വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന്‌ ഇസ്രായേലിലെ ആണുങ്ങളെല്ലാം സംബന്ധിച്ചുതുടങ്ങിയ ശേഷമാണല്ലോ വിളവെടുപ്പ്‌ ഔദ്യോഗികമായി തുടങ്ങിയിരുന്നത്‌. അപ്പോൾ വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുവന്നിരുന്ന യവത്തിന്റെ ആദ്യഫലം കൊയ്‌തിരുന്നത്‌ ആരാണ്‌?

മോശൈക ന്യായപ്രമാണം ഇസ്രായേല്യരോട്‌ ഇങ്ങനെ കൽപ്പിച്ചു: “നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം.” (ആവർത്തനപുസ്‌തകം 16:16) ശലോമോൻ രാജാവിന്റെ കാലം മുതൽ, യെരൂശലേമിലെ ആലയമായിരുന്നു ദൈവം തിരഞ്ഞെടുത്ത സ്ഥലം.

വസന്തകാലത്തിന്റെ ആദ്യഭാഗത്താണ്‌ ഈ മൂന്നു ഉത്സവങ്ങളിൽ ആദ്യത്തേതു നടന്നിരുന്നത്‌. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ എന്ന്‌ അറിയപ്പെട്ടിരുന്ന ഇത്‌ നീസാൻ 14-ലെ പെസഹാ ആചരണം കഴിഞ്ഞുള്ള ദിവസം ആരംഭിച്ച്‌ നീസാൻ 21 വരെ ഏഴു ദിവസം തുടർന്നിരുന്നു. ഈ പെരുന്നാളിന്റെ രണ്ടാം ദിവസമായ നീസാൻ 16, വിശുദ്ധ കലണ്ടർ പ്രകാരം വർഷത്തിലെ ആദ്യവിളവെടുപ്പിന്റെ തുടക്കമായിരുന്നു. ആ ദിവസം മഹാപുരോഹിതൻ യവ “കൊയ്‌ത്തിലെ ആദ്യത്തെ കറ്റ” വിശുദ്ധമന്ദിരത്തിൽ “യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ”മായിരുന്നു. (ലേവ്യപുസ്‌തകം 23:5-12) പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിൽ ആണെല്ലാം സന്നിഹിതരായിക്കേണ്ടിയിരുന്നതിനാൽ ആരാണ്‌ യവം കൊയ്‌തിരുന്നത്‌?

പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിൽ വിളവെടുപ്പിന്റെ ആദ്യഫലം യഹോവയ്‌ക്ക്‌ അർപ്പിക്കണം എന്ന കൽപ്പന ലഭിച്ചത്‌ മുഴു ജനതയ്‌ക്കുമാണ്‌. ഓരോരുത്തരും പോയി വിളവെടുത്ത്‌ ആദ്യഫലം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുവരേണ്ടതില്ലായിരുന്നു. പകരം ജനത്തെ പ്രതിനിധാനം ചെയ്‌ത്‌ ഏതാനും വ്യക്തികളാണ്‌ വിളവെടുത്തിരുന്നത്‌. അതുകൊണ്ട്‌, അടുത്തുള്ള വയലിലേക്കു പോയി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനു വേണ്ട യവക്കറ്റ കൊയ്‌തുകൊണ്ടുവരാൻ ജനത്തിന്റെ പ്രതിനിധികളായ ചിലർക്ക്‌ കഴിയുമായിരുന്നു. ഇതേക്കുറിച്ച്‌ വിശദീകരിക്കവേ എൻസൈക്ലോപീഡിയ ജുഡായിക്ക ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യവം വിളഞ്ഞു പാകമായിരുന്നെങ്കിൽ യെരൂശലേമിന്‌ സമീപത്തുനിന്നുതന്നെ അതു കൊയ്‌തിരുന്നു, അല്ലാത്തപക്ഷം അത്‌ ഇസ്രായേലിലെ എവിടെനിന്നും കൊണ്ടുവരാമായിരുന്നു. സ്വന്തം അരിവാളും കൊട്ടയും ഉള്ള മൂന്നു പുരുഷന്മാരായിരുന്നു കൊയ്‌ത്തുകാർ.” അങ്ങനെ കൊയ്‌തുകൊണ്ടുവരുന്നതിൽനിന്ന്‌ ഒരു കറ്റയാണ്‌ മഹാപുരോഹിതൻ യഹോവയ്‌ക്ക്‌ അർപ്പിച്ചിരുന്നത്‌.

വിളവിന്റെ ആദ്യഫലം അർപ്പിക്കാനുള്ള വ്യവസ്ഥയിലൂടെ, തങ്ങളുടെ നിലത്തിന്മേലും വിളകളിന്മേലും ഉള്ള യഹോവയുടെ അനുഗ്രഹത്തെപ്രതി വിലമതിപ്പു കാണിക്കാനുള്ള നല്ലൊരു അവസരം ഇസ്രായേല്യർക്കു ലഭിച്ചു. (ആവർത്തനപുസ്‌തകം 8:6-10) അതിലുപരി അത്‌ ‘വരുവാനുള്ള നന്മകളുടെ നിഴൽ’ ആയിരുന്നു. (എബ്രായർ 10:1) പൊതുയുഗം 33-ലെ നീസാൻ 16-ന്‌, അതായത്‌ വിളവിന്റെ ആദ്യഫലം യഹോവയ്‌ക്ക്‌ അർപ്പിക്കുന്ന ദിവസമാണ്‌ യേശുക്രിസ്‌തു പുനരുത്ഥാനം പ്രാപിച്ചത്‌ എന്നത്‌ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്‌. യേശുവിനെക്കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ക്രിസ്‌തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു. . . . ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്‌തു; പിന്നെ ക്രിസ്‌തുവിന്നുള്ളവർ അവന്റെ വരവിങ്കൽ.” (1 കൊരിന്ത്യർ 15:20-23) മഹാപുരോഹിതൻ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്‌ത ആദ്യത്തെ കറ്റ പുനരുത്ഥാനം പ്രാപിച്ച യേശുവിനെയാണ്‌ മുൻനിഴലാക്കിയത്‌. യേശുവാണ്‌ മരിച്ചവരിൽനിന്ന്‌ നിത്യജീവനിലേക്ക്‌ ഉയിർപ്പിക്കപ്പെട്ട ആദ്യത്തവൻ. മനുഷ്യവർഗത്തിന്‌ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം നേടാനുള്ള മാർഗം യേശു അങ്ങനെ തുറന്നുതന്നു.

[26-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

© 2003 BiblePlaces.com