വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ അനുസരണം യഹോവയ്‌ക്ക്‌ ആനന്ദം

നിങ്ങളുടെ അനുസരണം യഹോവയ്‌ക്ക്‌ ആനന്ദം

നിങ്ങളുടെ അനുസരണം യഹോവയ്‌ക്ക്‌ ആനന്ദം

“മകനേ, . . . നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”​—⁠സദൃശവാക്യങ്ങൾ 27:11.

1. ഏത്‌ ആത്മാവ്‌ ഇന്നു സമൂഹത്തെ ചൂഴ്‌ന്നുനിൽക്കുന്നു?

സ്വതന്ത്രചിന്തയുടെയും അനുസരണക്കേടിന്റെയും ആത്മാവ്‌ ഇന്നു ലോകത്തെ ചൂഴ്‌ന്നുനിൽക്കുന്നു. അതിന്റെ കാരണം വിശദീകരിച്ചുകൊണ്ട്‌ എഫെസ്യ ക്രിസ്‌ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചുനടന്നു.” (എഫെസ്യർ 2:1, 2) അതേ, ‘ആകാശത്തിലെ അധികാരത്തിന്‌ അധിപതിയായ’ പിശാചായ സാത്താൻ, അനുസരണക്കേടിന്റെ ആത്മാവ്‌ മുഴുലോകത്തെയും ഗ്രസിക്കാൻ ഇടയാക്കിയിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തോടടുത്ത്‌ സ്വർഗത്തിൽനിന്നു തള്ളിയിടപ്പെട്ടതിൽപ്പിന്നെ, ഒന്നാം നൂറ്റാണ്ടിലേതിലും രൗദ്രതയോടെ അവൻ അങ്ങനെ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌.​—⁠വെളിപ്പാടു 12:⁠9.

2, 3. യഹോവയെ അനുസരിക്കാൻ നമുക്ക്‌ എന്തു കാരണങ്ങളുണ്ട്‌?

2 എന്നാൽ യഹോവയാം ദൈവം നമ്മുടെ സ്രഷ്ടാവും ജീവപാലകനും സ്‌നേഹനിധിയായ പരമാധികാരിയും രക്ഷകനും ആയതിനാൽ പൂർണഹൃദയത്തോടെ അവനെ അനുസരിക്കാൻ നാം കടപ്പെട്ടവരാണെന്ന്‌ ക്രിസ്‌ത്യാനികളെന്ന നിലയിൽ നമുക്കറിയാം. (സങ്കീർത്തനം 148:5, 6; പ്രവൃത്തികൾ 4:24; കൊലൊസ്സ്യർ 1:13; വെളിപ്പാടു 4:11) യഹോവ തങ്ങളുടെ ജീവദാതാവും രക്ഷകനുമായിരുന്നെന്ന്‌ മോശെയുടെ നാളിലെ ഇസ്രായേല്യർക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ മോശെ അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്‌പിച്ചതുപോലെ ചെയ്‌വാൻ ജാഗ്രതയായിരിപ്പിൻ.” (ആവർത്തനപുസ്‌തകം 5:32) നിസ്സംശയമായും, യഹോവയെ അനുസരിക്കാൻ കടപ്പെട്ടവരായിരുന്നു അവർ. എങ്കിലും പെട്ടെന്നുതന്നെ അവർ സർവശക്തനു പുറംതിരിഞ്ഞുകളഞ്ഞു.

3 പ്രപഞ്ചസ്രഷ്ടാവിനോടുള്ള നമ്മുടെ അനുസരണം എത്ര പ്രധാനമാണ്‌? ഒരിക്കൽ ശമൂവേൽ പ്രവാചകനിലൂടെ അവൻ ഇങ്ങനെ പറഞ്ഞു: “അനുസരിക്കുന്നതു യാഗത്തെക്കാളും . . . നല്ലത്‌.” (1 ശമൂവേൽ 15:22, 23) എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

“അനുസരിക്കുന്നതു യാഗത്തെക്കാളും . . . നല്ലത്‌”​—⁠എങ്ങനെ?

4. യഹോവയ്‌ക്കു കൊടുക്കാൻ എന്താണു നമുക്കുള്ളത്‌?

4 ഭൗതികമായി നമുക്കുള്ള സകലതും സ്രഷ്ടാവെന്ന നിലയിൽ യഹോവയ്‌ക്കു സ്വന്തമാണ്‌. ആ സ്ഥിതിക്ക്‌ നമ്മുടേതെന്നു പറഞ്ഞ്‌ അവനു കൊടുക്കാൻ കഴിയുന്ന എന്തെങ്കിലും നമുക്കുണ്ടോ? ഉണ്ട്‌, അവനു കൊടുക്കാൻ വളരെ അമൂല്യമായ ഒന്നു നമുക്കുണ്ട്‌. എന്താണത്‌? അതിനുള്ള ഉത്തരം കണ്ടെത്താൻ പിൻവരുന്ന ഉദ്‌ബോധനം നമ്മെ സഹായിക്കും: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” (സദൃശവാക്യങ്ങൾ 27:11) വ്യക്തമായും, നമുക്കു നമ്മുടെ അനുസരണം ദൈവത്തിനു നൽകാനാകും. പരിശോധനകൾ നേരിടുമ്പോൾ മനുഷ്യൻ ദൈവത്തോടുള്ള തന്റെ ദൃഢവിശ്വസ്‌തത കാറ്റിൽപ്പറത്തുമെന്നാണ്‌ സാത്താന്റെ അവകാശവാദം. സാഹചര്യങ്ങളും പശ്ചാത്തലങ്ങളും വ്യത്യസ്‌തമാണെങ്കിലും അനുസരണമുള്ളവർ ആയിരിക്കുന്നതിലൂടെ, ദുഷ്ടമായ ആ ആരോപണത്തിന്‌ ഉത്തരം കൊടുക്കാൻ നമുക്കു കഴിയും. അതെന്തൊരു പദവിയാണ്‌!

5. നമ്മുടെ അനുസരണക്കേട്‌ സ്രഷ്ടാവിന്റെ വികാരങ്ങളെ സ്‌പർശിക്കുന്നതെങ്ങനെ? വിശദമാക്കുക.

5 നാം എങ്ങനെയുള്ള തീരുമാനങ്ങളാണു കൈക്കൊള്ളുന്നതെന്നു ദൈവം ശ്രദ്ധിക്കുന്നുണ്ട്‌. നമ്മുടെ അനുസരണക്കേട്‌ അവന്റെ വികാരങ്ങളെ മുറിപ്പെടുത്തും, ജ്ഞാനരഹിതമായ അത്തരമൊരു ഗതിയിലേക്ക്‌ ആരെങ്കിലും തിരിയുന്നതായി കാണുമ്പോൾ അവൻ ദുഃഖിക്കുന്നു. (സങ്കീർത്തനം 78:40, 41) ഒരു പ്രമേഹരോഗി, നിർദിഷ്ട ഭക്ഷണക്രമത്തോടു പറ്റിനിൽക്കാതെ നിത്യവും വിരുദ്ധാഹാരം കഴിക്കുന്നുവെന്നു കരുതുക. അദ്ദേഹത്തെ ചികിത്സിക്കുന്ന ആത്മാർഥതയുള്ള ഒരു ഡോക്ടർക്ക്‌ എന്തു തോന്നും? മനുഷ്യരുടെ അനുസരണക്കേട്‌ യഹോവയെ വേദനിപ്പിക്കുന്നെന്ന കാര്യത്തിലും സംശയംവേണ്ട, കാരണം ജീവിതത്തിൽ വിജയിക്കാനുള്ള നിർദേശങ്ങൾ നാം അവഗണിക്കുന്നതിന്റെ പരിണതഫലങ്ങൾ എന്തായിരിക്കുമെന്ന്‌ അവനറിയാം.

6. ദൈവത്തോട്‌ അനുസരണമുള്ളവർ ആയിരിക്കാൻ നമ്മെ എന്തു സഹായിക്കും?

6 അനുസരണമുള്ളവർ ആയിരിക്കാൻ വ്യക്തികളെന്ന നിലയിൽ നമ്മെ എന്തു സഹായിക്കും? ശലോമോൻ രാജാവ്‌ ചെയ്‌തതുപോലെ “അനുസരണമുള്ള ഒരു ഹൃദയ”ത്തിനായി (NW) നമുക്ക്‌ ഓരോരുത്തർക്കും ദൈവത്തോട്‌ അപേക്ഷിക്കാനാകും. “ഗുണവും ദോഷവും തിരിച്ചറിഞ്ഞു”കൊണ്ട്‌ സഹ ഇസ്രായേല്യർക്കു ന്യായപാലനം ചെയ്യാൻ കഴിയേണ്ടതിനായിരുന്നു അത്തരമൊരു ഹൃദയത്തിനായി അവൻ പ്രാർഥിച്ചത്‌. (1 രാജാക്കന്മാർ 3:9) അനുസരണക്കേടിന്റെ ആത്മാവ്‌ അലയടിക്കുന്ന ഈ ലോകത്തിൽ, ഗുണവും ദോഷവും തിരിച്ചറിയാൻ “അനുസരണമുള്ള ഒരു ഹൃദയം” അനിവാര്യമാണ്‌. അത്തരമൊരു ഹൃദയം വളർത്തിയെടുക്കാൻ നമുക്ക്‌ ദൈവം അവന്റെ വചനവും അതു പഠിക്കാനുള്ള സഹായികളും ക്രിസ്‌തീയ യോഗങ്ങളും സഭാമൂപ്പന്മാരുടെ ആർദ്രപിന്തുണയും ലഭ്യമാക്കിയിരിക്കുന്നു. സ്‌നേഹനിർഭരമായ അത്തരം ക്രമീകരണങ്ങൾ നാം നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടോ?

7. യഹോവ അനുസരണത്തെ യാഗങ്ങളെക്കാൾ മൂല്യമുള്ളതായി കാണുന്നതെന്തുകൊണ്ട്‌?

7 അനുസരണം മൃഗയാഗങ്ങളെക്കാൾ പ്രധാനമാണെന്ന്‌ പുരാതന കാലത്തു ദൈവം തന്റെ ജനത്തിനു വെളിപ്പെടുത്തിയിരുന്നു എന്നോർക്കുന്നത്‌ ഇത്തരുണത്തിൽ പ്രസക്തമാണ്‌. (സദൃശവാക്യങ്ങൾ 21:3, 27; ഹോശേയ 6:6; മത്തായി 12:7) യാഗങ്ങൾ അർപ്പിക്കാൻ കൽപ്പിച്ചത്‌ യഹോവതന്നെയായിരുന്നിട്ടും എന്തുകൊണ്ടാണ്‌ അവൻ അങ്ങനെ പറഞ്ഞത്‌? യാഗം അർപ്പിക്കുന്ന വ്യക്തിയുടെ ആന്തരം എങ്ങനെയുള്ളതാണ്‌ എന്നതാണു പ്രശ്‌നം. ദൈവത്തെ സന്തോഷിപ്പിക്കുക എന്നതാണോ ആ വ്യക്തിയുടെ ലക്ഷ്യം? അതോ കേവലമൊരു ആചാരം പിൻപറ്റുക എന്നതാണോ? ദൈവത്തെ സന്തോഷിപ്പിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നപക്ഷം അവന്റെ സകല കൽപ്പനകളും അനുസരിക്കാൻ ദൈവഭക്തനായ ഒരു വ്യക്തി ശ്രദ്ധിക്കും. ദൈവത്തിനു മൃഗയാഗങ്ങളുടെയൊന്നും ആവശ്യമില്ല, എന്നാൽ നമുക്ക്‌ അവനു നൽകാനാകുന്ന അമൂല്യമായ ഒന്നുണ്ട്‌​—⁠അവനോടുള്ള നമ്മുടെ അനുസരണം.

ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം

8. ദൈവം ശൗലിനെ രാജപദവിയിൽനിന്നു നീക്കിയത്‌ എന്തുകൊണ്ട്‌?

8 ശൗൽ രാജാവിനെക്കുറിച്ചുള്ള ബൈബിൾചരിത്രം അനുസരണത്തിന്റെ പരമപ്രാധാന്യത്തിന്‌ അടിവരയിടുന്നു. ഭരണം ആരംഭിച്ചപ്പോൾ “സ്വന്തകാഴ്‌ചയിൽ . . . ചെറിയവനായിരുന്ന,” താഴ്‌മയും വിനയവുമുള്ള ഒരു വ്യക്തിയായിരുന്നു ശൗൽ. കാലാന്തരത്തിൽ പക്ഷേ, അഹങ്കാരവും വഴിപിഴച്ച ചിന്തയും അവനെ ഭരിക്കാൻ തുടങ്ങി. (1 ശമൂവേൽ 10:21, 22; 15:17) ഒരിക്കൽ അവൻ ഫെലിസ്‌ത്യരുമായി യുദ്ധംചെയ്യാൻ കച്ചകെട്ടുകയായിരുന്നു. യഹോവയ്‌ക്കു യാഗം അർപ്പിക്കാനും കൂടുതലായ നിർദേശങ്ങൾ നൽകുന്നതിനുമായി താൻ വരുന്നതുവരെ കാത്തിരിക്കാൻ ശമൂവേൽ അവനോടു പറഞ്ഞിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര നേരത്തേ ശമൂവേൽ വരാതിരുന്നതിനാൽ ജനം പിരിഞ്ഞുപോകാൻ തുടങ്ങി. ഉടനെ ശൗൽ “ഹോമയാഗം കഴിച്ചു.” എന്നാൽ അത്‌ യഹോവയുടെ കോപത്തിനു വഴിവെച്ചു. ഒടുവിൽ ശമൂവേൽ എത്തിച്ചേർന്നപ്പോൾ, അവൻ വരാൻ വൈകുന്നതായി കണ്ടതിനാൽ യഹോവയുടെ അനുഗ്രഹത്തിനായി ഹോമയാഗം അർപ്പിക്കാൻ താൻ “ധൈര്യപ്പെട്ടു” എന്നു പറഞ്ഞുകൊണ്ട്‌ ശൗൽ തന്റെ അനുസരണക്കേടിനു ന്യായീകരണം നൽകി. ശൗലിനെ സംബന്ധിച്ചിടത്തോളം യാഗം അർപ്പിക്കുകയെന്നത്‌, ശമൂവേൽ വന്ന്‌ അതു ചെയ്യുന്നതുവരെയും കാത്തിരിക്കാനുള്ള നിർദേശം അനുസരിക്കുന്നതിനെക്കാൾ പ്രധാനമായിരുന്നു. പ്രവാചകൻ അവനോട്‌ ഇങ്ങനെ പറഞ്ഞു: “നീ ചെയ്‌തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്‌പിച്ച കല്‌പന നീ പ്രമാണിച്ചില്ല.” യഹോവയോട്‌ അനുസരണക്കേടു കാണിച്ചതു നിമിത്തം ശൗലിനു രാജപദവി നഷ്ടമായി.​—⁠1 ശമൂവേൽ 10:8; 13:5-13.

9. ശൗൽ ദൈവത്തോടുള്ള അനുസരണക്കേടിന്റെ ഒരു ഗതി പിൻപറ്റിയതെങ്ങനെ?

9 ഈ അനുഭവത്തിൽനിന്നു പാഠം പഠിക്കാൻ ശൗലിനു കഴിഞ്ഞോ? ഇല്ല! യാതൊരു പ്രകോപനവും കൂടാതെ മുമ്പ്‌ ഇസ്രായേല്യരെ ആക്രമിച്ച അമാലേക്യരെ ഉന്മൂലനം ചെയ്യാൻ പിന്നീട്‌ യഹോവ അവനോടു കൽപ്പിക്കുകയുണ്ടായി. അവരുടെ വളർത്തുമൃഗങ്ങളെപ്പോലും ജീവനോടെ വെച്ചേക്കരുതായിരുന്നു. തദവസരത്തിൽ “ഹവീലാമുതൽ . . . ശൂർവരെ അമാലേക്യരെ സംഹരിച്ചു”കൊണ്ട്‌ ശൗൽ ദൈവത്തെ അനുസരിച്ചു. തുടർന്ന്‌ ശമൂവേൽ സന്ദർശിക്കാനെത്തിയപ്പോൾ വിജയാഹ്ലാദത്തോടെ അവൻ ഇങ്ങനെ പറഞ്ഞു: “യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്‌പന നിവർത്തിച്ചിരിക്കുന്നു.” എന്നാൽ, വ്യക്തമായ നിർദേശത്തിനു വിരുദ്ധമായി ശൗലും അവന്റെ ജനവും ആഗാഗ്‌ രാജാവിനെയും “ആടു, മാടു, തടിച്ചമൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും” പിടിച്ചുകൊണ്ടുവന്നു. തന്റെ പ്രവൃത്തി ന്യായീകരിച്ചുകൊണ്ട്‌ ശൗൽ പറഞ്ഞു: “ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു.”​—⁠1 ശമൂവേൽ 15:1-15.

10. ഏതു പാഠം മനസ്സിലാക്കുന്നതിൽ ശൗൽ പരാജയപ്പെട്ടു?

10 അപ്പോൾ ശമൂവേൽ ശൗലിനോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ കല്‌പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്‌.” (1 ശമൂവേൽ 15:22) ആ മൃഗങ്ങളെ കൊന്നുകളയണമെന്നു ദൈവം പറഞ്ഞിരുന്നതിനാൽ അവയെ ഉപയോഗിച്ചുള്ള യാഗം അവനു സ്വീകാര്യമായിരുന്നില്ല.

സകല കാര്യങ്ങളിലും അനുസരണമുള്ളവർ

11, 12. (എ) ദൈവത്തിനു പ്രസാദകരമായ വിധത്തിൽ അവനെ ആരാധിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ അവൻ എങ്ങനെ വീക്ഷിക്കുന്നു? (ബി) അനുസരണക്കേടു കാണിക്കുമ്പോഴും താൻ ദൈവേഷ്ടം നിറപടിയായി ചെയ്യുന്നുണ്ടെന്നു ചിന്തിച്ചുകൊണ്ട്‌ ഒരു വ്യക്തി തന്നെത്തന്നെ എങ്ങനെ വഞ്ചിച്ചേക്കാം?

11 തന്റെ വിശ്വസ്‌ത ജനം പീഡനത്തിന്മധ്യേയും ഉറച്ചുനിൽക്കുകയും മനുഷ്യരുടെ നിസ്സംഗത ഗണ്യമാക്കാതെ രാജ്യദൂതു ഘോഷിക്കുകയും ഉപജീവനത്തിനായി അധ്വാനിക്കുന്നതിനിടയിലും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നതായി കാണുമ്പോൾ യഹോവ എത്ര സന്തോഷിക്കുന്നെന്നോ! ആത്മീയമായി അതിപ്രധാനമായ അത്തരം കാര്യങ്ങളിൽ നാം അനുസരണം പ്രകടമാക്കുന്നത്‌ അവന്റെ ഹൃദയത്തിന്‌ ആനന്ദമാണ്‌! യഹോവയെ ആരാധിക്കുന്നതിനായി സ്‌നേഹപൂർവം നാം ചെയ്യുന്ന ശ്രമങ്ങളെ അവൻ അമൂല്യമായി കരുതുന്നു. സഹമനുഷ്യർ നമ്മുടെ കഠിനാധ്വാനം കാണാതിരുന്നേക്കാം, എന്നാൽ ആത്മാർഥതയോടെയുള്ള നമ്മുടെ എല്ലാ ത്യാഗങ്ങളും ദൈവം ശ്രദ്ധിക്കുകയും ഓർമയിൽ സൂക്ഷിക്കുകയും ചെയ്യുന്നു.​—⁠മത്തായി 6:⁠4.

12 ദൈവത്തിന്റെ പൂർണപ്രീതിക്കു പാത്രമാകാൻ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നാം അനുസരണമുള്ളവർ ആയിരിക്കേണ്ടതുണ്ട്‌. ദൈവാരാധനയോടുള്ള ബന്ധത്തിൽ ജീവിതത്തിന്റെ ചില മണ്ഡലങ്ങളിൽ മികച്ചുനിൽക്കുന്നിടത്തോളം, അവൻ ആവശ്യപ്പെടുന്ന മറ്റുചില കാര്യങ്ങൾ അവഗണിക്കാനാകുമെന്നു ചിന്തിച്ചുകൊണ്ട്‌ ഒരിക്കലും നാം നമ്മെത്തന്നെ വഞ്ചിക്കരുത്‌. ഉദാഹരണത്തിന്‌ ആരാധനയുടെ ഒരു ബാഹ്യപ്രകടനം കാഴ്‌ചവെക്കുന്നപക്ഷം, ശിക്ഷിക്കപ്പെടാതെ ലൈംഗിക അധാർമികതയിലോ ഗുരുതരമായ മറ്റു പ്രവൃത്തികളിലോ ഏർപ്പെടാനാകുമെന്ന്‌ ഒരു വ്യക്തി ചിന്തിച്ചേക്കാം. എന്തൊരു വിഡ്‌ഢിത്തമായിരിക്കും അത്‌!​—⁠ഗലാത്യർ 6:7, 8.

13. തനിച്ചായിരിക്കുമ്പോൾ യഹോവയോടുള്ള നമ്മുടെ അനുസരണം പരിശോധിക്കപ്പെട്ടേക്കാവുന്നത്‌ എങ്ങനെ?

13 അതുകൊണ്ട്‌ നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘സ്വകാര്യകാര്യങ്ങളെന്നു തോന്നിയേക്കാവുന്ന സംഗതികളിൽപ്പോലും അനുദിനം ഞാൻ യഹോവയെ അനുസരിക്കുന്നുണ്ടോ?’ യേശു ഇങ്ങനെ പറഞ്ഞു: “അത്യല്‌പത്തിൽ വിശ്വസ്‌തനായവൻ അധികത്തിലും വിശ്വസ്‌തൻ; അത്യല്‌പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.” (ലൂക്കൊസ്‌ 16:10) മറ്റുള്ളവർ നമ്മെ കാണാതിരിക്കുന്ന സന്ദർഭങ്ങളിൽപ്പോലും​—⁠ഉദാഹരണത്തിന്‌ ‘സ്വന്ത വീട്ടിൽ’ ആയിരിക്കുമ്പോൾപ്പോലും​—⁠നാം “നിഷ്‌കളങ്കഹൃദയത്തോടെ പെരുമാറു”ന്നുണ്ടോ? (സങ്കീർത്തനം 101:2) തീർച്ചയായും, വീട്ടിനുള്ളിലായിരിക്കുമ്പോൾ നമ്മുടെ നിഷ്‌കളങ്കത പരിശോധിക്കപ്പെട്ടേക്കാം. വീടുകളിൽ കമ്പ്യൂട്ടർ സാധാരണമായിരിക്കുന്ന പല നാടുകളിലും, ഏതാനും വിരൽസ്‌പർശങ്ങൾക്കുള്ളിൽ അശ്ലീല ചിത്രങ്ങളുടെ കെട്ടഴിക്കാൻ ആളുകൾക്കു കഴിയും. അധമമായ അത്തരം രംഗങ്ങൾ വീക്ഷിക്കാൻ മുമ്പൊക്കെ അവർ സിനിമാത്തീയേറ്ററുകളിലും മറ്റും ചെല്ലേണ്ടിയിരുന്നു. “സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി” എന്ന യേശുവിന്റെ വാക്കുകൾക്കു നാം മുഴുഹൃദയാ ശ്രദ്ധകൊടുക്കുമോ? അശ്ലീല ചിത്രങ്ങളിലേക്ക്‌ ഒന്നു നോക്കുകപോലും ചെയ്യാതിരിക്കാനുള്ള ദൃഢനിശ്ചയം നമുക്കുണ്ടോ? (മത്തായി 5:28; ഇയ്യോബ്‌ 31:1, 9, 10; സങ്കീർത്തനം 119:37; സദൃശവാക്യങ്ങൾ 6:24, 25; എഫെസ്യർ 5:3-5) അക്രമരംഗങ്ങൾ നിറഞ്ഞ ടിവി പരിപാടികളുടെ കാര്യമോ? “അക്രമം ഇഷ്ടപ്പെടുന്നവനെ . . . വെറുക്കുന്ന” നമ്മുടെ ദൈവത്തിന്റെ മനസ്സുതന്നെയാണോ നമുക്കുമുള്ളത്‌? (സങ്കീർത്തനം 11:5, പി.ഒ.സി. ബൈബിൾ) ആരുമില്ലാത്തപ്പോൾ കണക്കറ്റു മദ്യപിക്കുന്നതു സംബന്ധിച്ചെന്ത്‌? ബൈബിൾ മദ്യപാനത്തെ കുറ്റംവിധിക്കുന്നു; അതോടൊപ്പം, ക്രിസ്‌ത്യാനികൾ ‘വീഞ്ഞിന്‌ അടിമപ്പെടാത്തവരായിരിക്കണം’ എന്ന്‌ അത്‌ ഓർമിപ്പിക്കുകയും ചെയ്യുന്നു.​—⁠തീത്തൊസ്‌ 2:3; ലൂക്കൊസ്‌ 21:34, 35; 1 തിമൊഥെയൊസ്‌ 3:3.

14. സാമ്പത്തിക കാര്യങ്ങളിൽ ദൈവത്തോടുള്ള നമ്മുടെ അനുസരണം പരിശോധിക്കപ്പെട്ടേക്കാവുന്ന ചില മേഖലകൾ ഏവ?

14 നാം ശ്രദ്ധപാലിക്കേണ്ട മറ്റൊരു മണ്ഡലമാണ്‌ സാമ്പത്തിക ഇടപാടുകൾ. ഉദാഹരണത്തിന്‌ വഞ്ചനയും ചതിയും ഒളിഞ്ഞിരിക്കുന്നതും പെട്ടെന്നു പണമുണ്ടാക്കാൻ സഹായിക്കുന്നതുമായ പദ്ധതികൾക്കു നാം ചുക്കാൻപിടിക്കുമോ? നികുതി ഒഴിവാക്കാൻ നിയമവിരുദ്ധമായ മാർഗങ്ങൾ നാം തേടാറുണ്ടോ? അതോ “എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി” എന്നുള്ള കൽപ്പന മനസ്സാക്ഷിപൂർവം അനുസരിക്കുന്നവരാണോ നാം?​—⁠റോമർ 13:⁠7.

സ്‌നേഹത്താൽ പ്രചോദിതമായ അനുസരണം

15. നിങ്ങൾ യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 ദൈവിക പ്രമാണങ്ങളോടുള്ള അനുസരണം നമ്മുടെ നന്മയിൽ കലാശിക്കുന്നു. ഉദാഹരണത്തിന്‌ പുകയില ഒഴിവാക്കുന്നതും ധാർമികശുദ്ധിയുള്ള ജീവിതം നയിക്കുന്നതും രക്തത്തിന്റെ പവിത്രത മാനിക്കുന്നതുമെല്ലാം ചില രോഗങ്ങളിൽനിന്നു നമ്മെ സംരക്ഷിച്ചേക്കാം. മറ്റു മണ്ഡലങ്ങളിലും ബൈബിൾസത്യത്തിനു ചേർച്ചയിൽ ജീവിക്കുന്നത്‌, സാമ്പത്തികവും സാമൂഹികവും ഗാർഹികവുമായ പ്രയോജനങ്ങൾ കൈവരുത്തിയേക്കാം. (യെശയ്യാവു 48:17) അത്തരത്തിലുള്ള ഏതൊരു പ്രയോജനവും ദൈവനിയമങ്ങൾ എത്ര പ്രായോഗികമാണെന്നതിനുള്ള വ്യക്തമായ തെളിവായി വീക്ഷിക്കാവുന്നതാണ്‌. എങ്കിലും നാം യഹോവയെ അനുസരിക്കുന്നതിന്റെ പ്രധാന കാരണം നാം അവനെ സ്‌നേഹിക്കുന്നു എന്നതാണ്‌. സ്വാർഥാഭിലാഷങ്ങൾ നിമിത്തമല്ല നാം ദൈവത്തെ സേവിക്കുന്നത്‌. (ഇയ്യോബ്‌ 1:9-11; 2:4, 5) ആരെ അനുസരിക്കണമെന്നു തീരുമാനിക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യം ദൈവം മനുഷ്യനു നൽകിയിട്ടുണ്ട്‌. നമ്മുടെ തീരുമാനം യഹോവയെ അനുസരിക്കാനാണ്‌; എന്തെന്നാൽ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു, ശരിയായതു ചെയ്യാൻ നാം പ്രിയപ്പെടുന്നു.​—⁠റോമർ 6:16, 17; 1 യോഹന്നാൻ 5:⁠3.

16, 17. (എ) ദൈവത്തോടുള്ള ഉറ്റസ്‌നേഹം നിമിത്തം യേശു അവനോട്‌ അനുസരണം പ്രകടമാക്കിയത്‌ എങ്ങനെ? (ബി) നമുക്കെങ്ങനെ യേശുവിനെ അനുകരിക്കാം?

16 യഹോവയോടുള്ള ഉറ്റസ്‌നേഹം നിമിത്തം അവനോട്‌ അനുസരണം പ്രകടമാക്കിയതിന്റെ ഏറ്റവും നല്ല മാതൃകയാണ്‌ യേശു. (യോഹന്നാൻ 8:28, 29) ഭൂമിയിലായിരുന്നപ്പോൾ, “താൻ അനുഭവിച്ച കഷ്ടങ്ങളാൽ [അവൻ] അനുസരണം പഠിച്ചു.” (എബ്രായർ 5:8, 9) എങ്ങനെ? “തന്നെത്താൻ താഴ്‌ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു”കൊണ്ട്‌. (ഫിലിപ്പിയർ 2:7, 8) സ്വർഗത്തിൽ അവൻ അനുസരണമുള്ളവനായിരുന്നെങ്കിലും ഭൂമിയിലേക്കു വന്നപ്പോൾ ആ അനുസരണം കൂടുതലായി പരിശോധിക്കപ്പെട്ടു. തന്റെ ആത്മീയ സഹോദരങ്ങളുടെയും തന്നിൽ വിശ്വാസമർപ്പിക്കുന്ന മറ്റെല്ലാ മനുഷ്യരുടെയും മഹാപുരോഹിതനായി സേവിക്കാൻ എല്ലാംകൊണ്ടും അവൻ യോഗ്യനാണെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—⁠എബ്രായർ 4:15; 1 യോഹന്നാൻ 2:1, 2.

17 ഇക്കാര്യത്തിൽ നമ്മുടെ നിലപാട്‌ എന്താണ്‌? ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിനു മുൻഗണന നൽകുന്നതിൽ നമുക്ക്‌ യേശുവിനെ അനുകരിക്കാനാകും. (1 പത്രൊസ്‌ 2:21) യഹോവയുടെ കൽപ്പനകൾക്കു വിരുദ്ധമായി പ്രവർത്തിക്കാൻ സമ്മർദമുണ്ടാകുകയോ പ്രലോഭിപ്പിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽപ്പോലും അവയോടു പറ്റിനിൽക്കാൻ അവനോടുള്ള സ്‌നേഹം നമ്മെ പ്രചോദിപ്പിക്കുമ്പോൾ വ്യക്തികളെന്ന നിലയിൽ സംതൃപ്‌തി അനുഭവിക്കാൻ നമുക്കു കഴിയും. (റോമർ 7:18-20) അപൂർണരെങ്കിലും സത്യാരാധനയോടുള്ള ബന്ധത്തിൽ നേതൃത്വമെടുക്കുന്നവരുടെ മാർഗനിർദേശങ്ങൾ അനുസരിക്കാനുള്ള മനസ്സൊരുക്കം അതിൽപ്പെടുന്നു. (എബ്രായർ 13:17) സ്വകാര്യ ജീവിതത്തിൽ നാം ദിവ്യപ്രമാണങ്ങൾ അനുസരിക്കുന്നത്‌ യഹോവ വളരെ അമൂല്യമായി കാണുന്നു.

18, 19. ദൈവത്തോടുള്ള നമ്മുടെ ഹൃദയംഗമമായ അനുസരണം എന്തിൽ കലാശിക്കുന്നു?

18 ഇന്ന്‌ യഹോവയെ അനുസരിക്കുന്നതിൽ, പീഡനം സഹിച്ചുകൊണ്ട്‌ നിർമലത കാക്കുന്നത്‌ ഉൾപ്പെട്ടേക്കാം. (പ്രവൃത്തികൾ 5:29) പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള അവന്റെ കൽപ്പന അനുസരിക്കാനും നാം ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോളം സഹിച്ചുനിൽക്കേണ്ടത്‌ ആവശ്യമാണ്‌. (മത്തായി 24:13, 14; 28:19, 20) ലോകത്തിൽനിന്നുള്ള സമ്മർദം നമ്മെ ഭാരപ്പെടുത്തിയേക്കാം എന്നതിനാൽ ക്രിസ്‌തീയയോഗങ്ങളിൽ ക്രമമായി കൂടിവരുന്നതിനും സഹിഷ്‌ണുത ആവശ്യമാണ്‌. ഇക്കാര്യങ്ങളിലെല്ലാം അനുസരണമുള്ളവർ ആയിരിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ സ്‌നേഹവാനായ നമ്മുടെ ദൈവം കാണുന്നുണ്ട്‌. എങ്കിലും പൂർണമായി അനുസരണമുള്ളവർ ആയിരിക്കാൻ, നാം നമ്മുടെ പാപപ്രവണതകളോടു പോരാടുകയും ശരിയായ കാര്യങ്ങളോടു സ്‌നേഹം നട്ടുവളർത്തിക്കൊണ്ട്‌ തിന്മയായിട്ടുള്ള കാര്യങ്ങളിൽനിന്നു വിട്ടുനിൽക്കുകയും ചെയ്യണം.​—⁠റോമർ 12:⁠9.

19 സ്‌നേഹത്താലും വിലമതിപ്പുള്ള ഒരു ഹൃദയത്താലും പ്രചോദിതരായി നാം യഹോവയെ സേവിക്കുമ്പോൾ “തന്നെ അന്വേഷിക്കുന്നവർക്കു [അവൻ] പ്രതിഫലം കൊടുക്കുന്നു”വെന്നു നമുക്കു ബോധ്യമാകും. (എബ്രായർ 11:6) ഉചിതമായ യാഗങ്ങൾ അഭികാമ്യമാണ്‌, അവയ്‌ക്ക്‌ അവയുടേതായ സ്ഥാനവുമുണ്ട്‌. എന്നാൽ യഹോവയോടുള്ള സ്‌നേഹത്താൽ പ്രചോദിതമായ സമ്പൂർണ അനുസരണമാണ്‌ അവനെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്‌.​—⁠സദൃശവാക്യങ്ങൾ 3:1, 2.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• യഹോവയ്‌ക്കു നൽകാൻ എന്താണു നമുക്കുള്ളത്‌?

• ശൗൽ എന്തു തെറ്റുകൾ ചെയ്‌തു?

• അനുസരണം യാഗത്തെക്കാൾ ഉത്തമമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുവെന്നു എങ്ങനെ പ്രകടമാക്കാം?

• യഹോവയെ അനുസരിക്കാൻ നിങ്ങളെ എന്തു പ്രചോദിപ്പിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

നിർദേശങ്ങൾ അവഗണിക്കുന്ന ഒരു രോഗിയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ഡോക്ടർക്ക്‌ എന്തു തോന്നും?

[28-ാം പേജിലെ ചിത്രം]

ശൗൽ യഹോവയുടെ അപ്രീതിക്കു പാത്രമായതെങ്ങനെ?

[30-ാം പേജിലെ ചിത്രങ്ങൾ]

വീട്ടിൽ തനിച്ചായിരിക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നുണ്ടോ?