പരിച്ഛേദന പുരുഷത്വത്തിന്റെ ലക്ഷണമോ?
പരിച്ഛേദന പുരുഷത്വത്തിന്റെ ലക്ഷണമോ?
ലോകത്തിൽ പലയിടങ്ങളിലും ആരോഗ്യപരമായ കാരണങ്ങളാൽ ആൺകുഞ്ഞുങ്ങളെ പരിച്ഛേദനയ്‌ക്കു വിധേയമാക്കാറുണ്ട്. ജീവിതാവസാനംവരെ പുരുഷന്മാർ പരിച്ഛേദനയേൽക്കാതെ തുടരുന്ന സമ്പ്രദായമാണു മറ്റു ചിലയിടങ്ങളിൽ. എന്നാൽ യഹൂദന്മാർ, മുസ്ലീങ്ങൾ എന്നിങ്ങനെയുള്ള ചില മതവിഭാഗങ്ങളിൽപ്പെട്ടവരെ സംബന്ധിച്ചിടത്തോളം പരിച്ഛേദനയ്‌ക്ക് ആരോഗ്യപരമായ കാരണത്തെക്കാളേറെ മതപരമായ പ്രാധാന്യമാണുള്ളത്.
ചില ദേശങ്ങളിൽ ഒരു ആൺകുട്ടി പുരുഷത്വത്തിലേക്കു കാലെടുത്തു വെക്കുന്നതോടെ പരിച്ഛേദനാ കർമത്തിനു വിധേയനാകുന്നു. അതോടനുബന്ധിച്ച് സാധാരണമായി ആ കുട്ടിയെ ഒരു പരമ്പരാഗത സ്‌കൂളിലേക്ക് അയയ്‌ക്കുന്നു. അവിടെവെച്ചു പരിച്ഛേദനയ്‌ക്കു വിധേയനാകുന്ന അവനെ സുഖംപ്രാപിക്കുന്നതുവരെ ഏതാനും ആഴ്‌ചകളോളം സമൂഹത്തിൽനിന്ന് അകറ്റിനിറുത്തുന്നു. പ്രസ്‌തുത കാലഘട്ടത്തിൽ ആ കുട്ടി ചില പ്രത്യേക ആചാരക്രമങ്ങൾ പിൻപറ്റേണ്ടതുണ്ട്, ഒപ്പം പുരുഷനായിരിക്കാൻ അവനെ പഠിപ്പിക്കുകയും ചെയ്യുന്നു. ഒരു കുട്ടി പുരുഷത്വത്തിലേക്കു കടന്നു എന്നു തെളിയിക്കാനായി ഇത്തരത്തിൽ പരിച്ഛേദന ഏൽക്കേണ്ടതുണ്ടോ? ഇതു സംബന്ധിച്ച ദൈവിക വീക്ഷണത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു നോക്കാം.—സദൃശവാക്യങ്ങൾ 3:5, 6.
പരിച്ഛേദന സംബന്ധിച്ച ദൈവിക വീക്ഷണം
ഈജിപ്‌തുകാരെപ്പോലെ പുരാതനകാലത്തുണ്ടായിരുന്ന ചിലർ പരിച്ഛേദന നടത്തുന്ന രീതി പിൻപറ്റിയിരുന്നു. പുരുഷലിംഗത്തിന്റെ അഗ്രചർമം മുറിച്ചുനീക്കിക്കൊണ്ടാണ് അതു ചെയ്യുന്നത്. എന്നാൽ അബ്രാഹാം അത്തരമൊരു സംസ്‌കാരത്തിലായിരുന്നില്ല ജനിച്ചത്. വാസ്‌തവത്തിൽ, അദ്ദേഹം ജീവിതത്തിലധികവും പരിച്ഛേദനയേൽക്കാതെയായിരുന്നു കഴിഞ്ഞത്. മാത്രമല്ല, പരിച്ഛേദനയേൽക്കാതെതന്നെ അദ്ദേഹം ധീരനായൊരു പുരുഷനാണെന്നു തെളിയിക്കുകയും ചെയ്‌തു. തന്റെ ബന്ധുവായ ലോത്തിനെ പിടിച്ചുകൊണ്ടുപോയ നാലു രാജാക്കന്മാരുടെ സൈന്യത്തെ അദ്ദേഹം ചെറിയൊരു സംഘവുമായി പിന്തുടർന്നുചെന്നു പരാജയപ്പടുത്തി. (ഉല്‌പത്തി 14:8-16) അതിനുശേഷം ഏകദേശം 14 വർഷം കഴിഞ്ഞ് ദൈവം അബ്രാഹാമിനോടു പരിച്ഛേദനയേൽക്കാനും തന്റെ മുഴുകുടുംബത്തെയും പരിച്ഛേദനയ്‌ക്കു വിധേയമാക്കാനും കൽപ്പിച്ചു. എന്തുകൊണ്ടാണു ദൈവം അങ്ങനെ ചെയ്‌തത്?
അബ്രാഹാം പുരുഷത്വത്തിലെത്തി എന്നതിന്റെ അടയാളമല്ലായിരുന്നു അത് എന്നതു തീർച്ചയാണ്. കാരണം അദ്ദേഹത്തിന് അപ്പോൾ 99 വയസ്സായിരുന്നു! (ഉല്‌പത്തി 17:1, 26, 27) ആ കൽപ്പന നൽകിയതിന്റെ കാരണം ദൈവം ഇപ്രകാരം വെളിപ്പെടുത്തി: “നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.” (ഉല്‌പത്തി 17:11) ആ അബ്രാഹാമ്യ നിയമത്തിൽ, അഥവാ ഉടമ്പടിയിൽ, “ഭൂമിയിലെ സകലവംശങ്ങ”ൾക്കും അബ്രാഹാമിലൂടെ ഒടുവിൽ മഹത്തായ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന യഹോവയുടെ വാഗ്‌ദാനം ഉൾപ്പെട്ടിരുന്നു. (ഉല്‌പത്തി 12:2, 3) അതുകൊണ്ട്, ദൈവിക വീക്ഷണമനുസരിച്ച് പരിച്ഛേദനയ്‌ക്ക് പുരുഷത്വവുമായി യാതൊരുവിധ ബന്ധവുമില്ലായിരുന്നു. എന്നാൽ അതു ചെയ്‌തിരുന്നത് ഒരു വ്യക്തി “ദൈവത്തിന്റെ അരുളപ്പാടുകൾ . . . സമർപ്പിച്ചിരിക്കുന്ന” അബ്രാഹാമിലൂടെയുള്ള ഒരു ഇസ്രായേല്യ വംശജനാണെന്നു സൂചിപ്പിക്കുന്നതിനായിരുന്നു.—റോമർ 3:1, 2.
കാലാന്തരത്തിൽ, ഇസ്രായേൽ ജനത അബ്രാഹാമിന്റെ യഥാർഥ സന്തതിയായ യേശുക്രിസ്‌തുവിനെ തള്ളിക്കളഞ്ഞു; അതോടെ ദൈവവും അവരെ തള്ളിക്കളഞ്ഞു; തത്‌ഫലമായി ദൈവദൃഷ്ടിയിൽ അവരുടെ പരിച്ഛേദന നിരർഥകമായിത്തീർന്നു. എന്നിരുന്നാലും, ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌ത്യാനികൾ പരിച്ഛേദന അപ്പോഴും ഒരു ദൈവിക വ്യവസ്ഥയാണെന്നു ശഠിച്ചു. (പ്രവൃത്തികൾ 11:2, 3; 15:5) ഇക്കാരണത്താൽ അപ്പൊസ്‌തലനായ പൗലൊസ് വിവിധ സഭകളിലെ ‘ക്രമക്കേടുകൾ പരിഹരിക്കാൻ’ (ഓശാന ബൈബിൾ) തീത്തൊസിനെ അയയ്‌ക്കുകയുണ്ടായി. അതിലൊരു ക്രമക്കേടിനെപ്പറ്റി പൗലൊസ് തീത്തൊസിന് എഴുതി: “വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.”—തീത്തൊസ് 1:5, 10, 11.
പൗലൊസിന്റെ ബുദ്ധിയുപദേശം ഇന്നും ബാധകമാണ്. അതുകൊണ്ട് ഒരു ക്രിസ്‌ത്യാനി മറ്റൊരാളുടെ കുട്ടിയെ പരിച്ഛേദനയ്‌ക്കു പ്രേരിപ്പിക്കുന്നതു തികച്ചും തിരുവെഴുത്തു വിരുദ്ധമാണ്. ഒരു സത്യക്രിസ്‌ത്യാനി “പരകാര്യത്തിൽ ഇടപെടുന്ന”തിനു പകരം അത്തരം വ്യക്തിപരമായ സംഗതികൾ ആ കുട്ടിയുടെ മാതാപിതാക്കളുടെ തീരുമാനത്തിനു വിടുന്നു. (1 പത്രൊസ് 4:15) കൂടാതെ, മോശൈക ന്യായപ്രമാണപ്രകാരമുള്ള പരിച്ഛേദനയെപ്പറ്റി പിൻവരുംവിധം എഴുതാൻ പൗലൊസ് നിശ്വസ്‌തനാക്കപ്പെട്ടു: “ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമ്മം വരുത്തരുതു; ഒരുത്തൻ അഗ്രചർമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്‌ക്കരുതു. പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്‌പന പ്രമാണിക്കുന്നതത്രേ കാര്യം. ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ വസിച്ചുകൊള്ളട്ടെ.”—1 കൊരിന്ത്യർ 7:18-20.
“പരിച്ഛേദനാ സ്‌കൂൾ” സംബന്ധിച്ചോ?
ക്രിസ്‌തീയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പരിച്ഛേദനയ്‌ക്കു വിധേയമാക്കാൻ തീരുമാനിക്കുന്നുവെങ്കിലോ? നേരത്തെ പ്രസ്‌താവിച്ച, പരിച്ഛേദന നടത്തുന്ന സ്‌കൂളുകളിൽ മക്കളെ അയയ്‌ക്കുന്നതു ബൈബിളിനു ചേർച്ചയിലായിരിക്കുമോ? അത്തരം സ്‌കൂളിൽ പോകുന്ന ഒരു കുട്ടി ശസ്‌ത്രക്രിയയിലൂടെ അഗ്രചർമം നീക്കംചെയ്യുന്ന ആ കർമത്തിനു മാത്രമല്ല വിധേയനാകുന്നത്. അവിടെയായിരിക്കെ ആഴ്‌ചകളോളം യഹോവയുടെ ആരാധകരല്ലാത്ത കുട്ടികളോടും അധ്യാപകരോടും അടുത്തു സഹവസിക്കേണ്ടിവരും. ഇത്തരം സ്‌കൂളുകളിൽ പഠിപ്പിക്കപ്പെടുന്ന പലതും ബൈബിളിന്റെ ഉയർന്ന ധാർമിക നിലവാരങ്ങൾക്കു വിരുദ്ധമാണ്. ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “ചീത്ത സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33, NW.
അതിനുപുറമേ, ഇത്തരം സ്‌കൂളുകളിൽ സംബന്ധിക്കുന്നതിൽ ശാരീരികമായ അപകടങ്ങളുമുണ്ട്. 2003-ൽ സൗത്ത് ആഫ്രിക്കൻ മെഡിക്കൽ ജേർണൽ ഇപ്രകാരം മുന്നറിയിപ്പു നൽകുകയുണ്ടായി: “പരിച്ഛേദനയുടെ ഭീതിദമായ തിക്തഫലങ്ങൾ വീണ്ടും ഈ വർഷവും നിരീക്ഷിക്കാനായി, കൂടാതെ മരണവും അംഗച്ഛേദവും ലോകവ്യാപകമായി വർധിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ മിക്ക പ്രമുഖ വാർത്താമാധ്യമങ്ങളും പുറത്തുവിടുകയും ചെയ്‌തു. . . . ചുരുക്കത്തിൽ, ഇന്നുള്ള പല ‘പരിച്ഛേദനാ സ്‌കൂളുകളും’ വ്യാജവും മാരകവുമാണ്.”
കുട്ടിക്ക് ഉണ്ടായേക്കാവുന്ന ശാരീരിക അപകടങ്ങൾക്കുപുറമേ, വലിയ ആത്മീയ അപകടവും പതിയിരിപ്പുണ്ട്. പരിച്ഛേദനാ സ്‌കൂളുകളിലെ പഠിപ്പിക്കലുകൾക്കും ആചാരങ്ങൾക്കും ആത്മവിദ്യയുമായും പൂർവികാരാധനയുമായും അടുത്ത ബന്ധമുണ്ട്. ഉദാഹരണത്തിന്, ശസ്‌ത്രക്രിയ നടത്തുന്നവരുടെ അനാസ്ഥയും ശുചിത്വമില്ലാത്ത ചുറ്റുപാടുകളുമായിരുന്നു അപകടകാരണമെന്നു സമ്മതിക്കുന്നതിനു പകരം മന്ത്രവാദമോ പൂർവികരുടെ അപ്രീതിയോ നിമിത്തമാണ് അതു സംഭവിക്കുന്നതെന്നാണ് അനേകരും വിശ്വസിക്കുന്നത്. വ്യാജമതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചു ബൈബിൾ ഇവ്വിധം കൽപ്പിക്കുന്നു: ‘നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്‌മ? . . . അതുകൊണ്ടു “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊ”ള്ളും.’ (2 കൊരിന്ത്യർ 6:14-16) ഈ ബുദ്ധിയുപദേശത്തിന്റെ വെളിച്ചത്തിൽ, ക്രിസ്‌തീയ മാതാപിതാക്കൾ മക്കളെ ഒരു പരിച്ഛേദനാ സ്‌കൂളിൽ അയയ്‌ക്കുന്നതു തികച്ചും ബുദ്ധിശൂന്യമായിരിക്കും.
ഒരു ക്രിസ്‌ത്യാനിയുടെ പുരുഷത്വത്തിനു തെളിവു നൽകുന്നത് എന്ത്?
ഒരു ക്രിസ്‌ത്യാനി പരിച്ഛേദനയേറ്റവനാണോ അല്ലയോ എന്നതല്ല പുരുഷത്വത്തിനു തെളിവു നൽകുന്നത്. സത്യക്രിസ്‌ത്യാനികളുടെ മുഖ്യചിന്ത ദൈവത്തെ പ്രസാദിപ്പിക്കുന്നതിലായിരിക്കണം; അല്ലാതെ “ശാരീരികമായ ബാഹ്യാകാരങ്ങളിൽ കൂടുതൽ ശ്രദ്ധി”ക്കുന്നതിലായിരിക്കരുത്.—ഗലാത്യർ 6:12, പി.ഒ.സി. ബൈബിൾ.
ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് ഒരു ക്രിസ്‌ത്യാനി ‘ഹൃദയത്തിന്റെ അഗ്രചർമത്തെയാണു പരിച്ഛേദനയ്‌ക്കു’ വിധേയമാക്കേണ്ടത്. (ആവർത്തനപുസ്‌തകം 10:16; 30:6; മത്തായി 5:8) കത്തികൊണ്ട് മുറിച്ചല്ല അതു ചെയ്യേണ്ടത്, പകരം ജഡപ്രകാരമുള്ള പരിച്ഛേദന ഒരുവനെ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠനാക്കും എന്നതുപോലുള്ള തെറ്റായ അഭിലാഷങ്ങളും അഹന്തയോടെയുള്ള ചിന്തകളും പരിത്യജിച്ചുകൊണ്ടാണ്. ഒരു ക്രിസ്‌ത്യാനി പരിച്ഛേദനയേറ്റവനാണെങ്കിലും അല്ലെങ്കിലും പരിശോധനകൾ സഹിച്ച്, ‘വിശ്വാസത്തിൽ നിലനിൽക്കു’മ്പോൾ അദ്ദേഹത്തിനു തന്റെ പുരുഷത്വം തെളിയിക്കാനാകും.—1 കൊരിന്ത്യർ 16:13; യാക്കോബ് 1:12.