വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യരുത്‌’

‘ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യരുത്‌’

‘ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യരുത്‌’

“തിന്മെക്കു പകരം, തിന്മ ചെയ്യരുത്‌; എല്ലാവരുടെയും ദൃഷ്ടിയിൽ ശ്രേഷ്‌ഠമായതു പ്രവർത്തിക്കാൻ ശ്രദ്ധിക്കുവിൻ.”​—⁠റോമർ 12:​17, പി.ഒ.സി. ബൈബിൾ.

1. ഏതു പ്രവണത ഇന്നു സാധാരണമാണ്‌?

ഒരു കുട്ടിയെ അവന്റെ കൂട്ടുകാരനൊന്നു പിടിച്ചുതള്ളിയാൽ തിരിച്ചു തള്ളാനായിരിക്കും സ്വാഭാവികമായും അവൻ ആദ്യം ശ്രമിക്കുക. നിർഭാഗ്യവശാൽ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന സ്വഭാവം കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. മുതിർന്ന പല ആളുകളും അതുതന്നെയാണു ചെയ്യുന്നത്‌, ആരെങ്കിലും പ്രകോപിപ്പിച്ചാൽ അതിനു ചുട്ട മറുപടി കൊടുക്കാതെ അവർക്ക്‌ ഉറക്കംവരില്ല. മുതിർന്നു കഴിഞ്ഞാൽ മിക്കവരും ശാരീരികമായി ആരെയും ഉപദ്രവിച്ചെന്നു വരില്ല, എന്നാൽ അവർ ‘തിരിച്ചടിക്കാൻ’ മറ്റു വഴികൾ തേടും. ഒന്നുകിൽ ഉപദ്രവിച്ച ആളെക്കുറിച്ച്‌ അപവാദം പറഞ്ഞു പരത്തും, അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ അയാളെ ഉപദ്രവിക്കാനുള്ള മാർഗം കണ്ടെത്തും. എന്തു ചെയ്‌താലും ഉദ്ദേശ്യം ഒന്നുതന്നെയാണ്‌​—⁠പകരംവീട്ടുക അല്ലെങ്കിൽ പ്രതികാരം ചെയ്യുക.

2. (എ) പ്രതികാരം ചെയ്യുന്നതിൽനിന്നു സത്യക്രിസ്‌ത്യാനികൾ എന്തുകൊണ്ടു വിട്ടുനിൽക്കുന്നു? (ബി) ഏതെല്ലാം ചോദ്യങ്ങളും ബൈബിളിന്റെ ഏത്‌ അധ്യായവും നാം പരിചിന്തിക്കും?

2 പ്രതികാരം ചെയ്യാനുള്ള ഉൾപ്രേരണ ശക്തമായിരുന്നേക്കാമെങ്കിലും അതിനു വഴിപ്പെടാതിരിക്കാൻ സത്യക്രിസ്‌ത്യാനികൾ അങ്ങേയറ്റം ശ്രദ്ധിക്കുന്നു. പകരം “തിന്മെക്കു പകരം തിന്മ ചെയ്യരുത്‌” എന്ന അപ്പൊസ്‌തലനായ പൗലൊസിന്റെ ഉപദേശം അവർ ചെവിക്കൊള്ളുന്നു. (റോമർ 12:17) ഈ ഉയർന്ന നിലവാരത്തിന്‌ അനുസൃതമായി ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതെന്താണ്‌? നാം ആരോടു പ്രതികാരം ചെയ്യരുത്‌? അങ്ങനെ ചെയ്യാതിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കയാണ്‌? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുന്നതിനായി ഏതു സാഹചര്യത്തിലാണ്‌ പൗലൊസ്‌ ഈ വാക്കുകൾ പറഞ്ഞതെന്നും, പ്രതികാരം ചെയ്യാതിരിക്കുന്നത്‌ ശരിയായ, സ്‌നേഹപൂർവകമായ, വിനയത്തിന്റേതായ വഴിയാണെന്ന്‌ റോമർ 12-ാം അധ്യായം കാണിച്ചുതരുന്നത്‌ എങ്ങനെയെന്നും നോക്കാം. ഈ മൂന്നു കാര്യങ്ങളും നമുക്കോരോന്നായി പരിശോധിക്കാം.

‘ആകയാൽ ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു’

3, 4. (എ) റോമർ 12-ാം അധ്യായം മുതൽ പൗലൊസ്‌ ചർച്ച ചെയ്യുന്നത്‌ എന്താണ്‌, “ആകയാൽ” എന്ന വാക്ക്‌ അവൻ ഉപയോഗിച്ചിരിക്കുന്നതിന്റെ പ്രാധാന്യമെന്ത്‌? (ബി) റോമിലുണ്ടായിരുന്ന ക്രിസ്‌ത്യാനികളെ ദൈവത്തിന്റെ കാരുണ്യം എങ്ങനെ സ്വാധീനിക്കേണ്ടിയിരുന്നു?

3 ഒരു ക്രിസ്‌ത്യാനിയുടെ ജീവിതത്തെ സ്വാധീനിക്കുന്ന പരസ്‌പര ബന്ധമുള്ള നാലു കാര്യങ്ങൾ 12-ാം അധ്യായം മുതൽ പൗലൊസ്‌ ചർച്ച ചെയ്യുന്നു. യഹോവയുമായും സഹവിശ്വാസികളുമായും അവിശ്വാസികളുമായും ഭരണാധികാരികളുമായും ഉള്ള നമ്മുടെ ബന്ധത്തെക്കുറിച്ചാണ്‌ അവൻ ചർച്ച ചെയ്യുന്നത്‌. റോമർ 12:​1-ൽ, (പി.ഒ.സി.) “ആകയാൽ സഹോദരരെ ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു” എന്നു പറയുമ്പോൾ, പ്രതികാരം ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള തെറ്റായ ചായ്‌വുകളെ ചെറുക്കുന്നതിനു തക്കതായ ഒരു കാരണമുണ്ടെന്ന്‌ പൗലൊസ്‌ ചൂണ്ടിക്കാണിക്കുകയാണു ചെയ്യുന്നത്‌. “ഇതുവരെ ചർച്ച ചെയ്‌തതിന്റെ വീക്ഷണത്തിൽ” എന്നർഥം വരുന്ന “ആകയാൽ” എന്ന വാക്ക്‌ ഇവിടെ ശ്രദ്ധേയമാണ്‌. ഫലത്തിൽ പൗലൊസ്‌ പറയുന്നത്‌, ‘ഞാൻ ഇപ്പോൾ വിശദീകരിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ, ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യണമെന്ന്‌ ഞാൻ അപേക്ഷിക്കുന്നു” എന്നാണ്‌. അങ്ങനെയെങ്കിൽ, റോമിലെ ആ ക്രിസ്‌ത്യാനികളോടു പൗലൊസ്‌ അതുവരെ വിശദീകരിച്ചത്‌ എന്താണ്‌?

4 റോമർക്കുള്ള ലേഖനത്തിലെ ആദ്യത്തെ 11 അധ്യായങ്ങളിൽ, ദൈവരാജ്യത്തിൽ ക്രിസ്‌തുവിന്റെ സഹഭരണാധികാരികൾ ആയിരിക്കാനുള്ള മഹത്തായ അവസരം​—⁠സ്വാഭാവിക ഇസ്രായേൽ നഷ്ടപ്പെടുത്തിയ അവസരം​—⁠യഹൂദർക്കും വിജാതീയർക്കും തുറന്നു കിട്ടിയതിനെക്കുറിച്ചാണ്‌ അവൻ ചർച്ചചെയ്‌തത്‌. (റോമർ 11:13-36) ഈ അമൂല്യപദവി ലഭിക്കുന്നത്‌ “ദൈവത്തിന്റെ കാരുണ്യം” ഒന്നുകൊണ്ടു മാത്രമാണ്‌. ദൈവത്തിന്റെ ഈ എന്തെന്നില്ലാത്ത അനർഹദയയോടു ക്രിസ്‌ത്യാനികൾ എങ്ങനെ പ്രതികരിക്കണമായിരുന്നു? “നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ” എന്ന പൗലൊസിന്റെ ഉപദേശം അനുസരിക്കാനാകുംവിധം അവരുടെ ഹൃദയങ്ങൾ അകൈതവമായ നന്ദികൊണ്ടു നിറയണമായിരുന്നു. (റോമർ 12:1) എന്നാൽ ആ ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെയാണു തങ്ങളെത്തന്നെ “യാഗമായി” ദൈവത്തിനു സമർപ്പിക്കാൻ സാധിക്കുമായിരുന്നത്‌?

5. (എ) ഒരു വ്യക്തിക്ക്‌ എങ്ങനെ തന്നെത്തന്നെ ഒരു “യാഗമായി” ദൈവത്തിനു അർപ്പിക്കാം? (ബി) ഏതു തത്ത്വമാണ്‌ ഒരു ക്രിസ്‌ത്യാനിയുടെ പെരുമാറ്റത്തെ സ്വാധീനിക്കേണ്ടത്‌?

5 പൗലൊസ്‌ തുടർന്നു വിശദീകരിക്കുന്നു. “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2) ലോകത്തിന്റെ ചിന്തകളാൽ സ്വാധീനിക്കപ്പെടാതെ അവർ തങ്ങളുടെ മനസ്സുകളെ ക്രിസ്‌തുവിന്റെ ചിന്തകളുമായി അനുരൂപപ്പെടുത്തേണ്ടത്‌ ഉണ്ടായിരുന്നു. (1 കൊരിന്ത്യർ 2:16; ഫിലിപ്പിയർ 2:5) ഈ തത്ത്വം തന്നെയാണ്‌ നാം ഉൾപ്പെടെയുള്ള എല്ലാ ക്രിസ്‌ത്യാനികളുടെയും പെരുമാറ്റത്തെ സ്വാധീനിക്കേണ്ടത്‌.

6. റോമർ 12:​1, 2-ൽ പൗലൊസ്‌ പറയുന്നത്‌ അനുസരിച്ച്‌, പ്രതികാരം ചെയ്യുന്നതിൽനിന്നു നമ്മെ തടയുന്നതെന്ത്‌?

6 റോമർ 12:​1, 2-ലെ പൗലൊസിന്റെ വാദഗതി പ്രതികാരം ചെയ്യുന്നതിൽനിന്നു നമ്മെ തടയുന്നത്‌ എങ്ങനെ? ദൈവം പലവിധങ്ങളിൽ നമ്മോടു കാണിച്ചിട്ടുള്ളതും ഇപ്പോഴും ദിവസേനയെന്നോണം കാണിക്കുന്നതുമായ കാരുണ്യത്തിനു റോമിലെ ആ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളെപ്പോലെ നാമും അവനോട്‌ ഉള്ളഴിഞ്ഞ നന്ദിയുള്ളവരാണ്‌. ആകയാൽ നമ്മുടെ മുഴുവൻ ശക്തിയും ആസ്‌തികളും പ്രാപ്‌തികളും ഉപയോഗിച്ചുകൊണ്ട്‌ ദൈവത്തെ സേവിക്കാൻ നാം ആഗ്രഹിക്കും. ഹൃദയംഗമമായ ഈ ആഗ്രഹം, ലോകത്തിന്‌ അനുരൂപമായി ചിന്തിക്കാതെ ക്രിസ്‌തുവിനെപ്പോലെ ചിന്തിക്കാൻ നമുക്കു പ്രചോദനമേകും. ക്രിസ്‌തുവിന്റെ ഈ മനോഭാവം സഹവിശ്വാസികളോടും അവിശ്വാസികളോടുമുള്ള നമ്മുടെ പെരുമാറ്റത്തിൽ നിഴലിക്കുകയും ചെയ്യും. (ഗലാത്യർ 5:25) ഉദാഹരണത്തിന്‌ നാം ക്രിസ്‌തുവിനെപ്പോലെ ചിന്തിക്കുന്നെങ്കിൽ, പ്രതികാരം ചെയ്യാനുള്ള ഉൾപ്രേരണയെ നാം തടുക്കും.​—⁠1 പത്രൊസ്‌ 2:21-23.

“സ്‌നേഹം നിർവ്യാജം ആയിരിക്കട്ടെ”

7. ഏതു തരത്തിലുള്ള സ്‌നേഹമാണു റോമർ 12-ാം അധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നത്‌?

7 പ്രതികാരം ചെയ്യാതിരിക്കുന്നതാണു ശരിയായ കാര്യം, അതാണു സ്‌നേഹത്തിന്റെ മാർഗവും. പൗലൊസ്‌ ഇപ്പോൾ സ്‌നേഹത്തെക്കുറിച്ച്‌ എന്താണു പറയുന്നതെന്നു നോക്കാം. റോമർക്കുള്ള ലേഖനത്തിൽ ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും സ്‌നേഹത്തെക്കുറിച്ച്‌ സംസാരിക്കുമ്പോൾ പൗലൊസ്‌ “സ്‌നേഹം” (ഗ്രീക്കിൽ അഗാപെ) എന്ന വാക്കു പലതവണ ഉപയോഗിച്ചു. (റോമർ 5:5, 8; 8:35, 39) എന്നിരുന്നാലും 12-ാം അധ്യായത്തിൽ പൗലൊസ്‌ അഗാപെ മറ്റൊരു വിധത്തിലാണ്‌ ഉപയോഗിച്ചത്‌​—⁠സഹമനുഷ്യരോടു സ്‌നേഹം കാണിക്കുന്നതിനോടുള്ള ബന്ധത്തിൽ. ചിലർക്ക്‌ ആത്മീയവരങ്ങൾ ഉണ്ടെന്നും അവ വ്യത്യസ്‌തങ്ങളാണെന്നും സൂചിപ്പിച്ചതിനുശേഷം പൗലൊസ്‌ എല്ലാ ക്രിസ്‌ത്യാനികളും വളർത്തിയെടുക്കേണ്ട ഒരു ഗുണത്തെപ്പറ്റി പ്രതിപാദിച്ചു. അവൻ പറഞ്ഞു: “സ്‌നേഹം നിർവ്യാജം ആയിരിക്കട്ടെ.” (റോമർ 12:4-9) മറ്റുള്ളവരോടുള്ള സ്‌നേഹം സത്യക്രിസ്‌ത്യാനികളുടെ മുഖമുദ്രയാണ്‌. (മർക്കൊസ്‌ 12:28-31) ക്രിസ്‌ത്യാനികളായ നമ്മുടെ സ്‌നേഹം നിർവ്യാജമാണെന്ന്‌ ഉറപ്പുവരുത്താൻ പൗലൊസ്‌ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

8. നിർവ്യാജ സ്‌നേഹം എങ്ങനെ പ്രകടിപ്പിക്കാനാകും?

8 “തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ” എന്നു പറഞ്ഞപ്പോൾ നിർവ്യാജ സ്‌നേഹം എങ്ങനെ കാണിക്കാനാകും എന്നു പറയുക ആയിരുന്നു പൗലൊസ്‌. (റോമർ 12:9) ‘വെറുപ്പ്‌,’ ‘പറ്റിക്കൊള്ളുക,’ ഇതു രണ്ടും വളരെ ശക്തമായ വാക്കുകളാണ്‌. തിന്മയുടെ ഭവിഷ്യത്തുകളെമാത്രമല്ല തിന്മയെത്തന്നെ നാം വെറുക്കണം. (സങ്കീർത്തനം 97:10) ‘പറ്റിക്കൊള്ളുക’ എന്നു പരിഭാഷപ്പെടുത്തുന്ന ഗ്രീക്കു വാക്കിന്റെ അർഥം “പശപോലെ ഒട്ടിപ്പിടിക്കുക” എന്നാണ്‌. നിർവ്യാജ സ്‌നേഹമുള്ള ഒരു ക്രിസ്‌ത്യാനിയുടെ വ്യക്തിത്വത്തിൽ നന്മയെന്ന ഗുണം പശപോലെ ഒട്ടിപ്പിടിച്ചിരിക്കും, അത്‌ അവനിൽനിന്ന്‌ അടർത്തിമാറ്റാൻ സാധിക്കില്ല.

9. ആവർത്തിച്ചാവർത്തിച്ച്‌ ഏതു ബുദ്ധിയുപദേശമാണു പൗലൊസ്‌ നൽകുന്നത്‌?

9 സ്‌നേഹം ഒരു സവിശേഷമായ വിധത്തിൽ കാണിക്കാനാകുമെന്നു പൗലൊസ്‌ ആവർത്തിച്ചു പ്രസ്‌താവിക്കുകയുണ്ടായി. അവൻ എഴുതി: “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.” ‘ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യരുത്‌.’ ‘പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യരുത്‌.’ “തിന്മയോടു തോല്‌ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.” (റോമർ 12:14, 17-19, 21) അവിശ്വാസികളോട്‌, എന്തിന്‌ നമ്മെ ഉപദ്രവിക്കുന്നവരോടുപോലും എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ പൗലൊസ്‌ യാതൊരു സംശയവും അവശേഷിപ്പിക്കുന്നില്ല.

“നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ”

10. നമ്മെ ഉപദ്രവിക്കുന്നവരെ ഏതു വിധത്തിൽ നമുക്ക്‌ അനുഗ്രഹിക്കാനാകും?

10 “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ” എന്ന പൗലൊസിന്റെ ഉപദേശം നമുക്കെങ്ങനെ അനുസരിക്കാനാകും? (റോമർ 12:14) യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.” (മത്തായി 5:44; ലൂക്കൊസ്‌ 6:27, 28) അതുകൊണ്ടു നമ്മെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കാനാകുന്ന ഒരു വിധം അവർക്കുവേണ്ടി പ്രാർഥിക്കുന്നതാണ്‌. അജ്ഞതമൂലമാണ്‌ അവർ നമ്മെ എതിർക്കുന്നതെങ്കിൽ, സത്യം കാണാൻ അവരെ സഹായിക്കണമേയെന്നു നാം യഹോവയോട്‌ അപേക്ഷിക്കുന്നു. (2 കൊരിന്ത്യർ 4:4) നമ്മെ ഉപദ്രവിക്കുന്നുവരെ അനുഗ്രഹിക്കണമെന്നു ദൈവത്തോടു പ്രാർഥിക്കുന്നത്‌ ഒരു അസാധാരണ സംഗതിയാണെന്നു തോന്നിയേക്കാം. എന്നിരുന്നാലും, ക്രിസ്‌തുവിന്റെ ചിന്തകളുമായി നമ്മുടെ ചിന്തകൾ എത്രത്തോളം അനുരൂപപ്പെടുന്നുവോ അത്രത്തോളം നമുക്കു നമ്മുടെ ശത്രുക്കളെ സ്‌നേഹിക്കാൻ സാധിക്കും. (ലൂക്കൊസ്‌ 23:34) ഇത്തരം സ്‌നേഹം പ്രകടമാക്കുന്നതിന്റെ ഫലമെന്തായിരിക്കും?

11. (എ) സ്‌തെഫാനൊസിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും? (ബി) പൗലൊസിന്റെ ജീവിതം കാണിച്ചുതരുന്നതുപോലെ നമ്മെ ഉപദ്രവിക്കുന്ന ചിലർക്ക്‌ എന്തു മാറ്റം ഉണ്ടായേക്കാം?

11 തന്നെ ഉപദ്രവിച്ചവർക്കുവേണ്ടി പ്രാർഥിച്ച ഒരാളായിരുന്നു സ്‌തെഫാനൊസ്‌, അവന്റെ പ്രാർഥനയൊട്ടു പാഴായതുമില്ല. പൊതുയുഗം 33-ലെ പെന്തക്കൊസ്‌തിനുശേഷം ഏറെത്താമസിയാതെ സ്‌തെഫാനൊസിനെ ക്രിസ്‌തീയ സഭയുടെ എതിരാളികൾ അറസ്റ്റു ചെയ്യുകയും യെരൂശലേമിനു പുറത്തുകൊണ്ടുപോയി കല്ലെറിയുകയും ചെയ്‌തു. മരിക്കുന്നതിനു മുമ്പ്‌ അവൻ ഉറക്കെ നിലവിളിച്ചു പ്രാർഥിച്ചു: “കർത്താവേ, അവർക്കു ഈ പാപം, നിറുത്തരുതേ.” (പ്രവൃത്തികൾ 7:58–8:1) സ്‌തെഫാനൊസ്‌ ആർക്കൊക്കെ വേണ്ടിയാണോ പ്രാർഥിച്ചത്‌ അവരിലൊരാൾ അവന്റെ കൊലപാതകത്തിനു അംഗീകാരം നൽകുകയും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്‌ത ശൗൽ ആയിരുന്നു. പിന്നീട്‌, പുനരുത്ഥാനം പ്രാപിച്ച യേശു ശൗലിനു പ്രത്യക്ഷനായി. യേശുവിന്റെ ശിഷ്യനായിത്തീർന്ന ഈ മുൻ പ്രതിയോഗി പിന്നീട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എന്ന്‌ അറിയപ്പെട്ടു. അവനാണു റോമർക്കുള്ള ലേഖനം എഴുതിയത്‌. (പ്രവൃത്തികൾ 26:12-18) സ്‌തെഫാനൊസിന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ, ക്രിസ്‌ത്യാനികളെ ഉപദ്രവിച്ചു എന്ന പൗലൊസിന്റെ പാപം യഹോവ ക്ഷമിച്ചു. (1 തിമൊഥെയൊസ്‌ 1:12-16) “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ” എന്നു പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചതിൽ തെല്ലും അതിശയിക്കേണ്ടതില്ല! ക്രിസ്‌ത്യാനികളെ ഉപദ്രവിക്കുന്ന ചിലരെങ്കിലും കാലാന്തരത്തിൽ ദൈവദാസരായി തീരാനിടയുണ്ടെന്ന്‌ സ്വന്തം അനുഭവത്തിൽനിന്നു പൗലൊസിനു നന്നായി അറിയാമായിരുന്നു. അതുപോലെ, ഇക്കാലത്തും യഹോവയുടെ ദാസരുടെ സമാധാനം ഉന്നമിപ്പിക്കുന്ന വിധത്തിലുള്ള പെരുമാറ്റം ഹേതുവായി ചില പ്രതിയോഗികൾ ദൈവദാസരായിത്തീർന്നിട്ടുണ്ട്‌.

“സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ”

12. റോമർ 12:​17-ലെ പ്രസ്‌താവന 9-ാം വാക്യത്തിലെ പ്രസ്‌താവനയുമായി ചേർച്ചയിൽ ആയിരിക്കുന്നത്‌ എങ്ങനെ?

12 വിശ്വാസികളോടും അവിശ്വാസികളോടും എങ്ങനെ ഇടപെടണം എന്ന്‌ പൗലൊസ്‌ അടുത്തതായി നമ്മെ ഉപദേശിക്കുന്നു: “തിന്മെക്കു പകരം, തിന്മ ചെയ്യരുത്‌.” “തീയതിനെ വെറുക്കുക” എന്ന്‌ അവൻ നേരത്തെ പറഞ്ഞതിനു ചേർച്ചയിലുള്ള ഒരു പ്രസ്‌താവനയാണിത്‌. (റോമർ 12:​9) പ്രതികാരം ചെയ്യാനായി ദുഷ്ടമാർഗം അവലംബിക്കുന്ന ഒരാൾക്ക്‌ താൻ ശരിക്കും തിന്മയെ വെറുക്കുന്നുവെന്ന്‌ എങ്ങനെ പറയാനാകും? അങ്ങനെ ചെയ്യുന്നത്‌ ‘നിർവ്യാജ സ്‌നേഹ’മല്ല, അതിന്റെ നേർവിപരീതമാണ്‌. തുടർന്ന്‌ പൗലൊസ്‌ പറയുന്നു: “എല്ലാവരുടെയും ദൃഷ്ടിയിൽ ശ്രേഷ്‌ഠമായതു പ്രവർത്തിക്കാൻ ശ്രദ്ധിക്കുവിൻ.” (റോമർ 12:​ 17,  പി.ഒ.സി.) ഇതു നമുക്കെങ്ങനെ ബാധകമാക്കാം?

13. “എല്ലാവരുടെയും ദൃഷ്ടിയിൽ” നമ്മുടെ നടപ്പ്‌ എങ്ങനെയുള്ളതായിരിക്കണം?

13 മുമ്പ്‌ കൊരിന്ത്യർക്ക്‌ എഴുതിയപ്പോൾ അപ്പൊസ്‌തലന്മാർ നേരിടേണ്ടിവന്ന ഉപദ്രവങ്ങളെക്കുറിച്ച്‌ പൗലൊസ്‌ പരാമർശിച്ചിരുന്നു. അവൻ പറഞ്ഞു: “ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്‌ചയായി തീർന്നിരിക്കയാൽ . . . ശകാരം കേട്ടിട്ടു ആശീർവ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.” (1 കൊരിന്ത്യർ 4:9-13) അതുപോലെ ഇന്നും, ലോകത്തിലുള്ള ആളുകൾ സത്യക്രിസ്‌ത്യാനികളെ നിരീക്ഷിക്കുന്നുണ്ട്‌. അന്യായം സഹിക്കുമ്പോൾപ്പോലും നാം ചെയ്യുന്ന നല്ല പ്രവൃത്തികൾ, നമ്മുടെ ക്രിസ്‌തീയ സന്ദേശത്തോട്‌ അനുകൂലമായി പ്രതികരിക്കാൻ നമുക്കു ചുറ്റുമുള്ളവരെ പ്രേരിപ്പിച്ചേക്കും.​—⁠1 പത്രൊസ്‌ 2:12.

14. സമാധാനം ഉന്നമിപ്പിക്കാനായി എത്രത്തോളം നമുക്കു പോകാനാകും?

14 എന്നാൽ സമാധാനം ഉന്നമിപ്പിക്കാൻ നാം എത്രത്തോളം പോകേണ്ടതുണ്ട്‌? സാധ്യമാകുന്നിടത്തോളം എന്നാണ്‌ ഉത്തരം. തന്റെ ക്രിസ്‌തീയ സഹോദരങ്ങളോട്‌ പൗലൊസ്‌ പറഞ്ഞു: “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.” (റോമർ 12:18) “കഴിയുമെങ്കിൽ,” “നിങ്ങളാൽ ആവോളം,” എന്നീ പ്രയോഗങ്ങൾ സൂചിപ്പിക്കുന്നത്‌ സമാധാനം ഉണ്ടാക്കുക എന്നത്‌ എല്ലായ്‌പോഴും സാധ്യമായ ഒന്നല്ല എന്നാണ്‌. ഉദാഹരണത്തിന്‌, ദൈവത്തിന്റെ ഏതെങ്കിലും കൽപ്പന ലംഘിച്ചുകൊണ്ട്‌ മനുഷ്യരുമായി സമാധാനം നിലനിറുത്താൻ നാം ശ്രമിക്കില്ല. (മത്തായി 10:34-36; എബ്രായർ 12:14) എന്നിരുന്നാലും, നീതിനിഷ്‌ഠമായ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതെ, ‘എല്ലാവരോടും’ സമാധാനത്തിലായിരിക്കാൻ നമ്മളാലാകുന്നതെല്ലാം നാം ചെയ്യും.

‘നിങ്ങൾ തന്നേ പ്രതികാരം ചെയ്യരുത്‌’

15. പ്രതികാരം ചെയ്യാതിരിക്കുന്നതിനുള്ള ഏതു കാരണമാണ്‌ റോമർ 12:​19-ൽ നാം കാണുന്നത്‌?

15 പൗലൊസ്‌ പറയുന്നതനുസരിച്ച്‌ പ്രതികാരം ചെയ്യാതിരിക്കുന്നതിനുള്ള ശക്തമായ മറ്റൊരു കാരണം, അതു വിനയത്തിന്റെ മാർഗം ആണെന്നുള്ളതാണ്‌. അവൻ പറയുന്നു: “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു.” (റോമർ 12:19) പ്രതികാരം ചെയ്യാൻ തുനിയുന്ന ഒരു ക്രിസ്‌ത്യാനി ധിക്കാരമാണ്‌ പ്രവർത്തിക്കുന്നത്‌. ദൈവത്തിൽ നിക്ഷിപ്‌തമായിരിക്കുന്ന ഒരു ഉത്തരവാദിത്വം അവൻ സ്വയം ഏറ്റെടുക്കുകയാണു ചെയ്യുന്നത്‌. (മത്തായി 7:1) മാത്രവുമല്ല, പ്രതികാരം ചെയ്യാൻ ശ്രമിക്കുകവഴി “ഞാൻ പകരം ചെയ്യും” എന്ന്‌ യഹോവ നൽകിയിരിക്കുന്ന ഉറപ്പിൽ അവൻ അവിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നു. ഇതിനു വിപരീതമായി സത്യക്രിസ്‌ത്യാനികൾ യഹോവ ‘തന്റെവൃതന്മാരെ . . . പ്രതിക്രിയ നടത്തി രക്ഷിക്കുമെന്ന’ ഉറപ്പിൽ വിശ്വാസം അർപ്പിക്കുന്നു. (ലൂക്കൊസ്‌ 18:7, 8; 2 തെസ്സലൊനീക്യർ 1:6-8) പ്രതികാരം ചെയ്യാനുള്ള ഉത്തരവാദിത്വം വിനയപൂർവം അവർ അവന്റെ കൈകളിൽ വിടുന്നു.​—⁠യിരെമ്യാവു 30:23, 24; റോമർ 1:18.

16, 17. (എ) ‘അവന്റെ തലമേൽ തീക്കനൽ കുന്നിക്കുക’ എന്ന പ്രയോഗം എന്ത്‌ അർഥമാക്കുന്നു? (ബി) ദയാപ്രവൃത്തി ഒരു അവിശ്വാസിയുടെ ഹൃദയത്തെ മയപ്പെടുത്തിയത്‌ നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരു ഉദാഹരണം നൽകുക.

16 ശത്രുവിനോടു പ്രതികാരം ചെയ്‌താൽ അത്‌ അവന്റെ മനസ്സിനെ കൂടുതൽ കഠിനമാക്കുകയേ ഉള്ളൂ. എന്നാൽ ദയാപൂർവം പെരുമാറിയാൽ അത്‌ അവനെ മയപ്പെടുത്തിയേക്കാം. എന്തുകൊണ്ട്‌? റോമിലുള്ള ക്രിസ്‌ത്യാനികളോടു പൗലൊസ്‌ പറയുന്നതു ശ്രദ്ധിക്കൂ: “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്‌താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” (റോമർ 12:20; സദൃശവാക്യങ്ങൾ 25:21, 22) എന്താണ്‌ ഈ പറഞ്ഞതിന്റെ അർഥം?

17 ബൈബിൾ കാലങ്ങളിൽ ലോഹം ഉരുക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന രീതിയിൽ നിന്നുണ്ടായ ഒരു പ്രയോഗമാണ്‌ ‘അവന്റെ തലമേൽ തീക്കനൽ കുന്നിക്കുക’ എന്നത്‌. ലോഹ അയിര്‌ ചൂളയിൽ ഇട്ടിട്ട്‌ അതിന്റെ അടിയിൽ മാത്രമല്ല മുകളിലും കരിയിട്ട്‌ കത്തിക്കുന്നു. മുകളിൽ കുന്നിച്ചിരിക്കുന്ന തീക്കനൽ ചൂടു വർധിപ്പിക്കുകയും അങ്ങനെ കാഠിന്യമുള്ള ലോഹ അയിര്‌ ഉരുകി മാലിന്യങ്ങൾ നീങ്ങി ശുദ്ധമായ ലോഹം ലഭിക്കുകയും ചെയ്യുന്നു. അതുപോലെ ഒരു പ്രതിയോഗിയോടു കരുണ കാണിക്കുന്നത്‌, അവന്റെ കഠിനമായ ഹൃദയത്തെ “ഉരുക്കി” അവന്റെ നല്ല ഗുണങ്ങൾ പുറത്തുകൊണ്ടുവരാൻ സഹായിക്കും. (2 രാജാക്കന്മാർ 6:14-23) വാസ്‌തവത്തിൽ, ക്രിസ്‌തീയ സഭയിലെ അനേക അംഗങ്ങളും ആദ്യമായി സത്യാരാധനയിലേക്ക്‌ ആകർഷിക്കപ്പെട്ടത്‌ യഹോവയുടെ ദാസർ അവർക്കു വേണ്ടി ചെയ്‌ത ദയാപ്രവൃത്തികൾ കണ്ടിട്ടാണ്‌.

നാം പ്രതികാരം ചെയ്യാത്തത്‌ എന്തുകൊണ്ട്‌?

18. പ്രതികാരം ചെയ്യാതിരിക്കുന്നതാണ്‌ ശരിയായ മാർഗം, സ്‌നേഹത്തിന്റെയും വിനയത്തിന്റെയും മാർഗം എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

18 റോമർ 12-ാം അധ്യായത്തെക്കുറിച്ചു നടത്തിയ ഈ ഹ്രസ്വ ചർച്ചയിൽ നാം “തിന്മെക്കു പകരം, തിന്മ” ചെയ്യരുതാത്തതിന്റെ പല കാരണങ്ങൾ കണ്ടുകഴിഞ്ഞു. ഒന്നാമത്തേത്‌, അതാണ്‌ ശരിയായ നടപടി. ദൈവം നമ്മോടു കാരുണ്യം കാണിക്കുന്നതിനാൽ, നാം നമ്മെത്തന്നെ അവനു സമർപ്പിക്കുകയും ശത്രുക്കളെ സ്‌നേഹിക്കാനുള്ള കൽപ്പന ഉൾപ്പെടെ അവന്റെ എല്ലാ കൽപ്പനകളും മനസ്സാ അനുസരിക്കുകയും ചെയ്യുന്നത്‌ ശരിയും ന്യായവുമാണ്‌. രണ്ടാമത്തേത്‌, അതാണ്‌ സ്‌നേഹത്തിന്റെ മാർഗം. പ്രതികാരനടപടികൾ വേണ്ടെന്നുവെച്ച്‌ സമാധാനം ഉന്നമിപ്പിക്കുകവഴി കടുത്ത എതിർപ്പു പ്രകടിപ്പിക്കുന്ന ചിലർപോലും യഹോവയുടെ ആരാധകരായിത്തീർന്നേക്കാം. മൂന്നാമത്തേത്‌, പ്രതികാരം ചെയ്യുന്നതിൽനിന്നു മാറിനിൽക്കുന്നതാണ്‌ വിനയത്തിന്റെ മാർഗം. പ്രതികാര നടപടികൾ നാം തന്നെ കൈക്കൊള്ളുകയാണെങ്കിൽ അത്‌ ധിക്കാരത്തിന്റേതായ മനോഭാവമാണ്‌, കാരണം യഹോവ പറയുന്നു: “പ്രതികാരം എനിക്കുള്ളതു.” കൂടാതെ ദൈവം നമുക്കു മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു: “അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്‌മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.” (സദൃശവാക്യങ്ങൾ 11:2) ബുദ്ധിപൂർവം പ്രതികാരം യഹോവയ്‌ക്കു വിട്ടുകൊടുക്കുന്നതാണ്‌ വിനയത്തിന്റെ വഴി.

19. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കുന്നതായിരിക്കും?

19 “തിന്മയോടു തോല്‌ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക” എന്ന ഉദ്‌ബോധനത്തോടെയാണ്‌ നാം മറ്റുള്ളവരോട്‌ എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച ചർച്ച പൗലൊസ്‌ അവസാനിപ്പിക്കുന്നത്‌. (റോമർ 12:21) ഇന്നു നമുക്കു നേരിടേണ്ട ദുഷ്ട ശക്തികൾ ഏതൊക്കയാണ്‌? നമുക്കവയെ എങ്ങനെ കീഴടക്കാം? ഇവയും അനുബന്ധ ചോദ്യങ്ങളും അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കുന്നതായിരിക്കും.

നിങ്ങൾക്കു വിശദീകരിക്കാമോ?

റോമർ 12-ാം അധ്യായത്തിൽ ഏത്‌ ഉദ്‌ബോധനം നാം ആവർത്തിച്ചു കാണുന്നു?

• പ്രതികാരം ചെയ്യുന്നതിൽനിന്നു നമ്മെ എന്തു തടയും

• ‘തിന്മയ്‌ക്കു പകരം തിന്മ’ ചെയ്യാതിരുന്നാൽ നമുക്കും മറ്റുള്ളവർക്കും എന്തു പ്രയോജനങ്ങൾ കൈവരും?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചതുരം]

യഹോവയുമായി

സഹവിശ്വാസികളുമായി

അവിശ്വാസികളുമായി

ഒരു ക്രിസ്‌ത്യാനിയുടെ ബന്ധം എങ്ങനെയുള്ളത്‌ ആയിരിക്കണമെന്ന്‌ റോമർ 12-ാം അധ്യായത്തിൽ വിശദീകരിക്കുന്നു

[23-ാം പേജിലെ ചിത്രം]

റോമർക്കുള്ള പൗലൊസിന്റെ ലേഖനം ക്രിസ്‌ത്യാനികൾക്ക്‌ പ്രായോഗിക ഉപദേശം നൽകുന്നു

[25-ാം പേജിലെ ചിത്രം]

സ്‌തെഫാനൊസിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാം?