വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ദിവസത്തിനായി സഹിഷ്‌ണുതയോടെ കാത്തിരിക്കുക

യഹോവയുടെ ദിവസത്തിനായി സഹിഷ്‌ണുതയോടെ കാത്തിരിക്കുക

യഹോവയുടെ ദിവസത്തിനായി സഹിഷ്‌ണുതയോടെ കാത്തിരിക്കുക

‘വിശ്വാസത്തോടു സ്ഥിരത [“സഹിഷ്‌ണുത,” NW] കൂട്ടിക്കൊൾവിൻ.’—2 പത്രൊസ്‌ 1:5-7.

1, 2. എന്താണു സഹിഷ്‌ണുത, ക്രിസ്‌ത്യാനികൾക്ക്‌ അത്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

യഹോവയുടെ മഹാദിവസം വളരെ അടുത്തെത്തിയിരിക്കുകയാണ്‌. (യോവേൽ 1:15; സെഫന്യാവു 1:14) ദൈവത്തോടു നിർമലത പാലിക്കാൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്ന ക്രിസ്‌ത്യാനികളെന്ന നിലയിൽ, യഹോവയുടെ പരമാധികാരം സംസ്ഥാപിക്കപ്പെടുന്ന ആ ദിവസത്തിനായി നോക്കിപ്പാർത്തിരിക്കുകയാണു നാം. അതിനിടെ നമുക്ക്‌ വിശ്വാസത്തെപ്രതി വിദ്വേഷവും നിന്ദയും പീഡനവും സഹിക്കേണ്ടിവന്നേക്കാം, ഒരുപക്ഷേ മരണംപോലും. (മത്തായി 5:10-12; 10:22; വെളിപ്പാടു 2:10) ഇതെല്ലാം സഹിഷ്‌ണുത ആവശ്യമാക്കിത്തീർക്കുന്നു. പ്രതികൂല സാഹചര്യത്തെ സഹിച്ചുനിൽക്കാനുള്ള പ്രാപ്‌തിയാണിത്‌. ‘വിശ്വാസത്തോടു സ്ഥിരത [“സഹിഷ്‌ണുത,” NW] കൂട്ടിക്കൊൾവിൻ’ എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (2 പത്രൊസ്‌ 1:5-7) നമുക്കു സഹിഷ്‌ണുത ആവശ്യമാണ്‌. എന്തെന്നാൽ യേശു പറഞ്ഞു: “അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവൻ രക്ഷിക്കപ്പെടും.”​—⁠മത്തായി 24:13.

2 രോഗവും പ്രിയപ്പെട്ടവരുടെ മരണവും മറ്റു പരിശോധനകളും നമുക്കു നേരിടാറുണ്ട്‌. നമ്മുടെ വിശ്വാസം നഷ്ടപ്പെട്ടാൽ അതു സാത്താനെ എത്രയധികം സന്തോഷിപ്പിക്കും! (ലൂക്കൊസ്‌ 22:31, 32) എങ്കിലും യഹോവയുടെ സഹായത്താൽ നമുക്ക്‌ നാനാവിധ പരിശോധനകളെ സഹിച്ചുനിൽക്കാനാകും. (1 പത്രൊസ്‌ 5:6-11) സഹിഷ്‌ണുതയോടെയും മങ്ങലേൽക്കാത്ത വിശ്വാസത്തോടെയും നമുക്ക്‌ യഹോവയുടെ ദിവസത്തിനായി കാത്തിരിക്കാനാകുമെന്നു തെളിയിക്കുന്ന ചില ജീവിതാനുഭവങ്ങൾ ഇപ്പോൾ പരിചിന്തിക്കാം.

രോഗം അവർക്കൊരു തടസ്സമായിരുന്നില്ല

3, 4. രോഗാവസ്ഥയിലും നമുക്കു ദൈവത്തെ വിശ്വസ്‌തതയോടെ സേവിക്കാനാകും എന്നതിന്‌ ഒരു ഉദാഹരണം നൽകുക.

3 ദൈവം ഇപ്പോൾ നമ്മുടെ രോഗത്തെ അത്ഭുതകരമായി സൗഖ്യമാക്കുന്നില്ലെങ്കിലും സഹിച്ചുനിൽക്കാൻ ആവശ്യമായ കരുത്ത്‌ നൽകുന്നുണ്ട്‌. (സങ്കീർത്തനം 41:1-3) ഷാരോൻ എന്ന യുവതിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ഓർമവെച്ച നാൾ മുതൽ ഈ വീൽച്ചെയർ എന്റെ സന്തതസഹചാരിയാണ്‌. മസ്‌തിഷ്‌ക പക്ഷാഘാതവുമായി ജനിച്ചുവീണ ഞാൻ കുട്ടിക്കാലത്തിന്റെ സന്തോഷങ്ങൾ അറിഞ്ഞിട്ടേയില്ലെന്നു പറയാം.” യഹോവയെയും പൂർണ ആരോഗ്യം സംബന്ധിച്ച ദിവ്യവാഗ്‌ദാനങ്ങളെയും കുറിച്ച്‌ പഠിച്ചതോടെ ഷാരോനിൽ പ്രത്യാശ നാമ്പിട്ടു തുടങ്ങി. സംസാരിക്കുന്നതും നടക്കുന്നതും വളരെ ആയാസപ്പെട്ടാണെങ്കിലും അവർ ക്രിസ്‌തീയ ശുശ്രൂഷയിൽ സന്തോഷം കണ്ടെത്തുന്നു. ഏതാണ്ട്‌ 15 വർഷം മുമ്പ്‌ അവർ ഇങ്ങനെ പറഞ്ഞു: “എന്റെ ആരോഗ്യനില ഇനിയും മോശമായേക്കാം. എങ്കിലും ദൈവത്തിലുള്ള ആശ്രയവും അവനുമായുള്ള ബന്ധവുമാണ്‌ എന്റെ ജീവനാഡി. യഹോവയുടെ ജനത്തോടൊപ്പം ആയിരുന്നുകൊണ്ട്‌ അവന്റെ നിലയ്‌ക്കാത്ത പിന്തുണ അനുഭവിക്കുന്നതിൽ ഞാൻ എത്ര സന്തുഷ്ടയാണെന്നോ!”

4 “ഉൾക്കരുത്തില്ലാത്തവരെ [“വിഷാദമഗ്നരെ,” NW] ധൈര്യപ്പെടുത്തുവിൻ” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ തെസ്സലൊനീക്യയിലെ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. (1 തെസ്സലൊനീക്യർ 5:14) കടുത്ത നിരാശയും മറ്റും വിഷാദത്തിനു കാരണമായേക്കാം. 1993-ൽ ഷാരോൻ ഇങ്ങനെ എഴുതി: “ജീവിതം തികഞ്ഞ പരാജയമാണെന്ന ചിന്ത നിമിത്തം . . . ഞാൻ മൂന്നു വർഷം കടുത്ത വിഷാദത്തിന്റെ പിടിയിലായിരുന്നു. . . . മൂപ്പന്മാർ എനിക്ക്‌ ആശ്വാസവും പ്രോത്സാഹനവും പകർന്നു. . . . കടുത്ത വിഷാദം സംബന്ധിച്ച്‌ യഹോവ വീക്ഷാഗോപുരത്തിലൂടെ സ്‌നേഹപുരസ്സരം വിശദീകരിച്ചുതന്നു. അതേ, യഹോവ തന്റെ ജനത്തിനുവേണ്ടി കരുതുകയും നമ്മുടെ വികാരങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.” (1 പത്രൊസ്‌ 5:6, 7) യഹോവയുടെ മഹാദിവസത്തിനായി കാത്തിരിക്കുന്ന ഷാരോൻ ഇപ്പോഴും ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നു.

5. ക്രിസ്‌ത്യാനികൾക്കു വളരെയധികം സമ്മർദം സഹിച്ചുനിൽക്കാനാകും എന്നതിന്‌ എന്തു തെളിവുണ്ട്‌?

5 കഴിഞ്ഞകാല ജീവിതാനുഭവങ്ങൾ നിമിത്തം ചില ക്രിസ്‌ത്യാനികൾക്കു വളരെയേറെ സമ്മർദം നേരിടുന്നുണ്ട്‌. രണ്ടാം ലോകമഹായുദ്ധത്തിന്റെ രൂക്ഷത നേരിൽക്കണ്ട ഹാർലി യുദ്ധത്തെക്കുറിച്ചുള്ള പേടിസ്വപ്‌നങ്ങൾ കാണുക പതിവായിരുന്നു. “കരുതിയിരിക്കൂ! തയ്യാറെടുത്തുനിൽക്കൂ!” എന്ന്‌ അദ്ദേഹം ഉറക്കത്തിൽ അലറിവിളിക്കുമായിരുന്നു. ഉണർന്നുകഴിയുമ്പോൾ ശരീരമാകെ വിയർത്തുകുളിച്ചിരിക്കും. എന്നിരുന്നാലും, ദൈവിക നിർദേശപ്രകാരമുള്ള ഒരു ജീവിതം നയിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ക്രമേണ, ദുഃസ്വപ്‌നങ്ങളുടെ എണ്ണവും തീവ്രതയും കുറയുകയും ചെയ്‌തു.

6. ഒരു ക്രിസ്‌ത്യാനി വൈകാരിക പ്രശ്‌നങ്ങളെ നേരിട്ടത്‌ എങ്ങനെ?

6 വിഷാദോന്മാദ രോഗമുള്ള ഒരു ക്രിസ്‌ത്യാനിക്ക്‌ വീടുതോറും പോയി പ്രസംഗിക്കുകയെന്നത്‌ വളരെ ബുദ്ധിമുട്ടായിതോന്നി. എങ്കിലും അദ്ദേഹം അതിനായി സകല ശ്രമവും ചെയ്‌തു, കാരണം, ശുശ്രൂഷ തനിക്കും അനുകൂലമായി പ്രതികരിക്കുന്ന മറ്റുള്ളവർക്കും ജീവൻ നേടിത്തരുമെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. (1 തിമൊഥെയൊസ്‌ 4:16) ചിലപ്പോഴൊക്കെ പരിഭ്രമം നിമിത്തം കോളിങ്‌ബെൽ അമർത്താൻപോലും അദ്ദേഹത്തിനാകുമായിരുന്നില്ല. അദ്ദേഹം പറയുന്നു: “ഒടുവിൽ, വികാരങ്ങളെ നിയന്ത്രിച്ചുനിറുത്തുന്നതിനും അടുത്ത വീട്ടുവാതിൽക്കൽച്ചെന്ന്‌ വീണ്ടും ശ്രമിച്ചുനോക്കുന്നതിനും എനിക്കു കഴിഞ്ഞു. ശുശ്രൂഷയിൽ ക്രമമായി ഏർപ്പെട്ടുകൊണ്ട്‌ വേണ്ടത്ര ആത്മീയ ആരോഗ്യം ഞാൻ നിലനിറുത്തി.” യോഗങ്ങൾക്ക്‌ ഹാജരാകുന്നതും ഈ സഹോദരന്‌ ഒരു വെല്ലുവിളിയായിരുന്നെങ്കിലും ആത്മീയ സഹവാസത്തിന്റെ മൂല്യം സംബന്ധിച്ച്‌ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്‌. അതുകൊണ്ട്‌ ശ്രമംചെയ്‌ത്‌ അദ്ദേഹം യോഗങ്ങൾക്കു വരുമായിരുന്നു.​—⁠എബ്രായർ 10:24, 25.

7. പരസ്യമായി സംസാരിക്കാനോ യോഗങ്ങൾക്കു സംബന്ധിക്കാനോ ചിലർക്കു ഭയമാണെങ്കിലും അവർ സഹിഷ്‌ണുത കാണിക്കുന്നത്‌ എങ്ങനെ?

7 ക്രിസ്‌ത്യാനികളായ ചിലർ ചില പ്രത്യേക സാഹചര്യങ്ങളോടോ വസ്‌തുക്കളോടോ അതിരുകവിഞ്ഞ ഭയം ഉള്ളവരാണ്‌. ഉദാഹരണത്തിന്‌ പരസ്യമായി സംസാരിക്കാനോ ഒരു യോഗത്തിൽ സംബന്ധിക്കാൻപോലുമോ അവർക്കു ഭയമായിരിക്കാം. അത്തരക്കാർക്ക്‌ ക്രിസ്‌തീയ യോഗത്തിൽ അഭിപ്രായം പറയാനോ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ ഒരു പ്രസംഗം നടത്താനോ എത്ര ബുദ്ധിമുട്ടായിരിക്കും എന്നു ചിന്തിച്ചുനോക്കൂ! എങ്കിലും അവരും സഹിച്ചുനിൽക്കുകയാണ്‌, അങ്ങനെയുള്ളവരുടെ സാന്നിധ്യവും പങ്കുപറ്റലും നാം അങ്ങേയറ്റം വിലമതിക്കുന്നു.

8. വൈകാരിക ബുദ്ധിമുട്ടുകൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ വിശേഷാൽ പ്രയോജനകരമായത്‌ എന്താണ്‌?

8 ഒരൽപ്പം കൂടുതൽ വിശ്രമിക്കുന്നതോ ഉറങ്ങുന്നതോ വൈകാരിക പ്രശ്‌നങ്ങൾ സഹിച്ചുനിൽക്കാൻ വ്യക്തിയെ സഹായിച്ചേക്കാം. ചിലപ്പോൾ വൈദ്യസഹായം വേണ്ടിവരും. എങ്കിലും പ്രാർഥനാപൂർവം ദൈവത്തിൽ ആശ്രയിക്കുന്നത്‌ വിശേഷാൽ പ്രയോജനകരമായിരിക്കും. “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല” എന്നു സങ്കീർത്തനം 55:22 പറയുന്നു. അതുകൊണ്ട്‌ ‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക.’​—⁠സദൃശവാക്യങ്ങൾ 3:5, 6.

പ്രിയപ്പെട്ടവരുടെ മരണം

9-11. (എ) പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോഴുണ്ടാകുന്ന വ്യസനം സഹിക്കാൻ നമ്മെ എന്തു സഹായിക്കും? (ബി) വിരഹദുഃഖം തരണം ചെയ്യാൻ ഹന്നായുടെ അനുഭവം സഹായിക്കുന്നത്‌ എങ്ങനെ?

9 കുടുംബത്തിലെ ഒരംഗത്തെ മരണം തട്ടിയെടുക്കുമ്പോഴുള്ള വലിയ നഷ്ടം കടുത്ത ദുഃഖത്തിൽ കലാശിച്ചേക്കാം. അബ്രഹാം തന്റെ പ്രിയപത്‌നിയായ സാറായുടെ മരണത്തെപ്രതി കരഞ്ഞു. (ഉല്‌പത്തി 23:2) സുഹൃത്തായ ലാസർ മരിച്ചപ്പോൾ പൂർണമനുഷ്യനായ യേശുപോലും “കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:35) അതുകൊണ്ട്‌ ഉറ്റവരുടെ മരണത്തിൽ ദുഃഖം തോന്നുക സ്വാഭാവികമാണ്‌. എങ്കിലും ഒരു പുനരുത്ഥാനം നടക്കുമെന്നു ക്രിസ്‌ത്യാനികൾക്ക്‌ അറിയാം. (പ്രവൃത്തികൾ 24:15) അതുകൊണ്ട്‌ അവർ “പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖി”ക്കുന്നില്ല.​—⁠1 തെസ്സലൊനീക്യർ 4:13.

10 ഉറ്റവരുടെ മരണവുമായി എങ്ങനെ പൊരുത്തപ്പെടാം? നമുക്ക്‌ ഒരു ഉദാഹരണം നോക്കാം. ഒരു സുഹൃത്ത്‌ യാത്രപോയാൽ നമുക്ക്‌ പൊതുവേ അത്ര ദുഃഖമൊന്നും അനുഭവപ്പെടുകയില്ല. അയാൾ തിരിച്ചുവരുമ്പോൾ കാണാമല്ലോ എന്ന പ്രതീക്ഷയുള്ളതുകൊണ്ടാണത്‌. ഒരു വിശ്വസ്‌ത ക്രിസ്‌ത്യാനിയുടെ മരണത്തെ സമാനമായ രീതിയിൽ വീക്ഷിക്കുന്നത്‌ നമ്മുടെ ദുഃഖം ലഘൂകരിക്കും. എന്തെന്നാൽ അയാൾ തീർച്ചയായും പുനരുത്ഥാനത്തിൽ വരുമെന്നു നമുക്കറിയാം.​—⁠സഭാപ്രസംഗി 7:1.

11 “സർവ്വാശ്വാസവും നല്‌കുന്ന ദൈവ”ത്തിലുള്ള പൂർണ ആശ്രയം വിരഹവേദനയെ നേരിടാൻ നമ്മെ സഹായിക്കും. (2 കൊരിന്ത്യർ 1:3, 4) ഒന്നാം നൂറ്റാണ്ടിലെ ഒരു വിധവയായിരുന്ന ഹന്നയുടെ കാര്യം ചിന്തിക്കുന്നതും സഹായകമായിരിക്കും. വെറും ഏഴു വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ അവർ വിധവയായി. എന്നിട്ടും 84-ാം വയസ്സിലും അവർ ദൈവാലയത്തിൽ യഹോവയ്‌ക്കു വിശുദ്ധസേവനം അർപ്പിക്കുകയായിരുന്നു. (ലൂക്കൊസ്‌ 2:36-38) മനോവ്യഥയും ഏകാന്തതയും തരണംചെയ്യാൻ അത്തരമൊരു അർപ്പിത ജീവിതം അവരെ സഹായിച്ചു എന്നതിനു സംശയമില്ല. പ്രസംഗവേല ഉൾപ്പെടെയുള്ള ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ ക്രമമായി പങ്കുപറ്റുന്നത്‌ വിരഹവേദനയെ തരണംചെയ്യാൻ നമ്മെ സഹായിക്കും.

നാനാ പരിശോധനകളെ നേരിടുമ്പോൾ

12. ചില ക്രിസ്‌ത്യാനികൾ കുടുംബ ജീവിതത്തോടു ബന്ധപ്പെട്ട ഏതു പരിശോധന സഹിച്ചുനിന്നിരിക്കുന്നു?

12 കുടുംബജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌ ചില ക്രിസ്‌ത്യാനികൾക്കു നേരിടേണ്ടിവരുന്നത്‌. ഉദാഹരണത്തിന്‌, ഒരു ഇണ വ്യഭിചാരം ചെയ്യുകയാണെന്നു വിചാരിക്കുക. എത്ര വിപത്‌കരമായ ഫലമായിരിക്കും അത്‌ ഉളവാക്കുക! ദുഃഖവും ആഘാതവും നിമിത്തം തെറ്റു ചെയ്യാത്ത ഇണയ്‌ക്ക്‌ ഉറങ്ങാൻ കഴിഞ്ഞെന്നുവരില്ല. മാത്രമല്ല നിയന്ത്രണംവിട്ട്‌ കരയുകയും ചെയ്‌തേക്കാം. ചെറിയ കാര്യങ്ങൾ ചെയ്യുന്നതുപോലും സമ്മർദപൂരിതമായിരിക്കും. അത്‌ അബദ്ധങ്ങളിലും അപകടങ്ങളിലും കലാശിച്ചേക്കാം. നിർദോഷിയായ ഇണയ്‌ക്ക്‌ ഭക്ഷണം കഴിക്കാനാകില്ലായിരിക്കാം, ശരീരം ക്ഷീണിച്ചേക്കാം, വൈകാരികമായി തകർന്നുപോയേക്കാം. ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും എളുപ്പമായിരിക്കില്ല. ഇനിയും കുട്ടികളുടെ കാര്യമൊന്ന്‌ ആലോചിച്ചുനോക്കൂ!

13, 14. (എ) ആലയസമർപ്പണ വേളയിലെ ശലോമോന്റെ പ്രാർഥനയിൽനിന്ന്‌ എന്തു പ്രോത്സാഹനമാണ്‌ നിങ്ങൾക്കു ലഭിക്കുന്നത്‌? (ബി) നാം പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ഇത്തരം പരിശോധനകൾ നേരിടുമ്പോൾ നമുക്കാവശ്യമായ സഹായം യഹോവ നൽകും. (സങ്കീർത്തനം 94:19) ആലയ സമർപ്പണവേളയിൽ ശലോമോൻ രാജാവ്‌ നടത്തിയ പ്രാർഥന വ്യക്തമാക്കുന്നതുപോലെ, യഹോവ തന്റെ ജനത്തിന്റെ പ്രാർഥന കേൾക്കുകതന്നെ ചെയ്യും. ശലോമോൻ ഇങ്ങനെ പ്രാർഥിച്ചു: “നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്‌താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്‌തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നത്‌.”​—⁠1 രാജാക്കന്മാർ 8:38-40.

14 പരിശുദ്ധാത്മാവിനുവേണ്ടി തുടർച്ചയായി പ്രാർഥിക്കുന്നതും പ്രത്യേകാൽ സഹായകമായിരിക്കും. (മത്തായി 7:7-11) ആത്മാവിന്റെ ഫലത്തിന്റെ ഭാഗമാണ്‌ സന്തോഷവും സമാധാനവും പോലുള്ള ഗുണങ്ങൾ. (ഗലാത്യർ 5:22, 23) സന്താപത്തിനു പകരം സന്തോഷവും മനോവ്യഥയ്‌ക്കു പകരം മനസ്സമാധാനവും നൽകി യഹോവ നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരമരുളുമ്പോൾ എന്തൊരു ആശ്വാസമായിരിക്കും അനുഭവപ്പെടുക!

15. ഉത്‌കണ്‌ഠ ലഘൂകരിക്കാൻ ഏതെല്ലാം തിരുവെഴുത്തുകൾ നമ്മെ സഹായിക്കും?

15 വലിയ സമ്മർദം നേരിടേണ്ടിവരുമ്പോൾ ഒരു പരിധിവരെയുള്ള ഉത്‌കണ്‌ഠ നാം പ്രതീക്ഷിക്കേണ്ടതാണ്‌. എങ്കിലും യേശുവിന്റെ പിൻവരുന്ന വാക്കുകൾ മനസ്സിൽപ്പിടിക്കുന്നപക്ഷം ഇവയിൽ ചിലതെങ്കിലും ലഘൂകരിക്കാൻ നമുക്കു കഴിഞ്ഞേക്കും: “എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു. . . . മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:25, 33, 34) ‘ദൈവം നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളാൻ’ അപ്പൊസ്‌തലനായ പത്രൊസ്‌ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (1 പത്രൊസ്‌ 5:6, 7) ഒരു പ്രശ്‌നം ഉണ്ടായാൽ അതു പരിഹരിക്കാൻ ശ്രമിക്കുന്നതാണ്‌ ഉചിതം. കഴിവിന്റെ പരമാവധി ശ്രമിച്ചശേഷം ഉത്‌കണ്‌ഠപ്പെടുന്നതുകൊണ്ടു പ്രയോജനമില്ല. എന്നാൽ പ്രാർഥന ഗുണംചെയ്യും. “നിന്റെ വഴി യഹോവയെ ഭരമേല്‌പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും” എന്നു സങ്കീർത്തനക്കാരൻ പാടുകയുണ്ടായി.​—⁠സങ്കീർത്തനം 37:5.

16, 17. (എ) നാം പൂർണമായും ഉത്‌കണ്‌ഠയിൽനിന്നു മോചിതരല്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) ഫിലിപ്പിയർ 4:6, 7 പ്രാവർത്തികമാക്കുന്നപക്ഷം നാം എന്ത്‌ അനുഭവിച്ചറിയും?

16 പൗലൊസ്‌ ഇങ്ങനെ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) ആദാമിന്റെ അപൂർണ സന്താനങ്ങൾക്ക്‌ ഉത്‌കണ്‌ഠയിൽനിന്നു തീർത്തും മോചിതരായിരിക്കാനാവില്ല. (റോമർ 5:12) ഏശാവിന്റെ ഹിത്യരായ ഭാര്യമാർ ദൈവഭയമുള്ള മാതാപിതാക്കളായ യിസ്‌ഹാക്കിന്നും റിബെക്കെക്കും “മനോവ്യസനകാരണമായിരുന്നു.” (ഉല്‌പത്തി 26:34, 35) തിമൊഥെയൊസിനെയും ത്രൊഫിമൊസിനെയും പോലുള്ള ക്രിസ്‌ത്യാനികൾക്ക്‌ രോഗം ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമായിത്തീർന്നിട്ടുണ്ടാകാം. (1 തിമൊഥെയൊസ്‌ 5:23; 2 തിമൊഥെയൊസ്‌ 4:20) സഹവിശ്വാസികളെക്കുറിച്ച്‌ പൗലൊസിന്‌ ഉത്‌കണ്‌ഠയുണ്ടായിരുന്നു. (2 കൊരിന്ത്യർ 11:28) എങ്കിലും, “പ്രാർഥന കേൾക്കുന്ന”വൻ തന്നെ സ്‌നേഹിക്കുന്നവരെ സഹായിക്കാൻ സദാ സന്നദ്ധനാണ്‌.​—⁠സങ്കീർത്തനം 65:2.

17 യഹോവയുടെ ദിവസം കാത്തിരിക്കവേ നമുക്ക്‌ “സമാധാനത്തിന്റെ ദൈവ”ത്തിൽനിന്നുള്ള പിന്തുണയും ആശ്വാസവും ലഭ്യമാണ്‌. (ഫിലിപ്പിയർ 4:9) യഹോവ “കരുണയും കൃപയുമുള്ളവ”നും “ക്ഷമിക്കുന്നവനും” ‘നാം പൊടി എന്നു ഓർക്കുന്നവനുമാണ്‌.’ (പുറപ്പാടു 34:6; സങ്കീർത്തനം 86:5; 103:13, 14) അതുകൊണ്ട്‌, ‘നമ്മുടെ ആവശ്യങ്ങൾ ദൈവത്തെ അറിയിക്കാം.’ അതു മനുഷ്യനു ഗ്രഹിക്കാനാവാത്ത വിധമുള്ള ദൈവസമാധാനം നേടിത്തരും.

18. ഇയ്യോബ്‌ 42:5 അനുസരിച്ച്‌ ദൈവത്തെ ‘കാണാനാകുന്നത്‌’ എങ്ങനെ?

18 നമ്മുടെ പ്രാർഥനകൾക്കുള്ള ഉത്തരം, ദൈവം നമ്മോടൊപ്പമുണ്ടെന്നതിന്‌ തെളിവാണ്‌. പരിശോധനകൾ സഹിച്ചശേഷം ഇയ്യോബ്‌ യഹോവയോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (ഇയ്യോബ്‌ 42:5) ഗ്രാഹ്യക്കണ്ണുകളോടും വിശ്വാസത്തോടും നന്ദിയോടുംകൂടെ, നമ്മോടുള്ള ദൈവത്തിന്റെ ഇടപെടലുകൾ സംബന്ധിച്ച്‌ ചിന്തിക്കാനും തികച്ചും പുതിയൊരു വെളിച്ചത്തിൽ ദൈവത്തെ ‘കാണാനും’ നമുക്കു സാധിക്കും. അത്തരമൊരു ബന്ധം നമ്മുടെ ഹൃദയത്തിനും മനസ്സിനും എത്രയധികം സമാധാനം പകരുന്നു!

19. ‘സകല ചിന്താകുലവും യഹോവയുടെമേൽ ഇട്ടാൽ’ എന്തായിരിക്കും ഫലം?

19 ‘സകല ചിന്താകുലവും യഹോവയുടെമേൽ ഇടുന്നെങ്കിൽ’ നമ്മുടെ മാനസിക പ്രാപ്‌തികളെയും ഹൃദയത്തെയും കാത്തുസൂക്ഷിക്കുന്ന ആന്തരിക സമാധാനത്തോടെ പരിശോധനകളെ സഹിച്ചുനിൽക്കാൻ നമുക്കാകും. ഉള്ളിന്റെയുള്ളിൽ അസ്വസ്ഥതകളിൽനിന്നും ഭയത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം നാം അനുഭവിച്ചറിയും. ആശങ്കകളോ ആശയക്കുഴപ്പങ്ങളോ നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുകയില്ല.

20, 21. (എ) പീഡനം സഹിക്കുമ്പോഴുള്ള പ്രശാന്തത സംബന്ധിച്ച്‌ സ്‌തെഫാനോസിന്റെ അനുഭവം എന്തു തെളിവു നൽകുന്നു? (ബി) പരിശോധനകൾ നേരിട്ടപ്പോൾ ശാന്തതപാലിച്ചതിന്റെ ഒരു ആധുനികകാല ദൃഷ്ടാന്തം പറയുക.

20 വിശ്വാസത്തിന്റെ ഒരു വലിയ പരിശോധനയെ സഹിച്ചുനിന്നപ്പോൾ ശിഷ്യനായ സ്‌തെഫാനോസ്‌ പ്രശാന്തത ഉള്ളവനായിരുന്നു. അവൻ അവസാന സാക്ഷ്യം നൽകുന്നതിനുമുമ്പ്‌ ന്യായാധിപസംഘത്തിൽ ഇരുന്നവർ “അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെകണ്ടു.” (പ്രവൃത്തികൾ 6:15) ഒരു ദൂതന്റേതുപോലെ പ്രശാന്തമായ മുഖഭാവമായിരുന്നു സ്‌തെഫാനോസിന്റേത്‌. യേശുവിന്റെ മരണത്തിലുള്ള അവരുടെ കുറ്റം തുറന്നുകാട്ടിയപ്പോൾ ന്യായാധിപന്മാർ “കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.” സ്‌തെഫാനോസ്‌ “പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു.” ആ ദർശനത്താൽ ശക്തനാക്കപ്പെട്ട സ്‌തെഫാനോസ്‌ മരണത്തോളം വിശ്വസ്‌തത പാലിച്ചു. (പ്രവൃത്തികൾ 7:52-60) നമുക്കിപ്പോൾ ദർശനങ്ങൾ ലഭിക്കുന്നില്ലെങ്കിലും പീഡിപ്പിക്കപ്പെടുമ്പോൾ ദൈവദത്ത പ്രശാന്തത ആസ്വദിക്കാനാകും.

21 രണ്ടാം ലോകമഹായുദ്ധകാലത്ത്‌ നാസികൾ കൊലപ്പെടുത്തിയ ചില സഹോദരങ്ങളുടെ വികാരങ്ങൾ നോക്കുക. കോടതിയിലെ തന്റെ അനുഭവത്തെക്കുറിച്ച്‌ ഒരാൾ ഇങ്ങനെ പറഞ്ഞു: “[എനിക്കു] മരണശിക്ഷ വിധിച്ചു. അതു ശ്രദ്ധിച്ചുകേട്ടതിനുശേഷം ‘മരണത്തോളം വിശ്വസ്‌തനായിരിക്കുക’ എന്ന വാക്കുകളും നമ്മുടെ കർത്താവിന്റെ മറ്റു ചില വാക്കുകളും ഞാൻ ഉരുവിട്ടു, അത്രമാത്രം. . . എന്നാൽ ഇപ്പോൾ അതു കാര്യമാക്കേണ്ടതില്ല. എനിക്ക്‌ വളരെ സമാധാനമുണ്ട്‌, വളരെ ശാന്തതയുണ്ട്‌, നിങ്ങൾക്കു സങ്കൽപ്പിക്കാവുന്നതിലേറെ.” ശിരച്ഛേദത്തിന്‌ വിധിക്കപ്പെട്ട ഒരു യുവക്രിസ്‌ത്യാനി മാതാപിതാക്കൾക്ക്‌ അയച്ച കത്തിലെ വാക്കുകൾ ശ്രദ്ധിക്കുക: “ഇപ്പോൾ അർധരാത്രി കഴിഞ്ഞിരിക്കുകയാണ്‌. എനിക്കു മനസ്സു മാറ്റാൻ ഇപ്പോഴും സമയമുണ്ട്‌. ഹാ, നമ്മുടെ കർത്താവിനെ തള്ളിപ്പറഞ്ഞശേഷം ഈ ലോകത്തിൽ എനിക്കു വീണ്ടും സന്തുഷ്ടനായിരിക്കാൻ കഴിയുമോ? തീർച്ചയായുമില്ല. എന്നാൽ ഞാൻ സന്തോഷത്തോടും സമാധാനത്തോടും കൂടെ ഈ ലോകം വിടുന്നുവെന്ന ഉറപ്പ്‌ ഇപ്പോൾ നിങ്ങൾക്കുണ്ട്‌.” വിശ്വസ്‌തദാസരെ യഹോവ പിന്തുണയ്‌ക്കുന്നു എന്നതിന്‌ യാതൊരു സംശയവുമില്ല.

നിങ്ങൾക്കു സഹിച്ചുനിൽക്കാനാകും!

22, 23. യഹോവയുടെ ദിവസത്തിനായി സഹിഷ്‌ണുതയോടെ കാത്തിരിക്കവേ എന്തു സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാം?

22 ഇപ്പോൾ പരിചിന്തിച്ചതുപോലുള്ള പരിശോധനകൾ നിങ്ങൾക്ക്‌ അഭിമുഖീകരിക്കേണ്ടി വരുന്നില്ലായിരിക്കാം. എങ്കിലും ദൈവഭക്തനായ ഇയ്യോബ്‌ പിൻവരുന്നവിധം പറഞ്ഞുകൊണ്ട്‌ ഒരു സത്യാവസ്ഥ ചൂണ്ടിക്കാട്ടി: “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.” (ഇയ്യോബ്‌ 14:1) കുട്ടികൾക്ക്‌ ആത്മീയ മാർഗനിർദേശം നൽകാൻ കഠിനമായി ശ്രമിക്കുന്ന ഒരു മാതാവോ പിതാവോ ആയിരിക്കാം നിങ്ങൾ. കുട്ടികൾക്കു സ്‌കൂളിലെ പരിശോധനകൾ സഹിക്കേണ്ടിവരുന്നു, എങ്കിലും യഹോവയ്‌ക്കും നീതിനിഷ്‌ഠമായ ദിവ്യതത്ത്വങ്ങൾക്കുംവേണ്ടി അവർ ഉറച്ച നിലപാടു സ്വീകരിക്കുന്നത്‌ നിങ്ങളെ എത്രയധികം സന്തോഷിപ്പിക്കുന്നു! ഒരുപക്ഷേ ജോലിസ്ഥലത്ത്‌ നിങ്ങൾക്കും ബുദ്ധിമുട്ടുകളും പ്രലോഭനങ്ങളും നേരിടുന്നുണ്ടാകാം. എന്നിരുന്നാലും യഹോവ ‘നാൾതോറും നിങ്ങളുടെ ഭാരങ്ങളെ ചുമക്കുന്നതുകൊണ്ട്‌’ ഇവയും മറ്റ്‌ പരിശോധനകളും നിങ്ങൾക്കു സഹിച്ചുനിൽക്കാനാകും.​—⁠സങ്കീർത്തനം 68:19.

23 ഞാൻ വെറുമൊരു സാധാരണ മനുഷ്യനല്ലേ എന്നായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്‌. എന്നാൽ ഓർക്കുക: യഹോവ നിങ്ങളുടെ വേലയും അവന്റെ വിശുദ്ധ നാമത്തോടു കാണിക്കുന്ന സ്‌നേഹവും ഒരിക്കലും മറന്നുകളയില്ല. (എബ്രായർ 6:10) യഹോവയുടെ സഹായത്താൽ നിങ്ങൾക്ക്‌ വിശ്വാസത്തിന്റെ പരിശോധനകളെ സഹിച്ചുനിൽക്കാനാകും. അതുകൊണ്ട്‌ ദൈവഹിതം നിങ്ങളുടെ പ്രാർഥനയുടെ ഭാഗമാക്കുകയും ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അതു കണക്കിലെടുക്കുകയും ചെയ്യുക. എങ്കിൽ, യഹോവയുടെ ദിവസത്തിനായി സഹിഷ്‌ണുതയോടെ കാത്തിരിക്കവേ ദിവ്യാനുഗ്രഹവും പിന്തുണയും സംബന്ധിച്ച്‌ നിങ്ങൾക്ക്‌ ഉറപ്പുള്ളവരായിരിക്കാനാകും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ക്രിസ്‌ത്യാനികൾക്ക്‌ സഹിഷ്‌ണുത ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• രോഗവും ഉറ്റവരുടെ മരണവും സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?

• പരിശോധനകൾ സഹിച്ചുനിൽക്കാൻ പ്രാർഥന നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

• യഹോവയുടെ ദിവസത്തിനായി സഹിഷ്‌ണുതയോടെ കാത്തിരിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ചിത്രം]

യഹോവയിലുള്ള ആശ്രയം വിരഹദുഃഖം നേരിടാനുള്ള മാർഗമാണ്‌

[31-ാം പേജിലെ ചിത്രം]

വിശ്വാസത്തിന്റെ പരിശോധനകൾ സഹിച്ചുനിൽക്കാൻ ആത്മാർഥമായ പ്രാർഥന നമ്മെ സഹായിക്കുന്നു