കൂടിവരേണ്ടത് എന്തുകൊണ്ട്?
കൂടിവരേണ്ടത് എന്തുകൊണ്ട്?
ഇരുപതു വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഒരു സുപ്രഭാതത്തിൽ ക്രിസ്റ്റീന്റെ ഭർത്താവ് അവളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ഏഴ് ആൺമക്കളെയും ഒരു മകളെയും വളർത്തിക്കൊണ്ടുവരുന്നതിന്റെ ഭാരം മുഴുവനും അവളുടെ ചുമലിലായി. 7-നും 18-നും ഇടയ്ക്കു പ്രായമുള്ളവരായിരുന്നു അവർ. ക്രിസ്റ്റീൻ ഇങ്ങനെ പറയുന്നു: “പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും ഞാൻ തനിയെ എടുക്കേണ്ടിവന്നു. ഉത്തരവാദിത്വങ്ങൾ എന്നെ ആകെ വീർപ്പുമുട്ടിച്ചു. പിന്തുണയ്ക്കും മാർഗനിർദേശത്തിനുമായി ഞാൻ വാഞ്ഛിച്ചു.” ആവശ്യമായിരുന്ന സഹായം അവൾക്കു ലഭിച്ചത് എവിടെനിന്നാണ്?
ക്രിസ്റ്റീൻ തുടരുന്നു: “ക്രിസ്തീയ യോഗങ്ങളായിരുന്നു എന്റെയും കുടുംബത്തിന്റെയും ജീവനാഡി. സുഹൃത്തുക്കളുടെ പിന്തുണയും ദൈവവചനത്തിൽനിന്നുള്ള മാർഗനിർദേശങ്ങളും അവിടെനിന്നു ഞങ്ങൾക്കു ലഭിച്ചു. പതിവായ യോഗഹാജർ ഞങ്ങളുടെ കുടുംബ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും ഞങ്ങളെ സഹായിച്ചു.”
ഈ “ദുർഘടസമയങ്ങ”ളിൽ നമുക്കേവർക്കും നാനാവിധ പരിശോധനകൾ നേരിടേണ്ടതായുണ്ട്. (2 തിമൊഥെയൊസ് 3:1) ക്രിസ്റ്റീനെപ്പോലെ, യഹോവയുടെ സാക്ഷികളുടെ യോഗങ്ങളെ ആത്മീയ ജീവനാഡിയായി, യഹോവയുടെ ആരാധനയിലെ ഒരു പ്രമുഖ ഭാഗമായി നിങ്ങളും വീക്ഷിക്കുന്നുണ്ടാകാം. വാരംതോറുമുള്ള അഞ്ചു സഭായോഗങ്ങൾ, ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന് ആക്കംകൂട്ടുമെന്നു മാത്രമല്ല നിങ്ങളുടെ ഭാവിപ്രതീക്ഷകളെ ശക്തിപ്പെടുത്തുകയും പരിശോധനകളെ നേരിടാനുള്ള ബൈബിളധിഷ്ഠിത മാർഗനിർദേശം നൽകുകയും ചെയ്യും.
എന്നിരുന്നാലും പതിവായി യോഗങ്ങൾക്കു ഹാജരാകുന്നത് ചിലർക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. വൈകുന്നേരമാകുമ്പോഴേക്കും ക്ഷീണിച്ചുപോകുന്ന അവർ, വീണ്ടും ഉടുത്തൊരുങ്ങി യോഗസ്ഥലത്തേക്കു യാത്രചെയ്യുന്നത് ഒരു വെല്ലുവിളിയായി കരുതിയേക്കാം. തങ്ങളുടെ ജോലിസമയം യോഗസമയവുമായി ഒരുതരത്തിലും ഒത്തുപോകുന്നില്ലെന്നു ചിലർ കണ്ടെത്തുന്നു. എല്ലാ യോഗങ്ങൾക്കും ഹാജരാകുകയാണെങ്കിൽ അവരുടെ ശമ്പളത്തിൽ കുറേ കട്ടുചെയ്തേക്കാം, ഒരുപക്ഷേ ജോലി പോയെന്നും വരാം. എന്തെങ്കിലുമൊക്കെ വിനോദങ്ങളിലേർപ്പെടുന്നത് സഭയുമായുള്ള സഹവാസത്തെക്കാൾ ഉന്മേഷം പകരുന്നതാണെന്നു കരുതി യോഗങ്ങൾ മുടക്കുന്നവരുമുണ്ട്.
ഏതു കാരണങ്ങൾ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാൻ നിങ്ങളെ ശക്തമായി പ്രചോദിപ്പിക്കണം? യോഗങ്ങളിൽനിന്നു വ്യക്തിപരമായി നവോന്മേഷം പ്രാപിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി നമുക്ക് മത്തായി 11:28-30 വരെയുള്ള വാക്യങ്ങളിലെ യേശുവിന്റെ സ്നേഹോഷ്മളമായ ക്ഷണം പരിശോധിക്കാം. അവൻ ഇങ്ങനെ പറഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”
“എന്റെ അടുക്കൽ വരുവിൻ”
“എന്റെ അടുക്കൽ വരുവിൻ” എന്ന് യേശു പറഞ്ഞു. ആ ക്ഷണത്തോടു പ്രതികരിക്കാനുള്ള ഒരു മാർഗം ക്രമമായി യോഗങ്ങൾക്കു മത്തായി 18:20.
ഹാജരാകുന്നതാണ്. അതിനു നല്ല കാരണവുമുണ്ട്. എന്തുകൊണ്ടെന്നാൽ മറ്റൊരവസരത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട്.”—ഒന്നാം നൂറ്റാണ്ടിൽ, തന്നെ അനുഗമിക്കാൻ പലരെയും യേശു വ്യക്തിപരമായി ക്ഷണിക്കുകയുണ്ടായി. അങ്ങനെ താനുമായി ഒരു ഉറ്റസഹവാസം ആസ്വദിക്കാനുള്ള അവസരം അവൻ അവർക്കു വെച്ചുനീട്ടി. തെല്ലും അമാന്തിക്കാതെ ചിലർ ആ ക്ഷണം സ്വീകരിച്ചു. (മത്തായി 4:18-22) മറ്റുചിലരാകട്ടെ ഭൗതിക താത്പര്യങ്ങൾപോലുള്ള സംഗതികൾ ആ ക്ഷണം സ്വീകരിക്കുന്നതിൽനിന്നു തങ്ങളെ തടയാൻ അനുവദിച്ചു. (മർക്കൊസ് 10:21, 22; ലൂക്കൊസ് 9:57-62) തന്നെ അനുഗമിച്ചവരെ ധൈര്യപ്പെടുത്തിക്കൊണ്ട്, “നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു” എന്ന് യേശു പറഞ്ഞു.—യോഹന്നാൻ 15:16.
മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശു മുമ്പത്തെപ്പോലെ അക്ഷരാർഥത്തിൽ ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നില്ല. എന്നാൽ അവരുടെ പ്രവർത്തനങ്ങൾക്കു നേതൃത്വംവഹിക്കുകയും തന്റെ ബുദ്ധിയുപദേശത്തോടുള്ള അവരുടെ പ്രതികരണം നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു എന്ന അർഥത്തിൽ തുടർന്നും അവൻ അവരോടൊപ്പം ഉണ്ടായിരുന്നു. ഉദാഹരണത്തിന് പുനരുത്ഥാനത്തിന് ഏതാണ്ട് 70 വർഷങ്ങൾക്കുശേഷം ഏഷ്യാമൈനറിലുള്ള ഏഴു സഭകൾക്ക് അവൻ ബുദ്ധിയുപദേശവും പ്രോത്സാഹനവും നൽകുകയുണ്ടായി. ആ സഭകളിലെ അംഗങ്ങളുടെ നല്ല വശങ്ങളും പോരായ്മകളും അവന് എത്ര നന്നായി അറിയാമായിരുന്നുവെന്നത് അവന്റെ പ്രസ്താവനകളിൽനിന്നു വ്യക്തമാണ്.—വെളിപ്പാടു 2:1–3:22.
ഇന്നും തന്റെ ശിഷ്യരിൽ ഓരോരുത്തരോടും അവന് ആഴമായ താത്പര്യമുണ്ട്. അവൻ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്.” (മത്തായി 28:20) ഈ വ്യവസ്ഥിതിയുടെ സമാപന നാളുകളിൽ ജീവിക്കുന്നവരെന്ന നിലയിൽ, തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തിന് അനുസൃതമായി നാം പ്രവർത്തിക്കേണ്ടതുണ്ട്. യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നത് അതിന്റെ ഭാഗമാണ്. യോഗങ്ങളുടെ പതിവു സവിശേഷതയായ ബൈബിളധിഷ്ഠിത പഠനങ്ങളിലും പ്രസംഗങ്ങളിലും സംബന്ധിച്ചുകൊണ്ട് നാം യേശുവിനു ചെവികൊടുക്കണം എന്നും അവനിൽനിന്നു പഠിക്കണം എന്നും അവൻ ആഗ്രഹിക്കുന്നു. (എഫെസ്യർ 4:20, 21) “എന്റെ അടുക്കൽ വരുവിൻ” എന്ന യേശുവിന്റെ ക്ഷണത്തോടു നിങ്ങൾ പ്രതികരിക്കുന്നുണ്ടോ?
“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ”
പ്രോത്സാഹനം ലഭിക്കുമെന്നതാണ് നാം ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകേണ്ടതിന്റെ ഒരു പ്രമുഖ കാരണം. (എബ്രായർ 10:24, 25) തീർച്ചയായും പലപ്രകാരത്തിൽ “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും” ആണ് നമ്മിൽ അനേകരും. ഒരുപക്ഷേ ആരോഗ്യപ്രശ്നങ്ങൾപോലുള്ള വ്യക്തിപരമായ ക്ലേശങ്ങളാൽ നിങ്ങൾ ഭാരപ്പെടുകയായിരിക്കാം. ക്രിസ്തീയ യോഗങ്ങളിൽ ആയിരിക്കവേ നിങ്ങൾക്കു പ്രോത്സാഹനക്കൈമാറ്റം ആസ്വദിക്കാനാകും. (റോമർ 1:11, 12) ഉദാഹരണത്തിന് നിങ്ങൾക്ക് അവിടെ ആത്മീയമായി കെട്ടുപണിചെയ്യുന്ന അഭിപ്രായങ്ങൾ കേൾക്കാനാകും; നിങ്ങളുടെ ബൈബിളധിഷ്ഠിത പ്രത്യാശയെക്കുറിച്ചുള്ള ഓർമിപ്പിക്കലുകൾ ലഭിക്കും; പരിശോധനകളെ സഹിച്ചുനിൽക്കുന്നവരുടെ വിശ്വാസം നിരീക്ഷിക്കാനുമാകും. ഇവയ്ക്കെല്ലാം, സഹിച്ചുനിൽക്കാനും പ്രശ്നങ്ങളെ സമനിലയോടെ വീക്ഷിക്കാനും നിങ്ങളെ സഹായിക്കാനാകും.
ഗുരുതരമായ രോഗത്താൽ വലയുന്ന ഒരു ക്രിസ്തീയ സഹോദരി പറയുന്നതു ശ്രദ്ധിക്കൂ: “അസുഖം കാരണം ഞാൻ ചിലപ്പോഴൊക്കെ ആശുപത്രിയിലായിരിക്കും. ആശുപത്രിവാസമൊക്കെ കഴിഞ്ഞ് യോഗങ്ങൾക്കു പോകുന്നതു കുറച്ചു ബുദ്ധിമുട്ടുതന്നെയാണ്. എന്നാൽ അതല്ലേ ഞാൻ ചെയ്യേണ്ടത്? സഹോദരീസഹോദരന്മാരുടെ ഊഷ്മളതയും അവരുടെ സ്നേഹവും എന്നെ സന്തോഷഭരിതയാക്കുന്നു. യഹോവയിൽനിന്നും യേശുവിൽനിന്നുമുള്ള ഉപദേശവും മാർഗനിർദേശവും എന്റെ ജീവിതത്തിന് അർഥം പകരുന്നു.”
“എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു”
നാം പരിചിന്തിക്കുന്ന ഭാഗത്ത് “എന്നോടു പഠിപ്പിൻ” എന്ന് യേശു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. യേശുവിൽനിന്നു പഠിക്കുന്നതിലൂടെ നാം അവന്റെ ശിഷ്യരായിത്തീരുന്നു. ദൈവത്തിനു സമർപ്പിച്ചു സ്നാപനമേൽക്കുമ്പോൾ നാം അവന്റെ നുകമേൽക്കുകയും ചെയ്യുന്നു. (മത്തായി 28:19, 20) യേശുവിന്റെ ശിഷ്യരായി തുടരാൻ നാം ക്രിസ്തീയ യോഗങ്ങളിൽ ക്രമമായി പങ്കെടുക്കേണ്ടത് അനിവാര്യമാണ്. എന്തുകൊണ്ടെന്നാൽ യോഗങ്ങളിൽനിന്നാണ് നാം യേശുവിനെയും അവന്റെ ഉപദേശങ്ങളെയും രീതികളെയും കുറിച്ചു പഠിക്കുന്നത്.
നാം വഹിക്കണമെന്നു യേശു ആഗ്രഹിക്കുന്ന ചുമട് എന്താണ്? അവൻ വഹിക്കുന്ന അതേ ചുമടുതന്നെയാണ് അത്—ദൈവത്തിന്റെ ഇഷ്ടം ചെയ്യുക എന്ന പദവി. (യോഹന്നാൻ 4:34; 15:8) ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുന്നതിനു ശ്രമം ആവശ്യമാണ്. പക്ഷേ ഈ ചുമട് വഹിക്കാനാവാത്തവിധം ഭാരമുള്ളതല്ല. നമ്മുടെ സ്വന്തം ശക്തിയാൽ വഹിക്കാൻ ശ്രമിച്ചാൽ അതു ഭാരമേറിയതായി തോന്നിയേക്കാം. എന്നാൽ നാം ദൈവത്തിന്റെ ആത്മാവിനായി പ്രാർഥിക്കുകയും യോഗങ്ങളിൽനിന്നു ലഭിക്കുന്ന ആത്മീയ ആഹാരം ഭക്ഷിക്കുകയും ചെയ്താൽ ദൈവത്തിൽനിന്നുള്ള “അത്യന്തശക്തി” നമുക്കു ലഭിക്കും. (2 കൊരിന്ത്യർ 4:7) യോഗങ്ങൾക്കു തയ്യാറാകുകയും അവയിൽ പങ്കെടുക്കുകയും ചെയ്യുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്നേഹം ഒന്നിനൊന്നു ശക്തമായിത്തീരും. സ്നേഹത്താൽ പ്രചോദിതരാകുമ്പോൾ ദൈവത്തിന്റെ കൽപ്പനകൾ നമുക്കു “ഭാരമുള്ളവ”യായി തോന്നില്ല.—1 യോഹന്നാൻ 5:3.
ആരോഗ്യപ്രശ്നങ്ങൾ, വ്യക്തിപരമായ മറ്റു പ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനോടും ഉപജീവനത്തോടും ബന്ധപ്പെട്ട് ആളുകൾ പൊതുവേ പല വെല്ലുവിളികളും നേരിടുന്നു. അവ കൈകാര്യംചെയ്യുന്നതിനു പക്ഷേ, നാം വെറും മനുഷ്യജ്ഞാനത്തിൽ ആശ്രയിക്കുന്നില്ല. “വിചാരപ്പെടുന്നത് നിറുത്താൻ” (NW) സഭായോഗങ്ങൾ നമ്മെ സഹായിക്കുന്നു; എന്തെന്നാൽ യഹോവ നമുക്ക് ആവശ്യമായതു നൽകുകയും പ്രശ്നങ്ങൾ നേരിടാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. (മത്തായി 6:25-33) വാസ്തവത്തിൽ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്റെ ഒരു പ്രകടനമാണു ക്രിസ്തീയ യോഗങ്ങൾ.
“ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ”
ദൈവവചനം ചർച്ചചെയ്തിരുന്ന സിനഗോഗിൽ പോകുന്നത് യേശുവിന്റെ ഒരു പതിവായിരുന്നു. അത്തരം ഒരു സന്ദർഭത്തിൽ യെശയ്യാവിന്റെ ചുരുളിലെ പിൻവരുന്ന ഭാഗം അവൻ വായിച്ചു: ‘ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ [യഹോവ] എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും [യഹോവയുടെ] പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു.’ (ലൂക്കൊസ് 4:16, 18, 19) “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് യേശു ആ വാക്കുകൾ തനിക്കുതന്നെ ബാധകമാക്കിയതു കേട്ടപ്പോൾ അവിടെ കൂടിവന്നിരുന്നവർ എത്ര പുളകിതരായിത്തീർന്നിരിക്കണം!—ലൂക്കൊസ് 4:21.
സൗമ്യതയുള്ള “ഇടയശ്രേഷ്ഠ”നായ യേശു ഇന്നും തന്റെ അനുഗാമികളുടെ ആത്മീയ പരിപാലനത്തിനു മേൽനോട്ടം വഹിക്കുന്നു. (1 പത്രൊസ് 5:1-4) അവന്റെ വഴിനടത്തിപ്പിൻ കീഴിൽ വിശ്വസ്തനും വിവേകിയുമായ അടിമ ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ ഇടയന്മാരെ നിയമിച്ചിരിക്കുന്നു. (മത്തായി 24:45-47; തീത്തൊസ് 1:5-9) ഇവർ “ദൈവത്തിന്റെ സഭയെ” സൗമ്യതയോടെ മേയ്ക്കുകയും ക്രമമായി യോഗങ്ങൾക്കു ഹാജരായിക്കൊണ്ട് നല്ല മാതൃകവെക്കുകയും ചെയ്യുന്നു. യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ട് നിങ്ങൾക്ക് ഈ “മനുഷ്യരാം ദാനങ്ങ”ളോടുള്ള (NW) വിലമതിപ്പു പ്രകടമാക്കാം. കൂടാതെ നിങ്ങളുടെ സാന്നിധ്യംകൊണ്ടും പങ്കുപറ്റൽകൊണ്ടും നിങ്ങൾക്കു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും കഴിയും.—പ്രവൃത്തികൾ 15:30-33; 20:28; എഫെസ്യർ 4:8, 11, 12.
“നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും”
ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകവേ അവ യഥാർഥത്തിൽ നവോന്മേഷം പകരുന്നതാണെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പുവരുത്താനാകും? “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ” എന്ന യേശുവിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നതാണ് ഒരു വിധം. (ലൂക്കൊസ് 8:18) കാര്യങ്ങൾ മനസ്സിലാക്കണമെന്നു യഥാർഥ ആഗ്രഹം ഉണ്ടായിരുന്നവർ യേശുവിന് അടുത്ത ശ്രദ്ധകൊടുത്തു. ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചുതരണമെന്ന് അവർ അവനോട് ആവശ്യപ്പെട്ടു. തത്ഫലമായി അവർക്ക് ആഴമായ ഉൾക്കാഴ്ച ലഭിച്ചു.—മത്തായി 13:10-16.
യോഗങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന പ്രസംഗങ്ങൾക്ക് അടുത്ത ശ്രദ്ധകൊടുത്തുകൊണ്ട്, ആത്മീയ വിശപ്പുണ്ടായിരുന്ന ആ ശിഷ്യരെ നിങ്ങൾക്ക് അനുകരിക്കാനാകും. (മത്തായി 5:3, 6) പ്രസംഗകന്റെ ചിന്താധാര പിന്തുടരാൻ ശ്രമിക്കുന്നത് മനസ്സുകേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കും. ‘ഈ വിവരം എന്റെ ജീവിതത്തിൽ എനിക്ക് എങ്ങനെ ബാധകമാക്കാം? മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് ഇതെങ്ങനെ ഉപയോഗിക്കാനാകും? ഞാനായിരുന്നെങ്കിൽ ഈ ആശയം എങ്ങനെ വികസിപ്പിക്കുമായിരുന്നു?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുക. കൂടാതെ മുഖ്യപോയിന്റുകളെ പിന്താങ്ങാൻ പ്രസംഗകൻ ഉപയോഗിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കുക. നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിന് എത്രയധികം ശ്രദ്ധകൊടുക്കുന്നുവോ യോഗങ്ങൾ അത്രയധികം നവോന്മേഷദായകമായിത്തീരും.
യോഗശേഷം, അവിടെ കേട്ട കാര്യങ്ങൾ മറ്റുള്ളവരുമായി ചർച്ചചെയ്യുക. അവതരിപ്പിക്കപ്പെട്ട വിവരങ്ങളിലും അവ എങ്ങനെ ബാധകമാക്കാം എന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുക. പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണങ്ങൾ യോഗങ്ങളെ നവോന്മേഷപ്രദമാക്കുന്നു.
തീർച്ചയായും, കൂടിവരുന്നതിനു നമുക്കു നല്ല കാരണങ്ങളുണ്ട്. ഇവിടെ ചർച്ചചെയ്ത പ്രയോജനങ്ങൾ പുനരവലോകനം ചെയ്തശേഷം നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘“എന്റെ അടുക്കൽ വരുവിൻ” എന്ന യേശുവിന്റെ ക്ഷണത്തോട് ഞാൻ എങ്ങനെയാണു പ്രതികരിക്കുന്നത്?’
[11-ാം പേജിലെ ചിത്രങ്ങൾ]
മറ്റു പ്രവർത്തനങ്ങൾ നിങ്ങളുടെ യോഗഹാജരിനെ ബാധിക്കുന്നുണ്ടോ?