വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ക്രിസ്‌ത്യാനികൾക്കുള്ള സ്വർഗീയ വിളി എപ്പോഴാണ്‌ അവസാനിക്കുന്നത്‌?

ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം ബൈബിൾ വെളിപ്പെടുത്തുന്നില്ല. സ്വർഗീയ അവകാശത്തിനായി യേശുവിന്റെ ശിഷ്യന്മാരെ അഭിഷേകം ചെയ്യാൻ തുടങ്ങിയത്‌ പൊതുയുഗം 33-ലാണ്‌ എന്ന കാര്യം നമുക്കറിയാം. (പ്രവൃത്തികൾ 2:1-4) മാത്രമല്ല, ‘കോതമ്പു’തുല്യരായ യഥാർഥ അഭിഷിക്ത ക്രിസ്‌ത്യാനികളും “കള”സമാന കപട ക്രിസ്‌ത്യാനികളും അപ്പൊസ്‌തലന്മാരുടെ കാലശേഷം ഒരുമിച്ചു വളർന്നുവെന്നും നമുക്കറിയാം. (മത്തായി 13:24-30) എന്നാൽ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അഭിഷിക്ത ക്രിസ്‌ത്യാനികൾ കർമോത്സുകരായി മുൻപന്തിയിലേക്കു വന്നു. 1919-ൽ “ഭൂമിയിലെ വിളവു” കൊയ്യാൻ തുടങ്ങി, ഇതിൽ അഭിഷിക്തരിലെ അവസാന അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതും ഉൾപ്പെടുന്നു.​—⁠വെളിപ്പാടു 14:15, 16.

19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 1931 വരെ പ്രസംഗവേലയുടെ പ്രഥമ ലക്ഷ്യം ക്രിസ്‌തുവിന്റെ ശരീരത്തിലെ ശേഷിച്ചവരെ കൂട്ടിച്ചേർക്കുക എന്നതായിരുന്നു. ബൈബിൾ വിദ്യാർഥികൾ 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന ബൈബിളധിഷ്‌ഠിത നാമം സ്വീകരിച്ചു; ഈ വിശിഷ്ട നാമമാണ്‌ മത്തായി 20:1-16-ലെ യേശുവിന്റെ ഉപമയിലെ “വെള്ളിക്കാശ്‌” എന്ന ആശയം 1933 നവംബർ 15 ലക്കം വീക്ഷാഗോപുര (ഇംഗ്ലീഷ്‌) പ്രദീപ്‌തമാക്കുകയുണ്ടായി. ഈ ഉപമയിലെ 12 മണിക്കൂർ, 1919 മുതൽ 1931 വരെയുള്ള 12 വർഷങ്ങളെയാണ്‌ ചിത്രീകരിക്കുന്നതെന്നു കരുതപ്പെട്ടിരുന്നു. സ്വർഗീയ രാജ്യത്തിലേക്കുള്ള വിളി 1931-ൽ അവസാനിച്ചെന്നും ക്രിസ്‌തുവിന്റെ സഹ ഭരണാധികാരികളായിരിക്കാൻ 1930-ലും 1931-ലും വിളിക്കപ്പെട്ടവരാണ്‌ “പിമ്പന്മാർ” അഥവാ അവസാനത്തവർ എന്നും തുടർന്നു വിശ്വസിച്ചു. (മത്തായി 20:6-8) എന്നാൽ 1966-ൽ ഈ ഉപമയെക്കുറിച്ചുള്ള ഗ്രാഹ്യം പുതുക്കപ്പെട്ടു, അഭിഷിക്തരുടെ വിളി അവസാനിക്കുന്നതുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്ന്‌ വ്യക്തമായി.

വെളിപ്പാടു 7:9-15-ലെ “മഹാപുരുഷാരം” ഭൗമിക പ്രത്യാശയുള്ള “വേറെ ആടുക”ളുടെ ഭാഗമാണെന്നും “അന്ത്യകാലത്ത്‌” കൂട്ടിച്ചേർക്കപ്പെടുന്ന ഇവർ ഒരു കൂട്ടമെന്ന നിലയിൽ അർമഗെദോനെ അതിജീവിക്കുമെന്നും 1935-ൽ മനസ്സിലായി. (യോഹന്നാൻ 10:16; 2 തിമൊഥെയൊസ്‌ 3:1; വെളിപ്പാടു 21:3-5) പിറ്റേ വർഷം മുതൽ പ്രസംഗവേലയുടെ പ്രഥമ ലക്ഷ്യം മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കുക എന്നതായി. ഇത്‌ സ്വർഗീയ വിളി 1935-ൽ അവസാനിച്ചെന്നു വിശ്വസിക്കാൻ ഇടയാക്കി, വിശേഷാൽ 1966-നുശേഷം. 1935-നുശേഷം സ്‌നാപനമേറ്റ മിക്കവരും ഭൗമിക പ്രത്യാശയുള്ളവർ ആയിരുന്നതിനാൽ ഈ ഗ്രാഹ്യം ശരിയാണെന്ന്‌ ഏറെക്കുറെ ഉറപ്പായി. അതിനുശേഷം സ്വർഗീയപ്രത്യാശ ലഭിച്ചവർ, അവിശ്വസ്‌തരായിത്തീർന്ന അഭിഷിക്ത ക്രിസ്‌ത്യാനികൾക്കു പകരമുള്ളവർ ആണെന്നു കരുതപ്പെട്ടിരുന്നു.

അഭിഷിക്തരിൽ ആരെങ്കിലും അനുതാപമില്ലാതെ സത്യത്തിൽനിന്നു വീണുപോകുന്നെങ്കിൽ അതിനു പകരം യഹോവ മറ്റൊരാളെ വിളിക്കും എന്നതിനു യാതൊരു സംശയവുമില്ല. (റോമർ 11:17-22) എന്നാൽ, യഥാർഥ അഭിഷിക്തരിൽ അധികം പേർ അവിശ്വസ്‌തരായിത്തീർന്നിരിക്കാൻ സാധ്യതയില്ല. അതേസമയം 1935-നുശേഷം സ്‌നാപനമേറ്റ ചില ക്രിസ്‌ത്യാനികൾക്ക്‌ സ്വർഗീയ പ്രത്യാശയുണ്ടെന്ന പരിശുദ്ധാത്മാവിന്റെ സാക്ഷ്യം ലഭിച്ചിട്ടുമുണ്ട്‌. (റോമർ 8:16, 17) ആയതിനാൽ സ്വർഗീയ പ്രത്യാശയ്‌ക്കുള്ള വിളി അവസാനിക്കുന്ന ഒരു തീയതി പറയാനാകുമെന്നു തോന്നുന്നില്ല.

അഭിഷിക്തനാണെന്ന്‌ മനസ്സിലുറച്ച്‌ സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റിത്തുടങ്ങുന്ന ഒരു വ്യക്തിയെ എങ്ങനെയാണു വീക്ഷിക്കേണ്ടത്‌? അദ്ദേഹത്തെ ആരും വിധിക്കാൻ പാടില്ല. അദ്ദേഹവും യഹോവയും തമ്മിലുള്ള കാര്യമാണത്‌. (റോമർ 14:12) യഥാർഥ അഭിഷിക്ത ക്രിസ്‌ത്യാനികൾ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കില്ല. അഭിഷിക്തരാണ്‌ എന്ന കാരണത്താൽ മഹാപുരുഷാരത്തിലെ ആർക്കുമില്ലാത്ത പ്രത്യേക “ഉൾക്കാഴ്‌ച” തങ്ങൾക്കുണ്ടെന്ന്‌ അഭിഷിക്തർ കരുതുകയില്ല. വേറെ ആടുകളിൽപ്പെട്ട സഹകാരികൾക്ക്‌ ഉള്ളതിനെക്കാളധികം പരിശുദ്ധാത്മാവ്‌ തങ്ങൾക്ക്‌ ഉണ്ടായിരിക്കണമെന്നില്ലെന്നും അവർക്കറിയാം. അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നതിനാൽ തങ്ങൾ സഭയിലെ നിയമിത മൂപ്പന്മാർക്കു മീതെയുള്ള ഒരു സ്ഥാനത്തേക്ക്‌ ഉയർത്തപ്പെടുമെന്ന്‌ അവർ പ്രതീക്ഷിക്കുകയില്ല, മറ്റുള്ളവർ അവരോടു പ്രത്യേക പരിഗണന കാണിക്കാൻ അവർ ആഗ്രഹിക്കുകയുമില്ല. ഒന്നാം നൂറ്റാണ്ടിലെ ചില അഭിഷിക്ത സഹോദരന്മാർ മൂപ്പന്മാരായോ ശുശ്രൂഷാദാസന്മാരായോ സേവിക്കാൻ യോഗ്യതയില്ലാത്തവർ ആയിരുന്നെന്ന കാര്യം അവർ താഴ്‌മയോടെ മനസ്സിൽപ്പിടിക്കുന്നു. (1 തിമൊഥെയൊസ്‌ 3:1-10, 12, 13; തീത്തൊസ്‌ 1:5-9; യാക്കോബ്‌ 3:1) ചില അഭിഷിക്ത ക്രിസ്‌ത്യാനികൾ ആത്മീയമായി ബലഹീനർപോലും ആയിരുന്നു. (1 തെസ്സലൊനീക്യർ 5:14) സഹോദരിമാർ അഭിഷിക്തരായിരുന്നെങ്കിലും സഭയിൽ പഠിപ്പിച്ചിരുന്നില്ല.​—⁠1 തിമൊഥെയൊസ്‌ 2:11, 12.

അതുകൊണ്ട്‌, അഭിഷിക്ത ക്രിസ്‌ത്യാനികൾ വേറെ ആടുകളിൽപ്പെട്ട തങ്ങളുടെ സഹകാരികളോടൊപ്പം ആത്മീയമായി ശക്തരായി നിലകൊള്ളാൻ യത്‌നിക്കുന്നു​—⁠ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തുകയും സഭയുടെ സമാധാനത്തിനായി പ്രവർത്തിക്കുകയും ചെയ്‌തുകൊണ്ട്‌. അഭിഷിക്തരായാലും വേറെ ആടുകളായാലും, എല്ലാ ക്രിസ്‌ത്യാനികളും ഭരണസംഘത്തിന്റെ നിർദേശമനുസരിച്ച്‌ സുവാർത്ത പ്രസംഗിക്കുന്നതിനും ശിഷ്യരെ ഉളവാക്കുന്നതിനും തീവ്രശമം ചെയ്യുന്നു. തന്റെ ദാസർ എന്നനിലയിൽ ഭൂമിയിൽ ആയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നിടത്തോളം കാലം അങ്ങനെ ചെയ്യുന്നതിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ സന്തുഷ്ടരും സംതൃപ്‌തരുമാണ്‌.