വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വപ്‌നങ്ങൾ വീണുടയുമ്പോൾ

സ്വപ്‌നങ്ങൾ വീണുടയുമ്പോൾ

സ്വപ്‌നങ്ങൾ വീണുടയുമ്പോൾ

നിരാശ. ഏതൊരു ദാമ്പത്യത്തിലും അതു തലപൊക്കാം, വിവാഹത്തിനു മുമ്പ്‌ പൊരുത്തമുള്ളതെന്നു തോന്നുന്ന ഇണകളുടെ കാര്യത്തിൽപ്പോലും. പക്ഷേ വിവാഹം സ്വപ്‌നം കണ്ടുനടന്ന കാലത്ത്‌ ‘ഉത്തമപങ്കാളികൾ’ എന്നു കരുതിയിരുന്ന രണ്ടുപേർക്ക്‌ വിവാഹത്തിനുശേഷം എങ്ങനെ ഇത്ര മാറാൻ കഴിയും?

വിവാഹിതർക്ക്‌ “നിരവധി ക്ലേശങ്ങളെ നേരിടേണ്ടിവരു”മെന്ന്‌ ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 7:​28, ന്യൂ ഇന്ത്യ ബൈബിൾ ഭാഷാന്തരം) പലപ്പോഴും, മനുഷ്യന്റെ അപൂർണതയാണ്‌ ഒരു പരിധിവരെ പ്രശ്‌നങ്ങൾക്കു കാരണം. (റോമർ 3:23) മാത്രമല്ല, പങ്കാളികളിൽ ഒരാളോ അതോ രണ്ടു പേരുമോ ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതിൽ വീഴ്‌ച വരുത്തുന്നുമുണ്ടാകാം. (യെശയ്യാവു 48:17, 18) എന്നാൽ ചിലപ്പോഴൊക്കെ പുരുഷനോ സ്‌ത്രീയോ, അതിരുകടന്ന പ്രതീക്ഷകളോടെ ദാമ്പത്യത്തിലേക്കു കാലെടുത്തുവെക്കുന്നതായിരിക്കാം പ്രശ്‌നങ്ങൾക്കു തിരികൊളുത്തുന്നത്‌; അത്തരം കേസുകളിൽ ചെറിയ തെറ്റിദ്ധാരണകൾമതി വലിയ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ.

അതിരുകടന്ന പ്രതീക്ഷകൾ

നിങ്ങൾ ഒരു ഭാര്യയോ ഭർത്താവോ ആണെങ്കിൽ ഒരായിരം പ്രതീക്ഷകളോടെ ആയിരിക്കാം വിവാഹ ജീവിതത്തിലേക്കു പ്രവേശിച്ചത്‌; മിക്കവരുടെ കാര്യത്തിലും അതങ്ങനെയാണ്‌. നിങ്ങൾ സ്വപ്‌നം കണ്ട ആ ജീവിതത്തെക്കുറിച്ച്‌ അൽപ്പസമയം ചിന്തിക്കുക. വിവാഹം നിങ്ങളുടെ പ്രതീക്ഷകളെയെല്ലാം തകർത്തുടച്ചെന്നാണോ? അങ്ങനെയെങ്കിൽ ‘അതിനി ഒരുകാലത്തും നേരെയാകില്ല’ എന്നു വിധിയെഴുതാൻ വരട്ടെ. ബൈബിളിലെ തത്ത്വങ്ങൾ അനുസരിക്കുന്നത്‌ ‘കാര്യങ്ങൾ നേരെയാക്കാൻ’ (NW) നിങ്ങളെ സഹായിക്കും. * (2 തിമൊഥെയൊസ്‌ 3:​16, 17) വിവാഹജീവിതത്തെക്കുറിച്ചു നിങ്ങൾക്കുണ്ടായിരുന്ന ചില പ്രതീക്ഷകൾ ഇപ്പോൾ ഒന്നു പുനഃപരിശോധിച്ചാലോ?

ഉദാഹരണത്തിന്‌, നോവലുകളിലേതുപോലെ പ്രണയ മുഹൂർത്തങ്ങളുടെ ഒരു തീരാക്കഥയായിരിക്കും ദാമ്പത്യം എന്നു ചിന്തിച്ചിരുന്നു ചിലർ. അല്ലെങ്കിൽ ഒരുപക്ഷേ, ഇണപ്രാവുകളെപ്പോലെ എപ്പോഴും ഒരുമിച്ച്‌ ആയിരിക്കുന്നതോ അഭിപ്രായ വ്യത്യാസങ്ങളൊക്കെ പക്വതയോടെ പരിഹരിക്കുന്നതോ ഒക്കെ നിങ്ങൾ സ്വപ്‌നം കണ്ടിരിക്കാം. വിവാഹം കഴിയുന്നതോടെ, ലൈംഗികതയുടെ കാര്യത്തിൽ നിയന്ത്രണങ്ങളൊന്നും ആവശ്യമില്ല എന്നു ചിന്തിച്ചവരുടെ എണ്ണവും കുറവല്ല. ഇതുവരെ പറഞ്ഞ പ്രതീക്ഷകളൊക്കെ യാഥാർഥ്യത്തിൽനിന്നു കാതങ്ങൾ അകലെയാണ്‌; അതുകൊണ്ടുതന്നെ പലരെയും അതു നിരാശയിലേക്കു വലിച്ചിഴയ്‌ക്കും എന്നുറപ്പ്‌.​—⁠ഉല്‌പത്തി 3:16.

‘വിവാഹം കഴിച്ചാൽ മാത്രംമതി ജീവിതം സന്തോഷപൂർണമാകാൻ’ എന്നതാണ്‌ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ധാരണ. ജീവിതം പങ്കിടാൻ ഒരാളുണ്ടായിരിക്കുന്നത്‌ സന്തോഷം കൈവരുത്തുന്നു എന്നതു ശരിയാണ്‌. (സദൃശവാക്യങ്ങൾ 18:22; 31:10; സഭാപ്രസംഗി 4:9) എന്നാൽ അഭിപ്രായ വ്യത്യാസങ്ങൾ അലിയിച്ചുകളയുന്ന മന്ത്രമരുന്നാണു ദാമ്പത്യം എന്നു പ്രതീക്ഷിക്കാനാകുമോ? അങ്ങനെ ചിന്തിക്കുന്നവർ, തങ്ങൾക്കു തെറ്റുപറ്റി എന്ന ഞെട്ടിക്കുന്ന യാഥാർഥ്യം മനസ്സിലാക്കുന്നതു പെട്ടെന്നായിരിക്കും!

പറയാതെപോകുന്ന പ്രതീക്ഷകൾ

എല്ലാ പ്രതീക്ഷകളും അതിരുകടന്നതല്ല; ചില മോഹങ്ങൾ ന്യായംതന്നെയാണ്‌. എന്നാൽ ചില പ്രതീക്ഷകൾ പ്രശ്‌നങ്ങൾക്കു കാരണമായേക്കാം. “ദമ്പതികളിൽ ഒരാൾ ഒരു മോഹം പൂവണിയുന്നതും കാത്തിരിക്കുമ്പോൾ പങ്കാളിക്ക്‌ അതിനെക്കുറിച്ച്‌ യാതൊരറിവും ഇല്ലാതെപോകുന്നത്‌ അവരെ ദേഷ്യം പിടിപ്പിക്കുന്നുവെന്നത്‌ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്‌,” ഒരു വിവാഹ ഉപദേഷ്ടാവ്‌ പറയുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയാൻ പിൻവരുന്ന രംഗം ശ്രദ്ധിക്കുക.

രാജി രഞ്‌ജിത്തിനെ വിവാഹം കഴിക്കുന്നു. നൂറുകണക്കിനു കിലോമീറ്റർ അകലെയാണ്‌ രഞ്‌ജിത്തിന്റെ വീട്‌. പുതിയൊരു സ്ഥലത്തേക്കു മാറുന്നത്‌, സ്വതവേ നാണംകുണുങ്ങിയായ തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കുമെന്ന്‌ വിവാഹത്തിനു മുമ്പുതന്നെ രാജി മനസ്സിലാക്കുന്നു. എങ്കിലും രഞ്‌ജിത്ത്‌ സഹായിക്കുമെന്ന വിശ്വാസത്തിലാണ്‌ അവൾ. ഉദാഹരണത്തിന്‌, രഞ്‌ജിത്ത്‌ തന്റെ കൂടെത്തന്നെ കാണുമെന്നും അദ്ദേഹത്തിന്റെ കൂട്ടുകാരെയൊക്കെ പരിചയപ്പെടുത്തുമെന്നും രാജി കരുതുന്നു. എന്നാൽ അതുണ്ടായില്ല. കൂട്ടുകാരോടു സംസാരിക്കുന്നതിന്റെ തിരക്കിലാണു രഞ്‌ജിത്ത്‌; രാജിയാണെങ്കിൽ തികച്ചും പുതിയൊരു ചുറ്റുപാടിൽ തനിയെ. തീർത്തും ഒറ്റപ്പെട്ടതുപോലെ രാജിക്കു തോന്നുന്നു. ‘എന്നെ ഇത്രത്തോളം അവഗണിക്കാൻ രഞ്‌ജിത്തിന്‌ എങ്ങനെ കഴിയുന്നു?’ അവൾ ചിന്തിക്കുന്നു.

ഇവിടെ രാജിയുടെ പ്രതീക്ഷ അതിരുകടന്നതാണോ? അങ്ങനെ പറയാനാവില്ല. പുതിയ ചുറ്റുപാടുമായി ഒന്നിണങ്ങാൻ ഭർത്താവു സഹായിക്കണമെന്നേ അവൾ ആഗ്രഹിച്ചുള്ളൂ. നാണംകുണുങ്ങിയായ രാജിക്ക്‌ പരിചയമില്ലാത്ത ഒരുപാടുപേരെ ഒരുമിച്ചു കാണുമ്പോൾ പരിഭ്രമം തോന്നും. പക്ഷേ അവൾ ഒരിക്കൽപ്പോലും രഞ്‌ജിത്തിനോട്‌ അതേക്കുറിച്ചു പറഞ്ഞില്ല. അതുകൊണ്ടുതന്നെ രാജിയുടെ അവസ്ഥ സംബന്ധിച്ച്‌ രഞ്‌ജിത്തിന്‌ ഒന്നുംതന്നെ അറിയില്ല. ഈ സാഹചര്യം തുടരുന്നപക്ഷം എന്തു സംഭവിച്ചേക്കാം? സമയം കടന്നുപോകുന്നതോടെ, രാജിയുടെ നീരസം വളർന്ന്‌, ഭർത്താവ്‌ തന്റെ വികാരങ്ങൾക്ക്‌ തെല്ലും വില കൽപ്പിക്കുന്നില്ല എന്ന ചിന്തയിൽ അവൾ എത്തിച്ചേർന്നേക്കാം.

പങ്കാളി നിങ്ങളുടെ വികാരങ്ങൾ ഗൗനിക്കുന്നില്ലെന്നു തോന്നുമ്പോൾ നിങ്ങളും നിരാശയുടെയും വിഷാദത്തിന്റെയും പിടിയിലമർന്നിരിക്കാം. സാഹചര്യം അതാണെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

മനസ്സിലുള്ളതു തുറന്നുപറയുക

പ്രതീക്ഷകൾ സഫലമാകാതെ വരുന്നതു വേദനാകരമാണ്‌. (സദൃശവാക്യങ്ങൾ 13:12) അപ്പോൾപ്പോലും നിങ്ങൾക്കു ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്‌. “വിജ്ഞാനിയുടെ മനസ്സ്‌ അയാളുടെ ഭാഷ വിവേകമുള്ളതാക്കുന്നു, അയാളുടെ അധരങ്ങൾക്കു വശ്യശക്തി പ്രദാനം ചെയ്യുന്നു” എന്ന്‌ ബൈബിളിലെ ഒരു പഴമൊഴി പറയുന്നു. (സുഭാഷിതങ്ങൾ 16:​23, ഓശാന ബൈബിൾ) അതുകൊണ്ട്‌ സഫലമാകാതെപോകുന്ന നിങ്ങളുടെ പ്രതീക്ഷ ന്യായയുക്തമാണെന്നു തോന്നുന്നെങ്കിൽ പങ്കാളിയോട്‌ അതേക്കുറിച്ചു സംസാരിക്കുക.

നിങ്ങളുടെ സങ്കടങ്ങൾ പറയുന്നതിന്‌ പറ്റിയ സമയവും സാഹചര്യവും വാക്കുകളും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. (സദൃശവാക്യങ്ങൾ 25:11) ശാന്തത കൈവിടാതെ ആദരവോടെ സംസാരിക്കുക. നിങ്ങളുടെ ലക്ഷ്യം പങ്കാളിയെ കുറ്റപ്പെടുത്തുക എന്നതല്ല മറിച്ച്‌, നിങ്ങളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും കുറിച്ചു പങ്കാളിയോടു പറയുക എന്നതാണെന്ന കാര്യം മറക്കരുത്‌.​—⁠സദൃശവാക്യങ്ങൾ 15:⁠1.

നിങ്ങൾ അങ്ങനെ ചെയ്യേണ്ടതുണ്ടോ? നിങ്ങളെക്കുറിച്ചു ചിന്തയുള്ള ഒരു പങ്കാളിക്ക്‌ പറയാതെതന്നെ നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനാവില്ലേ? കൊള്ളാം, നിങ്ങളുടെ ഇണ കാര്യങ്ങളെ മറ്റൊരു തലത്തിൽനിന്ന്‌ കാണുക മാത്രമായിരിക്കാം ചെയ്യുന്നത്‌; നിങ്ങൾ മനസ്സു തുറന്നിരുന്നെങ്കിൽ മറ്റേയാൾ സന്തോഷത്തോടെ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കുമായിരുന്നു. നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തുറന്നു പറയേണ്ടിവരുന്നത്‌ ദാമ്പത്യം ഒരു പരാജയമാണെന്ന്‌ അർഥമാക്കുന്നില്ല; നിങ്ങളുടെ വികാരങ്ങൾക്കു യാതൊരു വിലയും കൽപ്പിക്കാത്ത ഒരാളെയാണു നിങ്ങൾക്കു കിട്ടിയിരിക്കുന്നത്‌ എന്നും അതിനർഥമില്ല.

അതുകൊണ്ട്‌ കാര്യങ്ങൾ ഇണയുമായി ചർച്ചചെയ്യാൻ മടിക്കേണ്ടതില്ല. ഉദാഹരണത്തിന്‌, മുമ്പു പറഞ്ഞ സാഹചര്യത്തിൽ രാജിക്ക്‌ രഞ്‌ജിത്തിനോട്‌ ഇങ്ങനെ പറയാമായിരുന്നു: “പരിചയമില്ലാത്ത ഒരുപാടുപേരെ കാണുമ്പോൾ എനിക്കെന്തോ വല്ലാത്ത പരിഭ്രമമാണ്‌. അതുകൊണ്ട്‌ ഇവിടവുമായി ഒന്നിണങ്ങുന്നതുവരെ എല്ലാവരെയും പരിചയപ്പെടാൻ എന്നെയൊന്നു സഹായിക്കാമോ?”

‘കേൾപ്പാൻ വേഗതയുള്ളവർ’

ഇനി സംഗതിയുടെ മറുവശം ചിന്തിക്കുക. ന്യായമായ ഒരു ആഗ്രഹം സഫലമാകാത്തതിന്റെ സങ്കടത്തിൽ പങ്കാളി നിങ്ങളുടെ അടുത്തു വന്നിരിക്കുകയാണെന്നു കരുതുക. അങ്ങനെയെങ്കിൽ, ഇണയ്‌ക്കു പറയാനുള്ളതു ശ്രദ്ധിച്ചുകേൾക്കുക! നിങ്ങളുടെ ഭാഗം ന്യായീകരിക്കാൻ നോക്കരുത്‌. പകരം, “കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ” ആയിരിക്കുക. (യാക്കോബ്‌ 1:19; സദൃശവാക്യങ്ങൾ 18:13) അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.”​—⁠1 കൊരിന്ത്യർ 10:24.

ഇണയുടെ സ്ഥാനത്ത്‌ സ്വയം ആക്കിവെച്ചുകൊണ്ട്‌ നിങ്ങൾക്ക്‌ ഇതു ചെയ്യാനാകും. ബൈബിൾ പറയുന്നു: “ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസി”ക്കുക. ജെ. ബി. ഫിലിപ്‌സ്‌ ഭാഷാന്തരം പറയുന്നതു ശ്രദ്ധിക്കുക: “ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യയെ മനസ്സിലാക്കാൻ ശ്രമിക്കുക.” (1 പത്രൊസ്‌ 3:7) ഭർത്താവിനോടുള്ള ബന്ധത്തിൽ ഭാര്യയും ഇതുതന്നെ ചെയ്യേണ്ടതാണ്‌.

നിങ്ങളും ഇണയും എത്രതന്നെ പൊരുത്തമുള്ളവർ ആണെങ്കിലും നിങ്ങൾ കാര്യങ്ങളെ വീക്ഷിക്കുന്നത്‌ എല്ലായ്‌പോഴും ഒരുപോലെയായിരിക്കില്ല. (“ഒരേ ദൃശ്യം, പല വീക്ഷണം” എന്ന ചതുരം കാണുക.) ശരിക്കും പറഞ്ഞാൽ, ഇതൊരു അനുഗ്രഹമാണ്‌; കാരണം കാര്യങ്ങൾ മറ്റൊരാളുടെ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നത്‌ എപ്പോഴും നല്ലതാണ്‌. നിങ്ങൾക്കും പങ്കാളിക്കും വിവാഹ ജീവിതത്തെക്കുറിച്ച്‌ സ്വന്തമായ സ്വപ്‌നങ്ങളുണ്ട്‌​—⁠കുടുംബപശ്ചാത്തലം, സംസ്‌കാരം എന്നിവയൊക്കെയായിരിക്കാം ഈ സ്വപ്‌നങ്ങളുടെ ശിൽപ്പികൾ. അതുകൊണ്ട്‌ പരസ്‌പരം ഉറ്റുസ്‌നേഹിക്കുമ്പോൾത്തന്നെ വ്യത്യസ്‌തങ്ങളായ ചില പ്രതീക്ഷകൾ വെച്ചുപുലർത്തുന്നതു സാധാരണമാണ്‌.

ഉദാഹരണത്തിന്‌, ബൈബിളിലെ ശിരഃസ്ഥാന തത്ത്വത്തെക്കുറിച്ച്‌ ക്രിസ്‌തീയ ദമ്പതികൾക്ക്‌ അറിയാമായിരിക്കും. (എഫെസ്യർ 5:22, 23) എന്നാൽ ശരിക്കും പറഞ്ഞാൽ, നിങ്ങളുടെ കുടുംബത്തിൽ ശിരഃസ്ഥാനം പ്രയോഗിക്കേണ്ടത്‌ എങ്ങനെയാണ്‌, കീഴ്‌പെടൽ എങ്ങനെ കാണിക്കണം? ഈ ബൈബിൾതത്ത്വമാണോ നിങ്ങളെ രണ്ടുപേരെയും വഴിനയിക്കുന്നത്‌, അതു പിൻപറ്റാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ?

ദൈനംദിന ജീവിതത്തിലെ മറ്റു സംഗതികളോടുള്ള ബന്ധത്തിലും നിങ്ങൾക്കു വ്യത്യസ്‌തമായ ധാരണകൾ ഉണ്ടായിരിക്കാം. ചില വീട്ടുജോലികൾ ആരു ചെയ്യണം? ബന്ധുക്കൾക്കായി എപ്പോൾ, എത്ര സമയം നീക്കിവെക്കണം? തങ്ങളുടെ ജീവിതത്തിൽ ആത്മീയ കാര്യങ്ങൾക്കാണ്‌ മുൻഗണന എന്നത്‌ ക്രിസ്‌തീയ ഇണകൾ എങ്ങനെ കാണിക്കും? (മത്തായി 6:33) പണത്തിന്റെ കാര്യം വരുമ്പോൾ, കടക്കെണിയിലാകാൻ എളുപ്പമാണ്‌; അതുകൊണ്ട്‌ പണം സൂക്ഷിച്ചു ചെലവാക്കേണ്ടതും സമ്പാദ്യശീലമുള്ളവരായിരിക്കേണ്ടതും പ്രധാനമാണ്‌. എന്നാൽ എന്താണതിന്റെ അർഥം? അത്തരം കാര്യങ്ങളെക്കുറിച്ച്‌ ആദരവോടെ തുറന്നു സംസാരിക്കേണ്ടത്‌ ആവശ്യമാണ്‌; അതു നിങ്ങളുടെ നന്മയിലേ കലാശിക്കൂ.

അത്തരം സംഭാഷണങ്ങൾ നിങ്ങളുടെ ദാമ്പത്യം പ്രശാന്തമാക്കും, നിങ്ങളുടെ ചില പ്രതീക്ഷകൾ പൂവണിയാതെ പോയിട്ടുണ്ടെങ്കിലും. അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന ഉപദേശം അനുസരിക്കാൻ നിങ്ങൾക്ക്‌ എളുപ്പമായിരിക്കും: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ.”​—⁠കൊലൊസ്സ്യർ 3:13.

[അടിക്കുറിപ്പ്‌]

^ ഖ. 5 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തിൽ ദമ്പതികൾക്കുള്ള ധാരാളം നല്ല നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്‌.

[10-ാം പേജിലെ ചതുരം/ചിത്രം]

ഒരേ ദൃശ്യം, പല വീക്ഷണം

“ഒരു സംഘം വിനോദയാത്രക്കാർ രമണീയമായ ഒരു പ്രകൃതിദൃശ്യം കാണുന്നതായി വിഭാവന ചെയ്യുക. മുഴുകൂട്ടവും ഒരേ ദൃശ്യമാണു കാണുന്നതെങ്കിലും ഓരോ വ്യക്തിയും അതു വ്യത്യസ്‌തമായി കാണുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ഓരോ വ്യക്തിക്കും അയാളുടേതായ ഒരു വ്യത്യസ്‌ത കാഴ്‌ചപ്പാടുണ്ട്‌. രണ്ടു വ്യക്തികൾ നിൽക്കുന്നതു കൃത്യമായി ഒരേ സ്ഥലത്തല്ല. കൂടാതെ, എല്ലാവരും ശ്രദ്ധകേന്ദ്രീകരിക്കുന്നതു ദൃശ്യത്തിന്റെ ഒരേ ഭാഗത്തുമല്ല. ഓരോ വ്യക്തിക്കും ഒരു വ്യത്യസ്‌ത വശം പ്രത്യേകിച്ച്‌ ആകർഷകമായി തോന്നുന്നു. വിവാഹബന്ധത്തിനുള്ളിലും ഇതേ സംഗതി സത്യമാണ്‌. അവർ വളരെ പൊരുത്തമുള്ളവരായാൽപ്പോലും രണ്ടു പങ്കാളികൾക്കു കാര്യങ്ങളെ സംബന്ധിച്ച്‌ ഒരേ കാഴ്‌ചപ്പാടു കൃത്യമായി ഉണ്ടായിരിക്കുന്നില്ല. . . . ആശയവിനിമയത്തിൽ ഒരു ഏക-ജഡ ബന്ധമായി ഈ ഭിന്നതകളെ കൂട്ടിക്കലർത്താനുള്ള ശ്രമം ഉൾപ്പെടുന്നു. ഇത്‌, സംസാരിക്കാൻ സമയമുണ്ടാക്കേണ്ടത്‌ ആവശ്യമാക്കിത്തീർക്കുന്നു.”​—⁠വീക്ഷാഗോപുരം, 1993 ആഗസ്റ്റ്‌ 1, പേജ്‌ 4.

[11-ാം പേജിലെ ചതുരം]

ഇപ്പോൾ നിങ്ങൾക്കു ചെയ്യാനാകുന്നത്‌

• നിങ്ങളുടെ പ്രതീക്ഷകൾ പുനഃപരിശോധിക്കുക. അവ യാഥാർഥ്യത്തിനു നിരക്കുന്നതാണോ? പങ്കാളിയിൽനിന്ന്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌ അതിരുകടന്നുപോകുന്നുവോ?​—⁠ഫിലിപ്പിയർ 2:⁠4; 4:​5, NW.

• പ്രതീക്ഷകൾ അതിരുകടന്നതാണെങ്കിൽ ആവശ്യമായ അഴിച്ചുപണി നടത്തുക. ഉദാഹരണത്തിന്‌, “നമ്മളൊരിക്കലും വിയോജിക്കില്ല” എന്നു പറയുന്നതിനുപകരം വിയോജിപ്പുകൾ ശാന്തമായി പരിഹരിക്കാൻ തീരുമാനമെടുക്കുക.​—⁠എഫെസ്യർ 4:32.

• നിങ്ങളുടെ പ്രതീക്ഷകളെക്കുറിച്ചു ചർച്ചചെയ്യുക. പരസ്‌പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പഠിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രധാനപടിയാണ്‌ മനസ്സുതുറന്നുള്ള സംസാരം.​—⁠എഫെസ്യർ 5:​32, 33.

[9-ാം പേജിലെ ചിത്രം]

പങ്കാളിയുടെ സങ്കടങ്ങൾ കേൾക്കുന്നതിൽ “വേഗത”യുള്ളവരായിരിക്കുക