വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!

സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!

സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!

“അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം.”​—⁠ആവർത്തനപുസ്‌തകം 32:⁠4.

1, 2. (എ) എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ നിങ്ങൾക്കു വിലപ്പെട്ടതായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ഭാവി സംബന്ധിച്ച്‌ അത്ഭുതകരമായ വാഗ്‌ദാനങ്ങൾ വെച്ചുനീട്ടുന്ന ദൈവത്തിൽ വിശ്വസിക്കുന്നതിൽനിന്ന്‌ അനേകരെ തടയുന്നതെന്ത്‌?

പറുദീസയിലെ ജീവിതത്തെക്കുറിച്ചു വിഭാവന ചെയ്യാൻ നിങ്ങൾക്ക്‌ ഇഷ്ടമാണോ? വിസ്‌മയാവഹമായ ഭൂഗ്രഹത്തിൽ പര്യവേക്ഷണം നടത്തുന്നതും അതിലെ എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളെക്കുറിച്ചു പഠിക്കുന്നതും ഒക്കെ നിങ്ങൾ ഭാവനയിൽ കണ്ടേക്കാം. അല്ലെങ്കിൽ, ഭൂമിയെ ഒരു ആഗോള ഉദ്യാനമാക്കി മാറ്റുന്ന വേലയിൽ മറ്റുള്ളവരോടൊത്തു പ്രവർത്തിക്കുന്നതിന്റെ സംതൃപ്‌തിയെക്കുറിച്ചു നിങ്ങൾ ചിന്തിച്ചേക്കാം. അതുമല്ലെങ്കിൽ, ഇന്നത്തെ ജീവിത പ്രാരബ്ധങ്ങൾക്കിടെ അസാധ്യമായിത്തോന്നുന്ന കല, ശിൽപ്പവിദ്യ, സംഗീതം എന്നീ മേഖലകളിൽ പ്രാവീണ്യം നേടുന്നതിനെക്കുറിച്ചായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്‌. എന്തുതന്നെയായാലും, ബൈബിൾ പറയുന്ന ‘സാക്ഷാലുള്ള ജീവന്റെ,’ അതേ, യഹോവ നമുക്കായി ഉദ്ദേശിച്ച അനന്തമായ ജീവന്റെ പ്രത്യാശയെ നിങ്ങൾ വിലമതിക്കുന്നു.​—⁠1 തിമൊഥെയൊസ്‌ 6:19.

2 ആ ബൈബിളധിഷ്‌ഠിത പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കുന്നത്‌ സന്തോഷകരമായ, വിശിഷ്ടമായ ഒരു പദവിയല്ലേ? എന്നാൽ അനേകർ അത്തരം പ്രത്യാശയെ പരിത്യജിക്കുന്നു. ഒരു മിഥ്യാസങ്കൽപ്പമെന്നും യാഥാർഥ്യബോധമില്ലാത്തവരുടെ വെറുമൊരു സ്വപ്‌നമെന്നും പറഞ്ഞ്‌ അവർ അതിനെ പുച്ഛിച്ചുതള്ളുന്നു. പറുദീസയിലെ നിത്യജീവൻ വാഗ്‌ദാനം ചെയ്യുന്ന ദൈവത്തിൽ വിശ്വസിക്കുന്നതുപോലും അവർക്കു ബുദ്ധിമുട്ടായിരിക്കാം. എന്തുകൊണ്ട്‌? പലരുടെയും കാര്യത്തിൽ നമുക്കു ചുറ്റുമുള്ള തിന്മയായിരിക്കാം പ്രശ്‌നം. ഒരു ദൈവം ഉണ്ടെങ്കിൽ, അവൻ സർവശക്തനും സ്‌നേഹവാനുമാണെങ്കിൽ ലോകത്തിൽ നടമാടുന്ന തിന്മയ്‌ക്കും കഷ്ടപ്പാടിനും എന്താണ്‌ വിശദീകരണം എന്നാണ്‌ അവർ ചോദിക്കുന്നത്‌. അനീതി വെച്ചുപൊറുപ്പിക്കുന്ന ഒരു ദൈവം ഉണ്ടായിരിക്കില്ല എന്നതാണ്‌ അവരുടെ വാദം; അഥവാ അങ്ങനെയൊരു ദൈവമുണ്ടെങ്കിൽ ഒന്നുകിൽ അവൻ സർവശക്തനല്ല അല്ലെങ്കിൽ നമ്മെ സംബന്ധിച്ചു കരുതലുള്ളവനല്ല. ഇത്തരം ന്യായവാദങ്ങളിൽ കഴമ്പുണ്ടെന്നു ചിലർക്കു തോന്നുന്നു. മനുഷ്യമനസ്സുകളെ കുരുടാക്കുന്നതിൽ വിദഗ്‌ധനാണ്‌ സാത്താനെന്നു തെളിഞ്ഞിരിക്കുന്നു.​—⁠2 കൊരിന്ത്യർ 4:⁠4.

3. ബുദ്ധിമുട്ടേറിയ ഏതു ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ നമുക്ക്‌ ആളുകളെ സഹായിക്കാം, അതിനുള്ള അനുപമമായ ഒരു സ്ഥാനത്താണു നാമെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

3 സാത്താനാലും ഈ ലോകത്തിന്റെ ജ്ഞാനത്താലും വഞ്ചിക്കപ്പെടുന്ന ആളുകളെ സഹായിക്കാനുള്ള അനുപമമായ ഒരു സ്ഥാനത്താണ്‌ യഹോവയുടെ സാക്ഷികളായ നാം. (1 കൊരിന്ത്യർ 1:20; 3:19) അനേകരും ബൈബിൾ വാഗ്‌ദാനങ്ങളിൽ വിശ്വസിക്കാത്തത്‌ എന്തുകൊണ്ടെന്നു നമുക്കറിയാം. അവർക്കു യഹോവയെ അറിയില്ല. അവന്റെ നാമത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച്‌ അവർക്ക്‌ അറിയില്ലായിരിക്കാം; ഇനി, അവന്റെ ഗുണങ്ങൾ, വാഗ്‌ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ അവനുള്ള സത്‌കീർത്തി എന്നിവയെക്കുറിച്ചും അവർക്കു കാര്യമായൊന്നും അല്ലെങ്കിൽ ഒട്ടുംതന്നെ അറിയില്ല. എന്നാൽ ഈ സംഗതികളെക്കുറിച്ചുള്ള അറിവിനാൽ അനുഗൃഹീതരാണു നാം. ആളുകൾ ചോദിക്കുന്ന ഏറ്റവും പ്രയാസകരമായ ചോദ്യങ്ങളിലൊന്നായ ‘ദൈവം ദുഷ്ടതയും കഷ്ടപ്പാടും അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌?’ എന്നതിന്‌ ഉത്തരം കണ്ടെത്താൻ “അജ്‌ഞ”രായവരെ നമുക്കെങ്ങനെ സഹായിക്കാം എന്ന്‌ പരിചിന്തിക്കുന്നതു നന്നായിരിക്കും. (എഫെസ്യർ 4:18, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ആദ്യമേ, തൃപ്‌തികരമായ ഉത്തരത്തിനുള്ള അടിസ്ഥാനമിടുന്നത്‌ എങ്ങനെയെന്നു നമുക്കു നോക്കാം. തുടർന്ന്‌, യഹോവ തിന്മയെ കൈകാര്യംചെയ്‌ത വിധത്തിൽ പ്രതിഫലിച്ചുകാണുന്ന അവന്റെ ഗുണങ്ങളെക്കുറിച്ചു പരിചിന്തിക്കാം.

ഉചിതമായ ഒരു സമീപനത്തിലൂടെ

4, 5. ദൈവം കഷ്ടപ്പാടുകൾ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ആരെങ്കിലും ചോദിച്ചാൽ ആദ്യംതന്നെ നാം എന്തു ചെയ്യണം? വിശദീകരിക്കുക.

4 ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ആരെങ്കിലും ചോദിച്ചാൽ നാം എന്തു മറുപടി പറയും? ഏദെൻതോട്ടത്തിൽ സംഭവിച്ച കാര്യങ്ങൾ തുടങ്ങി ഒരു വിശദമായ ഉത്തരം ഉടൻതന്നെ നൽകാനുള്ള പ്രവണതയായിരിക്കും ഒരുപക്ഷേ നമുക്ക്‌. ചിലപ്പോൾ അതു നന്നായിരിക്കും. എങ്കിലും നാം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്‌; വിശദമായ ഉത്തരത്തിലേക്കു കടക്കുംമുമ്പേ ചില ഒരുക്കങ്ങൾ ആവശ്യമായിരുന്നേക്കാം. (സദൃശവാക്യങ്ങൾ 25:11; കൊലൊസ്സ്യർ 4:6) ഉത്തരം നൽകുന്നതിനുമുമ്പ്‌ നാം മൂന്നു തിരുവെഴുത്ത്‌ ആശയങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്‌; അതിനെക്കുറിച്ച്‌ നമുക്കിപ്പോൾ പരിചിന്തിക്കാം.

5 ഒന്നാമതായി, ലോകത്തിൽ വ്യാപകമായിരിക്കുന്ന തിന്മ ഒരു വ്യക്തിയെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നെങ്കിൽ സാധ്യതയനുസരിച്ച്‌ അദ്ദേഹമോ അദ്ദേഹത്തിനു പ്രിയപ്പെട്ട മറ്റാരെങ്കിലുമോ തിന്മയ്‌ക്ക്‌ ഇരയായിട്ടുണ്ടായിരിക്കാം. അങ്ങനെയെങ്കിൽ, ആത്മാർഥമായ സഹാനുഭൂതിയോടെ സംഭാഷണം തുടങ്ങുന്നതായിരിക്കാം ബുദ്ധി. അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഇപ്രകാരം ബുദ്ധിയുപദേശിച്ചു: ‘കരയുന്നവരോടുകൂടെ കരയുവിൻ.’ (റോമർ 12:15) നിങ്ങൾ കാണിക്കുന്ന സഹാനുഭൂതി അല്ലെങ്കിൽ “സഹതാപം” ആ വ്യക്തിയുടെ ഹൃദയത്തിൽ തട്ടിയേക്കാം. (1 പത്രൊസ്‌ 3:8) നമുക്ക്‌ അദ്ദേഹത്തെക്കുറിച്ചു ചിന്തയുണ്ടെന്നു മനസ്സിലായാൽ അദ്ദേഹം നമ്മെ ശ്രദ്ധിക്കാൻ ഏറെ സാധ്യതയുണ്ട്‌.

6, 7. തന്നെ അലട്ടുന്ന ഒരു ചോദ്യം ഉന്നയിക്കുന്ന ആത്മാർഥതയുള്ള ഒരു വ്യക്തിയെ നാം അഭിനന്ദിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 രണ്ടാമതായി, പ്രസ്‌തുത ചോദ്യത്തെക്കുറിച്ച്‌ അറിയാൻ താത്‌പര്യം കാണിച്ച ആ വ്യക്തിയുടെ ആത്മാർഥതയെ അഭിനന്ദിക്കുക. ഇത്തരം ചോദ്യങ്ങൾ തങ്ങളെ അലട്ടുന്നത്‌ തങ്ങൾക്കു ദൈവത്തിൽ വിശ്വാസമില്ലെന്നോ ദൈവത്തോട്‌ ആദരവില്ലെന്നോ ഉള്ളതിന്റെ സൂചനയാണെന്നു ചിലർ നിഗമനം ചെയ്‌തേക്കാം. പുരോഹിതന്മാർപോലും അവരോട്‌ അത്തരത്തിൽ പറഞ്ഞിട്ടുണ്ടാകാം. എങ്കിലും, അത്‌ അങ്ങനെയായിരിക്കണമെന്നില്ല. എന്തിന്‌, ബൈബിൾ കാലങ്ങളിലെ വിശ്വസ്‌തരായ ചിലർക്കുപോലും അത്തരം ചോദ്യങ്ങൾ ഉണ്ടായിരുന്നു. സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവേ, നീ ദൂരത്തു നില്‌ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്ത്‌?” (സങ്കീർത്തനം 10:1) സമാനമായി, പ്രവാചകനായ ഹബക്കൂക്കും ഇങ്ങനെ ചോദിച്ചു: “യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും? നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെനോക്കുന്നതും എന്തിന്‌?”​—⁠ഹബക്കൂക്‌ 1:2, 3.

7 ദൈവത്തോടു വിശ്വസ്‌തരായ, അവനോട്‌ അങ്ങേയറ്റം ആദരവുണ്ടായിരുന്ന വ്യക്തികളായിരുന്നു അവർ. അങ്ങനെ ചോദിച്ചതിന്റെ പേരിൽ ദൈവം അവരെ ശകാരിച്ചോ? ഒരിക്കലുമില്ല! മറിച്ച്‌, ആത്മാർഥത നിറഞ്ഞ അവരുടെ ചോദ്യങ്ങൾ യഹോവ തന്റെ വചനത്തിൽ രേഖപ്പെടുത്തി. ഇന്ന്‌, തനിക്കു ചുറ്റുമുള്ള തിന്മയിൽ മനംനൊന്തു കഴിയുന്ന ഒരുവൻ ആത്മീയ വിശപ്പുള്ള, അതായത്‌ ബൈബിളിനു മാത്രം നൽകാനാകുന്ന ഉത്തരത്തിനുവേണ്ടി അതിയായി കാംക്ഷിക്കുന്ന ഒരു വ്യക്തിയായിരിക്കാം. ആത്മീയ വിശപ്പുള്ളവരെ, അല്ലെങ്കിൽ “ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ള”വരെ യേശു അനുമോദിച്ചു എന്ന കാര്യം ശ്രദ്ധിക്കുക. (മത്തായി 5:3, NW) യേശു വെച്ചുനീട്ടിയ സന്തുഷ്ടി കണ്ടെത്താൻ അത്തരം ആളുകളെ സഹായിക്കാനാകുന്നത്‌ എത്ര വലിയൊരു പദവിയാണ്‌!

8. കഷ്ടപ്പാടുകൾക്കു കാരണക്കാരൻ ദൈവമാണെന്ന്‌ അനേകർ വിശ്വസിക്കാൻ ഇടയാക്കിയിരിക്കുന്ന പഠിപ്പിക്കലുകൾ ഏവ, അവരെ നമുക്ക്‌ എങ്ങനെ സഹായിക്കാം?

8 മൂന്നാമതായി, ലോകത്തിൽ നടമാടുന്ന ദുഷ്ടതയ്‌ക്കെല്ലാം കാരണക്കാരൻ ദൈവമല്ല എന്നു തിരിച്ചറിയാൻ നാം അദ്ദേഹത്തെ സഹായിക്കേണ്ടത്‌ ആവശ്യമായിരിക്കാം. ഈ ലോകത്തെ ഭരിക്കുന്നത്‌ ദൈവമാണെന്നും നമുക്കു സംഭവിക്കുന്ന സകലതും ദൈവം ദീർഘനാൾമുമ്പേ തീരുമാനിച്ചു വെച്ചതാണെന്നും മനുഷ്യരുടെമേൽ യാതനകൾ വരുത്തുന്നതിന്‌ അവനു നിഗൂഢവും അജ്ഞാതവുമായ കാരണങ്ങൾ ഉണ്ടെന്നുമാണ്‌ അനേകരെയും പഠിപ്പിച്ചിരിക്കുന്നത്‌. ഈ പഠിപ്പിക്കലുകൾ വ്യാജമാണ്‌. അവ ദൈവത്തെ നിന്ദിക്കുകയും ലോകത്തിലെ സകല ദുഷ്ടതയുടെയും അനീതിയുടെയും കാരണക്കാരനായി അവനെ ചിത്രീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ അത്തരം തെറ്റിദ്ധാരണകൾ അകറ്റാൻ നാം ദൈവവചനം ഉപയോഗിക്കേണ്ടത്‌ ആവശ്യമായിരിക്കാം. (2 തിമൊഥെയൊസ്‌ 3:16) യഹോവയല്ല, പിശാചായ സാത്താനാണ്‌ ഈ ദുഷിച്ച വ്യവസ്ഥിതിയുടെ ഭരണാധിപൻ. (1 യോഹന്നാൻ 5:19) ദൈവം ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളുടെ ഭാവി മുൻനിശ്ചയിക്കുന്നില്ല; പകരം നല്ലതും ചീത്തയും, തെറ്റും ശരിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവസരവും അവൻ ഓരോ വ്യക്തിക്കും നൽകുന്നു. (ആവർത്തനപുസ്‌തകം 30:19) യഹോവ ഒരിക്കലും ദുഷ്ടതയുടെ കാരണക്കാരനല്ല; അവൻ ദുഷ്ടതയെ വെറുക്കുകയും അന്യായമായി കഷ്ടപ്പെടുന്നവർക്കായി കരുതുകയും ചെയ്യുന്നു.​—⁠ഇയ്യോബ്‌ 34:10; സദൃശവാക്യങ്ങൾ 6:16-19; 1 പത്രൊസ്‌ 5:⁠7.

9. യഹോവ കഷ്ടപ്പാട്‌ അനുവദിച്ചിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിന്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ” നൽകിയിരിക്കുന്ന ചില പ്രസിദ്ധീകരണങ്ങൾ ഏവ?

9 അത്തരം ഒരു അടിസ്ഥാനം ഇട്ടുകഴിഞ്ഞാൽ കഷ്ടപ്പാടുകൾ തുടരാൻ ദൈവം അനുവദിച്ചിരിക്കുന്നതിന്റെ കാരണം എന്തെന്നു മനസ്സിലാക്കാൻ പറ്റിയ അവസ്ഥയിലായിട്ടുണ്ടാകും നിങ്ങളുടെ കേൾവിക്കാരൻ. ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കുന്നതിന്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ” അനേകം പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്‌. (മത്തായി 24:​45-47, NW) ഉദാഹരണത്തിന്‌, 2005/06-ൽ നടന്ന “ദൈവിക അനുസരണം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം! എന്ന വിഷയത്തോടുകൂടിയ ഒരു ലഘുലേഖ പ്രകാശനം ചെയ്യുകയുണ്ടായി. അതിലെ വിവരങ്ങൾ വായിച്ചു മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌. അതുപോലെതന്നെ, ഇപ്പോൾ 157 ഭാഷകളിൽ ലഭ്യമായിരിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ ഒരു അധ്യായം മുഴുവൻ ഈ സുപ്രധാന ചോദ്യത്തിനുള്ള വിശദീകരണമാണ്‌. ഇവയെല്ലാം നന്നായി പ്രയോജനപ്പെടുത്തുക. പ്രസ്‌തുത പ്രസിദ്ധീകരണങ്ങൾ, ഏദെനിൽ ഉയർന്നുവന്ന അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിന്റെ തിരുവെഴുത്തുപരമായ പശ്ചാത്തലവും യഹോവ ആ വിവാദം അത്തരത്തിൽ കൈകാര്യം ചെയ്‌തതിന്റെ കാരണവും വ്യക്തമായി വിശദീകരിക്കുന്നു. ഈ വിഷയം സംസാരിക്കവേ, പരമപ്രധാനമായ ഒരു വിജ്ഞാനമേഖലയിലേക്കുള്ള വാതായനമാണ്‌ നിങ്ങൾ കേൾവിക്കാരനു തുറന്നുകൊടുക്കുന്നത്‌ എന്ന വസ്‌തുത മനസ്സിൽപ്പിടിക്കുക. യഹോവയെയും അവന്റെ വിസ്‌മയാവഹമായ ഗുണങ്ങളെയും കുറിച്ചുള്ള ജ്ഞാനമാണത്‌.

യഹോവയുടെ ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

10. ദൈവം കഷ്ടപ്പാട്‌ അനുവദിച്ചിരിക്കുന്നതു സംബന്ധിച്ച്‌ എന്തു മനസ്സിലാക്കാനാണ്‌ പലർക്കും പ്രയാസം, ഏത്‌ അറിവ്‌ അവരെ സഹായിച്ചേക്കാം?

10 സാത്താന്റെ നിയന്ത്രണത്തിൽ മനുഷ്യർ സ്വയം ഭരിക്കാൻ യഹോവ അനുവദിച്ചിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ ആളുകളെ സഹായിക്കവേ യഹോവയുടെ ഗുണങ്ങളിലേക്ക്‌ അവരുടെ ശ്രദ്ധക്ഷണിക്കുക. ദൈവം ശക്തനാണെന്ന്‌ അനേകർക്കും അറിയാം; സർവശക്തൻ എന്നു ദൈവത്തെപ്പറ്റി പറയുന്നത്‌ അവർ കേൾക്കാറുമുണ്ട്‌. എന്നിരുന്നാലും, ദൈവം തന്റെ മഹാശക്തി ഉപയോഗിച്ച്‌ അനീതിയും കഷ്ടപ്പാടും അപ്പപ്പോൾ നീക്കംചെയ്യാത്തത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അവർക്കു പ്രയാസമായിരിക്കാം. യഹോവയുടെ പരിശുദ്ധി, നീതി, ജ്ഞാനം, സ്‌നേഹം എന്നീ ഗുണങ്ങളെ സംബന്ധിച്ച്‌ അവർക്ക്‌ ഒരുപക്ഷേ അറിയില്ലായിരിക്കാം. ഈ ഗുണങ്ങളെല്ലാം യഹോവ തികവാർന്ന, സന്തുലിതമായ ഒരു വിധത്തിലാണു പ്രകടമാക്കുന്നത്‌. അക്കാരണത്താൽത്തന്നെ ബൈബിൾ ഇപ്രകാരം പറയുന്നു: “അവന്റെ പ്രവൃത്തി അത്യുത്തമം.” (ആവർത്തനപുസ്‌തകം 32:4) ഇതു സംബന്ധിച്ച്‌ കൂടെക്കൂടെ ഉയർന്നുവരാറുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകവേ ദൈവത്തിന്റെ ഈ ഗുണങ്ങൾക്കു ഊന്നൽ നൽകാവുന്നത്‌ എങ്ങനെയാണ്‌? ചില ഉദാഹരണങ്ങൾ നോക്കാം.

11, 12. (എ) ആദാമും ഹവ്വായും പാപം ചെയ്‌തപ്പോൾ ക്ഷമ ഒരു പരിഹാരമല്ലായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവ പാപം എന്നേക്കും വെച്ചുപൊറുപ്പിക്കാത്തതിന്റെ കാരണമെന്ത്‌?

11 ആദാമിനോടും ഹവ്വായോടും യഹോവയ്‌ക്കു ക്ഷമിക്കാമായിരുന്നോ? ക്ഷമ ഇവിടെ ഒരു പരിഹാരമല്ലായിരുന്നു. പൂർണമനുഷ്യരായ ആദാമും ഹവ്വായും യഹോവയുടെ പരമാധികാരം ഉപേക്ഷിച്ച്‌ സാത്താന്റെ വാക്കു കേൾക്കാൻ മനഃപൂർവം തീരുമാനിക്കുകയായിരുന്നു. അവർക്ക്‌ അതു സംബന്ധിച്ചു യാതൊരു അനുതാപവും തോന്നാതിരുന്നതിൽ അതിശയമില്ല. എന്നിരുന്നാലും ദൈവം എന്തുകൊണ്ടാണ്‌ ക്ഷമിക്കാതിരുന്നതെന്ന്‌ ആളുകൾ ചോദിക്കുമ്പോൾ യഹോവ തന്റെ നിലവാരത്തിൽ വിട്ടുവീഴ്‌ച വരുത്താതിരുന്നതും പാപവും മത്സരവും വകവെച്ചുകൊടുക്കാതിരുന്നതും എന്തുകൊണ്ടെന്നായിരിക്കാം അവർ ചിന്തിക്കുന്നത്‌. അതിനുള്ള ഉത്തരം യഹോവയുടെ ഒരു അടിസ്ഥാന ഗുണവുമായി ബന്ധപ്പെട്ടിരിക്കുന്നു; അതേ, യഹോവയുടെ വിശുദ്ധിയുമായി.​—⁠പുറപ്പാടു 28:36; 39:30.

12 ബൈബിൾ നിരവധിതവണ യഹോവയുടെ വിശുദ്ധി ഊന്നിപ്പറയുന്നുണ്ട്‌. എന്നാൽ, ഈ ദുഷിച്ച ലോകത്തിലെ ചുരുക്കംചിലരേ ആ ഗുണം തിരിച്ചറിയുന്നുള്ളൂ എന്നതാണ്‌ സങ്കടകരം. വിശുദ്ധനും നിർമലനുമാണ്‌ യഹോവ; അവനിൽ പാപത്തിന്റെ കണികപോലുമില്ല. (യെശയ്യാവു 6:3; 59:2) പാപത്തിന്‌ പ്രായശ്ചിത്തം കഴിക്കാനും അതു പോക്കാനുമുള്ള ക്രമീകരണം അവൻ ചെയ്‌തിട്ടുണ്ട്‌; എന്നാൽ പാപം എന്നേക്കും തുടരാൻ അവൻ അനുവദിക്കുകയില്ല. യഹോവ പാപത്തിനുനേരെ എന്നേക്കുമായി കണ്ണടച്ചിരുന്നെങ്കിൽ നമുക്കു യാതൊരു ഭാവി പ്രത്യാശയ്‌ക്കും വകയുണ്ടാകുമായിരുന്നില്ല. (സദൃശവാക്യങ്ങൾ 14:12) തന്റെ നിശ്ചിത സമയത്ത്‌ യഹോവ മുഴു സൃഷ്ടികളെയും വിശുദ്ധിയിലേക്കു തിരികെ കൊണ്ടുവരും. അതു നിശ്ചയമായും സംഭവിക്കും; കാരണം വിശുദ്ധനായവന്റെ ഇഷ്ടമാണത്‌.

13, 14. യഹോവ ഏദെനിലെ മത്സരികളെ നശിപ്പിക്കാതിരുന്നത്‌ എന്തുകൊണ്ട്‌?

13 ഏദെനിലെ മത്സരികളെ നശിപ്പിച്ച്‌ യഹോവയ്‌ക്കു പുതിയ സൃഷ്ടി നടത്താനാകുമായിരുന്നോ? അതിനുള്ള ശക്തി അവനുണ്ടായിരുന്നു; പെട്ടെന്നുതന്നെ സകല ദുഷ്ടരെയും നശിപ്പിക്കാനായി അവൻ ആ ശക്തി പ്രയോഗിക്കും. അപ്പോൾപ്പിന്നെ ‘അഖിലാണ്ഡത്തിൽ മൂന്നേമൂന്നു പാപികൾ മാത്രമുണ്ടായിരുന്നപ്പോൾ അവൻ അതു ചെയ്യാതിരുന്നത്‌ എന്തുകൊണ്ടാണ്‌? അങ്ങനെ ചെയ്‌തിരുന്നെങ്കിൽ പാപത്തിന്റെയും ഇന്നു ലോകത്തു കാണുന്ന അരിഷ്ടതകളുടെയും വ്യാപനം തടയാമായിരുന്നില്ലേ?’ എന്നു ചിലർ ചിന്തിച്ചേക്കാം. യഹോവ അങ്ങനെ ചെയ്യാതിരുന്നത്‌ എന്തുകൊണ്ടാണ്‌? പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്‌) അനുസരിച്ച്‌ ആവർത്തനപുസ്‌തകം 32:​4 പറയുന്നു: “അവന്റെ വഴികൾ ഒക്കെയും നീതിയാകുന്നു.” ഉത്‌കൃഷ്ടമായ നീതിബോധമാണ്‌ അവനുള്ളത്‌. അതേ, “യഹോവ നീതിപ്രിയ”നാണ്‌. (സങ്കീർത്തനം 37:​28, NW) നീതി പ്രിയപ്പെടുന്നതുകൊണ്ടാണ്‌ യഹോവ ഏദെനിലെ മത്സരികളെ നശിപ്പിക്കാതിരുന്നത്‌. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

14 സാത്താന്റെ മത്സരം യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം സംബന്ധിച്ച്‌ ഒരു ചോദ്യമുയർത്തി. യഹോവയുടെ നീതിബോധം സാത്താന്റെ വെല്ലുവിളിക്ക്‌ നീതിയിൽ അധിഷ്‌ഠിതമായ ഒരു ഉത്തരം കൊടുക്കേണ്ടത്‌ ആവശ്യമാക്കിത്തീർത്തു. ഉടൻതന്നെ ആ മത്സരികളെ നശിപ്പിക്കുന്നത്‌ അതിനുള്ള നീതിനിഷ്‌ഠമായ ഒരു ഉത്തരമാകുമായിരുന്നില്ല, അവർ നാശം അർഹിച്ചിരുന്നെങ്കിൽക്കൂടി. അത്‌ യഹോവയുടെ ശക്തിമഹാത്മ്യത്തിനു കൂടുതലായ തെളിവു നൽകുമായിരുന്നു; ചോദ്യം പക്ഷേ യഹോവയുടെ ശക്തി സംബന്ധിച്ചല്ലായിരുന്നു. കൂടാതെ, ആദാമിനോടും ഹവ്വായോടും യഹോവ തന്റെ ഉദ്ദേശ്യത്തെക്കുറിച്ചു പ്രസ്‌താവിക്കുകയും ചെയ്‌തിരുന്നു. അവർക്കു സന്തതികൾ ഉണ്ടാകണമായിരുന്നു; ആ സന്തതികളെക്കൊണ്ട്‌ മുഴുഭൂമിയും നിറയുകയും മറ്റു ഭൗമികസൃഷ്ടികൾ മുഴുവൻ അവരുടെ അധീനതയിലാകുകയും ചെയ്യണമായിരുന്നു. (ഉല്‌പത്തി 1:28) ആദാമിനെയും ഹവ്വായെയും യഹോവ നശിപ്പിച്ചിരുന്നെങ്കിൽ മനുഷ്യരെ സംബന്ധിച്ച യഹോവയുടെ പ്രഖ്യാപിത ഉദ്ദേശ്യം വൃഥാവാകുമായിരുന്നു. അങ്ങനെയൊന്നു സംഭവിക്കാൻ യഹോവയുടെ നീതി ഒരിക്കലും അനുവദിക്കുമായിരുന്നില്ല; കാരണം അവന്റെ ഉദ്ദേശ്യങ്ങൾ എല്ലായ്‌പോഴും നിവൃത്തിയേറുമെന്നതു തർക്കമറ്റ സംഗതിയാണ്‌.​—⁠യെശയ്യാവു 55:10, 11.

15, 16. ഏദെനിൽ ഉയർന്നുവന്ന വിവാദത്തിന്‌ തങ്ങളുടേതായ ‘പരിഹാരങ്ങൾ’ നിർദേശിക്കുന്നവരെ നമുക്ക്‌ എങ്ങനെ സഹായിക്കാം?

15 യഹോവ പ്രകടമാക്കിയതിനെക്കാൾ കൂടുതൽ ജ്ഞാനത്തോടെ ഈ മത്സരം കൈകാര്യംചെയ്യാൻ പ്രപഞ്ചത്തിൽ മറ്റാർക്കെങ്കിലും കഴിയുമായിരുന്നോ? ചിലർ ഏദെനിലെ മത്സരം സംബന്ധിച്ച്‌ തങ്ങളുടേതായ ‘പരിഹാരങ്ങൾ’ നിർദേശിച്ചേക്കാം. എന്നാൽ അപ്രകാരം ചെയ്യുകവഴി ഈ വിവാദം പരിഹരിക്കാൻ മെച്ചമായ വിധങ്ങൾ തങ്ങൾക്കുണ്ടെന്നു സൂചിപ്പിക്കുകയായിരിക്കില്ലേ അവർ? ദുഷ്ടമായ ചിന്തയോടെ ആയിരിക്കില്ല അവർ അപ്രകാരം ചെയ്യുന്നത്‌; യഹോവയെയും അവന്റെ അതിശ്രേഷ്‌ഠമായ ജ്ഞാനത്തെയും കുറിച്ച്‌ അറിവില്ലാത്തതുകൊണ്ടായിരിക്കാം. റോമിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ അപ്പൊസ്‌തലനായ പൗലൊസ്‌ ദൈവത്തിന്റെ ജ്ഞാനത്തിലേക്കു ചൂഴ്‌ന്നിറങ്ങുകയുണ്ടായി. മിശിഹൈക രാജ്യത്തിലൂടെ ദൈവത്തിന്റെ പരിശുദ്ധ നാമം വിശുദ്ധീകരിക്കുകയും വിശ്വസ്‌തരായ മനുഷ്യരുടെ വീണ്ടെടുപ്പു സാധ്യമാക്കുകയും ചെയ്യുന്നതിനോടു ബന്ധപ്പെട്ട യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള “മർമ്മം” അഥവാ പാവന രഹസ്യം അതിന്റെ ഭാഗമായിരുന്നു. ഈ ഉദ്ദേശ്യത്തിനു പിന്നിൽ പ്രവർത്തിച്ച ദൈവത്തിന്റെ ജ്ഞാനത്തെക്കുറിച്ച്‌ പൗലൊസിന്‌ എന്താണു തോന്നിയത്‌? പിൻവരുന്ന വാക്കുകളോടെ അപ്പൊസ്‌തലൻ തന്റെ ലേഖനം ഉപസംഹരിച്ചു: “ഏകജ്ഞാനിയായ ദൈവത്തിന്നു എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.”​—⁠റോമർ 11:25; 16:25-27.

16 യഹോവ “ഏകജ്ഞാനി,” അതായത്‌ അഖിലാണ്ഡത്തിലെ സകലജ്ഞാനത്തിന്റെയും അതിശ്രേഷ്‌ഠ ഉറവാണെന്നു പൗലൊസ്‌ തിരിച്ചറിഞ്ഞു. അപൂർണ മനുഷ്യരിൽ ആർക്കാണ്‌ ഏതെങ്കിലുമൊരു പ്രശ്‌നത്തിന്‌ മെച്ചമായ ഒരു പരിഹാരമാർഗം നിർദേശിക്കാനാകുക? അപ്പോൾപ്പിന്നെ ദിവ്യജ്ഞാനത്തിന്‌ എതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളതിൽവെച്ച്‌ ഏറ്റവും ബുദ്ധിമുട്ടേറിയ വെല്ലുവിളിയുടെ കാര്യം പറയാനുണ്ടോ? അതുകൊണ്ട്‌ “ജ്ഞാനി”യായ ദൈവത്തോടു നമുക്കു തോന്നുന്ന അതേ ഭക്ത്യാദരവ്‌ മറ്റുള്ളവർക്കും തോന്നാൻ നാം അവരെ സഹായിക്കേണ്ടതുണ്ട്‌. (ഇയ്യോബ്‌ 9:4) യഹോവയുടെ ജ്ഞാനത്തെക്കുറിച്ചു നാം എത്രയധികം ഗ്രഹിക്കുന്നുവോ, അവന്റെ പരിഹാരമാർഗങ്ങളാണ്‌ അത്യുത്തമമെന്ന നമ്മുടെ ബോധ്യം അത്രയധികം വർധിക്കും.​—⁠സദൃശവാക്യങ്ങൾ 3:5, 6.

യഹോവയുടെ അതിപ്രധാന ഗുണം തിരിച്ചറിയുക

17. യഹോവയുടെ സ്‌നേഹത്തെക്കുറിച്ചുള്ള കൂടുതലായ അറിവ്‌ അവൻ കഷ്ടപ്പാട്‌ അനുവദിച്ചിരിക്കുന്നതിനെപ്രതി വ്യാകുലപ്പെടുന്നവരെ സഹായിക്കുന്നത്‌ എങ്ങനെ?

17 “ദൈവം സ്‌നേഹം തന്നേ.” (1 യോഹന്നാൻ 4:8) ബൈബിളിലെ ശ്രദ്ധാർഹമായ ആ വാക്കുകൾ യഹോവയുടെ സുപ്രധാന ഗുണത്തിന്‌ അടിവരയിടുന്നു. ദുഷ്ടതയുടെ വ്യാപനത്തെപ്രതി മനസ്സുനീറിക്കഴിയുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകവും ആശ്വാസദായകവുമായ ഗുണമാണത്‌. തന്റെ സൃഷ്ടികളെ കാർന്നുതിന്നുന്ന പാപത്തിന്റെ നശീകരണഫലങ്ങളെ കൈകാര്യം ചെയ്യുന്നതിനുവേണ്ടി സ്വീകരിച്ച മാർഗത്തിന്റെ എല്ലാ വശങ്ങളിലും യഹോവ സ്‌നേഹം പ്രകടമാക്കിയിട്ടുണ്ട്‌. തന്നെ സമീപിക്കാനും താനുമായി ഒരു ബന്ധം സ്ഥാപിക്കാനും ഉള്ള വഴി തുറന്നുകൊടുത്തുകൊണ്ട്‌ ആദാമിന്റെയും ഹവ്വായുടെയും പാപികളായ സന്തതികൾക്കു പ്രത്യാശ വെച്ചുനീട്ടാൻ യഹോവയെ പ്രേരിപ്പിച്ചത്‌ സ്‌നേഹമാണ്‌. പാപങ്ങളുടെ ക്ഷമയും പൂർണതയുള്ള നിത്യജീവന്റെ പുനഃസ്ഥാപനവും സാധ്യമാക്കുന്ന ഒരു മറുവില പ്രദാനം ചെയ്യാൻ അവനെ പ്രേരിപ്പിച്ചതും സ്‌നേഹമാണ്‌. (യോഹന്നാൻ 3:16) സാത്താനെ തള്ളിക്കളയാനും പരമാധികാരിയായി യഹോവയെ തിരഞ്ഞെടുക്കാനും ഉള്ള പരമാവധി അവസരങ്ങൾ നൽകിക്കൊണ്ട്‌ മനുഷ്യവർഗത്തോട്‌ ദീർഘക്ഷമ കാണിക്കാൻ അവനെ പ്രേരിപ്പിച്ചിരിക്കുന്നതും സ്‌നേഹമല്ലാതെ മറ്റൊന്നുമല്ല.​—⁠2 പത്രൊസ്‌ 3:⁠9.

18. നാം ഏത്‌ ഉൾക്കാഴ്‌ചയാൽ അനുഗൃഹീതരാണ്‌, അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കും?

18 ദാരുണമായ ഒരു ഭീകരാക്രമണത്തിന്റെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ ഒരു പാസ്റ്റർ ഇപ്രകാരം പറഞ്ഞു: “കഷ്ടപ്പാടും ദുഷ്ടതയും തുടരാൻ ദൈവം അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ടെന്നു നമുക്കറിയില്ല.” എത്ര ശോചനീയം! ഈ വിഷയത്തെക്കുറിച്ച്‌ ഉൾക്കാഴ്‌ച ലഭിച്ചിരിക്കുന്ന നാം തീർച്ചയായും അനുഗൃഹീതരല്ലേ? (ആവർത്തനപുസ്‌തകം 29:​28, 29) യഹോവ ജ്ഞാനവും നീതിയും സ്‌നേഹവും ഉള്ള ദൈവമായതിനാൽ അവൻ ഉടൻതന്നെ സകല കഷ്ടപ്പാടുകൾക്കും അറുതിവരുത്തുമെന്നു നമുക്കറിയാം. അവൻ അതു വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌. (വെളിപ്പാടു 21:3-5) അങ്ങനെയെങ്കിൽ, ഇന്നോളം മരണമടഞ്ഞിരിക്കുന്നവരുടെ കാര്യമോ? ഏദെനിൽ യഹോവ വിവാദവിഷയം കൈകാര്യം ചെയ്‌തവിധം അവരെ പ്രത്യാശയില്ലാത്തവരാക്കിത്തീർത്തോ? ഒരിക്കലുമില്ല. പുനരുത്ഥാനത്തിലൂടെ അവർക്കും പ്രത്യാശ പകരാൻ സ്‌നേഹം അവനെ പ്രേരിപ്പിച്ചു. പ്രസ്‌തുത വിഷയമാണ്‌ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കുന്നത്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ദൈവം കഷ്ടപ്പാട്‌ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ എന്ത്‌ ഉത്തരം കൊടുക്കാം?

• ഏദെനിലെ മത്സരികളെ കൈകാര്യം ചെയ്‌ത വിധത്തിൽ യഹോവയുടെ വിശുദ്ധിയും നീതിയും പ്രതിഫലിക്കുന്നത്‌ എങ്ങനെ?

• യഹോവയുടെ സ്‌നേഹത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ നാം ആളുകളെ സഹായിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

കഷ്ടപ്പാടുകളിൽ മനംനൊന്തു കഴിയുന്നവരെ സഹായിക്കുക

[23-ാം പേജിലെ ചിത്രങ്ങൾ]

വിശ്വസ്‌തരായ ദാവീദും ഹബക്കൂക്കും ദൈവത്തോട്‌ ആത്മാർഥമായ ചോദ്യങ്ങൾ ചോദിച്ചു