വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഭാവിയെ ഭയപ്പെടുന്നുവോ?

നിങ്ങൾ ഭാവിയെ ഭയപ്പെടുന്നുവോ?

നിങ്ങൾ ഭാവിയെ ഭയപ്പെടുന്നുവോ?

പല കാരണങ്ങളാലും ഭയപ്പാടോടെയാണ്‌ ആളുകൾ ഭാവിയെ വീക്ഷിക്കുന്നത്‌. ഈ ഭൂമിക്കുതന്നെ എന്തു സംഭവിക്കും എന്ന ആശങ്കയിലാണ്‌ ഇന്നു പലരും. 2006 ഏപ്രിൽ 3-ലെ ടൈം മാസികയിൽ വന്ന ഒരു റിപ്പോർട്ടിൽ ഈ ആശങ്ക പ്രകടമാണ്‌: “അത്യുഷ്‌ണം, കൊടുങ്കാറ്റ്‌, വെള്ളപ്പൊക്കം, കാട്ടുതീ, ധ്രുവങ്ങളിൽനിന്നും അടർന്നുപോരുന്ന അതിബൃഹത്തായ ഹിമക്കട്ടികൾ​—⁠ആഗോള കാലാവസ്ഥ ആകപ്പാടെ തകിടം മറിയുകയാണോ?”

ഐക്യരാഷ്‌ട്ര പരിസ്ഥിതി പദ്ധതി 2002 മേയിൽ “ആഗോള പരിസ്ഥിതിയുടെ ഭാവി-3” എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ടു പ്രസിദ്ധീകരിച്ചു. പരിസ്ഥിതി വിഷയങ്ങളിൽ അവഗാഹമുള്ള 1,000-ത്തിലധികം പേരുടെ സഹകരണത്തോടെയാണ്‌ ഈ റിപ്പോർട്ടു തയ്യാറാക്കിയത്‌. ഒരു വാർത്താ മാധ്യമത്തിൽവന്ന ആ റിപ്പോർട്ടിൽനിന്ന്‌: “നമ്മുടെ ഗ്രഹം ഇന്നൊരു വഴിത്തിരിവിൽ എത്തി നിൽക്കുമ്പോൾ നാമെടുക്കുന്ന തീരുമാനങ്ങൾ വളരെ നിർണായകമാണ്‌, കാരണം നമുക്കു മാത്രമല്ല വരും തലമുറകൾക്കുകൂടി ആശ്രയമാകേണ്ടുന്ന വനം, സമുദ്രം, നദി, പർവതം, വന്യജീവികൾ, ജീവരൂപങ്ങളും പ്രകൃതിയുമായുള്ള ബന്ധം എന്നിവയെ എല്ലാം അതു ബാധിക്കുന്നു.”

ഉത്‌കണ്‌ഠയ്‌ക്കിടയാക്കുന്ന അനേകകാര്യങ്ങളിൽ ഒന്നു മാത്രമാണ്‌ ആഗോള പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥ. എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഭീകരാക്രമണങ്ങളെ പേടിച്ചാണ്‌ ലോകമെങ്ങുമുള്ള ആളുകൾ കഴിയുന്നത്‌. കാനഡയുടെ രഹസ്യാന്വേഷണ ഏജൻസിയുടെ ഡപ്യൂട്ടി ഡയറക്ടർ പറയുന്നു: “എപ്പോൾ, എങ്ങനെ, എവിടെവെച്ചു സംഭവിക്കും എന്നൊന്നും അറിയില്ലാത്ത ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ഭയം ഞങ്ങളുടെ ഉറക്കം കെടുത്തുകയാണ്‌.” എന്തിനധികം, വൈകുന്നേരം ടിവി-യിൽ കാണുന്ന വാർത്തകൾ മതിയല്ലോ നമ്മുടെയൊക്കെ മനസ്സമാധാനം നഷ്ടപ്പെടാൻ!

അധ്വാനശീലരായ ആളുകൾപോലും എപ്പോൾ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെട്ടേക്കാമെന്ന ഉത്‌കണ്‌ഠയും പേറിയാണു ജീവിക്കുന്നത്‌. ജോലിയിൽനിന്നു പിരിച്ചുവിടൽ, അടച്ചുപൂട്ടുന്ന ഫാക്ടറികൾ, ജോലിസ്ഥലത്തെ കിടമത്സരങ്ങൾ, തൊഴിലുടമകളുടെ ചൂഷണം ഇവയെല്ലാം അരക്ഷിതബോധത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. കൂട്ടുകാർ തഴയുമോ എന്ന ഭയം പല കൗമാരക്കാരെയും പിന്തുടരുന്നുണ്ട്‌. അച്ഛനമ്മമാർ തങ്ങളെ ശരിക്കും സ്‌നേഹിക്കുന്നില്ലെന്ന പേടി പല കുട്ടികളെയും അലട്ടുന്നു. ഇനി കുട്ടികൾക്കു ചുറ്റുമുള്ള ലോകത്തിലെ അവസ്ഥയെക്കുറിച്ചൊന്നു ചിന്തിച്ചാലോ? “വീടിനുപുറത്തുള്ള ലോകത്തെ ചിലപ്പോഴെങ്കിലും ഭീതിയോടെയാണ്‌ കുട്ടികൾ വീക്ഷിക്കുന്നതെന്ന്‌” ആശങ്കയോടെ ഒരു അമ്മ പറയുന്നു. പല മാതാപിതാക്കളും ലോകത്തിന്റെ അധഃപതിപ്പിക്കുന്ന ധാർമികത അവരുടെ പ്രിയപ്പെട്ടവരുടെമേൽ, വിശിഷ്യ അവരുടെ കുട്ടികളുടെമേൽ ചെലുത്തുന്ന പ്രഭാവത്തെപ്പറ്റി ഉത്‌കണ്‌ഠയുള്ളവരാണ്‌.

മോഷ്ടാക്കളാൽ ആക്രമിക്കപ്പെടുമെന്നോ നടക്കുമ്പോൾ കാലിടറി വീഴുമെന്നോ ഉള്ള ഭയത്തിന്റെ നിഴലിൽ ആയിരിക്കും പ്രായമായവർ പലപ്പോഴും. തീർച്ചയായും “അന്നു അവർ കയറ്റത്തെ പേടിക്കും; വഴിയിൽ ഭീതികൾ ഉള്ളതായി [അവർക്കു] തോന്നും” എന്നു സഭാപ്രസംഗി പറഞ്ഞത്‌ എത്ര സത്യം. (സഭാപ്രസംഗി 12:5) എപ്പോൾ വേണമെങ്കിലും പിടികൂടിയേക്കാവുന്ന ഗുരുതരമായ രോഗത്തെക്കുറിച്ചു പേടിയുള്ളവരാണ്‌ എല്ലാവരുംതന്നെ. മാരകമായ വൈറസുകൾ, ക്യാൻസർ, പകർച്ചവ്യാധികൾ എന്നിവയെക്കുറിച്ചൊക്കെ കേൾക്കുമ്പോൾ, ഒരു പുതിയ രോഗം പിടിപെട്ട്‌ നാമോ നമ്മുടെ കുടുംബാംഗങ്ങളോ മരിക്കുകയോ കിടപ്പിലാകുകയോ ചെയ്യുമെന്ന ഭയം നമ്മിൽ ഉളവായേക്കാം. അരോഗദൃഢഗാത്രരായ ആളുകൾപോലും രോഗഗ്രസ്‌തരാകുമ്പോൾ നമ്മിലും ഒരു ഭയം ജനിക്കുക സ്വാഭാവികമാണ്‌. സകല പ്രതീക്ഷകളും അസ്‌തമിച്ച രോഗികളെ കാണുന്നത്‌ എത്ര ഹൃദയഭേദകമാണ്‌.

പല കാരണങ്ങൾകൊണ്ടും ഭയപ്പാടിൽ ജീവിക്കുന്ന നമുക്ക്‌ ഭയരഹിതമായ, ശോഭനമായ ഒരു ഭാവി സ്വപ്‌നം കാണാനാകുമോ? ഒരു അനിഷേധാത്മക വീക്ഷണം വെച്ചുപുലർത്താൻ എന്തിനെങ്കിലും നമ്മെ സഹായിക്കാനാകുമോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നതായിരിക്കും.

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

© Jeroen Oerlemans/Panos Pictures