വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവർക്കായി കരുതുന്നതിൽ നിങ്ങൾ യഹോവയെ അനുകരിക്കുന്നുവോ?

മറ്റുള്ളവർക്കായി കരുതുന്നതിൽ നിങ്ങൾ യഹോവയെ അനുകരിക്കുന്നുവോ?

മറ്റുള്ളവർക്കായി കരുതുന്നതിൽ നിങ്ങൾ യഹോവയെ അനുകരിക്കുന്നുവോ?

“അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” (1 പത്രൊസ്‌ 5:7) എത്ര ആർദ്രത തുളുമ്പുന്ന വാക്കുകൾ! യഹോവയ്‌ക്ക്‌ തന്റെ ജനത്തോട്‌ വ്യക്തിപരമായ താത്‌പര്യമുണ്ട്‌. അവന്റെ കൈകളിൽ നമുക്ക്‌ സുരക്ഷിതത്വം തോന്നും.

മറ്റുള്ളവരോടുള്ള ബന്ധത്തിൽ നമ്മളും അതേ കരുതൽ വളർത്തിയെടുക്കാൻ പഠിക്കുകയും അതു പ്രകടിപ്പിക്കുകയും വേണം. മറ്റുള്ളവരോട്‌ വ്യക്തിപരമായ താത്‌പര്യം കാണിക്കുന്നതിൽ ചില അപകടങ്ങൾ പതിയിരിപ്പുണ്ട്‌; അപൂർണരായതിനാൽ അതു സംബന്ധിച്ച്‌ നാം ശ്രദ്ധയുള്ളവരായിരിക്കണം. അവയിൽ ചിലതിനെക്കുറിച്ചു ചിന്തിക്കുന്നതിനുമുമ്പ്‌ യഹോവ തന്റെ ജനത്തിനായി കരുതുന്ന ചില വിധങ്ങൾ നമുക്കു ശ്രദ്ധിക്കാം.

ഒരു ഇടയനെ ഉദാഹരണമായി ഉപയോഗിച്ചുകൊണ്ട്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ ദൈവത്തിന്റെ പരിപാലനയെ ഇങ്ങനെ വർണിച്ചു: “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്‌പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; . . . കൂരിരുൾതാഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ.”​—⁠സങ്കീർത്തനം 23:1-4.

ആട്ടിൻപറ്റത്തിനുവേണ്ടി കരുതുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ ഒരു ഇടയനെന്നനിലയിൽ ദാവീദിന്‌ അറിയാമായിരുന്നു. സിംഹം, ചെന്നായ്‌, കരടി തുടങ്ങിയവയിൽനിന്ന്‌ ഇടയൻ ആടുകളെ സംരക്ഷിക്കുന്നു. അദ്ദേഹം ആടുകൾ ചിതറിപ്പോകാതെ നോക്കുകയും കാണാതെപോയ ആടുകൾക്കായി തെരച്ചിൽ നടത്തുകയും അവശരായ ആടുകളെ എടുത്തുകൊണ്ടുപോകുകയും പരുക്കേറ്റ ആടുകളെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. ദിവസവും അവയുടെ ദാഹമകറ്റുന്നതും അദ്ദേഹമാണ്‌. ആടുകളുടെ ഓരോ ചലനങ്ങളുടെയും കടിഞ്ഞാൺ അദ്ദേഹത്തിന്റെ കയ്യിലാണെന്നല്ല അതിന്റെ അർഥം. ആടുകൾ സ്വതന്ത്രരാണ്‌; അതേസമയം സുരക്ഷിതരും.

യഹോവ തന്റെ ജനത്തിനായി കരുതുന്നതും അതുപോലെയാണ്‌. ‘നിങ്ങൾ ദൈവശക്തിയിൽ കാക്കപ്പെടുന്നു’ എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ പറയുകയുണ്ടായി. ഇവിടെ കൊടുത്തിരിക്കുന്ന ‘കാക്കപ്പെടുന്നു’ എന്ന പദത്തിന്റെ അക്ഷരാർഥം “നിരീക്ഷണത്തിലായിരിക്കുക” എന്നാണ്‌. (1 പത്രൊസ്‌ 1:​5, NW അടിക്കുറിപ്പ്‌) ആത്മാർഥമായ താത്‌പര്യം നിമിത്തം യഹോവ എല്ലായ്‌പോഴും നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌​—⁠ചോദിക്കേണ്ട താമസം, നമ്മെ സഹായിക്കാനുള്ള സന്നദ്ധതയോടെ. എന്നാൽ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്‌തിയോടെയാണ്‌ യഹോവ നമ്മെ സൃഷ്ടിച്ചത്‌. അതുകൊണ്ടുതന്നെ നമ്മുടെ ഓരോ പ്രവൃത്തികളിലും തീരുമാനങ്ങളിലും അവൻ ഇടപെടുന്നില്ല. ഇക്കാര്യത്തിൽ നമുക്കെങ്ങനെ യഹോവയെ അനുകരിക്കാം?

കുട്ടികൾക്കായി കരുതുന്നതിൽ

“മക്കൾ, യഹോവ നല്‌കുന്ന അവകാശ”മാണ്‌. അതുകൊണ്ട്‌ മാതാപിതാക്കൾ കുട്ടികളെ സംരക്ഷിക്കുകയും അവർക്കായി കരുതുകയും വേണം. (സങ്കീർത്തനം 127:3) അതിൽ, കുട്ടികളുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുന്നതും അവരോട്‌ ഇടപെടുമ്പോൾ അവ കണക്കിലെടുക്കുന്നതും ഉൾപ്പെട്ടേക്കാം. കുട്ടികളുടെ ഇഷ്ടങ്ങൾ പാടേ അവഗണിച്ചുകൊണ്ട്‌ അവരുടെ ഓരോ ചലനങ്ങളും നിയന്ത്രിക്കാൻ ശ്രമിക്കുന്നത്‌ ഇടയൻ ആടുകളെ കയർകെട്ടി നിയന്ത്രിക്കാൻ ശ്രമിക്കുന്നതുപോലെയാണ്‌. ഒരു ഇടയനും ആ വിധത്തിൽ ആടുകളെ പരിപാലിക്കില്ല; നമ്മോടുള്ള ബന്ധത്തിൽ യഹോവയും അങ്ങനെ ചെയ്യുന്നില്ല.

മാരീകോ * സമ്മതിച്ചു പറയുന്നു: “വർഷങ്ങളോളം ഞാൻ, ‘ഇങ്ങനെ ചെയ്യണം’ ‘അങ്ങനെ ചെയ്യരുത്‌’ എന്നൊക്കെ കുട്ടികളോടു പറഞ്ഞുകൊണ്ടിരുന്നു. അതൊരു അമ്മയുടെ കടമയാണെന്ന്‌ ഞാൻ വിശ്വസിച്ചു. ഞാൻ ഒരിക്കലും അവരെ അനുമോദിക്കുകയോ അവരുമായി അർഥവത്തായ ഒരു ആശയവിനിമയം നടത്തുകയോ ചെയ്‌തിരുന്നില്ല.” മാരീകോയുടെ മകൾ മണിക്കൂറുകളോളം കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുമായിരുന്നെങ്കിലും അമ്മയുമായുള്ള സംസാരം ഏതാനും വാക്കുകളിലൊതുങ്ങിയിരുന്നു. “ഞാൻ ആ വ്യത്യാസം തിരിച്ചറിഞ്ഞു. കൂട്ടുകാരോടു സംസാരിക്കുമ്പോൾ എന്റെ മകൾ ‘ഞാനും അതിനോടു യോജിക്കുന്നു,’ ‘എനിക്കും അങ്ങനെ തോന്നുന്നു’ എന്നൊക്കെ പറഞ്ഞുകൊണ്ട്‌ സമാനുഭാവം കാണിക്കുമായിരുന്നു. അവളുടെ മനസ്സറിയുന്നതിനായി ഞാനും അത്തരം പദപ്രയോഗങ്ങൾ ഉപയോഗിച്ചു. പെട്ടെന്നുതന്നെ ഞങ്ങൾ കൂടുതൽ സമയം സംസാരിക്കാൻ തുടങ്ങി, കൂടുതൽ ഹൃദ്യമായും,” മാരീകോ പറയുന്നു. നല്ല ആശയവിനിമയം എത്ര പ്രധാനമാണെന്നാണ്‌ ഇതു കാണിക്കുന്നത്‌; ഒരാൾ മാത്രം സംസാരിക്കുന്നതല്ല, മറിച്ച്‌ രണ്ടു കൂട്ടരും സംസാരിക്കുന്നതാണ്‌ മിക്കവാറും ഇതിൽ ഉൾപ്പെടുന്നത്‌.

മാതാപിതാക്കൾ കുട്ടികളുടെ മനസ്സറിയാൻ ശ്രമിക്കേണ്ടതുണ്ട്‌. എന്നാൽ മാതാപിതാക്കളുടെ പരിചരണം ഒരു സംരക്ഷണമായിരിക്കുന്നത്‌ എങ്ങനെയെന്ന്‌ കുട്ടികൾ മനസ്സിലാക്കണം. മാതാപിതാക്കളെ അനുസരിക്കാൻ കുട്ടികളെ ഉപദേശിച്ചിട്ട്‌ ബൈബിൾ അതിന്റെ കാരണം പറയുന്നു: ‘നിനക്കു നന്മയുണ്ടാകും; നീ ഭൂമിയിൽ ദീർഘായുസ്സോടെയിരിക്കും.’ (എഫെസ്യർ 6:​1-3) മാതാപിതാക്കളെ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച്‌ ബോധ്യമുള്ള കുട്ടികൾക്ക്‌ അത്‌ ഒരു ബുദ്ധിമുട്ടായിരിക്കില്ല.

യഹോവയുടെ ആടുകൾക്കായി കരുതുന്നതിൽ

ക്രിസ്‌തീയ സഭയിൽ യഹോവയുടെ സ്‌നേഹപുരസ്സരമായ പരിലാളന പ്രതിഫലിച്ചുകാണാം. സഭയുടെ ശിരസ്സായ യേശുക്രിസ്‌തു തന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കാൻ മൂപ്പന്മാരെ ഉദ്‌ബോധിപ്പിക്കുന്നു. (യോഹന്നാൻ 21:15-17) മേൽവിചാരകൻ എന്നതിന്റെ ഗ്രീക്കുപദം “ശ്രദ്ധാപൂർവം നിരീക്ഷിക്കുക” എന്നർഥമുള്ള ഒരു ക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്‌ എങ്ങനെ ചെയ്യണം എന്നതിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ പത്രൊസ്‌ മൂപ്പന്മാരോട്‌ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‌വിൻ.”​—⁠1 പത്രൊസ്‌ 5:2, 3.

അതേ, മൂപ്പന്മാരുടെ ഉത്തരവാദിത്വം ഇടയന്മാരുടേതിനു സമാനമാണ്‌. ക്രിസ്‌തീയ മൂപ്പന്മാർ, ആത്മീയമായി രോഗികളായിരിക്കുന്നവരെ പരിപാലിക്കുകയും അവരുടെ ജീവിതം നീതിനിഷ്‌ഠമായ നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ തക്കവണ്ണം സഹായിക്കുകയും ചെയ്യണം. സഭാപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗങ്ങൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യാനും സഭയിൽ ക്രമം നിലനിറുത്താനും ഉള്ള ഉത്തരവാദിത്വവും മൂപ്പന്മാരിൽ നിക്ഷിപ്‌തമാണ്‌.​—⁠1 കൊരിന്ത്യർ 14:33.

മേൽപ്രസ്‌താവിച്ച പത്രൊസിന്റെ വാക്കുകൾ ഒരപകടത്തിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു​—⁠മൂപ്പന്മാർ സഭകളുടെമേൽ “കർത്തൃത്വം നടത്തുന്ന”തിലേക്ക്‌. അതിൽ ഉൾപ്പെടുന്ന ഒരു സംഗതിയാണ്‌ അനാവശ്യനിയമങ്ങൾ വെക്കുന്നത്‌. ആടുകളെ പരിപാലിക്കുന്നതു സംബന്ധിച്ച ശക്തമായ ചുമതലാബോധം നിമിത്തം ഒരു മൂപ്പൻ അതിർവരമ്പുകൾ അതിലംഘിച്ചേക്കാം. പൗരസ്‌ത്യരാജ്യത്തെ ഒരു സഭയിലെ മൂപ്പന്മാർ, രാജ്യഹാളിൽവെച്ച്‌ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നതു സംബന്ധിച്ച്‌​—⁠ആരാദ്യം സംസാരിക്കണം എന്നതുപോലുള്ള​—⁠നിയമങ്ങൾ ഉണ്ടാക്കി; അത്തരം നിയമങ്ങൾ സഭയിൽ സമാധാനം ഉന്നമിപ്പിക്കും എന്നാണ്‌ അവർ കരുതിയത്‌. അതിനു പിന്നിലെ ഉദ്ദേശ്യം നല്ലതായിരുന്നു എന്നതിനു സംശയമില്ല; എന്നാൽ ഈ മൂപ്പന്മാർ, തന്റെ ജനത്തോടുള്ള യഹോവയുടെ കരുതൽ പ്രതിഫലിപ്പിക്കുകയായിരുന്നോ? പിൻവരുന്ന വാക്കുകളിൽ പ്രതിഫലിച്ചുകാണുന്ന അപ്പൊസ്‌തലനായ പൗലൊസിന്റെ മനോഭാവം ശ്രദ്ധേയമാണ്‌: “നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്‌ക്കുന്നുവല്ലോ.” (2 കൊരിന്ത്യർ 1:24) യഹോവയ്‌ക്ക്‌ തന്റെ ജനത്തിൽ വിശ്വാസമുണ്ട്‌.

തിരുവെഴുത്തധിഷ്‌ഠിതമല്ലാത്ത നിയമങ്ങൾ വെക്കുന്നതിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കുന്നതിനു പുറമേ, രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ വെളിപ്പെടുത്താതിരുന്നുകൊണ്ടും മൂപ്പന്മാർ ആത്മാർഥമായ കരുതൽ കാണിക്കുന്നു. “മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്‌” എന്ന ദിവ്യഉദ്‌ബോധനം അവർ മനസ്സിൽപ്പിടിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 25:⁠9.

അഭിഷിക്ത ക്രിസ്‌തീയ സഭയെ അപ്പൊസ്‌തലനായ പൗലൊസ്‌ മനുഷ്യശരീരത്തോട്‌ ഉപമിച്ചു: “ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.” (1 കൊരിന്ത്യർ 12:12, 24-26) ‘അന്യോന്യം ഒരുപോലെ കരുതുക’ എന്നതിനുള്ള ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം ‘അന്യോന്യം ചിന്തയുള്ളവരായിരിക്കണം’ എന്നാണ്‌. ക്രിസ്‌തീയ സഭയിലെ അംഗങ്ങൾ ഓരോരുത്തരിലും ആത്മാർഥമായ താത്‌പര്യം കാണിക്കണം.​—⁠ഫിലിപ്പിയർ 2:⁠4.

‘അന്യോന്യം ചിന്തയുള്ളവരാണെന്ന്‌’ സത്യക്രിസ്‌ത്യാനികൾക്ക്‌ പ്രകടമാക്കാനാകുന്നത്‌ എങ്ങനെയാണ്‌? സഭയിലെ അംഗങ്ങൾക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടും ആവശ്യമുള്ളവരെ പ്രായോഗികമായ വിധത്തിൽ സഹായിച്ചുകൊണ്ടും അവർക്കു കരുതൽ പ്രകടമാക്കാവുന്നതാണ്‌. ഇത്‌ മറ്റുള്ളവരിലെ നന്മ പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നു. അത്തരം കരുതൽ റ്റാഡാറ്റാകായെ സഹായിച്ചത്‌ എങ്ങനെയെന്നു നോക്കുക. 17-ാം വയസ്സിൽ സ്‌നാപനമേൽക്കുമ്പോൾ ആ കുടുംബത്തിൽ യഹോവയെ സേവിക്കുന്ന ഒരേയൊരു വ്യക്തിയായിരുന്നു റ്റാഡാറ്റാകാ. അദ്ദേഹം പറയുന്നു: “സഭയിലെ ഒരു കുടുംബം ഭക്ഷണത്തിനും കൂടിവരവുകൾക്കുമായി പലപ്പോഴും എന്നെ ക്ഷണിക്കുമായിരുന്നു. മിക്ക ദിവസങ്ങളിലും സ്‌കൂളിലേക്കു പോകുംവഴി രാവിലെ ഞാൻ അവരുടെ വീട്ടിൽ കയറി അവരോടൊപ്പം ദിനവാക്യം പരിചിന്തിക്കും. സ്‌കൂളിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ ആവശ്യമായ നിർദേശങ്ങൾ എനിക്കു ലഭിച്ചു; അതിനെക്കുറിച്ച്‌ ഞങ്ങൾ ഒത്തൊരുമിച്ചു പ്രാർഥിച്ചു. ഈ കുടുംബത്തിൽനിന്നാണ്‌ ഉദാരമനസ്‌കത ഞാൻ പഠിച്ചത്‌.” പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട്‌ റ്റാഡാറ്റാകാ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നു.

മറ്റുള്ളവരിൽ താത്‌പര്യം കാണിക്കുന്നതിനോടു ബന്ധപ്പെട്ട ഒരു പ്രത്യേക അപകടത്തെക്കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ മുന്നറിയിപ്പ്‌ നൽകി. “വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരി”ക്കുന്ന ചില സ്‌ത്രീകളെക്കുറിച്ച്‌ അവൻ പരാമർശിക്കുകയുണ്ടായി. (1 തിമൊഥെയൊസ്‌ 5:13) മറ്റുള്ളവരിൽ താത്‌പര്യം കാണിക്കുന്നത്‌ ഉചിതമാണെങ്കിലും അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്ന ഘട്ടത്തോളം പോകാതിരിക്കാൻ നാം ശ്രദ്ധിക്കണം. മറ്റുള്ളവരിലുള്ള അതിരുകവിഞ്ഞ താത്‌പര്യം വിമർശനാത്മകമായ അഭിപ്രായങ്ങൾ പറയുന്നതുപോലെ “അരുതാത്തതു സംസാരി”ക്കുന്നതിലേക്കു നയിച്ചേക്കാം.

വ്യക്തിപരമായ സംഗതികൾ എങ്ങനെ ക്രമീകരിക്കണം, എന്തു കഴിക്കണം, എങ്ങനെയുള്ള വിനോദം തിരഞ്ഞെടുക്കണം എന്നീ കാര്യങ്ങളിൽ ഓരോ ക്രിസ്‌ത്യാനികളും വ്യത്യസ്‌തരാണെന്നതു നാം മനസ്സിൽപ്പിടിക്കണം. ബൈബിൾതത്ത്വങ്ങളുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട്‌ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്‌. റോമിലെ ക്രിസ്‌ത്യാനികളെ പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നാം ഇനി അന്യോന്യം വിധിക്കരുതു . . . നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.” (റോമർ 14:13, 19) സഭയിലെ ഓരോരുത്തരോടും ആത്മാർഥമായ താത്‌പര്യം കാണിക്കേണ്ടത്‌ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിട്ടുകൊണ്ടല്ല, മറിച്ച്‌ സഹായിക്കാൻ സന്നദ്ധരായിരുന്നുകൊണ്ടായിരിക്കണം. ഈ വിധത്തിൽ പരസ്‌പരം കരുതൽ കാണിക്കുമ്പോൾ സ്‌നേഹവും ഐക്യവും തഴച്ചുവളരും​—⁠കുടുംബത്തിലും സഭയിലും.

[അടിക്കുറിപ്പ്‌]

^ ഖ. 9 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[19-ാം പേജിലെ ചിത്രം]

അനുമോദിക്കുകയും സമാനുഭാവം കാണിക്കുകയും ചെയ്‌തുകൊണ്ട്‌ കുട്ടികളുടെ മനസ്സറിയുക