വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാവ്‌ മരണത്തെ അതിജീവിക്കുന്നുവോ?

ആത്മാവ്‌ മരണത്തെ അതിജീവിക്കുന്നുവോ?

ആത്മാവ്‌ മരണത്തെ അതിജീവിക്കുന്നുവോ?

രക്തവും മാംസവും മാത്രമുള്ള സൃഷ്ടികളാണോ നാം? അതോ, നാം നിർമിക്കപ്പെട്ടിരിക്കുന്ന മൂലകങ്ങൾക്കും ഉപരിയായി എന്തെങ്കിലും നമ്മിലുണ്ടോ? നമ്മുടെ ജീവിതം വെറുമൊരു നീർപ്പോളയ്‌ക്കു തുല്യമാണോ? അതോ മരണത്തിനുശേഷവും നാം തുടർന്നു ജീവിക്കുന്നുണ്ടോ?

മരണാനന്തര ജീവിതത്തെക്കുറിച്ചു ലോകത്തിലെ മതങ്ങൾക്ക്‌, കുഴപ്പിക്കുന്ന നൂറുകൂട്ടം വിശ്വാസങ്ങളാണുള്ളത്‌. എന്നിരുന്നാലും ഒരു വ്യക്തിയുടെ ഉള്ളിലുള്ള എന്തോ ഒന്ന്‌ അമർത്യമാണെന്നും അത്‌ ആ വ്യക്തിയുടെ മരണത്തെ അതിജീവിക്കുന്നെന്നുമുള്ള ഒരു അടിസ്ഥാന വിശ്വാസത്തോട്‌ മിക്ക മതങ്ങളും യോജിക്കുന്നു. മനുഷ്യന്റെ മരണത്തെ അതിജീവിക്കുന്ന ആ “എന്തോ ഒന്ന്‌” ആണ്‌ ആത്മാവ്‌ എന്ന്‌ അനേകർ വിശ്വസിക്കുന്നു. എന്താണു നിങ്ങളുടെ വിശ്വാസം? നാം ഭാഗികമായി ജഡവും ഭാഗികമായി ആത്മാവുമാണോ? എന്താണ്‌ ആത്മാവ്‌? ജീവനുള്ള വ്യക്തിക്കുള്ളിൽ ഒരു ആത്മാവുണ്ടോ, മരണത്തിങ്കൽ അതു ശരീരത്തെ വിട്ടുപോകുന്നുണ്ടോ?

‘ആത്മാവില്ലാത്ത ശരീരം നിർജീവം’

ബൈബിളിൽ “ആത്മാവ്‌” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള എബ്രായ, ഗ്രീക്കു പദങ്ങളുടെ അക്ഷരാർഥം “ശ്വാസം” അല്ലെങ്കിൽ “കാറ്റ്‌” എന്നാണ്‌. എന്നിരുന്നാലും കേവലം ശ്വാസോച്ഛ്വാസമെന്ന പ്രക്രിയയെയല്ല “ആത്മാവ്‌” എന്ന പദം കുറിക്കുന്നത്‌. ഉദാഹരണത്തിന്‌ “ആത്മാവില്ലാത്ത ശരീരം നിർജ്ജീവ”മാണെന്ന്‌ ബൈബിൾ പറയുന്നു. (യാക്കോബ്‌ 2:26) അതുകൊണ്ട്‌ ശരീരത്തെ ജീവനുള്ളതാക്കുന്നത്‌ എന്താണോ അതാണ്‌ ആത്മാവ്‌. ശരീരത്തെ സചേതനമാക്കുന്ന ശക്തിയാണത്‌.

ശ്വാസോച്ഛ്വാസം നിലയ്‌ക്കുന്ന ഉടനെയുള്ള ഒരു വ്യക്തിയുടെ അവസ്ഥ പരിഗണിക്കുമ്പോൾ ആത്മാവെന്ന ആ ജീവശക്തി, ശ്വാസകോശത്തിലൂടെ കയറിയിറങ്ങുന്ന വെറും ശ്വാസമോ വായുവോ അല്ലെന്നതു വ്യക്തമാകും. ശ്വാസോച്ഛ്വാസം നിലച്ചശേഷം അൽപ്പസമയത്തിനുള്ളിൽ, വീണ്ടും ശ്വസിക്കാൻ ഒരു വ്യക്തിയെ സഹായിക്കാനായാൽ അദ്ദേഹത്തിന്റെ ജീവൻ നിലനിറുത്താനാകും. എന്തുകൊണ്ട്‌? അദ്ദേഹത്തിന്റെ കോശങ്ങളിൽ ജീവന്റെ സ്‌ഫുലിംഗം അഥവാ ജീവശക്തി അപ്പോഴുമുണ്ടായിരിക്കും എന്നതാണ്‌ അതിനു കാരണം. ഒരിക്കൽ അത്‌ അണഞ്ഞുകഴിഞ്ഞാൽ, വീണ്ടും ശ്വാസോച്ഛ്വാസം ചെയ്യിക്കാനുള്ള ശ്രമം വിജയിക്കില്ല. എത്രമാത്രം വായു കയറ്റിവിട്ടാലും ജീവനില്ലാത്ത കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനാവില്ല. അതുകൊണ്ട്‌ ഒരു വ്യക്തിയുടെ കോശങ്ങളെയും അങ്ങനെ ആ വ്യക്തിയെയും ജീവനുള്ളതാക്കിനിറുത്തുന്ന ജീവന്റെ സ്‌ഫുലിംഗമാണ്‌ ആത്മാവ്‌. ഗർഭധാരണസമയത്തു മാതാപിതാക്കളിൽനിന്നു മക്കളിലേക്കു പകരപ്പെടുന്നതും ശ്വാസോച്ഛ്വാസത്താൽ നിലനിറുത്തപ്പെടുന്നതുമായ ജീവശക്തിയാണത്‌.​—⁠ഇയ്യോബ്‌ 34:14, 15.

ഓരോ വ്യക്തിക്കും വ്യതിരിക്തമായ ഒരു ആത്മാവുണ്ടോ? അതോ എല്ലാ മനുഷ്യരിലുമുള്ള ജീവശക്തി ഒന്നുതന്നെയാണോ? ഈ ചോദ്യങ്ങൾക്കു ബൈബിളിൽ വ്യക്തമായ ഉത്തരമുണ്ട്‌. എല്ലാ ജീവികളിലും തുടിക്കുന്ന ജീവശക്തി ഒന്നുതന്നെയാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം [“ആത്മാവ്‌,” ഗുണ്ടർട്ട്‌ ബൈബിൾ] ഒന്നത്രേ; . . . എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്‌തീരുന്നു. മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?” (സഭാപ്രസംഗി 3:19-21) അതേ, മൃഗങ്ങൾക്കും മനുഷ്യർക്കും ഒരേ ആത്മാവ്‌ അഥവാ ജീവശക്തിയാണുള്ളത്‌.

ഒരു ഉപകരണത്തെ പ്രവർത്തിപ്പിക്കുന്ന വൈദ്യുതിയോട്‌ ആത്മാവിനെ ഉപമിക്കാനാകും. ഉപകരണത്തിലൂടെ അദൃശ്യമായി പ്രവഹിക്കുന്ന വൈദ്യുതി, പ്രസ്‌തുത ഉപകരണം എന്തിനുവേണ്ടി നിർമിക്കപ്പെട്ടിരിക്കുന്നുവോ ആ ധർമം നിറവേറ്റുന്നു. ഉദാഹരണത്തിന്‌ ഒരു ബൾബ്‌ പ്രകാശിപ്പിക്കാനോ ഫാൻ, റേഡിയോ, ടെലിവിഷൻ, കമ്പ്യൂട്ടർ തുടങ്ങിയവ പ്രവർത്തിപ്പിക്കാനോ വൈദ്യുതിക്കു കഴിയും. എന്നാൽ ആ ഉപകരണങ്ങളുടെയൊന്നും സവിശേഷത കൈവരിക്കാൻ ഒരിക്കലും അതിനാവില്ല. എപ്പോഴും ഒരു ശക്തിയായിത്തന്നെ അതു നിലകൊള്ളുന്നു. ആത്മാവിന്റെ അഥവാ ജീവശക്തിയുടെ കാര്യവും അങ്ങനെതന്നെയാണ്‌. ഏതൊരു ശരീരത്തിന്‌ അതു ജീവൻ പകരുന്നുവോ ആ ശരീരത്തിന്റെ സവിശേഷതകളൊന്നും അതു സ്വന്തമാക്കുന്നില്ല. ജീവശക്തിക്ക്‌ അഥവാ ആത്മാവിന്‌ വ്യക്തിത്വമോ ചിന്താപ്രാപ്‌തിയോ ഇല്ല​—⁠അതൊരു ശക്തിമാത്രമാണ്‌. മനുഷ്യർക്കും മൃഗങ്ങൾക്കും ഒരേ ആത്മാവാണുള്ളത്‌. അതുകൊണ്ട്‌ ഒരു വ്യക്തി മരിക്കുമ്പോൾ അയാളുടെ ആത്മാവ്‌, വ്യതിരിക്ത അസ്‌തിത്വമുള്ള മറ്റെന്തിന്റെയെങ്കിലും രൂപത്തിലോ ഒരു ആത്മജീവിയായോ മറ്റൊരിടത്തും തുടർന്നു ജീവിക്കുന്നില്ല.

നാം മരിക്കുമ്പോൾ ആത്മാവിന്‌ എന്തു സംഭവിക്കുന്നു?

ഒരു വ്യക്തി മരിക്കുമ്പോൾ “പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്‌കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും” എന്ന്‌ സഭാപ്രസംഗി 12:7 പറയുന്നു. നിങ്ങളുടെ ആത്മാവ്‌ ശരീരത്തിൽനിന്നു വേർപെട്ട്‌ ശൂന്യാകാശത്തിലൂടെ ദൈവസന്നിധിയിലേക്കു സഞ്ചരിക്കുന്നുവെന്ന്‌ ഇതിനർഥമില്ല. ഉദാഹരണത്തിന്‌ അവിശ്വസ്‌തരായ ഇസ്രായേല്യരോട്‌ മലാഖി പ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്‌തത്‌ എന്താണെന്നു നോക്കുക. “എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും,” അവൻ പറഞ്ഞു. (മലാഖി 3:7) യഹോവയിലേക്കു ‘മടങ്ങിവരാൻ’ ആ ഇസ്രായേല്യർ, തെറ്റായ ഒരു ജീവിതഗതി ഉപേക്ഷിച്ച്‌ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ വീണ്ടും ജീവിച്ചുതുടങ്ങണമായിരുന്നു. ഇസ്രായേല്യരെ വീണ്ടും പ്രീതിയോടെ വീക്ഷിച്ചുകൊണ്ട്‌ യഹോവ അവരുടെ അടുക്കലേക്കും ‘മടങ്ങിവരുമായിരുന്നു.’ ഈ രണ്ടു സംഗതികളിലും അക്ഷരാർഥത്തിലുള്ള സഞ്ചാരം ആവശ്യമായിരുന്നില്ല. മനോഭാവത്തിലുള്ള മാറ്റം മാത്രമാണ്‌ ഉൾപ്പെട്ടിരുന്നത്‌. “മടങ്ങിവരുക” അല്ലെങ്കിൽ “മടങ്ങിപ്പോകുക” എന്നു ബൈബിൾ പറയുമ്പോൾ എല്ലായ്‌പോഴും, ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കുള്ള അക്ഷരാർഥത്തിലുള്ള ചലനം ആവശ്യമായിരിക്കുന്നില്ലെന്ന്‌ ഇതു വ്യക്തമാക്കുന്നു.

സമാനമായി ഒരു വ്യക്തി മരിക്കുമ്പോൾ “ആത്മാവു അതിനെ നല്‌കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകു”ന്നുവെന്നു ബൈബിൾ പറയുന്നത്‌, പ്രസ്‌തുത ശക്തി ആ വ്യക്തിക്കു നൽകിയത്‌ ആരാണോ ആ ദൈവത്തിനുമാത്രമേ അതു തിരികെ നൽകാനാകൂ എന്ന അർഥത്തിലാണ്‌. മറ്റു വാക്കുകളിൽ പറഞ്ഞാൽ ആ വ്യക്തിയുടെ ഭാവിജീവിതപ്രത്യാശ ദൈവത്തിന്റെ കരങ്ങളിലാണ്‌.

ഉദാഹരണത്തിന്‌ യേശുക്രിസ്‌തുവിന്റെ മരണത്തെക്കുറിച്ചു ലൂക്കൊസിന്റെ സുവിശേഷം പറയുന്നതു ശ്രദ്ധിക്കുക. “യേശു അത്യുച്ചത്തിൽ പിതാവേ ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്‌പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു” എന്നു വിവരണം പറയുന്നു. (ലൂക്കൊസ്‌ 23:46) തന്റെ ആത്മാവിനെ ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിച്ചപ്പോൾ യേശു, സ്വർഗത്തിലുള്ള തന്റെ പിതാവിന്റെ അടുക്കലേക്കു സഞ്ചരിക്കുകയായിരുന്നില്ല. മരണത്തിനുശേഷം മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുന്നതുവരെ അവൻ കല്ലറയിൽ മൃതാവസ്ഥയിലായിരുന്നുവെന്നതാണു യാഥാർഥ്യം. (സഭാപ്രസംഗി 9:5, 10) പുനരുത്ഥാനത്തിനുശേഷംപോലും ഉടനെ അവൻ സ്വർഗത്തിലേക്കു പോയില്ല. “താൻ ജീവിച്ചിരിക്കുന്നു” എന്ന്‌ “നാല്‌പതു നാളോളം” ശിഷ്യന്മാർക്കു “കാണിച്ചു കൊടുത്ത”ശേഷം അവൻ സ്വർഗത്തിലേക്ക്‌ “ആരോഹണം ചെയ്‌തു” എന്നാണു രേഖ പറയുന്നത്‌. (പ്രവൃത്തികൾ 1:​2, 3, 9) തന്നെ ജീവനിലേക്കു തിരികെക്കൊണ്ടുവരാൻ യഹോവയ്‌ക്കു കഴിയുമെന്ന പൂർണബോധ്യത്തോടെ മരണസമയത്ത്‌ യേശു ‘തന്റെ ആത്മാവിനെ പിതാവിന്റെ തൃക്കയ്യിൽ ഏൽപ്പിക്കുകയായിരുന്നു.’

ആത്മാവിനെക്കുറിച്ചുള്ള യാഥാർഥ്യം

ആത്മാവ്‌ എന്താണെന്നു ബൈബിൾ കൃത്യമായി നമുക്കു കാണിച്ചുതരുന്നു. ജീവനോടെയിരിക്കാൻ മനുഷ്യനുണ്ടായിരിക്കേണ്ട ജീവശക്തിയാണത്‌. ആ ജീവശക്തിയുടെ നിലനിൽപ്പിനു പ്രാണവായു അനിവാര്യമാണ്‌. അതിനാൽ മനുഷ്യനുള്ളിലെ യാതൊന്നും മരണത്തെ അതിജീവിക്കുന്നില്ല.

അതുകൊണ്ട്‌ മരിച്ചവർക്കു വീണ്ടും ജീവനിലേക്കു വരുന്നതിനുള്ള സാധ്യത പുനരുത്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. ബൈബിൾ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) ആത്മാവിന്റെ അമർത്യതയ്‌ക്കു പകരം പുനരുത്ഥാനം സംബന്ധിച്ച ഉറപ്പുള്ള ആ വാഗ്‌ദാനമാണ്‌ മരിച്ചവർക്കുള്ള യഥാർഥ പ്രത്യാശയ്‌ക്ക്‌ ആധാരം.

പുനരുത്ഥാനത്തെക്കുറിച്ചും അതു മനുഷ്യവർഗത്തിന്‌ എന്തർഥമാക്കുന്നു എന്നതിനെക്കുറിച്ചും സൂക്ഷ്‌മപരിജ്ഞാനം നേടുന്നത്‌ എത്ര പ്രധാനമാണ്‌! ദൈവത്തെയും ക്രിസ്‌തുവിനെയും കുറിച്ചുള്ള പരിജ്ഞാനവും നാം സമ്പാദിക്കേണ്ടതുണ്ട്‌. (യോഹന്നാൻ 17:3) അവരെയും ദൈവോദ്ദേശ്യത്തെയും സംബന്ധിച്ച പരിജ്ഞാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ബൈബിൾ പഠിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്കു സന്തോഷമാണ്‌. അവരുമായി ബന്ധപ്പെടാനോ ഈ മാസികയുടെ പ്രസാധകർക്ക്‌ എഴുതാനോ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

[4-ാം പേജിലെ ചിത്രങ്ങൾ]

എല്ലാറ്റിലും ഒരേ ആത്മാവാണുള്ളത്‌

[കടപ്പാട്‌]

ആട്‌: CNPC​—⁠Centro Nacional de Pesquisa de Caprinos (Sobral, CE, Brasil)