വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏൺസ്റ്റ്‌ ഗ്ലൂക്കിന്റെ ദുഷ്‌കര ദൗത്യം

ഏൺസ്റ്റ്‌ ഗ്ലൂക്കിന്റെ ദുഷ്‌കര ദൗത്യം

ഏൺസ്റ്റ്‌ ഗ്ലൂക്കിന്റെ ദുഷ്‌കര ദൗത്യം

മുന്നൂറിലധികം വർഷങ്ങൾക്കുമുമ്പ്‌ ഏൺസ്റ്റ്‌ ഗ്ലൂക്ക്‌ ദുഷ്‌കരമായ ഒരു ദൗത്യം ഏറ്റെടുത്തു. മാനവ ചരിത്രത്തിൽ അധികമാരും ഏറ്റെടുക്കാൻ ധൈര്യപ്പെടാതിരുന്ന ഒന്ന്‌. അറിയാത്ത ഒരു ഭാഷയിലേക്ക്‌ ബൈബിൾ പരിഭാഷപ്പെടുത്തുക, അതായിരുന്നു ആ ദൗത്യം.

ജർമനിയിലെ ഹാലെയ്‌ക്കടുത്ത്‌ വെറ്റീൻ എന്ന ചെറിയൊരു പട്ടണത്തിൽ ഏകദേശം 1654-ൽ ആയിരുന്നു ഗ്ലൂക്കിന്റെ ജനനം. ലൂഥറൻ സഭയിലെ പാസ്റ്ററായിരുന്നു ഡാഡി. വീട്ടിൽ നിറഞ്ഞുനിന്ന മതപരമായ അന്തരീക്ഷം കൊച്ചുഗ്ലൂക്കിന്റെ മനസ്സിൽ ആധ്യാത്മികതയോടുള്ള താത്‌പര്യം നാമ്പെടുക്കാൻ ഇടയാക്കി. 21-ാം വയസ്സിൽ ജർമനിയിൽ ദൈവശാസ്‌ത്രപഠനം പൂർത്തിയാക്കിയ ഗ്ലൂക്ക്‌ ഇന്നത്തെ ലറ്റ്‌വിയയിലേക്കു മാറി. അക്കാലത്ത്‌ സ്‌കൂൾ വിദ്യാഭ്യാസമില്ലാത്തവരായിരുന്നു അവിടത്തെ പലരും. അവരുടെ ഭാഷയിൽ അധികം പുസ്‌തകങ്ങളും ഇല്ലായിരുന്നു. ഗ്ലൂക്ക്‌ ഇപ്രകാരം എഴുതുകയുണ്ടായി: “ചെറുപ്പത്തിൽ ഈ നാട്ടിൽ വന്നപ്പോൾ ആദ്യം എന്റെ ശ്രദ്ധയിൽപ്പെട്ട കാര്യം, ലറ്റ്‌വിയയിലെ പള്ളികളിൽ ബൈബിൾ ഇല്ല എന്നതാണ്‌. . . . ഈ ഭാഷ പഠിച്ച്‌ അതിൽ വൈദഗ്‌ധ്യം നേടുമെന്ന്‌ ദൈവമുമ്പാകെ ശപഥം ചെയ്യാൻ എനിക്ക്‌ പ്രചോദനമേകിയത്‌ അതാണ്‌.” ലറ്റ്‌വിയക്കാർക്കായി അവരുടെ മാതൃഭാഷയിൽ ഒരു ബൈബിൾ പുറത്തിറക്കുമെന്ന്‌ അദ്ദേഹം മനസ്സിലുറപ്പിച്ചു.

പരിഭാഷയുടെ പണിയൊരുക്കങ്ങൾ

ഗ്ലൂക്ക്‌ താമസിച്ചിരുന്ന പ്രദേശം, ലിവോന്യ എന്ന പേരിലാണ്‌ അന്ന്‌ അറിയപ്പെട്ടിരുന്നത്‌. സ്വീഡന്റെ ഭരണത്തിനു കീഴിലായിരുന്നു അത്‌. സ്വീഡിഷ്‌ രാജാവിന്റെ സ്ഥലത്തെ പ്രതിനിധിയായിരുന്നു യോഹാനസ്‌ ഫിഷർ. രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും പണമുണ്ടാക്കുന്നതിലും തത്‌പരനായിരുന്നു ഫിഷർ. ബൈബിൾ ലറ്റ്‌വിയനിലേക്കു പരിഭാഷപ്പെടുത്തുന്നതിനെക്കുറിച്ച്‌ ഗ്ലൂക്ക്‌, ഫിഷറുമായി സംസാരിച്ചു. തലസ്ഥാനനഗരിയായ റീഗയിൽ സ്വന്തമായൊരു അച്ചടിശാലയുണ്ടായിരുന്നു ഫിഷറിന്‌. ലറ്റ്‌വിയൻ ബൈബിൾ അച്ചടിക്കുകവഴി അദ്ദേഹത്തിന്‌ വിദ്യാഭ്യാസ മേഖലയിലെ തന്റെ പ്രവർത്തനം ത്വരിതപ്പെടുത്താനും അതോടൊപ്പം നല്ല ലാഭം ഉണ്ടാക്കാനും കഴിയുമായിരുന്നു. പരിഭാഷയ്‌ക്ക്‌ ഔദ്യോഗിക അംഗീകാരം നൽകാൻ ഫിഷർ, സ്വീഡനിലെ ചാൾസ്‌ 11-ാമൻ രാജാവിനോട്‌ അഭ്യർഥിച്ചു. രാജാവ്‌ അനുമതി നൽകിയെന്നു മാത്രമല്ല സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. 1681 ആഗസ്റ്റ്‌ 31-ന്‌ രാജാവ്‌ ഒപ്പിട്ട ഒരു പ്രമേയം പരിഭാഷ തുടങ്ങുന്നതിന്‌ അനുവാദം നൽകി.

ആ സമയത്ത്‌ പരിഭാഷയ്‌ക്കാവശ്യമായ തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ഗ്ലൂക്ക്‌. ജർമൻ പശ്ചാത്തലമുള്ള വ്യക്തിയെന്ന നിലയിൽ ലറ്റ്‌വിയൻ ബൈബിളിനുള്ള ആധാരമെന്ന നിലയിൽ മാർട്ടിൻ ലൂഥറിന്റെ പരിഭാഷ ഉപയോഗിക്കാൻ കഴിയുമായിരുന്നു അദ്ദേഹത്തിന്‌. എന്നാൽ ഉത്തമമായ ഒരു ഭാഷാന്തരം പുറത്തിറക്കുക എന്നതായിരുന്നു ഗ്ലൂക്കിന്റെ ആഗ്രഹം. അതു യാഥാർഥ്യമാകണമെങ്കിൽ മൂലഗ്രീക്കിൽനിന്നും എബ്രായയിൽനിന്നും പരിഭാഷ ചെയ്യണമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയെക്കുറിച്ചുള്ള ഗ്ലൂക്കിന്റെ അറിവ്‌ വളരെ പരിമിതമായിരുന്നു; അതുകൊണ്ട്‌ എബ്രായയും ഗ്രീക്കും പഠിക്കുന്നതിനായി അദ്ദേഹം ജർമനിയിലെ ഹാംബർഗിലേക്കു പോയി. അവിടെവെച്ച്‌ ലിവോന്യയിലെ ഒരു പുരോഹിതനായ യാനിസ്‌ റേറ്റെഴ്‌സ്‌ ലറ്റ്‌വിയൻ ഭാഷയും ബൈബിൾ-ഗ്രീക്കും പഠിക്കാൻ സഹായിച്ചിരിക്കാൻ സാധ്യതയുള്ളതായി കാണുന്നു.

വർഷങ്ങൾനീണ്ട അധ്വാനത്തിനും കാത്തിരിപ്പിനും ഒടുവിൽ

1680-ൽ ഭാഷാപരിശീലനം പൂർത്തിയാക്കി ലറ്റ്‌വിയയിൽ തിരിച്ചെത്തിയ ഗ്ലൂക്ക്‌ ഒരു പാസ്റ്ററായി സേവിക്കാൻ തുടങ്ങി. പെട്ടെന്നുതന്നെ പരിഭാഷ ആരംഭിക്കുകയും ചെയ്‌തു. 1683-ൽ ഗ്ലൂക്കിന്‌ അലൂക്‌സ്‌ന ഇടവകയുടെ പാസ്റ്ററായി നിയമനം ലഭിച്ചു. പിന്നീടത്‌ അദ്ദേഹത്തിന്റെ പരിഭാഷയ്‌ക്കു വേദിയൊരുക്കിയ സ്ഥലമായി അറിയപ്പെടാൻ തുടങ്ങി.

അക്കാലത്ത്‌ പല ബൈബിൾ-പദങ്ങൾക്കും ആശയങ്ങൾക്കും ലറ്റ്‌വിയൻ ഭാഷയിൽ വാക്കില്ലായിരുന്നു. അതുകൊണ്ട്‌ പരിഭാഷയിൽ ഗ്ലൂക്ക്‌ ചില ജർമൻപദങ്ങൾ ഉപയോഗിച്ചു. പക്ഷേ ദൈവവചനം ലറ്റ്‌വിയനിലേക്കു വിവർത്തനം ചെയ്യാനായി തന്റെ കഴിവിന്റെ പരമാവധി യത്‌നിച്ചു ഗ്ലൂക്ക്‌. അദ്ദേഹത്തിന്റെ പരിഭാഷ ഉന്നതനിലവാരം പുലർത്തുന്നതാണെന്ന്‌ വിദഗ്‌ധർ സമ്മതിക്കുന്നുണ്ട്‌. ഗ്ലൂക്ക്‌ പുതിയ വാക്കുകൾ സൃഷ്ടിക്കുകപോലും ചെയ്‌തു. അദ്ദേഹം സംഭാവനചെയ്‌ത പല വാക്കുകളും ഇന്ന്‌ ലറ്റ്‌വിയനിൽ ഉപയോഗത്തിലുണ്ട്‌. “ഉദാഹരണം,” “സദ്യ,” “രാക്ഷസൻ,” “ഒറ്റുനോക്കുക,” “സാക്ഷ്യപ്പെടുത്തുക” എന്നിവയ്‌ക്കുള്ള ലറ്റ്‌വിയൻ പദങ്ങളാണ്‌ അവയിൽ ചിലത്‌.

പരിഭാഷയുടെ പുരോഗതിയെക്കുറിച്ച്‌ യോഹാനസ്‌ ഫിഷർ സ്വീഡിഷ്‌ രാജാവിനെ അറിയിച്ചുകൊണ്ടിരുന്നു. 1683-ഓടെ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ പൂർത്തിയായെന്നാണ്‌ അവരുടെ കത്തിടപാടുകൾ സൂചിപ്പിക്കുന്നത്‌. 1689 ആയപ്പോഴേക്കും മുഴുബൈബിളും പരിഭാഷപ്പെടുത്തിക്കഴിഞ്ഞിരുന്നു. അങ്ങനെ വെറും എട്ടുവർഷംകൊണ്ട്‌ ഗ്ലൂക്ക്‌ ദുഷ്‌കരമായ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി. * ബൈബിൾ പുറത്തിറങ്ങാൻ പിന്നെയും സമയമെടുത്തു, അവസാനം 1694-ൽ അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്‌കരിച്ചുകൊണ്ട്‌ ലറ്റ്‌വിയൻ ബൈബിളിന്റെ പൊതുവിതരണത്തിന്‌ ഗവൺമെന്റ്‌ അനുമതി നൽകി.

ചില ചരിത്രകാരന്മാർ ഗ്ലൂക്കിന്റെ ബൈബിൾ അദ്ദേഹത്തിന്റെ സ്വന്തം കൃതിയാണോയെന്ന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹം ലൂഥറിന്റെ ഭാഷാന്തരം പരിശോധിക്കുകയും ലറ്റ്‌വിയൻ ഭാഷയിൽ അതിനോടകം ഉണ്ടായിരുന്ന ബൈബിളിൽനിന്നുള്ള ചില ഭാഗങ്ങൾ ആവശ്യമായ മാറ്റങ്ങൾ വരുത്തി തന്റെ ഭാഷാന്തരത്തിൽ ഉപയോഗിക്കുകയും ചെയ്‌തുവെന്നതിൽ സംശയമില്ല. പക്ഷേ ഇത്‌ അദ്ദേഹത്തിന്റെ പരിഭാഷയുടെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ. മറ്റു വിവർത്തകർ ഈ സംരംഭത്തിൽ ഉൾപ്പെട്ടിരുന്നോ? പരിഭാഷയിൽ ഗ്ലൂക്കിന്‌ സഹായിയായി ഒരു വ്യക്തിയുണ്ടായിരുന്നു. ചിലർ പ്രൂഫ്‌ വായന നടത്തുകയും വിവർത്തനത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്‌തു. എന്നാൽ ഇവരാരും വിവർത്തനത്തിൽ ഉൾപ്പെട്ടില്ല എന്നാണു കാണാനാകുന്നത്‌. അതുകൊണ്ട്‌ ഒരേയൊരു പരിഭാഷകൻ അദ്ദേഹമായിരിക്കാനാണു സാധ്യത.

ലറ്റ്‌വിയൻ എഴുത്തുഭാഷയുടെ വളർച്ചയിലെ ഒരു നാഴികക്കല്ലായിരുന്നു ഗ്ലൂക്കിന്റെ ഭാഷാന്തരം. എന്നാൽ അതിനെക്കാൾ ശ്രദ്ധേയമായ മറ്റൊന്നുണ്ട്‌. ലറ്റ്‌വിയൻ ജനതതിക്ക്‌ ദൈവവചനം തങ്ങളുടെ മാതൃഭാഷയിൽ വായിച്ച്‌ അതിലെ ജീവദായകമായ ഉപദേശങ്ങൾ കൈക്കൊള്ളാൻ കഴിഞ്ഞു എന്നതായിരുന്നു അത്‌. ഏൺസ്റ്റ്‌ ഗ്ലൂക്ക്‌ തങ്ങൾക്കായി ചെയ്‌തത്‌ അവർ മറന്നുകളഞ്ഞിട്ടില്ല. കഴിഞ്ഞ 300-ലധികം വർഷങ്ങളായി അലൂക്‌സ്‌നയിലെ ആളുകൾ ഗ്ലികാ ഓസോലി (ഗ്ലൂക്കിന്റെ ഓക്കുമരങ്ങൾ എന്നർഥം) എന്നറിയപ്പെടുന്ന രണ്ട്‌ ഓക്കുമരങ്ങൾ സംരക്ഷിച്ചുവരുന്നു. ലറ്റ്‌വിയൻ ബൈബിളിന്റെ അനുസ്‌മരണാർഥം ഗ്ലൂക്ക്‌ നട്ടതാണ്‌ അവ. അലൂക്‌സ്‌നയിലെ ഒരു ചെറിയ മ്യൂസിയത്തിൽ വ്യത്യസ്‌ത ബൈബിൾ ഭാഷാന്തരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്‌. ഗ്ലൂക്കിന്റെ ഭാഷാന്തരത്തിന്റെ ആദ്യമുദ്രണത്തിൽനിന്നുള്ള ഒരു കോപ്പിയും അക്കൂട്ടത്തിലുണ്ട്‌. അലൂക്‌സ്‌നയുടെ ചിഹ്നത്തിൽ ഗ്ലൂക്കിന്റെ ബൈബിളും 1689 എന്ന വർഷവും കാണിച്ചിട്ടുണ്ട്‌; ഗ്ലൂക്ക്‌ പരിഭാഷ പൂർത്തിയാക്കിയത്‌ ആ വർഷമാണ്‌.

പിൽക്കാല കൃതി

ലറ്റ്‌വിയയിലെത്തിയ ഉടൻ ഗ്ലൂക്ക്‌ റഷ്യൻഭാഷ പഠിക്കാൻ തുടങ്ങി. താൻ മറ്റൊരു സ്വപ്‌നസാക്ഷാത്‌കാരത്തിന്റെ പണിപ്പുരയിലാണെന്ന്‌ 1699-ൽ അദ്ദേഹം എഴുതി. ബൈബിൾ റഷ്യനിലേക്കു പരിഭാഷപ്പെടുത്തുക​—⁠അതായിരുന്നു പുതിയ ഉദ്യമം. 1702-ൽ എഴുതിയ ഒരു കത്തിൽ താൻ ലറ്റ്‌വിയൻ ബൈബിൾ പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ബൈബിൾ വിവർത്തനത്തിനു പറ്റിയ സാഹചര്യങ്ങൾ അപ്രത്യക്ഷമാകുകയായിരുന്നു. വർഷങ്ങളിലെ സമാധാനത്തിനുശേഷം ലറ്റ്‌വിയ ഒരു യുദ്ധക്കളമായി മാറി. 1702-ൽ റഷ്യൻസേന സ്വീഡിഷുകാരെ തോൽപ്പിച്ച്‌ അലൂക്‌സ്‌നയുടെ നിയന്ത്രണം കൈക്കലാക്കി. ഗ്ലൂക്കിനെയും കുടുംബത്തെയും റഷ്യയിലേക്കു നാടുകടത്തി. * പ്രക്ഷുബ്ധതയുടേതായ ആ നാളുകളിൽ പുതിയ ലറ്റ്‌വിയൻ ബൈബിളിന്റെയും റഷ്യൻ ഭാഷാന്തരത്തിന്റെയും കൈയെഴുത്തുപ്രതികൾ ഗ്ലൂക്കിന്റെ കൈയിൽനിന്ന്‌ നഷ്ടപ്പെട്ടു. 1705-ൽ മോസ്‌കോയിൽവെച്ച്‌ ഗ്ലൂക്ക്‌ അന്തരിച്ചു.

ലറ്റ്‌വിയൻ, റഷ്യൻ ഭാഷാന്തരങ്ങളുടെ തിരോധാനം ഒരു തീരാനഷ്ടമായിരുന്നു. എങ്കിലും ഇന്നോളം ലറ്റ്‌വിയൻ ബൈബിൾ വായിക്കുന്നവരെല്ലാം ഗ്ലൂക്കിന്റെ ആദ്യഭാഷാന്തരം പ്രയോജനപ്പെടുത്തുന്നു.

ഏൺസ്റ്റ്‌ ഗ്ലൂക്കിനെപ്പോലെ, ബൈബിൾ സാധാരണക്കാരന്റെ ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യുകയെന്ന ദുഷ്‌കര ദൗത്യം ഏറ്റെടുത്തിട്ടുള്ള അനേകരുണ്ട്‌. അവരുടെ ശ്രമഫലമായി ഇന്നിപ്പോൾ ഭൂതലത്തിലെ മിക്കവാറും എല്ലാ ഭാഷക്കാർക്കും സ്വന്തം ഭാഷയിൽ ദൈവവചനം വായിക്കാനും അതിലെ അമൂല്യസത്യം സ്വന്തമാക്കാനും ഉള്ള അവസരമുണ്ട്‌. അതേ, 2,000-ത്തിലധികം ഭാഷകളിലായി ലഭ്യമായിരിക്കുന്ന ബൈബിൾ ഭാഷാന്തരങ്ങളിലൂടെ യഹോവ തന്നെക്കുറിച്ച്‌ അറിയാൻ ഗോളമെമ്പാടുമുള്ള ആളുകളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 10 ഇതിനോടുള്ള താരതമ്യത്തിൽ, 47 പണ്ഡിതന്മാരുടെ ഏഴു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ്‌ 1611-ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ഓഥറൈസ്‌ഡ്‌ വേർഷൻ അഥവാ ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം.

^ ഖ. 14 ഗ്ലൂക്കിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ വളർത്തുപുത്രി സാർ ചക്രവർത്തി മഹാനായ പീറ്ററിന്റെ ഭാര്യാപദം അലങ്കരിച്ചു. 1725-ൽ പീറ്ററിന്റെ മരണത്തെത്തുടർന്ന്‌ അവർ കാതെറീൻ I എന്ന പേരിൽ റഷ്യൻ ചക്രവർത്തിനിയായി അവരോധിക്കപ്പെട്ടു.

[13-ാം പേജിലെ ചിത്രം]

ഗ്ലൂക്കിന്റെ ഭാഷാന്തരം

[14-ാം പേജിലെ ചിത്രം]

ഗ്ലൂക്ക്‌ പരിഭാഷ നിർവഹിച്ച പട്ടണത്തിൽ ബൈബിൾ പഠിപ്പിക്കുന്ന യഹോവയുടെ സാക്ഷികൾ