“കർത്താവേ, അങ്ങെന്താണിതു കണ്ടില്ലെന്നു നടിച്ചത്?”
“കർത്താവേ, അങ്ങെന്താണിതു കണ്ടില്ലെന്നു നടിച്ചത്?”
പോപ്പ് ബെനഡിക്‌റ്റ് പതിനാറാമൻ 2006 മേയ് 28-ന് പോളണ്ടിലെ ഓഷ്‌വിറ്റ്‌സ് എന്ന സ്ഥലത്തെ മുൻ തടങ്കൽപ്പാളയം സന്ദർശിച്ചപ്പോൾ പറഞ്ഞ വാക്കുകളാണിവ. യഹൂദന്മാർ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളെ നാസികൾ കൊന്നൊടുക്കിയ ആ സ്ഥലത്തുവെച്ച് അദ്ദേഹം തുടർന്നു പറഞ്ഞു: “എത്രയെത്ര ചോദ്യങ്ങളാണ് ഇവിടെ നിൽക്കുമ്പോൾ മനസ്സിലേക്കു കടന്നുവരുന്നത്! ചില ചോദ്യങ്ങളാണെങ്കിൽ മനസ്സിൽ ഉടക്കിനിൽക്കുകയും ചെയ്യുന്നു: ആ നാളുകളിലെല്ലാം ദൈവം എവിടെ ആയിരുന്നു? എന്തുകൊണ്ടാണ് അവിടുന്ന് ഈ അതിക്രമങ്ങൾക്കു നേരെ കണ്ണടച്ചുകളഞ്ഞത്? ഈ കൂട്ടക്കുരുതി, തിന്മയുടെ ഈ വിജയം, അനുവദിക്കാൻ അവിടുത്തേക്ക് എങ്ങനെ മനസ്സുവന്നു? നാം അവിടുത്തോടു താഴ്‌മയോടെ കരഞ്ഞു മുട്ടിപ്പായി പ്രാർഥിച്ചുകൊണ്ടിരിക്കണം: ‘ഞങ്ങളെ രക്ഷിക്കൂ! അങ്ങയുടെ സൃഷ്ടിയായ മനുഷ്യകുലത്തെ അങ്ങു മറന്നു കളയരുതേ!’”
പോപ്പിന്റെ ഈ പ്രസംഗം ചൂടുപിടിച്ച സംവാദങ്ങൾക്കു തുടക്കമിട്ടു. ഓഷ്‌വിറ്റ്‌സിലെ കൊടുംക്രൂരതകൾക്കു കാരണമായ ശേമ്യവിരുദ്ധ വികാരം പോലുള്ള ചില പ്രധാനപ്പെട്ട വിഷയങ്ങൾ പരാമർശിക്കാതെ വിട്ടുകളഞ്ഞതായി ചിലർ കണ്ടെത്തി. മറ്റുചിലരാകട്ടെ, സഭ ചെയ്‌തുകൂട്ടിയ തെറ്റുകളുടെ പേരിൽ ക്ഷമയാചിച്ച പോപ്പ് ജോൺ പോൾ രണ്ടാമന്റെ നടപടിയെ നിസ്സാരീകരിക്കാനുള്ള ഒരു ശ്രമമായിട്ടാണ് ഇതിനെ വീക്ഷിച്ചത്. ഒരു കത്തോലിക്കാവിശ്വാസിയായ ഫിലിപ്പോ ജെന്റിലോണി എന്ന പത്രപ്രവർത്തകൻ പ്രസ്‌താവിച്ചു: “ദൈവം എവിടെ ആയിരുന്നു എന്ന ബുദ്ധിമുട്ടേറിയ, ഉത്തരമില്ലാത്ത ചോദ്യം അഭിമുഖീകരിച്ചപ്പോൾ പല വിമർശകരും സ്വാഭാവികമായി താരതമ്യേന എളുപ്പമുള്ള മറ്റൊരു ചോദ്യത്തിന്റെ ഉത്തരം തേടി. പയസ് പന്ത്രണ്ടാമൻ അപ്പോൾ എവിടെ ആയിരുന്നു?” എന്നതായിരുന്നു ആ ചോദ്യം. പയസ് പന്ത്രണ്ടാമൻ നാസി കൂട്ടക്കൊലയ്‌ക്കെതിരെ ഒരക്ഷരം ഉരിയാടാതെ മൗനംപാലിച്ചതിനെ പരാമർശിക്കുകയായിരുന്നു അവർ.
നാസികൂട്ടക്കൊലയും അതുപോലെ മനുഷ്യചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ള എല്ലാ വംശഹത്യകളും തെളിയിക്കുന്നത് ‘മനുഷ്യൻ മനുഷ്യന്റെമേൽ അധികാരം സ്ഥാപിച്ച് [അവനെ] ദ്രോഹിക്കുന്നു’ എന്നാണ്. (സഭാപ്രസംഗി 8:9 പി.ഒ.സി. ബൈബിൾ) തീർച്ചയായും, ഇത്രയധികം ക്രൂരത ഇവിടെ നടമാടുമ്പോൾ മനുഷ്യന്റെ സ്രഷ്ടാവ് ഒരിക്കലും അതു കണ്ടില്ലെന്നു നടിക്കില്ല. കൂടാതെ, ദുഷ്ടത അനുവദിച്ചിരിക്കുന്നതിന്റെ കാരണങ്ങൾ ബൈബിൾതാളുകളിലൂടെ അവൻ വ്യക്തമാക്കുന്നുമുണ്ട്. മനുഷ്യകുലത്തെ മറന്നുകളഞ്ഞിട്ടില്ലെന്നും അവൻ നമുക്ക് ഉറപ്പു നൽകുന്നു. യഥാർഥത്തിൽ, സ്വയം ഭരിക്കാൻ അവൻ മനുഷ്യന് അനുവദിച്ചിരിക്കുന്ന സമയം ഏതാണ്ടു തീരാറായിരിക്കുകയാണ്. (യിരെമ്യാവു 10:23) നമ്മെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണെന്നതിനെക്കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾക്കു താത്‌പര്യമുണ്ടോ? പോപ്പ് ബെനഡിക്‌റ്റ് പതിനാറാമനെ കുഴപ്പിച്ച ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം എന്താണെന്നു നിങ്ങൾക്കറിയേണ്ടേ? നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Oświęcim Museum