വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചുരുൾ മുതൽ കോഡക്‌സ്‌ വരെ ബൈബിൾ ഒരു ഗ്രന്ഥമായിത്തീർന്ന വിധം

ചുരുൾ മുതൽ കോഡക്‌സ്‌ വരെ ബൈബിൾ ഒരു ഗ്രന്ഥമായിത്തീർന്ന വിധം

ചുരുൾ മുതൽ കോഡക്‌സ്‌ വരെ ബൈബിൾ ഒരു ഗ്രന്ഥമായിത്തീർന്ന വിധം

വിവരങ്ങൾ ശേഖരിച്ചുവെക്കാൻ മനുഷ്യർ നൂറ്റാണ്ടുകളിലുടനീളം പല മാർഗങ്ങൾ അവലംബിച്ചിട്ടുണ്ട്‌. സ്‌മാരകശിലകളും കല്ലോ തടിയോ കൊണ്ടുള്ള ഫലകങ്ങളും ചർമപത്രങ്ങളും മറ്റുമാണ്‌ പണ്ടുകാലത്തെ എഴുത്തുകാർ വാക്കുകൾ ആലേഖനം ചെയ്യാൻ ഉപയോഗിച്ചിരുന്നത്‌. ഒന്നാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും വിവരങ്ങൾ ചുരുളുകളിൽ എഴുതിസൂക്ഷിക്കുന്ന രീതി മധ്യപൂർവദേശത്ത്‌ വ്യാപകമായിത്തീർന്നു. പിൽക്കാലത്ത്‌ കോഡക്‌സുകൾ ആവിർഭവിച്ചു. കാലക്രമത്തിൽ അവ ചുരുളുകളുടെ സ്ഥാനം കയ്യടക്കുകയും വിവരങ്ങൾ ശേഖരിച്ചുവെക്കാനുള്ള സാർവത്രിക രീതി ആയിത്തീരുകയും ചെയ്‌തു. ബൈബിളിന്റെ വിതരണം ത്വരിതപ്പെടുത്തുന്നതിൽ ഇതു നിർണായക പങ്കുവഹിച്ചു. എന്തായിരുന്നു കോഡക്‌സ്‌, അത്‌ ഉപയോഗത്തിൽ വന്നതെങ്ങനെ?

ഇന്നത്തെ പുസ്‌തകങ്ങളുടെ പൂർവികനാണ്‌ കോഡക്‌സ്‌ എന്നു പറയാം. നിരവധി താളുകൾ മടക്കി, ചേർത്തുവെച്ച്‌, തുന്നിയെടുത്ത ‘പുസ്‌തക’മായിരുന്നു അത്‌. ഇരുവശത്തും എഴുതാവുന്ന താളുകളുള്ള അതിന്‌ ഒരു പുറംചട്ടയും ഉണ്ടായിരുന്നു. ആദ്യകാല കോഡക്‌സിന്‌ ഇന്നത്തെ പുസ്‌തകങ്ങളുമായി രൂപത്തിൽ അത്ര സാമ്യമില്ലായിരുന്നെങ്കിലും മറ്റു കണ്ടുപിടിത്തങ്ങളുടെ കാര്യത്തിലെന്നപോലെ, ആളുകളുടെ അഭിരുചിക്കും ആവശ്യത്തിനും അനുസരിച്ച്‌ അതിന്‌ പുതിയ രൂപവും ഭാവവും കൈവരുകയായിരുന്നു.

തടി, മെഴുക്‌, ചർമപത്രം

തടികൊണ്ടുള്ള മെഴുക്‌ പൂശിയ ഫലകങ്ങളായിരുന്നു കോഡക്‌സുകൾ നിർമിക്കാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്‌. താൾ പോലെ മറിക്കാൻ പാകത്തിന്‌ ഘടിപ്പിച്ച ലിഖിത ഫലകങ്ങൾ, പൊതുയുഗം 79-ൽ വെസൂവിയസ്‌ പർവതം പൊട്ടിത്തെറിച്ചപ്പോൾ നശിപ്പിക്കപ്പെട്ട ഹെർക്യുലേനിയം എന്ന പട്ടണത്തിൽനിന്നു കണ്ടെടുത്തിട്ടുണ്ട്‌. കാലക്രമത്തിൽ, വഴക്കമില്ലാത്ത ഫലകങ്ങളുടെ സ്ഥാനത്തേക്ക്‌ മടക്കാവുന്നതരം സാമഗ്രികൾ കടന്നുവന്നു. ലാറ്റിനിൽ ഈ കോഡക്‌സുകളെ അഥവാ ഗ്രന്ഥങ്ങളെ മെമ്പ്രാനൈ അതായത്‌ ചർമപത്രങ്ങൾ എന്നാണു വിളിച്ചിരുന്നത്‌. താളുകളായി തുകൽ ഉപയോഗിക്കാൻ തുടങ്ങിയതാണത്രേ ആ പേരിൽ അറിയപ്പെടാൻ കാരണം.

കാലപ്രവാഹത്തെ അതിജീവിച്ചിരിക്കുന്ന ചില കോഡക്‌സുകൾ പാപ്പിറസുകൊണ്ടു നിർമിച്ചതായിരുന്നു. അറിയപ്പെടുന്നതിൽവെച്ച്‌ ഏറ്റവും പഴക്കമുള്ള, ക്രിസ്‌തീയ കോഡക്‌സുകൾ പാപ്പിറസുകൊണ്ടുള്ളതാണ്‌. * ഈജിപ്‌തിലെ ചിലയിടങ്ങളിലെ വരണ്ട കാലാവസ്ഥയിൽ സംരക്ഷിക്കപ്പെട്ടതായിരുന്നു അവ.

ചുരുളോ കോഡക്‌സോ?

ഒന്നാം നൂറ്റാണ്ടിന്റെ അവസാനംവരെ എങ്കിലും ക്രിസ്‌ത്യാനികൾ മുഖ്യമായും ചുരുളുകളാണ്‌ ഉപയോഗിച്ചതെന്നു തോന്നുന്നു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ മൂന്നാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം, ചുരുളിന്റെയും കോഡക്‌സിന്റെയും വക്താക്കൾ തമ്മിലുള്ള ആശയ സംഘർഷത്തിന്‌ സാക്ഷ്യംവഹിച്ചു. ചുരുൾ ഉപയോഗിച്ചു ശീലിച്ച യാഥാസ്ഥിതികർ, തങ്ങൾ പിൻപറ്റിപ്പോന്ന കീഴ്‌വഴക്കങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. ഒരു ചുരുൾ വായിക്കാൻ എന്തെല്ലാം ചെയ്യണമായിരുന്നു എന്നു നോക്കുക. പാപ്പിറസിന്റെയോ ചർമപത്രത്തിന്റെയോ ഒരു നിശ്ചിത എണ്ണം താളുകൾ ഒന്നോടൊന്നു ചേർത്ത്‌ ഒട്ടിച്ചാണ്‌ ചുരുൾ ഉണ്ടാക്കിയിരുന്നത്‌. അതു ചുരുട്ടി സൂക്ഷിച്ചിരുന്നു. ചുരുളിന്റെ ഉൾവശത്ത്‌ കോളങ്ങളായാണ്‌ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നത്‌. ആവശ്യമായ ഭാഗം കണ്ടെത്തുന്നതിനായി വായിക്കുന്നയാൾ ചുരുൾ അഴിക്കണമായിരുന്നു. വായിച്ചശേഷം അതു വീണ്ടും ചുരുട്ടിവെച്ചിരുന്നു. (ലൂക്കൊസ്‌ 4:16-20, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഒരു സാഹിത്യകൃതിക്കുതന്നെ പലപ്പോഴും ഒന്നിലധികം ചുരുളുകൾ വേണ്ടിവന്നിരുന്നു. അതും ചുരുളുകളുടെ ഉപയോഗം ബുദ്ധിമുട്ടുള്ളതാക്കിത്തീർത്തു. രണ്ടാം നൂറ്റാണ്ടു മുതലുള്ള ക്രിസ്‌ത്യാനികൾ തിരുവെഴുത്തുകളെ കോഡക്‌സ്‌ രൂപത്തിലാക്കാനാണ്‌ താത്‌പര്യപ്പെട്ടിരുന്നതെങ്കിലും ചുരുളുകളുടെ ഉപയോഗം പിന്നെയും നൂറ്റാണ്ടുകളോളം തുടർന്നു. എന്നിരുന്നാലും അവർ കോഡക്‌സ്‌ ഉപയോഗിച്ചത്‌ അതിന്‌ വ്യാപകമായ പ്രചാരം നേടിക്കൊടുത്തുവെന്നാണ്‌ വിദഗ്‌ധമതം.

വിവരസംഭരണശേഷി, ഉപയോഗിക്കാൻ സൗകര്യം, എടുത്തുകൊണ്ടുപോകാൻ എളുപ്പം എന്നിങ്ങനെ കോഡക്‌സിന്റെ പ്രയോജനങ്ങൾ പലതാണ്‌. ആദ്യകാലങ്ങളിലെ ചിലർക്ക്‌ അത്‌ അറിയാമായിരുന്നെങ്കിലും ബഹുഭൂരിപക്ഷവും ചുരുളുകളുടെ ഉപയോഗം നിറുത്താൻ തയ്യാറായില്ല. എങ്കിലും പല നൂറ്റാണ്ടുകൾകൊണ്ട്‌ കോഡക്‌സ്‌ മുൻനിരയിലേക്കുവന്നു. അതിലേക്കു നയിച്ച ഘടകങ്ങൾ പലതായിരുന്നു.

ചുരുളിനെ അപേക്ഷിച്ച്‌ കോഡക്‌സിന്‌ പണച്ചെലവ്‌ കുറവായിരുന്നു. താളിന്റെ ഇരുവശത്തും എഴുതാമെന്നു മാത്രമല്ല, പല പുസ്‌തകങ്ങൾ ഒരേ വാല്യത്തിൽ ഉൾക്കൊള്ളിക്കാനും കഴിയുമായിരുന്നു. ആവശ്യമായ ഭാഗം എളുപ്പത്തിൽ കണ്ടെത്താനുള്ള സൗകര്യമാണ്‌ ക്രിസ്‌ത്യാനികൾക്കും നിയമജ്ഞരെപ്പോലുള്ള വിദഗ്‌ധർക്കും ഇടയിൽ ഇത്‌ പ്രചാരം നേടാനുള്ള പ്രമുഖ കാരണം എന്നാണ്‌ ചിലരുടെ അഭിപ്രായം. ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം, കോഡക്‌സുകളുടെ ചെറുപതിപ്പുകൾ​—⁠അല്ലെങ്കിൽ കൈകാര്യം ചെയ്യാൻ എളുപ്പമുള്ള, ബൈബിൾ ഉദ്ധരണികളുടെ ഒരു പട്ടിക​—⁠സുവിശേഷവേലയിൽ വളരെയേറെ സഹായകമായിരുന്നു. കോഡക്‌സിന്‌ ഒരു പുറംചട്ടയും ഉണ്ടായിരുന്നുവെന്നു പറഞ്ഞല്ലോ. മിക്കപ്പോഴും ഇത്‌ തടികൊണ്ട്‌ നിർമിച്ചിരുന്നതിനാൽ കോഡക്‌സുകൾ ചുരുളുകളെക്കാൾ ഏറെ ഈടുനിന്നിരുന്നു.

കോഡക്‌സുകൾ വ്യക്തിപരമായ വായനയും എളുപ്പമാക്കിത്തീർത്തു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സുവിശേഷങ്ങളുടെ ചെറിയ ചർമപത്ര പതിപ്പുകൾ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെട്ടിരുന്നവർക്കിടയിൽ പ്രചാരം നേടി. അന്നുമുതൽ, മുഴു ബൈബിളിന്റെയോ അതിന്റെ ഭാഗങ്ങളുടെയോ കോഡക്‌സ്‌ രൂപത്തിലുള്ള ദശലക്ഷക്കണക്കിന്‌ പ്രതികൾ നിർമിക്കപ്പെട്ടിട്ടുണ്ട്‌.

ബൈബിളിലുള്ള ദിവ്യജ്ഞാനം വേഗത്തിലും എളുപ്പത്തിലും നേടാൻ ഉതകുന്ന പല മാർഗങ്ങളും ഇക്കാലത്തുണ്ട്‌. കമ്പ്യൂട്ടറുകളിലും ഓഡിയോ റെക്കോർഡിങ്ങുകളിലും മുദ്രിത താളുകളിലും അതു ലഭ്യമാണ്‌. നിങ്ങൾ ഇവയിൽ ഏത്‌ ഉപയോഗിച്ചാലും ശരി, ദൈവവചനത്തോട്‌ സ്‌നേഹം വളർത്തിയെടുക്കുക, അതു നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. ​—⁠സങ്കീർത്തനം 119:97, 167.

[അടിക്കുറിപ്പ്‌]

^ ഖ. 6 1962 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 501-5 പേജുകളിലെ “ആദ്യകാല ക്രിസ്‌തീയ കോഡക്‌സ്‌” എന്ന ലേഖനം കാണുക.

[15-ാം പേജിലെ ചിത്രങ്ങൾ]

ബൈബിളിന്റെ വിതരണത്തിന്‌ കോഡക്‌സ്‌ ആക്കംകൂട്ടി