വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിന്മയ്‌ക്കു പിന്നിലെ അദൃശ്യ കരങ്ങൾ

തിന്മയ്‌ക്കു പിന്നിലെ അദൃശ്യ കരങ്ങൾ

തിന്മയ്‌ക്കു പിന്നിലെ അദൃശ്യ കരങ്ങൾ

ഒന്നാം നൂറ്റാണ്ടിൽ അനേകം യഹൂദരും വാഗ്‌ദത്ത മിശിഹായുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. (യോഹന്നാൻ 6:14) തന്റെ വരവോടെ യേശു അവർക്ക്‌ ആശ്വാസവും ദൈവവചനത്തെക്കുറിച്ചുള്ള പരിജ്ഞാനവും പകർന്നുകൊടുത്തു. അവൻ രോഗികളെ സൗഖ്യമാക്കി, വിശന്നവരെ പോഷിപ്പിച്ചു, പ്രകൃതിശക്തികളെ നിയന്ത്രിച്ചു, എന്തിന്‌ മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്‌തു. (മത്തായി 8:26; 14:14-21; 15:30, 31; മർക്കൊസ്‌ 5:38-43) കൂടാതെ അവൻ ദൈവവചനം പ്രസംഗിക്കുകയും ആളുകൾക്കു നിത്യജീവന്റെ പ്രത്യാശ വെച്ചുനീട്ടുകയും ചെയ്‌തു. (യോഹന്നാൻ 3:34) മനുഷ്യവർഗത്തെ പാപത്തിൽനിന്നും അതിന്റെ ദാരുണഫലങ്ങളിൽനിന്നും മോചിപ്പിക്കുന്ന മിശിഹായാണു താനെന്ന്‌ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യേശു പ്രകടമാക്കി.

ന്യായമായും, യേശുവിനെ ഇരുകയ്യുംനീട്ടി സ്വീകരിക്കാനും അവനു ചെവികൊടുക്കാനും സന്തോഷത്തോടെ അവന്റെ മാർഗനിർദേശങ്ങൾ കൈക്കൊള്ളാനും മുൻപന്തിയിൽ നിൽക്കേണ്ടിയിരുന്നത്‌ യഹൂദ മതനേതാക്കളായിരുന്നു. എന്നാൽ അവർ അങ്ങനെ ചെയ്‌തില്ലെന്നു മാത്രമല്ല അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും കൊന്നുകളയാനായി ഗൂഢാലോചന നടത്തുകയും ചെയ്‌തു!​—⁠മർക്കൊസ്‌ 14:1; 15:1-3, 10-15.

യേശു ആ നിന്ദകരെ കുറ്റംവിധിച്ചത്‌ എന്തുകൊണ്ടും ഉചിതമായിരുന്നു. (മത്തായി 23:33-35) എങ്കിലും അവർ കാട്ടിക്കൂട്ടിയ തിന്മകൾക്കു പിന്നിൽ മറ്റൊരാൾകൂടി ഉണ്ടായിരുന്നുവെന്ന്‌ അവന്‌ അറിയാമായിരുന്നു. അവൻ അവരോടു പറഞ്ഞു: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്‌കകൊണ്ടു സത്യത്തിൽ നില്‌ക്കുന്നതുമില്ല [“നിലനിന്നില്ല,” NW]. അവൻ ഭോഷ്‌കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.” (യോഹന്നാൻ 8:44) ദുഷ്‌പ്രവൃത്തികൾ ചെയ്യാൻ മനുഷ്യർക്കു കഴിയുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നെങ്കിലും ദുഷ്ടതയുടെ മൂലകാരണം പിശാചായ സാത്താനാണെന്ന്‌ അവൻ വ്യക്തമാക്കി.

“സത്യത്തിൽ നിലനിന്നില്ല” എന്നു സാത്താനെക്കുറിച്ചു പറഞ്ഞതിലൂടെ, ഈ ആത്മജീവി ഒരിക്കൽ ദൈവത്തിന്റെ വിശ്വസ്‌ത സേവകനായിരുന്നെന്നും എന്നാൽ പിന്നീട്‌, നേരായപാതയിൽനിന്നു വ്യതിചലിക്കുകയാണുണ്ടായതെന്നും യേശു വെളിപ്പെടുത്തുകയായിരുന്നു. സാത്താൻ എന്തുകൊണ്ടാണ്‌ യഹോവയോടു മത്സരിച്ചത്‌? എന്തുകൊണ്ടെന്നാൽ ദൈവത്തിനു മാത്രം അർഹതപ്പെട്ട ആരാധന തനിക്കു കിട്ടണമെന്നു വാഞ്‌ഛിക്കുന്ന അളവോളം പോകാൻ അഹങ്കാരം അവനെ പ്രേരിപ്പിച്ചു. *​—⁠മത്തായി 4:8, 9.

ഏദെൻതോട്ടത്തിൽവെച്ച്‌ വിലക്കപ്പെട്ട കനി തിന്നാനായി ഹവ്വായെ വഞ്ചിച്ചതിലൂടെ സാത്താന്റെ മത്സരം വെളിച്ചത്തുവന്നു. ചരിത്രത്തിലാദ്യമായി നുണപറയുകയും യഹോവയെ ദുഷിക്കുകയും ചെയ്യുകവഴി അവൻ തന്നെത്തന്നെ ‘ഭോഷ്‌ക്കിന്റെ പിതാവ്‌’ ആക്കിത്തീർത്തു. കൂടാതെ അനുസരണക്കേടുകാട്ടാൻ ആദാമിനെയും ഹവ്വായെയും പ്രലോഭിപ്പിച്ചതിലൂടെ, പാപം അവരുടെമേൽ ആധിപത്യം നടത്താനും അത്‌ ആത്യന്തികമായി അവരുടെയും സന്തതിപരമ്പരകളുടെയും മരണത്തിലേക്കു നയിക്കാനും അവൻ ഇടയാക്കി. അങ്ങനെ സാത്താൻ തന്നെത്തന്നെ ഒരു ‘കൊലപാതകൻ’​—⁠വാസ്‌തവത്തിൽ എക്കാലത്തെയും ഏറ്റവും ഭീകരനായ കൊലയാളി​—⁠ആക്കിത്തീർത്തു!​—⁠ഉല്‌പത്തി 3:1-6; റോമർ 5:12.

സാത്താന്റെ ദുഷ്ടസ്വാധീനം ആത്മമണ്ഡലത്തിൽപ്പോലും കടന്നുചെന്നു. മത്സരത്തിൽ തന്റെ പക്ഷംചേരാൻ അവൻ മറ്റു ദൂതന്മാരെയും സ്വാധീനിച്ചു. (2 പത്രൊസ്‌ 2:4) സാത്താനെപ്പോലെ ഈ ദുഷ്ടദൂതന്മാരും മനുഷ്യരിൽ അനുചിതമായ താത്‌പര്യംകാട്ടി. അവരുടെ കാര്യത്തിൽ പക്ഷേ, വികലമായ ലൈംഗിക തൃഷ്‌ണയുടെ രൂപത്തിലായിരുന്നു അതു പ്രകടമായത്‌. അതിന്റെ പരിണതഫലങ്ങൾ ദാരുണവും ദുഷ്ടവും ആയിരുന്നു.

ഭൂമി തിന്മകൊണ്ടു നിറയുന്നു

ബൈബിൾ പറയുന്നു: “മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.” (ഉല്‌പത്തി 6:1, 2) “ദൈവത്തിന്റെ പുത്രന്മാർ” ആരായിരുന്നു? അവർ മനുഷ്യരായിരുന്നില്ല, പിന്നെയോ ആത്മജീവികളായിരുന്നു. (ഇയ്യോബ്‌ 1:6; 2:⁠1) നമുക്ക്‌ അതെങ്ങനെ മനസ്സിലാക്കാം? ആ സംഭവത്തിന്‌ ഏകദേശം 1,500 വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യർ തമ്മിലുള്ള വിവാഹത്തിനു തുടക്കമിട്ടിരുന്നു. അതുകൊണ്ടുതന്നെ ഒരു വിചിത്ര കാര്യമായി അതു പരാമർശിക്കേണ്ടതില്ല എന്നതാണ്‌ ഒന്നാമത്തെ സംഗതി. വ്യക്തമായും, ജഡശരീരമെടുത്ത ‘ദൈവപുത്രന്മാർ’ “മനുഷ്യരുടെ പുത്രി”മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നതിലേക്കു ശ്രദ്ധക്ഷണിച്ചുകൊണ്ട്‌, അതുവരെ സംഭവിച്ചിട്ടില്ലാത്തതും അസ്വാഭാവികവുമായ ഒരു കാര്യം പരാമർശിക്കുകയായിരുന്നു വിവരണം.

അത്‌ അസ്വാഭാവികമായിരുന്നു എന്നു തെളിയിക്കാൻപോന്നതായിരുന്നു ആ ബന്ധത്തിൽ ഉണ്ടായ സന്തതികൾ. രാക്ഷസന്മാരായി വളർന്ന ഈ സങ്കര സന്തതികൾ നെഫിലിം എന്നു വിളിക്കപ്പെട്ടു. അവർ അങ്ങേയറ്റം നിഷ്‌ഠുരരുമായിരുന്നു. “വീഴിക്കുന്നവർ” അഥവാ “വീഴാൻ ഇടയാക്കുന്നവർ” എന്നാണ്‌ “നെഫിലിം” എന്നതിന്റെ അർഥം. “പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ” എന്നാണ്‌ ബൈബിൾ ഈ ക്രൂരന്മാരെ വർണിച്ചിരിക്കുന്നത്‌.​—⁠ഉല്‌പത്തി 6:⁠4.

നെഫിലിമുകളും അവരുടെ പിതാക്കന്മാരുംകൂടി ദുഷ്ടതയ്‌ക്കു പുതിയ മാനങ്ങൾ നൽകി. “എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി” എന്നും അത്‌ “അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു” എന്നും ഉല്‌പത്തി 6:11 പ്രസ്‌താവിക്കുന്നു. അക്കാലത്തെ ആളുകൾ, ആ പുതുമുഖങ്ങൾ തെളിച്ച ക്രൂരവും അധമവുമായ പാത പിന്തുടർന്നുവെന്നതു വ്യക്തം.

ദുഷ്ടരായ നെഫിലിമുകളും അവരുടെ പിതാക്കന്മാരും മനുഷ്യരുടെമേൽ ഇത്ര ശക്തമായ സ്വാധീനം ചെലുത്തിയത്‌ എങ്ങനെയാണ്‌? മനുഷ്യവർഗത്തിന്റെ പാപപൂർണമായ ചായ്‌വുകളെയും മോഹങ്ങളെയും മുതലെടുക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. തത്‌ഫലമായി, “സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കി.” ഒടുവിൽ, നീതിമാനായ നോഹയെയും കുടുംബത്തെയും മാത്രം ശേഷിപ്പിച്ചുകൊണ്ട്‌ ഒരു ആഗോള പ്രളയത്തിലൂടെ യഹോവ ആ ലോകത്തെ നാമാവശേഷമാക്കി. (ഉല്‌പത്തി 6:5, 12-22) അതേസമയം ദൈവപ്രീതി നഷ്ടപ്പെട്ട മത്സരികളായ ആ ദൂതന്മാർ ആത്മമണ്ഡലത്തിലേക്കു മടങ്ങിപ്പോയി. അധമരായ ഭൂതങ്ങളെന്നനിലയിൽ അവർ നീതിയും വിശ്വസ്‌തതയുമുള്ള ദൂതകുടുംബത്തെയും ദൈവത്തെയും എതിർക്കുന്നതിൽ തുടർന്നു. അതിൽപ്പിന്നെ ജഡശരീരമെടുക്കുന്നതിൽനിന്ന്‌ ഈ ദുഷ്ട ആത്മജീവികളെ ദൈവം വിലക്കിയിരിക്കുന്നതായി കാണപ്പെടുന്നു. (യൂദാ 6) എന്നിരുന്നാലും മനുഷ്യ കാര്യാദികളിൽ ശക്തമായ പ്രഭാവംചെലുത്താൻ അവർക്കു കഴിയും.

ദുഷ്ടനെ പൂർണമായി തുറന്നു കാട്ടിയിരിക്കുന്നു!

സാത്താന്റെ ദുഷ്ടസ്വാധീനത്തിന്റെ വ്യാപ്‌തി 1 യോഹന്നാൻ 5:​19 വെളിപ്പെടുത്തുന്നു. അത്‌ ഇങ്ങനെ പറയുന്നു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” കഷ്ടപ്പാടുകളുടെ നിലയില്ലാക്കയത്തിലേക്ക്‌ സാത്താൻ മനുഷ്യവർഗത്തെ തള്ളിവിടുകയാണ്‌. വാസ്‌തവത്തിൽ, നാശം വിതയ്‌ക്കാൻ അവൻ മുമ്പെന്നത്തേതിലും ദൃഢചിത്തനാണ്‌. എന്തുകൊണ്ടെന്നാൽ 1914-ൽ ദൈവരാജ്യം സ്ഥാപിതമായതിനെത്തുടർന്ന്‌ അവനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്നു പുറന്തള്ളിയിരിക്കുകയാണ്‌. അതേക്കുറിച്ച്‌ ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:7-12) സാത്താൻ എങ്ങനെയാണ്‌ ഇന്നു മനുഷ്യവർഗത്തിന്മേൽ തന്റെ സ്വാധീനംചെലുത്തുന്നത്‌?

പ്രധാനമായും ആളുകളുടെ ചിന്താരീതിയെയും പ്രവർത്തനവിധത്തെയും സ്വാധീനിക്കാൻപോന്ന ഒരു മനോഭാവം ഊട്ടിവളർത്തിക്കൊണ്ടാണ്‌ അവൻ ഇതു ചെയ്യുന്നത്‌. ഇതിനോടുള്ള ബന്ധത്തിൽ എഫെസ്യർ 2:2 “ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും [അഥവാ പ്രമുഖ മനോഭാവത്തിനും] അധിപതി”യായവൻ എന്നു പിശാചിനെ വിളിക്കുന്നു. ദൈവഭക്തിയെയും നന്മയെയും പരിപോഷിപ്പിക്കുന്നതിനു പകരം ഈ സാത്താന്യ ആത്മാവ്‌ ദൈവത്തിനും അവന്റെ നിലവാരങ്ങൾക്കും എതിരായുള്ള മത്സരത്തിനു വളംവെക്കുകയാണ്‌. അങ്ങനെ സാത്താനും ഭൂതങ്ങളും കൂടി മനുഷ്യർ കാട്ടിക്കൂട്ടുന്ന ദുഷ്‌കൃത്യങ്ങൾക്കു ചുക്കാൻപിടിക്കുകയും ആക്കംകൂട്ടുകയും ചെയ്യുന്നു.

“ഹൃദയത്തെ കാത്തുകൊൾക”

അനുചിതമായ ലൈംഗികമോഹങ്ങളെ ജ്വലിപ്പിക്കുകയും അസ്വാഭാവികമായ പെരുമാറ്റങ്ങളെ ആകർഷകമായി അവതരിപ്പിക്കുകയും ചെയ്യുന്ന അശ്ലീലലോകം ഈ പൈശാചിക ആത്മാവിന്റെ ഒരു പ്രകടരൂപമാണ്‌. (1 തെസ്സലൊനീക്യർ 4:3-5) ഒറ്റയ്‌ക്കും കൂട്ടംചേർന്നുമുള്ള ബലാത്സംഗം, ലൈംഗികമായി പീഡിപ്പിച്ചു രസിക്കൽ, മൃഗസംഭോഗം, ബാലരതി എന്നിവയെല്ലാം അശ്ലീലലോകം ലഭ്യമാക്കുന്ന ചില വിനോദപരിപാടികളാണ്‌. അപകടം കുറഞ്ഞതെന്നു തോന്നിപ്പിക്കുന്ന സാഹിത്യം വായിക്കുകയോ അത്തരം ചിത്രങ്ങളും രംഗങ്ങളും നിരീക്ഷിക്കുകയോ ചെയ്യുന്നവരെപ്പോലും അടിമകളാക്കുമാറ്‌ അത്രമേൽ ശക്തമാണ്‌ അതിന്റെ സ്വാധീനം. * സഹമനുഷ്യനോടും ദൈവത്തോടുമുള്ള ബന്ധം തച്ചുടയ്‌ക്കാൻപോന്ന കൊടിയ തിന്മയാണത്‌. അശ്ലീലം, അതിനെ പ്രോത്സാഹിപ്പിക്കുന്ന ഭൂതങ്ങളുടെ വഴിപിഴച്ച മനോഭാവത്തെയാണു പ്രതിഫലിപ്പിക്കുന്നത്‌. നോഹയുടെ കാലത്തെ ജലപ്രളയത്തിനു മുമ്പുതന്നെ അനുചിതമായ ലൈംഗികമോഹങ്ങൾക്കു തിരികൊളുത്തിയവരാണ്‌ ഈ മത്സരികൾ.

“സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നത്‌” എന്ന്‌ ജ്ഞാനിയായ ശലോമോൻ പറഞ്ഞതു തക്ക കാരണത്തോടെയാണ്‌. (സദൃശവാക്യങ്ങൾ 4:23) കാമോദ്ദീപകമായ രംഗങ്ങൾ പ്രത്യക്ഷപ്പെടുന്നപക്ഷം ടിവി-യുടെ ചാനൽ മാറ്റുന്നതോ കമ്പ്യൂട്ടർ ഓഫ്‌ ചെയ്യുന്നതോ അശ്ലീലത്തിന്റെ കെണിയിൽനിന്നു നിങ്ങളുടെ ഹൃദയത്തെ കാത്തുരക്ഷിക്കുന്നതിനുള്ള ഒരു പ്രായോഗിക മാർഗമാണ്‌. നിശ്ചയദാർഢ്യത്തോടെ സത്വരം പ്രവർത്തിക്കേണ്ടതും സുപ്രധാനമാണ്‌! നെഞ്ചിനുനേരെ പാഞ്ഞുവരുന്ന അസ്‌ത്രത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു പടയാളിയുടെ സ്ഥാനത്താണു നിങ്ങൾ എന്ന ചിന്തയായിരിക്കണം എപ്പോഴുമുണ്ടായിരിക്കേണ്ടത്‌. യഥാർഥത്തിൽ, പ്രേരണയുടെയും ആഗ്രഹങ്ങളുടെയും ഇരിപ്പിടമായ നിങ്ങളുടെ ആലങ്കാരിക ഹൃദയത്തെ സാത്താൻ ലക്ഷ്യമിട്ടിരിക്കുകയാണ്‌.

‘അക്രമം ഇഷ്ടപ്പെടുന്നവനെ [യഹോവ] വെറുക്കുന്നു’ എന്നു പിശാചിന്‌ അറിയാവുന്നതിനാൽ അക്രമപ്രിയത്തിൽനിന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌. (സങ്കീർത്തനം 11:⁠5, പി.ഒ.സി. ബൈബിൾ) നിങ്ങളെ ദൈവത്തിന്റെ ഒരു ശത്രുവാക്കിത്തീർക്കാൻ, രക്തദാഹിയായ ഒരു അക്രമിയാക്കി മാറ്റേണ്ട ആവശ്യം സാത്താനില്ല, മറിച്ച്‌ അക്രമത്തോടുള്ള പ്രിയം നിങ്ങളുടെ ഉള്ളിൽ വളർത്തുകയേ വേണ്ടൂ. ജനപ്രിയ മാധ്യമങ്ങളിൽ ആത്മവിദ്യയുമായി ബന്ധപ്പെട്ട്‌ പലപ്പോഴും അക്രമരംഗങ്ങൾ അവതരിപ്പിക്കപ്പെടുന്നത്‌ വെറും യാദൃച്ഛികതയല്ല. നെഫിലിമുകൾ മണ്ണോടുമണ്ണടിഞ്ഞെങ്കിലും അവരുടെ ഗുണവിശേഷങ്ങളും പെരുമാറ്റവും ഇന്നും നിലനിൽക്കുന്നു! വിനോദങ്ങളുടെ കാര്യത്തിൽ ശ്രദ്ധാപൂർവം തിരഞ്ഞെടുപ്പു നടത്തിക്കൊണ്ട്‌ സാത്താന്റെ തന്ത്രങ്ങളെ ചെറുത്തുനിൽക്കുന്നുവെന്നു നിങ്ങൾ പ്രകടമാക്കുന്നുണ്ടോ?​—⁠2 കൊരിന്ത്യർ 2:11.

സാത്താന്റെ ദുഷിച്ച സ്വാധീനം ചെറുക്കാനാകുന്ന വിധം

ദുഷ്ട ശക്തികൾ അജയ്യരായി കാണപ്പെട്ടേക്കാം. ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നവർക്ക്‌ സ്വന്തം അപൂർണ ജഡത്തോടും ‘ദുഷ്ടാത്മസേനയോടും ഒരു പോരാട്ടം ഉള്ളതായി’ ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ വിജയിക്കുകയും യഹോവയുടെ പ്രീതിക്കു പാത്രമാകുകയും ചെയ്യണമെങ്കിൽ അവൻ പ്രദാനം ചെയ്യുന്ന കരുതലുകൾ നാം പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്‌.​—⁠എഫെസ്യർ 6:12; റോമർ 7:21-25.

പ്രപഞ്ചത്തിലെ ഏറ്റവും കരുത്തുറ്റ ശക്തിയായ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഈ കരുതലുകളിൽ ഒന്നാണ്‌. “നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്‌കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്‌” എന്നു പൗലൊസ്‌ അപ്പൊസ്‌തലൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതി. (1 കൊരിന്ത്യർ 2:12) ദൈവാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടുന്നവർക്കു ദൈവം സ്‌നേഹിക്കുന്നതിനെ സ്‌നേഹിക്കാനും അവൻ വെറുക്കുന്നതിനെ വെറുക്കാനും കഴിയും. (ആമോസ്‌ 5:15) ഒരാൾക്ക്‌ എങ്ങനെയാണു പരിശുദ്ധാത്മാവു ലഭിക്കുന്നത്‌? പരിശുദ്ധാത്മാവിനാൽ ഉളവാക്കപ്പെട്ട ബൈബിളിന്റെ പഠനം, പ്രാർഥന, ദൈവത്തെ യഥാർഥമായി സ്‌നേഹിക്കുന്നവരുമായുള്ള സഹവാസം എന്നിവയിലൂടെയാണു മുഖ്യമായും അതു ലഭിക്കുന്നത്‌.​—⁠ലൂക്കൊസ്‌ 11:13; 2 തിമൊഥെയൊസ്‌ 3:16; എബ്രായർ 10:24, 25.

ഈ ദിവ്യകരുതലുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം” ധരിക്കുന്നതിൽ നിങ്ങൾക്കു തുടക്കമിടാനാകും. അതിനു മാത്രമേ “പിശാചിന്റെ തന്ത്രങ്ങ”ളിൽനിന്നു സംരക്ഷണമേകാൻ കഴിയൂ. (എഫെസ്യർ 6:11-18) ഈ കരുതലുകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടത്‌ ഇപ്പോൾ മുമ്പെന്നത്തേതിലും അടിയന്തിരമാണ്‌. എന്തുകൊണ്ട്‌?

തിന്മയുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു!

“ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീർത്തനം 92:⁠7) അതേ, നോഹയുടെ കാലത്തെപോലെ ഇന്ന്‌ തിന്മ ഇത്രയധികം വ്യാപിച്ചിരിക്കുന്നത്‌ ദൈവത്തിന്റെ ന്യായവിധി നിർവഹണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌. ദുഷ്ടന്മാർക്കെതിരെ മാത്രമല്ല മറിച്ച്‌ തങ്ങളുടെ അന്തിമനാശത്തിനു മുന്നോടിയായി നിഷ്‌ക്രിയത്വത്തിന്റെ അഗാധത്തിലേക്ക്‌ എറിയപ്പെടാനിരിക്കുന്ന സാത്താനും അവന്റെ ഭൂതങ്ങൾക്കും എതിരെ അത്‌ ആഞ്ഞടിക്കും. ആരായിരിക്കും ആ ന്യായവിധി നടപ്പിലാക്കുക? അത്‌ യേശുക്രിസ്‌തുവല്ലാതെ മറ്റാരുമല്ല. അവനെക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.”​—⁠1 യോഹന്നാൻ 3:⁠8.

തിന്മയ്‌ക്കു തിരശ്ശീലവീണുകാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ ബൈബിളിലെ വാഗ്‌ദാനങ്ങളിൽ നിങ്ങൾക്ക്‌ ആശ്വാസം കണ്ടെത്താനാകും. തിന്മയുടെ മൂലകാരണമായ സാത്താനെ തുറന്നുകാട്ടുകയും ഒടുവിൽ അവനും അവന്റെ ദുഷ്‌പ്രവൃത്തികളും എങ്ങനെ തുടച്ചുനീക്കപ്പെടും എന്നു വ്യക്തമാക്കുകയും ചെയ്യുന്ന മറ്റൊരു പുസ്‌തകവും ഇല്ല. ഇന്നു സാത്താന്റെ സ്വാധീനത്തിൽനിന്നു സംരക്ഷണം നേടാനും തിന്മയുടെ കണികപോലും ഇല്ലാത്ത പുതിയ ലോകത്തിലെ ജീവന്റെ പ്രത്യാശ ഉറപ്പാക്കാനുമായി ബൈബിളിന്റെ സൂക്ഷ്‌മപരിജ്ഞാനം സമ്പാദിക്കാനാണു ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌.​—⁠സങ്കീർത്തനം 37:9, 10.

[അടിക്കുറിപ്പുകൾ]

^ ഖ. 5 സാത്താനായിത്തീർന്ന ദൂതന്റെ യഥാർഥ പേര്‌ നമുക്കറിയില്ല. “സാത്താൻ,” “പിശാച്‌” എന്നീ പദങ്ങളുടെ അർഥം “എതിരാളി” എന്നും “ദൂഷകൻ” എന്നുമാണ്‌. സാത്താന്റെയും പുരാതനകാലത്തെ സോർ രാജാവിന്റെയും പ്രവർത്തനവിധങ്ങൾ തമ്മിൽ ചില സാമ്യങ്ങളുണ്ട്‌. (യെഹെസ്‌കേൽ 28:12-19) തുടക്കത്തിൽ നിഷ്‌കളങ്കരായിരുന്നെങ്കിലും കാലക്രമത്തിൽ ഇരുവരും സ്വന്തം നിഗളത്തിന്റെ ബലിയാടുകളായിത്തീർന്നു.

^ ഖ. 17 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച 2003 ആഗസ്റ്റ്‌ 8 ലക്കം ഉണരുക!യിലെ “അശ്ലീലം—ഉപദ്രവകരമോ നിരുപദ്രവകരമോ?” എന്ന ലേഖന പരമ്പര കാണുക.

[6-ാം പേജിലെ ചതുരം/ചിത്രം]

അർധസത്യങ്ങൾ നിറഞ്ഞ ഐതിഹ്യങ്ങൾ

മനുഷ്യാവതാരമെടുത്ത ദൈവങ്ങൾ, രാക്ഷസന്മാർ, നാശംവിതച്ച ഒരു പ്രളയം എന്നിവയെക്കുറിച്ചുള്ള കഥകൾ ലോകമെമ്പാടുമുള്ള ഐതിഹ്യങ്ങളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌ അക്കാഡിയൻ മഹാകാവ്യമായ ഗിൽഗാമേശിൽ ഒരു വെള്ളപ്പൊക്കത്തെയും കപ്പലിനെയും അതിജീവകരെയും പരാമർശിച്ചിരിക്കുന്നു. ഗിൽഗാമേശിനെത്തന്നെ മനുഷ്യാവതാരമെടുത്ത കാമാസക്തനും ക്രൂരനുമായ ഒരു ദൈവമായിട്ടാണു വർണിച്ചിരിക്കുന്നത്‌. ആസ്‌റ്റെക്‌ പുരാണത്തിൽ രാക്ഷസന്മാർ വിഹരിച്ചിരുന്ന ഒരു പുരാതന ലോകത്തെയും ഒരു മഹാപ്രളയത്തെയും കുറിച്ചുള്ള വിവരണം കാണാൻ കഴിയും. നോഴ്‌സ്‌ ഐതിഹ്യം ഒരു രാക്ഷസവർഗത്തെയും തന്റെയും ഭാര്യയുടെയും രക്ഷയ്‌ക്കായി വലിയൊരു വള്ളം നിർമിച്ച ബുദ്ധിമാനായ ബാർഗെൽമിറിനെയും കുറിച്ചു വിവരിക്കുന്നു. മൊത്തത്തിൽ ഇത്തരം ഐതിഹ്യങ്ങളെല്ലാം ഒരു പുരാതന ദുഷ്ടലോകം ഒരു ജലപ്രളയത്തിൽ നശിപ്പിക്കപ്പെട്ടുവെന്നും അതിനെ അതിജീവിച്ചവരുടെ പിൻതലമുറക്കാരാണ്‌ ഇന്നുള്ള സകല മനുഷ്യരുമെന്നുമുള്ള ബൈബിളിന്റെ സാക്ഷ്യത്തിന്‌ അടിവരയിടുന്നു.

[ചിത്രം]

ഗിൽഗാമേശ്‌ മഹാകാവ്യം കൊത്തിയിരിക്കുന്ന ഫലകം

[കടപ്പാട്‌]

The University Museum, University of Pennsylvania (neg. # 22065)

[5-ാം പേജിലെ ചിത്രം]

നെഫിലിമുകളുടെ സ്വഭാവവിശേഷങ്ങൾ ഇക്കാലത്തെ ആളുകളിൽ പ്രകടമാണ്‌

[7-ാം പേജിലെ ചിത്രം]

സൂക്ഷ്‌മപരിജ്ഞാനം നമ്മെ ദുഷിച്ച സ്വാധീനങ്ങളിൽനിന്നു സംരക്ഷിക്കുന്നു