വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രശ്‌നപൂരിത ലോകത്തിൽ പ്രത്യാശയുടെ കിരണങ്ങൾ

പ്രശ്‌നപൂരിത ലോകത്തിൽ പ്രത്യാശയുടെ കിരണങ്ങൾ

പ്രശ്‌നപൂരിത ലോകത്തിൽ പ്രത്യാശയുടെ കിരണങ്ങൾ

“സമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടി പ്രവർത്തിക്കാനും അതിന്റെ പൊതുവായ പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള സ്വാധീനശക്തി മുമ്പെന്നത്തെക്കാളുമധികം ഇന്നു പൊതുജനങ്ങൾക്കുണ്ട്‌.” 2006 മാർച്ചിൽ കാനഡയിലെ ഒട്ടാവയിൽ നടന്ന ഒരു സമ്മേളനത്തിൽവെച്ച്‌ അമേരിക്കയുടെ മുൻ പ്രസിഡന്റ്‌ ബിൽ ക്ലിന്റൻ പറഞ്ഞ വാക്കുകളാണവ. 2004-ലെ സുനാമിക്കു ശേഷം സന്മനോഭാവത്തിന്റേതായ ഒരു പ്രവണത ആഗോളതലത്തിൽ വളർന്നു വരുന്നുണ്ടെന്ന്‌ അദ്ദേഹം നിഗമനം ചെയ്‌തു. ശുഭാപ്‌തിവിശ്വാസം ധ്വനിപ്പിക്കുന്ന ഈ വാക്കുകളും അദ്ദേഹം കൂട്ടിച്ചേർത്തു: “മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം പരസ്‌പരം ആശ്രയിക്കുന്ന” ഒരു ലോകമാണ്‌ ഇന്നുള്ളത്‌.

ഒരു നല്ല നാളേക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ ഏതെങ്കിലുമൊരു പ്രകൃതിദുരന്തത്തിനുവേണ്ടി ആളുകൾ കാത്തിരിക്കേണ്ടതുണ്ടോ? ‘മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഈ പരസ്‌പരാശ്രയത്വം’ സമാധാനപൂർണവും സുരക്ഷിതവുമായ ഒരു ഭാവി ഉറപ്പുനൽകുന്നുണ്ടോ?

യഥാർഥ പ്രത്യാശയുടെ ഉറവിടം

മനുഷ്യൻ എന്നും അന്യോന്യം നിരാശപ്പെടുത്തിയിട്ടേയുള്ളു എന്നതിന്റെ തെളിവാണ്‌ ആറായിരത്തിലേറെ വർഷം നീളുന്ന അവന്റെ ചരിത്രം. അതുകൊണ്ടുതന്നെ നിശ്വസ്‌ത തിരുവെഴുത്തുകൾ ഉപദേശിക്കുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്‌.” (സങ്കീർത്തനം 146:3) മാത്രമല്ല ബൈബിൾ ഇങ്ങനെയും പറയുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു.” (1 യോഹന്നാൻ 2:17) അതുകൊണ്ട്‌ ഈ ലോകത്തിന്റെ സംഘടനകളിലും അതിന്റെ ഭൗതിക ആസ്‌തികളിലും സ്വപ്‌നങ്ങളിലും പ്രത്യാശയർപ്പിക്കുന്നത്‌ എത്ര നിരർഥകമാണ്‌!

എന്നാൽ നൂറ്റാണ്ടുകളിലുടനീളം നീതിമാന്മാരായ ആളുകൾ ദൈവത്തിൽ തങ്ങളുടെ സുനിശ്ചിത പ്രത്യാശ വെച്ചിട്ടുണ്ട്‌. ബൈബിൾ അവനെ “[പുരാതന] യിസ്രായേലിന്റെ പ്രത്യാശ” എന്നും “അവരുടെ [ഇസ്രായേല്യ] പിതാക്കന്മാരുടെ പ്രത്യാശ” എന്നും വിളിക്കുന്നു. അവനിലുള്ള ആശ്രയവും പ്രത്യാശയും ദൃഢവിശ്വാസവും വെളിപ്പെടുത്തുന്ന വാക്കുകൾ ഇനിയും അതിൽ കാണാനാകും. (യിരെമ്യാവു 14:8; 17:13; 50:7) അതേ, ‘യഹോവയിങ്കൽ പ്രത്യാശവെക്കാനാണ്‌’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌.​—⁠സങ്കീർത്തനം 27:14.

അതു നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) ഇത്തരമൊരു വാഗ്‌ദാനത്തിൽ പൂർണമായി വിശ്വസിക്കുന്നതിനുള്ള എല്ലാ കാരണങ്ങളും നിങ്ങൾക്കുണ്ട്‌, കാരണം യഹോവയാം ദൈവം മാറാത്തവനാണ്‌, ആശ്രയയോഗ്യനാണ്‌, വാക്കുപാലിക്കുന്നവനാണ്‌. (മലാഖി 3:6; യാക്കോബ്‌ 1:17) നിങ്ങൾക്കുവേണ്ടി ഏറ്റവും നല്ലതുതന്നെ അവൻ ആഗ്രഹിക്കുന്നു. അവന്റെ വചനമായ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു നിരന്തരം ശ്രദ്ധകൊടുത്താൽ, ഭീതിനിറഞ്ഞ ഈ നാളുകളിൽ നിങ്ങൾക്കു വിജയകരമായി മുമ്പോട്ടുപോകാനാകും.​—⁠യെശയ്യാവു 48:17, 18.

മുഴുഹൃദയത്തോടെ ദൈവത്തിന്റെ മാർഗനിർദേശങ്ങൾ പിൻപറ്റുന്നവർക്ക്‌ യഹോവ ഈ ഉറപ്പുനൽകുന്നു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” (യെശയ്യാവു 41:10) ഈ ഉറപ്പിനെക്കുറിച്ചുള്ള ധ്യാനവും ഉള്ളുരുകിയുള്ള പ്രാർഥനയും യഹോവയെ ആത്മാർഥമായി സ്‌നേഹിക്കുന്നവർക്ക്‌ അളവറ്റ ആശ്വാസം പ്രദാനം ചെയ്യും. കാരണം, ദുർഘടസമയങ്ങളിലും ഉത്‌കണ്‌ഠകളിലും അത്‌ അവർക്കൊരു കൈത്താങ്ങാണ്‌.

യഹോവയുടെ സാക്ഷികളിൽ ഒരാളും രണ്ടു കുട്ടികളുടെ മാതാവുമായ ആൻഡ്രിയ പറയുന്നതൊന്നു ശ്രദ്ധിക്കാം: “ജീവിതത്തിൽ പ്രശ്‌നങ്ങൾ തലപൊക്കിയപ്പോഴൊക്കെ, പ്രാർഥനയും യഹോവയുടെ വാഗ്‌ദാനങ്ങളെക്കുറിച്ചുള്ള ധ്യാനവുമാണ്‌ പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത്‌. യഹോവ എന്നെന്നും എന്റെ ആശ്രയമാണെങ്കിൽ ഏതൊരു പ്രശ്‌നത്തെയും സമചിത്തതയോടെ നേരിടുക എളുപ്പമാണെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു.”

യഹോവയിലുള്ള പ്രത്യാശ ഉറപ്പുള്ളതാക്കുക

യഹോവയിൽ പ്രത്യാശിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്‌ ഒരു സങ്കീർത്തനക്കാരൻ എഴുതി: “നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്‌ചെക്കു സംഗതി ഏതുമില്ല.” (സങ്കീർത്തനം 119:165) “സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും”കൊണ്ട്‌ നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും നിറയ്‌ക്കുന്നതിന്‌ ദൈവവചനത്തിന്റെ ആത്മാർഥമായ പഠനം ഒരു വലിയ സഹായമാണ്‌. ഇത്തരം കാര്യങ്ങൾ കേൾക്കാനും പഠിക്കാനും സ്വീകരിക്കാനും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും നിങ്ങൾ നന്നായി ശ്രമിക്കുന്നെങ്കിൽ, “സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.”​—⁠ഫിലിപ്പിയർ 4:8, 9.

ദശാബ്ദങ്ങളുടെ അനുഭവസമ്പത്തുള്ള ജോൺ പറയുന്നു: “ഭാവിയെ സംബന്ധിച്ച എന്റെ ധാരണകൾക്കു മാറ്റം വരുത്തുന്നതിന്‌ എന്റെ വ്യക്തിത്വത്തിലും ചിന്തയിലും സാരമായ മാറ്റം വരുത്തിക്കൊണ്ട്‌ പൂർണനും അദൃശ്യനുമായ ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കേണ്ടിയിരുന്നു. ദൈവവുമായി അത്തരമൊരു ബന്ധം സ്ഥാപിക്കുന്നതിനുള്ള ഏക വഴി ഒരു ആത്മീയ വ്യക്തിയായിത്തീരുക, അതായത്‌ ദൈവത്തിന്റെ നിശ്വസ്‌ത വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്‌തുകൊണ്ട്‌ ദൈവഭയമുള്ള, അവനുമായുള്ള ബന്ധത്തെ വിലമതിക്കുന്ന ഒരു വ്യക്തിയായിത്തീരുക എന്നതായിരുന്നു.”

ദിനംതോറും മാധ്യമങ്ങളിലൂടെ നിങ്ങളുടെ മുന്നിൽ എത്തുന്ന വിഷലിപ്‌തമായ സംഗതികളിൽനിന്നു നിങ്ങളെ സംരക്ഷിക്കാനുള്ള ഏറ്റവും മെച്ചമായ നടപടി, തിരുവെഴുത്തുകളിൽനിന്നു ലഭ്യമാകുന്ന ഉന്മേഷപ്രദവും ജീവദായകവുമായ സത്യത്തിന്റെ ജലം കുടിക്കുകയെന്നതാണ്‌. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിലൂടെ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും ജീവിതോത്‌കണ്‌ഠകൾ കുറയ്‌ക്കാനും സാധിക്കും. ഇതിനെല്ലാം ഉപരിയായി “തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു” താൻ നോക്കിയിരിക്കുകയാണെന്നു ദൈവം നമ്മോടു പറയുന്നു. (2 ദിനവൃത്താന്തം 16:9) നിങ്ങൾക്ക്‌ മേലാൽ ഉത്‌കണ്‌ഠപ്പെടാൻ സംഗതി വരാത്തവിധത്തിൽ അവൻ കാര്യങ്ങൾക്കു പരിഹാരം ഉണ്ടാക്കും.

യുദ്ധങ്ങളെയും കൂട്ടക്കൊലകളെയും അതിജീവിച്ച ഫിനോസ്‌ പറയുന്നു: “യഹോവയുടെ സുരക്ഷിത കരങ്ങളിൽ എന്റെ ജീവനെ ഏൽപ്പിക്കുവാൻ ഞാൻ പഠിച്ചിരിക്കുന്നു. ബൈബിൾ തത്ത്വങ്ങളോടു പറ്റിനിന്നത്‌ പല പ്രശ്‌നങ്ങളും ഒഴിവാക്കാൻ എന്നെ സഹായിച്ചു.” നിങ്ങൾ ശരിക്കും യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ വൻമതിൽപോലെ നിൽക്കുന്ന ഏതു പ്രതിബന്ധങ്ങളെയും മറികടക്കാൻ അവനു നിങ്ങളെ സഹായിക്കാനാകും. (സങ്കീർത്തനം 18:29) മാതാപിതാക്കളുമായി ഉറ്റബന്ധം പുലർത്തുന്ന ഒരു കുട്ടി, അവരെ പൂർണമായി ആശ്രയിക്കുകയും അവരുടെ സംരക്ഷണയിൽ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യും, അവനു രോഗമോ എന്തെങ്കിലും അസ്വസ്ഥതയോ ഉള്ളപ്പോൾപ്പോലും. യഹോവയിൽ പ്രത്യാശിക്ക എന്ന ഉദ്‌ബോധനം നിങ്ങൾ ചെവിക്കൊള്ളുന്നെങ്കിൽ, സമാനമായ ഒരു സുരക്ഷിതബോധം നിങ്ങൾക്കും അനുഭവിക്കാനാകും.​—⁠സങ്കീർത്തനം 37:34.

പ്രത്യാശയ്‌ക്കുള്ള ഒരു ഉറച്ച അടിസ്ഥാനം

യേശുക്രിസ്‌തു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) ഭൂമിയിൽ തന്റെ നിയമാനുസൃത പരമാധികാരം പ്രയോഗിക്കുന്നതിനുള്ള ദൈവത്തിന്റെ മാർഗമാണ്‌ സ്വർഗീയ രാജ്യം, അഥവാ യേശുക്രിസ്‌തുവിന്റെ നേതൃത്വത്തിലുള്ള ഒരു ഗവൺമെന്റ്‌.​—⁠സങ്കീർത്തനം 2:7-12; ദാനീയേൽ 7:13, 14.

ഇന്നു ജീവിതത്തിന്റെ സമസ്‌തമണ്ഡലങ്ങളിലുമുള്ള ആളുകളെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭയം ഗ്രസിച്ചിരിക്കുന്നു. ദിവ്യ ഇടപെടൽ അനിവാര്യമാണെന്നാണ്‌ ഇതു വ്യക്തമായി സൂചിപ്പിക്കുന്നത്‌. ആ ദിവ്യ ഇടപെടലിനുള്ള സമയം ഇങ്ങെത്തി എന്നറിയുന്നത്‌ സന്തോഷകരമല്ലേ? യഹോവയുടെ പരമാധികാരമാണു ശരിയെന്ന്‌ തെളിയിക്കാനും അവന്റെ നാമത്തിന്‌ ഏറ്റ കളങ്കം നീക്കിക്കളയാനുമുള്ള ചുമതല ഭരമേൽപ്പിച്ചിരിക്കുന്നത്‌ മിശിഹൈക രാജാവായി അവൻ ഇപ്പോൾ വാഴിച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയാണ്‌. (മത്തായി 28:18) പെട്ടെന്നുതന്നെ ആ സ്വർഗീയരാജ്യം ഭൂമിയുടെമേൽ അതിന്റെ ശ്രദ്ധ തിരിക്കുകയും ഭയവും ഉത്‌കണ്‌ഠയും ഇവിടെ വിതയ്‌ക്കുന്ന കരങ്ങൾ നശിപ്പിച്ചുകളയുകയും ചെയ്യും. നമ്മുടെ ഭയാശങ്കകൾ നീക്കാൻ പ്രാപ്‌തിയുള്ള ഭരണാധികാരിയാണ്‌ യേശുവെന്ന്‌ യെശയ്യാവു 9:6-ൽ അവനു നൽകിയിരിക്കുന്ന സ്ഥാനപ്പേരുകൾ കാണിക്കുന്നു. ഉദാഹരണത്തിന്‌, “നിത്യപിതാവ്‌,” “അത്ഭുതമന്ത്രി,” “സമാധാനപ്രഭു” എന്നൊക്കെ അവനെ വിശേഷിപ്പിച്ചിരിക്കുന്നു.

“നിത്യപിതാവ്‌” എന്നുള്ള സ്‌നേഹാർദ്രമായ ആ വിശേഷണത്തെക്കുറിച്ച്‌ ഒന്നു ചിന്തിക്കാം. ഭൂമിയിൽ നിത്യമായി ജീവിക്കാനുള്ള അവസരം തന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ അനുസരണയുള്ള മനുഷ്യർക്കു പ്രദാനംചെയ്യാനുള്ള ശക്തിയും അധികാരവും അതുപോലെതന്നെ താത്‌പര്യവും യേശുവിനുണ്ട്‌ എന്നാണതു കാണിക്കുന്നത്‌. ഇതിനർഥം, ആദാമിൽനിന്ന്‌ അവകാശപ്പെടുത്തിയ പാപത്തിൽനിന്നും അപൂർണതയിൽനിന്നും മനുഷ്യർ ആത്യന്തികമായി മോചിപ്പിക്കപ്പെടുമെന്നാണ്‌. (മത്തായി 20:28; റോമർ 5:12; 6:23) ദൈവദത്തമായ അധികാരം ഉപയോഗിച്ച്‌ ക്രിസ്‌തു മരിച്ചുപോയ അനേകരെ ജീവനിലേക്കു കൊണ്ടുവരും.​—⁠യോഹന്നാൻ 11:25, 26.

“അത്ഭുതമന്ത്രി,” അഥവാ വിസ്‌മയനീയനായ ഉപദേഷ്ടാവ്‌ ആണു താനെന്ന്‌ ഭൂമിയിലായിരുന്നപ്പോൾ യേശു തെളിയിച്ചിരുന്നു. ദൈവവചനത്തിന്റെ പരിജ്ഞാനവും മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ആഴമായ അറിവും ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങൾക്കു പരിഹാരം നിർദേശിക്കാൻ അവനെ പ്രാപ്‌തനാക്കി. സ്വർഗത്തിൽ സിംഹാസനസ്ഥനായതുമുതൽ, മനുഷ്യരുമായുള്ള യഹോവയുടെ വിനിമയസരണിയിലെ മുഖ്യ വക്താവ്‌ ആയി പ്രവർത്തിച്ചുകൊണ്ട്‌ ക്രിസ്‌തു വിസ്‌മയനീയനായ ഉപദേഷ്ടാവായി തുടർന്നും സേവിക്കുന്നു. യേശുവിന്റെ ഉപദേശങ്ങൾ ജ്ഞാനസമ്പൂർണവും പിഴവറ്റതുമാണ്‌, ബൈബിളിൽ ഇവ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ കാര്യങ്ങളൊക്കെ അറിയുന്നതും വിശ്വസിക്കുന്നതും, ഭയാശങ്കകളിൽനിന്നു വിമുക്തമായ ഒരു ജീവിതത്തിലേക്കു നിങ്ങളെ നയിക്കും.

യെശയ്യാവു 9:​6, യേശുവിനെ “സമാധാനപ്രഭു” എന്നും വിളിച്ചിരിക്കുന്നു. ആ അധികാരം ഉപയോഗിച്ചുകൊണ്ട്‌ രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ എല്ലാ അസമത്വങ്ങളും ക്രിസ്‌തു പെട്ടെന്നുതന്നെ തുടച്ചുനീക്കും. മുഴു മനുഷ്യവർഗത്തെയും സമാധാനപൂർണമായ മിശിഹൈകരാജ്യത്തിന്റെ കുടക്കീഴിൽ അണിനിരത്തിക്കൊണ്ടാണ്‌ അവൻ അതു ചെയ്യുന്നത്‌.​—⁠ദാനീയേൽ 2:44.

ആ ഭരണത്തിൻകീഴിൽ ഭൂമിയിലെങ്ങും സമാധാനസമൃദ്ധി കളിയാടും. നിങ്ങൾക്ക്‌ എന്തുകൊണ്ടിതു വിശ്വസിക്കാം? യെശയ്യാവു 11:9 അതു വിശദീകരിക്കുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്‌കയില്ല.” ആത്യന്തികമായി ഭൂമിയിലുള്ള എല്ലാ മനുഷ്യർക്കും ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനം ഉണ്ടായിരിക്കുകയും അവർ ദൈവത്തെ അനുസരിക്കുകയും ചെയ്യും. വളരെ ഹൃദയോഷ്‌മളമായ പ്രത്യാശയല്ലേ അത്‌? അങ്ങനെ തോന്നുന്നെങ്കിൽ, മൂല്യവത്തായ “യഹോവയുടെ പരിജ്ഞാനം” സമ്പാദിക്കുന്നതിൽ ഇനി അമാന്തിക്കരുത്‌.

ഭാവിയെക്കുറിച്ചും നമ്മുടെ നാളിൽ അരങ്ങേറുന്ന സംഭവങ്ങളെക്കുറിച്ചും ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു എന്നു പരിശോധിച്ചുകൊണ്ട്‌ വിശ്വാസം ബലിഷ്‌ഠമാക്കുന്ന ജീവദായക പരിജ്ഞാനം നിങ്ങൾക്കു സമ്പാദിക്കാനാകും. അതിനായി നിങ്ങളുടെ അടുത്തുള്ള യഹോവയുടെ സാക്ഷികളിൽനിന്ന്‌ ഒരു സൗജന്യ ബൈബിളധ്യയനം സ്വീകരിക്കരുതോ? ദുരിതപൂർണമായ ഒരു ലോകത്ത്‌ ഭയവിമുക്തമായ ജീവിതം നയിക്കാനും ഭാവിയെക്കുറിച്ച്‌ ശുഭാപ്‌തിവിശ്വാസം ഉള്ളവരായിരിക്കാനും അതു നിങ്ങളെ സഹായിക്കും.

[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ദൈവരാജ്യ ഗവൺമെന്റ്‌ പ്രത്യാശയ്‌ക്കു വക നൽകുന്നു

ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ സ്വർഗത്തിലും ഭൂമിയിലുമുള്ള അധികാരം യേശുക്രിസ്‌തുവിനു ലഭിച്ചിരിക്കുന്നു, അതു പ്രയോഗിക്കാനുള്ള പ്രാപ്‌തിയും അവകാശവും അവനുണ്ട്‌. (മത്തായി 28:18) ഭൂമിയുടെ നഷ്ടപ്പെട്ട പരിസ്ഥിതി സന്തുലിതാവസ്ഥ അവൻ പുനഃസ്ഥാപിക്കും. രോഗവും വ്യാധിയുമൊക്കെ തുടച്ചുനീക്കാനുള്ള കഴിവും അവന്‌ ഉണ്ട്‌. ദൈവരാജ്യത്തിൽ യേശു ചെയ്യാൻപോകുന്ന കാര്യങ്ങളുടെ ഒരു നിഴൽ മാത്രമായിരുന്നു ഭൂമിയിലായിരുന്നപ്പോൾ അവൻ ചെയ്‌ത അത്ഭുതപ്രവൃത്തികൾ. അതവൻ സർവശ്രേഷ്‌ഠനും ആശ്രയയോഗ്യനുമായ രാജാവായിരിക്കുമെന്നതിനു തെളിവു നൽകി. ഈ മിശിഹൈക രാജാവിന്റെ താഴെപ്പറയുന്ന ഏതു ഗുണമാണ്‌ നിങ്ങൾക്ക്‌ ഏറ്റവും ആകർഷകമായി തോന്നുന്നത്‌?

ആർക്കും അടുപ്പം തോന്നുന്നവൻ. ​—⁠മർക്കൊസ്‌ 10:13-16.

യുക്തിബോധമുള്ളവനും പക്ഷപാതം കാണിക്കാത്തവനും.​—⁠മർക്കൊസ്‌ 10:35-45.

ഉത്തരവാദിത്വമുള്ളവനും നിസ്സ്വാർഥനും. ​—⁠മത്തായി 4:5-7; ലൂക്കൊസ്‌ 6:19.

നീതിമാനും ന്യായബോധമുള്ളവനും.​—⁠യെശയ്യാവു 11:3-5; യോഹന്നാൻ 5:30; യോഹന്നാൻ 8:16.

കരുതലും പരിഗണനയും താഴ്‌മയും ഉള്ളവൻ.​—⁠യോഹന്നാൻ 13:3-15.

[4-ാം പേജിലെ ചിത്രം]

ബൈബിൾ വായനയും ധ്യാനവും യഹോവയിലുള്ള നമ്മുടെ പ്രത്യാശയെ സുദൃഢമാക്കും