വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈടുറ്റ സദാചാരത്തിൽ അടിയുറച്ച്‌

ഈടുറ്റ സദാചാരത്തിൽ അടിയുറച്ച്‌

ഈടുറ്റ സദാചാരത്തിൽ അടിയുറച്ച്‌

സകല മനുഷ്യസമൂഹങ്ങൾക്കും ഏതെങ്കിലും തരത്തിലുള്ള ഒരു സദാചാരസംഹിതയുണ്ട്‌. സത്യസന്ധത, അനുകമ്പ, നിസ്സ്വാർഥത എന്നിങ്ങനെയുള്ള ഗുണങ്ങൾ ലോകമെമ്പാടും വിലമതിക്കപ്പെടുന്നുവെന്നു മാത്രമല്ല ബഹുഭൂരിപക്ഷവും അവ ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്നത്‌ ശരിയല്ലേ?

ആരുടെ മൂല്യങ്ങളാണവ?

പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ, സദാചാരസംഹിതകൾ ഉള്ളതും പ്രബലവുമായ മൂന്നു സംസ്‌കാരങ്ങളുടെ​—⁠യഹൂദ, ഗ്രീക്ക്‌, റോമൻ​—⁠മധ്യേയാണ്‌ അഭ്യസ്‌തവിദ്യനായ ശൗൽ എന്നൊരാൾ ജീവിച്ചിരുന്നത്‌. ഈ സംസ്‌കാരങ്ങൾ അടിച്ചേൽപ്പിച്ചിരുന്ന സങ്കീർണമായ ആചാരങ്ങൾക്കും നിയമങ്ങൾക്കും പുറമേ, പൊതുവെ മനുഷ്യരെ നയിക്കുന്നത്‌ അവരുടെ സഹജമായ ഒരു ധാർമിക ബോധമാണെന്ന വസ്‌തുത ശൗൽ തിരിച്ചറിഞ്ഞിരുന്നു. നമ്മുടെ മനസ്സാക്ഷിയാണ്‌ അത്‌. ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസ്‌ ആയിത്തീർന്നശേഷം ശൗൽ ഇങ്ങനെ എഴുതി: “ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ [“സഹജവാസനയാൽ,” ആധുനിക ഭാഷയിൽ പുതിയനിയമം] ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്‌തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.”​—⁠റോമർ 2:14, 15.

എന്നാൽ, ശരിയും തെറ്റും തീരുമാനിക്കേണ്ടിവരുമ്പോൾ ‘സ്വഭാവത്താൽ,’ അതായത്‌ സഹജവാസനയാൽ മാത്രം നാം നയിക്കപ്പെട്ടാൽ മതിയോ? വ്യക്തികളുടെയും സമൂഹങ്ങളുടെയും പരാജയങ്ങൾ ചരിത്രത്തിൽ ഉടനീളമുണ്ട്‌ എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഇത്‌, ഉത്തമമായ ധാർമിക മൂല്യങ്ങൾ കൈക്കൊള്ളാൻ നമുക്ക്‌ ഉയർന്ന ഒരു ഉറവിൽനിന്നുള്ള മാർഗനിർദേശം കൂടിയേതീരൂ എന്ന വസ്‌തുത അനേകരെ ബോധ്യപ്പെടുത്തിയിരിക്കുന്നു. കാലാതീതമായ അത്തരം നിലവാരങ്ങൾ നൽകാൻ പറ്റിയ സ്ഥാനത്തായിരിക്കുന്നത്‌ മനുഷ്യന്റെ സ്രഷ്ടാവാണ്‌ എന്നത്‌ മിക്കവരുംതന്നെ അംഗീകരിക്കും. ദി അൺഡിസ്‌കവേർഡ്‌ സെൽഫ്‌ എന്ന തന്റെ പുസ്‌തകത്തിൽ ഡോ. കാൾ ജങ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ദൈവത്തിൽ ശക്തമായ ആശ്രയമില്ലാത്ത ഒരു വ്യക്തിക്ക്‌ ലോകത്തിലെ ഭൗതികവും ധാർമികവുമായ പ്രലോഭനങ്ങളെ സ്വന്തനിലയിൽ ചെറുത്തുനിൽക്കാനാവില്ല.”

ആ നിഗമനം, പുരാതന കാലത്തെ ഒരു പ്രവാചകന്റെ വാക്കുകളോടു ചേർച്ചയിലാണ്‌: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) നമ്മുടെ സ്രഷ്ടാവ്‌ പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.”​—⁠യെശയ്യാവു 48:17.

വിശ്വാസയോഗ്യമായ ധാർമിക മൂല്യങ്ങളുടെ ഉറവിടം

മേലുദ്ധരിച്ച വാക്കുകൾ, ധാർമിക മൂല്യങ്ങളുടെ ഉറവായ, ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന, വിശുദ്ധ തിരുവെഴുത്തുകളിൽ കാണാം. ഉൾക്കാഴ്‌ചയ്‌ക്കും ജ്ഞാനത്തിനുമായി അക്രൈസ്‌തവരും മതഭക്തരല്ലാത്തവരും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾ തിരുവെഴുത്തുകളിലേക്കു തിരിഞ്ഞിട്ടുണ്ട്‌. ജർമൻ കവിയായ യോഹാൻ വൂൾഫ്‌ഗാങ്‌ വോൺ ഗോഥേ എഴുതി: “ഞാൻ [ബൈബിളിനെ] സ്‌നേഹിക്കുന്നു, ആദരിക്കുന്നു. എന്തെന്നാൽ എന്റെ സദാചാരബോധത്തെ രൂപപ്പെടുത്തിയത്‌ ബൈബിളാണെന്നുതന്നെ പറയാം.” ഹൈന്ദവ നേതാവായ മോഹൻദാസ്‌ ഗാന്ധി ഇപ്രകാരം പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: “തീർച്ചയായും ഗിരിപ്രഭാഷണത്തിൽ [യേശുവിന്റെ ഉപദേശങ്ങളുടെ ഭാഗമായി ബൈബിളിലുള്ളത്‌] നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന ഉറവകളിൽനിന്ന്‌ ആഴമായി കുടിക്കുക. . . . എന്തെന്നാൽ പ്രഭാഷണത്തിലെ ഉപദേശം നമ്മിൽ ഓരോരുത്തരെയും ഉദ്ദേശിച്ചുള്ളതാണ്‌.”

ഈടുറ്റ ധാർമിക മൂല്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ ബൈബിളിനുള്ള സുപ്രധാന പങ്കിന്‌ അടിവരയിട്ടുകൊണ്ട്‌ മുമ്പ്‌ പ്രസ്‌താവിച്ച അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: ‘വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിന്‌ ഉപകരിക്കുന്നു.’ (2 തിമൊഥെയൊസ്‌ 3:16, പി.ഒ.സി. ബൈബിൾ) അതു ശരിയാണോ?

നിങ്ങൾക്കുതന്നെ അത്‌ ഉറപ്പുവരുത്തരുതോ? അടുത്ത പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന തത്ത്വങ്ങൾ പരിശോധിച്ച്‌ അവ ഉന്നമിപ്പിക്കുന്ന പ്രയോജനകരമായ മൂല്യങ്ങൾ ശ്രദ്ധിക്കുക. ഈ പഠിപ്പിക്കലുകളിൽ അടങ്ങിയിരിക്കുന്ന ആശയങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെയും മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നത്‌ എങ്ങനെ എന്നതിനെക്കുറിച്ചു ചിന്തിക്കുക.

നിങ്ങൾ പ്രയോജനം നേടുമോ?

ഇവിടെ കൊടുത്തിരിക്കുന്ന തത്ത്വങ്ങൾ വിശുദ്ധ തിരുവെഴുത്തുകളിലുള്ള പ്രായോഗിക ബുദ്ധിയുപദേശത്തിന്‌ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്‌. ഇതിനുപുറമേ, നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാനാകുന്ന ഹാനികരമായ ചിന്ത, വാക്കുകൾ, പ്രവൃത്തികൾ എന്നിവയ്‌ക്കെതിരെയുള്ള നിരവധി മുന്നറിയിപ്പുകളും ദൈവവചനത്തിൽ അടങ്ങിയിട്ടുണ്ട്‌.​—⁠സദൃശവാക്യങ്ങൾ 6:16-19.

മനുഷ്യസമുദായത്തിന്‌ പൊതുവിൽ വളരെയേറെ ആവശ്യമുള്ള ഒരു സംഗതിക്ക്‌, അതായത്‌ സാധ്യമായതിൽവെച്ച്‌ ഏറ്റവും നല്ല ധാർമിക നിലവാരങ്ങൾക്ക്‌ രൂപംനൽകാൻ സഹായകമായ ബുദ്ധിയുപദേശം, ബൈബിളുപദേശങ്ങളിൽനിന്നു ലഭിക്കുമെന്നു വ്യക്തമാണ്‌. ഈ ഉപദേശങ്ങൾ അംഗീകരിച്ച്‌ പ്രാവർത്തികമാക്കുന്നവരിൽ അത്‌ ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിക്കും. അവരുടെ ചിന്താരീതി മെച്ചപ്പെടും. (എഫെസ്യർ 4:23, 24) ആന്തരങ്ങൾ നന്നാകും. ബൈബിൾ പറയുന്നപ്രകാരമുള്ള ദൈവിക മൂല്യങ്ങൾ പഠിച്ചതിനാൽ, വർഗീയതയും മുൻവിധിയും വിദ്വേഷവും മനസ്സിൽനിന്ന്‌ വേരോടെ പിഴുതെറിയാൻ അനേകമാളുകൾക്ക്‌ സാധിച്ചിരിക്കുന്നു. (എബ്രായർ 4:12) സകലവിധ അക്രമവും ദുഷ്ടതയും വിട്ടൊഴിഞ്ഞ്‌ മെച്ചപ്പെട്ടവരായിത്തീരാൻ തിരുവെഴുത്തുകളും അവ ഉന്നമിപ്പിക്കുന്ന ധാർമിക മൂല്യങ്ങളും അനേകരെ പ്രേരിപ്പിച്ചിട്ടുണ്ട്‌.

അതേ, അനേകരുടെ ജീവിതം താറുമാറാക്കിയ, ആഴത്തിൽ വേരോടിയിരിക്കുന്ന ശീലങ്ങളെയും പ്രവർത്തനരീതികളെയും മറികടക്കാൻ ബൈബിളിന്റെ ധാർമിക മൂല്യങ്ങൾ ദശലക്ഷങ്ങളെയാണ്‌ സഹായിച്ചിരിക്കുന്നത്‌. (1 കൊരിന്ത്യർ 6:9-11) ബൈബിൾ പഠിപ്പിക്കലുകൾ അത്തരക്കാർക്ക്‌ പരിവർത്തനം വരുത്തിക്കൊണ്ടിരിക്കുകയാണ്‌​—⁠അവരുടെ ശീലങ്ങൾക്കു മാത്രമല്ല, ഹൃദയത്തിനും പ്രത്യാശയ്‌ക്കും കുടുംബങ്ങൾക്കും. ലോകം അധഃപതനത്തിലേക്കു കൂപ്പുകുത്തുകയാണെങ്കിലും, ലോകമെമ്പാടുമുള്ള ആളുകൾ മാറ്റംവരുത്തി നല്ലവരായിത്തീർന്നുകൊണ്ടിരിക്കുകയാണ്‌. അത്‌ അങ്ങനെതന്നെ തുടരും. “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്‌ക്കും.”​—⁠യെശയ്യാവു 40:8.

“നമ്മുടെ ദൈവത്തിന്റെ വചന”ത്തിൽനിന്ന്‌ നിങ്ങൾ വ്യക്തിപരമായി പ്രയോജനം നേടുമോ? ബൈബിളിന്റെ ധാർമിക മൂല്യങ്ങൾ പ്രാവർത്തികമാക്കി എങ്ങനെ പ്രയോജനം നേടാമെന്നു കാണിച്ചുതരാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌. അത്തരം മൂല്യങ്ങൾക്കൊത്തുള്ള ജീവിതം ഇപ്പോൾത്തന്നെ ദൈവാംഗീകാരം നേടിത്തരും. മാത്രമല്ല, കാലാതീതമായ ദിവ്യതത്ത്വങ്ങളാൽ ഭരിക്കപ്പെടുന്ന ശാശ്വതമായ ഒരു ജീവിതത്തിലേക്കു നയിക്കുകയും ചെയ്യും.

[6, 7 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

കാലാതീത തത്ത്വങ്ങൾ

സുവർണ നിയമം. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.”​—⁠മത്തായി 7:12.

അയൽക്കാരനെ സ്‌നേഹിക്കുക. “നിന്നെപ്പോലെ നിന്റെ അയല്‌ക്കാരനെയും സ്‌നേഹിക്കുക.” (മത്തായി 22:​39, പി.ഒ.സി.) “സ്‌നേഹം അയല്‌ക്കാരന്‌ ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂർത്തീകരണം സ്‌നേഹമാണ്‌.”​—⁠റോമർ 13:​10, പി.ഒ.സി.

മറ്റുള്ളവരെ ബഹുമാനിക്കുക. “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.”​—⁠റോമർ 12:10.

സമാധാനത്തിലായിരിക്കുക. ‘സമാധാനമുള്ളവർ ആയിരിപ്പിൻ.’ (മർക്കൊസ്‌ 9:50) “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.” (റോമർ 12:18) “നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.”​—⁠റോമർ 14:19.

ക്ഷമിക്കുന്നവർ ആയിരിക്കുക. “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ.” (മത്തായി 6:12) “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി . . . അന്യോന്യം ക്ഷമിപ്പിൻ.”​—⁠എഫെസ്യർ 4:32.

വിശ്വസ്‌തരായിരിക്കുക. “നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്ററിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക. നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ? അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവൂ. നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്‌തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്‌പോഴും മത്തനായിരിക്ക. മകനേ, നീ പരസ്‌ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്‌ത്രീയുടെ മാറിടം തഴുകുന്നതും എന്ത്‌?” (സദൃശവാക്യങ്ങൾ 5:15-20) “അത്യല്‌പത്തിൽ വിശ്വസ്‌തനായവൻ അധികത്തിലും വിശ്വസ്‌തൻ; അത്യല്‌പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.” (ലൂക്കൊസ്‌ 16:10) “ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്‌തരായിരിക്കേണം എന്നത്രേ.”​—⁠1 കൊരിന്ത്യർ 4:⁠2.

സത്യസന്ധരായിരിക്കുക. “കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ?” (മീഖാ 6:11) “സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.”​—⁠എബ്രായർ 13:18.

സത്യവും നീതിയും ഉള്ളവരായിരിക്കുക. “നിങ്ങൾ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ.” (ആമോസ്‌ 5:15) “ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്‌വിൻ.” (സെഖര്യാവു 8:16) “ആകയാൽ ഭോഷ്‌കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.”​—⁠എഫെസ്യർ 4:25.

കഠിനാധ്വാനികളും ഉത്സാഹികളും ആയിരിക്കുക. “പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്‌ക്കും.” (സദൃശവാക്യങ്ങൾ 22:29) “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.” (റോമർ 12:11) “നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ.”​—⁠കൊലൊസ്സ്യർ 3:23.

താഴ്‌മയും മനസ്സലിവും ദയയും ഉള്ളവരായിരിക്കുക. “ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരി”ക്കുക.​—⁠കൊലൊസ്സ്യർ 3:12.

തിന്മയെ നന്മകൊണ്ട്‌ ജയിക്കുക. “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.” (മത്തായി 5:44) “തിന്മയോടു തോല്‌ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.”​—⁠റോമർ 12:21.

ഉത്തമമായത്‌ ദൈവത്തിനു നൽകുക. “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്‌പന.”​—⁠മത്തായി 22:37, 38.

[ചിത്രങ്ങൾ]

ബൈബിളിന്റെ മൂല്യങ്ങൾക്കൊത്തുള്ള ജീവിതം വിജയപ്രദമായ ദാമ്പത്യവും സന്തുഷ്ടമായ കുടുംബബന്ധങ്ങളും സംതൃപ്‌തികരമായ സുഹൃദ്‌ബന്ധങ്ങളും നേടിത്തരും