിക്കാൻ കഴിവുള്ള ഒരു ലഹരിവസ്‌തുവാണു കഫീൻ എന്നു കരുതുന്നതുകൊണ്ടാണ്‌ അവർ മുഖ്യമായും അങ്ങനെ ചെയ്യുന്നത്‌. ഒരു ആസക്തിയായിത്തീരാനും കഫീനു കഴിയും. ഔഷധനിർമാതാക്കൾക്കായുള്ള ഒരു ആധികാരിക പരാമർശഗ്രന്ഥം ഇങ്ങനെ പറയുന്നു: “വർധിച്ച അളവിൽ ഏറെക്കാലം കഫീൻ ഉപയോഗിക്കുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടുകയും അതൊരു നിർബന്ധമോ ശീലമോ ആയി മാറുകയും ചെയ്‌തേക്കാം. പെട്ടെന്ന്‌ അതു നിറുത്തുന്നപക്ഷം ശരീരം പ്രതികരിക്കുകയും തലവേദന, അസ്വസ്ഥത, പിരിമുറുക്കം, ഉത്‌കണ്‌ഠ, തലകറക്കം എന്നിവപോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്‌തേക്കാം.” കഫീന്റെ ഉപഭോഗം നിറുത്തുമ്പോഴുണ്ടാകുന്ന ഇത്തരം പ്രതികരണങ്ങളെ, ലഹരിപദാർഥങ്ങൾ ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളോടൊപ്പം ഡയഗ്‌നോസ്റ്റിക്‌ ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ്‌ മെന്റൽ ഡിസ്‌ഓർഡേഴ്‌സിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ കഫീന്റെ ഉപഭോഗം തെറ്റാണെന്നു ചില ക്രിസ്‌ത്യാനികൾ കരുതിയേക്കാവുന്നത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ; ആസക്തരോ ആത്മനിയന്ത്രണം ഇല്ലാത്തവരോ ആയിത്തീരാൻ അവർ ആഗ്രഹിക്കുന്നില്ല.​—⁠ഗലാത്യർ 5:23.

കഫീൻ ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു അജാതശിശുവിന്റെ ആരോഗ്യത്തിനു ഹാനികരമാണെന്നു ചിലർ വിശ്വസിക്കുന്നു. ദൈവത്തെ ‘പൂർണ ഹൃദയത്തോടും ആത്മാവോടും ശക്തിയോടും മനസ്സോടും കൂടെ’ സ്‌നേഹിക്കേണ്ടതുള്ളതിനാൽ ആയുർദൈർഘ്യം കുറച്ചുകളയുന്നതെന്തും ക്രിസ്‌ത്യാനികൾ ഒഴിവാക്കുന്നു. സഹമനുഷ്യനെ സ്‌നേഹിക്കാനുള്ള കൽപ്പനയും ഉള്ളതിനാൽ ഒരു അജാതശിശുവിനു ദോഷംവരുത്തിയേക്കാവുന്ന കാര്യങ്ങളും അവർ ഒഴിവാക്കുന്നു.​—⁠ലൂക്കൊസ്‌ 10:25-27.

ആരോഗ്യസംബന്ധമായ ഇത്തരം ആകുലതകൾക്ക്‌ അടിസ്ഥാനമുണ്ടോ? കഫീൻ പല രോഗങ്ങൾക്കും ഇടയാക്കുന്നുവെന്നു ചിലർ കരുതുമ്പോൾ മറ്റു ചിലർ അതിനോടു വിയോജിക്കുന്നു. കാപ്പി ആരോഗ്യത്തിനു നല്ലതാണെന്നുപോലും ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 2006-ൽ ടൈം മാസിക ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “മൂത്രാശയ ക്യാൻസറിനും ഉയർന്ന രക്തസമ്മർദത്തിനും മറ്റു ദീനങ്ങൾക്കും [കഫീൻ] കാരണമായേക്കാമെന്നു പ്രാരംഭപഠനങ്ങൾ സൂചിപ്പിക്കുകയുണ്ടായി. കൂടുതൽ അടുത്ത കാലത്തെ ഗവേഷണങ്ങൾ അത്തരം ഒട്ടുമിക്ക വിശ്വാസങ്ങളെയും ഖണ്ഡിക്കുകയും കഫീനു ശ്രദ്ധേയമായ ചില പ്രയോജനങ്ങൾ ഉള്ളതായി കണ്ടെത്തുകയുംപോലും ചെയ്‌തു. കരൾക്ഷതം, പാർക്കിൻസൺസ്‌ രോഗം, പ്രമേഹം, അൽസൈമേഴ്‌സ്‌, പിത്താശയക്കല്ല്‌, വിഷാദം എന്നിവയിൽനിന്നും​—⁠ഒരുപക്ഷേ ചിലതരം ക്യാൻസറുകളിൽനിന്നുപോലും​—⁠കഫീൻ കുറെയൊക്കെ സംരക്ഷണം നൽകുന്നതായി കാണപ്പെടുന്നു.” കഫീൻ ഉപഭോഗം സംബന്ധിച്ച്‌ ഒരു വാർത്താമാസിക ഇങ്ങനെ എഴുതി: “അതുകൊണ്ട്‌ മിതത്വം പാലിക്കുക, അതാണു കേന്ദ്രതത്ത്വം.”

കഫീനെക്കുറിച്ചു ലഭ്യമായിട്ടുള്ള ആധുനിക വിവരങ്ങൾ സംബന്ധിച്ച സ്വന്തം ഗ്രാഹ്യത്തിനും ഉൾപ്പെട്ടിരുന്നേക്കാവുന്ന ബൈബിൾ തത്ത്വങ്ങൾക്കും ചേർച്ചയിൽ ക്രിസ്‌ത്യാനികൾ ഇക്കാര്യത്തിൽ വ്യക്തിപരമായി തീരുമാനമെടുക്കണം. ഉദാഹരണത്തിന്‌ കഫീൻ തന്റെ കുഞ്ഞിനു ദോഷംചെയ്യുമെന്നു ഗർഭിണിയായ ഒരു സ്‌ത്രീ കരുതുന്നുവെങ്കിൽ, കുഞ്ഞു പിറക്കുന്നതുവരെ അതൊഴിവാക്കാൻ അവർ തീരുമാനിച്ചേക്കാം. കഫീന്റെ ക്രമമായ ഉപയോഗത്തിനു ഭംഗം നേരിട്ടാൽ അസ്വസ്ഥതയും മറ്റും ഉണ്ടാകുന്നതായി ഒരു ക്രിസ്‌ത്യാനി മനസ്സിലാക്കുന്നപക്ഷം താത്‌കാലികമായെങ്കിലും അദ്ദേഹം അതുപയോഗിക്കാതിരിക്കുന്നതു ജ്ഞാനമായിരുന്നേക്കാം. (2 പത്രൊസ്‌ 1:5-7) അത്തരമൊരു തീരുമാനത്തെ മറ്റു ക്രിസ്‌ത്യാനികൾ ആദരിക്കണം; സ്വന്തം വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കാൻ അവർ ശ്രമിക്കരുത്‌.

കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ നിങ്ങളുടെ തീരുമാനം എന്തുതന്നെയായിരുന്നാലും പൗലൊസിന്റെ പിൻവരുന്ന ഉദ്‌ബോധനം മറക്കരുത്‌: “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.”​—⁠1 കൊരിന്ത്യർ 10:31.