വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനം നിങ്ങളുടെ ചുവടുകളെ നയിക്കട്ടെ

ദൈവവചനം നിങ്ങളുടെ ചുവടുകളെ നയിക്കട്ടെ

ദൈവവചനം നിങ്ങളുടെ ചുവടുകളെ നയിക്കട്ടെ

“നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.”​—⁠സങ്കീർത്തനം 119:105.

1, 2. യഥാർഥ സമാധാനവും സന്തോഷവും കണ്ടെത്താൻ മിക്ക മനുഷ്യർക്കും കഴിയാതെപോയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ആരോടെങ്കിലും വഴിചോദിക്കേണ്ടിവന്ന ഒരു സന്ദർഭം നിങ്ങൾക്ക്‌ ഓർമിക്കാനാകുമോ? ഒരുപക്ഷേ ഉദ്ദേശിച്ച സ്ഥലത്തിനടുത്ത്‌ എത്തിയപ്പോഴായിരിക്കാം തുടർന്നുള്ള വഴി സംബന്ധിച്ചു നിങ്ങൾക്കു നിശ്ചയമില്ലാതെപോയത്‌. അല്ലെങ്കിൽ നിങ്ങൾ സഞ്ചരിച്ചതത്രയും തെറ്റായ ഒരു ദിശയിലായിരുന്നിരിക്കാം, അതുകൊണ്ടുതന്നെ ലക്ഷ്യത്തിലെത്താൻ മറ്റൊരു വഴിയെ തിരിഞ്ഞുപോകേണ്ടതായി വന്നിട്ടുണ്ടായിരിക്കാം. എന്തായിരുന്നാലും സ്ഥലത്തെക്കുറിച്ചു നന്നായി അറിയാവുന്ന ഒരാളുടെ മാർഗനിർദേശം പിൻപറ്റുന്നതു ജ്ഞാനമായിരിക്കുമായിരുന്നില്ലേ? ലക്ഷ്യത്തിലെത്താൻ അങ്ങനെയൊരാൾക്കു നിങ്ങളെ സഹായിക്കാനാകുമായിരുന്നു.

2 പൊതുവിലുള്ള മനുഷ്യവർഗം ദൈവത്തിന്റെ മാർഗനിർദേശം കൂടാതെയുള്ള തങ്ങളുടെ യാത്ര ആരംഭിച്ചിട്ടു സഹസ്രാബ്ദങ്ങളായി. സ്വതന്ത്രമായ ആ യാത്രയിൽ പക്ഷേ, അപൂർണ മനുഷ്യർ വഴിമുട്ടിനിൽക്കുകയാണ്‌. യഥാർഥ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുന്ന പാത കണ്ടെത്താൻ അവർക്കാകുന്നില്ല എന്നതാണു സത്യം. എന്തുകൊണ്ട്‌? 2,500-ലധികം വർഷംമുമ്പ്‌ യിരെമ്യാ പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതു . . . സ്വാധീനമല്ല.” (യിരെമ്യാവു 10:23) വിദഗ്‌ധ സഹായം കൈക്കൊള്ളാതെ സ്വന്തം ചുവടുകൾ നയിക്കാൻ ശ്രമിക്കുന്നവരെല്ലാം നിരാശരായിത്തീരുമെന്നുള്ളത്‌ ഉറപ്പാണ്‌. മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ!

3. യഹോവയാം ദൈവം മനുഷ്യവർഗത്തിനു മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യനായിരിക്കുന്നത്‌ എന്തുകൊണ്ട്‌, അവൻ നമുക്ക്‌ എന്തു വാഗ്‌ദാനം ചെയ്യുന്നു?

3 അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു യഹോവയാം ദൈവത്തിനാണ്‌. എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ പ്രകൃതം മറ്റാരെക്കാളും മെച്ചമായി അറിയാവുന്നവൻ അവനാണ്‌. മനുഷ്യവർഗം ശരിയായ പാതയിൽനിന്നു വ്യതിചലിക്കുകയും അവർക്കു പൂർണമായും വഴിതെറ്റുകയും ചെയ്‌തത്‌ എങ്ങനെയെന്നും ശരിയായ പാതയിലേക്കു തിരിച്ചുവരാൻ അവർക്കെങ്ങനെ കഴിയുമെന്നും അവനറിയാം. കൂടാതെ, സ്രഷ്ടാവെന്ന നിലയിൽ എന്താണു നമുക്ക്‌ ഏറ്റവും പ്രയോജനം ചെയ്യുന്നതെന്ന്‌ എല്ലായ്‌പോഴും അവനറിയാം. (യെശയ്യാവു 48:17) അതുകൊണ്ട്‌ സങ്കീർത്തനം 32:​8-ലെ അവന്റെ പിൻവരുന്ന വാഗ്‌ദാനത്തിൽ നമുക്കു പൂർണമായി ആശ്രയിക്കാം: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” ഏറ്റവും മികച്ച മാർഗനിർദേശം യഹോവ നൽകുന്നുവെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഏതു വിധത്തിലാണ്‌ അവൻ നമ്മെ വഴിനയിക്കുന്നത്‌?

4, 5. ദൈവത്തിന്റെ അരുളപ്പാടുകൾക്കു നമ്മെ വഴിനയിക്കാനാകുന്നത്‌ എങ്ങനെ?

4 യഹോവയോടു പ്രാർഥിക്കവേ ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീർത്തനം 119:105) ബൈബിളിലാണു നാം ദൈവത്തിന്റെ മൊഴികളും ഓർമിപ്പിക്കലുകളും കാണുന്നത്‌; ജീവിതപാതയിൽ നാം അഭിമുഖീകരിച്ചേക്കാവുന്ന പ്രതിബന്ധങ്ങൾ തരണംചെയ്യാൻ അവയ്‌ക്കു നമ്മെ സഹായിക്കാനാകും. നാം ബൈബിൾ വായിക്കുകയും അതു നമ്മെ വഴിനയിക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ യെശയ്യാവു 30:​21-ൽ പറഞ്ഞിരിക്കുന്ന പിൻവരുന്ന വാക്കുകൾ നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ സത്യമായിത്തീരും: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.”

5 ദൈവവചനത്തിന്റെ രണ്ടു ധർമങ്ങളെക്കുറിച്ചു സങ്കീർത്തനം 119:105 പറയുന്നതു ശ്രദ്ധിക്കുക. ഒന്നാമതായി, അതു നമ്മുടെ കാലിനു ദീപമായി വർത്തിക്കുന്നു. അനുദിന പ്രശ്‌നങ്ങൾ നേരിടുമ്പോൾ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാനും ഈ ലോകത്തിന്റെ കെണികളും കുരുക്കുകളും ഒഴിവാക്കാനും നമ്മെ പ്രാപ്‌തരാക്കിക്കൊണ്ട്‌ നമ്മുടെ ചുവടുകളെ നയിക്കാൻ ബൈബിൾ തത്ത്വങ്ങൾക്കാകും. രണ്ടാമതായി, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള നമ്മുടെ പ്രത്യാശയ്‌ക്കു ചേർച്ചയിൽ തീരുമാനങ്ങളെടുക്കാൻ സഹായിച്ചുകൊണ്ട്‌ ദിവ്യ ഓർമിപ്പിക്കലുകൾ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു. മുമ്പിലുള്ള പാത തെളിഞ്ഞുകാണുമ്പോൾ, ഒരു പ്രവർത്തനഗതിയുടെ അനന്തരഫലം​—⁠അതു നല്ലതോ ചീത്തയോ ആയിരുന്നാലും​—⁠വിവേചിച്ചറിയാൻ നമുക്കു കഴിയും. (റോമർ 14:21; 1 തിമൊഥെയൊസ്‌ 6:9; വെളിപ്പാടു 22:12) ബൈബിളിൽ കാണപ്പെടുന്ന ദൈവിക അരുളപ്പാടുകൾക്കു നമ്മുടെ കാലിനു ദീപവും പാതയ്‌ക്കു പ്രകാശവുമായിരിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്നു കൂടുതൽ വിശദമായി നമുക്കു പരിശോധിക്കാം.

‘കാലിനു ദീപം’

6. ദൈവത്തിന്റെ അരുളപ്പാടുകൾക്ക്‌ ഏതു സാഹചര്യങ്ങളിൽ നമ്മുടെ കാലിനു ദീപമായിത്തീരാനാകും?

6 എല്ലാ ദിവസവും നാം തീരുമാനങ്ങളെടുക്കുന്നു; അവയിൽ ചിലതെല്ലാം താരതമ്യേന നിസ്സാരങ്ങളായി കാണപ്പെട്ടേക്കാം. എന്നാൽ നമ്മുടെ സദാചാരനിഷ്‌ഠയോ സത്യസന്ധതയോ നിഷ്‌പക്ഷ നിലപാടോ പരിശോധനാവിധേയമാകുന്ന സാഹചര്യങ്ങൾ ചിലപ്പോഴൊക്കെ നാം നേരിട്ടേക്കാം. അത്തരം സന്ദർഭങ്ങളിൽ വിജയംവരിക്കാൻ നാം “നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി”രിക്കേണ്ടതുണ്ട്‌. (എബ്രായർ 5:14) ദൈവവചനത്തിന്റെ സൂക്ഷ്‌മപരിജ്ഞാനം നേടിക്കൊണ്ടും അതിലെ തത്ത്വങ്ങൾ നന്നായി ഗ്രഹിച്ചുകൊണ്ടും യഹോവയ്‌ക്കു പ്രസാദകരമായ തീരുമാനങ്ങളെടുക്കാൻ മനസ്സാക്ഷിയെ അഭ്യസിപ്പിക്കാൻ നമുക്കാകും.​—⁠സദൃശവാക്യങ്ങൾ 3:21.

7. സഹവിശ്വാസികളല്ലാത്ത സഹപ്രവർത്തകരുമായി സഹവസിക്കാൻ ഒരു ക്രിസ്‌ത്യാനിക്ക്‌ ആഗ്രഹം തോന്നിയേക്കാവുന്ന ഒരു സാഹചര്യം വിവരിക്കുക.

7 ഒരു ഉദാഹരണം പരിചിന്തിക്കുക. നിങ്ങൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന ഒരു വ്യക്തിയാണോ? (സദൃശവാക്യങ്ങൾ 27:11) ആണെങ്കിൽ അത്‌ അഭിനന്ദനാർഹമാണ്‌. എന്നാൽ സഹപ്രവർത്തകരിൽ ചിലർ ഒരു വിനോദപരിപാടിക്കുള്ള ടിക്കറ്റു നൽകിക്കൊണ്ട്‌ അതു കാണാൻ പോകുന്നതിനു നിങ്ങളെ ക്ഷണിക്കുന്നുവെന്നു കരുതുക. നിങ്ങളോടൊപ്പം ജോലി ചെയ്യുന്നത്‌ അവർക്കിഷ്ടമാണ്‌, എന്നാൽ ഇപ്പോൾ മറ്റവസരങ്ങളിലും നിങ്ങളൊരുമിച്ചു സമയം ചെലവഴിക്കാൻ അവർ ആഗ്രഹിക്കുന്നു. അവർ മോശക്കാരൊന്നുമല്ലെന്നു നിങ്ങൾക്കു നല്ല ബോധ്യമുണ്ടായിരുന്നേക്കാം. ജീവിതത്തിന്റെ ചില മണ്ഡലങ്ങളിൽ നല്ല തത്ത്വങ്ങൾ ബാധകമാക്കുന്നവർപോലുമായിരുന്നേക്കാം അവർ. നിങ്ങൾ എന്തു ചെയ്യും? അവരോടുടെകൂടെ പോകുന്നത്‌ ഏതെങ്കിലും വിധത്തിൽ നിങ്ങൾക്കു ദോഷംചെയ്യുമോ? ഇക്കാര്യത്തിൽ ശരിയായ തീരുമാനമെടുക്കാൻ ദൈവവചനത്തിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകും?

8. സഹവാസത്തോടുള്ള ബന്ധത്തിൽ കാര്യങ്ങൾ തൂക്കിനോക്കാൻ ഏതു തിരുവെഴുത്തു തത്ത്വങ്ങൾ നമ്മെ സഹായിക്കുന്നു?

8 ഏതാനും തിരുവെഴുത്തു തത്ത്വങ്ങൾ പരിചിന്തിക്കുക. “ദുഷിച്ച കൂട്ടുകെട്ടു സദ്‌സ്വഭാവത്തെ ദുഷിപ്പിക്കുന്നു” എന്ന തത്ത്വം ഒന്നാമതു നമ്മുടെ ഓർമയിൽ ഓടിയെത്തിയേക്കാം. (1 കൊരിന്ത്യർ 15:​33, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഈ തത്ത്വത്തിനു ചേർച്ചയിൽ ജീവിക്കാൻ, സഹവിശ്വാസികളല്ലാത്തവരെ നാം പൂർണമായും ഒഴിവാക്കേണ്ടതുണ്ടോ? ഇല്ല എന്നതാണു തിരുവെഴുത്തുകൾ നൽകുന്ന ഉത്തരം. പൗലൊസ്‌ അപ്പൊസ്‌തലൻതന്നെയും, അവിശ്വാസികൾ ഉൾപ്പെടെ “എല്ലാത്തരം ആളുകളോടും” സ്‌നേഹപുരസ്സരമായ പരിഗണന കാണിക്കുകയുണ്ടായില്ലേ? (1 കൊരിന്ത്യർ 9:​22, NW) നമ്മുടെ വിശ്വാസങ്ങൾ പങ്കുവെക്കാത്തവർ ഉൾപ്പെടെയുള്ള മറ്റാളുകളുടെ കാര്യത്തിലും നാം തത്‌പരരായിരിക്കേണ്ടതുണ്ട്‌, ക്രിസ്‌ത്യാനിത്വത്തിന്റെ അന്തഃസത്തതന്നെ അങ്ങനെ ചെയ്യേണ്ടത്‌ ആവശ്യമാക്കിത്തീർക്കുന്നു. (റോമർ 10:13-15) നമ്മുടെ സഹായം ആവശ്യമായിരുന്നേക്കാവുന്ന ആളുകളിൽനിന്നു നാം നമ്മെത്തന്നെ ഒറ്റപ്പെടുത്തിയാൽ “എല്ലാവർക്കും . . . നന്മചെയ്‌ക” എന്ന ബുദ്ധിയുപദേശം പിൻപറ്റാൻ നമുക്ക്‌ എങ്ങനെ കഴിയും?​—⁠ഗലാത്യർ 6:10.

9. സഹപ്രവർത്തകരുമായുള്ള നമ്മുടെ ബന്ധത്തിൽ സമനിലയുള്ളവരായിരിക്കാൻ ഏതു ബൈബിൾ ബുദ്ധിയുപദേശം നമ്മെ സഹായിക്കുന്നു?

9 എന്നിരുന്നാലും ഒരു സഹപ്രവർത്തകനോടു സൗഹാർദപൂർവം ഇടപെടുന്നതും അദ്ദേഹത്തിന്റെ ഉറ്റസഹചാരി ആയിരിക്കുന്നതും തമ്മിൽ വ്യക്തമായ അന്തരമുണ്ട്‌. ഇവിടെയാണു മറ്റൊരു തിരുവെഴുത്തു തത്ത്വം പ്രസക്തമായിത്തീരുന്നത്‌. ക്രിസ്‌ത്യാനികളെ പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുത്‌.” (2 കൊരിന്ത്യർ 6:14) എന്താണ്‌ “ഇണയല്ലാപ്പിണ കൂടരുത്‌” എന്നതിന്റെ അർഥം? ചില ഭാഷാന്തരങ്ങൾ ആ വാക്കുകളെ “കൂട്ടുചേരരുത്‌,” “സമന്മാരെന്നവണ്ണം ഒരുമിച്ചു പ്രവർത്തിക്കാൻ ശ്രമിക്കരുത്‌,” “ചേർച്ചയില്ലാത്ത പങ്കാളിത്തം അരുത്‌” എന്നെല്ലാം പരിഭാഷപ്പെടുത്തുന്നു. ഏതു ഘട്ടത്തിലാണ്‌ ഒരു സഹപ്രവർത്തകനുമായുള്ള ബന്ധം അനുചിതമായിത്തീരുന്നത്‌? എപ്പോഴാണ്‌ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട്‌ അതൊരു ഇണയല്ലാപ്പിണയായിത്തീരുന്നത്‌? ഇത്തരമൊരു സാഹചര്യത്തിൽ ദൈവവചനമായ ബൈബിളിനു നിങ്ങളുടെ ചുവടുകളെ നയിക്കാനാകും.

10. (എ) യേശു സ്‌നേഹിതരെ തിരഞ്ഞെടുത്തത്‌ എങ്ങനെ? (ബി) സഹവാസത്തിന്റെ കാര്യത്തിൽ ജ്ഞാനത്തോടെ തീരുമാനമെടുക്കാൻ ഏതു ചോദ്യങ്ങൾ നമ്മെ സഹായിക്കും?

10 മനുഷ്യൻ സൃഷ്ടിക്കപ്പെട്ട നാൾമുതൽക്കേ അവനെ സ്‌നേഹിച്ച യേശുവിന്റെ ദൃഷ്ടാന്തം നോക്കുക. (സദൃശവാക്യങ്ങൾ 8:31) ഭൂമിയിലായിരിക്കെ തന്റെ അനുഗാമികളുമായി അവൻ ഒരു ഉറ്റബന്ധം വളർത്തിയെടുത്തു. (യോഹന്നാൻ 13:1) യേശുവിന്റെ ശിഷ്യനായിത്തീരുന്നതിന്റെ ശ്രേഷ്‌ഠത തിരിച്ചറിയാതിരുന്ന ഒരു വ്യക്തിയോടുപോലും അവനു സ്‌നേഹം തോന്നുകയുണ്ടായി. (മർക്കൊസ്‌ 10:17-22) എന്നാൽ ഉറ്റസ്‌നേഹിതരായി ആരെ തിരഞ്ഞെടുക്കുന്നുവെന്ന കാര്യത്തിൽ അവനു വ്യക്തമായ നിഷ്‌കർഷകളുണ്ടായിരുന്നു. തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യാൻ ആത്മാർഥ ആഗ്രഹമില്ലാതിരുന്നവരുമായി അവൻ അടുത്തിടപഴകിയിരുന്നില്ല. ഒരിക്കൽ അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോടു കല്‌പിക്കുന്നതു ചെയ്‌താൽ നിങ്ങൾ എന്റെ സ്‌നേഹിതന്മാർ തന്നേ.” (യോഹന്നാൻ 15:14) സഹപ്രവർത്തകരിൽ ഒരാളുമായി നിങ്ങൾക്കു നന്നായി ഒത്തുപോകാൻ കഴിയുന്നുണ്ടായിരിക്കാം. എന്നാൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘യേശു അനുശാസിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ആ വ്യക്തിക്കു മനസ്സുണ്ടോ? നാം ആരെ ആരാധിക്കണമെന്ന്‌ യേശു കൽപ്പിച്ചുവോ ആ ദൈവമായ യഹോവയെക്കുറിച്ചു പഠിക്കാൻ അദ്ദേഹത്തിന്‌ അല്ലെങ്കിൽ അവർക്ക്‌ ആഗ്രഹമുണ്ടോ? ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ എനിക്കുള്ള ഉന്നത ധാർമിക നിലവാരങ്ങൾ ആ വ്യക്തിക്കുണ്ടോ?’ (മത്തായി 4:10) ബൈബിൾ നിലവാരങ്ങളിൽ വിട്ടുവീഴ്‌ച വരുത്തുകയില്ലെന്ന്‌ ഊന്നിപ്പറഞ്ഞുകൊണ്ട്‌ സഹപ്രവർത്തകരോടു സംസാരിക്കുന്നപക്ഷം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം വ്യക്തമായിത്തീരും.

11. ദൈവത്തിന്റെ അരുളപ്പാടുകൾ നമ്മുടെ ചുവടുകളെ നയിക്കേണ്ടതായിട്ടുള്ള ചില സന്ദർഭങ്ങൾ പരാമർശിക്കുക.

11 ദൈവത്തിന്റെ അരുളപ്പാടുകൾക്കു നമ്മുടെ കാലിനു ദീപമായിരിക്കാൻ കഴിയുന്ന മറ്റനേകം സാഹചര്യങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ തൊഴിലില്ലാതെ വലയുന്ന ഒരു ക്രിസ്‌ത്യാനിക്ക്‌ ഒരു തൊഴിലവസരം തുറന്നുകിട്ടുന്നു. എന്നാൽ പ്രസ്‌തുത ജോലി അദ്ദേഹത്തെ തിരക്കിലാക്കുന്നതും ക്ഷീണിപ്പിക്കുന്നതുമാണ്‌. അതു സ്വീകരിക്കുന്നപക്ഷം പലപ്പോഴും ക്രിസ്‌തീയ യോഗങ്ങൾ മുടക്കേണ്ടതായിവരും, സത്യാരാധനയോടു ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അദ്ദേഹത്തിനു കഴിയാതെവരും. (സങ്കീർത്തനം 37:25) ഇനി, ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമായ വിനോദപരിപാടികൾ വീക്ഷിക്കാൻ മറ്റൊരു ക്രിസ്‌ത്യാനിക്കു ശക്തമായ പ്രേരണ തോന്നിയേക്കാം. (എഫെസ്യർ 4:17-19) വേറൊരാളാകട്ടെ, സഹവിശ്വാസികളുടെ അപൂർണതകൾ നിമിത്തം എളുപ്പത്തിൽ ബാധിക്കപ്പെടുന്ന പ്രകൃതക്കാരനായിരുന്നേക്കാം. (കൊലൊസ്സ്യർ 3:13) ഇത്തരം സാഹചര്യങ്ങളിലെല്ലാം ദൈവവചനം നമ്മുടെ കാലിനു ദീപമായിരിക്കാൻ നാം അനുവദിക്കണം. യഥാർഥത്തിൽ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതിലൂടെ ജീവിതത്തിലെ ഏതൊരു വെല്ലുവിളിയും വിജയകരമായി നേരിടാൻ നമുക്കാകും. “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ള”താണു ദൈവവചനം.​—⁠2 തിമൊഥെയൊസ്‌ 3:16, 17.

‘പാതയ്‌ക്കു പ്രകാശം’

12. ദൈവത്തിന്റെ അരുളപ്പാടുകൾ നമ്മുടെ പാതയ്‌ക്കു പ്രകാശമായിരിക്കുന്നത്‌ എങ്ങനെ?

12 മുമ്പോട്ടുള്ള വഴിയിൽ വെളിച്ചം വീശിക്കൊണ്ട്‌ നമ്മുടെ പാതയ്‌ക്കു പ്രകാശമായിരിക്കാനും ദൈവത്തിന്റെ അരുളപ്പാടുകൾക്കു കഴിയുമെന്ന്‌ സങ്കീർത്തനം 119:105 പറയുന്നു. ഭാവി സംബന്ധിച്ചു നാം അജ്ഞതയിലോ അന്ധകാരത്തിലോ അല്ല; ദുഃഖാർദ്രമായ ലോകസംഭവങ്ങളുടെ അർഥം എന്താണെന്നും ഒടുവിൽ എന്തു സംഭവിക്കുമെന്നും ബൈബിൾ നമുക്കു കാണിച്ചുതരുന്നു. നാം ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണു ജീവിക്കുന്നതെന്നു നമുക്കറിയാം. (2 തിമൊഥെയൊസ്‌ 3:1-5) സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ്‌ ഇപ്പോൾ നമ്മുടെ ജീവിതത്തെ ആഴമായി സ്വാധീനിക്കേണ്ടതുണ്ട്‌. പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെയെഴുതി: “ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ . . . ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.”​—⁠2 പത്രൊസ്‌ 3:11, 12.

13. കാലത്തിന്റെ അടിയന്തിരത നമ്മുടെ ചിന്തയിലും ജീവിതരീതിയിലും എന്തു സ്വാധീനം ചെലുത്തണം?

13 “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു”വെന്ന ഉറച്ചബോധ്യം നമ്മുടെ ചിന്തയിലും ജീവിതരീതിയിലും പ്രതിബിംബിക്കേണ്ടതുണ്ട്‌. (1 യോഹന്നാൻ 2:17) ജീവിതലാക്കുകളോടുള്ള ബന്ധത്തിൽ ജ്ഞാനപൂർവം തീരുമാനമെടുക്കാൻ ബൈബിളിന്റെ മാർഗനിർദേശങ്ങൾ നമ്മെ സഹായിക്കും. ഉദാഹരണത്തിന്‌ യേശു ഇങ്ങനെ പറഞ്ഞു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:33) മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട്‌ യേശുവിന്റെ ആ വാക്കുകളിൽ വിശ്വാസമർപ്പിക്കുന്ന അനേകം ഇളമുറക്കാരുടെ മാതൃക എത്ര പ്രശംസനീയമാണ്‌! മറ്റു ചിലരാകട്ടെ രാജ്യഘോഷകരുടെ അടിയന്തിര ആവശ്യമുള്ള ദേശങ്ങളിലേക്കു​—⁠ചിലപ്പോഴൊക്കെ കുടുംബസമേതം​—⁠സ്വമേധയാ മാറിത്താമസിച്ചിരിക്കുന്നു.

14. ഒരു ക്രിസ്‌തീയ കുടുംബം തങ്ങളുടെ ശുശ്രൂഷയുടെ വ്യാപ്‌തി വർധിപ്പിച്ചത്‌ എങ്ങനെ?

14 മാതാപിതാക്കളും പുത്രനും പുത്രിയുമടങ്ങിയ ഒരു ക്രിസ്‌തീയ കുടുംബത്തിന്റെ ദൃഷ്ടാന്തം നോക്കുക. 50,000 നിവാസികളുള്ള ഒരു പട്ടണത്തിലെ സഭയോടൊത്തു സേവിക്കാൻ അവർ ഐക്യനാടുകളിൽനിന്നു ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കു താമസംമാറ്റി. ആ സഭയിൽ 130-ഓളം രാജ്യപ്രസാധകരാണുള്ളത്‌. എന്നാൽ 2006 ഏപ്രിൽ 12-ന്‌ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിൽ സംബന്ധിക്കാൻ കൂടിവന്നത്‌ ഉദ്ദേശം 1,300 പേരായിരുന്നു! ആ പ്രദേശത്ത്‌ വയൽ ശരിക്കും “കൊയ്‌ത്തിന്നു വെളുത്തിരിക്കു”കയാണ്‌. (യോഹന്നാൻ 4:35) ആ നാൽവർ കുടുംബം വെറും 5 മാസത്തിനുശേഷം മൊത്തം 30 ബൈബിളധ്യയനങ്ങൾ നടത്താൻ തുടങ്ങിയിരുന്നുവെന്നത്‌ ഇതിനു തെളിവാണ്‌. പിതാവ്‌ ഇങ്ങനെ പറയുന്നു: “സഹായഹസ്‌തവുമായി എത്തിയിട്ടുള്ള 30 സഹോദരീസഹോദരന്മാർ ഈ സഭയിലുണ്ട്‌. 20-ഓളം പേർ ഐക്യനാടുകളിൽനിന്നും ശേഷമുള്ളവർ ഇറ്റലി, കാനഡ, ന്യൂസിലൻഡ്‌, ബഹാമാസ്‌, സ്‌പെയിൻ എന്നിവിടങ്ങളിൽനിന്നും ഉള്ളവരാണ്‌. ശുശ്രൂഷയിൽ ഏർപ്പെടാൻ അത്യുത്സാഹത്തോടെ എത്തിയിരിക്കുന്ന അവർ സ്ഥലത്തെ സഹോദരങ്ങളുടെ ആവേശം ആളിക്കത്തിച്ചിരിക്കുന്നു.”

15. രാജ്യതാത്‌പര്യങ്ങൾക്കു ജീവിതത്തിൽ ഒന്നാംസ്ഥാനം നൽകിയതു നിമിത്തം നിങ്ങൾ എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിച്ചിരിക്കുന്നു?

15 ആവശ്യം കൂടുതലുള്ള മറ്റൊരു നാട്ടിലേക്കു മാറിത്താമസിക്കാൻ അനേകർക്കും കഴിയില്ലെന്നതു സത്യംതന്നെ. എന്നാൽ അതിനു കഴിയുന്നവർക്ക്‌​—⁠അല്ലെങ്കിൽ തങ്ങളുടെ സാഹചര്യങ്ങളിൽ പൊരുത്തപ്പെടുത്തൽ വരുത്തിക്കൊണ്ട്‌ ഇനിയാണെങ്കിലും അതിനായി മുന്നോട്ടുവരാൻ സാധിക്കുന്നവർക്ക്‌​—⁠ഈ വിധത്തിൽ ശുശ്രൂഷയിൽ ഏർപ്പെടുന്നതിന്റെ എണ്ണമറ്റ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകുമെന്നതിനു സംശയമില്ല. എവിടെയായിരുന്നാലും, പൂർണശക്തിയോടെ യഹോവയെ സേവിക്കുന്നതിന്റെ സന്തോഷം നഷ്ടമാകാൻ അനുവദിക്കാതിരിക്കുക. രാജ്യതാത്‌പര്യങ്ങൾക്കു ജീവിതത്തിൽ ഒന്നാംസ്ഥാനം നൽകിയാൽ “സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരു”മെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്യുന്നു.​—⁠മലാഖി 3:10.

യഹോവയുടെ മാർഗനിർദേശം പ്രയോജനപ്പെടുത്തുക

16. ദൈവത്തിന്റെ അരുളപ്പാടുകൾ നമ്മെ വഴിനയിക്കാൻ അനുവദിക്കുന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

16 നാം കണ്ടുകഴിഞ്ഞതുപോലെ, രണ്ടു വിധങ്ങളിൽ യഹോവയുടെ അരുളപ്പാടുകൾ നമ്മെ വഴിനയിക്കുന്നു. ശരിയായ ദിശയിൽ മുന്നോട്ടു നീങ്ങാൻ നമ്മെ സഹായിക്കുകയും തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ മാർഗനിർദേശം നൽകുകയും ചെയ്‌തുകൊണ്ട്‌ അവ നമ്മുടെ കാലിനു ദീപമായി വർത്തിക്കുന്നു. ജീവിതവഴിയിൽ നമ്മെ കാത്തിരിക്കുന്ന കാര്യങ്ങൾ വ്യക്തമായിക്കാണാൻ സഹായിച്ചുകൊണ്ട്‌ അവ നമ്മുടെ പാതയിൽ പ്രകാശം ചൊരിയുകയും ചെയ്യുന്നു. പത്രൊസിന്റെ പിൻവരുന്ന ഉദ്‌ബോധനം പിൻപറ്റാൻ അതു നമ്മെ സഹായിക്കുന്നു: “നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്‌തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.”​—⁠1 പത്രൊസ്‌ 1:13.

17. ദൈവിക മാർഗനിർദേശം പിൻപറ്റാൻ ബൈബിൾ പഠനം നമ്മെ എങ്ങനെ സഹായിക്കും?

17 യഹോവ മാർഗനിർദേശം പ്രദാനം ചെയ്യുന്നുവെന്ന കാര്യത്തിൽ സംശയമില്ല. നിങ്ങൾ അതിനു കീഴ്‌പെടുമോ എന്നതാണു ചോദ്യം. യഹോവയുടെ മാർഗനിർദേശം മനസ്സിലാക്കുന്നതിന്‌ ദിവസവും ബൈബിളിന്റെ ഒരു ഭാഗം വായിക്കാൻ ദൃഢനിശ്ചയം ചെയ്യുക. വായിക്കുന്ന കാര്യത്തെക്കുറിച്ചു ധ്യാനിക്കുകയും വിവിധ കാര്യങ്ങളോടുള്ള ബന്ധത്തിൽ യഹോവയുടെ ഇഷ്ടം എന്താണെന്നു തിരിച്ചറിയാൻ ശ്രമിക്കുകയും വിവരങ്ങൾ സ്വജീവിതത്തിൽ ബാധകമാക്കാനാകുന്ന വ്യത്യസ്‌ത മാർഗങ്ങളെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുക. (1 തിമൊഥെയൊസ്‌ 4:​15, NW) തുടർന്ന്‌ വ്യക്തിപരമായ തീരുമാനങ്ങളെടുക്കുമ്പോൾ നിങ്ങളുടെ “ചിന്താപ്രാപ്‌തി” ഉപയോഗിക്കുക.​—⁠റോമർ 12:​1, NW.

18. ദൈവവചനം നമ്മുടെ ചുവടുകളെ നയിക്കാൻ നാം അനുവദിക്കുമ്പോൾ എന്ത്‌ അനുഗ്രഹങ്ങൾ നമുക്കു ലഭിക്കും?

18 നാം അനുവദിക്കുന്നപക്ഷം ദൈവവചനത്തിലെ തത്ത്വങ്ങൾ നമ്മെ പ്രബുദ്ധരാക്കുകയും ഏതു പാത പിൻപറ്റണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സഹായകമായ മാർഗനിർദേശം നൽകുകയും ചെയ്യും. നിസ്സംശയമായും, യഹോവയുടെ ലിഖിത മൊഴികൾ “അല്‌പബുദ്ധിയെ ജ്ഞാനിയാക്കുന്നു.” (സങ്കീർത്തനം 19:7) ബൈബിളിനാൽ വഴിനയിക്കപ്പെടാൻ മനസ്സുകാണിക്കുമ്പോൾ ശുദ്ധമായ ഒരു മനസ്സാക്ഷിയും യഹോവയെ പ്രസാദിപ്പിക്കുന്നതിലൂടെ കൈവരുന്ന സംതൃപ്‌തിയും നമുക്ക്‌ ആസ്വദിക്കാനാകും. (1 തിമൊഥെയൊസ്‌ 1:18, 19) ദൈവത്തിന്റെ അരുളപ്പാടുകൾ അനുദിനം നമ്മുടെ ചുവടുകളെ നയിക്കാൻ നാം അനുവദിക്കുന്നെങ്കിൽ നിത്യജീവനാകുന്ന ആത്യന്തിക സമ്മാനം നൽകിക്കൊണ്ട്‌ യഹോവ നമ്മെ അനുഗ്രഹിക്കും.​—⁠യോഹന്നാൻ 17:⁠3.

നിങ്ങൾ ഓർമിക്കുന്നുവോ?

• യഹോവയാം ദൈവം നമ്മുടെ ചുവടുകൾ നയിക്കാൻ നാം അനുവദിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ദൈവത്തിന്റെ അരുളപ്പാടുകൾക്ക്‌ ഏതു വിധത്തിൽ നമ്മുടെ കാലിനു ദീപമായിരിക്കാൻ കഴിയും?

• നമ്മുടെ പാതയ്‌ക്കു പ്രകാശമായിരിക്കാൻ ദൈവത്തിന്റെ അരുളപ്പാടുകൾക്ക്‌ എങ്ങനെ കഴിയും?

• ദൈവത്തിന്റെ മാർഗനിർദേശം പിൻപറ്റാൻ ബൈബിൾ പഠനം നമ്മെ എങ്ങനെ സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

സഹവിശ്വാസിയല്ലാത്ത ഒരു വ്യക്തിയുമായുള്ള സഹവാസം ജ്ഞാനരഹിതമായിത്തീരുന്നത്‌ എപ്പോൾ?

[16-ാം പേജിലെ ചിത്രം]

യഹോവയുടെ ഇഷ്ടം ചെയ്‌തവരെയായിരുന്നു യേശു ഉറ്റസ്‌നേഹിതരായി തിരഞ്ഞെടുത്തത്‌

[17-ാം പേജിലെ ചിത്രങ്ങൾ]

രാജ്യതാത്‌പര്യങ്ങൾക്ക്‌ ഒന്നാംസ്ഥാനം നൽകുന്നുവെന്നു നമ്മുടെ ജീവിതരീതി പ്രകടമാക്കുന്നുണ്ടോ?