വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യിഫ്‌താഹ്‌ യഹോവയ്‌ക്കുള്ള നേർച്ച നിറവേറ്റുന്നു

യിഫ്‌താഹ്‌ യഹോവയ്‌ക്കുള്ള നേർച്ച നിറവേറ്റുന്നു

യിഫ്‌താഹ്‌ യഹോവയ്‌ക്കുള്ള നേർച്ച നിറവേറ്റുന്നു

അടിച്ചമർത്തപ്പെട്ടിരുന്ന തന്റെ ജനത്തെ വിമോചിപ്പിച്ചശേഷം ജയശാലിയായ ഒരു യോദ്ധാവ്‌ വീട്ടിലേക്കു മടങ്ങിവരുന്നു. മകളാകട്ടെ, വിജയാഹ്ലാദത്താൽ മതിമറന്ന്‌ നൃത്തത്തോടും തപ്പോടുംകൂടെ അവനെ വരവേൽക്കാൻ അതാ ഓടിവരുന്നു. അവളെ കണ്ടമാത്രയിൽ, സന്തോഷിക്കുന്നതിനു പകരം അവൻ തന്റെ വസ്‌ത്രം കീറുന്നു. എന്താണു കാരണം? അവൻ സുരക്ഷിതനായി മടങ്ങിയെത്തിയതിൽ മകൾക്കുള്ളത്ര സന്തോഷം അവനില്ലേ? ഏതു യുദ്ധത്തിലാണ്‌ അവൻ വിജയിച്ചത്‌? ആരാണ്‌ അവൻ?

പുരാതന ഇസ്രായേലിലെ ന്യായാധിപന്മാരിൽ ഒരാളായ യിഫ്‌താഹാണു കഥാപാത്രം. എന്നാൽ മറ്റു ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനും നമ്മെ സംബന്ധിച്ചിടത്തോളം ഈ സംഭവത്തിനുള്ള പ്രസക്തി മനസ്സിലാക്കുന്നതിനുമായി ഈ അപൂർവ പുനഃസമാഗമത്തിന്റെ പശ്ചാത്തലം പരിഗണിക്കേണ്ടതുണ്ട്‌.

ഇസ്രായേൽ ഒരു പ്രതിസന്ധിയിൽ

ഇസ്രായേല്യ ചരിത്രത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിലാണു യിഫ്‌താഹ്‌ ജീവിക്കുന്നത്‌. അവന്റെ സഹ ഇസ്രായേല്യർ നിർമലാരാധന ഉപേക്ഷിച്ച്‌ സീദോൻ, മോവാബ്‌, അമ്മോൻ, ഫെലിസ്‌ത്യ എന്നിവിടങ്ങളിലെ ദേവന്മാരെ സേവിക്കുന്നു. തന്മൂലം തന്റെ ജനത്തെ യഹോവ അമ്മോന്യരുടെയും ഫെലിസ്‌ത്യരുടെയും കൈകളിൽ ഏൽപ്പിക്കുന്നു. അവർ അവരെ 18 വർഷം പീഡിപ്പിക്കുന്നു. യോർദ്ദാൻ നദിയുടെ കിഴക്കു വസിക്കുന്ന ഗിലെയാദ്യരാണ്‌ ഏറെ ദുരിതം അനുഭവിക്കുന്നത്‌. * ഒടുവിൽ സമനില വീണ്ടെടുക്കുന്ന ഇസ്രായേല്യർ അനുതപിച്ച്‌ സഹായത്തിനായി യഹോവയോടു കേഴുകയും പുറജാതി ദൈവങ്ങളുടെ ആരാധന ഉപേക്ഷിച്ച്‌ അവനെ സേവിക്കാൻ തുടങ്ങുകയും ചെയ്യുന്നു.​—⁠ന്യായാധിപന്മാർ 10:​6-16.

ഇതേത്തുടർന്ന്‌ അമ്മോന്യർ ഗിലെയാദിൽ പാളയമിറങ്ങുന്നു. ഇസ്രായേല്യരും അവരെ നേരിടാനായി ഒന്നിച്ചുകൂടുന്നു. എന്നാൽ ഇസ്രായേല്യർക്കു സൈന്യാധിപനില്ല. (ന്യായാധിപന്മാർ 10:​17, 18) ഇതേസമയം യിഫ്‌താഹ്‌ തന്റേതായ പ്രശ്‌നങ്ങളുമായി മല്ലിടുകയാണ്‌. അവന്റെ അവകാശം തട്ടിയെടുക്കാനായി അത്യാഗ്രഹികളായ അർധസഹോദരന്മാർ പിതൃഭവനത്തിൽനിന്ന്‌ അവനെ ഓടിച്ചുകളഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ അവൻ ഗിലെയാദിനു കിഴക്കുള്ള തോബിലേക്കു പോകുന്നു. അവിടെയാണെങ്കിൽ ഇസ്രായേലിന്റെ ശത്രുക്കൾ വിളിപ്പുറത്താണുതാനും. സാധ്യതയനുസരിച്ച്‌ എതിരാളികൾ കാരണമോ അടിമത്തത്തിനെതിരെ ശബ്ദമുയർത്തിയതിനാലോ തൊഴിൽ നഷ്ടപ്പെട്ട ചിലർ അവനോടൊപ്പം ചേരുന്നു. സമീപമുള്ള ശത്രുക്കളെ തുരത്തുന്നതിൽ യിഫ്‌താഹിനെ അനുഗമിക്കുന്നു എന്ന അർഥത്തിൽ അവർ “അവനുമായി സഞ്ചരി”ക്കുന്നു എന്നു പറയാം. യിഫ്‌താഹിന്റെ യുദ്ധസാമർഥ്യം കാരണമാവാം തിരുവെഴുത്തുകൾ അവനെ “പരാക്രമശാലി” എന്നു വിളിക്കുന്നത്‌. (ന്യായാധിപന്മാർ 11:​1-3) അങ്ങനെയെങ്കിൽ അമ്മോന്യർക്കെതിരെ ഇസ്രായേല്യരെ ആർ നയിക്കും?

“വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക”

“വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക” എന്ന്‌ ഗിലെയാദിലെ മൂപ്പന്മാർ യിഫ്‌താഹിനോട്‌ അഭ്യർഥിക്കുന്നു. കേൾക്കുന്നപാടേ അവൻ തന്റെ നാട്ടിലേക്കു ചാടിപ്പുറപ്പെടും എന്നാണു കരുതുന്നതെങ്കിൽ അവർക്കു തെറ്റി. അവൻ ഇങ്ങനെ പ്രതിവചിക്കുന്നു: “നിങ്ങൾ എന്നെ പകെച്ചു പിതൃഭവനത്തിൽനിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയ സമയം എന്റെ അടുക്കൽ എന്തിന്നു വരുന്നു?” മുമ്പ്‌ യിഫ്‌താഹിനെ കയ്യൊഴിഞ്ഞ ഇവർ ഇപ്പോൾ സഹായത്തിനായി അവനെ സമീപിക്കുന്നത്‌ എത്ര അന്യായമാണ്‌!​—⁠ന്യായാധിപന്മാർ 11:​4-7.

തന്റെ ആവശ്യം അംഗീകരിച്ചാൽ മാത്രം കൂടെപ്പോരാമെന്ന്‌ അവൻ പറയുന്നു. ‘യഹോവ അമ്മോന്യരെ എന്റെ കയ്യിൽ ഏൽപ്പിച്ചാൽ നിങ്ങൾ എന്നെ തലവനാക്കുമോ,’ അവൻ ചോദിക്കുന്നു. വിജയം യഹോവയുടെ പിന്തുണയുടെ തെളിവായിരിക്കുമായിരുന്നു. പക്ഷേ പ്രതിസന്ധിയൊക്കെ തീർന്നുകഴിയുമ്പോൾ ജനം ദിവ്യ ഭരണത്തിനുനേരെ പുറംതിരിയില്ലെന്ന്‌ ഉറപ്പുവരുത്താനും യിഫ്‌താഹ്‌ ആഗ്രഹിക്കുന്നു​—⁠ന്യായാധിപന്മാർ 11:​8-11.

അമ്മോന്യരുമായി ഒരു കൂടിക്കാഴ്‌ച

അമ്മോന്യരുമായി അനുരഞ്‌ജനത്തിലാകാൻ യിഫ്‌താഹ്‌ ശ്രമിക്കുന്നു. ശത്രുതയുടെ കാരണം കണ്ടെത്താൻ അവരുടെ രാജാവിന്റെ അടുക്കൽ അവൻ ദൂതന്മാരെ അയയ്‌ക്കുന്നു. ഇസ്രായേൽ ഈജിപ്‌തിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ അമ്മോന്യരുടെ പ്രദേശം കയ്യടക്കിയെന്ന ആരോപണമാണ്‌ അവർക്കു കേൾക്കേണ്ടിവരുന്നത്‌. അതിപ്പോൾ മടക്കിത്തരണമെന്നും അവർ ആവശ്യപ്പെടുന്നു.​—⁠ന്യായാധിപന്മാർ 11:​12, 13.

ഇസ്രായേലിന്റെ ചരിത്രത്തെക്കുറിച്ചുള്ള തന്റെ അവഗാഹംവെച്ചുകൊണ്ട്‌ യിഫ്‌താഹ്‌ അമ്മോന്യരുടെ അവകാശവാദം ഖണ്ഡിക്കുന്നു. ഈജിപ്‌തിൽനിന്നുള്ള മടക്കയാത്രയിൽ ഇസ്രായേല്യർ അമ്മോന്യരെയോ മോവാബ്യരെയോ ഏദോമ്യരെയോ ഉപദ്രവിച്ചിട്ടില്ലെന്ന്‌ അവൻ അവരോടു പറയുന്നു. ഇസ്രായേല്യരുടെ പുറപ്പാടിന്റെ സമയത്ത്‌ ആ തർക്കഭൂമി അമ്മോന്യരുടെ കൈവശം ആയിരുന്നില്ല. മറിച്ച്‌ അത്‌ അമോര്യർക്കു സ്വന്തമായിരുന്നു, എന്നാൽ അവരുടെ രാജാവായ സീഹോനെ ദൈവം ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിക്കുകയുണ്ടായി. തന്നെയുമല്ല, ഇസ്രായേല്യർ 300 വർഷത്തോളം ആ പ്രദേശത്തു പാർത്തുകഴിഞ്ഞിരിക്കുന്നു. പിന്നെ എന്തുകൊണ്ടാണ്‌ ഇപ്പോൾ അതു വേണമെന്ന്‌ അമ്മോന്യർ അവകാശപ്പെടുന്നത്‌?​—⁠ന്യായാധിപന്മാർ 11:​14-22, 26.

ഇസ്രായേല്യരുടെ കഷ്ടപ്പാടുകൾക്കു വഴിവെച്ച കേന്ദ്രവിവാദവിഷയത്തിലേക്ക്‌ യിഫ്‌താഹ്‌ ശ്രദ്ധതിരിക്കുകയും ചെയ്യുന്നു: ആരാണ്‌ സത്യദൈവം? ഇസ്രായേല്യർ കൈവശമാക്കിയിരിക്കുന്ന ദേശത്തെ ദേവന്മാരോ യഹോവയോ? കെമോശിന്‌ എന്തെങ്കിലും ശക്തി ഉണ്ടെങ്കിൽ തന്റെ ജനത്തിന്റെ ദേശം കൈവിട്ടുപോകാതിരിക്കാൻ അവൻ അത്‌ ഉപയോഗിക്കില്ലേ? സത്യാരാധനയും അമ്മോന്യരുടെ വ്യാജമതവും തമ്മിലുള്ള ഒരു മത്സരമാണിത്‌. അതിനാൽ യിഫ്‌താഹ്‌ ന്യായമായി ഇങ്ങനെ ഉപസംഹരിക്കുന്നു: “ന്യായാധിപനായ യഹോവ ഇന്നു യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.”​—⁠ന്യായാധിപന്മാർ 11:​23-27.

വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറല്ലായിരുന്ന യിഫ്‌താഹിന്റെ സന്ദേശം അമ്മോന്യരുടെ രാജാവു കൂട്ടാക്കുന്നില്ല. അപ്പോൾ “യഹോവയുടെ ആത്മാവു യിഫ്‌താഹിന്മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്ന്‌” പുരുഷന്മാരെ യുദ്ധത്തിനായി വിളിച്ചുകൂട്ടി.​—⁠ന്യായാധിപന്മാർ 11:​28, 29.

യിഫ്‌താഹിന്റെ നേർച്ച

ദിവ്യ വഴിനടത്തിപ്പിനായുള്ള അതിയായ വാഞ്‌ഛയോടെ യിഫ്‌താഹ്‌ ദൈവത്തിന്‌ ഇങ്ങനെ നേർച്ച നേരുന്നു: “നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്‌പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതില്‌ക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു [ആരായിരുന്നാലും] യഹോവെക്കുള്ളതാകും; . . . [ആ വ്യക്തിയെ] ഞാൻ ഹോമയാഗമായി അർപ്പിക്കും.” തത്‌ഫലമായി ഒരു “മഹാസംഹാരം” വരുത്തിക്കൊണ്ട്‌ 20 അമ്മോന്യ പട്ടണങ്ങൾ പിടിച്ചടക്കാനും അങ്ങനെ ഇസ്രായേലിന്റെ ശത്രുക്കളെ അടക്കിവാഴാനും യിഫ്‌താഹിനെ പ്രാപ്‌തനാക്കിക്കൊണ്ട്‌ ദൈവം അവനെ അനുഗ്രഹിക്കുന്നു.​—⁠ന്യായാധിപന്മാർ 11:​30-33.

യുദ്ധം കഴിഞ്ഞു മടങ്ങിയെത്തുന്ന യിഫ്‌താഹിനെ വരവേൽക്കാൻ വരുന്നതോ അവന്റെ ഓമന പുത്രി, അവന്റെ ഒരേ ഒരു സന്തതി! വിവരണം ഇങ്ങനെ പറയുന്നു: “അവളെ കണ്ടയുടനെ അവൻ തന്റെ വസ്‌ത്രം കീറി: അയ്യോ, എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.”​—⁠ന്യായാധിപന്മാർ 11:​34, 35.

യിഫ്‌താഹ്‌ തന്റെ മകളെ ശരിക്കും ബലികഴിക്കാൻ പോവുകയാണോ? ഒരിക്കലുമല്ല. അങ്ങനെയൊരു കാര്യം അവനു ചിന്തിക്കാനേ കഴിയില്ല. കനാന്യരുടെ ഹീനകൃത്യങ്ങളിൽ ഒന്നായ അക്ഷരാർഥത്തിലുള്ള നരബലി യഹോവയ്‌ക്ക്‌ അങ്ങേയറ്റം വെറുപ്പാണ്‌. (ലേവ്യപുസ്‌തകം 18:21; ആവർത്തനപുസ്‌തകം 12:31) യിഫ്‌താഹ്‌ നേർച്ചനേർന്നപ്പോൾ ദൈവത്തിന്റെ ആത്മാവ്‌ അവന്റെമേൽ പ്രവർത്തിച്ചെന്നുമാത്രമല്ല യഹോവ അവന്റെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്‌തു. യിഫ്‌താഹിന്റെ വിശ്വാസത്തെയും ദിവ്യോദ്ദേശ്യത്തിൽ അവൻ വഹിച്ച പങ്കിനെയുംപ്രതി തിരുവെഴുത്തുകൾ അവനെ പ്രശംസിക്കുന്നു. (1 ശമൂവേൽ 12:11; എബ്രായർ 11:​32-34) അതുകൊണ്ട്‌ നരബലി​—⁠അല്ലെങ്കിൽ കൊലപാതകം​—⁠എന്ന ആശയം ഇവിടെ ഉദിക്കുന്നേയില്ല. അങ്ങനെയെങ്കിൽ ഒരു വ്യക്തിയെ യഹോവയ്‌ക്ക്‌ അർപ്പിക്കും എന്നു നേർന്നപ്പോൾ യിഫ്‌താഹിന്റെ മനസ്സിൽ പിന്നെ എന്താണുണ്ടായിരുന്നത്‌?

തന്നെ എതിരേൽക്കുന്ന വ്യക്തിയെ പൂർണമായും ദൈവസേവനത്തിനായി അർപ്പിക്കും എന്നാണു വ്യക്തമായും യിഫ്‌താഹ്‌ അർഥമാക്കിയത്‌. മോശൈക ന്യായപ്രമാണപ്രകാരം മനുഷ്യരെ യഹോവയ്‌ക്കു നേരാൻ കഴിയുമായിരുന്നു. ഉദാഹരണത്തിന്‌, സ്‌ത്രീകൾ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവചെയ്‌തിരുന്നു. വെള്ളംകോരുന്നതായിരുന്നിരിക്കാം അവരുടെ ജോലി. (പുറപ്പാടു 38:8; 1 ശമൂവേൽ 2:22) അത്തരം സേവനത്തെക്കുറിച്ചും സാധാരണഗതിയിൽ അതു സ്ഥിരമായിരുന്നോ എന്നതിനെക്കുറിച്ചും കാര്യമായൊന്നും നമുക്കറിയില്ല. നേർച്ച നേർന്നപ്പോൾ, എന്നേക്കുമുള്ള സേവനം ഉൾപ്പെട്ടേക്കാവുന്ന അത്തരം ഒരു സവിശേഷ അർപ്പണമായിരുന്നിരിക്കാം യിഫ്‌താഹിന്റെ മനസ്സിലുണ്ടായിരുന്നത്‌.

യിഫ്‌താഹിന്റെ പുത്രിയും പിന്നീട്‌ ശമൂവേൽ ബാലനും ദൈവഭക്തരായ തങ്ങളുടെ മാതാപിതാക്കളുടെ നേർച്ച നിറവേറ്റുന്നതിനോടു സഹകരിച്ചവരാണ്‌. (1 ശമൂവേൽ 1:11) യഹോവയെ സവിശ്വസ്‌തം ആരാധിച്ചിരുന്നവളെന്ന നിലയിൽ, പിതാവിന്റെ നേർച്ച നിറവേറ്റപ്പെടേണ്ടതാണെന്നു യിഫ്‌താഹിനെപ്പോലെതന്നെ മകൾക്കും ബോധ്യം ഉണ്ടായിരുന്നു. അവൾക്ക്‌ ഒരിക്കലും വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നില്ല എന്നതിനാൽ അതൊരു വലിയ ത്യാഗം ആയിരുന്നു. കുടുംബത്തിന്റെ പേരും അവകാശവും നിലനിറുത്താനായി കുട്ടികളുണ്ടായിരിക്കാൻ എല്ലാ ഇസ്രായേല്യരും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്‌ അവൾ തന്റെ കന്യകാത്വത്തെപ്രതി വിലാപം കഴിച്ചു. യിഫ്‌താഹിനാണെങ്കിലോ, ഈ നേർച്ച നിറവേറ്റിയതിലൂടെ തന്റെ എല്ലാമെല്ലാമായ മകളുടെ സഖിത്വമാണു നഷ്ടപ്പെട്ടത്‌.​—⁠ന്യായാധിപന്മാർ 11:​36-39.

ഈ വിശ്വസ്‌ത കന്യകയുടെ ജീവിതം പാഴായില്ല. യഹോവയുടെ ഭവനത്തിലെ മുഴുസമയ സേവനം അവളെ സംബന്ധിച്ചിടത്തോളം ദൈവത്തെ ബഹുമാനിക്കാൻ കഴിയുന്ന അതിവിശിഷ്ടവും സംതൃപ്‌തിദായകവും പ്രശംസാർഹവും ആയ ഒരു മാർഗമായിരുന്നു. അതുകൊണ്ട്‌ “ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ . . . ഗിലെയാദ്യനായ യിഫ്‌താഹിന്റെ മകളെ കീർത്തിപ്പാൻ” പോയിരുന്നു. (ന്യായാധിപന്മാർ 11:40) തീർച്ചയായും തന്റെ മകൾ ദൈവത്തെ സേവിക്കുന്നതിൽ യിഫ്‌താഹും അത്യന്തം സന്തോഷിച്ചിരുന്നു.

ഇന്ന്‌ ദൈവജനത്തിനിടയിൽ അനേകരും പയനിയർമാരോ മിഷനറിമാരോ സഞ്ചാര ശുശ്രൂഷകരോ ബെഥേൽ കുടുംബാംഗങ്ങളോ ആയി സേവിക്കുന്നു. ആഗ്രഹിച്ചേക്കാവുന്നത്ര കൂടെക്കൂടെ കുടുംബാംഗങ്ങളെ കാണാൻ ഈ മുഴുസമയ സേവകർക്കു സാധിച്ചെന്നുവരില്ല. എന്നിരുന്നാലും യഹോവയ്‌ക്ക്‌ അർപ്പിക്കപ്പെടുന്ന അത്തരം വിശുദ്ധ സേവനത്തെപ്രതി ആഹ്ലാദിക്കാൻ അവർക്കും കുടുംബാംഗങ്ങൾക്കും വകയുണ്ട്‌.​—⁠സങ്കീർത്തനം 110:3; എബ്രായർ 13:​15, 16.

ദിവ്യ മാർഗനിർദേശത്തോടു മറുതലിക്കുന്നു

യിഫ്‌താഹിന്റെ നാളുകളിലേക്കു നമുക്കു മടങ്ങാം. അനേകം ഇസ്രായേല്യരും യഹോവയുടെ മാർഗനിർദേശം നിരസിക്കുന്നതായി നാം കാണുന്നു. യിഫ്‌താഹിന്റെമേൽ യഹോവയുടെ അനുഗ്രഹമുണ്ടെന്നതു വ്യക്തമായിരുന്നിട്ടുകൂടി എഫ്രയീമ്യർ അവനുമായി ശണ്‌ഠകൂടുന്നു. യുദ്ധത്തിന്‌ അവൻ അവരെ കൂട്ടുവിളിക്കാഞ്ഞത്‌ എന്തുകൊണ്ടാണെന്ന്‌ അവർക്ക്‌ അറിയണം. അവനെ വീടിന്‌ “അകത്തിട്ടു” വീടിനു തീവെക്കാൻപോലും അവർ പദ്ധതിയിടുന്നു!​—⁠ന്യായാധിപന്മാർ 12:⁠1.

താൻ അവരെ വിളിച്ചിരുന്നെന്നും എന്നാൽ അവർ അതു കൂട്ടാക്കിയില്ലെന്നും യിഫ്‌താഹ്‌ പറയുന്നു. എന്തായിരുന്നാലും ദൈവമായിരുന്നു യുദ്ധവിജയത്തിനു പിന്നിൽ. ഇനി, ഗിലെയാദ്യർ യിഫ്‌താഹിനെ സേനാപതിയായി തിരഞ്ഞെടുത്തപ്പോൾ അവരോട്‌ അഭിപ്രായം ആരായാഞ്ഞതാണോ യഥാർഥത്തിൽ അവരെ അസ്വസ്ഥരാക്കുന്നത്‌? വാസ്‌തവത്തിൽ എഫ്രയീമിന്റെ പ്രതിഷേധം യഹോവയ്‌ക്കെതിരെയുള്ള മത്സരമാണ്‌. ഇനി അവരുമായി യുദ്ധംചെയ്യുകയല്ലാതെ മറ്റു മാർഗമില്ല. തുടർന്നു നടക്കുന്ന യുദ്ധത്തിൽ എഫ്രയീമ്യർ അമ്പേ പരാജയപ്പെടുന്നു. “ശിബ്ബോലെത്ത്‌” എന്ന വാക്ക്‌ കൃത്യമായി ഉച്ചരിക്കാനാവാത്തതിനാൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന എഫ്രയീമ്യർ എളുപ്പത്തിൽ പിടിക്കപ്പെടുന്നു. അങ്ങനെ ആ പോരാട്ടത്തിൽ മൊത്തം 42,000 എഫ്രയീമ്യർ കൊല്ലപ്പെടുന്നു.​—⁠ന്യായാധിപന്മാർ 12:​2-6.

ഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു അത്‌! ന്യായാധിപന്മാരായ ഒത്‌നീയേൽ, ഏഹൂദ്‌, ബാരാക്ക്‌, ഗിദെയോൻ എന്നിവരുടെ യുദ്ധവിജയത്തെത്തുടർന്ന്‌ ദേശത്തു സമാധാനം കളിയാടിയതായി പരാമർശം ഉണ്ടെങ്കിലും ഈ സന്ദർഭത്തിൽ നാമതു കാണുന്നില്ല. പകരം ഇങ്ങനെമാത്രം പറഞ്ഞുകൊണ്ട്‌ വിവരണം അവസാനിക്കുന്നു: “യിഫ്‌താഹ്‌ യിസ്രായേലിന്നു ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്‌താഹ്‌ മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കംചെയ്‌തു.”​—⁠ന്യായാധിപന്മാർ 3:​11, 30; 5:31; 8:28; 12:⁠7.

ഇതിൽനിന്നെല്ലാം നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? ജീവിതം പ്രശ്‌നപൂരിതമായിരുന്നെങ്കിലും യിഫ്‌താഹ്‌ ദൈവത്തോടു വിശ്വസ്‌തനായിരുന്നു. ഗിലെയാദിലെ മൂപ്പന്മാരോടും അമ്മോന്യരോടും തന്റെ മകളോടും എഫ്രയീമ്യരോടും സംസാരിച്ചപ്പോഴും അതുപോലെതന്നെ നേർച്ചനേർന്നപ്പോഴും ഈ പരാക്രമശാലി യഹോവയുടെ നാമം പരാമർശിച്ചു. (ന്യായാധിപന്മാർ 11:​9, 23, 27, 30, 31, 35; 12:⁠3) സത്യാരാധനയുടെ ഉന്നമനത്തിനായി യിഫ്‌താഹിനെയും പുത്രിയെയും ഉപയോഗിച്ചുകൊണ്ട്‌ ദൈവം അവനെ അവന്റെ ഭക്തിയെപ്രതി അനുഗ്രഹിച്ചു. മറ്റുള്ളവർ ദിവ്യനിലവാരങ്ങൾ ഉപേക്ഷിച്ചപ്പോഴും യിഫ്‌താഹ്‌ അവയോടു പറ്റിനിന്നു. യിഫ്‌താഹിനെപ്പോലെ നിങ്ങൾ എന്നെന്നും യഹോവയെ അനുസരിക്കുമോ?

[അടിക്കുറിപ്പ്‌]

^ ഖ. 5 ഇക്കാലം കഴിഞ്ഞ്‌ 60 വർഷമാകുന്നതിനുമുമ്പ്‌ ഗിലെയാദ്യ പട്ടണങ്ങളിലൊന്നിൽ പാളയമിറങ്ങിയ അമ്മോന്യർ, തദ്ദേശവാസികളുടെയെല്ലാം വലങ്കണ്ണു ചൂഴ്‌ന്നെടുക്കുമെന്നു ഭീഷണിമുഴക്കി. കൊടുംക്രൂരതയ്‌ക്കു പേരുകേട്ടവരായിരുന്ന അവർ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞതായി പ്രവാചകനായ ആമോസ്‌ പറയുകയുണ്ടായി.​—⁠1 ശമൂവേൽ 11:2; ആമോസ്‌ 1:13.