വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യെഹെസ്‌കേലിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠ഭാഗം 1

യെഹെസ്‌കേലിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠ഭാഗം 1

യഹോവയുടെ വചനം ജീവനുള്ളത്‌

യെഹെസ്‌കേലിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 1

വർഷം പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 613. യെഹൂദയിൽ പ്രവാചകനായ യിരെമ്യാവ്‌ ആസന്നമായ യെരൂശലേമിന്റെ നാശത്തെയും യഹൂദദേശത്തിന്റെ ശൂന്യമാക്കലിനെയും കുറിച്ചു നിർഭയം പ്രഖ്യാപിക്കുന്ന സമയം. ബാബിലോൺ രാജാവായ നെബൂഖദ്‌നേസർ ഇതിനോടകം അനേകം യഹൂദന്മാരെ ബന്ധികളാക്കി കൊണ്ടുപോയിരുന്നു. കൽദയ കൊട്ടാരത്തിൽ സേവിക്കുന്ന ദാനീയേലും മൂന്നു കൂട്ടാളികളും അവരിൽ ചിലരാണ്‌. യെഹൂദ പ്രവാസികളിൽ മിക്കവരും ‘കൽദയദേശത്തുള്ള’ കെബാർ നദീതീരത്താണ്‌. (യെഹെസ്‌കേൽ 1:1-3) ഒരു സന്ദേശകനെ നൽകാതെ യഹോവ ആ പ്രവാസികളെ തള്ളിക്കളയുന്നില്ല. 30 വയസ്സുള്ള യെഹെസ്‌കേലിനെ അവൻ പ്രവാചകനായി നിയമിക്കുന്നു.

പൊ.യു.മു. 591-ൽ പൂർത്തിയാക്കിയ യെഹെസ്‌കേൽ പുസ്‌തകത്തിൽ 22 വർഷത്തെ ചരിത്രമാണുള്ളത്‌. വളരെ ശ്രദ്ധയും കൃത്യതയുമുള്ള എഴുത്തുകാരനാണ്‌ യെഹെസ്‌കേൽ. അവൻ തന്റെ പ്രവചനങ്ങൾ കൃത്യസമയം സഹിതമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌; എന്തിന്‌ വർഷത്തോടുകൂടെ മാസവും ദിവസവുംപോലും പട്ടികപ്പെടുത്തിയിട്ടുണ്ട്‌. യെഹെസ്‌കേലിന്റെ സന്ദേശത്തിന്റെ ആദ്യഭാഗം യെരൂശലേമിന്റെ വീഴ്‌ചയെയും നാശത്തെയും കുറിച്ചുള്ളതാണ്‌. രണ്ടാംഭാഗം അയൽ രാജ്യങ്ങൾക്കെതിരെയുള്ള ന്യായവിധികളാണെങ്കിൽ അവസാനഭാഗം യഹോവയുടെ ആരാധനയുടെ പുനഃസ്ഥിതീകരണത്തോടു ബന്ധപ്പെട്ടതാണ്‌. യെഹെസ്‌കേൽ 1:1–24:27-ലെ വിശേഷാശയങ്ങളാണ്‌ ഈ ലേഖനത്തിൽ. ദർശനങ്ങൾ, പ്രവചനങ്ങൾ, യെരൂശലേമിനു സംഭവിക്കുമായിരുന്നതിന്റെ മൂകാഭിനയങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

“ഞാൻ നിന്നെ . . . കാവല്‌ക്കാരനാക്കിയിരിക്കുന്നു”

(യെഹെസ്‌കേൽ 1:1–19:14)

യഹോവയുടെ സിംഹാസനത്തെക്കുറിച്ചുള്ള ഭയാദരജനകമായ ഒരു ദർശനത്തിനുശേഷം യെഹെസ്‌കേലിനു തന്റെ നിയമനം ലഭിക്കുന്നു. യഹോവ പറയുന്നു: “ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവല്‌ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.” (യെഹെസ്‌കേൽ 3:17) യെരൂശലേമിനു വരാനിരിക്കുന്ന ഉപരോധത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചു പ്രവചിക്കുന്നതിനായി യെഹെസ്‌കേലിനോട്‌ രണ്ടു മൂകപ്രകടനങ്ങൾ നടത്താൻ ആവശ്യപ്പെടുകയുണ്ടായി. യെഹെസ്‌കേലിലൂടെ യഹോവ യെഹൂദദേശത്തെക്കുറിച്ചു പറയുന്നു: “ഞാൻ നിങ്ങളുടെ നേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.” (യെഹെസ്‌കേൽ 6:3) ദേശവാസികളോട്‌ അവൻ പറയുന്നതിങ്ങനെയാണ്‌: “ആപത്തു നിനക്കു വന്നിരിക്കുന്നു.”—യെഹെസ്‌കേൽ 7:7

പൊ.യു.മു. 612-ൽ ഒരു ദർശനം യെഹെസ്‌കേലിനെ യെരൂശലേമിലേക്കു കൊണ്ടുപോകുന്നു. ദൈവത്തിന്റെ ആലയത്തിൽ നടക്കുന്ന എന്തെല്ലാം മ്ലേച്ഛതകളാണ്‌ അവൻ കാണുന്നത്‌! വിശ്വാസത്യാഗികളുടെമേൽ തന്റെ ക്രോധം ചൊരിയാനായി യഹോവ (‘ആറു പുരുഷന്മാരാൽ’ പ്രതിനിധീകരിക്കപ്പെട്ട) സ്വർഗീയ വധാധികൃത സൈന്യത്തെ അയയ്‌ക്കുമ്പോൾ ‘നെറ്റികളിൽ അടയാളം’ ഉള്ളവർ മാത്രം ഒഴിവാക്കപ്പെടുന്നു. (യെഹെസ്‌കേൽ 9:2-6) എന്നാൽ, ആദ്യം “തീക്കനൽ,” അതായത്‌ നാശത്തെക്കുറിച്ചുള്ള അഗ്നിസമാന സന്ദേശങ്ങൾ നഗരത്തിന്മേൽ വിതറുന്നു. (യെഹെസ്‌കേൽ 10:2) ദുഷ്ടരായവർക്ക്‌ “അവരുടെ തലമേൽ പകരം കൊടുക്കു”മ്പോൾത്തന്നെ ഇസ്രായേലിൽ ചിതറിപ്പോയതിനെ ശേഖരിക്കുമെന്നു യഹോവ വാഗ്‌ദാനം ചെയ്യുന്നു.—യെഹെസ്‌കേൽ 11:17-21.

യഹോവയുടെ ആത്മാവ്‌ യെഹെസ്‌കേലിനെ തിരികെ കൽദയയിലെത്തിക്കുന്നു. ഒരു മൂകാഭിനയത്തിലൂടെ സിദെക്കീയാ രാജാവിന്റെയും ജനങ്ങളുടെയും യെരൂശലേമിൽനിന്നുള്ള പലായനം ചിത്രീകരിക്കപ്പെടുന്നു. വ്യാജ പ്രവാചകന്മാരും പ്രവാചകിമാരും കുറ്റംവിധിക്കപ്പെടുന്നു. വിഗ്രഹാരാധികൾ പുറന്തള്ളപ്പെടുന്നു. യെഹൂദയെ വിലയില്ലാത്ത മുന്തിരിയോട്‌ ഉപമിക്കുന്നു. യെരൂശലേം സഹായത്തിനായി ഈജിപ്‌തിലേക്കു തിരിയുന്നതിന്റെ തിക്തഫലങ്ങളെ ഒരു കഴുകന്റെയും മുന്തിരിവള്ളിയുടെയും കടങ്കഥയിലൂടെ കാണിക്കുന്നു. കടങ്കഥ ഇപ്രകാരം ഉപസംഹരിക്കുന്നു: ‘യഹോവ ഇളതായിരിക്കുന്ന ഒരു ശിഖരം ഉയരവും ഉന്നതവുമായുള്ള ഒരു പർവ്വതത്തിൽ നടും.’ (യെഹെസ്‌കേൽ 17:22) എന്നിരുന്നാലും, യെഹൂദയിൽ ‘ആധിപത്യത്തിന്നു ചെങ്കോൽ’ ഇല്ലാതിരിക്കും.—യെഹെസ്‌കേൽ 19:14.

തിഴുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:4-28—സ്വർഗീയരഥം എന്തിനെ ചിത്രീകരിക്കുന്നു? വിശ്വസ്‌ത ആത്മജീവികൾ അടങ്ങുന്ന യഹോവയുടെ സംഘടനയുടെ സ്വർഗീയ ഭാഗത്തെയാണ്‌ രഥം ചിത്രീകരിക്കുന്നത്‌. അതിന്റെ ശക്തിയുടെ ഉറവ്‌ യഹോവയുടെ പരിശുദ്ധാത്മാവാണ്‌. യഹോവയെ പ്രതിനിധാനം ചെയ്യുന്ന രഥസഞ്ചാരി അവർണനീയമാംവിധം തേജോമയനാണ്‌. അവന്റെ ശാന്തത മനോഹരമായ ഒരു മഴവില്ലിനാൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

1:5-11—നാലു ജീവികൾ ആരാണ്‌? രഥത്തെക്കുറിച്ചുള്ള രണ്ടാം ദർശനത്തിൽ നാലു ജീവികളെ കെരൂബുകളായി യെഹെസ്‌കേൽ തിരിച്ചറിയിക്കുന്നു. (യെഹെസ്‌കേൽ 10:1-11; 11:22) ആ ദർശനത്തിലെ കാളയുടെ മുഖത്തെ അവൻ “കെരൂബ്‌മുഖ”മായി പറയുന്നു. (യെഹെസ്‌കേൽ 10:14) അത്‌ തീർച്ചയായും ഉചിതമാണ്‌, കാരണം കാള ശക്തിയുടെയും കരുത്തിന്റെയും പ്രതീകമാണ്‌. സമാനമായി കെരൂബുകൾ ശക്തരായ ആത്മജീവികളാണ്‌.

2:6—യെഹെസ്‌കേലിനെ ‘മനുഷ്യപുത്രൻ’ എന്ന്‌ ആവർത്തിച്ചു പരാമർശിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഈ വിധത്തിൽ അഭിസംബോധന ചെയ്യുകവഴി, യെഹെസ്‌കേൽ ഒരു മനുഷ്യനാണെന്ന വസ്‌തുത യഹോവ ഓർമിപ്പിക്കുകയായിരുന്നു. അങ്ങനെ ഒരു മാനുഷ സന്ദേശവാഹകനും സന്ദേശത്തിന്റെ ദിവ്യകാരണഭൂതനും തമ്മിലുള്ള വലിയ അന്തരം വ്യക്തമാക്കുകയായിരുന്നു. ഇതേ അഭിസംബോധന യേശുക്രിസ്‌തുവിനോടുള്ള ബന്ധത്തിൽ സുവിശേഷങ്ങളിൽ ഏകദേശം 80 തവണ കാണാം; ദൈവപുത്രൻ ഒരു അവതാരമായിട്ടല്ല, ഒരു മനുഷ്യനായിട്ടാണു വന്നതെന്ന്‌ അതു വ്യക്തമാക്കുന്നു.

2:9–3:3—വിലാപങ്ങളുടെയും സങ്കടങ്ങളുടെയും ചുരുൾ മധുരിക്കുന്നതായി യെഹെസ്‌കേലിനു തോന്നിയത്‌ എന്തുകൊണ്ട്‌? യെഹെസ്‌കേലിന്‌ ചുരുൾ മധുരമുള്ളതായി തോന്നാൻ കാരണം തന്റെ നിയമനത്തോടുള്ള അവന്റെ മനോഭാവമായിരുന്നു. ഒരു പ്രവാചകനായി യഹോവയെ സേവിക്കുക എന്നതിനെപ്രതി യെഹെസ്‌കേൽ നന്ദിയുള്ളവനായിരുന്നു.

4:1-17—ആസന്നമായിരുന്ന യെരൂശലേമിന്റെ ഉപരോധത്തെ ചിത്രീകരിക്കുന്ന രംഗം യെഹെസ്‌കേൽ ശരിക്കും അഭിനയിച്ചോ? പാചക ഇന്ധനം മാറ്റുന്നതിനു വേണ്ടിയുള്ള യെഹെസ്‌കേലിന്റെ അഭ്യർഥനയും അതിനുള്ള യഹോവയുടെ അനുവാദവും കാണിക്കുന്നത്‌ പ്രവാചകൻ ശരിക്കും ആ രംഗം അഭിനയിച്ചുവെന്നാണ്‌. ഇടതുവശം ചെരിഞ്ഞു കിടന്നത്‌ പത്തു ഗോത്ര ദേശത്തിന്റെ 390 വർഷത്തെ അകൃത്യത്തിനു വേണ്ടിയായിരുന്നു—പൊ.യു.മു. 997-ലെ അതിന്റെ തുടക്കം മുതൽ പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശംവരെ. വലതുവശം ചെരിഞ്ഞു കിടന്നത്‌ യെഹൂദയുടെ 40 വർഷത്തെ അകൃത്യത്തിനുവേണ്ടിയും. പൊ.യു.മു. 647-ലെ പ്രവാചകനെന്ന നിലയിലുള്ള യിരെമ്യാവിന്റെ നിയമനം മുതൽ പൊ.യു.മു. 607 വരെയുള്ള കാലഘട്ടമാണ്‌ അത്‌. ഈ 430 ദിവസ-കാലഘട്ടത്തിലുടനീളം യെഹെസ്‌കേൽ പരിമിതമായ ഭക്ഷണവും വെള്ളവുംകൊണ്ട്‌ കഴിഞ്ഞുകൂടി; പ്രാവചനികമായി അത്‌ യെരൂശലേമിന്റെ ഉപരോധ സമയത്ത്‌ ഉണ്ടാകാനിരുന്ന ഭക്ഷ്യക്ഷാമത്തെ സൂചിപ്പിച്ചു.

5:1-3—യെഹെസ്‌കേൽ കാറ്റത്തു ചിതറിച്ചു കളയാനിരുന്ന തന്റെ മുടിയുടെ കുറച്ച്‌ എടുത്ത്‌ വസ്‌ത്രത്തിന്റെ കോന്തലെക്കൽ കെട്ടുന്നതിന്റെ പ്രസക്തി എന്ത്‌? 70 വർഷം ശൂന്യമായി കിടന്നശേഷം ചെറിയൊരു ശേഷിപ്പ്‌ യെഹൂദയിലേക്കു മടങ്ങുമെന്നും അവർ സത്യാരാധന പുനഃസ്ഥാപിക്കുമെന്നും കാണിക്കുന്നതിനായിരുന്നു അത്‌.—യെഹെസ്‌കേൽ 11:17-20.

17:1-24—വലിയ രണ്ടു കഴുകന്മാർ ആരാണ്‌, ദേവദാരുവിന്റെ ഇളഞ്ചില്ലകളുടെ അറ്റം മുറിക്കുന്നത്‌ എങ്ങനെ, യഹോവ നടുന്ന ‘ഇളതായിരിക്കുന്ന ഒന്ന്‌’ ആരാണ്‌? ആ രണ്ടു കഴുകന്മാർ ബാബിലോണിന്റെയും ഈജിപ്‌തിന്റെയും ഭരണാധിപന്മാരെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ആദ്യത്തെ കഴുകൻ ദേവദാരുവിന്റെ ശിഖരത്തിൽ വന്നിരിക്കുന്നു എന്നത്‌ ബാബിലോൺ രാജാവ്‌ ദാവീദിക രാജവംശത്തിലെ ഭരണാധിപനുനേരെ വരുന്നതിനെ സൂചിപ്പിക്കുന്നു. യെഹൂദയിൽ യെഹോയാഖീൻ രാജാവിനു പകരം സിദെക്കീയാ രാജാവിനെ അവരോധിച്ചുകൊണ്ടാണ്‌ ഈ കഴുകൻ ഇളഞ്ചില്ലകളുടെ അറ്റം മുറിക്കുന്നത്‌. താൻ വിധേയനായി നിന്നുകൊള്ളാം എന്നു സിദെക്കീയാവ്‌ ഒരു ഉടമ്പടി ചെയ്‌തെങ്കിലും മറ്റേ കഴുകനായ ഈജിപ്‌തിലെ രാജാവിൽനിന്ന്‌ സഹായം തേടുന്നു; പക്ഷേ അതു നിഷ്‌ഫലമാകുന്നു. നെബൂഖദ്‌നേസർ സിദെക്കീയാവിനെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകുന്നു, അവിടെവെച്ച്‌ അദ്ദേഹം മരിക്കുന്നു. യഹോവയും ‘ഇളതായിരിക്കുന്ന ഒന്ന്‌’ മുറിച്ചെടുക്കുന്നു; മിശിഹൈക രാജാവാണത്‌. യഹോവ അത്‌ സ്വർഗീയ സീയോൻ മലയായ “ഉയർന്ന പർവതത്തിൽ” നടുന്നു. അവിടെ അവൻ ഭൂമിയുടെ യഥാർഥ അനുഗ്രഹങ്ങൾക്ക്‌ ഉറവായിത്തീരുന്ന “ഭംഗിയുള്ളോരു ദേവദാരു” ആയിത്തീരും.—വെളിപ്പാടു 14:1.

നമുക്കുള്ള പാഠങ്ങൾ:

2:6-8; 3:8,9, 18-21. നാം ദുഷ്ടരെ ഭയക്കുകയോ അവർക്കുള്ള മുന്നറിയിപ്പുകൾ അടങ്ങിയ ദിവ്യ സന്ദേശങ്ങൾ അറിയിക്കുന്നതിൽനിന്നു പിന്മാറുകയോ ചെയ്യരുത്‌. താത്‌പര്യമില്ലായ്‌മയോ എതിർപ്പോ നേരിടുമ്പോൾ നാം വജ്രംപോലെ ഉറപ്പുള്ളവരായിരിക്കണം. എന്നിരുന്നാലും, കഠിനഹൃദയരോ വികാരശൂന്യരോ നിഷ്‌ഠുരരോ ആയിത്തീരാതിരിക്കാൻ നാം ശ്രദ്ധിക്കണം. യേശുവിന്‌ താൻ പ്രസംഗിച്ച ആളുകളോട്‌ മനസ്സലിവു തോന്നി; നമുക്കും അങ്ങനെതന്നെ തോന്നണം.—മത്തായി 9:36.

3:15. നിയമനം ലഭിച്ച യെഹെസ്‌കേൽ താൻ പ്രഖ്യാപിക്കേണ്ടിയിരുന്ന സന്ദേശത്തെക്കുറിച്ചു വിചിന്തനംചെയ്‌തുകൊണ്ട്‌ തേൽ-ആബീബിൽ ‘ഏഴു ദിവസം സ്‌തംഭിച്ച്‌’ പാർത്തു. ഗഹനമായ ആത്മീയകാര്യങ്ങൾ ഗ്രഹിക്കേണ്ടതിനായി ഉത്സാഹപൂർവം പഠിക്കാനും ധ്യാനിക്കാനും നാമും സമയം കണ്ടെത്തേണ്ടതല്ലേ?

4:1–5:4. പ്രാവചനിക മൂകപ്രകടനങ്ങൾ അഭിനയിക്കാൻ യെഹെസ്‌കേലിന്‌ താഴ്‌മയും ധൈര്യവും ആവശ്യമായിരുന്നു. ഏതുതരത്തിലുള്ള ദൈവദത്ത നിയമനവും നിർവഹിക്കാൻ നമുക്കും താഴ്‌മയും ധൈര്യവും ആവശ്യമാണ്‌.

7:4, 9; 8:18; 9:5, 10. ദൈവത്തിന്റെ പ്രതികൂല ന്യായവിധിക്ക്‌ അർഹരാകുന്നവരോട്‌ നമുക്കു മനസ്സലിവും ദയയും തോന്നേണ്ടതില്ല.

7:19. യഹോവ ഈ വ്യവസ്ഥിതിക്കെതിരായ തന്റെ ന്യായവിധി നടപ്പിലാക്കുമ്പോൾ പണത്തിനു യാതൊരു മൂല്യവും ഉണ്ടായിരിക്കില്ല.

8:5-18. വിശ്വാസത്യാഗം ദൈവവുമായുള്ള ഒരുവന്റെ ബന്ധം തകർക്കുന്നു. “വഷളൻ [“വിശ്വാസത്യാഗി,” NW] വായ്‌കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 11:9) ഒരു വിശ്വാസത്യാഗിക്കു ചെവിചായ്‌ക്കാനുള്ള ചിന്തപോലും നാം അകറ്റി നിറുത്തണം.

9:3-6. ‘മഹോപദ്രവത്തെ’ അതിജീവിക്കുന്നതിന്‌ അടയാളം—നാം സമർപ്പിതരും സ്‌നാപനമേറ്റവരുമായ ദൈവദാസരാണെന്നും നമുക്ക്‌ ഒരു ക്രിസ്‌തീയ വ്യക്തിത്വമുണ്ടെന്നും ഉള്ളതിന്റെ തെളിവ്‌—നേടുന്നത്‌ വളരെ പ്രധാനമാണ്‌. (മത്തായി 24:21, NW) എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനാൽ ചിത്രീകരിക്കപ്പെടുന്ന അഭിഷിക്ത ക്രിസ്‌ത്യാനികൾ അടയാളമിടൽ വേലയ്‌ക്കു നേതൃത്വമെടുക്കുന്നു. രാജ്യ സുവാർത്താ പ്രസംഗത്തിലൂടെയും ശിഷ്യരാക്കൽ വേലയിലൂടെയുമാണ്‌ അവർ അത്‌ ചെയ്യുന്നത്‌. അടയാളം നിലനിറുത്താൻ ആഗ്രഹിക്കുന്നെങ്കിൽ ആ വേലയിൽ നാം ഉത്സാഹപൂർവം അവരെ സഹായിക്കണം.

12:26-28. സന്ദേശത്തെ പരിഹസിക്കുന്നവരോടുപോലും യെഹെസ്‌കേൽ പറയേണ്ടിയിരുന്നത്‌ ഇതാണ്‌: യഹോവയുടെ “വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല.” ഈ വ്യവസ്ഥിതിയെ യഹോവ നശിപ്പിക്കുന്നതിനു മുമ്പ്‌ അവനിൽ ആശ്രയിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്‌ നാം കഴിവിന്റെ പരമാവധി ശ്രമിക്കണം.

14:12-23. രക്ഷ നേടുന്നത്‌ നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്‌. നമുക്കുവേണ്ടി മറ്റാർക്കും അത്‌ ചെയ്യാനാവില്ല.—റോമർ 14:12.

18:1-29. സ്വന്തം ചെയ്‌തികളുടെ പരിണതഫലങ്ങൾക്ക്‌ നാംതന്നെയാണ്‌ ഉത്തരവാദികൾ.

“ഞാൻ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും”

(യെഹെസ്‌കേൽ 20:1–24:27)

പ്രവാസത്തിന്റെ ഏഴാം വർഷമായ പൊ.യു.മു. 611-ൽ ഇസ്രായേലിലെ മൂപ്പന്മാർ “യഹോവയോടു അരുളപ്പാടു ചോദിപ്പാൻ” യെഹെസ്‌കേലിന്റെ അടുത്തു വരുന്നു. ഇസ്രായേലിന്റെ മത്സരത്തെക്കുറിച്ചുള്ള ഒരു ദീർഘകാല ചരിത്രവും ‘യഹോവ തന്റെ വാൾ’ അവർക്കെതിരെ കൊണ്ടുവരുമെന്നുമുള്ള മുന്നറിയിപ്പും അവർ കേൾക്കുന്നു. (യെഹെസ്‌കേൽ 20:1; 21:3) ഇസ്രായേൽ മുഖ്യനോട്‌ (സിദെക്കീയാവ്‌) യഹോവ പറയുന്നു: “ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്‌ത്തുകയും ചെയ്യും. ഞാൻ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന്നു അവകാശമുള്ളവൻ [യേശുക്രിസ്‌തു] വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.”—യെഹെസ്‌കേൽ 21:26, 27.

യെരൂശലേമിന്മേൽ കുറ്റം ചുമത്തപ്പെടുന്നു. ഒഹൊലായുടെയും (യിസ്രായേൽ) ഒഹൊലീബായുടെയും (യെഹൂദ) തെറ്റുകളുടെ മറനീക്കുന്നു. ഒഹൊലാ ഇതിനോടകം “ജാരന്മാരുടെ കയ്യിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കയ്യിൽതന്നേ” ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. (യെഹെസ്‌കേൽ 23:9) ഒഹൊലീബായുടെ ശൂന്യമാക്കലും ആസന്നമായിരിക്കുന്നു. പൊ.യു.മു. 609-ൽ യെരൂശലേമിന്റെമേലുള്ള 18 മാസത്തെ ഉപരോധം ആരംഭിക്കുന്നു. ഒടുവിൽ നഗരം വീഴുമ്പോൾ ദുഃഖം പ്രകടിപ്പിക്കാൻപോലും കഴിയാതെ യഹൂദന്മാർ സ്‌തബ്ധരാകുന്നു. “ചാടിപ്പോയ” ഒരുത്തനിൽനിന്ന്‌ നഗരത്തിന്റെ നാശത്തെക്കുറിച്ചുള്ള വാർത്ത ലഭിക്കുന്നതുവരെ പ്രവാസികളോട്‌ യെഹെസ്‌കേൽ ദൈവത്തിന്റെ സന്ദേശം അറിയിക്കരുത്‌.—യെഹെസ്‌കേൽ 24:26, 27.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

21:3—യഹോവ ഉറയിൽനിന്ന്‌ ഊരുന്ന “വാൾ” എന്താണ്‌? യെരൂശലേമിനും യെഹൂദയ്‌ക്കും എതിരായ ന്യായവിധി നിർവഹണത്തിനായി യഹോവ ഉപയോഗിക്കുന്ന “വാൾ” ബാബിലോണിലെ നെബൂഖദ്‌നേസർ രാജാവും അദ്ദേഹത്തിന്റെ സൈന്യവുമാണ്‌. ശക്തരായ ആത്മ സൃഷ്ടികളടങ്ങുന്ന ദൈവത്തിന്റെ സംഘടനയുടെ സ്വർഗീയ ഭാഗവും അതിൽ ഉൾപ്പെട്ടിരിക്കാം.

24:6-14—കുട്ടകത്തിന്മേലുള്ള ക്ലാവ്‌ എന്തിനെ ചിത്രീകരിക്കുന്നു? ഉപരോധിക്കപ്പെട്ട യെരൂശലേമിനെ വാവട്ടമുള്ള ഒരു കുട്ടകത്തോടാണ്‌ ഉപമിച്ചിരിക്കുന്നത്‌. അതിന്മേലുള്ള ക്ലാവ്‌ നഗരത്തിന്റെ ധാർമിക കളങ്കത്തെ, അതായത്‌ അശുദ്ധി, അഴിഞ്ഞ നടത്ത, അവൾ ഒഴുക്കിയ രക്തപ്പുഴ എന്നിവയെ സൂചിപ്പിക്കുന്നു. ശൂന്യമാക്കിയ കുട്ടകം അത്യധികം ചൂടാക്കിയിട്ടുപോലും ക്ലാവ്‌ നീക്കം ചെയ്യാനാവാത്തവിധം അത്രയ്‌ക്കു വലുതാണ്‌ അവളുടെ അശുദ്ധി.

നമുക്കുള്ള പാഠങ്ങൾ:

20:1, 49. യെഹെസ്‌കേലിന്റെ വാക്കുകളെ സംശയദൃഷ്ടിയോടെയാണ്‌ ഇസ്രായേൽ മൂപ്പന്മാർ കണ്ടത്‌ എന്നാണ്‌ അവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്‌. ദിവ്യ മുന്നറിയിപ്പുകളെ സംശയദൃഷ്ടിയോടെ വീക്ഷിക്കാനുള്ള പ്രവണത നമുക്ക്‌ ഒഴിവാക്കാം.

21:18-22. നെബൂഖദ്‌നേസർ ഭാവികഥനവിദ്യ പ്രയോഗിച്ചെങ്കിലും പുറജാതീയ ഭരണാധിപൻ യെരൂശലേമിനെതിരെ വരുമെന്ന്‌ യഹോവ ഉറപ്പുവരുത്തി. യഹോവയുടെ ഉദ്ദേശ്യം നടപ്പിലാക്കുന്നതിൽനിന്ന്‌ അവന്റെ വിധി നിർവഹണ ഏജന്റുമാരെ തടയാൻ ഭൂതങ്ങൾക്കുപോലും കഴിയില്ല എന്നാണ്‌ ഇതു വ്യക്തമാക്കുന്നത്‌.

22:6-16. ദൂഷണം, അഴിഞ്ഞ നടത്ത, അധികാര ദുർവിനിയോഗം, കൈക്കൂലി എന്നിവ യഹോവ വെറുക്കുന്നു. അത്തരം തെറ്റുകൾ ചെയ്യാതിരിക്കാൻ നാം സദാ ജാഗരൂകരായിരിക്കണം.

23:5-49. അയൽരാജ്യങ്ങളുമായുള്ള രാഷ്‌ട്രീയ സഖ്യം ഇസ്രായേലിനെയും യെഹൂദയെയും വ്യാജാരാധനയിലേക്കു നയിച്ചു. വിശ്വാസത്തിനു തുരങ്കം വെക്കാവുന്ന ലൗകിക കൂട്ടുകെട്ടുകളെ നമുക്ക്‌ ഒഴിവാക്കാം.—യാക്കോബ്‌ 4:4.

ജീവനും ചൈതന്യവുമുള്ള ഒരു സന്ദേശം

എത്ര ഉത്‌കൃഷ്ടമായ പാഠങ്ങളാണ്‌ യെഹെസ്‌കേൽ പുസ്‌തകത്തിലെ ആദ്യത്തെ 24 അധ്യായങ്ങളിൽ നമുക്കുള്ളത്‌! ദൈവത്തിന്റെ അപ്രീതിയിലേക്കു നയിക്കുന്നതെന്തെന്നും അവന്റെ ദയയ്‌ക്ക്‌ അർഹരാകാൻ നാം എന്തു ചെയ്യണമെന്നും ദുഷ്ടർക്കു മുന്നറിയിപ്പ്‌ നൽകേണ്ടത്‌ എന്തുകൊണ്ടെന്നും അവിടെ പ്രസ്‌താവിച്ചിരിക്കുന്ന തത്ത്വങ്ങൾ കാണിച്ചുതരുന്നു. ‘പുതിയത്‌ അതു ഉത്ഭവിക്കുന്നതിനുമുമ്പെ കേൾപ്പിക്കുന്ന’ ദൈവമാണ്‌ യഹോവ എന്ന്‌ യെരൂശലേമിന്റെ നാശത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ സുവ്യക്തമാക്കുന്നു.—യെശയ്യാവു 42:9.

യെഹെസ്‌കേൽ 17:22-24; 21:26, 27 എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലുള്ള പ്രവചനങ്ങൾ സ്വർഗത്തിൽ മിശിഹൈക രാജ്യം സ്ഥാപിതമാകുന്നതിലേക്കു വിരൽചൂണ്ടി. ഉടൻതന്നെ, ആ ഭരണം ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറാൻ ഇടയാക്കും. (മത്തായി 6:9, 10) അടിയുറച്ച വിശ്വാസത്തോടും ബോധ്യത്തോടുംകൂടെ ആ രാജ്യാനുഗ്രഹങ്ങൾക്കായി നമുക്കു നോക്കിപ്പാർത്തിരിക്കാം. അതേ, ‘ദൈവവചനം ജീവനും ചൈതന്യവുമുള്ളതാണ്‌.’—എബ്രായർ 4:12.

[12-ാം പേജിലെ ചിത്രം]

സ്വർഗീയ രഥം എന്തിനെ ചിത്രീകരിക്കുന്നു?

[14-ാം പേജിലെ ചിത്രം]

പ്രസംഗവേലയിൽ ഉത്സാഹപൂർവം പങ്കെടുക്കുന്നത്‌ “അടയാളം” നിലനിറുത്താൻ നമ്മെ സഹായിക്കുന്നു