വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വംശീയ മതിൽ’ തകർക്കാനാകുമോ?

‘വംശീയ മതിൽ’ തകർക്കാനാകുമോ?

‘വംശീയ മതിൽ’ തകർക്കാനാകുമോ?

സ്‌പെയിനിൽ ഒരു റഫറി ഫുട്‌ബോൾ മത്സരം അൽപ്പസമയത്തേക്കു നിറുത്തിവെക്കുന്നു. എന്തുകൊണ്ട്‌? കാണികളിൽ അനേകരുടെ അധിക്ഷേപത്തിനു പാത്രമായ കാമറൂണിന്റെ ഒരു കളിക്കാരൻ കളിക്കളം വിടാൻ നിർബന്ധിതനാകുന്നതിനാൽ. റഷ്യയിൽ ആഫ്രിക്കക്കാർക്കും ഏഷ്യക്കാർക്കും ലാറ്റിനമേരിക്കക്കാർക്കും എതിരെയുള്ള അക്രമങ്ങൾ ഒരു നിത്യസംഭവമാണ്‌. 2004-ൽ അക്രമനിരക്ക്‌ 55 ശതമാനംകണ്ട്‌ വർധിച്ചതിന്റെ ഫലമായി 2005-ൽ വർഗീയ അക്രമങ്ങളുടെ എണ്ണം 394-ൽ എത്തി. ബ്രിട്ടനിലെ ഒരു സർവേയിൽ പങ്കെടുത്ത മൂന്നിൽ ഒന്ന്‌ ഏഷ്യക്കാരും കറുത്തവർഗക്കാരും വർഗവിവേചനത്തിന്റെ ഫലമായി തങ്ങൾക്കു ജോലി നഷ്ടപ്പെട്ടെന്നു പറയുകയുണ്ടായി. ഇതെല്ലാം ഗോളവ്യാപകമായ ഒരു പ്രവണതയിലേക്കു വിരൽചൂണ്ടുന്നു.

വംശീയ അസഹിഷ്‌ണുതയ്‌ക്കു പല മുഖങ്ങളുണ്ട്‌​—⁠അധിക്ഷേപത്തിന്റേതായ അല്ലെങ്കിൽ ചിന്താശൂന്യമായ പ്രസ്‌താവനകൾ മുതൽ ഒരു ദേശീയ നയത്തിന്റെ ഭാഗമായി ഒരു വംശത്തെ അപ്പാടെ തുടച്ചു നീക്കുന്നതുവരെ. എന്താണ്‌ വംശീയ അസഹിഷ്‌ണുതയുടെ മൂലകാരണം? നമുക്ക്‌ അതെങ്ങനെ ഒഴിവാക്കാം? മുഴു മാനുഷകുടുംബങ്ങളും ഒരിക്കൽ സമാധാനത്തിൽ കഴിയുമെന്നു പ്രത്യാശിക്കാൻ വകയുണ്ടോ? ഇതു സംബന്ധിച്ച്‌ ബൈബിൾ ഉൾക്കാഴ്‌ച നൽകുന്നുണ്ട്‌.

അടിച്ചമർത്തലും വിദ്വേഷവും

“മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു,” ബൈബിൾ പറയുന്നു. (ഉല്‌പത്തി 8:21) അതുകൊണ്ട്‌ മറ്റുള്ളവരെ ദ്രോഹിക്കുന്നതു ചിലർക്ക്‌ ഒരു ഹരമാണ്‌. ബൈബിൾ ഇങ്ങനെയും പറയുന്നു: “പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്‌ക്കാരം അനുഭവിക്കുന്നു.”​—⁠സഭാപ്രസംഗി 4:⁠1.

വംശീയ വിദ്വേഷങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ബൈബിൾ വെളിപ്പെടുത്തുന്നു. ഉദാഹരണമായി 3,700-ലധികം വർഷങ്ങൾക്കു മുമ്പ്‌ ഈജിപ്‌തിലെ ഒരു ഫറവോൻ എബ്രായനായ യാക്കോബിനെയും അദ്ദേഹത്തിന്റെ വലിയ കുടുംബത്തെയും ഈജിപ്‌തിൽ താമസമുറപ്പിക്കാൻ ക്ഷണിച്ചു. എന്നാൽ, പിന്നീട്‌ മറ്റൊരു ഫറവോൻ അന്യനാട്ടുകാരായ ഈ വൻ ജനസമൂഹം തനിക്കൊരു ഭീഷണിയാകുമെന്നു ഭയന്നു. അതിന്റെ അനന്തരഫലം സംബന്ധിച്ച്‌ രേഖ പറയുന്നു: “അവൻ തന്റെ ജനത്തോടു: യിസ്രായേൽ ജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. . . . നാം അവരോടു ബുദ്ധിയായി പെരുമാറുക. അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി.” (പുറപ്പാടു 1:9-11) യാക്കോബിന്റെ വംശത്തിൽ പിറക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം നിഗ്രഹിക്കാൻപോലും ഈജിപ്‌തുകാർ കൽപ്പിച്ചു.—⁠പുറപ്പാടു 1:15, 16.

മൂലകാരണം എന്താണ്‌?

ലോകമതങ്ങൾ വംശീയ തരംതിരിവിനെ എതിർക്കുന്നതിൽ പറയത്തക്ക പങ്കൊന്നും വഹിച്ചിട്ടില്ല. അടിച്ചമർത്തലിനെതിരെ അവിടിവിടെ ചിലർ ശബ്ദമുയർത്തിയിട്ടുണ്ട്‌ എന്നതു സത്യമാണ്‌. എന്നാൽ, മതങ്ങൾ പീഡകരുടെ പക്ഷംപിടിക്കുകയാണു പതിവ്‌. ഐക്യനാടുകളിൽ അതാണു സംഭവിച്ചത്‌. അവിടെ നിയമം ഉപയോഗിച്ചും നിയമംനോക്കാതെ ശിക്ഷിച്ചും 1967-വരെ മിശ്രവിവാഹത്തിനു വിലക്ക്‌ ഏർപ്പെടുത്തിക്കൊണ്ടും കറുത്ത വർഗക്കാരെ അടിച്ചമർത്തി. വർണവിവേചനം നിലവിലിരുന്ന കാലത്ത്‌ ദക്ഷിണാഫ്രിക്കയിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല; ഗവൺമെന്റിന്റെ മറപിടിച്ച്‌ ഒരു ചെറിയ കൂട്ടം തങ്ങളുടെ പ്രാമുഖ്യത സംരക്ഷിക്കുന്നതിനായി മിശ്രവിവാഹത്തിനു വിലക്ക്‌ ഏർപ്പെടുത്തുന്നതുപോലുള്ള നിയമങ്ങൾ കൊണ്ടുവന്നു. അങ്ങേയറ്റം മതഭക്തരായിരുന്ന ചിലരാണ്‌ മേൽപ്പറഞ്ഞിടത്തെല്ലാം വംശീയതയ്‌ക്കു കൊടിപിടിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്‌.

എന്നിരുന്നാലും, വംശീയ അസഹിഷ്‌ണുതയുടെ മൂലകാരണം ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്‌. ചില വംശങ്ങൾ മറ്റുള്ളവയെ അടിച്ചമർത്തുന്നത്‌ എന്തുകൊണ്ടെന്ന്‌ അത്‌ വിവരിക്കുന്നു. ബൈബിൾ പറയുന്നു: “സ്‌നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്‌നേഹം തന്നേ. ഞാൻ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്‌നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്‌നേഹിപ്പാൻ കഴിയുന്നതല്ല.” (1 യോഹന്നാൻ 4:8, 20, 21) ഈ പ്രസ്‌താവന വംശീയ അസഹിഷ്‌ണുതയുടെ മൂലകാരണത്തിലേക്കു വിരൽചൂണ്ടുന്നു. മതഭക്തരാണെങ്കിലും അല്ലെങ്കിലും ആളുകൾ വംശീയതയ്‌ക്കു കൊടിപിടിക്കുന്നു; കാരണം അവർ ദൈവത്തെ അറിയുന്നില്ല അല്ലെങ്കിൽ അവനെ സ്‌നേഹിക്കുന്നില്ല.

ദൈവത്തെക്കുറിച്ചുള്ള അറിവ്‌ ​—⁠വംശീയ ഐക്യത്തിന്റെ ആദ്യപാഠം

ദൈവത്തെ അറിയുന്നതും സ്‌നേഹിക്കുന്നതും എങ്ങനെയാണ്‌ വംശീയ ഐക്യം സാധ്യമാക്കുന്നത്‌? തങ്ങളിൽനിന്നു വ്യത്യസ്‌തരാണെന്നു തോന്നുന്നവരെ ദ്രോഹിക്കുന്നതിൽനിന്നും തടയുന്ന എന്ത്‌ അറിവാണ്‌ ദൈവവചനത്തിലുള്ളത്‌? യഹോവയാണ്‌ സകലരുടെയും പിതാവ്‌ എന്നു ബൈബിൾ വെളിപ്പെടുത്തുന്നു. അതിങ്ങനെ പറയുന്നു: “നമുക്കു പിതാവായ ഏകദൈവം മാത്രമേ ഉള്ളൂ. സകലവും ഉളവായത്‌ ആ ദൈവത്തിൽനിന്നും ആകുന്നു.” (1 കൊരിന്ത്യർ 8:​6, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) അത്‌ ഇങ്ങനെയും പറയുന്നു: “അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.” (പ്രവൃത്തികൾ 17:26) അതനുസരിച്ച്‌ നോക്കുമ്പോൾ, സകല മനുഷ്യരും സഹോദരീസഹോദരന്മാരല്ലേ?

സകല വംശങ്ങൾക്കും ദൈവത്തിൽനിന്നു കിട്ടിയ ജീവനെപ്രതി അഭിമാനിക്കാം; ഒപ്പം തങ്ങളുടെ പാരമ്പര്യം സംബന്ധിച്ചു ദുഃഖിക്കാനുള്ള വകയും എല്ലാവർക്കുമുണ്ട്‌. ബൈബിൾ എഴുത്തുകാരനായ പൗലൊസ്‌ പ്രസ്‌താവിക്കുന്നു: ‘ഏകമനുഷ്യനാൽ പാപം ലോകത്തിൽ കടന്നു.’ അതിനാൽ, “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമർ 3:23; 5:12) യഹോവ വൈവിധ്യം ഇഷ്ടപ്പെടുന്ന ദൈവമാണ്‌​—⁠രണ്ടു സൃഷ്ടികൾ തികച്ചും ഒരുപോലെയല്ല. പക്ഷേ, അവൻ ഒരു വംശത്തിനും തങ്ങൾ ശ്രേഷ്‌ഠരെന്നു തോന്നുന്നതിനുള്ള യാതൊരു അടിസ്ഥാനവും നൽകിയിട്ടില്ല. ഒരു വംശം മറ്റൊന്നിനെക്കാൾ മെച്ചമാണെന്ന പൊതുവേയുള്ള തോന്നൽ തികച്ചും തിരുവെഴുത്തു വിരുദ്ധമാണ്‌. ദൈവത്തിൽനിന്നു വരുന്ന അറിവ്‌ നിശ്ചയമായും വംശീയ ഐക്യം ഉന്നമിപ്പിക്കുന്നു.

സകല ജനതകളോടുമുള്ള ദൈവത്തിന്റെ കരുതൽ

ഇസ്രായേല്യരെ അനുകൂലിക്കുകയും മറ്റു ദേശക്കാരിൽനിന്നു വേർപെട്ടിരിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്‌തപ്പോൾ ദൈവംതന്നെ വംശീയതയെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ലേ എന്നു ചിലരെങ്കിലും ചിന്തിച്ചേക്കാം. (പുറപ്പാടു 34:12) ഒരു സമയത്ത്‌, ഇസ്രായേൽ ജനതയെ തന്റെ പ്രത്യേക സ്വത്തായി ദൈവം തിരഞ്ഞെടുത്തു; അവരുടെ പൂർവപിതാവായ അബ്രാഹാമിന്റെ അചഞ്ചലമായ വിശ്വാസമായിരുന്നു കാരണം. അവർക്കു ഭരണാധിപന്മാരെയും ഒരു നിയമ സംഹിതയും നൽകിക്കൊണ്ട്‌ ദൈവംതന്നെയാണ്‌ പുരാതന ഇസ്രായേലിനെ നിയന്ത്രിച്ചിരുന്നത്‌. ഇസ്രായേല്യർ ഈ ക്രമീകരണം പിൻപറ്റിയിടത്തോളം ഇതര സ്ഥലങ്ങളിലെ മാനുഷഭരണത്തെക്കാൾ ദൈവിക ഭരണത്തിന്റെ സത്‌ഫലങ്ങൾ കാണാൻ മറ്റുള്ളവർക്കു കഴിഞ്ഞു. ദൈവവുമായുള്ള ഒരു നല്ല ബന്ധത്തിലേക്കു മനുഷ്യവർഗത്തെ പുനഃസ്ഥാപിക്കുന്നതിന്‌ ഒരു യാഗം ആവശ്യമാണെന്നു യഹോവ അന്ന്‌ ഇസ്രായേല്യരെ പഠിപ്പിച്ചു. അങ്ങനെ ഇസ്രായേല്യരോടുള്ള ദൈവത്തിന്റെ ഇടപെടൽ സകല ജനതകളുടെയും പ്രയോജനത്തിൽ കലാശിച്ചു. അതു ദൈവം അബ്രാഹാമിനോടു പറഞ്ഞതിനു ചേർച്ചയിലായിരുന്നു: “നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.”​—⁠ഉല്‌പത്തി 22:18.

അതിനുപുറമേ, ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ സ്വീകരിക്കാനുള്ള പദവി യഹൂദന്മാർക്കു ലഭിച്ചു; ഒപ്പം മിശിഹാ പിറന്നുവീണ ഒരു ജനതയെന്ന ബഹുമതിയും. പക്ഷേ, ഇതും സകല ജനതകളുടെയും പ്രയോജനത്തിനായിരുന്നു. യഹൂദന്മാർക്കു നൽകിയ എബ്രായ തിരുവെഴുത്തുകളിൽ സകല വംശീയ കൂട്ടങ്ങളും മഹത്തായ അനുഗ്രഹങ്ങൾ കൈപ്പറ്റുന്ന ഒരു കാലത്തെക്കുറിച്ചുള്ള ഹൃദയോദ്ദീപകമായ വിവരണം കാണാം: “അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. . . . അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”​—⁠മീഖാ 4:2-4.

യേശുക്രിസ്‌തുതന്നെ യഹൂദന്മാരോടു പ്രസംഗിച്ചെങ്കിലും അവൻ ഇങ്ങനെയും പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും.” (മത്തായി 24:14) ഈ സുവിശേഷം സകല ജനതകളുടെയും കാതുകളിൽ എത്തിയിരിക്കും. അങ്ങനെ, സകല വംശങ്ങളോടും ഒരുപോലെ ഇടപെടുന്ന കാര്യത്തിൽ യഹോവ തികവുറ്റ ഒരു മാതൃക വെച്ചിരിക്കുന്നു. “ദൈവത്തിന്നു മുഖപക്ഷമില്ല . . . ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.”​—⁠പ്രവൃത്തികൾ 10:34, 35.

പുരാതന ഇസ്രായേല്യ ജനത്തിനു ദൈവം നൽകിയ നിയമങ്ങളും സകല ജനതകളോടുമുള്ള അവന്റെ താത്‌പര്യത്തെ പ്രതിഫലിപ്പിക്കുന്നു. ദേശത്തു പാർക്കുന്ന ഇസ്രായേല്യരല്ലാത്തവരോട്‌ കേവലം സഹിഷ്‌ണുത കാണിക്കുന്നതിനെക്കാളധികമായി ന്യായപ്രമാണം ആവശ്യപ്പെട്ടതെന്തെന്നു ശ്രദ്ധിക്കുക: “നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം. അവനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.” (ലേവ്യപുസ്‌തകം 19:34) പരദേശികളോട്‌ ദയാപൂർവം ഇടപെടാൻ ദൈവത്തിന്റെ നിരവധി നിയമങ്ങൾ ഇസ്രായേല്യരെ പഠിപ്പിച്ചു. യേശുവിന്റെ ഒരു പൂർവപിതാവായ ബോവസ്‌ കാലാപെറുക്കുന്ന പരദേശിയായ ഒരു പാവപ്പെട്ട സ്‌ത്രീക്കു ശേഖരിക്കുന്നതിനായി വേണ്ടത്ര ധാന്യം വിട്ടിട്ടുപോരാൻ തന്റെ കൊയ്‌ത്തുകാർക്ക്‌ നിർദേശം നൽകിയപ്പോൾ ദൈവത്തിന്റെ കൽപ്പനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.​—⁠രൂത്ത്‌ 2:1, 10, 16.

യേശു ദയ പഠിപ്പിക്കുന്നു

യേശുവാണ്‌ മറ്റാരെക്കാളും അധികമായി ദൈവത്തെക്കുറിച്ചുള്ള അറിവു വെളിപ്പെടുത്തിയത്‌. ഇതര പശ്ചാത്തലത്തിൽപ്പെട്ടവരോട്‌ ദയയോടെ പെരുമാറാനാകുന്നത്‌ എങ്ങനെയെന്ന്‌ അവൻ അനുയായികൾക്ക്‌ കാണിച്ചുകൊടുത്തു. ഒരിക്കൽ യേശു ഒരു ശമര്യസ്‌ത്രീയോടു സംഭാഷിക്കാൻ തുടങ്ങി. യഹൂദന്മാർ വളരെ പുച്ഛത്തോടെ കണ്ടിരുന്നവരായിരുന്നു ശമര്യക്കാർ. അതുകൊണ്ടുതന്നെ ആ സ്‌ത്രീ അതിശയിച്ചുപോയി. ആ സംഭാഷണത്തിനിടെ നിത്യജീവൻ നേടാൻ കഴിയുന്നതെങ്ങനെയെന്നു മനസ്സിലാക്കാൻ യേശു ആ സ്‌ത്രീയെ ദയാപൂർവം സഹായിച്ചു.​—⁠യോഹന്നാൻ 4:7-14.

നല്ല അയൽക്കാരനായ ഒരു ശമര്യക്കാരന്റെ ദൃഷ്ടാന്തത്തിലൂടെ മറ്റു വംശജരോട്‌ നാം എങ്ങനെയാണ്‌ ഇടപെടേണ്ടതെന്നും യേശു പഠിപ്പിക്കുകയുണ്ടായി. കവർച്ചക്കാരാൽ ആക്രമിക്കപ്പെട്ട്‌ അവശനായ ഒരു യഹൂദനെ ഒരു ശമര്യക്കാരൻ കാണാനിടയായി. ‘എന്റെ ആളുകളെ യഹൂദന്മാർ പുച്ഛത്തോടെ കാണുന്ന സ്ഥിതിക്ക്‌ ഞാൻ എന്തിന്‌ യഹൂദനായ ഇയാളെ സഹായിക്കണം?’ എന്നു ശമര്യക്കാരന്‌ എളുപ്പം ചിന്തിക്കാമായിരുന്നു. അപരിചിതരോട്‌ ഒരു വ്യത്യസ്‌ത വീക്ഷണമുണ്ടായിരുന്ന ശമര്യക്കാരനായിട്ടാണ്‌ യേശു അയാളെ അവതരിപ്പിച്ചത്‌. അതുവഴി പലരും കടന്നുപോയെങ്കിലും ‘മനസ്സലിവു തോന്നിയ’ ഈ ശമര്യക്കാരൻ മാത്രമാണ്‌ അവശനായ ആ മനുഷ്യന്‌ ആവശ്യമായ സഹായം ചെയ്‌തുകൊടുത്തത്‌. ദൈവപ്രീതി നേടാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരത്തിൽ പ്രവർത്തിക്കണം എന്നു പറഞ്ഞുകൊണ്ട്‌ യേശു തന്റെ ദൃഷ്ടാന്തം ഉപസംഹരിച്ചു.​—⁠ലൂക്കൊസ്‌ 10:30-37.

ദൈവപ്രീതി നേടാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വ്യക്തിത്വത്തിനു മാറ്റം വരുത്തുകയും ആളുകളോട്‌ ദൈവം ഇടപെടുന്ന വിധം അനുകരിക്കുകയും ചെയ്യണമെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പഠിപ്പിച്ചു. അദ്ദേഹം എഴുതി: “നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്‌ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല. . . . എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.”​—⁠കൊലൊസ്സ്യർ 3:9-14.

ദൈവത്തെക്കുറിച്ചുള്ള അറിവ്‌ ആളുകൾക്കു മാറ്റം വരുത്തുന്നുവോ?

യഹോവയാം ദൈവത്തെ അറിയുന്നത്‌ മറ്റു വംശജരോട്‌ ഇടപെടുന്ന വിധത്തിനു മാറ്റം വരുത്തുമോ? കാനഡയിലേക്കു കുടിയേറിയ ഒരു ഏഷ്യക്കാരിയുടെ കാര്യം പരിചിന്തിക്കുക; തനിക്ക്‌ അനുഭവിക്കേണ്ടിവന്ന വിവേചനയിൽ മനംമടുത്തുപോയ വ്യക്തിയായിരുന്നു അവർ. യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയ അവർ ബൈബിൾ പഠിക്കാൻ തുടങ്ങി. പിന്നീട്‌, ആ സ്‌ത്രീ സാക്ഷികൾക്കെഴുതിയ വിലമതിപ്പു തുളുമ്പുന്ന കത്തിലെ വാക്കുകൾ ഇങ്ങനെയാണ്‌: ‘നിങ്ങൾ മറ്റു വെള്ളക്കാരെപ്പോലെയല്ല, വളരെ മര്യാദയും ദയയുമുള്ളവരാണെന്ന്‌ എനിക്കു മനസ്സിലായി. അത്‌ എന്തുകൊണ്ടായിരിക്കുമെന്നു ഞാൻ ചിന്തിച്ചു. ഏറെ നേരത്തെ ആലോചനയ്‌ക്കൊടുവിൽ നിങ്ങൾ ദൈവത്തിന്റെ സാക്ഷികളാണെന്ന്‌ ഞാൻ ഉറപ്പിച്ചു. ഇതു സംബന്ധിച്ച്‌ ബൈബിളിൽ എന്തെങ്കിലും ഉണ്ടായിരിക്കണം. നിങ്ങളുടെ യോഗങ്ങൾക്കു കൂടിവരുന്ന വെളുത്തവരുടെയും കറുത്തവരുടെയും ഇരുനിറക്കാരുടെയും മഞ്ഞനിറക്കാരുടെയുമൊക്കെ ഹൃദയത്തിന്‌ ഒരേ നിറമാണെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. അതേ, അവരെല്ലാം സഹോദരീസഹോദരന്മാരായിരുന്നു. അതിനു പിന്നിൽ ആരാണെന്ന്‌ ഇപ്പോൾ എനിക്കറിയാം. അത്‌ നിങ്ങളുടെ ദൈവമാണ്‌.’

“ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കുന്ന ഒരു കാലത്തെക്കുറിച്ചു ബൈബിൾ മുൻകൂട്ടി പറയുന്നു. (യെശയ്യാവു 11:9) ഇപ്പോൾപ്പോലും ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയെന്നോണം “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്നുള്ള ദശലക്ഷങ്ങൾ വരുന്ന ഒരു മഹാപുരുഷാരം സത്യാരാധനയിൽ ഒന്നായി ചേർക്കപ്പെടുകയാണ്‌. (വെളിപ്പാടു 7:9) ആഗോളവ്യാപകമായി വിദ്വേഷം സ്‌നേഹത്തിനു വഴിമാറിക്കൊടുക്കുന്നതു കാണാൻ അവർ നോക്കിപ്പാർത്തിരിക്കുന്നു; അതായിരുന്നു അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്‌ദാനം: “ഭൂമിയിലെ സകലവംശങ്ങളും . . . അനുഗ്രഹിക്കപ്പെടും.”​—⁠പ്രവൃത്തികൾ 3:25.

[4, 5 പേജുകളിലെ ചിത്രം]

അന്യദേശക്കാരെ സ്‌നേഹിക്കാൻ ന്യായപ്രമാണം ഇസ്രായേല്യരെ പഠിപ്പിച്ചു

[5-ാം പേജിലെ ചിത്രം]

നല്ല ശമര്യക്കാരന്റെ ഉപമയിൽനിന്ന്‌ നമുക്കെന്തു പഠിക്കാനാകും?

[6-ാം പേജിലെ ചിത്രങ്ങൾ]

മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠരെന്നു തോന്നാനുള്ള യാതൊന്നും ഒരു വംശത്തിനും ദൈവം നൽകിയിട്ടില്ല