വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ വിദ്യാഭ്യാസം എന്റെ കുട്ടികളെ എങ്ങനെ സഹായിക്കാം?

യഥാർഥ വിദ്യാഭ്യാസം എന്റെ കുട്ടികളെ എങ്ങനെ സഹായിക്കാം?

യഥാർഥ വിദ്യാഭ്യാസം എന്റെ കുട്ടികളെ എങ്ങനെ സഹായിക്കാം?

ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തെ ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയോട്‌ ഉപമിക്കാം. നിങ്ങളും കുട്ടികളും ഒരുമിച്ചുള്ള യാത്രയാണത്‌. അവർക്കു പ്രോത്സാഹനങ്ങളും സ്‌നേഹപുരസ്സരമായ മാർഗനിർദേശങ്ങളും നൽകിക്കൊണ്ട്‌ ജീവന്റെ മാർഗത്തിൽ ചരിക്കാൻ നിങ്ങൾ അവരെ സഹായിക്കുന്നു. പഠിക്കാനാണെങ്കിലോ? ധാരാളമുണ്ടുതാനും!

ജീവിതത്തിൽ യഥാർഥ വിജയവും സന്തുഷ്ടിയും നേടുന്നതിന്‌ ധാർമികവും ആത്മീയവുമായ മൂല്യങ്ങൾ കുട്ടികൾ നട്ടുവളർത്തേണ്ടതുണ്ട്‌; അങ്ങനെ തെറ്റും ശരിയും വിവേചിക്കാൻ അവർ പഠിക്കുന്നു. അവർ യഹോവയെ അറിയുകയും അവനെ സ്‌നേഹിക്കുകയും ചെയ്യുന്നെങ്കിൽ അവരുടെ വിദ്യാഭ്യാസം പ്രതിഫലദായകവും അവർക്കു ലഭിക്കുന്ന നിർദേശങ്ങളുടെ മൂല്യം അനശ്വരവും ആയിരിക്കും. കുട്ടികൾ എന്തു പഠിക്കുന്നു എന്നതിലും പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്നതിലും മാതാപിതാക്കളായ നിങ്ങൾക്ക്‌ കാര്യമായ പങ്കുണ്ട്‌.

മറികടക്കേണ്ട വെല്ലുവിളികളും ഈ യാത്രയിലുണ്ട്‌. കാണുന്നതെല്ലാം അപ്പാടെ വിശ്വസിക്കുന്നവരാണു കുട്ടികൾ; കുടുംബ വൃത്തത്തിനു പുറത്തുനിന്നു മോശമായ പലതും പഠിക്കാൻ അവർക്കു കഴിയും. കാരണം പിശാചായ സാത്താന്റെ അധീനതയിലുള്ള ഒരു ലോകത്താണ്‌ നാം ജീവിക്കുന്നത്‌. (1 യോഹന്നാൻ 5:19) നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ അവൻ തത്‌പരനാണ്‌; തികച്ചും വിഭിന്നമായ ആന്തരത്തോടെയെന്നു മാത്രം. വിദഗ്‌ധനും പരിചയസമ്പന്നനും അതേസമയം അങ്ങേയറ്റം നീചനുമായ ഒരു അധ്യാപകനാണ്‌ സാത്താൻ. സാത്താൻ ഒരു ‘വെളിച്ചദൂതനായി’ നടിക്കുന്നുവെങ്കിലും അവൻ നൽകുന്ന ‘ജ്ഞാനപ്രകാശങ്ങൾ’ വഞ്ചകവും യഹോവയുടെ വചനത്തിനും ഇഷ്ടത്തിനും കടകവിരുദ്ധവുമാണ്‌. (2 കൊരിന്ത്യർ 4:4; 11:14; യിരെമ്യാവു 8:9) സ്വാർഥത, സത്യസന്ധതയില്ലായ്‌മ, ധാർമിക അധഃപതനം എന്നിവ ഉന്നമിപ്പിക്കുന്നതിലും ചതിപ്രയോഗങ്ങളിലും അഗ്രഗണ്യരാണ്‌ പിശാചും ഭൂതങ്ങളും.​—⁠1 തിമൊഥെയൊസ്‌ 4:⁠1.

കുട്ടികൾ വഴിതെറ്റിക്കപ്പെടാതിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? സത്യത്തിൽ വേരൂന്നിയ, മൂല്യവത്തായ സംഗതികൾ സ്വായത്തമാക്കാൻ നിങ്ങൾക്ക്‌ അവരെ എങ്ങനെ പഠിപ്പിക്കാം? നിങ്ങളെത്തന്നെ ഒന്നു വിലയിരുത്തുക എന്നതാണ്‌ ഒരു സുപ്രധാന പടി. നിങ്ങൾ നല്ല മാതൃക വെക്കേണ്ടതുണ്ട്‌. കുട്ടികളെ പരിശീലിപ്പിക്കേണ്ടത്‌ നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന്‌ തിരിച്ചറിയുകയും അതിനായി സമയം നീക്കിവെക്കുകയും ചെയ്യുക എന്നതാണ്‌ മറ്റൊരു പ്രധാന സംഗതി. പക്ഷേ, ഇതു പരിചിന്തിക്കുന്നതിനു മുമ്പായി പ്രയോജനപ്രദമായ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്തെന്നു നോക്കാം.

യഥാർഥ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം

അറിയപ്പെടുന്ന ജ്ഞാനികളിൽ ഒരാളായ ഇസ്രായേൽ രാജാവായ ശലോമോനിൽനിന്നു നമുക്കു പഠിക്കാനാകും. ബൈബിൾ നമ്മോട്‌ ഇപ്രകാരം പറയുന്നു: “ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു. സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്‌ഠമായിരുന്നു.” ശലോമോൻ “മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തഞ്ചു ആയിരുന്നു.” സസ്യ-ജന്തു ലോകത്തെക്കുറിച്ച്‌ അദ്ദേഹത്തിനു പാണ്ഡിത്യമുണ്ടായിരുന്നു. (1 രാജാക്കന്മാർ 4:29-34) ശലോമോൻ രാജാവ്‌ ഇസ്രായേലിലെ നിർമാണ പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുകയും ചെയ്‌തു, യെരൂശലേമിലെ യഹോവയുടെ മഹത്തായ ആലയത്തിന്റേത്‌ ഉൾപ്പെടെ.

മനുഷ്യ പ്രകൃതം സംബന്ധിച്ച്‌ അദ്ദേഹത്തിന്‌ അപാരജ്ഞാനം ഉണ്ടായിരുന്നുവെന്നാണ്‌ സഭാപ്രസംഗിയുടെ പുസ്‌തകത്തിലേതുപോലുള്ള രചനകൾ വെളിപ്പെടുത്തുന്നത്‌. യഥാർഥ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം ചൂണ്ടിക്കാണിക്കാൻ അദ്ദേഹം നിശ്വസ്‌തനാക്കപ്പെട്ടു. ശലോമോൻ പറഞ്ഞു: “യഹോവാഭക്തി [“യഹോവാഭയം,” NW] ജ്ഞാനത്തിന്റെ ആരംഭമാകുന്നു.” ജ്ഞാനിയായ ആ രാജാവ്‌ ഇങ്ങനെയും പ്രസ്‌താവിച്ചു: “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.”​—⁠സദൃശവാക്യങ്ങൾ 1:7; 9:10.

നമുക്ക്‌ ദൈവഭയമുണ്ടെങ്കിൽ, അവനോട്‌ ആദരപൂർവകമായ ബഹുമാനം ഉണ്ടായിരിക്കും; ഒപ്പം അവനെ അപ്രീതിപ്പെടുത്താതിരിക്കാനും നാം ശ്രദ്ധിക്കും. അവൻ അത്യുന്നതനാണെന്നും നാം അവനോടു കണക്കുബോധിപ്പിക്കേണ്ടവരാണെന്നും തിരിച്ചറിയും. ജീവന്റെ ഉടയവനോട്‌ അനാദരവോടെ പെരുമാറുന്നവരെ ജ്ഞാനികളായി ആളുകൾ വീക്ഷിച്ചേക്കാം; എന്നാൽ അത്തരം ജ്ഞാനം “ദൈവസന്നിധിയിൽ ഭോഷത്വ”മാണ്‌. (1 കൊരിന്ത്യർ 3:19) “ഉയരത്തിൽനിന്നു വരുന്ന ജ്ഞാന”ത്തിൽ വേരൂന്നിയ വിദ്യാഭ്യാസമാണ്‌ നിങ്ങളുടെ കുട്ടികൾക്ക്‌ ആവശ്യം.​—⁠യാക്കോബ്‌ 3:​15, 17.

യഹോവയെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം അവനോടുള്ള സ്‌നേഹവുമായി അടുത്തു ബന്ധപ്പെട്ടാണിരിക്കുന്നത്‌. തന്റെ ദാസന്മാർ തന്നെ ഭയപ്പെടാനും സ്‌നേഹിക്കാനും യഹോവ ആഗ്രഹിക്കുന്നു. മോശെ പറഞ്ഞു: “ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്‌നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്‌പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്ത്‌?”​—⁠ആവർത്തനപുസ്‌തകം 10:12, 13.

കുട്ടികളിൽ യഹോവയോടുള്ള ഭക്ത്യാദരവ്‌ ഉൾനടുമ്പോൾ, അവരെ യഥാർഥ ജ്ഞാനികളാക്കുന്ന വിദ്യാഭ്യാസത്തിന്‌ അടിത്തറയിടുകയാണു നാം ചെയ്യുന്നത്‌. ആ അടിസ്ഥാനത്തിന്മേൽ അവർ വളർന്നുവരവേ മുഴു ജ്ഞാനത്തിന്റെയും ഉറവായ സ്രഷ്ടാവിനോടുള്ള വിലമതിപ്പും വർധിക്കാനിടയാകും. പഠിക്കുന്നതു സംബന്ധിച്ച്‌ ഒരു സന്തുലിത വീക്ഷണം ഉണ്ടായിരിക്കാനും തെറ്റായ നിഗമനങ്ങൾ ഒഴിവാക്കാനും ഇതു കുട്ടികളെ സഹായിക്കും; “നന്മതിന്മകളെ തിരിച്ചറി”യാനുള്ള കഴിവ്‌ ആർജിക്കുകയും ചെയ്യും. (എബ്രായർ 5:14) അത്തരം ഒരു അടിസ്ഥാനം താഴ്‌മയുള്ളവരായി നിലകൊള്ളാനും തെറ്റായ കാര്യങ്ങൾ ഒഴിവാക്കാനും അവരെ സഹായിക്കും.​—⁠സദൃശവാക്യങ്ങൾ 8:13; 16:⁠6.

കുട്ടികൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്‌!

യഹോവയെ സ്‌നേഹിക്കാനും ഭയപ്പെടാനും നമുക്ക്‌ എങ്ങനെയാണ്‌ കുട്ടികളെ സഹായിക്കാനാകുക? പ്രവാചകനായ മോശെ മുഖാന്തരം യഹോവ ഇസ്രായേൽ ജനത്തിനു നൽകിയ ന്യായപ്രമാണത്തിൽ അതിനുള്ള ഉത്തരം കാണാം. യഹോവ മാതാപിതാക്കളോടായി ഇങ്ങനെ കൽപ്പിച്ചു: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—⁠ആവർത്തനപുസ്‌തകം 6:5-7.

ഈ ഭാഗത്ത്‌ മാതാപിതാക്കൾക്കുള്ള സുപ്രധാന പാഠങ്ങൾ അടങ്ങിയിരിക്കുന്നു. മാതാപിതാക്കളായ നിങ്ങൾ നല്ല മാതൃകവെക്കണം എന്നതാണ്‌ അതിലൊന്ന്‌. യഹോവയെ സ്‌നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിന്‌, നിങ്ങൾക്കുതന്നെ ദൈവത്തോടു സ്‌നേഹം ഉണ്ടായിരിക്കണം; അവന്റെ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കുകയും വേണം. എന്തുകൊണ്ടാണ്‌ അതിത്ര പ്രധാനമായിരിക്കുന്നത്‌? കാരണം, പ്രാഥമികമായി കുട്ടികളുടെ അധ്യാപകൻ നിങ്ങളാണ്‌. നിങ്ങളിൽനിന്ന്‌ കണ്ടുംകേട്ടും പഠിക്കുന്ന കാര്യങ്ങൾ അവരുടെമേൽ ശക്തമായ സ്വാധീനം ചെലുത്തും. മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ വെക്കുന്ന മാതൃകയോളം കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന മറ്റൊന്നില്ല.

നിങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾ, മൂല്യങ്ങൾ, താത്‌പര്യങ്ങൾ എന്നിവ വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും നിഴലിക്കും. (റോമർ 2:21, 22) ശൈശവം മുതൽ കുട്ടികൾ നിങ്ങളെ ശ്രദ്ധാപൂർവം നിരീക്ഷിച്ചുകൊണ്ട്‌ പഠിക്കുന്നു. എന്തെല്ലാം കാര്യങ്ങളാണോ മാതാപിതാക്കൾക്ക്‌ ഏറ്റവും പ്രധാനം, മിക്കപ്പോഴും അതുതന്നെയായിരിക്കും കുട്ടികൾക്കും പ്രാധാന്യമുള്ളതായിത്തീരുന്നത്‌. നിങ്ങൾക്ക്‌ യഹോവയോട്‌ ആത്മാർഥ സ്‌നേഹമുണ്ടെങ്കിൽ കുട്ടികൾക്ക്‌ അതു മനസ്സിലാകും. ഉദാഹരണത്തിന്‌ ബൈബിൾ വായനയും പഠനവും നിങ്ങൾക്കു പ്രാധാന്യമുള്ള കാര്യങ്ങളാണെന്ന്‌ അവർ തിരിച്ചറിയും. (മത്തായി 6:33) ക്രമമായ യോഗഹാജരും രാജ്യപ്രസംഗവേലയിലെ പങ്കുപറ്റലും, യഹോവയ്‌ക്കുള്ള വിശുദ്ധസേവനമാണ്‌ നിങ്ങളുടെ ജീവിതത്തിലെ പരമപ്രധാന സംഗതിയെന്നു മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കും.​—⁠മത്തായി 28:19, 20; എബ്രായർ 10:24, 25.

ഉത്തരവാദിത്വമേൽക്കുക

ആവർത്തനപുസ്‌തകം 6:5-7-ൽനിന്ന്‌ മാതാപിതാക്കൾക്കുള്ള മറ്റൊരു പാഠം ഇതാണ്‌: കുട്ടികളെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വം നിങ്ങളുടേതാണ്‌. പുരാതന കാലത്തെ യഹോവയുടെ ജനത്തിനിടയിൽ, കുട്ടികളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കായിരുന്നു. ഒന്നാം നൂറ്റാണ്ടിലും ക്രിസ്‌തീയ മാതാപിതാക്കൾ ആ സുപ്രധാന പങ്കു നിർവഹിച്ചിരുന്നു. (2 തിമൊഥെയൊസ്‌ 1:5; 3:14, 15) “മക്കളെ . . . കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർ”ത്തേണ്ടത്‌ പ്രത്യേകിച്ചും പിതാക്കന്മാരാണെന്ന്‌ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ അപ്പൊസ്‌തലനായ പൗലൊസ്‌ സൂചിപ്പിക്കുകയുണ്ടായി.—⁠എഫെസ്യർ 6:4.

ജോലിയും മറ്റ്‌ അനുദിന കാര്യങ്ങളും ജീവിതത്തെ വീർപ്പുമുട്ടിക്കുന്നതിനാൽ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ഇക്കാലത്തു മറ്റുള്ളവർക്ക്‌ അതായത്‌, സ്‌കൂൾ അധ്യാപകർക്കും ശിശുപരിപാലന കേന്ദ്രങ്ങൾക്കും കൈമാറാൻ പ്രലോഭിതരായേക്കാം. എന്നാൽ ഒന്നോർക്കുക: സ്‌നേഹവും കരുതലുമുള്ള ഒരു അച്ഛനോ അമ്മയ്‌ക്കോ പകരമാവില്ല ആരും. നിങ്ങളുടെ പ്രാധാന്യത്തെയും സ്വാധീനത്തെയും ഒരിക്കലും താഴ്‌ത്തിമതിക്കരുത്‌. സഹായം ആവശ്യമാണെങ്കിൽ അതിനായി ജ്ഞാനപൂർവമായ ക്രമീകരണം ചെയ്യുക; പക്ഷേ നിങ്ങളുടെ പവിത്രമായ കടമ ഒരിക്കലും വെച്ചൊഴിയരുത്‌.

കുട്ടികളെ പരിശീലിപ്പിക്കാൻ സമയമെടുക്കുക

ആവർത്തനപുസ്‌തകം 6:5-7-ൽനിന്ന്‌ മാതാപിതാക്കൾക്കുള്ള മറ്റൊരു പാഠം ഇതാണ്‌: കുട്ടികളെ പരിശീലിപ്പിക്കാൻ സമയവും ശ്രമവും ആവശ്യമാണ്‌. ഇസ്രായേല്യ മാതാപിതാക്കൾ കുട്ടികൾക്ക്‌ ദൈവിക സത്യം “ഉപദേശിച്ചുകൊടു”ക്കണമായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന മൂലഎബ്രായ പദത്തിന്റെ അർഥം “ആവർത്തിക്കുക,” “വീണ്ടുംവീണ്ടും പറയുക” എന്നൊക്കെയാണ്‌. ദിവസം മുഴുവൻ, അതായത്‌ രാവിലെ മുതൽ സന്ധ്യവരെ, “വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും” എല്ലാം അതു ചെയ്യേണ്ടിയിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനും അവരുടെ മനോഭാവവും പെരുമാറ്റവും യഹോവയ്‌ക്ക്‌ പ്രസാദകരമായ രീതിയിൽ രൂപപ്പെടുത്തിയെടുക്കുന്നതിനും സമയവും ശ്രമവും ആവശ്യമാണ്‌.

അതുകൊണ്ട്‌, കുട്ടികൾക്ക്‌ യഥാർഥ വിദ്യാഭ്യാസം നൽകാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? തീർച്ചയായും ഒട്ടനവധി കാര്യങ്ങൾ ഉണ്ട്‌. യഹോവയെ സ്‌നേഹിക്കാനും ഭയപ്പെടാനും കുട്ടികളെ പഠിപ്പിക്കുക. ഉത്തമ മാതൃകകളായിരിക്കുക. കുട്ടികളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വമേൽക്കുക, അവരെ പരിശീലിപ്പിക്കാൻ വേണ്ടത്ര സമയം ചെലവഴിക്കുക. നിങ്ങൾ അപൂർണരായതിനാൽ ഇതിൽ ചില വീഴ്‌ചകളൊക്കെ വന്നേക്കാം. എങ്കിലും ദൈവേഷ്ടം ചെയ്യാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നപക്ഷം കുട്ടികൾ ആ ശ്രമത്തെ വിലമതിച്ച്‌ അതിൽനിന്ന്‌ പ്രയോജനം നേടാൻ സർവസാധ്യതയുമുണ്ട്‌. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” എന്നു സദൃശവാക്യങ്ങൾ 22:6 പറയുന്നു. ബാലികമാർക്കും ഈ തത്ത്വം ബാധകമാണ്‌.

വിദ്യാഭ്യാസം എന്നത്‌ ഒരു ആജീവനാന്ത യാത്രയാണ്‌. നിങ്ങളും കുട്ടികളും ദൈവത്തെ സ്‌നേഹിക്കുന്നെങ്കിൽ നിത്യതയിലുടനീളമുള്ള ആസ്വാദ്യമായ ഒരു യാത്രയായിരിക്കും അത്‌. എന്തെന്നാൽ യഹോവയെക്കുറിച്ചും അവന്റെ ഉദ്ദേശ്യനിവൃത്തിയിൽ നമുക്കെങ്ങനെ പങ്കുകൊള്ളാം എന്നതു സംബന്ധിച്ചും നിരവധി കാര്യങ്ങൾ നമുക്കു സദാ പഠിക്കാനുണ്ടായിരിക്കും.​—⁠സഭാപ്രസംഗി 3:10, 11.

[15-ാം പേജിലെ ചിത്രം]

നിങ്ങൾ കുട്ടികളെ ബൈബിൾ വായിച്ചുകേൾപ്പിക്കാറുണ്ടോ?

[16-ാം പേജിലെ ചിത്രം]

സ്രഷ്ടാവിനെക്കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കാൻ സമയമെടുക്കുക