വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാവിന്റെ ശക്തി

നാവിന്റെ ശക്തി

നാവിന്റെ ശക്തി

മുതിർന്ന ഒരു ജിറാഫിന്റെ നാക്കിന്‌ 45 സെന്റിമീറ്ററോളം നീളമുണ്ട്‌. മരച്ചില്ലകളിൽനിന്ന്‌ ഇല പറിച്ചെടുക്കാനാകുംവിധം വഴക്കമുള്ളതും ശക്തവുമാണത്‌. നീലത്തിമിംഗലത്തിന്റെ നാക്കിന്‌ ഒരു ആനയോളം ഭാരംവരും. അതു തെല്ലൊന്നു ചലിപ്പിക്കണമെങ്കിൽ എത്രമാത്രം ബലം പ്രയോഗിക്കേണ്ടിവരുമെന്ന്‌ ഒന്നു സങ്കൽപ്പിച്ചു നോക്കൂ!

ഇവയുടെ നാക്കിന്റെ വലുപ്പം, ഭാരം, ബലം എന്നിവയോടുള്ള താരതമ്യത്തിൽ മനുഷ്യന്റെ നാവ്‌ ഏതുമില്ല. എന്നിരുന്നാലും അതിന്റെ ശക്തി അപാരംതന്നെ! മനുഷ്യ ശരീരത്തിലെ ഈ ചെറിയ അവയവത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃശവാക്യങ്ങൾ 18:21) നാവിന്റെ വിനാശകഫലത്തെക്കുറിച്ച്‌ നാം എത്രവട്ടം കേട്ടിരിക്കുന്നു. പച്ചക്കള്ളങ്ങൾ നെയ്‌തുകൂട്ടിയും കള്ളസാക്ഷിപറഞ്ഞും അത്‌ എത്രയോ നിരപരാധികളുടെ ജീവിതം നശിപ്പിച്ചിരിക്കുന്നു, എന്തിന്‌ അവരുടെ മരണത്തിനുപോലും ഇടയാക്കിയിരിക്കുന്നു.

സമാനമായി, വർഷങ്ങളോളം കാത്തുസൂക്ഷിച്ചുപോന്നിട്ടുള്ള സൗഹൃദങ്ങൾ തച്ചുടയ്‌ക്കാൻ, വ്രണപ്പെടുത്തുന്ന പരാമർശങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്‌. കൂരമ്പുകൾപോലുള്ള വാക്കുകൾ വികാരങ്ങളെ ചവിട്ടിമെതിച്ചിരിക്കുന്നു. ഏറെ നിന്ദാവാക്കുകൾ കേൾക്കേണ്ടിവന്ന ഇയ്യോബ്‌ ഇങ്ങനെ വിലപിച്ചു: “നിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാൽ എന്നെ തകർക്കുകയും ചെയ്യും?” (ഇയ്യോബ്‌ 19:⁠2) കടിഞ്ഞാണില്ലാത്ത നാവിന്റെ നശീകരണശക്തി ശിഷ്യനായ യാക്കോബ്‌ നന്നായി വരച്ചുകാട്ടുന്നു: “അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; നാവും ഒരു തീ തന്നേ.”​—⁠യാക്കോബ്‌ 3:5, 6.

എന്നാൽ നാവിനു ജീവദായക ശക്തിയുമുണ്ട്‌. സഹാനുഭൂതിനിറഞ്ഞ സാന്ത്വന വാക്കുകൾ സമ്മർദത്തിന്റെയും ആത്മഹത്യയുടെയും വക്കിൽനിന്നു പലരെയും രക്ഷിച്ചിരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിലും തെരുവു കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരുന്ന അനേകർ, തങ്ങൾക്കു ലഭിച്ച ബുദ്ധിയുപദേശം കൈക്കൊണ്ടതിന്റെ ഫലമായി അകാലമരണത്തിൽനിന്നു രക്ഷപ്പെട്ടിട്ടുണ്ട്‌. നീതിമാന്റെ നാവ്‌ “ജീവവൃക്ഷ”മാണെന്നതും “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ [“സ്വർണ ആപ്പിൾപഴങ്ങൾപോലെ,” ഓശാന ബൈബിൾ]” ആണെന്നതും എത്രയോ സത്യമാണ്‌.​—⁠സദൃശവാക്യങ്ങൾ 15:4; 25:11.

യഹോവയെ സ്‌തുതിക്കുന്നതും ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്നതും മറ്റുള്ളവരെ അമൂല്യമായ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നതുമാണ്‌ നാവിന്റെ ഏറ്റവും നല്ല ഉപയോഗത്തിൽ ഉൾപ്പെടുന്നത്‌. എന്തുകൊണ്ട്‌? യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”​—⁠യോഹന്നാൻ 17:3; മത്തായി 24:14; 28:​19, 20.