വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിന്മയ്‌ക്കു കടിഞ്ഞാണിടാനാവില്ലേ?

തിന്മയ്‌ക്കു കടിഞ്ഞാണിടാനാവില്ലേ?

തിന്മയ്‌ക്കു കടിഞ്ഞാണിടാനാവില്ലേ?

വയലിൽ എന്തോ കിടക്കുന്നതു കണ്ട്‌ കൗതുകത്തോടെ അതെടുത്ത ഒരു കുട്ടി എന്നെന്നേക്കുമായി അന്ധതയുടെയും അംഗവിഹീനതയുടെയും തടവറയിൽ തളയ്‌ക്കപ്പെടുന്നു. അവൻ എടുത്തത്‌ ഒരു കുഴിബോംബായിരുന്നു. ആരോരുമറിയാതെ ഒരു അമ്മ തന്റെ പിഞ്ചോമനയെ പാതയോരത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു കടന്നുകളയുന്നു. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട ഒരാൾ തന്റെ പഴയ ജോലിസ്ഥലത്തു വന്ന്‌ കണ്ണിൽ കണ്ടവരുടെയെല്ലാം നേർക്കു നിറയൊഴിച്ചശേഷം ആത്മഹത്യ ചെയ്യുന്നു. സമൂഹത്തിൽ നല്ല നിലയും വിലയുമുള്ള ഒരാൾ നിസ്സഹായരായ കുഞ്ഞുങ്ങളെ മാംസദാഹത്തിന്‌ ഇരകളാക്കുന്നു.

ഇത്തരം ദുഷ്‌കൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്നൊരു പുത്തരിയല്ലാതായിരിക്കുന്നു എന്നതാണു ദുഃഖസത്യം. വംശഹത്യകളെയും ഭീകരപ്രവർത്തനങ്ങളെയും കുറിച്ചുള്ള വാർത്തകൾ കാരണം ഇത്തരം റിപ്പോർട്ടുകൾ പലപ്പോഴും അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നത്‌ ഏറെ സങ്കടകരമാണ്‌. “ഇരുപതാം നൂറ്റാണ്ടിൽ അരങ്ങേറിയ ദുഷ്ടതയുടെ വീക്ഷണത്തിൽ അതിനെ ഉചിതമായും സാത്താന്റെ നൂറ്റാണ്ട്‌ എന്നു വിളിക്കാം. വർഗം, മതം, സാമ്പത്തിക-സാമൂഹിക അസമത്വങ്ങൾ എന്നിവയുടെ പേരിൽ ദശലക്ഷങ്ങളെ വകവരുത്താനുള്ള ത്വരയും ആവേശവും മുൻകാലങ്ങളിലൊന്നും മനുഷ്യരിൽ ഇത്രയധികം പ്രകടമായിരുന്നിട്ടില്ല.” 1995-ൽ പ്രത്യക്ഷപ്പെട്ട ഒരു മുഖപ്രസംഗത്തിലേതാണ്‌ ഈ വാക്കുകൾ.

അതേസമയംതന്നെ മനുഷ്യർ അന്തരീക്ഷത്തെ മലീമസമാക്കുകയും ഈ ഭൂഗ്രഹം വികൃതമാക്കി അതിലെ വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്‌ത്‌ എണ്ണമറ്റ ജീവിവർഗങ്ങളെ വംശനാശത്തിലേക്കു തള്ളിവിടുകയും ചെയ്യുന്നു. ഇത്തരം എല്ലാ ദുഷ്‌കൃത്യങ്ങളും ഇല്ലാതാക്കി ഈ ലോകത്തെ കൂടുതൽ സുരക്ഷിതത്വമുള്ള, മെച്ചപ്പെട്ട ഒരു ഇടമാക്കിമാറ്റാൻ മനുഷ്യർക്കാകുമോ? അതോ അതിനുള്ള ശ്രമം വെള്ളത്തിൽ വരച്ച വരപോലെ ആകുമോ? ഒരു പ്രൊഫസർ പറയുന്നു: “ഈ ലോകത്തിന്റെ അവസ്ഥയ്‌ക്കു കാര്യമായ മാറ്റം വരുത്തണം, ഇതിനെ മെച്ചപ്പെടുത്തണം എന്നൊക്കെ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ ഈ ലോകം മെച്ചപ്പെടുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല.” നിങ്ങൾക്കും ഇങ്ങനെതന്നെ തോന്നുന്നുണ്ടാകാം.

കൂടുതൽ പ്രക്ഷുബ്ധവും അപകടകരവുമായ മേഖലയിലേക്കു നീങ്ങുന്ന ഒരു കപ്പലിനോട്‌ ഈ ലോകത്തെ ഉപമിക്കാനാകും. അങ്ങനെയൊരു ദിശയിൽ യാത്രതുടരാൻ ആരും ആഗ്രഹിക്കുന്നില്ലെങ്കിലും കപ്പലിന്റെ ഗതി തിരിച്ചുവിടാനുള്ള എല്ലാ ശ്രമങ്ങളും പാഴായിരിക്കുന്നു. അതു നിയന്ത്രണംവിട്ട്‌ വിനാശകമായ കൊടുങ്കാറ്റുള്ള ഒരു മേഖലയിലേക്കു നീങ്ങുകയാണ്‌.

ഒരു പരിധിവരെ മനുഷ്യ അപൂർണതയാണ്‌ സദാ വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥയ്‌ക്കു കാരണം. (റോമർ 3:23) എങ്കിലും തിന്മയുടെ ആധിക്യവും വ്യാപ്‌തിയും പരിഗണിക്കുമ്പോൾ ഇതിനെല്ലാം കാരണം മനുഷ്യൻ മാത്രമാണെന്നു ചിന്തിക്കാനാവില്ല. ശക്തവും കുടിലവുമായ ഏതോ അദൃശ്യ കരങ്ങൾ മനുഷ്യവർഗത്തെ വലയ്‌ക്കുന്നു എന്നതായിരിക്കുമോ വസ്‌തുത? അങ്ങനെയെങ്കിൽ അതെന്താണ്‌? നമുക്ക്‌ നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാം? തുടർന്നുവരുന്ന ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും.

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

© Heldur Netocny/Panos Pictures