വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ക്രിസ്‌തീയ മാതാപിതാക്കൾ മക്കളെ നന്നായി പരിശീലിപ്പിക്കുകയാണെങ്കിൽ, അവർ യഹോവയുടെ വഴി വിട്ടുമാറില്ല എന്ന സദൃശവാക്യങ്ങൾ 22:6 ഉറപ്പുനൽകുന്നുണ്ടോ?
“ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” എന്നാണ് ആ വാക്യം പറയുന്നത്. ‘മുളയ്‌ക്കുമ്പോൾ ഉണ്ടായതേ മുറ്റിയാലും വരൂ’ എന്നു പറയുന്നതുപോലെ ശരിയായ പരിശീലനം ലഭിക്കുന്ന കുട്ടികൾ വളർന്നു വലുതാകുമ്പോൾ യഹോവയെ സേവിക്കാൻ കൂടുതൽ ചായ്‌വുള്ളവരായിരിക്കും. അത്തരം പരിശീലനത്തിന് ഒരുപാടു സമയവും ശ്രമവും ആവശ്യമാണ്. നിങ്ങളുടെ മക്കളും ക്രിസ്‌ത്യാനികളായിത്തീരുന്നതിന് നിങ്ങൾ അവർക്കു ശിക്ഷണം നൽകുകയും അവരെ പഠിപ്പിക്കുകയും ശാസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം, ഒപ്പം നല്ല മാതൃക വെക്കുകയും വേണം. മടുത്തുപോകാതെ, സ്‌നേഹപൂർവമുള്ള ഈ പരിശീലനം വർഷങ്ങളോളം തുടരേണ്ടതുണ്ട്.
എന്നാൽ ഒരു കുട്ടി യഹോവയെ സേവിക്കുന്നതിൽനിന്നു പിന്മാറുകയാണെങ്കിൽ, അതിനർഥം മാതാപിതാക്കൾ അവനു ശരിയായ പരിശീലനം കൊടുത്തില്ല എന്നാണോ? ചില കേസുകളിൽ അങ്ങനെ ആയിരിക്കാം, യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവത്‌കരണത്തിലും മക്കളെ വളർത്തിക്കൊണ്ടുവരുന്നതിൽ മാതാപിതാക്കൾക്കു പിഴവു പറ്റിയിട്ടുണ്ടാവാം. (എഫെസ്യർ 6:4) ഇനി, നല്ല പരിശീലനം ലഭിക്കുന്ന എല്ലാ കുട്ടികളും ദൈവത്തോടു വിശ്വസ്‌തരായിരിക്കുമെന്ന് ഉറപ്പുണ്ടോ? മേൽപ്പറഞ്ഞ സദൃശവാക്യം അത്തരമൊരു ഉറപ്പുനൽകുന്നില്ല. മാതാപിതാക്കൾ ആഗ്രഹിക്കുന്നതുപോലെ കുട്ടികൾ വളർന്നുവരണമെന്നു നിർബന്ധമില്ല. മുതിർന്നവരെപ്പോലെതന്നെ കുട്ടികൾക്കും ഇച്ഛാസ്വാതന്ത്ര്യം ഉണ്ട്. ഏതു ജീവിതഗതി തിരഞ്ഞെടുക്കണം എന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. (ആവർത്തനപുസ്‌തകം 30:15, 16, 19) മാതാപിതാക്കളുടെ ഭാഗത്തുനിന്നു നല്ല പരിശീലനം ലഭിച്ചിട്ടും, നാം പരിചിന്തിക്കുന്ന സദൃശവാക്യം എഴുതിയ ശലോമോനെപ്പോലെ, ചില കുട്ടികൾ അവിശ്വസ്‌തരായിത്തീരുന്നു. എന്തിന് യഹോവയുടെ പുത്രന്മാരിൽ ചിലർപോലും അവിശ്വസ്‌തരായിത്തീർന്നിട്ടില്ലേ?
അതുകൊണ്ട് എല്ലാ കുട്ടികളും യഹോവയുടെ വഴി “വിട്ടുമാറുകയില്ല” എന്ന് ഈ തിരുവെഴുത്ത് അർഥമാക്കുന്നില്ല. പകരം നന്നായി പരിശീലിപ്പിച്ചാൽ സാധാരണഗതിയിൽ അവർ യഹോവയുടെ വഴി “വിട്ടുമാറുകയില്ല” എന്നാണ് അതിന്റെ അർഥം. മാതാപിതാക്കൾക്ക് എത്ര നല്ല പ്രോത്സാഹനമാണിതു നൽകുന്നത്! യഹോവയുടെ വഴികൾക്കനുസൃതമായി കുട്ടികളെ പരിശീലിപ്പിക്കാൻ മാതാപിതാക്കൾ നടത്തുന്ന ആത്മാർഥ ശ്രമങ്ങൾ തീർച്ചയായും സത്‌ഫലങ്ങൾ ഉളവാക്കും. മാതാപിതാക്കൾക്ക് കുട്ടികളുടെമേൽ നല്ല സ്വാധീനം ചെലുത്താനാകുമെന്നതിനാൽ അവർ തങ്ങളുടെ ഈ ഉത്തരവാദിത്വം വളരെ ഗൗരവമായെടുക്കണം.—ആവർത്തനപുസ്‌തകം 6:6, 7.
ആത്മാർഥമായി കുട്ടികളെ പരിശീലിപ്പിക്കുന്ന മാതാപിതാക്കൾക്ക്, കുട്ടികൾ യഹോവയുടെ സേവനത്തിൽനിന്നു പിന്മാറിയാൽപ്പോലും അവർ മടങ്ങിവരുമെന്ന പ്രത്യാശ വെച്ചുപുലർത്താനാകും. ബൈബിൾ സത്യം ശക്തമാണ്, മാതാപിതാക്കൾ നൽകുന്ന പരിശീലനം അത്ര എളുപ്പമൊന്നും മനസ്സിൽനിന്നു മാഞ്ഞുപോകയുമില്ല.—സങ്കീർത്തനം 19:7.