വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശുശ്രൂഷ നിർവഹിക്കാൻ ദൃഢചിത്തർ

ശുശ്രൂഷ നിർവഹിക്കാൻ ദൃഢചിത്തർ

ജീവിത കഥ

ശുശ്രൂഷ നിർവഹിക്കാൻ ദൃഢചിത്തർ

ലിനാ ഡേവിസൺ പറഞ്ഞപ്രകാരം

“എന്റെ കാഴ്‌ച മങ്ങുന്നതുപോലെ. ഒന്നും കാണാനാകുന്നില്ല.” അവ്യക്തമായിട്ടാണ്‌ ഞങ്ങളുടെ പൈലറ്റ്‌ അതു പറഞ്ഞത്‌. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്‌ ഞങ്ങളുടെ കൊച്ചുവിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. സീറ്റിൽ കുഴഞ്ഞുവീണ അദ്ദേഹം അബോധാവസ്ഥയിലായി. വിമാനയാത്ര പരിചയമില്ലായിരുന്ന എന്റെ ഭർത്താവ്‌ അദ്ദേഹത്തെ ഉണർത്താൻ പഠിച്ച പണി പതിനെട്ടും നോക്കി. തലനാരിഴ വ്യത്യാസത്തിലാണ്‌ ഞങ്ങൾ മരണത്തിൽനിന്നു രക്ഷപ്പെട്ടത്‌. അതിനെക്കുറിച്ചു പറയുന്നതിനുമുമ്പ്‌ അങ്ങകലെ പാപ്പുവ ന്യൂഗിനിക്കു മുകളിലൂടെ പറക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചതെന്താണെന്നു ഞാൻ വിശദീകരിക്കാം.

ഓസ്‌ട്രേലിയയിൽ 1929-ലായിരുന്നു എന്റെ ജനനം. ന്യൂ സൗത്ത്‌ വെയിൽസിന്റെ തലസ്ഥാനമായ സിഡ്‌നിയിലാണു ഞാൻ വളർന്നത്‌. ഡാഡി ബിൽ മസ്‌കറ്റ്‌ ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു; പക്ഷേ വിചിത്രമെന്നു പറയട്ടെ, ദൈവവിശ്വാസിയായിരുന്നു അദ്ദേഹം. എന്തിനധികം, യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്നുള്ള ജോസഫ്‌ എഫ്‌. റഥർഫോർഡിനെ സിഡ്‌നി ടൗൺ ഹാളിൽ പ്രസംഗിക്കാൻ അനുവദിക്കണമെന്ന്‌ അഭ്യർഥിച്ചുകൊണ്ടുള്ള ഒരു ദേശീയ ഹർജിയിൽ ഒപ്പിടാൻപോലും അദ്ദേഹം തയ്യാറായി.

“അദ്ദേഹത്തിന്‌ പ്രധാനപ്പെട്ട എന്തെങ്കിലും പറയാനുണ്ടാകും” എന്ന്‌ ഡാഡി പറഞ്ഞത്‌ ഞാനോർക്കുന്നു. ഡാഡി എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ എട്ടു വർഷത്തിനുശേഷമാണ്‌ ഞങ്ങൾക്കു മനസ്സിലായത്‌. ബൈബിൾ ചർച്ചകൾക്കായി യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ പയനിയർ ശുശ്രൂഷകനായ നോർമൻ ബെലോറ്റിയെ ഡാഡി വീട്ടിലേക്കു ക്ഷണിച്ചു. ഞങ്ങളുടെ കുടുംബം പെട്ടെന്നുതന്നെ ബൈബിൾസത്യം സ്വീകരിക്കുകയും ക്രിസ്‌തീയ ശുശ്രൂഷയിൽ സജീവമായി ഉൾപ്പെടുകയും ചെയ്‌തു.

നിത്യരോഗിയായിരുന്ന മമ്മിയെ സഹായിക്കുന്നതിനായി 1940-കളുടെ മധ്യത്തിൽ ഞാൻ പഠിപ്പു നിറുത്തി. ഉപജീവനത്തിനായി ഞാൻ തയ്യൽ തുടങ്ങി. ശനിയാഴ്‌ച വൈകുന്നേരങ്ങളിൽ ഞാനും ചേച്ചി റോസും ഒരുകൂട്ടം പയനിയർമാരോടൊപ്പം സിഡ്‌നി ടൗൺഹാളിനു പുറത്തുള്ള തെരുവിൽ സാക്ഷീകരണം നടത്തുമായിരുന്നു. 1952-ൽ ഗിലെയാദ്‌ മിഷനറി സ്‌കൂളിൽനിന്നു പരിശീലനം പൂർത്തിയാക്കിയ ചേട്ടൻ ജോണിന്‌ പാക്കിസ്ഥാനിലേക്കു നിയമനം ലഭിച്ചു. ശുശ്രൂഷ എനിക്കും പ്രിയപ്പെട്ടതായിരുന്നു; ചേട്ടന്റെ പാത പിന്തുടരാനായിരുന്നു എന്റെയും ആഗ്രഹം. അങ്ങനെ പിറ്റേവർഷം ഞാൻ സാധാരണ പയനിയറായിത്തീർന്നു.

വിവാഹവും മിഷനറിവേലയും

അധികം താമസിയാതെ യഹോവയുടെ സാക്ഷികളുടെ ഓസ്‌ട്രേലിയ ബ്രാഞ്ച്‌ ഓഫീസിൽ താമസിച്ചിരുന്ന ജോൺ ഡേവിസണെ ഞാൻ കണ്ടുമുട്ടി. എളിമയും നിശ്ചയദാർഢ്യവും നല്ല ധാർമികതയും ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം; അതെന്നെ വല്ലാതെ ആകർഷിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ പേരിൽ മൂന്നു പ്രാവശ്യം അദ്ദേഹം ജയിലിൽ കിടന്നിട്ടുണ്ട്‌. ക്രിസ്‌തീയ ശുശ്രൂഷയ്‌ക്കായി ജീവിതം ഉഴിഞ്ഞുവെക്കാൻ ഞങ്ങൾ തീരുമാനിച്ചു.

1955 ജൂണിലായിരുന്നു ഞങ്ങളുടെ വിവാഹം. ഒരു മൊബൈൽ-വീട്‌ ആക്കിമാറ്റുകയെന്ന ലക്ഷ്യത്തിൽ ഞങ്ങൾ ഒരു ബസ്‌ വാങ്ങി; അതിൽ താമസിച്ച്‌ ഓസ്‌ട്രേലിയയുടെ വിദൂരഭാഗങ്ങളിൽ പ്രസംഗ പ്രവർത്തനം നടത്താനായിരുന്നു പരിപാടി. പിറ്റേ വർഷം, ഓസ്‌ട്രേലിയയ്‌ക്കു വടക്കുള്ള ഒരു വലിയ ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമായ ന്യൂഗിനിയിലേക്കു മാറാൻ സാക്ഷികൾക്ക്‌ ആഹ്വാനം ലഭിച്ചു. * അവിടെ അതുവരെയും രാജ്യസന്ദേശം എത്തിയിട്ടില്ലായിരുന്നു. ഞങ്ങൾ അങ്ങോട്ടു പോകാൻ തീരുമാനിച്ചു.

അന്ന്‌ ഒരു മുഴുസമയ ജോലിക്കുള്ള കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ ന്യൂഗിനിയിലേക്കു കടക്കാനാകുമായിരുന്നുള്ളൂ. അതുകൊണ്ട്‌ ജോൺ ഒരു ജോലി കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങി. പെട്ടെന്നുതന്നെ, ന്യൂഗിനിയുടെ ഭാഗമായിരുന്ന ന്യൂബ്രിട്ടൻ എന്ന ഒരു കൊച്ചുദ്വീപിലുള്ള ഒരു അറക്കമില്ലുമായി ഒരു കരാറുണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഏതാനും ആഴ്‌ചകൾക്കുശേഷം ഞങ്ങൾ പുതിയ നിയമനം ഏറ്റെടുക്കുന്നതിനായി ഇറങ്ങിത്തിരിച്ചു. 1956-ൽ ഞങ്ങൾ ന്യൂബ്രിട്ടനിലെ രബൗൽ എന്ന സ്ഥലത്തെത്തി. അവിടെനിന്ന്‌ വാട്ടർഫോൾ ബേയിലേക്കു പോകുന്ന ബോട്ടിനായി ആറുദിവസം കാത്തിരിക്കേണ്ടിവന്നു.

വാട്ടർഫോൾ ബേയിലെ ശുശ്രൂഷ

ദിവസങ്ങൾ യാത്ര ചെയ്‌ത്‌ ഞങ്ങൾ വാട്ടർഫോൾ ബേയിലെത്തി; യാത്ര അങ്ങേയറ്റം ദുഷ്‌കരമായിരുന്നു. രബൗലിന്‌ ഏകദേശം 240 കിലോമീറ്റർ തെക്കാണ്‌ ഈ വലിയ ഉൾക്കടൽ. അതിന്റെ തീരത്തായി കാടിനുള്ളിൽ തുറസ്സായ സ്ഥലത്ത്‌ ഒരു വലിയ അറക്കമില്ലുണ്ടായിരുന്നു. അന്നു വൈകുന്നേരം ജോലിക്കാരെല്ലാം ഊണുമേശയ്‌ക്കു ചുറ്റുമിരിക്കെ മാനേജർ പറഞ്ഞു: “ഡേവിസണോടും ശ്രീമതിയോടുമായി ഒരു കാര്യം: എല്ലാ ജോലിക്കാരും തങ്ങളുടെ മതമേതാണെന്ന്‌ പറയണം എന്നതാണ്‌ ഈ കമ്പനിയിലെ ഒരു രീതി.”

അങ്ങനെയൊരു രീതി ഉണ്ടായിരുന്നില്ലെന്നു ഞങ്ങൾക്ക്‌ ഉറപ്പായിരുന്നു; പക്ഷേ ഞങ്ങൾ പുകവലിക്കാതിരുന്നതുകൊണ്ട്‌ അവർക്ക്‌ സംശയം തോന്നിയിരിക്കണം. എന്തായാലും ജോൺ, “ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്‌” എന്നകാര്യം പറഞ്ഞു. കനത്ത ഒരു നിശ്ശബ്ദതയായിരുന്നു പിന്നെ. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തവരായിരുന്നു ആ മില്ലിൽ ഉണ്ടായിരുന്നത്‌; യുദ്ധസമയത്തെ സാക്ഷികളുടെ നിഷ്‌പക്ഷത നിമിത്തം അവർക്ക്‌ സാക്ഷികളോടു മുൻവിധിയുണ്ടായിരുന്നു. അന്നുമുതൽ ഞങ്ങളെ കഷ്ടത്തിലാക്കാൻ പറ്റിയ ഒരു അവസരവും അവർ പാഴാക്കിയില്ല.

മാനേജർ ഞങ്ങൾക്ക്‌ സ്റ്റൗവോ റഫ്രിജറേറ്ററോ തന്നില്ല​—⁠രണ്ടും ഞങ്ങൾക്ക്‌ അർഹതപ്പെട്ടതായിരുന്നിട്ടും. അതുകൊണ്ട്‌ ഭക്ഷ്യസാധനങ്ങൾ എളുപ്പം ചീത്തയാകുമായിരുന്നു. കാട്ടിൽക്കിടന്നു കിട്ടിയ ഒരു പൊട്ട സ്റ്റൗവിൽ പാചകം ചെയ്യേണ്ടിവന്നു ഞങ്ങൾക്ക്‌. ഞങ്ങൾക്ക്‌ നല്ല പച്ചക്കറികൾ തരുന്നതിൽനിന്ന്‌ ഗ്രാമവാസികളെ തടയുകയാണ്‌ അവർ അടുത്തതായി ചെയ്‌തത്‌. അതുകൊണ്ട്‌ കിട്ടിയ പച്ചക്കറികൾകൊണ്ട്‌ കഴിഞ്ഞുകൂടേണ്ടിവന്നു. ഞങ്ങളെ ചാരന്മാരെന്നു മുദ്രകുത്തി; ഞങ്ങൾ ആരെയെങ്കിലും ബൈബിൾ പഠിപ്പിക്കുന്നുണ്ടോ എന്നറിയാൻ എപ്പോഴും ആരെങ്കിലും ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ എനിക്കു മലമ്പനി പിടിപെട്ടു.

എന്നിരുന്നാലും ശുശ്രൂഷ നിർവഹിക്കാനുള്ള നിശ്ചയദാർഢ്യത്തിൽ ഞങ്ങൾ ഉറച്ചുതന്നെനിന്നു. അതുകൊണ്ട്‌ ഇംഗ്ലീഷ്‌ അറിയാമായിരുന്ന, മില്ലിൽ ജോലി ചെയ്യുന്ന അവിടത്തുകാരായ രണ്ടു ചെറുപ്പക്കാരോട്‌ രാഷ്‌ട്രഭാഷയായ മലനേഷ്യൻ പിജിൻ പഠിപ്പിച്ചുതരാമോയെന്നു ചോദിച്ചു. പകരം ഞങ്ങളവരെ ബൈബിൾ പഠിപ്പിച്ചു. വാരാന്ത്യങ്ങളിൽ ഞങ്ങൾ ‘സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി’ പോകുമായിരുന്നു. യാത്രാമധ്യേ ഞങ്ങൾ നയപൂർവം ഗ്രാമവാസികളോടു സംസാരിക്കും; ഞങ്ങളുടെ ബൈബിൾ വിദ്യാർഥികളായിരുന്നു പരിഭാഷകർ. ശക്തമായ അടിയൊഴുക്കുള്ള നദികളും അവയുടെ തീരങ്ങളിൽ വെയിലുകൊള്ളാൻ കിടക്കുന്ന മുതലകളെയും ഒക്കെ മറികടക്കണമായിരുന്നു ഞങ്ങൾക്ക്‌. പക്ഷേ ഒരിക്കൽമാത്രമേ ഈ ഭയങ്കരന്മാർ ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചിട്ടുള്ളൂ; അന്ന്‌ ഞങ്ങൾ കഷ്ടിച്ചാണു രക്ഷപ്പെട്ടത്‌.

പഠനസഹായികളുടെ നിർമാണത്തിൽ

ശുശ്രൂഷ പുരോഗമിച്ചതോടെ, എളുപ്പം മനസ്സിലാക്കാനാകുന്ന ബൈബിൾ സന്ദേശങ്ങൾ ടൈപ്പ്‌ ചെയ്‌ത്‌ താത്‌പര്യമുള്ളവർക്ക്‌ വിതരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. മില്ലിലെ ഞങ്ങളുടെ വിദ്യാർഥികൾ ആദ്യത്തേതു പരിഭാഷപ്പെടുത്താൻ സഹായിച്ചു. അനേകം രാത്രികളിലായി നൂറുകണക്കിനു ലഘുലേഖകൾ ഞങ്ങൾ ടൈപ്പ്‌ ചെയ്‌തു; എന്നിട്ട്‌ ഗ്രാമവാസികൾക്കും അതുവഴി കടന്നുപോകുന്ന ബോട്ട്‌ ജീവനക്കാർക്കും അവ വിതരണം ചെയ്‌തു.

1957-ൽ ജോൺ കറ്റ്‌ഫോർത്‌ എന്ന പരിചയസമ്പന്നനായ സഞ്ചാര മേൽവിചാരകൻ ഞങ്ങളെ സന്ദർശിച്ചു. അത്‌ ഞങ്ങൾക്കു വലിയ പ്രോത്സാഹനമായി. * വായന അറിയില്ലാത്തവരെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നതിനായി ചിത്രങ്ങൾ ഉപയോഗിക്കുന്നത്‌ ഫലം ചെയ്യുമെന്ന്‌ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. അദ്ദേഹവും എന്റെ ഭർത്താവും ചേർന്ന്‌ അടിസ്ഥാന ബൈബിൾ സത്യങ്ങൾ വിശദീകരിക്കാനായി ലളിതമായ കുറെ ചിത്രങ്ങൾ വരച്ചുണ്ടാക്കി. തുടർന്ന്‌ ഞങ്ങൾ അനേകം മണിക്കൂറുകൾ ചെലവഴിച്ച്‌ ഈ ചിത്രസന്ദേശങ്ങൾ നോട്ടുബുക്കുകളിലേക്കു പകർത്തി. എല്ലാ വിദ്യാർഥികൾക്കും ഓരോ കോപ്പി കൊടുത്തു. അത്‌ ഉപയോഗിച്ച്‌ അവർ മറ്റുള്ളവരോടു പ്രസംഗിച്ചു. കാലക്രമത്തിൽ രാജ്യമെമ്പാടും ഈ രീതി ഉപയോഗിക്കാൻ തുടങ്ങി.

വാട്ടർഫോൾ ബേയിലെ രണ്ടരവർഷത്തിനുശേഷം ഞങ്ങളുടെ ജോലിക്കരാർ അവസാനിച്ചു; ഞങ്ങൾക്ക്‌ രാജ്യത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചു. അതുകൊണ്ട്‌ ഞങ്ങൾ പ്രത്യേക പയനിയർ ശുശ്രൂഷ ഏറ്റെടുക്കുന്നതിനുള്ള ക്ഷണം സ്വീകരിച്ചു.

തിരികെ രബൗലിലേക്ക്‌

വടക്ക്‌ രബൗലിലേക്കു പോകവേ ഞങ്ങളുടെ ബോട്ട്‌ രാത്രി വൈഡ്‌ ബേയിൽ തെങ്ങും കൊക്കോയും കൃഷിചെയ്യുന്നിടത്തായി നിറുത്തിയിട്ടു. പ്രായമുള്ള ഒരു ദമ്പതികളായിരുന്നു അതിന്റെ ഉടമസ്ഥർ. ജോലിയിൽനിന്നു വിരമിച്ച്‌ ഓസ്‌ട്രേലിയയിലേക്കു തിരിച്ചു പോകാനായിരുന്നു അവരുടെ പരിപാടി. അതുകൊണ്ട്‌ അവിടത്തെ ജോലിക്ക്‌ മേൽനോട്ടം വഹിക്കാൻ താത്‌പര്യമുണ്ടോയെന്ന്‌ അവർ ജോണിനോടു ചോദിച്ചു. നല്ല ഓഫറായിരുന്നു അത്‌. എന്നാൽ സംഗതിയെക്കുറിച്ചു സംസാരിച്ചശേഷം ന്യൂഗിനിയിലെത്തിയത്‌ പണമുണ്ടാക്കാനല്ലല്ലോ എന്ന്‌ ഞങ്ങൾ ചിന്തിച്ചു. പയനിയർമാരെന്നനിലയിൽ ശുശ്രൂഷ നിർവഹിക്കാൻ ദൃഢചിത്തരായിരുന്നു ഞങ്ങൾ. അതുകൊണ്ട്‌ അടുത്ത ദിവസം ദമ്പതികളെ തീരുമാനം അറിയിച്ചിട്ട്‌ ഞങ്ങൾ യാത്ര തുടർന്നു.

രബൗലിൽ എത്തിയ ഞങ്ങൾ സാക്ഷികളുടെ ഒരു ചെറിയ കൂട്ടത്തോടൊപ്പം കൂടി. മറ്റു രാജ്യങ്ങളിൽനിന്ന്‌ അവിടെ എത്തിയവരായിരുന്നു അവർ. പ്രദേശത്തുള്ളവർ രാജ്യസന്ദേശത്തിൽ വലിയ താത്‌പര്യം കാണിച്ചു. അങ്ങനെ ഞങ്ങൾ അനേകം ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. അതിനിടെ വാടകയ്‌ക്കെടുത്ത ഒരു ഹാളിൽ ക്രിസ്‌തീയ യോഗങ്ങൾ നടത്താൻ തുടങ്ങി. 150-ഓളം പേർ ഹാജരായി. അവരിൽ അനേകരും സത്യം സ്വീകരിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാൻ സഹായിക്കുകയും ചെയ്‌തു.​—⁠മത്തായി 24:14.

രബൗലിൽനിന്ന്‌ ഏകദേശം 50 കിലോമീറ്റർ അകലെയുള്ള വൂനബൽ എന്ന ഗ്രാമവും ഞങ്ങൾ സന്ദർശിക്കുകയുണ്ടായി. അവിടെ ഒരു കൂട്ടം ആളുകൾ ബൈബിൾ സത്യത്തോടു വലിയ താത്‌പര്യം കാണിച്ചു. അത്‌ സ്ഥലത്തെ ഒരു കത്തോലിക്കാ പ്രമാണിയുടെ ശ്രദ്ധയിൽപ്പെട്ടു. പള്ളിയിലെ തന്റെ ശിങ്കിടികളെയും കൂട്ടി അദ്ദേഹം ഞങ്ങളുടെ ബൈബിളധ്യയനം അലങ്കോലപ്പെടുത്തി ഞങ്ങളെ ഗ്രാമത്തിൽനിന്ന്‌ ആട്ടിപ്പായിച്ചു. പിറ്റേ ആഴ്‌ച പ്രശ്‌നം കൂടുതൽ രൂക്ഷമാകാൻ ഇടയുണ്ടെന്നു മനസ്സിലാക്കിയ ഞങ്ങൾ പോലീസിന്റെ സഹായം തേടി.

അന്ന്‌ പരിഹാസശരങ്ങളുമായി നിൽക്കുന്ന കത്തോലിക്കരെക്കൊണ്ട്‌ റോഡ്‌ നിറഞ്ഞിരുന്നു. ഞങ്ങളെ കല്ലെറിയാൻ ഒരുങ്ങിയാണു പലരും വന്നത്‌. അതിനിടെ ഒരു പുരോഹിതൻ ഗ്രാമത്തിനടുത്തായി നൂറുകണക്കിന്‌ ഗോത്രവർഗക്കാരെ വിളിച്ചുകൂട്ടി. എന്നാൽ ഞങ്ങൾക്ക്‌ യോഗം നടത്താനുള്ള അവകാശമുണ്ടെന്ന്‌ പോലീസ്‌ ഉറപ്പുതന്നു; അതുകൊണ്ട്‌ ജനക്കൂട്ടത്തിനിടയിലൂടെ ഞങ്ങൾക്ക്‌ പോകാൻ അവർ വഴിയൊരുക്കി. പക്ഷേ ഞങ്ങൾ യോഗം തുടങ്ങിയ ഉടനെ പുരോഹിതൻ ജനക്കൂട്ടത്തെ ഇളക്കി; അവർ അക്രമാസക്തരായി. അവരെ നിയന്ത്രിക്കാൻ കഴിയില്ലെന്നായപ്പോൾ മുഖ്യ പോലീസ്‌ ഉദ്യോഗസ്ഥൻ അവിടം വിടാൻ ഞങ്ങളോടു പറഞ്ഞു; അദ്ദേഹം ഞങ്ങളെ കാറിനടുത്തേക്കു കൊണ്ടുപോയി.

ജനക്കൂട്ടം ഞങ്ങളെ വളഞ്ഞു; മുഷ്ടിചുരുട്ടി വീശിക്കൊണ്ട്‌ അവർ ആക്രോശിക്കുകയും ഞങ്ങളുടെമേൽ തുപ്പുകയും ചെയ്യുന്നുണ്ടായിരുന്നു. പുരോഹിതനാണെങ്കിൽ ഒരു പുഞ്ചിരിയോടെ കൈയുംകെട്ടി നിൽക്കുകയായിരുന്നു. അത്ര സംഘർഷപൂരിതമായ ഒരവസ്ഥ അതിനുമുമ്പ്‌ കണ്ടിട്ടില്ലെന്ന്‌ ഞങ്ങൾ രക്ഷപ്പെട്ടതിനുശേഷം പോലീസ്‌ ഉദ്യോഗസ്ഥൻ ഞങ്ങളോടു പറഞ്ഞു. ജനക്കൂട്ടത്തിന്റെ അക്രമം വൂനബലിലെ മിക്കവരെയും ഭീതിയിലാഴ്‌ത്തിയെങ്കിലും ഒരു ബൈബിൾ വിദ്യാർഥി രാജ്യസത്യത്തിനുവേണ്ടി ധീരമായി ഉറച്ചുനിന്നു. അന്നുമുതൽ ന്യൂബ്രിട്ടനിലെ മറ്റ്‌ നൂറുകണക്കിനുപേർ സത്യം സ്വീകരിച്ചിരിക്കുന്നു.

ന്യൂഗിനിയിലേക്ക്‌

1960 നവംബറിൽ ഞങ്ങളെ മാഡാങ്ങിലേക്കു നിയമിച്ചു; ന്യൂഗിനിയുടെ വടക്കേ തീരത്തുള്ള ഒരു വലിയ പട്ടണമാണ്‌ അത്‌. ആവേശംകൊള്ളിക്കുന്ന എണ്ണമറ്റ തൊഴിലവസരങ്ങൾ അവിടെ ഞങ്ങളെ തേടിയെത്തി. ഒരു കമ്പനി അവരുടെ തുണിക്കടയുടെ മാനേജറായി ജോലിനോക്കാൻ എന്നെ ക്ഷണിച്ചു. മറ്റു ചിലർ വസ്‌ത്രങ്ങൾ ഓൾട്ടർ ചെയ്യാനുള്ള ജോലി വെച്ചുനീട്ടി. അവിടെ വന്നു താമസിക്കുന്ന ചില സ്‌ത്രീകൾ സ്വന്തമായൊരു തയ്യൽക്കടയിടാൻ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യുകപോലും ചെയ്‌തു. എന്നാൽ ലക്ഷ്യങ്ങളെക്കുറിച്ച്‌ നല്ല ബോധ്യമുണ്ടായിരുന്ന ഞങ്ങൾ ഓഫറുകളെല്ലാം വിനയപൂർവം നിരസിച്ചു.​—⁠2 തിമൊഥെയൊസ്‌ 2:⁠4.

മാഡാങ്ങിലെ പ്രവർത്തനം ഫലപ്രദമായിരുന്നു; പെട്ടെന്നുതന്നെ അവിടെ തഴച്ചുവളരുന്ന ഒരു സഭ രൂപംകൊണ്ടു. ദിവസങ്ങൾ നീണ്ട പ്രസംഗ പര്യടനങ്ങൾക്കുവേണ്ടി ഞങ്ങൾ നടന്നും ബൈക്കിലും ഒക്കെയായി വിദൂരസ്ഥങ്ങളായ ഗ്രാമങ്ങളിലേക്കു പോയി. യാത്രാമധ്യേ, ആൾത്താമസമില്ലാത്ത കുടിലുകളിൽ, കുറ്റിക്കാടുകളിൽനിന്ന്‌ വെട്ടിയെടുത്ത പുല്ലിനു മുകളിൽ ഞങ്ങൾ അന്തിയുറങ്ങി. ടിന്നിലടച്ച ഭക്ഷണവും ബിസ്‌കറ്റും ഒരു കൊതുകുവലയും മാത്രമാണ്‌ ഞങ്ങൾ കൂടെക്കരുതിയിരുന്നത്‌.

അത്തരം ഒരു പര്യടനത്തിനിടെ ഞങ്ങൾ മാഡാങ്ങിന്‌ 50 കിലോമീറ്റർ വടക്കുള്ള റ്റേലിഡിഗ്‌ എന്ന പട്ടണത്തിലെ താത്‌പര്യക്കാരായ ഒരു കൂട്ടം ആളുകളെ സന്ദർശിച്ചു. അവർ ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കെ, പൊതുസ്ഥലത്തുവെച്ച്‌ ബൈബിൾ പഠിക്കുന്നതിൽനിന്ന്‌ പ്രാദേശിക സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ അവരെ തടഞ്ഞു. പിന്നീട്‌ അദ്ദേഹം പോലീസിനെ പ്രകോപിപ്പിച്ച്‌ അവരുടെ വീടുകൾ നശിപ്പിക്കാനും അവരെ കാട്ടിലേക്ക്‌ ഓടിക്കാനും ശ്രമിച്ചു. എന്നാൽ അയൽക്കാരനായ ഒരു പ്രമാണി അദ്ദേഹത്തിന്റെ സ്ഥലത്തു താമസിക്കാൻ കൂട്ടത്തെ അനുവദിച്ചു. ഒടുവിൽ ദയാലുവായ ആ മനുഷ്യൻ ബൈബിൾ സത്യം സ്വീകരിച്ചു. ആ സ്ഥലത്ത്‌ ഇപ്പോൾ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു രാജ്യഹാളുണ്ട്‌.

പരിഭാഷയും സഞ്ചാരവേലയും

1956-ൽ ന്യൂബ്രിട്ടനിലെത്തി രണ്ടുവർഷത്തിനുശേഷം എനിക്കും ജോണിനും ബൈബിൾ പ്രസിദ്ധീകരണങ്ങൾ മലനേഷ്യൻ പിജിനിലേക്കു പരിഭാഷപ്പെടുത്താനുള്ള അവസരം ലഭിച്ചു. അതു വർഷങ്ങൾ നീണ്ടുനിന്നു. 1970-ൽ പാപ്പുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോർട്ട്‌ മോഴ്‌സ്‌ബിയിലുള്ള ബ്രാഞ്ച്‌ ഓഫീസിൽ പരിഭാഷാവിഭാഗത്തിൽ സേവിക്കുന്നതിനായി ഞങ്ങളെ അങ്ങോട്ടു ക്ഷണിച്ചു. അവിടെ ഞങ്ങൾ ഭാഷാക്ലാസ്സുകളിൽ അധ്യാപകരായും സേവിച്ചു.

1975-ൽ സഞ്ചാരവേലയ്‌ക്കായി ഞങ്ങൾ ന്യൂബ്രിട്ടനിലേക്കു തിരിച്ചുവന്നു. തുടർന്നുവന്ന 13 വർഷം വിമാനത്തിലും ബോട്ടിലും മോട്ടോർവാഹനങ്ങളിലും നടന്നും ഒക്കെയായി ഞങ്ങൾ രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും സഞ്ചരിച്ചു. പലപ്പോഴും, മരണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌. അത്തരമൊരു സംഭവത്തെക്കുറിച്ചാണ്‌ തുടക്കത്തിൽ പറഞ്ഞത്‌. ഉദരസംബന്ധമായ ഒരു രോഗത്തെത്തുടർന്ന്‌ ഞങ്ങളുടെ പൈലറ്റ്‌ കുഴഞ്ഞുവീഴുകയായിരുന്നു. ന്യൂബ്രിട്ടനിലെ കാൻഡ്രിയൻ വിമാനത്താവളത്തോട്‌ അടുക്കവേയാണ്‌ അതു സംഭവിച്ചത്‌. ഞങ്ങളുടെ വിമാനം നിയന്ത്രണമില്ലാതെ വനത്തിനു മുകളിൽ വട്ടം ചുറ്റി. നിസ്സഹായരായിരുന്നു ഞങ്ങൾ. അബോധാവസ്ഥയിലായിരുന്ന പൈലറ്റിനെ ഉണർത്താനുള്ള ശ്രമത്തിലായിരുന്നു ജോൺ. അവസാനം അദ്ദേഹത്തിനു ബോധം തിരിച്ചുകിട്ടി, കാഴ്‌ചയും. അങ്ങനെ ഒരുവിധം അദ്ദേഹം വിമാനം താഴെയിറക്കി. ഉടൻതന്നെ അദ്ദേഹത്തിനു വീണ്ടും ബോധം നഷ്ടപ്പെട്ടു.

പ്രവർത്തനത്തിലേക്കുള്ള മറ്റൊരു വാതിൽ

1988-ൽ ബ്രാഞ്ചിലെ പരിഭാഷാ വിഭാഗത്തിൽ സഹായിക്കുന്നതിനായി ഞങ്ങളെ പോർട്ട്‌ മോർസ്‌ബിയിലേക്കുതന്നെ വീണ്ടും നിയമിച്ചു. ഞങ്ങൾ ഏകദേശം 50 പേരുണ്ടായിരുന്നു; ഒരു കുടുംബംപോലെയാണ്‌ ബ്രാഞ്ചിൽ ഞങ്ങൾ കഴിഞ്ഞത്‌, പുതുതായി എത്തുന്ന പരിഭാഷകർക്ക്‌ ഞങ്ങൾ പരിശീലനം നൽകി. ഒറ്റമുറികളുള്ള അപ്പാർട്ടുമെന്റുകളിലായിരുന്നു ഞങ്ങൾക്കെല്ലാം താമസം ക്രമീകരിച്ചിരുന്നത്‌. ബെഥേലിലെ മറ്റുള്ളവർക്കും സന്ദർശകർക്കും കയറിവന്നു പരിചയപ്പെട്ടിട്ടു പോകുന്നതിനായി മുറിയുടെ വാതിൽ അൽപ്പം തുറന്നിടാൻ ഞാനും ജോണും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ കുടുംബത്തിലെ എല്ലാവരുമായും അടുത്തു; പരസ്‌പരം സ്‌നേഹിക്കാനും സഹായിക്കാനും ഇത്‌ അവസരമേകി.

അങ്ങനെയിരിക്കെ 1993-ൽ ഹൃദയാഘാതംമൂലം ജോൺ മരിച്ചു. എന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുപോലെയാണ്‌ എനിക്കു തോന്നിയത്‌. 38 വർഷംനീണ്ട ദാമ്പത്യജീവിതത്തിലുടനീളം ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട്‌ ഞങ്ങൾ എന്നും ഒരുമിച്ചായിരുന്നു. എങ്കിലും യഹോവയുടെ ശക്തിയാൽ, പിടിച്ചുനിൽക്കാൻതന്നെ ഞാൻ തീരുമാനിച്ചു. (2 കൊരിന്ത്യർ 4:7) എന്റെ അപ്പാർട്ടുമെന്റിന്റെ വാതിൽ തുറന്നുതന്നെ കിടന്നു; യുവപ്രായത്തിലുള്ളവർ തുടർന്നും എന്നെ സന്ദർശിച്ചു. ആ സന്ദർശനങ്ങളെല്ലാം ജീവിതത്തെ ശുഭാപ്‌തിവിശ്വാസത്തോടെ നോക്കിക്കാണാൻ എന്നെ സഹായിച്ചു.

ആരോഗ്യം മോശമായതിനെത്തുടർന്ന്‌ 2003-ൽ എന്നെ തിരിച്ച്‌ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബ്രാഞ്ച്‌ ഓഫീസിലേക്കു നിയമിച്ചു. ഇന്ന്‌ 77-ാം വയസ്സിലും ഞാൻ മുഴുസമയവും പരിഭാഷാ വിഭാഗത്തിൽ സേവിക്കുന്നു. പ്രസംഗവേലയിലും നന്നായി പങ്കുപറ്റുന്നുണ്ട്‌. എന്റെ സുഹൃത്തുക്കളെയും ആത്മീയ മക്കളെയും പേരക്കുട്ടികളെയും കാണുന്നത്‌ എനിക്ക്‌ എത്ര സന്തോഷമാണെന്നോ!

ബെഥേലിലെ എന്റെ മുറിയുടെ വാതിൽ ഇന്നും തുറന്നുതന്നെ കിടക്കുന്നു. മിക്ക ദിവസങ്ങളിലും എനിക്കു സന്ദർശകരുണ്ട്‌. ശരിക്കും പറഞ്ഞാൽ, വാതിൽ അടഞ്ഞുകിടക്കുന്നതു കണ്ടാൽ എന്തു സംഭവിച്ചെന്ന്‌ അറിയാനായി ആളുകൾ മിക്കവാറും മുട്ടിവിളിക്കും. എനിക്കു ജീവനുള്ളിടത്തോളംകാലം ശുശ്രൂഷയിൽ പങ്കെടുക്കുന്നതിലും എന്റെ ദൈവമായ യഹോവയെ സേവിക്കുന്നതിലുമുള്ള നിശ്ചയദാർഢ്യത്തിൽ ഞാൻ ഉറച്ചുതന്നെ നിൽക്കും.​—⁠2 തിമൊഥെയൊസ്‌ 4:5

[അടിക്കുറിപ്പുകൾ]

^ ഖ. 10 ആ സമയത്ത്‌ ദ്വീപിന്റെ കിഴക്കുഭാഗം രണ്ടായി പിരിഞ്ഞു. തെക്ക്‌ പാപ്പുവ; വടക്ക്‌ ന്യൂഗിനി. ഇന്നിപ്പോൾ ഈ ദ്വീപിന്റെ പടിഞ്ഞാറുഭാഗം പാപ്പുവ എന്ന്‌ അറിയപ്പെടുന്നു; ഇൻഡോനേഷ്യയുടെ ഭാഗമാണത്‌. കിഴക്കുഭാഗം പാപ്പുവ ന്യൂഗിനി എന്നും.

^ ഖ. 19 ജോൺ കറ്റ്‌ഫോർത്തിന്റെ ജീവിതകഥ വായിക്കുന്നതിനായി 1958 ജൂൺ 1 ലക്കം ഇംഗ്ലീഷ്‌ വീക്ഷാഗോപുരത്തിന്റെ 333-6 പേജുകൾ കാണുക.

[18-ാം പേജിലെ ഭൂപടങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ന്യൂഗിനി

ഓസ്‌ട്രേലിയ

സിഡ്‌നി

ഇൻഡോനേഷ്യ

പാപ്പുവ ന്യൂഗിനി

റ്റേലിഡിഗ്‌

മാഡാങ്‌

പോർട്ട്‌ മോർസ്‌ബി

ന്യൂബ്രിട്ടൻ

രബൗൽ

വൂനബൽ

വൈഡ്‌ ബേ

വാട്ടർഫോൾ ബേ

[കടപ്പാട്‌]

ഭൂപടവും ഭൂഗോളവും: Based on NASA/Visible Earth imagery

[17-ാം പേജിലെ ചിത്രം]

ന്യൂഗിനിയിലുള്ള ലേയേയിലെ ഒരു കൺവെൻഷനിൽ ജോണിനോടൊപ്പം, 1973

[20-ാം പേജിലെ ചിത്രം]

പാപ്പുവ ന്യൂഗിനിയിലെ ബ്രാഞ്ചിൽ, 2002