വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുനരുത്ഥാനം നിങ്ങൾക്കൊരു യാഥാർഥ്യമാണോ?

പുനരുത്ഥാനം നിങ്ങൾക്കൊരു യാഥാർഥ്യമാണോ?

പുനരുത്ഥാനം നിങ്ങൾക്കൊരു യാഥാർഥ്യമാണോ?

“നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”​—⁠പ്രവൃത്തികൾ 24:15.

1. മരണം ഒഴിവാക്കാനാകാത്ത ഒന്നായി കാണപ്പെടുന്നത്‌ എന്തുകൊണ്ട്‌?

“മരണവും നികുതികളുമൊഴികെ യാതൊന്നും ഈ ലോകത്തിൽ സുനിശ്ചിതമല്ല,” അമേരിക്കൻ രാജ്യതന്ത്രജ്ഞനായിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 1789-ൽ രേഖപ്പെടുത്തിയ ആ വാക്കുകൾ പലർക്കും ചിന്തയ്‌ക്കു വകനൽകിയിരിക്കുന്നു. അവിശ്വസ്‌തരായ അനേകർ ഇന്നു നികുതിവെട്ടിപ്പു നടത്തുന്നുവെങ്കിലും, മരണത്തെ ഒഴിവാക്കാനാകാത്ത ഒരു യാഥാർഥ്യമായി ആളുകൾ വീക്ഷിക്കുന്നു. കാലപ്രവാഹത്തിൽ അതിന്റെ ഇരകളായിത്തീരുന്നതിൽനിന്നു രക്ഷപ്പെടാൻ സ്വന്തനിലയിൽ നമുക്കാർക്കുമാവില്ല. ഒരു നിഴൽപോലെ അതു നമ്മെയെല്ലാം പിന്തുടരുന്നു. മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയായ ഷീയോൾ അടങ്ങാത്ത ആർത്തിയോടെ നമ്മുടെ പ്രിയപ്പെട്ടവരെ ഒന്നൊന്നായി വിഴുങ്ങുകയാണ്‌. (സദൃശവാക്യങ്ങൾ 27:20) എന്നാൽ ആശ്വാസകരമായ ഒരു സത്യമുണ്ട്‌.

2, 3. (എ) ചിലരുടെ കാര്യത്തിൽ മരണം ഒരു അനിവാര്യതയല്ലെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌? (ബി) ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

2 മരിച്ചവർ ജീവനിലേക്കു തിരികെവരുമെന്ന്‌ ദൈവവചനം ഉറപ്പുനൽകുന്നു. ഈ പ്രത്യാശ വെറുമൊരു സ്വപ്‌നമല്ല. ഇതു നിവൃത്തിയേറണമെന്നുള്ളത്‌ യഹോവയുടെ ഉദ്ദേശ്യമാണ്‌. അതു തടയാൻ പ്രപഞ്ചത്തിൽ ഒരു ശക്തിക്കുമാവില്ല. ഇന്ന്‌ അനേകരും തിരിച്ചറിയാതിരിക്കുന്ന മറ്റൊരു സത്യവുമുണ്ട്‌​—⁠ചിലരുടെ കാര്യത്തിൽ മരണം ഒരു അനിവാര്യതയല്ല. എന്തുകൊണ്ട്‌? എണ്ണമറ്റ “ഒരു മഹാപുരുഷാരം” ആസന്നമായ ‘മഹാകഷ്ടത്തെ’ അതിജീവിക്കുമെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. (വെളിപ്പാടു 7:9, 10, 14) അതിനുശേഷം ശാശ്വതജീവന്റെ പ്രതീക്ഷയോടെ അവർ ജീവിതം തുടരും. അതുകൊണ്ടാണ്‌ അവരുടെ കാര്യത്തിൽ മരണം ഒരു അനിവാര്യതയല്ലെന്നു പറയാനാകുന്നത്‌. കൂടാതെ “മരണം നീങ്ങിപ്പോകു”കയും ചെയ്യും.​—⁠1 കൊരിന്ത്യർ 15:26.

3 പുനരുത്ഥാനത്തിന്റെ കാര്യത്തിൽ പൗലൊസ്‌ അപ്പൊസ്‌തലനുണ്ടായിരുന്നത്ര ഉറപ്പ്‌ നമുക്കുമുണ്ടായിരിക്കണം. അവൻ ഇങ്ങനെ പറഞ്ഞു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ മൂന്നു ചോദ്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം. ഒന്ന്‌, എന്താണ്‌ ഈ പ്രത്യാശയെ ഇത്ര ഉറപ്പുള്ളതാക്കിത്തീർക്കുന്നത്‌? രണ്ട്‌, പുനരുത്ഥാന പ്രത്യാശയിൽ നിങ്ങൾക്കു വ്യക്തിപരമായി ആശ്വാസം കണ്ടെത്താനാകുന്നത്‌ എങ്ങനെ? മൂന്ന്‌, ഇപ്പോൾ നിങ്ങളുടെ ജീവിതത്തിൽ എന്തു സ്വാധീനം ചെലുത്താൻ ഈ പ്രത്യാശയ്‌ക്കു കഴിയും?

പുനരുത്ഥാനം​—⁠ഒരു യാഥാർഥ്യം

4. പുനരുത്ഥാനം യഹോവയുടെ ഉദ്ദേശ്യനിവൃത്തിക്ക്‌ അത്യന്താപേക്ഷിതമായിരിക്കുന്നത്‌ ഏതു വിധത്തിൽ?

4 പുനരുത്ഥാനത്തെ ഒരു യഥാർഥ പ്രത്യാശയാക്കിത്തീർക്കുന്ന പല ഘടകങ്ങളുണ്ട്‌. അത്‌ യഹോവയുടെ ഉദ്ദേശ്യനിവൃത്തിക്ക്‌ അത്യന്താപേക്ഷിതമാണ്‌ എന്നതാണ്‌ ഒന്നാമത്തെ സംഗതി. സാത്താൻ മനുഷ്യവർഗത്തെ പാപത്തിലേക്കും അതിന്റെ അനിവാര്യ പരിണതഫലമായ മരണത്തിലേക്കും നയിച്ചുവെന്നത്‌ ഓർക്കുക. അതുകൊണ്ടാണ്‌ “അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു” എന്ന്‌ അവനെക്കുറിച്ചു യേശു പറഞ്ഞത്‌. (യോഹന്നാൻ 8:44) എന്നാൽ ‘പഴയ പാമ്പിന്റെ’ തലതകർക്കുന്ന, അതായത്‌ സാത്താനെ ഉന്മൂലനം ചെയ്യുന്ന ഒരു ‘സന്തതിയെ’ തന്റെ ഭാര്യാസമാന സ്വർഗീയ സംഘടനയാകുന്ന “സ്‌ത്രീ” ഉളവാക്കുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തു. (ഉല്‌പത്തി 3:1-6, 15; വെളിപ്പാടു 12:9, 10; 20:10) ആ മിശിഹൈക സന്തതിയെക്കുറിച്ചുള്ള അവന്റെ ഉദ്ദേശ്യത്തിന്റെ പൂർണരൂപം ഇതൾവിരിയവേ, സാത്താനെ നശിപ്പിക്കുന്നതു കൂടാതെ മറ്റുചില കാര്യങ്ങളും “സന്തതി” നിവർത്തിക്കുമെന്നു വ്യക്തമായിത്തീർന്നു. “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി” എന്ന്‌ ദൈവവചനം പറയുന്നു. (1 യോഹന്നാൻ 3:8) ആദാമിൽനിന്നു നാം അവകാശപ്പെടുത്തിയ പാപം വരുത്തിവെച്ച മരണം, യേശുക്രിസ്‌തുവിലൂടെ യഹോവ ‘അഴിക്കാൻ’ ഉദ്ദേശിക്കുന്ന സാത്താന്റെ പ്രവൃത്തികളിൽ ഒന്നാമതുവരുന്നു. ഇക്കാര്യത്തിൽ യേശുവിന്റെ മറുവിലയാഗവും മരിച്ചവരുടെ പുനരുത്ഥാനവും പരമപ്രധാനമാണ്‌.​—⁠പ്രവൃത്തികൾ 2:22-24; റോമർ 6:23.

5. പുനരുത്ഥാനം യഹോവയുടെ നാമത്തെ മഹത്വപ്പെടുത്തുന്നത്‌ എങ്ങനെ?

5 തന്റെ പവിത്രനാമം മഹത്വപ്പെടുത്തുകയെന്നതു യഹോവയുടെ ദൃഢനിശ്ചയമാണ്‌. സാത്താൻ ദൈവത്തിന്റെ നാമത്തെ ദുഷിക്കുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. ദൈവം വിലക്കിയിരുന്ന വൃക്ഷഫലം തിന്നാൽ ആദാമും ഹവ്വായും ‘നിശ്ചയമായും മരിക്കയില്ല’ എന്ന്‌ അവൻ പറഞ്ഞു. (ഉല്‌പത്തി 2:16, 17; 3:4) മരിക്കുമ്പോൾ ശരീരത്തെ വിട്ടുപോകുന്ന ഒരു അമർത്യ ആത്മാവുണ്ടെന്ന വ്യാജ പഠിപ്പിക്കൽപോലുള്ള സമാനമായ നുണകൾ അന്നുമുതൽ അവൻ ഊട്ടിവളർത്തിയിരിക്കുന്നു. എന്നാൽ പുനരുത്ഥാനത്തിലൂടെ യഹോവ അവന്റെ അത്തരം നുണകളെല്ലാം വെളിച്ചത്തുകൊണ്ടുവരും. താൻ മാത്രമാണ്‌ ജീവന്റെ പരിപാലകനും പുനഃസ്ഥാപകനുമെന്ന്‌ എന്നെന്നേക്കുമായി അവൻ തെളിയിക്കും.

6, 7. ആളുകളെ ജീവനിലേക്കു തിരികെക്കൊണ്ടുവരുന്നതിൽ യഹോവയ്‌ക്കുള്ള ചേതോവികാരം എന്താണ്‌, അതു മനസ്സിലാക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

6 പുനരുത്ഥാനം നിർവഹിക്കാൻ യഹോവ അതിയായി വാഞ്‌ഛിക്കുന്നു. ഇക്കാര്യത്തിലുള്ള അവന്റെ ചേതോവികാരം ബൈബിൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്‌ വിശ്വസ്‌ത മനുഷ്യനായിരുന്ന ഇയ്യോബിന്റെ പിൻവരുന്ന നിശ്വസ്‌ത വാക്കുകൾ ശ്രദ്ധിക്കുക: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും [“നിർബന്ധിത സേവനത്തിന്റെ നാളുകളിലൊക്കെയും,” NW] കാത്തിരിക്കാമായിരുന്നു. നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്‌പര്യമുണ്ടാകും [“വാഞ്‌ഛയുണ്ടാകും,” NW].” (ഇയ്യോബ്‌ 14:14, 15) എന്താണ്‌ ആ വാക്കുകളുടെ അർഥം?

7 മരണശേഷം കുറേക്കാലം താൻ മരണനിദ്രയിൽ കാത്തിരിക്കേണ്ടിവരുമെന്ന്‌ ഇയ്യോബ്‌ അറിഞ്ഞിരുന്നു. ആ കാലയളവിനെ ഒരു “നിർബന്ധിത സേവന”മായിട്ട്‌, അഥവാ മോചനത്തിനായി നിർബന്ധമായും കാത്തിരിക്കേണ്ട ഒരു കാലഘട്ടമായാണ്‌ അവൻ വീക്ഷിച്ചത്‌. മരണനിദ്രയിൽനിന്നു താൻ എണീറ്റുവരുമെന്ന കാര്യത്തിൽ ഇയ്യോബിനു തെല്ലും സംശയമുണ്ടായിരുന്നില്ല. എന്തുകൊണ്ടെന്നാൽ യഹോവയുടെ മനസ്സ്‌ അവനു നന്നായി അറിയാമായിരുന്നു. തന്റെ വിശ്വസ്‌ത ദാസനെ വീണ്ടും കാണാൻ യഹോവയ്‌ക്ക്‌ അതിയായ “വാഞ്‌ഛയു”ണ്ടായിരിക്കുമെന്ന്‌ അവനു ബോധ്യമുണ്ടായിരുന്നു. യഥാർഥത്തിൽ, നീതിമാന്മാരായ സകലരെയും ജീവനിലേക്കു തിരികെക്കൊണ്ടുവരാൻ യഹോവ കാംക്ഷിക്കുന്നു. പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം മറ്റുള്ളവർക്കും അവൻ നൽകും. (ലൂക്കൊസ്‌ 23:43; യോഹന്നാൻ 5:28, 29) ആ ഉദ്ദേശ്യം നിറവേറ്റുകയെന്നതു ദൈവഹിതമായിരിക്കെ, ആർക്കതു തടയാനാകും?

8. നമ്മുടെ ഭാവിപ്രത്യാശ സംബന്ധിച്ച്‌ യഹോവ “ഉറപ്പു നല്‌കി”യിരിക്കുന്നത്‌ എങ്ങനെ?

8 യേശുവിന്റെ പുനരുത്ഥാനം നമ്മുടെ ഭാവിപ്രത്യാശ ഉറപ്പാക്കുന്നു. അഥേനയിൽ പ്രസംഗിക്കവേ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: ‘താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായംവിധിപ്പാൻ [ദൈവം] ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേൽപ്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നൽകിയുമിരിക്കുന്നു.’ (പ്രവൃത്തികൾ 17:31) പുനരുത്ഥാനത്തെക്കുറിച്ചു കേട്ടപ്പോൾ ശ്രോതാക്കളിൽ ചിലർ പൗലൊസിനെ പരിഹസിച്ചു. മറ്റുചിലർ പക്ഷേ, വിശ്വാസികളായിത്തീർന്നു. പുനരുത്ഥാന പ്രത്യാശ സംബന്ധിച്ച്‌ ഉറപ്പു നൽകപ്പെട്ടിരിക്കുന്നുവെന്ന സത്യമായിരിക്കാം അവരെ സ്‌പർശിച്ചത്‌. യേശുവിനെ ഉയിർപ്പിച്ചത്‌ യഹോവ ചെയ്‌ത ഏറ്റവും വലിയ അത്ഭുതമായിരുന്നു. ശക്തനായ ഒരു ആത്മവ്യക്തിയായിട്ടാണ്‌ അവൻ തന്റെ പുത്രനെ മരണത്തിൽനിന്നു ജീവനിലേക്കു കൊണ്ടുവന്നത്‌. (1 പത്രൊസ്‌ 3:18) പുനരുത്ഥാനശേഷം യേശു, മനുഷ്യനാകുന്നതിനുമുമ്പ്‌ അവൻ എങ്ങനെയായിരുന്നോ അതിനെക്കാളെല്ലാം ഉന്നതനായിത്തീർന്നു. അമർത്യനും ശക്തിയുടെ കാര്യത്തിൽ പ്രപഞ്ചത്തിൽ രണ്ടാമനുമായ അവൻ തന്റെ പിതാവിൽനിന്നുള്ള അതിഗംഭീരമായ നിയമനങ്ങൾ കയ്യേൽക്കാൻ പറ്റിയ ഒരു സ്ഥാനത്താണിപ്പോൾ. സ്വർഗീയമോ ഭൗമികമോ ആയ മറ്റെല്ലാ പുനരുത്ഥാനങ്ങളും നിർവഹിക്കാൻ യഹോവ ഉപയോഗിക്കുന്നത്‌ അവനെയാണ്‌. യേശുതന്നെ ഇങ്ങനെ പറഞ്ഞു: “ഞാൻ . . . പുനരുത്ഥാനവും ജീവനും ആകുന്നു.” (യോഹന്നാൻ 5:25; 11:25) തന്റെ പുത്രനെ ഉയിർപ്പിച്ചതിലൂടെ, വിശ്വസ്‌തരായ സകലർക്കും യഹോവ പുനരുത്ഥാനം സംബന്ധിച്ച്‌ ഉറപ്പുനൽകി.

9. പുനരുത്ഥാനം ഒരു യാഥാർഥ്യമാണെന്നു ബൈബിൾരേഖ സ്ഥിരീകരിക്കുന്നത്‌ എങ്ങനെ?

9 ദൃക്‌സാക്ഷികൾക്കുമുമ്പാകെ പുനരുത്ഥാനങ്ങൾ നടന്നിരിക്കുന്നു, ദൈവവചനത്തിൽ അവ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. എട്ടു വ്യക്തികൾ ഭൗമിക ജീവനിലേക്ക്‌ ഉയിർപ്പിക്കപ്പെട്ടതിനെക്കുറിച്ച്‌ ബൈബിൾ വിശദമായി വിവരിക്കുന്നു. ആ അത്ഭുതങ്ങൾ രഹസ്യത്തിലല്ല പിന്നെയോ, മിക്കപ്പോഴും ദൃക്‌സാക്ഷികൾക്കുമുമ്പാകെയാണു നിർവഹിക്കപ്പെട്ടത്‌. മരിച്ചിട്ട്‌ നാലു ദിവസമായിരുന്ന ലാസറിനെ അവന്റെ കുടുംബാംഗങ്ങളും സ്‌നേഹിതരും അയൽക്കാരുമടങ്ങിയ ദുഃഖാർത്തരായ ജനം കണ്ടുനിൽക്കെ യേശു ഉയിർപ്പിച്ചു. യേശു ദൈവത്താൽ അയയ്‌ക്കപ്പെട്ടവനായിരുന്നു എന്നതിന്റെ ആ തെളിവ്‌ അതിശക്തമായിരുന്നതിനാൽ ആ പുനരുത്ഥാനം സംഭവിച്ചുവെന്ന കാര്യം അവന്റെ മതവൈരികൾ നിഷേധിച്ചില്ല. പകരം, യേശുവിനെയും ഒപ്പം ലാസറിനെയും കൊന്നുകളയാനാണ്‌ അവർ ശ്രമിച്ചത്‌! (യോഹന്നാൻ 11:17-44, 53; 12:9-11) തീർച്ചയായും, മരിച്ചവരുടെ പുനരുത്ഥാനമുണ്ടാകുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. നമുക്ക്‌ ആശ്വാസം പകരാനും നമ്മുടെ വിശ്വാസം ബലപ്പെടുത്താനുമാണ്‌ പൂർവകാല പുനരുത്ഥാനചരിത്രം ദൈവം തന്റെ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.

പുനരുത്ഥാന പ്രത്യാശയിൽ ആശ്വാസം കണ്ടെത്താനാകുന്ന വിധം

10. പുനരുത്ഥാനം സംബന്ധിച്ച ബൈബിൾ വിവരണങ്ങളിൽനിന്ന്‌ ആശ്വാസം കണ്ടെത്താൻ നമ്മെ എന്തു സഹായിക്കും?

10 ജീവൻ നഷ്ടമായേക്കാവുന്ന ഒരു സാഹചര്യത്തിലായിരിക്കുകയും ആശ്വാസത്തിനായി വാഞ്‌ഛിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? പുനരുത്ഥാനം സംബന്ധിച്ച ബൈബിൾരേഖ നിശ്ചയമായും നിങ്ങളെ ആശ്വസിപ്പിക്കും. അത്തരം വിവരണങ്ങൾ വായിക്കുകയും അവയെക്കുറിച്ചു ധ്യാനിക്കുകയും സംഭവങ്ങൾ ഭാവനയിൽ കാണുകയും ചെയ്യുമ്പോൾ പുനരുത്ഥാന പ്രത്യാശ നിങ്ങൾക്കു കൂടുതൽ യാഥാർഥ്യമായിത്തീരും. (റോമർ 15:4) ഉൾപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങൾ വെറും ഭാവനാസൃഷ്ടികളല്ല. മനുഷ്യചരിത്രത്തിന്റെ നാൾവഴിയിൽ ഈ ഭൂമുഖത്തു ജീവിച്ചിരുന്ന, നമ്മെപ്പോലുള്ള യഥാർഥ വ്യക്തികളാണവർ. ഉദാഹരണത്തിന്‌ ബൈബിൾ രേഖപ്പെടുത്തുന്ന ആദ്യ പുനരുത്ഥാനത്തെക്കുറിച്ചു നമുക്കിപ്പോൾ ചുരുക്കമായി ചിന്തിക്കാം.

11, 12. (എ) സാരെഫാത്തിലെ വിധവയ്‌ക്ക്‌ എന്ത്‌ അനർഥം നേരിടുന്നു, അവളുടെ ആദ്യപ്രതികരണം എന്തായിരുന്നു? (ബി) വിധവയ്‌ക്കായി എന്തു ചെയ്യാൻ യഹോവ ഏലീയാവിനെ പ്രാപ്‌തനാക്കിയെന്നു വിവരിക്കുക.

11 പ്രവാചകനായ ഏലീയാവ്‌ സാരെഫാത്തിലെ വിധവയുടെ അതിഥിയായി എത്തിയിട്ട്‌ ആഴ്‌ചകളായിരിക്കുന്നു. മുകളിലത്തെ മുറിയിലാണ്‌ അവന്റെ താമസം. വരൾച്ചയും വറുതിയും ദേശവാസികളെ ദുരിതത്തിലാഴ്‌ത്തിയിരിക്കുന്നു. പലരും മരണത്തിന്റെ പിടിയിലാകുന്നു. നാളുകൾ നീണ്ടുനിന്ന ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ട്‌ ഈ സാധുസ്‌ത്രീയുടെ വിശ്വാസത്തിനു പ്രതിഫലം നൽകാൻ യഹോവ ഇതിനോടകം ഏലീയാവിനെ ഉപയോഗിച്ചിരിക്കുന്നു. പട്ടിണിമരണത്തിന്റെ വക്കിലായിരുന്ന അവൾക്കും മകനും ഒരു നേരത്തേക്കുള്ള ഭക്ഷണം കൂടിയേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ്‌, അവൾക്കുണ്ടായിരുന്ന മാവും എണ്ണയും തീർന്നുപോകാതിരിക്കാൻ തക്കവണ്ണം ഏലീയാവിലൂടെ യഹോവ ആ അത്ഭുതം പ്രവർത്തിച്ചത്‌. എങ്കിലും ഇപ്പോൾ ദുരന്തം അവളെ എതിരേൽക്കുന്നു. അപ്രതീക്ഷിതമായി രോഗത്തിനടിപ്പെടുന്ന അവളുടെ മകൻ ഏറെത്താമസിയാതെ അന്ത്യശ്വാസംവലിക്കുന്നതോടെ ആ വിധവ ആകെ തകർന്നുപോകുന്നു! ഭർത്താവിന്റെ താങ്ങും തണലുമില്ലാതെയുള്ള ജീവിതംതന്നെ അവളെ വല്ലാതെ ഉലച്ചിരിക്കുകയാണ്‌, എന്നാൽ ഇപ്പോൾ ഒരേയൊരു മകനും അവളെ വിട്ടുപോയിരിക്കുന്നു. ദുഃഖത്തിന്റെ ആധിക്യത്തിൽ അവൾ ഏലീയാവിനെയും അവന്റെ ദൈവമായ യഹോവയെയും പഴിക്കുകപോലും ചെയ്യുന്നു! പ്രവാചകൻ എന്തു ചെയ്യും?

12 അന്യായമായി കുറ്റപ്പെടുത്തിയതിന്റെ പേരിൽ ഏലീയാവ്‌ വിധവയെ ശകാരിക്കുന്നില്ല. പകരം, “നിന്റെ മകനെ ഇങ്ങു തരിക” എന്ന്‌ അവൻ പറയുന്നു. മരിച്ചുപോയ ബാലനെ തന്റെ മുറിയിലേക്ക്‌ എടുത്തുകൊണ്ടുപോയശേഷം, അവനു ജീവൻ തിരിച്ചുകിട്ടേണ്ടതിനായി പ്രവാചകൻ പലവട്ടം പ്രാർഥിക്കുന്നു. ഒടുവിൽ യഹോവ പ്രതികരിക്കുന്നു! കുട്ടി ശ്വസിക്കാൻ തുടങ്ങുന്നതും അവന്റെ കുരുന്നു ശരീരം മെല്ലെ ചലിക്കുന്നതും കാണുമ്പോൾ ഏലീയാവിന്റെ മുഖത്തു പടരുന്ന സന്തോഷം ഒന്നു വിഭാവന ചെയ്യൂ. ആ കുഞ്ഞിന്റെ വിടർന്ന മിഴികളിൽ ജീവന്റെ തിളക്കം. ബാലനുമായി അമ്മയുടെ അടുക്കലേക്കു ചെന്ന്‌ അവൻ ഇങ്ങനെ പറയുന്നു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു.” അവൾക്കു സന്തോഷം അടക്കാനാകുന്നില്ല. “നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു” എന്ന്‌ അവൾ പ്രതിവചിക്കുന്നു. (1 രാജാക്കന്മാർ 17:8-24) യഹോവയിലും അവന്റെ പ്രവാചകനിലുമുള്ള അവളുടെ വിശ്വാസം പൂർവാധികം ശക്തമായിത്തീരുന്നു.

13. ഏലീയാവ്‌ ഒരു വിധവയുടെ മകനെ ഉയിർപ്പിച്ചതിനെക്കുറിച്ചുള്ള വിവരണം നമുക്കിന്ന്‌ ആശ്വാസം പകരുന്നത്‌ എന്തുകൊണ്ട്‌?

13 ഇത്തരം വിവരണങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത്‌ നിങ്ങൾക്ക്‌ എത്രയും ആശ്വാസം പകരുമെന്നതിൽ സംശയമില്ല. നമ്മുടെ ശത്രുവായ മരണത്തെ തറപറ്റിക്കാൻ യഹോവയ്‌ക്കു കഴിയുമെന്നതു വ്യക്തം! മരിച്ചവർ ജീവനിലേക്കു വരുന്ന നാളിൽ ആ വിധവയെപ്പോലെ സന്തോഷിക്കുന്ന അനേകായിരങ്ങളുടെ ചിത്രം ഒന്നു സങ്കൽപ്പിച്ചുനോക്കൂ! തന്റെ പുത്രനെ ഉപയോഗിച്ച്‌ ഭൂമിയിലെങ്ങുമുള്ള മരിച്ചവരെ യഹോവ ഉയിർപ്പിക്കുമ്പോൾ സ്വർഗത്തിലും മഹാസന്തോഷം അലയടിക്കും. (യോഹന്നാൻ 5:28, 29) മരണം നിങ്ങളുടെ പ്രിയപ്പെട്ട ആരെയെങ്കിലും കവർന്നെടുത്തിട്ടുണ്ടോ? മരിച്ചവർക്കു വീണ്ടും ജീവൻ നൽകാൻ യഹോവയ്‌ക്കു കഴിയുമെന്നും അവൻ അങ്ങനെ ചെയ്യുമെന്നും അറിയുന്നത്‌ എത്ര പുളകപ്രദമാണ്‌!

പുനരുത്ഥാന പ്രത്യാശയും നിങ്ങളുടെ ഇപ്പോഴത്തെ ജീവിതവും

14. നിങ്ങളുടെ ജീവിതത്തിൽ എന്തു സ്വാധീനം ചെലുത്താൻ പുനരുത്ഥാന പ്രത്യാശയ്‌ക്കു കഴിയും?

14 ഇപ്പോൾ നിങ്ങളുടെ ജീവിതത്തിൽ എന്തു സ്വാധീനം ചെലുത്താൻ പുനരുത്ഥാന പ്രത്യാശയ്‌ക്കു കഴിയും? ക്ലേശങ്ങളും വെല്ലുവിളികളും പീഡനവും ആപത്തും നേരിടുമ്പോൾ ഈ പ്രത്യാശ നിങ്ങൾക്കു ശക്തിപകരും. സുരക്ഷിതത്വത്തിന്റെ പൊള്ളയായ വാഗ്‌ദാനങ്ങളിൽ ആശ്രയിച്ചുകൊണ്ട്‌ നിർമലത കൈവെടിയാൻ പ്രേരിതരാകുന്ന അളവോളം മരണം നിങ്ങളെ ഭീതിയിലാഴ്‌ത്താൻ സാത്താൻ ആഗ്രഹിക്കുന്നു. “മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” എന്ന്‌ അവൻ യഹോവയോടു പറഞ്ഞുവെന്നത്‌ ഓർക്കുക. (ഇയ്യോബ്‌ 2:4) അതുവഴി, നിങ്ങൾ ഉൾപ്പെടെ എല്ലാവരെയും അവൻ നിന്ദിച്ചിരിക്കുന്നു. ആപത്തു നേരിടുന്നപക്ഷം നിങ്ങൾ ദൈവസേവനം കൈവിടുമെന്ന അവന്റെ ആരോപണം സത്യമാണോ? പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു വിചിന്തനം ചെയ്യുന്നതിലൂടെ നിങ്ങളുടെ സ്വർഗീയ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ അവിരാമം തുടരാനുള്ള നിങ്ങളുടെ നിശ്ചയദാർഢ്യം സുദൃഢമാക്കാൻ നിങ്ങൾക്കാകും.

15. മത്തായി 10:​28-ലെ യേശുവിന്റെ വാക്കുകൾ ആപത്‌ഘട്ടങ്ങളിൽ നമുക്ക്‌ ആശ്വാസമായേക്കാവുന്നത്‌ എങ്ങനെ?

15 “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ [“ഗീഹെന്നയിൽ,” NW] നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ” എന്ന്‌ യേശു പറഞ്ഞു. (മത്തായി 10:28) സാത്താന്റെയോ അവന്റെ മനുഷ്യ ഏജന്റുമാരുടെയോ മുമ്പിൽ നാം ഭയന്നുവിറയ്‌ക്കേണ്ടതില്ല. നമ്മെ ദ്രോഹിക്കാനും കൊല്ലാനുംപോലും ചിലർക്കു കഴിഞ്ഞേക്കാമെന്നതു സത്യംതന്നെ. എന്നിരുന്നാലും അവർക്കു ചെയ്യാനാകുന്ന എന്തും താത്‌കാലികം മാത്രമാണ്‌. തന്റെ വിശ്വസ്‌ത ദാസർക്കു ഭവിക്കുന്ന ഏതൊരു ഹാനിയും പരിഹരിക്കാൻ യഹോവ പ്രാപ്‌തനാണ്‌, അവരെ ഉയിർപ്പിച്ചുകൊണ്ടുപോലും അവൻ അങ്ങനെ ചെയ്യും. നമ്മുടെ ഭയഭക്തിയും ആഴമായ ആദരവും അർഹിക്കുന്നത്‌ അവൻ മാത്രമാണ്‌. “ദേഹിയെയും ദേഹത്തെയും” ഗീഹെന്നയിൽ നശിപ്പിക്കാൻ, അതായത്‌ ഒരു വ്യക്തിയുടെ ജീവനും അതോടൊപ്പം ഭാവിപ്രത്യാശയും ഇല്ലാതാക്കാൻ കഴിയുന്നത്‌ അവനു മാത്രമാണ്‌. എന്നാൽ സന്തോഷകരമെന്നുപറയട്ടെ, നിങ്ങളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. (2 പത്രൊസ്‌ 3:9) പുനരുത്ഥാന പ്രത്യാശയുള്ളതിനാൽ, ദൈവദാസരായ നാം അവന്റെ കൈകളിൽ സുരക്ഷിതരാണെന്ന്‌ എല്ലായ്‌പോഴും നമുക്കുറപ്പുള്ളവരായിക്കാൻ കഴിയും. നാം വിശ്വസ്‌തരായിരിക്കുന്നിടത്തോളം, എന്നെന്നും ജീവിക്കാനുള്ള പ്രത്യാശ നമുക്കുണ്ടായിരിക്കും; അക്കാര്യത്തിൽ സാത്താനും അവന്റെ പിണയാളുകൾക്കും ഒന്നും ചെയ്യാനാവില്ല.​—⁠സങ്കീർത്തനം 118:6; എബ്രായർ 13:⁠6.

16. പുനരുത്ഥാനം സംബന്ധിച്ച നമ്മുടെ വീക്ഷണം, ജീവിതത്തിൽ നാം എന്തു മുൻഗണനകൾ വെക്കുന്നുവെന്ന കാര്യത്തിൽ സ്വാധീനം ചെലുത്തുന്നത്‌ എങ്ങനെ?

16 പുനരുത്ഥാന പ്രത്യാശ നമുക്കു യഥാർഥമാണെങ്കിൽ നമ്മുടെ ജീവിതവീക്ഷണത്തെ കരുപ്പിടിപ്പിക്കാൻ അതിനു കഴിയും. “ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം [യഹോവയാം] കർത്താവിന്നുള്ള”വരാണെന്നു നമുക്കറിയാം. (റോമർ 14:7, 8) അതുകൊണ്ട്‌ “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” എന്ന പൗലൊസിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ നാം ജീവിതത്തിൽ മുൻഗണനകൾ വെക്കുന്നു. (റോമർ 12:2) തങ്ങളുടെ സ്വപ്‌നങ്ങളും ആശകളും, ക്ഷണത്തിൽ മൊട്ടിടുന്ന മോഹങ്ങളും ഒന്നൊഴിയാതെ തൃപ്‌തിപ്പെടുത്താനുള്ള പരക്കംപാച്ചിലിലാണ്‌ ഇന്ന്‌ അനേകരും. ജീവിതം ഹ്രസ്വമാണെന്നു കരുതുന്നതിനാൽ അവർ ഉല്ലാസങ്ങൾക്കായി നെട്ടോട്ടമോടുകയാണ്‌. കൂടാതെ, അവർ ഏതെങ്കിലും ആരാധനാരീതി പിൻപറ്റുന്നുണ്ടെങ്കിൽത്തന്നെ, ‘പൂർണതയുള്ള ദൈവഹിത’വുമായി അത്‌ ഒരുപ്രകാരത്തിലും യോജിപ്പിലല്ല.

17, 18. (എ) യഹോവയുടെ വചനം മനുഷ്യജീവിതത്തിന്റെ ക്ഷണികത വരച്ചുകാട്ടുന്നത്‌ എങ്ങനെ, എന്നാൽ ദൈവം നമുക്ക്‌ എന്തു ഭാവി വെച്ചുനീട്ടുന്നു? (ബി) യഹോവയെ നാൾതോറും സ്‌തുതിക്കാൻ നാം പ്രചോദിതരാകുന്നത്‌ എന്തുകൊണ്ട്‌?

17 ഈ ജീവിതം ഹ്രസ്വമാണെന്നതു സത്യംതന്നെ. “അതു വേഗം തീരുകയും” നമ്മൾ “പറന്നു പോകയും ചെയ്യുന്നു” എന്നു ബൈബിൾ പറയുന്നു; എഴുപതോ എൺപതോ വർഷംമാത്രമായിരിക്കാം നമ്മുടെ ആയുസ്സ്‌. (സങ്കീർത്തനം 90:10) പുല്ലുപോലെയും കടന്നുപോകുന്ന നിഴൽപോലെയും ഒരു ശ്വാസംപോലെയും മനുഷ്യർ അരങ്ങൊഴിയുന്നു. (സങ്കീർത്തനം 103:15; 144:3, 4) എന്നാൽ വർഷങ്ങൾകൊണ്ട്‌ കുറെയൊക്കെ അറിവും അനുഭവജ്ഞാനവും നേടി ജീവിതവസന്തത്തിലെത്തിയശേഷം, തുടർന്നുള്ള ഏതാനും പതിറ്റാണ്ടുകളിൽ ക്രമേണ ആരോഗ്യം ക്ഷയിച്ച്‌ വാർധക്യത്തിന്റെ പടവുകൾ താണ്ടി നാം മരണത്തിലേക്കു നടന്നകലണമെന്നതായിരുന്നില്ല ദൈവോദ്ദേശ്യം. എന്നേക്കും ജീവിക്കാനുള്ള ആഗ്രഹത്തോടെയാണു യഹോവ നമ്മെ സൃഷ്ടിച്ചത്‌. അവൻ “നിത്യത . . . മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:11) അങ്ങനെയൊരു ആഗ്രഹം നമുക്കു നൽകിയിട്ട്‌ അതു സഫലമാകാൻ അനുവദിക്കാതിരിക്കുമാറ്‌ അത്രയ്‌ക്കും ക്രൂരനാണോ ദൈവം? ഒരിക്കലുമല്ല, എന്തുകൊണ്ടെന്നാൽ “ദൈവം സ്‌നേഹ”മാണ്‌. (1 യോഹന്നാൻ 4:8) മരിച്ചുപോയിട്ടുള്ളവർക്കു നിത്യം ജീവിക്കാനുള്ള അവസരം ലഭിക്കേണ്ടതിന്‌ നിശ്ചയമായും അവൻ അവരെ ഉയിർപ്പിക്കും.

18 പുനരുത്ഥാന പ്രത്യാശയുള്ളതിനാൽ, മരിക്കേണ്ടിവന്നാൽപ്പോലും നമ്മുടെ ഭാവി ഭദ്രമാണ്‌. നമ്മുടെ കഴിവുകളും പ്രാപ്‌തികളുമെല്ലാം ഇപ്പോൾത്തന്നെ പരമാവധി ഉപയോഗിക്കേണ്ടതുണ്ടെന്ന ചിന്തയാൽ നാം പരിഭ്രാന്തരാകേണ്ടതില്ല. നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഈ ലോകത്തെ നാം “പൂർണമായി” വിനിയോഗിക്കേണ്ടതുമില്ല. (1 കൊരിന്ത്യർ 7:29-31, NW; 1 യോഹന്നാൻ 2:17) പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെയല്ല നാം. യഹോവയാം ദൈവത്തോടു വിശ്വസ്‌തരായി നിലകൊള്ളുന്നപക്ഷം അനന്തകാലം അവനെ സ്‌തുതിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള അതിമഹത്തായ അവസരം തുറന്നുകിട്ടുമെന്നു നമുക്കറിയാം. ആയതിനാൽ പുനരുത്ഥാനം ഒരു യാഥാർഥ്യമാക്കിത്തീർക്കുന്ന യഹോവയാം ദൈവത്തെ നാൾതോറും നമുക്കു സ്‌തുതിക്കാം!

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• പുനരുത്ഥാനത്തെക്കുറിച്ച്‌ നമുക്ക്‌ എങ്ങനെയുള്ള വീക്ഷണമുണ്ടായിരിക്കണം?

• ഏതു കാര്യങ്ങൾ പുനരുത്ഥാന പ്രത്യാശയെ ഒരു യാഥാർഥ്യമാക്കിത്തീർക്കുന്നു?

• പുനരുത്ഥാന പ്രത്യാശയിൽനിന്ന്‌ നിങ്ങൾക്ക്‌ ആശ്വാസം കണ്ടെത്താനാകുന്നത്‌ എങ്ങനെ?

• പുനരുത്ഥാന പ്രത്യാശയ്‌ക്കു നിങ്ങളുടെ ജീവിതത്തിൽ എന്തു സ്വാധീനം ചെലുത്താനാകും?

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ചിത്രം]

നീതിമാന്മാരെ ഉയിർപ്പിക്കാൻ യഹോവ വാഞ്‌ഛിക്കുന്നുവെന്ന്‌ ഇയ്യോബിന്‌ അറിയാമായിരുന്നു

[29-ാം പേജിലെ ചിത്രം]

“ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു”