വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഭ യഹോവയെ സ്‌തുതിക്കട്ടെ

സഭ യഹോവയെ സ്‌തുതിക്കട്ടെ

സഭ യഹോവയെ സ്‌തുതിക്കട്ടെ

‘“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്‌തുതിക്കും.”’​—⁠എബ്രായർ 2:12.

1, 2. സഭാക്രമീകരണം അത്യന്തം പ്രയോജനപ്രദമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, അതിന്റെ മുഖ്യധർമം എന്ത്‌?

ഉറ്റസഖിത്വവും സുരക്ഷിതത്വവും ആസ്വദിക്കാൻ കുടുംബക്രമീകരണം ചരിത്രത്തിലുടനീളം മനുഷ്യനു സഹായമായിരുന്നിട്ടുണ്ട്‌. എന്നിരുന്നാലും ഭൂവ്യാപകമായി അസംഖ്യമാളുകൾക്ക്‌ അതുല്യ സഖിത്വവും സുരക്ഷിതത്വവും സമ്മാനിക്കുന്ന മറ്റൊരു ക്രമീകരണത്തെക്കുറിച്ചു ബൈബിൾ പറയുന്നു. അതാണു ക്രിസ്‌തീയ സഭ. നിങ്ങൾ സ്‌നേഹവും ഐക്യവുമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാണെങ്കിലും അല്ലെങ്കിലും ആ സഭാക്രമീകരണത്തിലൂടെ ദൈവം സാധ്യമാക്കിയിരിക്കുന്ന കാര്യങ്ങൾ വിലമതിക്കാൻ നിങ്ങൾക്കാകും, വിലമതിക്കുകയും വേണം. നിങ്ങൾ ഇപ്പോൾത്തന്നെ യഹോവയുടെ സാക്ഷികളുടെ ഒരു സഭയോടൊത്തു കൂടിവന്നുകൊണ്ടിരിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾക്ക്‌ ആസ്വദിക്കാനാകുന്ന ഊഷ്‌മളമായ സൗഹൃദവും സുരക്ഷിതത്വബോധവും അനുപമമാണെന്നു സമ്മതിക്കില്ലേ?

2 സഭ കേവലമൊരു സാമൂഹികക്കൂട്ടമല്ല. സമാന പശ്ചാത്തലങ്ങളിലുള്ളവരോ ചില പ്രത്യേക വിനോദങ്ങളിലോ കളികളിലോ താത്‌പര്യമുള്ളവരോ കൂടിവരുന്ന ഒരു ക്ലബ്ബോ സമാജമോ അല്ല അത്‌. മറിച്ച്‌ മുഖ്യമായും യഹോവയാം ദൈവത്തിന്റെ സ്‌തുതിക്കായി ഏർപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു ക്രമീകരണമാണത്‌. പണ്ടുമുതലേ അത്‌ അങ്ങനെ ആയിരുന്നിട്ടുണ്ട്‌. ഈ വസ്‌തുതയ്‌ക്കു സങ്കീർത്തനപ്പുസ്‌തകം അടിവരയിടുന്നു. “ഞാൻ മഹാസഭയിൽ നിനക്കു സ്‌തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്‌തുതിക്കും” എന്ന്‌ സങ്കീർത്തനം 35:18 പറയുന്നു. സമാനമായി സങ്കീർത്തനം 107:31, 32 ഈ ആഹ്വാനം നൽകുന്നു: “അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്‌ത അത്ഭുതങ്ങളെ ചൊല്ലിയും സ്‌തുതിക്കട്ടെ. അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്‌ത്തുകയും . . . ചെയ്യട്ടെ.”

3. പൗലൊസിന്റെ വാക്കുകളിൽ സഭ എന്തു ധർമം നിറവേറ്റുന്നു?

3 “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയ”മെന്നു പറഞ്ഞപ്പോൾ ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസ്‌ സഭയുടെ മറ്റൊരു സുപ്രധാന ധർമം എടുത്തുകാട്ടി. (1 തിമൊഥെയൊസ്‌ 3:15) ഏതു സഭയെക്കുറിച്ചാണ്‌ അവൻ സംസാരിച്ചത്‌? ഏതർഥങ്ങളിൽ ബൈബിൾ “സഭ”യെന്ന പ്രയോഗം ഉപയോഗിക്കുന്നു? നമ്മുടെ ജീവിതത്തിലും ഭാവിപ്രത്യാശയിലും സഭ എങ്ങനെ പ്രഭാവംചെലുത്തുന്നു? ആദ്യംതന്നെ, “സഭ”യെന്ന പദം ദൈവവചനത്തിൽ ഏതു വിധങ്ങളിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കു നോക്കാം.

4. എബ്രായ തിരുവെഴുത്തുകളിൽ “സഭ”യെന്ന പദം ഒട്ടുമിക്കപ്പോഴും എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?

4 “സഭ” എന്നു മിക്കപ്പോഴും പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം “ഒന്നിച്ചുകൂട്ടുക” അല്ലെങ്കിൽ “വിളിച്ചുകൂട്ടുക” എന്ന്‌ അർഥംവരുന്ന ഒരു ക്രിയാരൂപത്തിൽനിന്നാണു വരുന്നത്‌. (ആവർത്തനപുസ്‌തകം 4:10; 9:10) സ്വർഗീയ ദൂതന്മാരുടെ സംഘത്തെ സങ്കീർത്തനക്കാരൻ “സഭ” എന്നു പരാമർശിക്കുകയുണ്ടായി. ദുഷ്ടമനുഷ്യരുടെ ഒരു കൂട്ടത്തെ കുറിക്കാനും അത്‌ ഉപയോഗിച്ചിട്ടുണ്ട്‌. (സങ്കീർത്തനം 26:​5, NW; 89:5-7) എന്നിരുന്നാലും എബ്രായ തിരുവെഴുത്തുകളിൽ ആ പ്രയോഗം ഒട്ടുമിക്കപ്പോഴും ഇസ്രായേല്യരോടുള്ള ബന്ധത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. യാക്കോബ്‌ “ജനതതികളുടെ ഒരു സഭയായിത്തീരും” എന്ന്‌ ദൈവം മുൻകൂട്ടിപ്പറഞ്ഞു, അതു സംഭവിക്കുകയും ചെയ്‌തു. (ഉല്‌പത്തി 28:​3; 35:11; 48:4; NW) ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്യർ “യഹോവയുടെ സഭ”യെന്നും “[സത്യ]ദൈവത്തിന്റെ സഭ”യെന്നും വിളിക്കപ്പെട്ടിരുന്നു.​—⁠സംഖ്യാപുസ്‌തകം 20:4; നെഹെമ്യാവു 13:1; യോശുവ 8:35; 1 ശമൂവേൽ 17:​47, NW; മീഖാ 2:⁠5.

5. “സഭ” എന്നു മിക്കപ്പോഴും പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ ഏതു ഗ്രീക്കുപദമാണ്‌, ഈ പദത്തിന്‌ എന്തിനെ അർഥമാക്കാനാകും?

5 “സഭ” എന്നതിനുള്ള ഗ്രീക്കുപദം എക്ലീസിയ ആണ്‌. രണ്ടു ഗ്രീക്കുപദങ്ങൾ ചേർന്നുണ്ടായ ഇതിന്റെ അർഥം “വിളിച്ചുകൂട്ടുക” എന്നാണ്‌. അതിന്‌ ലൗകിക കൂട്ടങ്ങളെ അർഥമാക്കാനാകും. ഉദാഹരണത്തിന്‌, എഫൊസൊസിൽവെച്ച്‌ ദെമേത്രിയൊസ്‌ പൗലൊസിനെതിരെ ഇളക്കിവിട്ട “ജനസംഘ”ത്തെ “സഭ”യെന്നു പരാമർശിച്ചിരിക്കുന്നു. (പ്രവൃത്തികൾ 19:32, 39, 41) എന്നിരുന്നാലും പൊതുവേ ക്രിസ്‌തീയ സഭയെ കുറിക്കാനാണു ബൈബിൾ അത്‌ ഉപയോഗിക്കുന്നത്‌. ചില ഭാഷാന്തരങ്ങൾ ഈ പദത്തെ “പള്ളി” എന്നു തർജമ ചെയ്‌തിരിക്കുന്നു. എന്നാൽ “ക്രിസ്‌ത്യാനികൾ ആരാധനയ്‌ക്കായി കൂടിവന്നിരുന്ന കെട്ടിടത്തെ [അത്‌] ഒരിക്കലും സൂചിപ്പിക്കുന്നില്ല” എന്ന്‌ ഇംപീരിയൽ ബൈബിൾ നിഘണ്ടു റിപ്പോർട്ടുചെയ്യുന്നു. എങ്കിലും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ “സഭ” എന്ന പദം കുറഞ്ഞത്‌ നാല്‌ അർഥങ്ങളിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്‌.

ദൈവത്തിന്റെ അഭിഷിക്ത സഭ

6. ദാവീദും യേശുവും സഭയിൽ എന്തു ചെയ്‌തു?

6 സങ്കീർത്തനം 22:​22-ലെ ദാവീദിന്റെ വാക്കുകൾ യേശുവിനു ബാധകമാക്കിക്കൊണ്ട്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: ‘“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്‌തുതിക്കും” . . . അവൻ [യേശു] കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്‌തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.’ (എബ്രായർ 2:12, 17) പുരാതന ഇസ്രായേൽസഭയുടെ മധ്യേ ദാവീദ്‌ ദൈവത്തെ സ്‌തുതിച്ചിരുന്നു. (സങ്കീർത്തനം 40:9) എന്നാൽ യേശു “സഭാമദ്ധ്യേ” ദൈവത്തെ സ്‌തുതിച്ചു എന്നു പറഞ്ഞപ്പോൾ ഏതു സഭയെയാണു പൗലൊസ്‌ പരാമർശിച്ചത്‌?

7. ഏതു പ്രാഥമിക അർഥത്തിലാണ്‌ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ “സഭ” എന്ന പദം ഉപയോഗിക്കുന്നത്‌?

7 എബ്രായർ 2:​12, 17-ലെ വാക്കുകൾ ശ്രദ്ധേയമാണ്‌. യേശു ആരോടു ദൈവനാമം പ്രഖ്യാപിച്ചുവോ ആ സഹോദരന്മാർ ഉൾപ്പെട്ട സഭയിൽ അവനും അംഗമായിരുന്നതായി ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ആരായിരുന്നു ആ സഹോദരന്മാർ? “അബ്രാഹാമിന്റെ സന്തതി”യുടെ ഭാഗവും “സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരാ”യവരുമായ ക്രിസ്‌തുവിന്റെ ആത്മാഭിഷിക്ത സഹോദരന്മാരാണവർ. (എബ്രായർ 2:16-3:1; മത്തായി 25:40) വ്യക്തമായും, ക്രിസ്‌തുവിന്റെ ആത്മാഭിഷിക്ത അനുഗാമികളുടെ സംയുക്ത സംഘം എന്ന പ്രാഥമിക അർഥത്തിലാണു ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ “സഭ” എന്ന പദം ഉപയോഗിക്കുന്നത്‌. ഈ 1,44,000 അഭിഷിക്തരാണ്‌ “സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭ.”​—⁠എബ്രായർ 12:⁠23.

8. ക്രിസ്‌തീയ സഭയുടെ ഉത്ഭവം യേശു മുൻകൂട്ടിപ്പറഞ്ഞത്‌ എങ്ങനെ?

8 ഈ ക്രിസ്‌തീയ “സഭ” ജനിക്കാനിരിക്കുകയായിരുന്നുവെന്നു യേശു സൂചിപ്പിച്ചു. തന്റെ മരണത്തിന്‌ ഏകദേശം ഒരു വർഷംമുമ്പ്‌ പത്രൊസിനോട്‌ അവൻ ഇങ്ങനെ പറഞ്ഞു. “നീ പത്രൊസ്‌ ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്തായി 16:18) മുൻകൂട്ടിപ്പറയപ്പെട്ട ആ പാറ യേശുവായിരുന്നുവെന്നു പത്രൊസും പൗലൊസും കൃത്യമായിത്തന്നെ മനസ്സിലാക്കിയിരുന്നു. ക്രിസ്‌തുവെന്ന ആ പാറമേൽ പണിയപ്പെടുന്ന ആത്മീയഗൃഹത്തിന്റെ “ജീവനുള്ള കല്ലു”കളായവർ, തങ്ങളെ വിളിച്ചവന്റെ “സൽഗുണങ്ങളെ ഘോഷി”ക്കുന്ന “സ്വന്തജന”മായിരിക്കുമായിരുന്നെന്നു പത്രൊസ്‌ എഴുതി.​—⁠1 പത്രൊസ്‌ 2:4-9; സങ്കീർത്തനം 118:22; യെശയ്യാവു 8:14; 1 കൊരിന്ത്യർ 10:1-4.

9. ദൈവത്തിന്റെ സഭ എപ്പോൾ രൂപപ്പെടാൻ തുടങ്ങി?

9 ഈ ‘സ്വന്തജനം’ ക്രിസ്‌തീയ സഭയായി രൂപപ്പെടാൻ തുടങ്ങിയത്‌ എപ്പോഴായിരുന്നു? യെരൂശലേമിൽ കൂടിവന്ന ശിഷ്യന്മാരുടെമേൽ ദൈവം പരിശുദ്ധാത്മാവിനെ പകർന്ന പൊതുയുഗം (പൊ.യു.) 33-ലെ പെന്തെക്കൊസ്‌തിലായിരുന്നു അത്‌. അന്നേദിവസം യഹൂദരും മതപരിവർത്തിതരും അടങ്ങിയ ഒരു ജനക്കൂട്ടത്തോടു പത്രൊസ്‌ വൈഭവത്തോടെ പ്രസംഗിച്ചു. യേശുവിന്റെ മരണത്തെക്കുറിച്ചുള്ള ഓർമിപ്പിക്കലുകൾ അനേകരുടെയും ഹൃദയത്തെ കുത്തിനോവിച്ചു. അവർ അനുതപിച്ചു സ്‌നാപനമേറ്റു. മൂവായിരംപേർ അപ്രകാരം ചെയ്‌തുവെന്ന്‌ ബൈബിൾ റിപ്പോർട്ടുചെയ്യുന്നു. അങ്ങനെ അവർ പുതിയ ദൈവസഭയുടെ ഭാഗമായിത്തീർന്നു, അതു വളർന്നുകൊണ്ടുമിരുന്നു. (പ്രവൃത്തികൾ 2:1-4, 14, 37-47) ജഡിക ഇസ്രായേൽ മേലാൽ ദൈവത്തിന്റെ സഭ അല്ലെന്ന സത്യം കൂടുതൽ യഹൂദന്മാരും മതപരിവർത്തിതരും തിരിച്ചറിഞ്ഞുകൊണ്ടിരുന്നതായിരുന്നു ആ വളർച്ചയ്‌ക്കു കാരണം. വ്യക്തമായും, ‘ദൈവത്തിന്റെ ആത്മീയ ഇസ്രായേലായ’ അഭിഷിക്ത ക്രിസ്‌ത്യാനികൾ അവന്റെ യഥാർഥ സഭയായിത്തീർന്നിരുന്നു.​—⁠ഗലാത്യർ 6:16; പ്രവൃത്തികൾ 20:⁠28.

10. യേശുവിനു ദൈവത്തിന്റെ സഭയുമായുള്ള ബന്ധമെന്ത്‌?

10 യേശുവിനെയും അഭിഷിക്തരെയും ബൈബിൾ മിക്കപ്പോഴും വേർതിരിച്ചു പരാമർശിക്കുന്നു. “ക്രിസ്‌തുവിനെയും സഭയെയും” എന്നു പറഞ്ഞിരിക്കുന്ന ഭാഗം അതിന്‌ ഉദാഹരണമാണ്‌. ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളുടെ ഈ സഭയുടെ തലയാണ്‌ യേശു. ദൈവം അവനെ “എല്ലാറ്റിനും മുകളിൽ . . . [അവന്റെ ശരീരമായ] സഭയ്‌ക്കു തലവനായി” നിയമിച്ചുവെന്ന്‌ പൗലൊസ്‌ എഴുതി. (എഫെസ്യർ 1:22, 23; 5:23, 32; പി.ഒ.സി. ബൈബിൾ; കൊലൊസ്സ്യർ 1:18, 24) ഈ സഭയിലെ അഭിഷിക്ത അംഗങ്ങളുടെ ചെറിയ ഒരു ശേഷിപ്പു മാത്രമേ ഇന്നു ഭൂമിയിലുള്ളൂ. എങ്കിലും ശിരസ്സായ യേശുക്രിസ്‌തു അവരെ സ്‌നേഹിക്കുന്നു എന്നു നമുക്ക്‌ ഉറപ്പുണ്ട്‌. ക്രിസ്‌തു ‘സഭയെ സ്‌നേഹിച്ച്‌’ “തന്നെത്താൻ അവൾക്കു വേണ്ടി ഏല്‌പിച്ചുകൊടുത്തു” എന്നു പറഞ്ഞുകൊണ്ട്‌ എഫെസ്യർ 5:​25, 27 ആ സ്‌നേഹത്തിന്‌ അടിവരയിടുന്നു. ഭൂമിയിലായിരിക്കെ താൻ ചെയ്‌തതുപോലെ, അവർ “ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്‌തോത്രയാഗം ഇടവിടാതെ അർപ്പിക്കു”ന്നുവെന്നതാണ്‌ യേശുവിന്റെ സ്‌നേഹത്തിനു കാരണം.—⁠എബ്രായർ 13:15.

“സഭ”​—⁠മറ്റ്‌ അർഥങ്ങളിൽ

11. ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ ഏതു ദ്വിതീയ അർഥത്തിൽ “സഭ”യെന്ന പദം ഉപയോഗിക്കുന്നു?

11 “ദൈവത്തിന്റെ സഭ”യാകുന്ന 1,44,000 അഭിഷിക്തരുടെ മുഴു സംഘത്തെയും അർഥമാക്കുന്നതിനു പകരം, കൂടുതൽ പരിമിതമായ ഒരു അർഥത്തിൽ ചിലപ്പോഴൊക്കെ ബൈബിൾ “സഭ”യെന്ന പദം ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ ക്രിസ്‌ത്യാനികളുടെ ഒരു കൂട്ടത്തിന്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ.” (1 കൊരിന്ത്യർ 10:32) വ്യക്തമായും, പുരാതന കൊരിന്തിലെ ഒരു ക്രിസ്‌ത്യാനിയുടെ പ്രവൃത്തി മോശമായിരുന്നെങ്കിൽ അതു ചിലരെയെല്ലാം ഇടറിച്ചേക്കുമായിരുന്നു. എന്നാൽ അന്നുമുതൽ ഇന്നുവരെയുള്ള യഹൂദർക്കോ യവനർക്കോ അഭിഷിക്തർക്കോ ഇടർച്ചയായിരിക്കാൻ അതിനു കഴിയുമായിരുന്നോ? ഒരിക്കലുമില്ല. അതിനാൽ ഈ വാക്യത്തിലെ “ദൈവസഭ”യെന്ന പ്രയോഗം ഒരു പ്രത്യേക കാലത്തു ജീവിച്ചിരുന്ന ക്രിസ്‌ത്യാനികൾക്കു ബാധകമാകുന്നതായി കാണപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, എവിടെ ജീവിക്കുന്നവരായാലും ഒരു നിശ്ചിത കാലത്തുള്ള എല്ലാ ക്രിസ്‌ത്യാനികളെയും അർഥമാക്കിക്കൊണ്ട്‌ ദൈവം ‘സഭയെ’ നയിക്കുകയോ പിന്തുണയ്‌ക്കുകയോ അനുഗ്രഹിക്കുകയോ ചെയ്യുന്നതായി നമുക്കു പറയാവുന്നതാണ്‌. അതുപോലെ ദൈവത്തിന്റെ ‘സഭയിൽ’ പ്രബലപ്പെട്ടിരിക്കുന്ന സന്തോഷത്തെയും സമാധാനത്തെയും കുറിച്ചു പറയുമ്പോൾ അതിന്‌ ഇന്നത്തെ മുഴു സഹോദരവർഗത്തെയും അർഥമാക്കാനാകും.

12. മൂന്നാമതൊരു അർഥത്തിൽ ബൈബിൾ “സഭ”യെന്ന പ്രയോഗം ഉപയോഗിക്കുന്നത്‌ എങ്ങനെ?

12 ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള എല്ലാ ക്രിസ്‌ത്യാനികളെയും പരാമർശിച്ചുകൊണ്ട്‌ മൂന്നാമതൊരു അർഥത്തിൽ ബൈബിൾ “സഭ”യെന്ന പ്രയോഗം ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ “യെഹൂദ്യ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി” എന്ന്‌ അതു പറയുന്നു. (പ്രവൃത്തികൾ 9:31) വിസ്‌തൃതമായ ആ പ്രദേശത്ത്‌ ഒന്നിലധികം ക്രിസ്‌തീയ കൂട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും യെഹൂദ്യയിലും ഗലീലയിലും ശമര്യയിലുമുള്ള എല്ലാ ക്രിസ്‌തീയ കൂട്ടങ്ങളെയും ഒന്നിച്ച്‌ “സഭ”യെന്നു വിശേഷിപ്പിച്ചിരിക്കുന്നു. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിലും തൊട്ടുപിന്നാലെയും നിരവധിപേർ സ്‌നാപനമേറ്റുവെന്നോർക്കുമ്പോൾ യെരൂശലേമിൽത്തന്നെ ഒന്നിലധികം കൂട്ടങ്ങൾ ക്രമമായി കൂടിവന്നിരിക്കാമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. (പ്രവൃത്തികൾ 2:41, 46, 47; 4:4; 6:1, 7) പൊ.യു. 44-ൽ മരണമടയുന്നതുവരെ ഹെരോദാവ്‌ അഗ്രിപ്പാ 1-ാമനായിരുന്നു യെഹൂദ്യ ഭരിച്ചിരുന്നത്‌. പൊ.യു. 50 ആയപ്പോഴേക്കെങ്കിലും അവിടെ പല സഭകളും സ്ഥാപിക്കപ്പെട്ടിരുന്നുവെന്ന്‌ 1 തെസ്സലൊനീക്യർ 2:​14 ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്‌ “ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പി”ച്ചതായി നാം വായിക്കുമ്പോൾ ഒന്നിലധികം സഭകൾ യെരൂശലേമിൽ ഉണ്ടായിരുന്നിരിക്കാമെന്നു കരുതാവുന്നതാണ്‌.​—⁠പ്രവൃത്തികൾ 12:⁠1.

13. നാലാമതായി ഏതു സാധാരണ അർഥത്തിൽ ബൈബിളിൽ “സഭ”യെന്ന പദം ഉപയോഗിച്ചിരിക്കുന്നു?

13 നാലാമതായി, കൂടുതൽ പരിമിതവും സാധാരണവുമായ ഒരു അർഥത്തിൽ​—⁠വീടുകളിലും മറ്റും കൂടിവന്നിരുന്ന, ഒരു പ്രാദേശിക സഭയിലെ ക്രിസ്‌ത്യാനികളെന്ന അർഥത്തിൽ​—⁠“സഭ”യെന്ന പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ‘ഗലാത്യസഭകളെ’ക്കുറിച്ചു പൗലൊസ്‌ പറയുകയുണ്ടായി. വിശാലമായ ആ റോമൻ പ്രവിശ്യയിൽ ഒന്നിലധികം സഭകൾ ഉണ്ടായിരുന്നു. ഗലാത്യയോടുള്ള ബന്ധത്തിൽ പൗലൊസ്‌ രണ്ടു സന്ദർഭങ്ങളിൽ ‘സഭകൾ’ എന്ന ബഹുവചനരൂപം ഉപയോഗിച്ചു. അവയിൽ അന്ത്യൊക്ക്യ, ദെർബ്ബ, ലുസ്‌ത്ര, ഇക്കോന്യ എന്നിവിടങ്ങളിലെ സഭകൾ ഉൾപ്പെടുമായിരുന്നു. ഈ പ്രാദേശിക സഭകളിൽ യോഗ്യരായ മൂപ്പന്മാർ അഥവാ മേൽവിചാരകന്മാർ നിയമിക്കപ്പെട്ടിരുന്നു. (1 കൊരിന്ത്യർ 16:1; ഗലാത്യർ 1:2; പ്രവൃത്തികൾ 14:19-23) തിരുവെഴുത്തുപരമായി ഇവയെല്ലാം “ദൈവസഭകൾ” ആയിരുന്നു.​—⁠1 കൊരിന്ത്യർ 11:16; 2 തെസ്സലൊനീക്യർ 1:⁠4.

14. ചില തിരുവെഴുത്തുകളിൽ “സഭ”യെന്ന പദം ഉപയോഗിക്കപ്പെട്ടിരിക്കുന്ന വിധത്തിൽനിന്നു നാം എന്തു മനസ്സിലാക്കുന്നു?

14 ചിലപ്പോഴൊക്കെ ക്രിസ്‌തീയ കൂട്ടങ്ങൾ ഒരു വീട്ടിൽ കൂടിവരാൻ കഴിയുന്നത്ര ചെറുത്‌ ആയിരുന്നിരിക്കാം. അപ്പോഴും അത്തരം ചില കൂട്ടങ്ങളെ “സഭ”യെന്നു വിളിച്ചിരുന്നു. അവയിൽ ചിലതാണ്‌ അക്വിലാവ്‌, പ്രിസ്‌ക എന്നിവരുടെയും നുംഫെയുടെയും ഫിലേമോന്റെയും വീടുകളിലെ സഭകൾ. (റോമർ 16:3-5; കൊലൊസ്സ്യർ 4:15; ഫിലേമോൻ 2) ഇന്നും ഒരുപക്ഷേ വീടുകളിൽ കൂടിവന്നുകൊണ്ടിരിക്കുന്ന തീരെ ചെറിയ സഭകൾക്കു പ്രോത്സാഹനം പകരുന്നതാണ്‌ ഈ വസ്‌തുത. ഒന്നാം നൂറ്റാണ്ടിലെ ഇത്തരം ചെറിയ സഭകളെ യഹോവ അംഗീകരിച്ചു, ഇന്നും അത്തരം സഭകളെ തന്റെ ആത്മാവിനാൽ അനുഗ്രഹിച്ചുകൊണ്ട്‌ അവൻ അംഗീകരിക്കുന്നു.

സഭകൾ യഹോവയെ സ്‌തുതിക്കുന്നു

15. ചില ആദിമ സഭകളിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം പ്രകടമായിരുന്നത്‌ എങ്ങനെ?

15 സങ്കീർത്തനം 22:​22-ന്റെ നിവൃത്തിയായി യേശു സഭാമധ്യേ ദൈവത്തെ സ്‌തുതിച്ചുവെന്നു നാം കണ്ടുകഴിഞ്ഞു. (എബ്രായർ 2:12) അവന്റെ വിശ്വസ്‌ത അനുഗാമികളും അങ്ങനെ ചെയ്യേണ്ടിയിരുന്നു. ദൈവപുത്രന്മാരും, തദ്വാരാ ക്രിസ്‌തുവിന്റെ സഹോദരന്മാരും ആയിത്തീരേണ്ടതിന്‌ സത്യക്രിസ്‌ത്യാനികൾ ഒന്നാം നൂറ്റാണ്ടിൽ ആത്മാഭിഷേകം ചെയ്യപ്പെട്ടപ്പോൾ അവരിൽ ചിലരിൽ ദൈവാത്മാവ്‌ ചില വിശേഷ വിധങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി. അവർക്ക്‌ ആത്മാവിന്റെ അത്ഭുതവരങ്ങൾ ലഭിച്ചു. രോഗശാന്തിവരം, പ്രവചനവരം, അന്യഭാഷാവരം, വിശേഷ ജ്ഞാനത്തോടും പരിജ്ഞാനത്തോടും കൂടെ സംസാരിക്കാനുള്ള കഴിവ്‌ എന്നിവ അവയിൽ ചിലതായിരുന്നു.​—⁠1 കൊരിന്ത്യർ 12:4-11.

16. അത്ഭുതവരങ്ങളുടെ ഒരു ലക്ഷ്യം എന്തായിരുന്നു?

16 അന്യഭാഷകളിൽ സംസാരിക്കുന്നതിനെക്കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “[ഞാൻ] ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.” (1 കൊരിന്ത്യർ 14:15) മറ്റുള്ളവർ താൻ പറയുന്നതു ഗ്രഹിക്കുകയും അങ്ങനെ പ്രബോധിപ്പിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അവൻ മനസ്സിലാക്കിയിരുന്നു. സഭയിൽ യഹോവയെ സ്‌തുതിക്കുക എന്നതായിരുന്നു പൗലൊസിന്റെ ലക്ഷ്യം. ആത്മാവിന്റെ വരങ്ങൾ ലഭിച്ചിരുന്ന മറ്റുള്ളവരെ അവൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “സഭയുടെ അഭ്യുദയത്തിനായി അവയിൽ വർധിച്ചു വരുവിൻ.” (NW) (1 കൊരിന്ത്യർ 14:4, 5, 12, 23) ആത്മീയ വരങ്ങൾ ലഭിച്ചിരുന്നവർ സഹവസിച്ചിരുന്ന പ്രാദേശിക സഭയെയാണു പൗലൊസ്‌ ഇവിടെ പരാമർശിച്ചത്‌. വ്യക്തമായും പ്രാദേശിക സഭകളുടെ കാര്യത്തിൽ അവനു താത്‌പര്യമുണ്ടായിരുന്നു, അവയോരോന്നിലും ദൈവത്തെ സ്‌തുതിക്കാൻ ക്രിസ്‌ത്യാനികൾക്ക്‌ അവസരമുണ്ടായിരിക്കുമെന്ന്‌ അവനറിയാമായിരുന്നു.

17. പ്രാദേശിക സഭകളോടുള്ള ബന്ധത്തിൽ ഏതു കാര്യം സംബന്ധിച്ചു നാം ഇന്ന്‌ ഉറപ്പുള്ളവരാണ്‌?

17 യഹോവ തുടർന്നും തന്റെ സഭയെ ഉപയോഗിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഇന്നു ഭൂമിയിലുള്ള അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സംയുക്ത സംഘത്തെ അവൻ അനുഗ്രഹിക്കുന്നു. ദൈവജനത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന സമൃദ്ധമായ ആത്മീയ ആഹാരം അതിനു തെളിവാണ്‌. (ലൂക്കൊസ്‌ 12:42) സാക്ഷികളുടെ സാർവദേശീയ സമൂഹത്തിന്മേലും അവൻ അനുഗ്രഹം വർഷിക്കുന്നു. വാക്കാലും പ്രവൃത്തിയാലും സ്രഷ്ടാവിനെ സ്‌തുതിക്കാൻ നമുക്ക്‌ ഇടമൊരുക്കുന്ന പ്രാദേശിക സഭകളും അവന്റെ അനുഗ്രഹം ആസ്വദിക്കുന്നു. അക്ഷരാർഥത്തിൽ സഭാമധ്യേ ആയിരിക്കാൻ കഴിയാത്ത മറ്റവസരങ്ങളിലും ദൈവത്തെ സ്‌തുതിക്കാൻ സഹായകമായ പ്രബോധനവും പരിശീലനവും പ്രാദേശിക സഭകളിൽ നമുക്കു ലഭിക്കുന്നു.

18, 19. ഏതു പ്രാദേശിക സഭയിലുമുള്ള അർപ്പിതരായ ക്രിസ്‌ത്യാനികളുടെ ആഗ്രഹം എന്താണ്‌?

18 മക്കെദോന്യെയിലെ ഫിലിപ്പ്യയിലുള്ള പ്രാദേശിക സഭയിലെ ക്രിസ്‌ത്യാനികൾക്കു പൗലൊസ്‌ നൽകിയ ഉദ്‌ബോധനം ഓർക്കുക. അവൻ എഴുതി: ‘ദൈവത്തിന്റെ മഹത്വത്തിനും പുകഴ്‌ചയ്‌ക്കുമായി നിങ്ങൾ യേശുക്രിസ്‌തുവിനാൽ നീതിഫലം നിറഞ്ഞവരായിത്തീരണം എന്നു ഞാൻ പ്രാർഥിക്കുന്നു.’ യേശുവിലുള്ള തങ്ങളുടെ വിശ്വാസത്തെക്കുറിച്ചും തങ്ങൾക്കുള്ള അത്ഭുതകരമായ പ്രത്യാശയെക്കുറിച്ചും അവർ പൊതുജനത്തോടു സംസാരിക്കുന്നത്‌ അതിൽ ഉൾപ്പെടുമായിരുന്നു. (ഫിലിപ്പിയർ 1:​9-11; 3:8-11) അതിനു ചേർച്ചയിൽ പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ‘[യേശു] മുഖാന്തരം നാം ദൈവത്തിനു അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്‌തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.’​—⁠എബ്രായർ 13:15.

19 യേശു ചെയ്‌തതുപോലെ “സഭാമദ്ധ്യേ” ദൈവത്തെ സ്‌തുതിക്കുന്നതും ഇതുവരെയും യഹോവയെ അറിയാനും സ്‌തുതിക്കാനും കഴിഞ്ഞിട്ടില്ലാത്തവരുടെ മുമ്പാകെ അവനെ സ്‌തുതിക്കുന്നതിൽ നിങ്ങളുടെ അധരങ്ങൾ ഉപയോഗിക്കുന്നതും നിങ്ങൾക്ക്‌ ആനന്ദദായകമായ ഒരു അനുഭവമാണോ? (എബ്രായർ 2:12; റോമർ 15:9-11) ഇതിനുള്ള നമ്മുടെ വ്യക്തിപരമായ ഉത്തരം ഒരു പരിധിവരെ, ദൈവോദ്ദേശ്യത്തിൽ പ്രാദേശിക സഭയ്‌ക്കുള്ള ധർമം സംബന്ധിച്ച നമ്മുടെ കാഴ്‌ചപ്പാടിനെ ആശ്രയിച്ചിരുന്നേക്കാം. യഹോവ പ്രാദേശിക സഭകളെ നയിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്‌ എങ്ങനെയാണെന്നും ആ ക്രമീകരണം നമ്മുടെ ജീവിതത്തിൽ എന്തു പങ്കുവഹിക്കാൻ പ്രതീക്ഷിക്കപ്പെടുന്നുവെന്നും അടുത്ത ലേഖനത്തിൽ പരിചിന്തിക്കാം.

നിങ്ങൾ ഓർമിക്കുന്നുവോ?

• അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സംഘമാകുന്ന “ദൈവത്തിന്റെ സഭ” എങ്ങനെ നിലവിൽ വന്നു?

• “സഭ”യെന്ന പദം കൂടുതലായ ഏതു മൂന്ന്‌ അർഥങ്ങളിൽ ബൈബിൾ ഉപയോഗിക്കുന്നു?

• സഭയോടുള്ള ബന്ധത്തിൽ എന്തു ചെയ്യാൻ ദാവീദും യേശുവും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളും ആഗ്രഹിച്ചു, അതു നമ്മെ എങ്ങനെ സ്വാധീനിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

യേശു ഏതു സഭയുടെ അടിസ്ഥാനമായിരുന്നു?

[23-ാം പേജിലെ ചിത്രം]

ക്രിസ്‌ത്യാനികളുടെ പ്രാദേശിക സംഘങ്ങൾ “ദൈവസഭകൾ” എന്ന നിലയിൽ കൂടിവന്നിരുന്നു

[24-ാം പേജിലെ ചിത്രം]

ബെനിനിലെ ക്രിസ്‌ത്യാനികളെപ്പോലെ മഹാസഭകളിൽ നാം യഹോവയെ സ്‌തുതിക്കുന്നു