വിലാപങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ വചനം ജീവനുള്ളത്
വിലാപങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
ഏകദേശം 40 വർഷമായി താൻ ഘോഷിച്ചുകൊണ്ടിരുന്ന ന്യായവിധി സന്ദേശം യിരെമ്യാ പ്രവാചകന്റെ കൺമുന്നിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. പ്രിയനഗരത്തിന്റെ നാശം നേരിൽ കാണുന്ന പ്രവാചകന് എന്താണ് തോന്നുന്നത്? “യിരെമ്യാവ് കരഞ്ഞുകൊണ്ടു നിലത്തിരുന്ന് യെരൂശലേമിനെച്ചൊല്ലി വിലപിച്ചു” എന്നു ഗ്രീക്ക് സെപ്‌റ്റുവജിന്റിൽ വിലാപങ്ങൾ എന്ന പുസ്‌തകത്തിന്റെ ആമുഖം പറയുന്നു. പൊതുയുഗത്തിനു മുമ്പ് 607-ലാണ് ഇതു രചിച്ചത്. ആ സമയത്ത് യെരൂശലേമിനെ 18 മാസം ഉപരോധിക്കുകയും അതേത്തുടർന്ന് തീവെക്കുകയും ചെയ്‌ത സംഭവം പ്രവാചകന്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നതിനാൽ യിരെമ്യാവിന്റെ ഹൃദയനൊമ്പരങ്ങൾ വിലാപങ്ങൾ എന്ന പുസ്‌തകം വളരെ വ്യക്തമായി വരച്ചുകാട്ടുന്നു. (യിരെമ്യാവു 52:3-5, 12-14) ചരിത്രത്തിലെ ഒരു നഗരവും ഇത്ര ഹൃദയഭേദകമായ രീതിയിൽ വിലപിച്ചിട്ടില്ല.
വിലാപങ്ങൾ എന്ന പുസ്‌തകം അഞ്ചു ഭാവഗീതങ്ങളുടെ ഒരു ശേഖരമാണ്. ആദ്യത്തെ നാലെണ്ണം വിലാപഗീതങ്ങളും അഞ്ചാമത്തേത് അഭ്യർഥന അഥവാ പ്രാർഥനയുമാണ്. ആദ്യത്തെ നാലു ഗീതങ്ങൾ ചിത്രാക്ഷരിയാണ്, അതായത്, ഓരോ വാക്യവും എബ്രായ അക്ഷരമാലയിലെ 22 അക്ഷരങ്ങളിലൊന്നുകൊണ്ട് തുടങ്ങുന്നു. അഞ്ചാമത്തെ ഗീതത്തിന് 22 വാക്യങ്ങളുണ്ടെങ്കിലും അതു ചിത്രാക്ഷരിയല്ല.
“ഞാൻ കണ്ണുനീർ വാർത്തു കണ്ണു മങ്ങിപ്പോകുന്നു”
“അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായകിയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ?” യെരൂശലേമിനെപ്രതിയുള്ള യിരെമ്യാ പ്രവാചകന്റെ വിലാപങ്ങൾ തുടങ്ങുന്നത് അങ്ങനെയാണ്. ഈ ദുരന്തത്തിന്റെ കാരണത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട് പ്രവാചകൻ പറയുന്നു: “അവളുടെ അതിക്രമബാഹുല്യംനിമിത്തം യഹോവ അവൾക്കു സങ്കടം വരുത്തി.”—വിലാപങ്ങൾ 1:1, 5.
ഭർത്താവ് മരിച്ചുപോയ ഒരു സ്‌ത്രീയെപ്പോലെ യെരൂശലേം ഇങ്ങനെ ചോദിക്കുന്നു: “എനിക്കു അവൻ വരുത്തിയ വ്യസനംപോലെ ഒരു വ്യസനം ഉണ്ടോ?” ശത്രുക്കളെക്കുറിച്ച് അവൾ ദൈവത്തോടു പ്രാർഥിക്കുന്നു: “അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽവരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്‌തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവീർപ്പു വളരെയല്ലോ; എന്റെ ഹൃദയം രോഗാർത്തമായിരിക്കുന്നു.”—വിലാപങ്ങൾ 1:12, 22.
അതീവ ദുഃഖിതനായ യിരെമ്യാവ് ഇപ്രകാരം പറയുന്നു: “തന്റെ ഉഗ്രകോപത്തിൽ അവൻ [യഹോവ] യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലങ്കയ്യെ അവൻ ശത്രുവിൻമുമ്പിൽ നിന്നു പിൻവലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവൻ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.” തന്റെ അഗാധദുഃഖം പ്രകടിപ്പിച്ചുകൊണ്ട് പ്രവാചകൻ വിലപിക്കുന്നു: “ഞാൻ കണ്ണുനീർ വാർത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു.” വഴിപോക്കർ പോലും പിൻവരും വിധം ചോദിച്ചുകൊണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്നു: ‘സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ?’—വിലാപങ്ങൾ 2:3, 11, 15.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:15—യഹോവ ‘യെഹൂദാപുത്രിയായ കന്യകയെ ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞത്’ എങ്ങനെ? ഒരു കന്യകയായി വർണിച്ചിരിക്കുന്ന നഗരത്തെ നശിപ്പിച്ചപ്പോൾ ബാബിലോന്യർ മുന്തിരിച്ചക്ക് ചവിട്ടുന്നതുപോലെ രക്തം ചൊരിഞ്ഞു. യഹോവ അതു മുൻകൂട്ടിപ്പറഞ്ഞിരുന്നു, അതു സംഭവിക്കാൻ അനുവദിക്കുകയും ചെയ്‌തു. അതുകൊണ്ട്, യഹോവയാണ് ‘ചക്കു ചവിട്ടിയത്’ എന്നു പറയാം.
2:1—യഹോവ “യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞ”ത് എങ്ങനെ? “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്ന”തിനാൽ പ്രതാപത്തിൽ സ്ഥിതിചെയ്യുന്ന കാര്യങ്ങളുടെ പതനത്തെ സൂചിപ്പിക്കുമ്പോൾ അവയെ ‘ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളയുന്നതായി’ പറയാറുണ്ട്. “യിസ്രായേലിന്റെ മഹത്വം”—യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നപ്പോഴത്തെ പ്രതാപവും ശക്തിയും—യെരൂശലേമിനെ നശിപ്പിക്കുകയും യെഹൂദയെ ശൂന്യമാക്കുകയും ചെയ്‌തതോടെ താഴേക്ക് എറിയപ്പെട്ടു.—യെശയ്യാവു 55:9.
2:1, 6—യഹോവയുടെ “പാദപീഠ”വും “കൂടാര”വും (NW) എന്താണ്? സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്നു അവന്റെ പാദപീഠത്തിങ്കൽ നമസ്‌കരിക്കുക.” (സങ്കീർത്തനം 132:7) അതുകൊണ്ട്, വിലാപങ്ങൾ 2:1-ലെ പാദപീഠം യഹോവയുടെ ആരാധനാലയത്തെയാണു സൂചിപ്പിക്കുന്നത്. വെറുമൊരു കൂടാരംപോലെ, തോട്ടത്തിലെ ഒരു കുടിൽപോലെ ബാബിലോന്യർ ‘യഹോവയുടെ ആലയം ചുട്ടു’കളഞ്ഞു.—യിരെമ്യാവു 52:12, 13.
2:17—യെരൂശലേമിനോടുള്ള ബന്ധത്തിൽ “അരുളിച്ചെയ്‌ത” ഏതു പ്രത്യേക സംഗതിയാണ് യഹോവ നിവർത്തിച്ചത്? ഇത് വ്യക്തമായും ലേവ്യപുസ്‌തകം 26:17-നെയാണ് പരാമർശിക്കുന്നത്. അവിടെ പറയുന്നു: “ഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവെക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും.”
നമുക്കുള്ള പാഠങ്ങൾ:
1:1-9. രാത്രിയിൽ യെരൂശലേം വല്ലാതെ കരയുന്നു, അവളുടെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ ഒഴുകുന്നു. അവളുടെ വാതിലുകളൊക്കെയും ശൂന്യമായിക്കിടക്കുന്നു. പുരോഹിതന്മാർ നെടുവീർപ്പിടുന്നു. അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. എന്തുകൊണ്ട്? എന്തെന്നാൽ യെരൂശലേം കഠിനപാപം ചെയ്‌തിരിക്കുന്നു. അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു. പാപത്തിന്റെ ഫലം സന്തോഷമല്ല, കണ്ണുനീരും നെടുവീർപ്പും ദുഃഖവും വ്യസനവുമാണ്.
1:18. പാപികളെ ശിക്ഷിക്കുമ്പോഴെല്ലാം യഹോവ നീതിയും ന്യായവും ഉയർത്തിപ്പിടിക്കുന്നു.
2:20. യഹോവയുടെ വാക്കു കേട്ടനുസരിച്ചില്ലെങ്കിൽ ‘പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം തിന്നുന്നത്’ ഉൾപ്പെടെയുള്ള ശാപങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഇസ്രയേല്യർക്കു മുന്നറിയിപ്പു നൽകിയിരുന്നു. (ആവർത്തനപുസ്‌തകം 28:15, 45, 53) ദൈവത്തിനു നിരക്കാത്ത ഒരു ജീവിതഗതി എത്ര വിപത്‌കരമായിരിക്കും!
‘എന്റെ നെടുവീർപ്പിനു ചെവി പൊത്തിക്കളയരുതേ’
വിലാപങ്ങൾ 3-ാം അധ്യായത്തിൽ ഇസ്രായേൽ ജനതയെ “പുരുഷൻ” എന്നു വിളിച്ചിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങൾക്കുമധ്യേയും ഈ പുരുഷൻ ഇങ്ങനെ പാടുന്നു: “തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ.” സത്യദൈവത്തോടുള്ള പ്രാർഥനയിൽ ആ മനുഷ്യൻ ഇങ്ങനെ അഭ്യർഥിക്കുന്നു: “എന്റെ നെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ.” ശത്രുക്കളിൽനിന്നുള്ള നിന്ദയിലേക്കു യഹോവയുടെ ശ്രദ്ധക്ഷണിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറയുന്നു: “യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവർക്കു പകരം ചെയ്യേണമേ.”—വിലാപങ്ങൾ 3:1, 25, 56, 64.
യെരൂശലേമിന്റെ 18 മാസക്കാലത്തെ ഉപരോധത്തിന്റെ ദാരുണ ഫലങ്ങളെപ്രതിയുള്ള തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് യിരെമ്യാവ് ദുഃഖത്തോടെ പറയുന്നു: “കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.” യിരെമ്യാവ് തുടരുന്നു: “വാൾകൊണ്ടു മരിക്കുന്നവർ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാർ; അവർ നിലത്തിലെ അനുഭവമില്ലായ്‌കയാൽ ബാധിതരായി ക്ഷീണിച്ചു പോകുന്നു.”—വിലാപങ്ങൾ 4:6, 9.
അഞ്ചാമത്തെ കാവ്യം യെരൂശലേം നിവാസികൾ സംസാരിക്കുന്നതായാണ് ചിത്രീകരിക്കുന്നത്. “യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ,” അവർ പറയുന്നു. തങ്ങളുടെ ദുരിതങ്ങൾ ദൈവത്തോട് അറിയിക്കവേ അവർ ഇങ്ങനെ അഭ്യർഥിക്കുന്നു: “യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തേണമേ.”—വിലാപങ്ങൾ 5:1, 19, 21.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
3:16—“അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകർത്തു” എന്നത് എന്തു സൂചിപ്പിക്കുന്നു? ഒരു പരാമർശകൃതി പറയുന്നു: “പ്രവാസത്തിലേക്കുള്ള യാത്രാമധ്യേ നിലത്തു കുഴിയുണ്ടാക്കി അതിൽ അപ്പമുണ്ടാക്കാൻ യഹൂദന്മാർ നിർബന്ധിതരായിത്തീർന്നു. അങ്ങനെ അവരുടെ അപ്പത്തിൽ കല്ലും മണ്ണും കലർന്നു.” അത്തരം അപ്പം തിന്നുന്ന ഒരുവന്റെ പല്ല് ഭാഗികമായി തകർന്നുപോകാൻ ഇടയുണ്ടായിരുന്നു.
4:3, 10—“[തന്റെ] ജനത്തിന്റെ പുത്രി”യെ യിരെമ്യാവ് “മരുഭൂമിയിലെ ഒട്ടകപ്പക്ഷി”യോട് ഉപമിച്ചത് എന്തുകൊണ്ട്? ഒട്ടകപ്പക്ഷി “തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു” എന്നു ഇയ്യോബ് 39:16 പറയുന്നു. ഉദാഹരണത്തിന്, മുട്ടവിരിഞ്ഞശേഷം തള്ളപ്പക്ഷി കൂടുവിട്ട് മറ്റ് പെൺപക്ഷികളോടൊപ്പം പോകും. ആ സമയത്ത് കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം ആൺപക്ഷി ഏറ്റെടുക്കുന്നു. എന്തെങ്കിലും അപകടം നേരിട്ടാലോ? ആൺപക്ഷിയും പെൺപക്ഷിയും കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സ്ഥലംവിടും. ബാബിലോന്യരുടെ ഉപരോധത്തിലായിരുന്നപ്പോൾ യെരൂശലേമിലെ പട്ടിണി അതികഠിനമായിത്തീർന്നു. തത്‌ഫലമായി തങ്ങളുടെ പൈതങ്ങളോടു സ്വാഭാവികമായും അനുകമ്പ കാണിക്കേണ്ട അമ്മമാർ മരുഭൂമിയിലെ ഒട്ടകപ്പക്ഷികളെപ്പോലെ അവരോടു ക്രൂരത കാട്ടി. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ അതീവശ്രദ്ധ പുലർത്തുന്ന കുറുക്കന്മാരുടേതിൽനിന്ന് നേർവിപരീതമായിരുന്നു ഇത്.
5:7—പിതാക്കന്മാരുടെ പാപങ്ങൾക്ക് സന്തതികൾ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരുമോ? ഇല്ല. പൂർവപിതാക്കന്മാരുടെ തെറ്റുകൾക്കു ദൈവം ആളുകളെ നേരിട്ട് ശിക്ഷിക്കുന്നില്ല. “ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും” എന്ന് ബൈബിൾ പറയുന്നു. (റോമർ 14:12) എന്നിരുന്നാലും തെറ്റുകളുടെ അനന്തരഫലങ്ങൾ പിൻതലമുറക്കാർ അനുഭവിക്കേണ്ടിവന്നേക്കാം. പുരാതന ഇസ്രായേൽ ജനം വിഗ്രഹാരാധനയിലേക്കു തിരിഞ്ഞതുമൂലം പിൽക്കാലത്തെ വിശ്വസ്‌തരായവർക്കുപോലും നീതിമാർഗത്തിൽ തുടരുക ബുദ്ധിമുട്ടായിത്തീർന്നു എന്നത് ഇതിന് ഉദാഹരണമാണ്.—പുറപ്പാടു 20:5.
നമുക്കുള്ള പാഠങ്ങൾ:
3:8, 43, 44. യെരൂശലേമിൽ വിപത്ത് ആഞ്ഞടിച്ചപ്പോൾ സഹായത്തിനായുള്ള നഗരവാസികളുടെ നിലവിളി യഹോവ കേട്ടില്ല. എന്തുകൊണ്ട്? ജനം അനുസരണംകെട്ടവരും അനുതാപമില്ലാത്തവരും ആയിരുന്നു. നാം അനുസരണം ഉള്ളവരാണെങ്കിൽ മാത്രമേ യഹോവ നമ്മുടെ പ്രാർഥനകൾ കേൾക്കുകയുള്ളൂ.—സദൃശവാക്യങ്ങൾ 28:9.
3:20, NW. “സർവ്വഭൂമിക്കുംമീതെ അത്യുന്നത”നായ യഹോവ ‘ആകാശത്തിലും ഭൂമിയിലും ഉള്ളവ കുനിഞ്ഞുനോക്കേണ്ടവിധം’ അത്രയ്‌ക്ക് ഉന്നതനാണ്. (സങ്കീർത്തനം 83:18; 113:6) എന്നിട്ടും, മനുഷ്യരെ കുനിഞ്ഞുനോക്കാൻ, അതായത് പ്രോത്സാഹനമേകാനായി മനുഷ്യരുടെ തലത്തിലേക്ക് ഇറങ്ങിവരാൻ സർവശക്തൻ മനസ്സൊരുക്കമുള്ളവനാണെന്ന വസ്‌തുത സംബന്ധിച്ച് യിരെമ്യാവിന് നല്ല ബോധ്യമുണ്ടായിരുന്നു. ദൈവം സർവശക്തനും സർവജ്ഞാനിയും ആണെന്നു മാത്രമല്ല താഴ്‌മയുള്ളവനും ആണെന്നറിയുന്നത് നമ്മെ എത്ര സന്തോഷിപ്പിക്കുന്നു!
3:21-26, 28-33. കടുത്ത ദുരിതങ്ങളിൽപ്പോലും നമുക്കെങ്ങനെ സഹിച്ചുനിൽക്കാം? അതു സംബന്ധിച്ച് യിരെമ്യാവ് നമ്മോടു പറയുന്നു. യഹോവ ദയാപ്രവൃത്തികളിൽ സമ്പന്നനും കരുണാമയനും ആണെന്ന കാര്യം നാം മറന്നുപോകരുത്. നാമെല്ലാം ജീവനോടിരിക്കുന്നുവെന്ന വസ്‌തുതതന്നെ, പ്രത്യാശ വെടിയാതിരിക്കാനും ക്ഷമയുള്ളവരായിരിക്കാനും രക്ഷയ്‌ക്കായി യഹോവയ്‌ക്കുവേണ്ടി ക്ഷമാപൂർവം, പരിഭവംകൂടാതെ, കാത്തിരിക്കാനും ഉള്ള മതിയായ കാരണം നൽകുന്നുവെന്നും നാം ഓർക്കണം. മാത്രമല്ല നാം ‘മുഖം പൊടിയോളം താഴ്‌ത്തുകയും’ ചെയ്യണം, അതായത്, സംഭവിക്കാൻ ദൈവം പരിശോധനകൾ അനുവദിക്കുമ്പോൾ അതു നമ്മുടെ നന്മയ്‌ക്കാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് താഴ്‌മയോടെ സഹിക്കാൻ നാം തയ്യാറാകണം.
3:27. ചെറുപ്പകാലത്തു വിശ്വാസത്തിന്റെ പരിശോധനകൾ അഭിമുഖീകരിക്കുന്നതിൽ ബുദ്ധിമുട്ടുകളും പരിഹാസങ്ങളും സഹിച്ചുനിൽക്കുന്നത് ഉൾപ്പെട്ടേക്കാം. എങ്കിലും “ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലത്.” എന്തുകൊണ്ട്? ചെറുപ്പകാലത്ത് കഷ്ടപ്പാടിന്റെ നുകം ചുമക്കാൻ പഠിക്കുന്നത് പിൽക്കാലത്തുണ്ടാകുന്ന വെല്ലുവിളികൾ കൈകാര്യംചെയ്യാൻ ഒരുവനെ സജ്ജനാക്കും.
3:39-42. ചെയ്‌തുപോയ പാപങ്ങളുടെ ഫലമായി കഷ്ടമനുഭവിക്കുമ്പോൾ ‘പരാതിപ്പെടുന്നത്’ (പി.ഒ.സി. ബൈബിൾ) ബുദ്ധിയല്ല. തെറ്റിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുമ്പോൾ പരാതിപ്പെടുന്നതിനു പകരം നമുക്ക് “നമ്മുടെ നടപ്പു ആരാഞ്ഞു ശോധനചെയ്‌തു യഹോവയുടെ അടുക്കലേക്കു തിരി”യാം. അനുതപിച്ച് നമ്മുടെ വഴികൾക്കു മാറ്റംവരുത്തുന്നതാണു ബുദ്ധി.
യഹോവയെ നിങ്ങളുടെ ആശ്രയമാക്കുക
ബാബിലോന്യർ നഗരം ചുട്ടുചാമ്പലാക്കിയശേഷം യഹോവ യെരൂശലേമിനെയും യെഹൂദാദേശത്തെയും എങ്ങനെയാണു വീക്ഷിച്ചതെന്ന് വിലാപങ്ങൾ എന്ന ബൈബിൾ പുസ്‌തകം വ്യക്തമാക്കുന്നു. യഹോവയുടെ വീക്ഷണത്തിൽനിന്നു നോക്കുമ്പോൾ, വിപത്തിന്റെ കാരണം ജനത്തിന്റെ പാപങ്ങളാണെന്നാണ് പാപം ഏറ്റുപറഞ്ഞുകൊണ്ടുള്ള ഇതിലെ പ്രസ്‌താവനകൾ സൂചിപ്പിക്കുന്നത്. ഈ പുസ്‌തകത്തിലെ നിശ്വസ്‌ത ഗീതങ്ങളിൽ, യഹോവയിലുള്ള പ്രത്യാശയും ശരിയായ മാർഗത്തിലേക്കു തിരിയാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്ന വരികളും കാണാം. യിരെമ്യാവിന്റെ കാലത്തെ മുഴുജനത്തിന്റെയും വികാരമല്ല ഈ വാക്കുകളിൽ പ്രതിഫലിച്ചിരിക്കുന്നത്. മറിച്ച്, യിരെമ്യാവിന്റെയും അനുതാപമുണ്ടായിരുന്ന ഒരു ശേഷിപ്പിന്റെയും വികാരങ്ങളാണ്.
യെരൂശലേമിന്റെ അവസ്ഥ യഹോവ എങ്ങനെയാണ് വിലയിരുത്തിയത് എന്നതു സംബന്ധിച്ചുള്ള വിലാപങ്ങളിലെ വർണന നമ്മെ രണ്ടു സുപ്രധാന പാഠങ്ങൾ പഠിപ്പിക്കുന്നു. ഒന്നാമതായി, യെരൂശലേമിന്റെ നാശവും യെഹൂദയുടെ ശൂന്യമാക്കലും യഹോവയെ അനുസരിക്കാൻ നമ്മെ ഉദ്‌ബോധിപ്പിക്കുകയും ദൈവേഷ്ടം അവഗണിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 10:11) യിരെമ്യാവിന്റെ മാതൃകയിൽനിന്നുള്ളതാണ് രണ്ടാമത്തെ പാഠം. (റോമർ 15:4) ആശയറ്റതെന്നു തോന്നിയ സന്ദർഭത്തിൽപ്പോലും അതിദുഃഖിതനായിരുന്ന പ്രവാചകൻ രക്ഷയ്‌ക്കായി യഹോവയിൽ ആശ്രയിച്ചു. യഹോവയിലും അവന്റെ വചനത്തിലും പൂർണ വിശ്വാസമർപ്പിക്കുകയും അവനെ നമ്മുടെ സങ്കേതമാക്കുകയും ചെയ്യേണ്ടത് എത്ര പ്രധാനമാണ്!—എബ്രായർ 4:12.
[9-ാം പേജിലെ ചിത്രം]
തന്റെ ന്യായവിധി സന്ദേശത്തിന്റെ നിവൃത്തി യിരെമ്യാവ് നേരിൽ കണ്ടു
[10-ാം പേജിലെ ചിത്രം]
ക്രിസ്‌തീയ നിഷ്‌പക്ഷതയോടുള്ള ബന്ധത്തിൽ കൊറിയയിലെ ഈ സാക്ഷികളുടെ വിശ്വാസം പരിശോധിക്കപ്പെട്ടു