വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഭാഷയിൽ വിഭിന്നരെങ്കിലും സ്‌നേഹത്തിൽ ഏകീകൃതർ”

“ഭാഷയിൽ വിഭിന്നരെങ്കിലും സ്‌നേഹത്തിൽ ഏകീകൃതർ”

“ഭാഷയിൽ വിഭിന്നരെങ്കിലും സ്‌നേഹത്തിൽ ഏകീകൃതർ”

വിടുതൽ. മോചനം. രക്ഷ. നൂറ്റാണ്ടുകളായി മനുഷ്യർ ജീവിതഭാരങ്ങളിൽനിന്നും വിഷമങ്ങളിൽനിന്നുമുള്ള ആശ്വാസത്തിനായി കാംക്ഷിക്കുകയാണ്‌. ജീവിതപ്രശ്‌നങ്ങളെ നമുക്കെങ്ങനെ നേരിടാം? ഒരു വിടുതൽ എന്നെങ്കിലും സാധ്യമാണോ? ആണെങ്കിൽ എങ്ങനെ?

യഹോവയുടെ സാക്ഷികളുടെ, 2006 മേയിൽ ആരംഭിച്ച ത്രിദിന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ പരമ്പര ആ വിഷയത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. “വിടുതൽ സമീപം!” എന്നതായിരുന്നു പ്രമേയം.

ഇത്തരം ഒമ്പതു കൺവെൻഷനുകളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. ചെക്ക്‌ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ്‌, സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവ, പോളണ്ടിലെ * നഗരങ്ങളായ കോഷൂഫ്‌, പൊസ്‌നാൻ, ജർമൻ നഗരങ്ങളായ ഡോർട്ട്‌മുൺട്‌, ഫ്രാങ്ക്‌ഫർട്ട്‌, ഹാംബർഗ്‌, ലൈപ്‌സിഗ്‌, മ്യൂണിക്ക്‌ എന്നിവിടങ്ങളിൽ 2006 ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളിലായാണ്‌ അതു നടന്നത്‌. ഈ കൺവെൻഷനുകളിൽ മൊത്തം 3,13,000 പേർ ഹാജരായി.

ഏതുതരം അന്തരീക്ഷമാണ്‌ ആ കൺവെൻഷൻ സ്ഥലങ്ങളിൽ നിറഞ്ഞുനിന്നത്‌? എങ്ങനെയുള്ള വാർത്തകളാണ്‌ അതു സംബന്ധിച്ചു പുറത്തു വന്നത്‌? കൺവെൻഷനിൽ പങ്കെടുത്തവർക്കുണ്ടായ അനുഭവം എന്താണ്‌?

ഒരുക്കങ്ങൾ

കൺവെൻഷൻ അനുസ്‌മരണാർഹമായ ആത്മീയ വിരുന്നു പ്രദാനം ചെയ്യുമെന്ന ഉറപ്പോടെ സന്ദർശകരും പ്രാദേശിക സാക്ഷികളും ഒരുപോലെ പ്രതീക്ഷയുടെ മുൾമുനയിലായിരുന്നു. കൺവെൻഷൻ പ്രതിനിധികൾക്ക്‌ ആവശ്യമായ താമസസൗകര്യം ഏർപ്പെടുത്തുന്നത്‌ ഭാരിച്ച ഒരു ഉദ്യമം ആയിരുന്നു. ഉദാഹരണത്തിന്‌, കോഷൂഫ്‌ കൺവെൻഷനുവേണ്ടി പൂർവ യൂറോപ്പിൽനിന്നുള്ള 13,000 സന്ദർശകർക്കായി പോളണ്ടിലെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ വീടു തുറന്നുകൊടുത്തു. ആ കൺവെൻഷനിൽ പങ്കെടുക്കാനായി അർമേനിയ, ഉസ്‌ബക്കിസ്ഥാൻ, എസ്‌തോണിയ, ഐക്യനാടുകൾ, കസാഖ്‌സ്ഥാൻ, കിർഗിസ്ഥാൻ, ജോർജിയ, ടർക്ക്‌മെനിസ്ഥാൻ, ടാജികിസ്ഥാൻ, ബ്യാലറൂസ്‌, മൊൾഡോവ, യൂക്രെയിൻ, ലട്‌വിയ, ലിത്വാനിയ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ എത്തിയിരുന്നു.

അനേകർക്കും മാസങ്ങൾക്കുമുമ്പേ യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ തുടങ്ങണമായിരുന്നു. ജപ്പാനു വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു റഷ്യൻ ഉപദ്വീപായ കാംചാറ്റ്‌കയിൽ നിന്നുള്ള ഒരു മുഴുസമയ ശുശ്രൂഷകയായ ടാറ്റ്യാന ഒരു വർഷംമുമ്പേ യാത്രയ്‌ക്കുള്ള പണം സ്വരുക്കൂട്ടാൻ തുടങ്ങി. അവർക്ക്‌ ഏകദേശം 10,500 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു. അഞ്ചു മണിക്കൂർ വിമാനത്തിലും മൂന്നു ദിവസം ട്രെയിനിലും 30 മണിക്കൂർ ബസ്സിലും യാത്രചെയ്‌താണ്‌ അവർ കോഷൂഫിൽ എത്തിച്ചേർന്നത്‌.

ആരാധനയ്‌ക്കായുള്ള സ്റ്റേഡിയവും പരിസരവും വൃത്തിയാക്കുന്നതിനായി ആയിരങ്ങൾ സ്വമേധയാ മുന്നോട്ടുവന്നു. (ആവർത്തനപുസ്‌തകം 23:14) ഉദാഹരണത്തിന്‌, ലൈപ്‌സിഗിലെ പ്രാദേശിക സാക്ഷികൾ സ്റ്റേഡിയം നന്നായി ശുചിയാക്കി; കൺവെൻഷനു ശേഷവും അങ്ങനെതന്നെ ചെയ്യുമെന്നു വാഗ്‌ദാനം ചെയ്‌തു. അതിന്റെ ഫലമായി സ്റ്റേഡിയം അധികൃതർ ശുചീകരണത്തിനു വേണ്ടിവരുന്ന പണം വാടകയിൽനിന്ന്‌ ഇളവുചെയ്‌തു.

ക്ഷണം

“വിടുതൽ സമീപം!” കൺവെൻഷന്‌ ഗോളവ്യാപകമായി സഭകൾ മികച്ച പ്രചാരണമാണു നൽകിയത്‌. പ്രത്യേക കൺവെൻഷനുകളിൽ സംബന്ധിക്കാനിരുന്നവരും അങ്ങേയറ്റം ഉത്സാഹത്തോടെ പ്രചാരണ പരിപാടിയെ പിന്തുണയ്‌ക്കുകയുണ്ടായി. കൺവെൻഷന്റെ തലേവൈകുന്നേരംവരെ കൺവെൻഷനെക്കുറിച്ച്‌ അവർ മറ്റുള്ളവരെ അറിയിച്ചു. അവരുടെ ആ ഉത്സാഹത്തിനു ഫലമുണ്ടായോ?

ബോഗ്‌ഡാൻ എന്ന പോളണ്ടുകാരനായ സാക്ഷി പ്രായമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടി; അദ്ദേഹത്തിനു കൺവെൻഷനു വരാൻ താത്‌പര്യമുണ്ടായിരുന്നു, പക്ഷേ തന്റെ തുച്ഛമായ പെൻഷൻതുക കോഷൂഫിലേക്കുള്ള 120 കിലോമീറ്റർ യാത്രയ്‌ക്കു തികയില്ല എന്നു പറഞ്ഞു. പ്രാദേശിക സഭ വാടകയ്‌ക്കെടുത്ത ബസ്സിൽ ഒരു സീറ്റ്‌ ഒഴിവുണ്ടായിരുന്നു. ബോഗ്‌ഡാൻ പറയുന്നു: “രാവിലെ 5:​30-ന്‌ വണ്ടി പുറപ്പെടുന്നതിനു മുമ്പ്‌ എത്താമെങ്കിൽ ഞങ്ങൾക്കൊപ്പം പണം മുടക്കാതെ യാത്രചെയ്യാമെന്ന്‌ അദ്ദേഹത്തോടു പറഞ്ഞു.” ആ ക്ഷണം സ്വീകരിച്ച അദ്ദേഹം കൺവെൻഷനിൽ സംബന്ധിച്ചു. പിന്നീട്‌ സഹോദരങ്ങൾക്ക്‌ ഇപ്രകാരം എഴുതി: “കൺവെൻഷനിൽ സംബന്ധിച്ചശേഷം ഞാൻ നല്ല ഒരു വ്യക്തിയാകാൻ തീരുമാനിച്ചിരിക്കുകയാണ്‌.”

പ്രാഗിൽ, ബ്രിട്ടനിൽനിന്നുള്ള പ്രതിനിധികൾ തങ്ങിയിരുന്ന അതേ ഹോട്ടലിൽ താമസിച്ചിരുന്ന ഒരു വ്യക്തി ആ ദിവസത്തെ കൺവെൻഷനിൽ താനും സംബന്ധിച്ചതായി അന്നു വൈകിട്ട്‌ അവരോടു പറഞ്ഞു. കൺവെൻഷനു പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണ്‌? ‘നഗരവീഥികളിൽനിന്ന്‌ പത്തു പ്രസാധകർ നൽകിയ ക്ഷണക്കത്ത്‌ സ്വീകരിച്ചിട്ട്‌ എങ്ങനെ പോകാതിരിക്കും?’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്‌ പരിപാടികൾ ഏറെ ഇഷ്ടമായി; കൂടുതൽ അറിയാൻ അതിയായ ആഗ്രഹവും പ്രകടിപ്പിച്ചു.​—⁠1 തിമൊഥെയൊസ്‌ 2:3, 4.

സമ്പുഷ്ടമായ ആത്മീയ വിരുന്ന്‌

വിഭിന്നങ്ങളായ പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന്‌ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു. പ്രശ്‌നങ്ങൾ പരിഹരിക്കാനോ സഹിച്ചുനിൽക്കാനോ സഹായകമായ വ്യക്തമായ തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ വിവരിക്കുകയുണ്ടായി.

പ്രായാധിക്യത്താൽ കഷ്ടപ്പെടുന്നവർ, ആരോഗ്യസ്ഥിതി മോശമായവർ, മരണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവർ, മറ്റു വ്യക്തിപരമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർ എന്നിങ്ങനെ എല്ലാവർക്കും ജീവിതത്തെ ശുഭാപ്‌തിവിശ്വാസത്തോടെ നേരിടുന്നതിന്‌ ആവശ്യമായ ബൈബിളധിഷ്‌ഠിത സഹായം ലഭിച്ചു. (സങ്കീർത്തനം 72:12-14) ഒരു സന്തുഷ്ട കുടുംബ ജീവിതം നയിക്കാവുന്ന വിധം, വിജയകരമായി കുട്ടികളെ വളർത്തുന്നതെങ്ങനെ എന്നിവ സംബന്ധിച്ച ബൈബിൾ ബുദ്ധിയുപദേശങ്ങൾ ദമ്പതികളും മാതാപിതാക്കളും ശ്രവിക്കുകയുണ്ടായി. (സഭാപ്രസംഗി 4:12; എഫെസ്യർ 5:22, 25; കൊലൊസ്സ്യർ 3:21) സ്‌കൂളിൽ മോശമായ അന്തരീക്ഷത്തിൽ കഴിയുന്ന, എന്നാൽ വീട്ടിലും സഭയിലും ദിവ്യമാർഗനിർദേശങ്ങൾ ലഭ്യമായിരിക്കുന്ന യുവക്രിസ്‌ത്യാനികൾ സാമൂഹിക സമ്മർദങ്ങളെ നേരിടാനും ‘യൌവനമോഹങ്ങളെ വിട്ടോടാനും’ സഹായകമായ പ്രായോഗിക മാർഗനിർദേശങ്ങൾ സ്വീകരിച്ചു.​—⁠2 തിമൊഥെയൊസ്‌ 2:⁠22.

യഥാർഥ ആഗോള സാഹോദര്യം

യഹോവയുടെ സാക്ഷികൾക്ക്‌ ക്രിസ്‌തീയ കൂടിവരവുകളിലൂടെ എല്ലായ്‌പോഴും നല്ല തിരുവെഴുത്തു മാർഗനിർദേശങ്ങൾ ലഭിക്കുന്നുണ്ട്‌. (2 തിമൊഥെയൊസ്‌ 3:16) എന്നാൽ, ഈ കൺവെൻഷനെ ശ്രദ്ധേയമാക്കിയത്‌ അവിടത്തെ സാർവദേശീയ അന്തരീക്ഷമായിരുന്നു. ഈ കൺവെൻഷനുകളിലെല്ലാം ഒരേ ആത്മീയ വിവരങ്ങൾ വിവിധ ഭാഷകളിൽ അവതരിപ്പിക്കപ്പെട്ടു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗങ്ങൾ നടത്തിയ പ്രസംഗങ്ങളും മറ്റു ദേശങ്ങളിൽനിന്നുള്ള റിപ്പോർട്ടുകളും ഓരോ ദിവസത്തെയും പരിപാടികൾക്കു മാറ്റുകൂട്ടി. ഈ പ്രസംഗങ്ങളും റിപ്പോർട്ടുകളും വ്യത്യസ്‌ത ഭാഷാക്കൂട്ടങ്ങളുടെ പ്രയോജനത്തിനായി അതതു ഭാഷകളിലേക്കു വിവർത്തനം ചെയ്യുകയുണ്ടായി.

മറ്റു ദേശങ്ങളിലെ സഹോദരീസഹോദരന്മാരെ കാണാൻ കൺവെൻഷൻ പ്രതിനിധികൾ വളരെ ആകാംക്ഷയുള്ളവരായിരുന്നു. “ഭാഷയുടെ വ്യത്യാസം വലിയൊരു പ്രശ്‌നമായിരുന്നില്ല. മറിച്ച്‌ അതു കൺവെൻഷനെ സന്തോഷമുഖരിതമാക്കി. വിഭിന്ന സംസ്‌കാരങ്ങളിൽനിന്നുള്ളവർ ആയിരുന്നെങ്കിലും വിശ്വാസത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു,” ഒരു സഹോദരൻ പറഞ്ഞു. മ്യൂണിക്ക്‌ കൺവെൻഷനിൽ പങ്കെടുത്തവർ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഭാഷയിൽ വിഭിന്നരെങ്കിലും സ്‌നേഹത്തിൽ ഏകീകൃതർ.” നാടോ ഭാഷയോ ഏതായിരുന്നാലും തങ്ങൾ യഥാർഥ സുഹൃത്തുക്കളോടൊപ്പമാണെന്ന്‌ അവരെല്ലാം തിരിച്ചറിഞ്ഞു; അതേ, തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരോടൊപ്പം.​—⁠സെഖര്യാവു 8:23.

കൃതജ്ഞതാവാക്കുകൾ

കൺവെൻഷന്‌ എത്തിയവരുടെ മനോഭാവത്തെയും സഹിഷ്‌ണുതയെയും പരിശോധിക്കുന്ന തരത്തിലുള്ളതായിരുന്നു പോളണ്ടിലെ കാലാവസ്ഥ. മിക്കപ്പോഴും മഴയായിരുന്നെന്നു മാത്രമല്ല, നല്ല തണുപ്പും ഉണ്ടായിരുന്നു; ഏതാണ്ട്‌ 14 ഡിഗ്രി സെൽഷ്യസ്‌. ഐക്യനാടുകളിൽനിന്നുള്ള ഒരു സഹോദരൻ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “ഇത്രയേറെ മോശം കാലാവസ്ഥയും കൊടുംതണുപ്പുമുള്ള ഒരു കൺവെൻഷനിൽ സംബന്ധിക്കുന്നത്‌ ഇതാദ്യമായാണ്‌; പരിപാടികൾ അധികം ശ്രദ്ധിക്കാനായില്ല. എന്നാൽ അവിശ്വസനീയവും ഉദ്വേഗജനകവുമായ അന്തർദേശീയ അന്തരീക്ഷവും വിശിഷ്ടമായ അതിഥിസത്‌കാരവും ആ കുറവു നികത്തി. ഈ കൺവെൻഷൻ അവിസ്‌മരണീയം തന്നെ!”

തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച എന്ന പുസ്‌തകം പോളീഷ്‌ ഭാഷയിൽ പ്രകാശനം ചെയ്‌തത്‌ പ്രസ്‌തുത ഭാഷക്കാർക്ക്‌ മറക്കാനാവാത്ത ഒരനുഭവമായിരുന്നു; തണുപ്പും മഴയും സഹിച്ചുനിന്നതിന്റെ പ്രതിഫലമായിരുന്നു അത്‌. യഹോവയുടെ ദിവസം മനസ്സിൽപ്പിടിച്ചുകൊണ്ടു ജീവിക്കുക (ഇംഗ്ലീഷ്‌) എന്ന പുതിയ പുസ്‌തകത്തിന്റെ പ്രകാശനം സന്തോഷം അലതല്ലുന്നതിനുള്ള മറ്റൊരു കാരണമായിരുന്നു.

മറ്റു ചില കാരണങ്ങൾ നിമിത്തവും കൺവെൻഷൻ ചിലരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കും. കൺവെൻഷനായി വിദേശത്തുനിന്ന്‌ ബസ്സിൽ എത്തിയ പ്രതിനിധികളെ സഹായിച്ചുകൊണ്ടു കൂടെനിന്ന ക്രിസ്റ്റീന എന്നു പേരായ ഒരു ചെക്ക്‌ സഹോദരി ഇപ്രകാരം ഓർക്കുന്നു: “വിടപറയും വേളയിൽ ഒരു സഹോദരി എന്നെ അൽപ്പം മാറ്റിനിറുത്തി ആലിംഗനം ചെയ്‌തിട്ട്‌ ഇങ്ങനെ പറഞ്ഞു: ‘സഹോദരി ഒന്നിനും ഒരു കുറവും വരുത്തിയില്ല; ഭക്ഷണവും വെള്ളവുമൊക്കെ ഞങ്ങൾ ഇരിക്കുന്നിടത്തു കൊണ്ടുത്തന്നു. ആത്മത്യാഗപരമായ ഈ സ്‌നേഹത്തിന്‌ എങ്ങനെ നന്ദി പറയണമെന്ന്‌ എനിക്കറിയില്ല.’” വിദേശ പ്രതിനിധികൾക്കു ഭക്ഷണം നൽകിയതിനെക്കുറിച്ചാണ്‌ സഹോദരി പറഞ്ഞത്‌. “യാതൊരു മുൻപരിചയവുമില്ലാത്ത ഒരു ജോലിയായിരുന്നു അത്‌. ദിവസേന 6,500 പേർക്ക്‌ ഉച്ചഭക്ഷണം നൽകണമായിരുന്നു! കുട്ടികൾ ഉൾപ്പെടെ അനവധിപേർ സഹായവുമായി എത്തിയത്‌ ഹൃദയോദ്ദീപകമായിരുന്നു” എന്ന്‌ ഒരു സഹോദരൻ പറയുകയുണ്ടായി.

കൺവെൻഷനായി യൂക്രെയിനിൽനിന്നു കോഷൂഫിലേക്കു യാത്ര ചെയ്‌ത ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “സഹവിശ്വാസികളുടെ സ്‌നേഹവും കരുതലും ഔദാര്യവും ഞങ്ങളെ വല്ലാതെ ആകർഷിച്ചു. കൃതജ്ഞത പ്രകടിപ്പിക്കാൻ ഞങ്ങൾക്ക്‌ വാക്കുകളില്ല.” ഫിൻലൻഡിൽനിന്നുള്ള എട്ടു വയസ്സുകാരി അനിക യഹോവയുടെ സാക്ഷികളുടെ പോളണ്ടിലെ ബ്രാഞ്ചിനു പിൻവരും വിധം എഴുതി: “കൺവെൻഷൻ എനിക്ക്‌ സങ്കൽപ്പിക്കാവുന്നതിലും ഗംഭീരമായിരുന്നു. യഹോവയുടെ സംഘടനയിലായിരിക്കുന്നത്‌ എത്ര വലിയ കാര്യമാണ്‌; കാരണം ലോകം മുഴുവൻ നമുക്ക്‌ കൂട്ടുകാരെ കിട്ടും!”​—⁠സങ്കീർത്തനം 133:⁠1.

നിരീക്ഷകർ സംസാരിക്കുന്നു

കൺവെൻഷനു മുമ്പ്‌ ചില സന്ദർശകർക്ക്‌ സ്ഥലം ചുറ്റിക്കാണാനുള്ള ക്രമീകരണങ്ങൾ ചെയ്‌തിരുന്നു. ബവേറിയൻ നാട്ടിൻപുറത്ത്‌ രാജ്യഹാളിൽ ചെന്ന സന്ദർശകർക്ക്‌ പ്രാദേശിക സാക്ഷികൾ ഹൃദ്യമായ വരവേൽപ്പു നൽകി. ഒരു കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന സാക്ഷിയല്ലാത്ത ഒരു ഗൈഡിനെ സഹോദരങ്ങളുടെ സ്‌നേഹം വല്ലാതെ ആകർഷിച്ചു. ഒരു പ്രതിനിധി ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ഞങ്ങൾ മറ്റുള്ളവരിൽനിന്നു തികച്ചും വ്യത്യസ്‌തരാണെന്ന്‌ ഹോട്ടലിലേക്കുള്ള മടക്കയാത്രയിൽ ഗൈഡ്‌ അഭിപ്രായപ്പെട്ടു. എല്ലാവരുടെയും വസ്‌ത്രധാരണം മാന്യമായിരുന്നു, നേതൃത്വം എടുക്കുന്നവരുമായി എല്ലാവരും നന്നായി സഹകരിച്ചു. യാതൊരു തരത്തിലുള്ള പഴിചാരലും ആശയക്കുഴപ്പവും ഇല്ലായിരുന്നു. അപരിചിതർ ഇത്രവേഗം ഉറ്റ സുഹൃത്തുക്കളായിത്തീരുന്നതു കണ്ട്‌ ആ സ്‌ത്രീ അന്തംവിട്ടുപോയി.”

പ്രാഗ്‌ കൺവെൻഷനിൽ ന്യൂസ്‌ സർവിസ്‌ ഡിപ്പാർട്ടുമെന്റിൽ പ്രവർത്തിച്ച ഒരു സഹോദരൻ ഇപ്രകാരം പറഞ്ഞു: “കൺവെൻഷൻ സ്ഥലത്തു നിയമിച്ചിരിക്കുന്ന പോലീസുകാരുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഞായറാഴ്‌ച രാവിലെ അവിടം സന്ദർശിച്ചു. സമാധാനപൂർണമായ അവിടത്തെ അന്തരീക്ഷം ശ്രദ്ധിച്ച അദ്ദേഹം തനിക്കു യാതൊരു ജോലിയുമില്ല എന്നു പറഞ്ഞു. സമീപവാസികളായ ചിലർ സ്റ്റേഡിയത്തിൽ എന്തു പ്രോഗ്രാമാണ്‌ നടക്കുന്നത്‌ എന്നു തിരക്കിയതായും അദ്ദേഹം പറയുകയുണ്ടായി. യഹോവയുടെ സാക്ഷികളുടേത്‌ എന്നു പറയുമ്പോൾ ആളുകൾ നെറ്റി ചുളിക്കുമായിരുന്നു; അങ്ങനെയുള്ളവരോട്‌ ആ ഉദ്യോഗസ്ഥൻ ഇങ്ങനെയാണ്‌ മറുപടി പറഞ്ഞിരുന്നത്‌: ‘യഹോവയുടെ സാക്ഷികളുടെ പെരുമാറ്റത്തിന്റെ പകുതിയെങ്കിലും ആളുകൾക്കുണ്ടായിരുന്നെങ്കിൽ പോലീസേ വേണ്ടിവരില്ലായിരുന്നു.’”

വിടുതൽ പ്രാപിച്ച അനേകർ!

ദൈവവചനമായ ബൈബിൾ, സംസ്‌കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം പോലെ വർത്തിക്കുന്നു; ക്രിസ്‌ത്യാനികളുടെ ഇടയിൽ സമാധാനവും ഐക്യവും തഴയ്‌ക്കാൻ ഇടയാക്കിക്കൊണ്ടുതന്നെ. (റോമർ 14:19; എഫെസ്യർ 4:22-24; ഫിലിപ്പിയർ 4:7) “വിടുതൽ സമീപം!” പ്രത്യേക കൺവെൻഷനുകൾ അതിനു തെളിവായിരുന്നു. ഈ ലോകത്തെ ഗ്രസിക്കുന്ന അസഹിഷ്‌ണുത, അക്രമങ്ങൾ, വർഗവിവേചനം എന്നിവപോലുള്ള അനേകം വ്യാധികളിൽനിന്നു യഹോവയുടെ സാക്ഷികൾ വിടുവിക്കപ്പെട്ടിരിക്കുന്നു എന്നുതന്നെ പറയാം. മാത്രമല്ല, അത്തരം പ്രശ്‌നങ്ങൾ ആഗോളതലത്തിൽ പിഴുതെറിയപ്പെടുന്ന സമയത്തിനായി കാത്തിരിക്കുകയാണ്‌ അവർ.

ആ കൺവെൻഷനുകളിൽ പങ്കെടുത്തവർ വ്യത്യസ്‌ത ദേശങ്ങളിൽനിന്നും സംസ്‌കാരങ്ങളിൽനിന്നുമുള്ള യഹോവയുടെ സാക്ഷികളുടെ ഐക്യം നേരിട്ട്‌ അനുഭവിച്ചറിഞ്ഞു. ഇത്‌ വിശേഷിച്ച്‌ കൺവെൻഷന്റെ സമാപനത്തിൽ ദൃശ്യമായിരുന്നു. എല്ലാവരും കൈയടിച്ച്‌, പുതിയ സുഹൃത്തുക്കളെ ആലിംഗനം ചെയ്‌ത്‌, അവസാന ചിത്രങ്ങൾ പകർത്തുകയായിരുന്നു. (1 കൊരിന്ത്യർ 1:10; 1 പത്രൊസ്‌ 2:17) സകല അരിഷ്ടതകളിൽനിന്നും പ്രശ്‌നങ്ങളിൽനിന്നുമുള്ള വിടുതൽ സമീപമാണെന്ന ഉറച്ച ബോധ്യത്തോടും സന്തോഷത്തോടുംകൂടെ കൺവെൻഷൻ പ്രതിനിധികൾ “ജീവന്റെ വചനം” മുറുകെപ്പിടിക്കാനുള്ള ഒരു പുത്തൻ ഉണർവോടെ തങ്ങളുടെ വീടുകളിലേക്കും സഭകളിലേക്കും മടങ്ങി.​—⁠ഫിലിപ്പിയർ 2:15, 16.

[അടിക്കുറിപ്പ്‌]

^ ഖ. 4 പോളണ്ടിൽ മറ്റ്‌ ആറ്‌ കൺവെൻഷൻ സ്ഥലങ്ങളിലും സ്ലൊവാക്യയിൽ ഒരിടത്തും പരിപാടിയുടെ സാർവദേശീയ ഭാഗം ഇലക്‌ട്രോണിക്‌ സംവിധാനത്തിലൂടെ സംപ്രേഷണം ചെയ്യുകയുണ്ടായി.

[10-ാം പേജിലെ ചതുരം/ചിത്രം]

ഇരുപത്താറ്‌ ഭാഷകൾ ഒരേസ്വരത്തിൽ

ഈ ഒമ്പത്‌ കൺവെൻഷനുകളിലും പ്രാദേശിക ഭാഷകളിലാണ്‌ പരിപാടികൾ നടന്നത്‌. ജർമനിയിലെ കൺവെൻഷനുകളിൽ പ്രസംഗങ്ങൾ മറ്റ്‌ 18 ഭാഷകളിലും നടത്തപ്പെട്ടു. അവിടത്തെ ഡോർട്ട്‌മുൺടിൽ അറബി, ഫാർസി, പോർച്ചുഗിസ്‌, സ്‌പാനീഷ്‌, റഷ്യൻ എന്നിവയിലും ഫ്രാങ്ക്‌ഫർട്ടിൽ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, സെർബിയൻ അഥവാ ക്രൊയേഷ്യൻ എന്നിവയിലും ഹാംബർഗിൽ ഡാനിഷ്‌, ഡച്ച്‌, സ്വീഡിഷ്‌, തമിഴ്‌ എന്നിവയിലും ലൈപ്‌സിഗിൽ ചൈനീസ്‌, പോളീഷ്‌, ടർക്കിഷ്‌ എന്നിവയിലും മ്യൂണിക്കിൽ ഗ്രീക്ക്‌, ഇറ്റാലിയൻ, ജർമൻ ആംഗ്യഭാഷ എന്നിവയിലും പരിപാടികൾ നടത്തപ്പെട്ടു. പ്രാഗ്‌ കൺവെൻഷനിൽ എല്ലാ പ്രസംഗങ്ങളും ചെക്ക്‌, ഇംഗ്ലീഷ്‌, റഷ്യൻ ഭാഷകളിലായിരുന്നു. ബ്രാറ്റിസ്ലാവയിൽ ഇംഗ്ലീഷിലും ഹംഗേറിയനിലും സ്ലോവാക്കിലും സ്ലോവാക്യൻ ആംഗ്യഭാഷയിലും ആയിരുന്നു പരിപാടികൾ. കോഷൂഫിലാകട്ടെ പോളീഷിലും റഷ്യനിലും യൂക്രേനിയയിലും പോളീഷ്‌ ആംഗ്യഭാഷയിലുമാ​യിരുന്നു. പൊസ്‌നാനിൽ പോളീഷിലും ഫിന്നിഷിലുമായിരുന്നു.

മൊത്തം 26 ഭാഷകൾ! കൺവെൻഷനിൽ സംബന്ധിച്ചവർ ഭാഷാപരമായി വിഭിന്നരെങ്കിലും സ്‌നേഹത്തിൽ ഏകീകൃതരായിരുന്നു.

[9-ാം പേജിലെ ചിത്രം]

“പുതിയലോക ഭാഷാന്തരം” മാതൃഭാഷയിൽ ലഭിച്ചത്‌ ഫ്രാങ്ക്‌ഫർട്ടിലെ ക്രൊയേഷ്യൻ പ്രതിനിധികളെ ആഹ്ലാദഭരിതരാക്കി