വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ വിദ്യാഭ്യാസം വിശ്വാസത്തെ ബലപ്പെടുത്തുന്നു

ബൈബിൾ വിദ്യാഭ്യാസം വിശ്വാസത്തെ ബലപ്പെടുത്തുന്നു

ബൈബിൾ വിദ്യാഭ്യാസം വിശ്വാസത്തെ ബലപ്പെടുത്തുന്നു

“നമ്മുടെ സ്രഷ്ടാവിന്റെ വീക്ഷണങ്ങൾക്കു ശ്രദ്ധനൽകിക്കൊണ്ടും അവൻ കാര്യങ്ങളെ വീക്ഷിക്കുന്നവിധം അനുകരിക്കാൻ പഠിച്ചുകൊണ്ടും ചെലവഴിച്ച കഴിഞ്ഞ അഞ്ചു മാസം എത്ര വിലപ്പെട്ടതായിരുന്നു!” എന്ന്‌ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലെ 122-ാമത്‌ ക്ലാസ്സിന്റെ ബിരുദദാന ദിവസം ഒരു വിദ്യാർഥി അഭിപ്രായപ്പെടുകയുണ്ടായി. ക്ലാസ്സിൽ പങ്കെടുത്ത 56 പേരുടെ മനസ്സിൽ എന്നെന്നും മായാതെ നിൽക്കുന്ന ഒരു ദിവസമായിരിക്കും 2007 മാർച്ച്‌ 10. ബിരുദം ലഭിച്ച ഇവരെ 26 ദേശങ്ങളിലേക്കു മിഷനറിമാരായി നിയമിച്ചു.

സന്നിഹിതരായ 6,205 പേർക്ക്‌ ഹാർദമായ സ്വാഗതമരുളിയശേഷം ഭരണസംഘാംഗമായ തിയോഡർ ജാരറ്റ്‌സ്‌ ഇങ്ങനെ പറഞ്ഞു: “ഈ ബിരുദദാന ചടങ്ങ്‌ ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കുകയും വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുമെന്നതിൽ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.” ഒന്നിനു പുറകെ ഒന്നായി നാലു പ്രസംഗകരെ അദ്ദേഹം വേദിയിലേക്കു ക്ഷണിച്ചു. മിഷനറി നിയമനത്തിൽ വിജയംവരിക്കാൻ സഹായകമായ ബൈബിളധിഷ്‌ഠിത പ്രോത്സാഹനവും ബുദ്ധിയുപദേശവും അവർ നൽകുകയുണ്ടായി.

മറ്റുള്ളവരിൽ വിശ്വാസം ബലപ്പെടുത്താനുള്ള പ്രോത്സാഹനം

ഐക്യനാടുകളിലെ ബ്രാഞ്ച്‌ കമ്മിറ്റിയംഗമായ ലീയോൺ വീവർ “നന്മ ചെയ്യുന്നതിൽ തുടരുവിൻ” എന്ന വിഷയത്തെ ആസ്‌പദമാക്കി സംസാരിച്ചു. വിശ്വാസത്തെ ബലപ്പെടുത്തുന്ന ബൈബിൾ വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ ശരാശരി 13 വർഷം മുഴുസമയ സേവനത്തിൽ ചെലവഴിച്ചതായി അദ്ദേഹം അവരെ ഓർമിപ്പിച്ചു. പിന്നീട്‌, ഇങ്ങനെ പറഞ്ഞു: “ഇതൊരു നന്മ പ്രവൃത്തിയാണ്‌. എന്തെന്നാൽ, ആളുകളുടെ ജീവൻ രക്ഷിക്കുന്നതാണ്‌ ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. ഇതൊരു നന്മ പ്രവൃത്തിയായിരിക്കുന്നതിന്റെ ഏറെ പ്രധാനമായ കാരണം, നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ ഇതു മഹത്ത്വപ്പെടുത്തുന്നു എന്നതാണ്‌.” ‘ആത്മാവിൽ വിതയ്‌ക്കാനും’ ‘നന്മ ചെയ്യുന്നതിൽ മടുത്തുപോകാതിരിക്കാനും’ അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു.​—⁠ഗലാത്യർ 6:8, 9.

ഭരണസംഘാംഗമായ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ, “വലതുകാൽ വെച്ചുതുടങ്ങുക” എന്ന വിഷയം വികസിപ്പിക്കവേ വിദ്യാർഥികൾക്ക്‌ പ്രായോഗികമായ ഓർമിപ്പിക്കൽ നൽകുകയുണ്ടായി. തങ്ങളുടെ നിയമനത്തിന്‌ നല്ലൊരു തുടക്കംകുറിക്കാൻ അദ്ദേഹം പുതിയ മിഷനറിമാരെ പ്രോത്സാഹിപ്പിച്ചു. അതിനായി ഈ നിർദേശവും വെച്ചു: “ക്രിയാത്മക മനോഭാവം നിലനിറുത്തുക. എടുത്തുചാടി നിഗമനങ്ങളിൽ എത്താതിരിക്കുക. സൗഹാർദമനസ്‌കരായിരിക്കുക. കുറ്റം കണ്ടുപിടിക്കുന്നവർ ആകാതിരിക്കുക. താഴ്‌മയുള്ളവരായിരിക്കുക. പ്രാദേശിക സഹോദരങ്ങളെ ബഹുമാനിക്കുക.” തുടർന്ന്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “വിമാനത്തിൽനിന്നു വലതുകാൽവെച്ച്‌ ഇറങ്ങുക, മറ്റുള്ളവരോട്‌ ‘നന്മ സുവിശേഷിക്കാൻ’ സഹായിക്കുന്ന നിങ്ങളുടെ മനോഹരമായ കാലുകളെ യഹോവ അനുഗ്രഹിക്കട്ടെ.”​—⁠യെശയ്യാവു 52:7.

ഗിലെയാദ്‌ അധ്യാപകനായ ലോറൻസ്‌ ബോവൻ സഹോദരൻ “ഒരു സുനിശ്ചിത അവകാശം” എന്ന വിഷയത്തെ ആധാരമാക്കി സംസാരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഗിലെയാദ്‌ സ്‌കൂൾ സ്ഥാപിച്ചത്‌ യഹോവയുടെ പ്രാവചനിക വചനത്തിന്റെ നിവൃത്തിയിലുള്ള അടിയുറച്ച വിശ്വാസം ഒന്നുകൊണ്ടുമാത്രമാണെന്ന്‌ അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. (എബ്രായർ 11:1; വെളിപ്പാടു 17:8) അന്നുമുതൽ ഗിലെയാദ്‌ സ്‌കൂൾ, വിശ്വാസം ബലപ്പെടുത്താനുള്ള അവസരം വിദ്യാർഥികൾക്കു വെച്ചുനീട്ടുകയാണ്‌. തീക്ഷ്‌ണതയോടെ സത്യം ഘോഷിച്ചു മുന്നേറാൻ ബിരുദധാരികളെ പ്രചോദിപ്പിക്കുന്നതു ശക്തമായ വിശ്വാസമാണ്‌.

മറ്റൊരു ഗിലെയാദ്‌ അധ്യാപകനായ മാർക്ക്‌ നൂമാർ, “നിങ്ങളെ കാണുമ്പോൾ മറ്റൊരാളുടെ മുഖമാണ്‌ എന്റെ മനസ്സിൽ തെളിയുന്നത്‌” എന്ന ജിജ്ഞാസയുണർത്തുന്ന വിഷയത്തെ കേന്ദ്രീകരിച്ചു സംസാരിക്കുകയുണ്ടായി. നിയമനം നിറവേറ്റുന്നതിൽ വിശ്വാസവും ധൈര്യവും പ്രകടമാക്കിയ എലീശാ പ്രവാചകന്റെ ദൃഷ്ടാന്തത്തിലേക്ക്‌ അദ്ദേഹം ശ്രദ്ധക്ഷണിച്ചു. 1 രാജാക്കന്മാർ 19:21-നെ അടിസ്ഥാനമാക്കി സഹോദരൻ ഇങ്ങനെ പറഞ്ഞു: “ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താനും വ്യക്തിഗത കാര്യങ്ങളെ രണ്ടാം സ്ഥാനത്ത്‌ വെക്കാനും യഹോവയുടെ ഉദ്ദേശ്യനിവൃത്തിക്കായി പ്രവർത്തിക്കാനും എലീശാ സന്നദ്ധനായിരുന്നു.” അതേ മനോഭാവം കാണിച്ചതിന്‌ ബിരുദധാരികളെ അനുമോദിച്ച അദ്ദേഹം മിഷനറിവേലയിലായിരിക്കെ അതു തുടരാനുള്ള പ്രോത്സാഹനവും നൽകി.

വിശ്വാസം സംസാരസ്വാതന്ത്ര്യത്തിന്‌ അനിവാര്യം

വിശ്വാസം ബലപ്പെടുത്തുന്ന ഈ ക്ലാസ്സിൽ സംബന്ധിച്ചുകൊണ്ടിരിക്കെ ഭാവി മിഷനറിമാർ സുവാർത്ത പങ്കുവെക്കാനായി വാരാന്തങ്ങൾ ഉപയോഗിച്ചു. ലഭിച്ച നല്ല അനുഭവങ്ങൾ അവർ പങ്കുവെക്കുകയും പുനരവതരിപ്പിക്കുകയും ചെയ്‌തു; ഗിലെയാദിലെ മറ്റൊരു അധ്യാപകനായ വാലസ്‌ ലിവറൻസ്‌ സഹോദരന്റെ പരിപാടിയിലായിരുന്നു അത്‌. “നമ്മൾ വിശ്വസിക്കുന്നതുകൊണ്ട്‌ സംസാരിക്കുന്നു” എന്ന അദ്ദേഹത്തിന്റെ വിഷയം 2 കൊരിന്ത്യർ 4:13-ൽ കാണുന്ന അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകളെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു.

അതേത്തുടർന്ന്‌, ബെഥേൽ അംഗങ്ങളായ ഡാനീയൽ ബാൻസ്‌, ചാൾസ്‌ വൂഡീ എന്നിവർ കഴിഞ്ഞകാലത്തെയും ഇപ്പോഴത്തെയും മിഷനറിമാരുമായി അഭിമുഖങ്ങൾ നടത്തുകയുണ്ടായി. വിശ്വസ്‌ത സേവനം കാഴ്‌ചവെക്കുന്നവരുടെമേലുള്ള യഹോവയുടെ പരിപാലനയ്‌ക്കും അനുഗ്രഹത്തിനും അവർ ഊന്നൽ നൽകി. (സദൃശവാക്യങ്ങൾ 10:22; 1 പത്രൊസ്‌ 5:7) ഒരു മിഷനറി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഗിലെയാദ്‌ വിദ്യാഭ്യാസം മുഖേനയുള്ള യഹോവയുടെ പരിപാലനം ഞാനും ഭാര്യയും അനുഭവിച്ചറിഞ്ഞു. അതു ശരിക്കും ഞങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തി. മിഷനറിമാർ ഉൾപ്പെടെയുള്ള സകല ദൈവദാസർക്കും പരിശോധനകളും പ്രശ്‌നങ്ങളും ഉത്‌കണ്‌ഠകളും ഉണ്ടാകുമെന്നതിനാൽ വിശ്വാസം ഒരു അനിവാര്യ ഘടകമാണ്‌.”

വിശ്വാസത്തെ ബലപ്പെടുത്തുന്ന വിദ്യാഭ്യാസത്തിനായി നിലകൊള്ളുക

ബിരുദദാന ചടങ്ങിന്റെ സമാപനപരിപാടി നിർവഹിച്ചത്‌ ഭരണസംഘാംഗമായ സാമുവെൽ ഹെർഡ്‌ ആണ്‌. “നിങ്ങളുടെ സഹോദരങ്ങളെ ബലപ്പെടുത്തുന്നതിൽ തുടരുവിൻ” എന്ന സമുചിതമായ വിഷയത്തെ ആധാരമാക്കി അദ്ദേഹം സംസാരിച്ചു. വിദ്യാർഥികൾക്കു ലഭിച്ച വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? “യഹോവയെ സ്‌തുതിക്കാനും പുതിയ പ്രദേശത്ത്‌ ദൈവത്തെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ പഠിപ്പിക്കാനും സഹോദരങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്താനുമായി നാവ്‌ ഉപയോഗിക്കാൻ നിങ്ങളെ പഠിപ്പിക്കുകയാണ്‌ അതിന്റെ ഉദ്ദേശ്യം” എന്ന്‌ ഹെർഡ്‌ സഹോദരൻ പറയുകയുണ്ടായി. എന്നാൽ ബലപ്പെടുത്താനല്ലാതെയും നാവ്‌ ഉപയോഗിക്കാനാകുമെന്ന്‌ അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. (സദൃശവാക്യങ്ങൾ 18:21; യാക്കോബ്‌ 3:8-10) നാവ്‌ ഉപയോഗിക്കുന്നതിൽ യേശുവിനെ അനുകരിക്കാനും പ്രോത്സാഹനം നൽകുകയുണ്ടായി. ഒരിക്കൽ യേശുവിനെ ശ്രവിച്ച ശിഷ്യന്മാർ ഇങ്ങനെ പ്രതികരിച്ചു: “അവൻ . . . തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ.” (ലൂക്കൊസ്‌ 24:32) ഹെർഡ്‌ സഹോദരൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വാക്കുകൾ ബലപ്പെടുത്തുന്നതാണെങ്കിൽ നിങ്ങൾ ചെല്ലുന്നിടത്തെ സഹോദരീസഹോദരന്മാർക്ക്‌ അവ പ്രോത്സാഹനമേകും.”

അടുത്തതായി ബിരുദധാരികൾക്ക്‌ ഡിപ്ലോമകൾ നൽകി. തുടർന്ന്‌, വിദ്യാർഥികളുടെ വിലമതിപ്പ്‌ അറിയിച്ചുകൊണ്ടുള്ള കത്ത്‌ വായിക്കുകയുണ്ടായി. അത്‌ ഇപ്രകാരമായിരുന്നു: “മിഷനറിമാരെന്ന നിലയിലുള്ള നിയമനം വിശ്വസ്‌തതയോടെ നിർവഹിക്കാനായി പഠിച്ചകാര്യങ്ങൾ ഉപയോഗിക്കാനുള്ള ശക്തമായ ഒരു ഉത്തരവാദിത്വബോധം ഞങ്ങൾക്കു തോന്നുന്നു. ഭൂമിയുടെ അറുതികളിലേക്കു പോകാനായി ഒരുങ്ങിനിൽക്കുന്നവരെന്ന നിലയിൽ ഞങ്ങളുടെ തുടർന്നുള്ള ശ്രമങ്ങൾ മഹാപ്രബോധകനായ യഹോവയാം ദൈവത്തിന്‌ വർധിച്ച സ്‌തുതി കൈവരുത്തട്ടെ എന്നാണ്‌ ഞങ്ങളുടെ പ്രാർഥന.” ഇടിമുഴക്കംപോലുള്ള ഒരു കരഘോഷമാണ്‌ തുടർന്നുണ്ടായത്‌. ഈ ചടങ്ങിൽ ഹാജരായ സകലരുടെയും വിശ്വാസം ശക്തിപ്പെട്ടു എന്നതിനു സംശയമില്ല.

[17-ാം പേജിലെ ആകർഷകവാക്യം]

“നിങ്ങളുടെ വാക്കുകൾ ബലപ്പെടുത്തുന്നതാണെങ്കിൽ നിങ്ങൾ ചെല്ലുന്നിടത്തെ സഹോദരീസഹോദരന്മാർക്ക്‌ അവ പ്രോത്സാഹനമേകും.”

[15-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്‌

പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 9

നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 26

വിദ്യാർഥികളുടെ എണ്ണം: 56

ശരാശരി വയസ്സ്‌: 33.4

സത്യത്തിലായിരുന്ന ശരാശരി വർഷം: 16.8

മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13

[16-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 122-ാമത്തെ ക്ലാസ്സ്‌

ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക്‌ എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.

(1) രജിനി ഹാവിറ്റ്‌, പോല സ്‌മിത്ത്‌, അലെസൻ മാർട്ടിൻസ്‌, സിൽവിയാ പോട്ട്‌സോബൊൻ, യൂക്കോ കീത്താമൂരാ, സാസീൽ ലോഡ്‌. (2) ഇലിങ്കാ ഫീഡ്‌ലെർ, കേറ്റ്‌ ബീസ്ലി, ഷാർലീൻ മാറ്റ്‌കോവിച്ച്‌, ഡോൺ ബെൽ, വെൻഡീ ലിപ്പെൻകാറ്റ്‌. (3) വെൻഡീ സീറ്റ്‌സ്‌, ആനീ അനെസെൻ, ലീസ റ്റോവ്‌സ്‌, ജീന ഫ്യൂസാനോ, കാർമെൻ റോത്രീഗസ്‌, യൂ ജീക്യോൻ. (4) മൊനീക്‌ സോബോമീഹിൻ, ലീസെ തോമസ്‌, സാബെ ഗാസെൻ, വാറോനീക്‌ ഡോബാ, അംഹാലിക്‌ ബെർറ്റോ, സിൻഡീ വിൻ, മാഗീ ഡോബ്രെവോൾസ്‌കീ. (5) ജീസോങ്‌ യൂ, ഷാറോം ഡൂബാ, ഹീഡീ മിക്‌സെർ, മെലീസ ന്യൂട്ടൺ, ഫ്രാൻതീസ്‌കോ റോത്രീഗസ്‌, നേഥൻ മിക്‌സെർ. (6) മാർട്ടിൻ ലോഡ്‌, കീൽ ലിപ്പെൻകാറ്റ്‌, റിക്കീ മാർട്ടിൻസ്‌, അബീജ ഹോബ്‌, റീന സ്‌കാമ്പ്‌, ലൂച്ചോ പോട്ട്‌സോബൊൻ, ഷാൻ റ്റോവ്‌സ്‌. (7) സെബാസ്റ്റ്യൻ ഹാവിറ്റ്‌, യൂച്ചിറോ കീത്താമൂരാ, ഡെസ്റ്റെൻ ന്യൂട്ടൺ, ജോഷ്‌ ഹോബ്‌, ജോ സീറ്റ്‌സ്‌, ഡാർ തോമസ്‌. (8) ലാഡാ സോബോമീഹിൻ, ജെസീ മാറ്റ്‌കോവിച്ച്‌, ബ്രാൻഡൻ ഫ്യൂസാനോ, ജോൺ വിൻ, ജെസൻ സ്‌കാമ്പ്‌, ഡെനീസ്‌ അനെസെൻ, യാരെക്‌ ഡോബ്രെവോൾസ്‌കീ. (9) പീറ്റർ ഫീഡ്‌ലെർ, യൂജീൻ ബെൽ, ബ്രെറ്റ്‌ ബീസ്ലി, ബ്രെൻഡൻ സ്‌മിത്ത്‌, ഫിലീപ്‌ ബെർറ്റോ, മാർക്ക്‌ ഗാസെൻ.