വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പോർച്ചുഗീസിലെ ആദ്യ ബൈബിൾ സ്ഥിരോത്സാഹത്തിന്റെ ഒരു വിജയഗാഥ

പോർച്ചുഗീസിലെ ആദ്യ ബൈബിൾ സ്ഥിരോത്സാഹത്തിന്റെ ഒരു വിജയഗാഥ

പോർച്ചുഗീസിലെ ആദ്യ ബൈബിൾ സ്ഥിരോത്സാഹത്തിന്റെ ഒരു വിജയഗാഥ

“സ്ഥിരോത്സാഹി വിജയംവരിക്കും” ഈ ആപ്‌തവാക്യം 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഷ്‌വൗൻ ഫെരേര ഡി ആൽമേഡ എഴുതിയ ഒരു ചെറുപുസ്‌തകത്തിന്റെ ശീർഷകപേജിൽ കാണുന്നു. ബൈബിൾ പോർച്ചുഗീസ്‌ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമായി ജീവിതം ഉഴിഞ്ഞുവെച്ച സ്ഥിരോത്സാഹിയായ ആ മനുഷ്യൻ സ്വന്തം ജീവിതത്തിൽനിന്ന്‌ അടർത്തിയെടുത്തതായിരുന്നു ആ ആപ്‌തവാക്യം എന്നു പറയാം.

1628-ൽ വടക്കൻ പോർച്ചുഗലിലെ റ്റോറി ഡി റ്റാവാറസ്‌ എന്ന ഗ്രാമത്തിലാണ്‌ ആൽമേഡ ജനിച്ചത്‌. കുട്ടിക്കാലത്തുതന്നെ അനാഥനായിത്തീർന്ന അവനെ പിന്നീടു വളർത്തിയത്‌ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്‌ബണിൽ ഒരു വൈദികനായി സേവിച്ചിരുന്ന ചെറിയച്ഛനാണ്‌. വൈദികനാകാനുള്ള ആൽമേഡയുടെ തയ്യാറെടുപ്പിനിടെ അവനു മികച്ച വിദ്യാഭ്യാസം ലഭിച്ചുവെന്നും അതാണു നന്നേ ചെറുപ്പത്തിൽത്തന്നെ നല്ല ഭാഷാപ്രാവീണ്യം നേടാൻ അവനെ സഹായിച്ചതെന്നും കരുതപ്പെടുന്നു.

എന്നിരുന്നാലും പോർച്ചുഗലിൽത്തന്നെ കഴിഞ്ഞിരുന്നെങ്കിൽ ആൽമേഡ തന്റെ ഭാഷാപ്രാവീണ്യം ബൈബിൾ പരിഭാഷയ്‌ക്കായി ഉപയോഗിക്കാൻ സാധ്യത കുറവായിരുന്നു. മതനവീകരണത്തിന്റെ ഫലമായി ഉത്തര-മധ്യ യൂറോപ്പുകളിൽ പ്രാദേശിക ഭാഷാ ബൈബിളുകൾ വളരെ വ്യാപകമായപ്പോഴും, കത്തോലിക്കാ മതവിചാരകരുടെ ശക്തികേന്ദ്രമായി തുടർന്ന പോർച്ചുഗലിൽ പ്രാദേശിക ഭാഷയിലുള്ള ഒരു ബൈബിൾ കൈവശം വെക്കുന്നതുപോലും മതവിചാരണ കോടതിയുടെ മുമ്പാകെ ഒരു വ്യക്തിയെ ഹാജരാക്കുന്നതിനുള്ള മതിയായ കാരണമായിരുന്നു. *

വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ആ സാഹചര്യത്തിൽനിന്നു രക്ഷപ്പെടാനുള്ള ആഗ്രഹം നിമിത്തമായിരിക്കാം 14-ാം വയസ്സിൽ ആൽമേഡ നെതർലൻഡ്‌സിലേക്കു പോയത്‌. ഏറെത്താമസിയാതെ അവിടെനിന്ന്‌ അദ്ദേഹം ഇന്തൊനീഷ്യയിലെ ബാട്ടാവിയ (ഇപ്പോഴത്തെ ജക്കാർത്ത) വഴി ഏഷ്യയിലേക്കു യാത്രതിരിച്ചു. ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ തെക്കുകിഴക്കേഷ്യയിലെ ഭരണ സിരാകേന്ദ്രമായിരുന്നു ബാട്ടാവിയ അപ്പോൾ.

പരിഭാഷകന്റെ കുപ്പായമണിഞ്ഞ കൗമാരക്കാരൻ

ഏഷ്യയിലേക്കുള്ള കപ്പൽയാത്രയുടെ അന്ത്യപാദത്തിൽ, ആൽമേഡയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായി. ബാട്ടാവിയയ്‌ക്കും പടിഞ്ഞാറൻ മലേഷ്യയിലെ മലാക്കയ്‌ക്കും (ഇപ്പോൾ മെലാക്ക) ഇടയ്‌ക്കുവെച്ചു പ്രൊട്ടസ്റ്റന്റുകാരുടെ ഒരു ലഘുലേഖ അദ്ദേഹം വായിക്കാനിടയായി. ക്രൈസ്‌തവലോകത്തിലെ ഉപദേശങ്ങളിലുള്ള വ്യത്യാസങ്ങൾ എടുത്തുകാണിക്കുന്ന അത്‌ സ്‌പാനീഷിലുള്ളതായിരുന്നു. കത്തോലിക്കാ സഭയുടെ തെറ്റായ ഉപദേശങ്ങളെ ഖണ്ഡിച്ച ആ ലഘുലേഖയിൽ, ആൽമേഡയുടെ മനസ്സിലുടക്കിയ ഒരു വാചകം ഉണ്ടായിരുന്നു: “ദൈവത്തിനു മഹത്ത്വം കരേറ്റുന്നതിനു വേണ്ടിയാണെങ്കിൽപ്പോലും, കേൾവിക്കാരനു മനസ്സിലാകാത്ത അപരിചിതമായ ഒരു ഭാഷയാണു സഭ ഉപയോഗിക്കുന്നതെങ്കിൽ അതുകൊണ്ട്‌ അയാൾക്ക്‌ യാതൊരു പ്രയോജനവുമില്ല.”​—⁠1 കൊരിന്ത്യർ 14:⁠9.

ആൽമേഡയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായി: മതപരമായ തെറ്റുകൾ വെളിച്ചത്തു കൊണ്ടുവരണമെങ്കിൽ, എല്ലാവർക്കും ബൈബിൾ ഗ്രഹിക്കാനാകുന്ന ഒരു സാഹചര്യം സംജാതമാകണം. മലാക്കയിലെത്തിയ ഉടൻതന്നെ അദ്ദേഹം ഡച്ച്‌ നവീകൃത സഭയിൽ ചേർന്നു. സമയം ഒട്ടും പാഴാക്കാതെ അദ്ദേഹം സുവിശേഷ ഭാഗങ്ങൾ സ്‌പാനീഷിൽനിന്നു പോർച്ചുഗീസിലേക്കു പരിഭാഷപ്പെടുത്താൻ ആരംഭിച്ചു. “സത്യം അറിയാൻ ആത്മാർഥമായ ആഗ്രഹം പ്രകടിപ്പിച്ച” ഏവർക്കും അതു വിതരണം ചെയ്യുകയും ചെയ്‌തു. *

രണ്ടു വർഷത്തിനുശേഷം, മുഴു ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളും ലാറ്റിൻ വൾഗേറ്റിൽനിന്നു പരിഭാഷപ്പെടുത്തുകയെന്ന ഏറെ ബൃഹത്തായ ഒരു സംരംഭം ആൽമേഡ ഏറ്റെടുത്തു. ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തിന്‌ അതു പൂർത്തിയാക്കാനായി; അൽമേഡയ്‌ക്കു 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കുമ്പോൾ ആ നേട്ടത്തിന്റെ മാറ്റ്‌ പതിന്മടങ്ങു വർധിക്കുന്നു. തുടർന്ന്‌, പ്രസിദ്ധീകരിക്കുന്നതിനായി തന്റെ പരിഭാഷയുടെ ഒരു കോപ്പി ബാട്ടാവിയയിലെ ഡച്ച്‌ ഗവർണർ ജനറലിനു സധൈര്യം അദ്ദേഹം അയച്ചുകൊടുത്തു. സാധ്യതയനുസരിച്ച്‌ ഡച്ച്‌ നവീകൃത സഭ വഴി ആ കയ്യെഴുത്തു പ്രതി ആംസ്റ്റർഡാമിലെത്തി. എന്നാൽ അത്‌ കൈവശം വെച്ചിരുന്ന പ്രായംചെന്ന ശുശ്രൂഷകൻ മരണമടഞ്ഞതോടെ ആൽമേഡയുടെ പരിഭാഷ അപ്രത്യക്ഷമായി.

1651-ൽ സിലോണിലെ (ഇപ്പോൾ ശ്രീലങ്ക) നവീകൃത സഭയ്‌ക്കുവേണ്ടി അദ്ദേഹത്തിന്റെ പരിഭാഷയുടെ ഒരു കോപ്പി തയ്യാറാക്കാൻ ആവശ്യപ്പെട്ടപ്പോൾ, മൂലപ്രതി സഭയുടെ ഗ്രന്ഥപ്പുരയിൽ ഇല്ലെന്ന്‌ ആൽമേഡ കണ്ടെത്തി. എന്നാൽ അദ്ദേഹം നിരാശനായില്ല. എങ്ങനെയൊക്കെയോ ഒരു കോപ്പി​—⁠സാധ്യതയനുസരിച്ച്‌ ഒരു കരടുരൂപം​—⁠കണ്ടെത്തിയ അദ്ദേഹം, തൊട്ടടുത്തവർഷം സുവിശേഷങ്ങളും പ്രവൃത്തികളുടെ പുസ്‌തകവും പരിഷ്‌കരിക്കുന്ന ദൗത്യം പൂർത്തിയാക്കി. ഇതിനു ബാട്ടാവിയയിലെ നവീകൃത സഭയുടെ ഭരണസമിതി അദ്ദേഹത്തിന്‌ 30 ഗിൽഡർ പ്രതിഫലവും നൽകി. “അദ്ദേഹം ഏറ്റെടുത്തു പൂർത്തിയാക്കിയ ബൃഹത്‌ സംരംഭം പരിഗണിക്കുമ്പോൾ അതു തികച്ചും തുച്ഛമായിരുന്നു” എന്നാണ്‌ അതേക്കുറിച്ച്‌ അദ്ദേഹത്തിന്റെ ഒരു സഹപ്രവർത്തകൻ എഴുതിയത്‌.

അർഹിക്കുന്ന അംഗീകാരം ലഭിക്കാതിരുന്നിട്ടും ആൽമേഡ തന്റെ ദൗത്യവുമായി മുന്നോട്ടുപോയി. 1654-ൽ സമ്പൂർണമായി പരിഷ്‌കരിച്ച പുതിയ നിയമം അദ്ദേഹം ഭരണസമിതിക്കു സമർപ്പിച്ചു. ഒരിക്കൽക്കൂടി അത്‌ പ്രസിദ്ധീകരിക്കാനുള്ള സാധ്യത തെളിഞ്ഞുവന്നു, എന്നാൽ ചില പള്ളികളിലെ ഉപയോഗത്തിനായി ഏതാനും ചില കയ്യെഴുത്തു പ്രതികൾ തയ്യാറാക്കുന്നതിൽ കവിഞ്ഞ്‌ കാര്യമായൊന്നും നടന്നില്ല.

മതവിചാരണ നേരിടുന്നു

1656-ൽ പാസ്റ്ററായി നിയമിതനായ അദ്ദേഹം അടുത്ത ഒരു ദശകം നവീകൃത സഭയുടെ മിഷനറിയായും സേവിച്ചു. അദ്ദേഹത്തിന്റെ ആദ്യ നിയമനം സിലോണിലായിരുന്നു. അവിടെവെച്ച്‌ ഒരു ആനയുടെ ചവിട്ടേറ്റു മരിക്കുന്നതിൽനിന്നു കഷ്ടിച്ചാണ്‌ അദ്ദേഹം രക്ഷപ്പെട്ടത്‌. പിന്നീട്‌ ഇന്ത്യയിലേക്കു വന്ന അദ്ദേഹം ഇവിടുത്തെ ആദ്യകാല പ്രൊട്ടസ്റ്റന്റ്‌ മിഷനറിമാരിൽ ഒരാളായിരുന്നു.

മതം മാറി പ്രൊട്ടസ്റ്റന്റുകാരനായ ആൽമേഡ ഒരു വിദേശരാജ്യത്തിന്റെ സേവനത്തിലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സന്ദർശിച്ച പോർച്ചുഗീസ്‌ സമൂഹങ്ങൾ അദ്ദേഹത്തെ ഒരു വിശ്വാസത്യാഗിയും വഞ്ചകനും ആയിട്ടാണു കണ്ടത്‌. പുരോഹിതന്മാരുടെ ഇടയിലെ ധാർമിക അധഃപതനത്തെയും സഭയുടെ തെറ്റായ ഉപദേശങ്ങളെയും അദ്ദേഹം തുറന്നുകാണിച്ചത്‌ കത്തോലിക്കാ മിഷനറിമാരുമായി കൂടെക്കൂടെയുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. 1661-ൽ ഗോവയിലെ ഒരു മതവിചാരണ കോടതി ആൽമേഡയെ മതനിന്ദ ആരോപിച്ച്‌ വധശിക്ഷയ്‌ക്കു വിധിച്ചപ്പോൾ ഈ സംഘർഷങ്ങൾ അതിന്റെ പാരമ്യത്തിലെത്തി. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ അവർ അദ്ദേഹത്തിന്റെ ഒരു കോലം കത്തിച്ചു. ആൽമേഡയുടെ ഏറ്റുമുട്ടൽ പ്രവണത ആപത്ത്‌ വരുത്തിവെച്ചേക്കാമെന്നു ചിന്തിച്ചിട്ടായിരിക്കാം പെട്ടെന്നുതന്നെ ഡച്ച്‌ ഗവർണർ-ജനറൽ അദ്ദേഹത്തെ ബാട്ടാവിയയിലേക്കു തിരിച്ചുവിളിച്ചത്‌.

തീക്ഷ്‌ണതയുള്ള ഒരു മിഷനറി ആയിരുന്നു ആൽമേഡ, അതേസമയം പോർച്ചുഗീസ്‌ ഭാഷയിൽ ഒരു ബൈബിൾ ലഭ്യമാക്കുക എന്ന ലക്ഷ്യം അദ്ദേഹം വിസ്‌മരിച്ചതുമില്ല. പുരോഹിതർക്കും അൽമായർക്കും ബൈബിളിനെക്കുറിച്ച്‌ ഒന്നുംതന്നെ അറിയില്ലായിരുന്നു എന്ന വസ്‌തുത അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം വർധിപ്പിച്ചതേയുള്ളൂ. 1668-ൽ പുറത്തിറങ്ങിയ ഒരു ലഘുപത്രികയുടെ ആമുഖത്തിൽ ആൽമേഡ വായനക്കാർക്ക്‌ ഒരു വാഗ്‌ദാനം കൊടുത്തു: “സമീപഭാവിയിൽ നിങ്ങളുടെ സ്വന്തം ഭാഷയിൽ ഒരു സമ്പൂർണ ബൈബിൾ നൽകിക്കൊണ്ട്‌ നിങ്ങളെ ആദരിക്കാമെന്നു ഞാൻ പ്രത്യാശിക്കുന്നു. നിങ്ങൾക്കു കിട്ടാവുന്നതിൽ ഏറ്റവും നല്ലതും മൂല്യമേറിയതുമായ ഒരു സമ്മാനമായിരിക്കും അത്‌.”

ആൽമേഡയും പുനഃപരിശോധനാ കമ്മിറ്റിയും

1676-ൽ, ബാട്ടാവിയയിലെ സഭാ ഭരണസമിതിയുടെ മുമ്പാകെ ആൽമേഡ പുതിയ നിയമത്തിന്റെ അന്തിമപകർപ്പ്‌ പുനഃപരിശോധനയ്‌ക്കായി സമർപ്പിച്ചു. തുടക്കംമുതൽക്കേ ആൽമേഡയ്‌ക്കും പുനഃപരിശോധകർക്കും തമ്മിൽ സ്വരചേർച്ചയില്ലായിരുന്നു. ജീവചരിത്രകാരനായ ജെ. എൽ. സ്വെലൻഗ്രേബൽ വിശദീകരിക്കുന്നത്‌ അനുസരിച്ച്‌ ആൽമേഡയുടെ ഡച്ചുകാരായ സഹപ്രവർത്തകർക്ക്‌ അർഥത്തിലും ശൈലിയിലുമൊക്കെയുള്ള ചെറിയചെറിയ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടിരിക്കാം. ബൈബിൾ എഴുതേണ്ടതു സാധാരണ സംസാരഭാഷയിലാണോ അതോ അനേകർക്കും ദുർഗ്രഹമായ പണ്ഡിതഭാഷയിലാണോ എന്ന കാര്യത്തിലും വിവാദം ഉയർന്നുവന്നു. ഇനി, ജോലി പൂർത്തിയായിക്കാണാനുള്ള ആൽമേഡയുടെ അതിയായ ആഗ്രഹവും നിരന്തര സംഘർഷങ്ങൾക്കു കാരണമായി.

സാധ്യതയനുസരിച്ച്‌, പുനഃപരിശോധകരുടെ ഭാഗത്തെ വിയോജിപ്പും താത്‌പര്യമില്ലായ്‌മയും മൂലം ജോലി ഇഴഞ്ഞുനീങ്ങി. നാലു വർഷത്തിനുശേഷവും, ലൂക്കൊസിന്റെ സുവിശേഷത്തിലെ ആദ്യ അധ്യായങ്ങളിൽ അവർ ഉടക്കിനിൽക്കുകയായിരുന്നു. ഈ കാലതാമസത്തിൽ മനംമടുത്ത്‌, പുനഃപരിശോധകരുടെ അറിവോ സമ്മതമോ കൂടാതെ ആൽമേഡ കയ്യെഴുത്തുപ്രതിയുടെ ഒരു കോപ്പി പ്രസിദ്ധീകരണത്തിനായി നെതർലൻഡ്‌സിലേക്ക്‌ അയച്ചുകൊടുത്തു.

സഭാ ഭരണസമിതിയുടെ എതിർപ്പുണ്ടായിരുന്നിട്ടും, ആൽമേഡയുടെ പുതിയ നിയമം 1681-ൽ ആംസ്റ്റർഡാമിൽനിന്നു പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത വർഷം അതിന്റെ ആദ്യപ്രതികൾ ബാട്ടാവിയയിലുമെത്തി. പോർച്ചുഗീസ്‌ ഭാഷയിൽ വലിയ പിടിയൊന്നുമില്ലായിരുന്ന നെതർലൻഡ്‌സിലെ പുനഃപരിശോധകർ തന്റെ പരിഭാഷയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതായി കണ്ടപ്പോൾ ആൽമേഡയ്‌ക്ക്‌ എത്രമാത്രം നിരാശ തോന്നിയിരിക്കണം! അവർ “പരിശുദ്ധാത്മാവു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ അർഥം അവ്യക്തമാകുന്ന വിധത്തിൽ ഭാഷാന്തരത്തെ അസ്വാഭാവികവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതും ആക്കിത്തീർത്തിരിക്കുന്നു” എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

പുറത്തിറങ്ങിയ ഭാഷാന്തരത്തിൽ ഡച്ച്‌ ഗവൺമെന്റിനും ഒട്ടും തൃപ്‌തിയില്ലായിരുന്നു. അതുകൊണ്ടുതന്നെ മുഴു പതിപ്പും നശിപ്പിച്ചുകളയാൻ അവർ ഉത്തരവിറക്കി. എന്നിരുന്നാലും, ഗുരുതരമായ തെറ്റുകൾ കൈകൊണ്ടു തിരുത്തിക്കൊള്ളാമെന്ന ആൽമേഡയുടെ വ്യവസ്ഥയിൽ ഏതാനും പ്രതികൾ സംരക്ഷിക്കാമെന്ന്‌ ഗവൺമെന്റ്‌ സമ്മതിച്ചു. പരിഷ്‌കരിച്ച പതിപ്പു തയ്യാറാക്കുന്നതുവരെ ഉപയോഗിക്കാനായിരുന്നു അവ.

ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുനഃപരിശോധന പുനരാരംഭിക്കുന്നതിനും എബ്രായ തിരുവെഴുത്തുകൾ ആൽമേഡ പൂർത്തിയാക്കുന്ന മുറയ്‌ക്ക്‌ പുനഃപരിശോധിക്കുന്നതിനും വേണ്ടി ബാട്ടാവിയയിലെ പുനഃപരിശോധകർ വീണ്ടും ഒത്തുചേർന്നു. ആൽമേഡയുടെ ക്ഷമ നശിക്കുമെന്ന ഭയത്തിൽ സഭാ ഭരണസമിതി അന്തിമപകർപ്പിന്റെ ഒപ്പുവെച്ച പേജുകൾ സഭയുടെ സേഫിൽ ഭദ്രമായി സൂക്ഷിക്കാൻ തീരുമാനിച്ചു. ഏതായാലും ഈ തീരുമാനം ആൽമേഡയ്‌ക്ക്‌ ഒട്ടും ദഹിച്ചില്ല.

ഈ സമയം ആയപ്പോഴേക്കും, പതിറ്റാണ്ടുകളുടെ കഠിനാധ്വാനവും ഉഷ്‌ണമേഖലാ കാലാവസ്ഥയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നതിനാൽ 1689-ൽ ആൽമേഡ സഭാപ്രവർത്തനത്തിൽനിന്നു വിരമിച്ചു, തുടർന്ന്‌ അദ്ദേഹം എബ്രായ തിരുവെഴുത്തുകളുടെ പരിഭാഷയ്‌ക്കായി മുഴുസമയവും വിനിയോഗിച്ചു. ഖേദകരമെന്നു പറയട്ടെ, യെഹെസ്‌കേലിന്റെ പുസ്‌തകത്തിലെ അവസാന അധ്യായത്തിന്റെ പരിഭാഷ നടക്കവേ 1691-ൽ അദ്ദേഹം നിര്യാതനായി.

മരണത്തിനു മുമ്പ്‌ അദ്ദേഹം പൂർത്തിയാക്കിയ പുതിയ നിയമത്തിന്റെ രണ്ടാം പതിപ്പ്‌ 1693-ൽ പ്രസിദ്ധീകരിച്ചു. അപ്രാപ്‌തരായ പുനഃപരിശോധകർ ഒരിക്കൽക്കൂടി അദ്ദേഹത്തിന്റെ ഭാഷാന്തരത്തെ നശിപ്പിച്ചു എന്നുവേണം പറയാൻ. പോർച്ചുഗലിലെ ബൈബിൾ എന്ന പുസ്‌തകത്തിൽ ജി. എൽ. സാന്റോസ്‌ ഫെരേര പറയുന്നു: “ആൽമേഡയുടെ മികച്ച പരിഭാഷയിൽ പുനഃപരിശോധകർ ഗണ്യമായ മാറ്റങ്ങൾ വരുത്തി, അങ്ങനെ അവർ ആദ്യ പതിപ്പിന്റെ പുനഃപരിശോധകർ കൈവെക്കാതെ അവശേഷിപ്പിച്ച സൗന്ദര്യംകൂടി നശിപ്പിക്കുകയും മൂലപ്രതി വികലമാക്കുകയും ചെയ്‌തു.”

ഒടുവിൽ ഒരു പോർച്ചുഗീസ്‌ ബൈബിൾ

ആൽമേഡയുടെ മരണത്തോടെ ബാട്ടാവിയയിൽ, പോർച്ചുഗീസ്‌ ബൈബിൾ പ്രസിദ്ധീകരിക്കുന്നതിനു ചുക്കാൻപിടിച്ച പ്രേരകശക്തി ഇല്ലാതായി. ദക്ഷിണേന്ത്യയിലെ ട്രാൻക്വബാറിൽ പ്രവർത്തിച്ചിരുന്ന ഡാനിഷ്‌ മിഷനറിമാരുടെ അഭ്യർഥന മാനിച്ച്‌, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സൊസൈറ്റി ഫോർ പ്രമോട്ടിങ്‌ ക്രിസ്റ്റ്യൻ നോളഡ്‌ജ്‌ എന്ന സംഘടനയാണ്‌ 1711-ൽ ആൽമേഡയുടെ പുതിയ നിയമത്തിന്റെ മൂന്നാം പതിപ്പു പുറത്തിറങ്ങുന്നതിനു സാമ്പത്തിക സഹായം നൽകിയത്‌.

അച്ചടി ട്രാൻക്വബാറിൽത്തന്നെ നിർവഹിക്കാൻ ആ സംഘടന തീരുമാനിച്ചു. എന്നാൽ അച്ചടി സാമഗ്രികളും പോർച്ചുഗീസ്‌ ബൈബിളുകളുമായി ഇന്ത്യയിലേക്കു യാത്രതിരിച്ച കപ്പൽ വഴിമധ്യേ ഫ്രഞ്ചു കൊള്ളക്കാർ പിടിച്ചെടുത്തു. എങ്കിലും പിന്നീട്‌ അവർ അത്‌ ബ്രസീലിലെ റിയോ ഡി ജനീറോ തുറമുഖത്ത്‌ ഉപേക്ഷിച്ചു. സാന്റോസ്‌ ഫെരേര എഴുതുന്നു: “ഏതോ അജ്ഞാത കാരണത്താൽ കപ്പലിലെ ചരക്കറയിലുള്ള അച്ചടി സാമഗ്രികൾക്ക്‌ ഒരു പോറൽപോലും ഏറ്റിരുന്നില്ല, ഒരു അത്ഭുതമായാണ്‌ പലരും ഇതു കാണുന്നത്‌. പിന്നീട്‌ അതേ കപ്പലിൽത്തന്നെ അതെല്ലാം ട്രാൻക്വബാറിൽ എത്തിച്ചേരുകയും ചെയ്‌തു. ആൽമേഡയുടെ ഭാഷാന്തരത്തിന്റെ ശേഷിച്ചഭാഗവും ഡാനിഷ്‌ മിഷനറിമാർ ശ്രദ്ധാപൂർവം പരിഷ്‌കരിച്ച്‌ പ്രസിദ്ധീകരിച്ചു. പോർച്ചുഗീസ്‌ ഭാഷയിലുള്ള ബൈബിളിന്റെ അവസാന വാല്യം 1751-ൽ പുറത്തുവന്നു, ഒരു പരിഭാഷകൻ എന്ന നിലയിൽ ആൽമേഡ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ 110 വർഷങ്ങൾക്കുശേഷം.

കാലാതീതമായ ഒരു അമൂല്യ സമ്മാനം

പോർച്ചുഗീസ്‌ സംസാരിക്കുന്ന സാധാരണക്കാർ തിരുവെഴുത്തുകൾ വായിച്ചു സത്യം ഗ്രഹിക്കേണ്ടതിന്‌ അവരുടെ മാതൃഭാഷയിൽ ബൈബിൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ആൽമേഡ നന്നേ ചെറുപ്പത്തിൽ തിരിച്ചറിഞ്ഞു. ആ ലക്ഷ്യം കൈവരിക്കുന്നതിന്‌ ജീവിതകാലം മുഴുവൻ വിശ്രമം എന്തെന്നറിയാതെ അദ്ദേഹം പരിശ്രമിച്ചു. കത്തോലിക്കാ സഭയുടെ എതിർപ്പ്‌, സഹപ്രവർത്തകരുടെ നിസ്സഹകരണം, പുനഃപരിശോധനയോടു ബന്ധപ്പെട്ട അന്തമില്ലാത്ത പ്രശ്‌നങ്ങൾ, വഷളായിക്കൊണ്ടിരുന്ന ആരോഗ്യസ്ഥിതി​—⁠ഇതൊന്നും അദ്ദേഹത്തെ തളർത്തിയില്ല, ആ സ്ഥിരോത്സാഹം ഫലംകണ്ടു.

ആൽമേഡ പ്രസംഗിച്ച പല പോർച്ചുഗീസ്‌ സമൂഹങ്ങളും ക്ഷയിച്ച്‌ നാമാവശേഷമായെങ്കിലും ‘ആൽമേഡാ ബൈബിൾ’ കാലത്തെ അതിജീവിച്ചു. 19-ാം നൂറ്റാണ്ടിൽ, ബ്രിട്ടീഷ്‌ ആൻഡ്‌ ഫോറിൻ ബൈബിൾ സൊസൈറ്റിയും അമേരിക്കൻ ബൈബിൾ സൊസൈറ്റിയും പോർച്ചുഗലിലും ബ്രസീലിന്റെ തീരദേശ പട്ടണങ്ങളിലും ആൽമേഡ ഭാഷാന്തരത്തിന്റെ ആയിരക്കണക്കിനു കോപ്പികൾ വിതരണംചെയ്‌തു. അതിന്റെ ഫലമായി, ആൽമേഡയുടെ മൂലപാഠത്തെ ആധാരമാക്കി തയ്യാറാക്കിയ ബൈബിളുകൾ പോർച്ചുഗീസ്‌ സംസാരഭാഷയായ രാജ്യങ്ങളിൽ ഇന്നുപോലും ഏറ്റവും ജനപ്രീതിയാർജിച്ചതും വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതുമായ ബൈബിളുകളിൽ പെടുന്നു.

ആൽമേഡയെപ്പോലുള്ള ആദ്യകാല ബൈബിൾ പരിഭാഷകരോട്‌ അനേകർക്കും തീർത്താൽ തീരാത്ത കടപ്പാടുണ്ട്‌. എന്നാൽ “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്ന,” നമ്മോടു കാര്യങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നവനായ യഹോവയോടു നമുക്ക്‌ അതിനെക്കാൾ നന്ദിയും വിലമതിപ്പും ഉണ്ടായിരിക്കേണ്ടതാണ്‌. (1 തിമൊഥെയൊസ്‌ 2:3, 4) ആത്യന്തികമായി അവനാണു തന്റെ വചനം പരിരക്ഷിച്ച്‌ നമ്മുടെ പ്രയോജനത്തിനായി അതു ലഭ്യമാക്കിയിരിക്കുന്നത്‌. നമ്മുടെ സ്വർഗീയ പിതാവിൽനിന്നുള്ള ഈ “അമൂല്യ നിധിയെ” നമുക്ക്‌ അങ്ങേയറ്റം വിലമതിക്കാം, അത്‌ ശുഷ്‌കാന്തിയോടെ പഠിക്കുകയും ചെയ്യാം.

[അടിക്കുറിപ്പുകൾ]

^ ഖ. 4 16-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വിലക്കപ്പെട്ട പുസ്‌തകങ്ങളുടെ സൂചിക പ്രസിദ്ധീകരിച്ചുകൊണ്ട്‌ കത്തോലിക്കാ സഭ, പ്രാദേശിക ഭാഷാ ബൈബിളുകൾ ഉപയോഗിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക അനുസരിച്ച്‌ “അടുത്ത 200 വർഷത്തേക്കു കത്തോലിക്കാ സഭയുടെ പരിഭാഷാ പ്രവർത്തനം നിലയ്‌ക്കുന്നതിന്‌” അത്‌ ഇടയാക്കി.

^ ഖ. 8 ‘ആൽമേഡ ബൈബിളിന്റെ’ പഴയകാല പതിപ്പുകളിൽ അദ്ദേഹത്തെ ആൽമേഡ പാദ്രെ (പാതിരി) എന്നു പരാമർശിച്ചിരിക്കുന്നു. ഇത്‌, അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതനായി സേവിച്ചിരുന്നു എന്നു ചിലർ വിശ്വസിക്കാൻ ഇടയാക്കിയിരിക്കുന്നു. എന്നാൽ ‘ആൽമേഡ ബൈബിളിന്റെ’ ഡച്ച്‌ പ്രസാധകർ, ആ പദം പാസ്റ്ററിന്റെയോ ശുശ്രൂഷകന്റെയോ സ്ഥാനപ്പേരാണെന്നു കരുതി തെറ്റായി ഉപയോഗിക്കുകയായിരുന്നു.

[21-ാം പേജിലെ ചതുരം/ചിത്രം]

ദിവ്യനാമം

ഒരു പരിഭാഷകൻ എന്ന നിലയിൽ ആൽമേഡ എത്ര വിശ്വസ്‌തനായിരുന്നു എന്നതിന്റെ ശ്രദ്ധേയമായ തെളിവാണ്‌ എബ്രായ ചതുരക്ഷരം പരിഭാഷപ്പെടുത്താൻ ദിവ്യനാമം ഉപയോഗിച്ചു എന്നുള്ളത്‌.

[കടപ്പാട്‌]

Cortesia da Biblioteca da Igreja de Santa Catarina (Igreja dos Paulistas)

[18-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

അറ്റ്‌ലാന്റിക്‌ സമുദ്ര

പോർച്ചുഗൽ

ലിസ്‌ബൺ

റ്റോറി ഡി റ്റാവാറസ്‌

[18-ാം പേജിലെ ചിത്രം]

17-ാം നൂറ്റാണ്ടിൽ ബാട്ടാവിയ

[കടപ്പാട്‌]

From Oud en Nieuw Oost-Indiën, Franciscus Valentijn, 1724

[18, 19 പേജുകളിലെ ചിത്രം]

1681-ൽ, പോർച്ചുഗീസിൽ ആദ്യമായി പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശീർഷക പേജ്‌

[കടപ്പാട്‌]

Courtesy Biblioteca Nacional, Portugal