വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാറിമറിയുന്ന സദാചാരത്തിന്റെ നിലയില്ലാക്കയത്തിൽ

മാറിമറിയുന്ന സദാചാരത്തിന്റെ നിലയില്ലാക്കയത്തിൽ

മാറിമറിയുന്ന സദാചാരത്തിന്റെ നിലയില്ലാക്കയത്തിൽ

പട്ടാപ്പകൽ റാന്തൽവിളക്കുമായി നടന്നു ധർമിഷ്‌ഠനായ ഒരാളെ കണ്ടെത്താൻ അദ്ദേഹം ഒരു വിഫലശ്രമം നടത്തിയതായി ഐതിഹ്യമുണ്ട്‌. ആരാണെന്നോ? പൊതുയുഗത്തിനു മുമ്പ്‌ നാലാം നൂറ്റാണ്ടിൽ ഏഥെൻസിൽ ജീവിച്ചിരുന്ന ഒരു തത്ത്വചിന്തകനായ ഡയോജനിസ്‌.

അത്‌ സത്യമാണോ അല്ലയോ എന്ന്‌ ഉറപ്പിച്ചു പറയാനാവില്ല. എങ്കിലും ഡയോജനിസ്‌ ഇന്ന്‌ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ, ധാർമിക നിഷ്‌ഠയുള്ളവരെ അന്വേഷിച്ചുകണ്ടെത്താൻ അദ്ദേഹത്തിന്‌ അന്നത്തെക്കാൾ തീവ്രമായൊരു ശ്രമം നടത്തേണ്ടിവന്നാൽ അതിൽ ആശ്ചര്യപ്പെടാനില്ല. പ്രത്യേകിച്ചൊരു ധാർമിക സംഹിതയുടെ ആവശ്യമൊന്നും ഇക്കാലത്തില്ല എന്നാണ്‌ പലരും കരുതുന്നതെന്നു തോന്നുന്നു. സ്വകാര്യ ജീവിതം, ഭരണം, തൊഴിൽ, സ്‌പോർട്‌സ്‌, ബിസിനസ്‌ എന്നീ മേഖലകളിലും മറ്റും നടമാടുന്ന ധാർമിക ച്യുതി മാധ്യമങ്ങൾ കൂടെക്കൂടെ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നില്ലേ? പഴമക്കാർ അമൂല്യമായി കണ്ടിരുന്ന ധാർമികതയ്‌ക്ക്‌ ഇന്ന്‌ പുല്ലുവില പോലുമില്ല. സ്ഥാപിത നിലവാരങ്ങൾ പുനർമൂല്യനിർണയം നടത്തി പലപ്പോഴും ചവറ്റുകൊട്ടയിൽ എറിയുന്നു. മറ്റു മൂല്യങ്ങൾ വാക്കുകളിൽ മാത്രമായി ഒതുങ്ങുന്നു.

“പൊതുവായ ധാർമിക നിലവാരങ്ങൾ ഉണ്ടായിരുന്ന ആ കാലമൊക്കെ പോയി” എന്ന്‌ മത-സാമൂഹിക ശാസ്‌ത്രജ്ഞനായ അലൻ വോൾഫ്‌ പറയുന്നു. അദ്ദേഹം ഇങ്ങനെയും അഭിപ്രായപ്പെട്ടു: “ധാർമികമായി തങ്ങളെ നയിക്കാൻ പാരമ്പര്യങ്ങളെയും നാട്ടുനടപ്പുകളെയും ആശ്രയിക്കാനാവില്ലെന്നു ചരിത്രത്തിൽ ഇന്നോളം പൊതുവെ മനുഷ്യർക്ക്‌ തോന്നിയിരുന്നില്ല.” മതത്തിന്റെയും സാർവത്രികമായ ധാർമിക നിയമങ്ങളുടെയും അപചയം ലോകം അക്രമത്തിലേക്കു നിപതിക്കുന്നതിൽ ഒരു പ്രമുഖ പങ്കുവഹിച്ചിട്ടുണ്ടെന്ന്‌ ജോനഥൻ ഗ്ലോവർ എന്ന തത്ത്വചിന്തകന്റെ വാക്കുകളെ പരാമർശിച്ചുകൊണ്ട്‌ കഴിഞ്ഞ 100 വർഷക്കാലത്തെക്കുറിച്ച്‌ ലോസാഞ്ചലസ്‌ ടൈംസ്‌ പറയുകയുണ്ടായി.

പൊതുവിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ധാർമികമൂല്യങ്ങൾ സംബന്ധിച്ച ഇത്തരം ആശയക്കുഴപ്പങ്ങളൊന്നും ഒരു ധാർമിക സംഹിതയ്‌ക്കായി അന്വേഷണം നടത്തുന്നതിൽനിന്നു ചിലരെ പിന്തിരിപ്പിച്ചിട്ടില്ല. “മുമ്പൊരിക്കലും ലോകം സദാചാരത്തെക്കുറിച്ച്‌ ഇത്രയധികം ഗൗരവമായി ചിന്തിച്ചിട്ടില്ല” എന്ന്‌ ഏതാനും വർഷംമുമ്പ്‌ യുനെസ്‌കോയുടെ മുൻ ഡയറക്ടർ ജനറലായ ഫേഡേറിക്കോ മായോർ പ്രസ്‌താവിക്കുകയുണ്ടായി. ശരിയായ ധാർമിക മൂല്യങ്ങൾ കൈക്കൊള്ളാനുള്ള ലോകത്തിന്റെ പരാജയം, നമുക്കു സ്വീകരിക്കാനാകുന്നതും നാം സ്വീകരിക്കേണ്ടതുമായ ധാർമിക മൂല്യങ്ങളില്ലെന്ന്‌ അർഥമാക്കുന്നില്ല.

എന്നാൽ ഏതു നിലവാരങ്ങൾ സ്വീകരിക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും പൊതുവായ ഒരു ധാരണയിൽ എത്താനാകുമോ? തീർച്ചയായും ഇല്ല. ശരിയും തെറ്റും സംബന്ധിച്ച്‌ സർവസമ്മതമായ നിലവാരങ്ങൾ ഇല്ലെങ്കിൽ സദാചാരമൂല്യങ്ങളെ എങ്ങനെയാണു വിലയിരുത്താനാകുക? അത്തരം ആപേക്ഷികധാർമികത (moral relativism) ഇന്ന്‌ വളരെ വ്യാപകമാണ്‌. എങ്കിലും ഈ ചിന്താഗതി പൊതുവിലുള്ള ധാർമികതയെ ഉന്നമിപ്പിച്ചിട്ടില്ല എന്നു നിങ്ങൾക്കുതന്നെ അറിയാം.

ആപേക്ഷികധാർമികത എന്ന തത്ത്വശാസ്‌ത്രം, 20-ാം നൂറ്റാണ്ടിന്റെ പിറവിക്കു മുമ്പു നിലവിലിരുന്നതായി കാണപ്പെട്ട “വ്യവസ്ഥാപിതവും വസ്‌തുനിഷ്‌ഠവുമായ സദാചാര സംഹിതയോട്‌ ഓരോ വ്യക്തിക്കുമുള്ള കടപ്പാടിന്റെയും ഉത്തരവാദിത്വബോധത്തിന്റെയും . . . അടിത്തറയിളക്കുന്നതിൽ” പങ്കുവഹിച്ചിരിക്കുന്നുവെന്നാണ്‌ ബ്രിട്ടിഷ്‌ ചരിത്രകാരനായ പോൾ ജോൺസൺ ഉറച്ചുവിശ്വസിക്കുന്നത്‌.

ആ സ്ഥിതിക്ക്‌, ‘വസ്‌തുനിഷ്‌ഠമായ ഒരു സദാചാര സംഹിത’ കണ്ടെത്താനോ ‘സാർവത്രികമായ ധാർമിക നിയമങ്ങൾ’ അനുസരിച്ച്‌ ജീവിക്കാനോ സാധിക്കുമോ? നമ്മുടെ ജീവിതത്തിന്‌ സ്ഥിരത നൽകാനും ശോഭനഭാവി വെച്ചുനീട്ടാനും കഴിവുള്ള കാലാതീതമായ, മാറ്റമില്ലാത്ത മൂല്യങ്ങൾ പ്രദാനം ചെയ്യാൻ പ്രാപ്‌തിയുള്ള ആധികാരികമായ ഒരു ഉറവിടം ഉണ്ടോ? ഉത്തരങ്ങൾക്കായി തുടർന്നു വായിക്കുക.