വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നല്ല ദേശത്തെ’ ഒരു വത്സരം

‘നല്ല ദേശത്തെ’ ഒരു വത്സരം

‘നല്ല ദേശത്തെ’ ഒരു വത്സരം

യെരൂശലേമിനു പടിഞ്ഞാറ്‌ സമുദ്രതീര സമതലത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണു ഗേസെർ. ബൈബിളിൽ പരാമർശമുള്ള ഈ സ്ഥലത്തുനിന്ന്‌ 1908-ൽ ഒരു ചെറിയ ചുണ്ണാമ്പുകൽ ഫലകം കണ്ടെടുക്കുകയുണ്ടായി. പൊ.യു.മു. പത്താം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഈ ഫലകത്തിലെ പുരാതന എബ്രായ ലിപിയിലുള്ള ആലേഖനം, ഒരു കാർഷിക വത്സരത്തിന്റെ ഹ്രസ്വവിവരണമാണെന്നു കണക്കാക്കപ്പെടുന്നു. ഈ ഫലകം പിന്നീട്‌ ഗേസെർ കലണ്ടർ എന്നറിയപ്പെടാനിടയായി.

ഫലകത്തിൽ ഒരു കയ്യൊപ്പുണ്ട്‌: അബീയാവ്‌. ഒരു സ്‌കൂൾക്കുട്ടി കാവ്യരൂപത്തിൽ എഴുതിയ ഗൃഹപാഠമാണത്‌ എന്നാണ്‌ അനേകരും കരുതുന്നത്‌, പുരാവസ്‌തുശാസ്‌ത്രജ്ഞരിൽ ചിലർ അതിനോടു യോജിക്കുന്നില്ലെങ്കിലും. * നൂറ്റാണ്ടുകൾക്കു മുമ്പു ജീവിച്ചിരുന്ന അബീയാവിന്റെ കണ്ണുകളിലൂടെ വാഗ്‌ദത്തദേശത്തെ ഒരു കാർഷിക വത്സരം എങ്ങനെയായിരുന്നുവെന്നു കാണാൻ നിങ്ങൾക്ക്‌ ആഗ്രഹമില്ലേ? അങ്ങനെ ചെയ്യുമ്പോൾ ചില ബൈബിൾ സംഭവങ്ങൾ ഓർമയിൽ ഓടിയെത്തുമെന്നുള്ളതു തീർച്ചയാണ്‌.

വിളവെടുപ്പിന്റെ രണ്ടു മാസം

ഗേസെർ കലണ്ടറിലെ ആദ്യ പരാമർശം ഫലശേഖരത്തെക്കുറിച്ച്‌ ഉള്ളതാണ്‌. കലണ്ടറിൽ അബീയാവ്‌ ഇത്‌ ആദ്യം എഴുതിയെങ്കിലും, കാർഷികവത്സരത്തിനു സമാപ്‌തി കുറിച്ചുകൊണ്ട്‌ ഏഥാനിം മാസത്തിലാണ്‌ (പിന്നീട്‌ തിസ്രി എന്നറിയപ്പെട്ടു) ഈ ഫലശേഖരം നടത്തിയിരുന്നത്‌. ഇത്‌ ആധുനിക കലണ്ടറിലെ സെപ്‌റ്റംബർ/ഒക്ടോബർ ആണ്‌. വിളവെടുപ്പ്‌ ഏറിയപങ്കും പൂർത്തിയാകുന്നതോടെ, എല്ലാവരും ഉത്സവലഹരിയിലാകുന്നു. കൂടാരമുണ്ടാക്കാൻ പിതാവിനെ സഹായിക്കുന്ന ബാലനായ അബീയാവും എത്ര ഉത്സാഹഭരിതനാണെന്നോ! ഇനിയുള്ള ഒരാഴ്‌ചക്കാലം അവർ ഈ കൂടാരത്തിൽവേണം താമസിക്കാൻ! അവരെ സംബന്ധിച്ചിടത്തോളം വിളസമൃദ്ധിക്കായി യഹോവയ്‌ക്കു നന്ദികരേറ്റാനുള്ള ധന്യവേളയാണിത്‌.​—⁠ആവർത്തനപുസ്‌തകം 16:13-15.

ഏതാണ്ട്‌ ഈ സമയത്ത്‌, ഒലിവു കായ്‌കൾ വിളവെടുപ്പിനു പാകമാകുന്നു. കൊമ്പു തല്ലിയാണ്‌ അതു പറിക്കുന്നത്‌. ബാലനായ അബീയാവിനെക്കൊണ്ട്‌ ബുദ്ധിമുട്ടുപിടിച്ച ഈ പണിയൊന്നും ചെയ്യാനാവില്ലെങ്കിലും മുതിർന്നവർ അതു ചെയ്യുന്നതു കാണാൻ അവനു വലിയ ഇഷ്ടമാണ്‌. (ആവർത്തനപുസ്‌തകം 24:20) അതിനുശേഷം, അവർ ഒലിവെല്ലാം പെറുക്കിയെടുത്ത്‌ ഏറ്റവും അടുത്തുള്ള ചക്കിൽ കൊണ്ടുപോയി ആട്ടി എണ്ണയെടുക്കുന്നു. ഒലിവു ചതച്ചോ പൊട്ടിച്ചോ വെള്ളത്തിലിട്ടിട്ട്‌ ജലോപരിതലത്തിൽനിന്ന്‌ എണ്ണയെടുക്കുന്ന ലളിതമായ രീതിയും ഉണ്ടായിരുന്നു. വിലയേറിയ ഈ എണ്ണ ഭക്ഷ്യവസ്‌തുവായി മാത്രമല്ല വിളക്കു കത്തിക്കാനും മുറിവിലോ ചതവിലോ ഒക്കെ പുരട്ടാനും ഉപയോഗിച്ചിരുന്നു. കളിക്കിടെ പരിക്കുപറ്റുമ്പോൾ ഒലിവെണ്ണതന്നെയായിരുന്നിരിക്കണം അബീയാവിന്റെയും ആശ്രയം.

രണ്ടു മാസത്തെ വിതക്കാലം

ശരീരത്തെയും മനസ്സിനെയും കുളിർപ്പിച്ചുകൊണ്ട്‌ ആദ്യമഴ ചന്നംപിന്നം പെയ്യുമ്പോൾ, അബീയാവിന്‌ എന്തെന്നില്ലാത്ത സന്തോഷം. കൃഷിക്കു മഴ അനിവാര്യമാണെന്ന്‌ പിതാവിൽനിന്ന്‌ അവൻ കേട്ടിട്ടുണ്ടാകണം. (ആവർത്തനപുസ്‌തകം 11:14) മാസങ്ങളായി വരണ്ടുണങ്ങിക്കിടക്കുന്ന നിലം മഴയിൽ കുതിരുന്നതോടെ ഉഴവ്‌ ആരംഭിക്കുകയായി. അറ്റത്തു ലോഹംപിടിപ്പിച്ച, തടികൊണ്ടുള്ള കലപ്പയാണ്‌ അന്നത്തെ ഉഴവുകാർ ഉപയോഗിച്ചിരുന്നത്‌. കാളയോ മറ്റോ വലിച്ചുകൊണ്ടുപോകുമ്പോൾ, ചാലുകൾ നേരെ കീറുന്നതിനായി അവർ കലപ്പ വളരെ വിദഗ്‌ധമായി നിയന്ത്രിച്ചിരുന്നു. സ്ഥലത്തിന്റെ മൂല്യം തിരിച്ചറിഞ്ഞിരുന്ന ഇസ്രായേല്യ കർഷകർ തീരെ ചെറിയ കൃഷിയിടങ്ങളും കുന്നിൻചെരിവുകളുംപോലും ഒഴിവാക്കിയില്ല. കുന്നിൻചെരിവുകൾ കിളയ്‌ക്കുന്നതിനും മറ്റുമായി തൂമ്പപോലുള്ള ഉപകരണങ്ങളായിരിക്കണം അവർ ഉപയോഗിച്ചത്‌.

ഉഴുതുമറിച്ച്‌ നിലമൊരുക്കിയശേഷം ഗോതമ്പോ യവമോ വിതയ്‌ക്കുന്നു. വിതക്കാരൻ തന്റെ വസ്‌ത്രത്തിന്റെ മടക്കിൽ ധാന്യമെടുത്തിട്ട്‌ വിതനിലത്ത്‌ അത്‌ വീശിയെറിയുന്നു. രണ്ടുമാസത്തെ ഈ വിതക്കാലത്തെക്കുറിച്ചുള്ളതാണ്‌ ഗേസെർ കലണ്ടറിലെ രണ്ടാമത്തെ പരാമർശം.

വർഷാന്ത കൃഷി​—⁠രണ്ടു മാസം

‘നല്ല ദേശം’ വർഷത്തിലുടനീളം വിളസമൃദ്ധമായിരുന്നു. (ആവർത്തനപുസ്‌തകം 3:25) ഡിസംബറിൽ മഴ ശക്തിപ്രാപിക്കുന്നതോടെ ദേശം പച്ചപുതയ്‌ക്കുന്നു. ഈ സമയത്താണ്‌ വിവിധയിനം പയറുകളും പച്ചക്കറികളും കൃഷിചെയ്യുന്നത്‌. (ആമോസ്‌ 7:1, 2) അബീയാവ്‌ ഇതിനെ “പുല്ലു തഴച്ചുവളരുന്ന മാസങ്ങൾ” എന്നു വിശേഷിപ്പിക്കുന്നു; മറ്റൊരു പരിഭാഷയനുസരിച്ച്‌ “വർഷാവസാന കൃഷിയുടെ” സമയമാണിത്‌. വൈവിധ്യമാർന്ന പച്ചക്കറികളടങ്ങിയ കൊതിയൂറുന്ന വിഭവങ്ങൾ ഊണുമേശയിൽ പ്രത്യക്ഷപ്പെടാൻ കാലമായി.

ശൈത്യകാലം വിടപറയുന്നതോടെ വസന്തത്തിന്റെ വരവറിയിച്ചുകൊണ്ടു ബദാം വൃക്ഷം പുഷ്‌പിക്കുന്നു. കുളിരിന്‌ ഒരൽപ്പം അയവുവരുമ്പോൾ, ഒരുപക്ഷേ ജനുവരിയിൽത്തന്നെ അതു വെള്ളയും ഇളംചുവപ്പും നിറത്തിലുള്ള പൂക്കൾ അണിയാൻ തുടങ്ങുകയായി.​—⁠യിരെമ്യാവു 1:11, 12.

ചണം മുറിച്ചെടുക്കുന്നതിനുള്ള ഒരു മാസം

അബീയാവ്‌ അടുത്തതായി പറയുന്നതു ചണത്തെക്കുറിച്ചാണ്‌. അബീയാവിന്റെ കാലത്തിനു നൂറ്റാണ്ടുകൾക്കുമുമ്പു യെഹൂദ്യ മലനിരകളുടെ കിഴക്ക്‌, അതായത്‌ യെരീഹോ പട്ടണത്തിൽ നടന്ന ഒരു സംഭവം ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്കു വന്നേക്കാം. രാഹാബ്‌ രണ്ടു ചാരന്മാരെ ഒളിപ്പിച്ചത്‌, ‘വീട്ടിൻ മുകളിൽ അടുക്കി വെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിലാണ്‌.’ (യോശുവ 2:6) ഇസ്രായേല്യരുടെ ജീവിതത്തിൽ ചണത്തിനു വളരെയേറെ പ്രാധാന്യം ഉണ്ടായിരുന്നു. ചണം അഴുകിയതിനുശേഷമാണ്‌ അതിൽനിന്നു നാര്‌ വേർതിരിച്ചെടുത്തിരുന്നത്‌. മഞ്ഞുകൊണ്ട്‌ അഴുകാൻ കാലതാമസമെടുത്തിരുന്നതിനാൽ അഴുകൽപ്രക്രിയ ത്വരിതപ്പെടുത്താൻ അതു കുളത്തിലോ അരുവിയിലോ നിക്ഷേപിച്ചിരുന്നു, ചണനാര്‌ ഉപയോഗിച്ചു നെയ്‌തെടുക്കുന്ന തുണികൊണ്ട്‌ കൂടാരങ്ങളും വസ്‌ത്രങ്ങളും പായ്‌ക്കപ്പലുകളിലെ പായും മറ്റും ഉണ്ടാക്കിയിരുന്നു. വിളക്കുതിരിക്കും ചണമാണ്‌ ഉപയോഗിച്ചിരുന്നത്‌.

ഒട്ടൊക്കെ ജലദൗർലഭ്യം നേരിട്ടിരുന്ന ഗേസെറിൽ ചണം കൃഷി ചെയ്‌തിരിക്കാനിടയില്ലെന്നു ചിലർ അഭിപ്രായപ്പെടുന്നു. മറ്റു ചിലർ പറയുന്നത്‌, വർഷത്തിന്റെ ഒടുവിൽ മാത്രമേ അതവിടെ കൃഷി ചെയ്‌തിരുന്നുള്ളൂവെന്നാണ്‌. അതുകൊണ്ടാണ്‌, ഗേസെർ കലണ്ടറിൽ “ചണം” എന്ന പദം “തീറ്റപ്പുല്ലിനു” പര്യായമായിട്ടാണ്‌ ഉപയോഗിച്ചിരിക്കുന്നതെന്നു ചിലർ വാദിക്കുന്നത്‌.

യവം കൊയ്യാനുള്ള ഒരു മാസം

ചണം മുറിച്ചെടുക്കുന്നതിന്റെ അടുത്തമാസം, അതായത്‌ ആബീബിൽ യവക്കതിരുകൾ വളർച്ചയെത്തുന്നത്‌ അബീയാവ്‌ നിരീക്ഷിച്ചിട്ടുണ്ടാകണം. അതിനെയാണ്‌ കലണ്ടറിൽ അടുത്തതായി അവൻ പരാമർശിക്കുന്നത്‌. എബ്രായയിൽ ആബീബ്‌ എന്നതിന്റെ അർഥം “പച്ചക്കതിരുകൾ” എന്നാണ്‌. വളർച്ചയെത്തിയെങ്കിലും ധാന്യം ഉറച്ചിട്ടില്ലാത്ത കതിരുകളെയായിരിക്കാം സാധ്യതയനുസരിച്ച്‌ ഇത്‌ അർഥമാക്കുന്നത്‌. “ആബീബ്‌മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവെക്കു പെസഹകൊണ്ടാടേണം” എന്ന്‌ യഹോവ ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. (ആവർത്തനപുസ്‌തകം 16:1) ആബീബ്‌ (പിന്നീട്‌ നീസാൻ എന്ന്‌ അറിയപ്പെട്ടു) ആധുനിക കലണ്ടറിലെ മാർച്ച്‌/ഏപ്രിൽ മാസങ്ങളാണ്‌. യവം വളർച്ചയെത്തുന്നതോടെ ഈ മാസത്തിന്‌ ആരംഭംകുറിക്കുകയായി. ഇന്നും കാരേറ്റു യഹൂദന്മാർ യവം വളർച്ചയെത്തുന്നതു നോക്കിയാണ്‌ അവരുടെ പുതുവർഷം നിശ്ചയിക്കുന്നത്‌. എന്തായാലും ആബീബ്‌ മാസം 16-ാം തീയതി യവക്കൊയ്‌ത്തിലെ ആദ്യത്തെ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടിയിരുന്നു.​—⁠ലേവ്യപുസ്‌തകം 23:10, 11.

മിക്ക ഇസ്രായേല്യരുടെയും അനുദിന ജീവിതത്തിൽ യവം ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ഗോതമ്പിനെക്കാളും വിലകുറഞ്ഞതായിരുന്നതിനാൽ, വിശേഷിച്ചും പാവപ്പെട്ടവർക്കു യവംകൊണ്ട്‌ ഉണ്ടാക്കിയ അപ്പത്തോടായിരുന്നു പ്രിയം.​—⁠യെഹെസ്‌കേൽ 4:12.

കൊയ്‌ത്തിന്റെയും അളന്നെടുക്കലിന്റെയും ഒരു മാസം

ഒരു സുപ്രഭാതത്തിൽ കാർമേഘങ്ങൾ അപ്രത്യക്ഷമാകുന്നത്‌ അബീയാവ്‌ ശ്രദ്ധിച്ചിട്ടുണ്ടാകണം​—⁠ഇനി കുറച്ചുകാലത്തേക്കു മഴയില്ല. മഞ്ഞിന്റെ കനിവിലാണു തുടർന്നുള്ള കൃഷി. (ഉല്‌പത്തി 27:28; സെഖര്യാവു 8:12) വെയിൽ ഏറ്റവുമധികമുള്ള മാസങ്ങളിൽ വിളവെടുപ്പു നടന്നിരുന്ന പല കൃഷികൾക്കും, പെന്തെക്കൊസ്‌തുവരെയുള്ള കാലഘട്ടത്തിൽ ലഭിച്ചിരുന്ന വരണ്ട ചൂടുകാറ്റും ഈർപ്പമുള്ള തണുത്തകാറ്റും പ്രയോജനം ചെയ്‌തിരുന്നുവെന്ന്‌ അന്നാട്ടിലെ കർഷകർക്ക്‌ അറിയാമായിരുന്നു. വടക്കുനിന്നു വീശിയടിക്കുന്ന ഈർപ്പമുള്ള തണുത്ത കാറ്റ്‌ പൂത്തുനിൽക്കുന്ന ഫലവൃക്ഷങ്ങൾക്കു ഭീഷണിയായിരുന്നുവെങ്കിലും പാകമായിക്കൊണ്ടിരിക്കുന്ന ധാന്യങ്ങൾക്കു ഗുണകരമായിരുന്നിരിക്കണം. അതേസമയം തെക്കുനിന്നുള്ള വരണ്ട ചൂടുകാറ്റ്‌ പൂക്കൾ വിരിഞ്ഞ്‌ പരാഗണം നടക്കുന്നതിനു സഹായകമായിരുന്നു.​—⁠സദൃശവാക്യങ്ങൾ 25:23; ഉത്തമഗീതം 4:16.

കാലാവസ്ഥയുടെമേൽ പൂർണ നിയന്ത്രണമുള്ള യഹോവ ഏറ്റവും അനുയോജ്യമായ പരിസ്ഥിതി സൃഷ്ടിച്ചു. അബീയാവിന്റെ നാളിൽ, ഇസ്രായേൽ ശരിക്കും “കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും . . . ഒലിവുവൃക്ഷവും തേനും ഉള്ള ദേശം” ആയിരുന്നു. (ആവർത്തനപുസ്‌തകം 8:​8, 9) ജ്ഞാനിയായ ശലോമോൻ രാജാവിന്റെ ഭരണകാലത്തു ദേശത്തെങ്ങും സമൃദ്ധി കളിയാടിയിരുന്നുവെന്ന്‌ തന്റെ വല്യപ്പനിൽനിന്നും അബീയാവ്‌ കേട്ടിരിക്കണം.​—⁠1 രാജാക്കന്മാർ 4:20.

ഗേസെർ കലണ്ടറിൽ കൊയ്‌ത്തിനെക്കുറിച്ചുള്ള പരാമർശത്തിനടുത്തു മറ്റൊരു വാക്കു കാണുന്നുണ്ട്‌. അതിന്റെ അർഥം “അളക്കുക” എന്നാണെന്നു ചിലർ പറയുന്നു. നികുതി കൊടുക്കുന്നതിനും പാടത്തിന്റെ ഉടമസ്ഥന്മാർക്കും തൊഴിലാളികൾക്കും അവരുടെ ഓഹരി കൊടുക്കുന്നതിനുമായി ധാന്യം അളന്നെടുക്കുന്നതിനെയായിരിക്കാം ഇതു കുറിക്കുന്നത്‌. എന്നാൽ, ആ എബ്രായ പദത്തിന്റെ അർഥം “ഉത്സവം ആചരിക്കുക” എന്നാണെന്നും സിവാൻ (മേയ്‌/ജൂൺ) മാസത്തിൽ ആഘോഷിക്കുന്ന വാരോത്സവത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നതെന്നും മറ്റു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.​—⁠പുറപ്പാടു 34:22.

ഇല നുള്ളിക്കളയുന്നതിനുള്ള രണ്ടു മാസം

അബീയാവ്‌ അടുത്തതായി പരാമർശിക്കുന്നതു മുന്തിരിവള്ളിയുടെ ഒരുക്കൽ നടക്കുന്ന രണ്ടു മാസത്തെക്കുറിച്ചാണ്‌. സൂര്യപ്രകാശം മുന്തിരിക്കുലകളിൽ എത്തണമെങ്കിൽ ഇടതൂർന്നു നിൽക്കുന്ന ഇലകൾ നുള്ളിക്കളയണം. അതു ചെയ്യാൻ സാധ്യതയനുസരിച്ച്‌ അബീയാവും മറ്റുള്ളവരോടൊപ്പം കൂടിയിരുന്നു. (യെശയ്യാവു 18:⁠5) പിന്നെയാണു മുന്തിരിയുടെ വിളവെടുപ്പ്‌, ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും രസകരമായ സമയം. മുന്തിരി പഴുത്തുവരുന്നതും നോക്കിയിരിക്കുകയായിരുന്നു അവൻ. വാഗ്‌ദത്തദേശം ഒറ്റുനോക്കാൻ മോശെ അയച്ച 12 പേരെക്കുറിച്ച്‌ അബീയാവ്‌ കേട്ടിരുന്നിരിക്കണം. ദേശം നല്ലതാണോയെന്നു നോക്കാൻ പോയ അവർ അവിടെ എത്തുന്നതു മുന്തിരി പഴുത്തുതുടങ്ങുന്ന സമയത്താണ്‌. അന്നവർ അവിടെനിന്നു മുറിച്ചെടുത്ത ഒരു മുന്തിരിക്കുല ചുമക്കാൻ രണ്ടുപേർ വേണ്ടിവന്നു, അത്രയ്‌ക്കും ഭാരമായിരുന്നു അതിന്‌!​—⁠സംഖ്യാപുസ്‌തകം 13:20, 23.

വേനൽ പഴങ്ങളുടെ ഒരു മാസം

വേനൽക്കാല പഴങ്ങളെക്കുറിച്ചുള്ളതാണ്‌ അബീയാവിന്റെ കലണ്ടറിലെ അവസാനത്തെ പരാമർശം. ഇസ്രായേലിൽ, വേനൽക്കാലത്ത്‌ മുഖ്യമായും പഴങ്ങളുടെ വിളവെടുപ്പാണു നടന്നിരുന്നത്‌. അബീയാവിന്റെ കാലത്തിനുശേഷം, വേനൽക്കാലത്തെ ‘ഒരു കൊട്ട പഴുത്തപഴവുമായുള്ള’ ഒരു താരതമ്യം ഉപയോഗിച്ചുകൊണ്ട്‌ ‘തന്റെ ജനമായ യിസ്രായേലിന്റെ അവസാനം വന്നുകഴിഞ്ഞു’ എന്നു യഹോവ കാണിക്കുന്നു. (ആമോസ്‌ 8:​2, പി.ഒ.സി. ബൈബിൾ) അന്ത്യം വന്നുകഴിഞ്ഞെന്നും യഹോവയുടെ ന്യായവിധി നേരിടേണ്ടതുണ്ടെന്നും അത്‌ അവിശ്വസ്‌ത ഇസ്രായേലിനെ ഓർമിപ്പിച്ചിരിക്കണം. അബീയാവ്‌ പരാമർശിച്ച വേനൽക്കാല പഴങ്ങളുടെ കൂട്ടത്തിൽ അത്തിപ്പഴവും ഉണ്ടായിരുന്നിരിക്കണം. ഇടിച്ചുപരത്തിയെടുത്ത അത്തിപ്പഴങ്ങൾ അടയുണ്ടാക്കാനും പരുവിൽ വെച്ചുകെട്ടാനുമൊക്കെ ഉപയോഗിച്ചിരുന്നു.​—⁠2 രാജാക്കന്മാർ 20:⁠7.

ഗേസെർ കലണ്ടറും നിങ്ങളും

അബീയാവിന്റെ കാലത്ത്‌ ഇസ്രായേലിൽ കൃഷി വ്യാപകമായിരുന്നതിനാൽ അവൻ സ്വാഭാവികമായും കൃഷിപ്പണികളിൽ ഏർപ്പെട്ടിരുന്നിരിക്കണം. നിങ്ങളൊരു കൃഷിക്കാരൻ അല്ലെങ്കിൽപ്പോലും ഗേസെർ കലണ്ടറിലെ പരാമർശങ്ങൾക്ക്‌ നിങ്ങളുടെ ബൈബിൾ വായനയെ ജീവസ്സുറ്റതാക്കിത്തീർക്കുന്നതിൽ ഒരു പങ്കുവഹിക്കാനാകും. കാരണം അവ ബൈബിൾ വിവരണങ്ങൾക്ക്‌ അർഥം പകർന്നുകൊണ്ട്‌ അവയെ കൂടുതൽ സുഗ്രഹമാക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 3 ബൈബിൾ പിൻപറ്റുന്ന കലണ്ടറും ഗേസെർ കലണ്ടറും പൂർണ യോജിപ്പിലല്ല. കൂടാതെ, ചില കൃഷിപ്പണികൾ വാഗ്‌ദത്തദേശത്ത്‌ എല്ലായിടത്തും ഒരേ സമയത്തല്ല നടന്നിരുന്നത്‌.

[11-ാം പേജിലെ ചതുരം/ചിത്രം]

ഗേസെർ കലണ്ടർ ഒരു ഏകദേശ രൂപം:

“മുന്തിരിയുടെയും ഒലിവിന്റെയും വിളവെടുപ്പു നടക്കുന്ന മാസങ്ങൾ

കൃഷിയിറക്കുന്ന മാസങ്ങൾ;

പുല്ലു തഴച്ചുവളരുന്ന മാസങ്ങൾ;

ചണം മുറിച്ചെടുക്കുന്ന മാസം;

യവക്കൊയ്‌ത്തു നടക്കുന്ന മാസം;

ഗോതമ്പു കൊയ്‌ത്തിനും അളന്നെടുക്കലിനുമുള്ള മാസം;

മുന്തിരിയുടെ ഇല നുള്ളുന്നതിനുള്ള മാസങ്ങൾ;

വേനൽക്കാല പഴങ്ങളുടെ മാസം.”

[ഒപ്പ്‌:] അബീയാവ്‌  *

[അടിക്കുറിപ്പ്‌]

^ ഖ. 41 ജോൺ സി. എൽ. ഗിബ്‌സണിന്റെ ടെക്‌സ്റ്റ്‌ബുക്ക്‌ ഓഫ്‌ സിറിയൻ സെമിറ്റിക്ക്‌ ഇൻസ്‌ക്രിപ്‌ഷൻസ്‌, വാല്യം 1-നെ (1971) അധികരിച്ചുള്ളത്‌.

[കടപ്പാട്‌]

Archaeological Museum of Istanbul

[9-ാം പേജിലെ ചാർട്ട്‌/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

നീസാൻ (ആബീബ്‌)

മാർച്ച്‌​—⁠ഏപ്രിൽ

ഇയ്യാർ (സീവ്‌)

ഏപ്രിൽ​—⁠മേയ്‌

സിവാൻ

മേയ്‌​—⁠ജൂൺ

തമ്മൂസ്‌

ജൂൺ​—⁠ജൂലൈ

ആബ്‌

ജൂലൈ​—⁠ആഗസ്റ്റ്‌

ഏലൂൾ

ആഗസ്റ്റ്‌​—⁠സെപ്‌റ്റംബർ

തിസ്രി (ഏഥാനിം)

സെപ്‌റ്റംബർ​—⁠ഒക്ടോബർ

ഹെശ്‌വാൻ (ബൂൽ)

ഒക്ടോബർ​—⁠നവംബർ

കിസ്ലേവ്‌

നവംബർ​—⁠ഡിസംബർ

തെബെത്ത്‌

ഡിസംബർ​—⁠ജനുവരി

ശെബാത്ത്‌

ജനുവരി​—⁠ഫെബ്രുവരി

ആദാർ

ഫെബ്രുവരി​—⁠മാർച്ച്‌

വീദാർ

മാർച്ച്‌

[കടപ്പാട്‌]

കർഷകൻ: Garo Nalbandian

[8-ാം പേജിലെ ചിത്രം]

ഗേസറിലെ ഖനനം

[കടപ്പാട്‌]

© 2003 BiblePlaces.com

[10-ാം പേജിലെ ചിത്രങ്ങൾ]

ബദാം വൃക്ഷം

[10-ാം പേജിലെ ചിത്രം]

ചണം

[കടപ്പാട്‌]

Dr. David Darom

[10-ാം പേജിലെ ചിത്രം]

യവം

[കടപ്പാട്‌]

U.S. Department of Agriculture