വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ശിലോഹാംകുളത്തിൽ കഴുകുക”

“ശിലോഹാംകുളത്തിൽ കഴുകുക”

“ശിലോഹാംകുളത്തിൽ കഴുകുക”

അന്ധനായ ഒരു മനുഷ്യന്റെ കണ്ണിന്മേൽ മണ്ണുകുഴച്ചു പുരട്ടിയശേഷം “ചെന്നു ശിലോഹാംകുളത്തിൽ കഴുകുക” എന്ന്‌ യേശു അവനോടു പറഞ്ഞു. അതനുസരിച്ച അവൻ “കണ്ണു കാണുന്നവനായി മടങ്ങിവന്നു.” (യോഹന്നാൻ 9:6, 7) എവിടെയായിരുന്നു ശിലോഹാംകുളം? അടുത്തയിടെ നടന്ന ഒരു പുരാവസ്‌തുഗവേഷണം ഇക്കാര്യത്തിൽ പുത്തൻ കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നു.

ശിലോഹാംകുളം എന്ന പേരിൽ അറിയപ്പെട്ടിരുന്ന യെരൂശലേമിലെ ഒരു കുളം സന്ദർശിച്ചിരുന്ന അനേകരുടെയും വിചാരം അത്‌ യോഹന്നാൻ 9:⁠7-ൽ പരാമർശിച്ചിരിക്കുന്ന അതേ കുളമാണെന്നായിരുന്നു. പൊതുയുഗത്തിനുമുമ്പ്‌ 8-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതും 530 മീറ്റർ നീളമുള്ളതുമായ “ഹിസ്‌കിയാവിന്റെ തുരങ്കം” അവസാനിക്കുന്നിടത്താണ്‌ ആ കുളം സ്ഥിതിചെയ്യുന്നത്‌. അതു പണിതീർത്തതു പക്ഷേ, പൊതുയുഗം (പൊ.യു.) 4-ാം നൂറ്റാണ്ടിലായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന കുളത്തിന്റെ സ്ഥാനം, പ്രസ്‌തുത തുരങ്കത്തിന്റെ അറ്റത്തായിരുന്നിരിക്കണം എന്നു തെറ്റിദ്ധരിച്ച ബൈസന്റൈൻ “ക്രിസ്‌ത്യാനി”കളാണ്‌ അതു നിർമിച്ചത്‌.

എന്നാൽ, 2004-ൽ തങ്ങൾ കണ്ടെത്തിയ ഒരു കുളമാണ്‌ യേശുവിന്റെ കാലത്തുണ്ടായിരുന്ന യഥാർഥ ശിലോഹാംകുളമെന്ന്‌ പുരാവസ്‌തുഗവേഷകർ നിഗമനംചെയ്യുന്നു. ബൈസന്റൈൻ ക്രിസ്‌ത്യാനികൾ നിർമിച്ച ‘ശിലോഹാംകുള’ത്തിന്റെ സ്ഥാനത്തിന്‌ 100 മീറ്റർ തെക്കുകിഴക്കായിട്ടാണ്‌ അതിന്റെ സ്ഥാനം. എങ്ങനെയാണവർ അതു കണ്ടുപിടിച്ചത്‌? മലിനജലമൊഴുകുന്ന ഒരു ഭൂഗർഭക്കുഴൽ കേടുപോക്കാൻ ഒരിക്കൽ നഗരാധികൃതർ പദ്ധതിയിട്ടു. അങ്ങനെ വൻയന്ത്രങ്ങളുടെ സഹായത്തോടെ ജോലിയാരംഭിച്ചു. തൊട്ടടുത്തായി പഠനം നടത്തിക്കൊണ്ടിരുന്ന ഒരു പുരാവസ്‌തു ശാസ്‌ത്രജ്ഞൻ അതു ശ്രദ്ധിക്കാതിരുന്നില്ല. പെട്ടെന്ന്‌, മണ്ണിനുള്ളിൽ തെളിഞ്ഞുവന്ന രണ്ടു പടവുകളിൽ അദ്ദേഹത്തിന്റെ ദൃഷ്ടികൾ പതിഞ്ഞു. അതോടെ വേല നിറുത്തിവെക്കപ്പെട്ടു. ഇസ്രായേൽ ആന്റിക്വിറ്റീസ്‌ അതോരിറ്റി ആ സ്ഥലത്തു ഖനനംനടത്താൻ തീരുമാനിച്ചു. ചതുരാകൃതിയിലുള്ള കുളത്തിന്റെ 70 മീറ്റർ നീളമുള്ള ഒരു വശവും രണ്ടു കോണുകളും ഇതിനകം വെളിച്ചംകണ്ടിരിക്കുന്നു.

ഖനനവേളയിൽ കണ്ടുകിട്ടിയ ചില നാണയങ്ങൾ, റോമിനെതിരെയുള്ള യെഹൂദ വിപ്ലവത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വർഷങ്ങളിലേതായിരുന്നു. പൊ.യു. 66-നും 70-നുമിടയിലായിരുന്നു ആ വിപ്ലവം. പൊ.യു. 70-ൽ റോമാക്കാർ യെരൂശലേം നശിപ്പിക്കുന്നതുവരെ പ്രസ്‌തുത കുളം ഉപയോഗത്തിലിരുന്നുവെന്ന്‌ ആ നാണയങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ എന്ന പ്രസിദ്ധീകരണം ഇങ്ങനെ നിഗമനം ചെയ്യുന്നു: “അതുകൊണ്ട്‌ വിപ്ലവാവസാനംവരെ ആ കുളം ഉപയോഗത്തിലിരുന്നു. അതിനുശേഷം അത്‌ ഉപേക്ഷിക്കപ്പെട്ടു. പിന്നീട്‌, യെരൂശലേമിലെ ഏറ്റവും താഴ്‌ന്ന ഈ പ്രദേശത്ത്‌ ബൈസന്റൈൻ കാലഘട്ടംവരെയും ജനവാസമുണ്ടായിരുന്നില്ല. ശീതകാലമഴയിൽ താഴ്‌വരകളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം വർഷാവർഷം കുളത്തിൽ ഓരോ നിര മണ്ണു നിക്ഷേപിച്ചുകൊണ്ടിരുന്നു. റോമാക്കാർ നഗരം നശിപ്പിച്ചതിൽപ്പിന്നെ ആരും അതു ശുദ്ധിയാക്കിയതുമില്ല. നൂറ്റാണ്ടുകളുടെ നീരൊഴുക്കിൽ കുളം മൺമറഞ്ഞുപോയി. പുരാവസ്‌തുശാസ്‌ത്രജ്ഞർ മറനീക്കിയപ്പോൾ, ചില ഭാഗങ്ങളിലെല്ലാം അതു 3 മീറ്ററോളം മണ്ണിനടിയിലായിരുന്നു.”

ശിലോഹാംകുളത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിൽ ബൈബിൾ വിദ്യാർഥികൾക്ക്‌ ആത്മാർഥ താത്‌പര്യമുള്ളത്‌ എന്തുകൊണ്ടാണ്‌? യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ കൂടെക്കൂടെ പരാമർശിക്കുന്ന, ഒന്നാം നൂറ്റാണ്ടിലെ യെരൂശലേമിന്റെ ഭൂമിശാസ്‌ത്രം മെച്ചമായി പഠിക്കാൻ ഇത്‌ അവരെ സഹായിക്കുന്നു എന്നതാണ്‌ അതിനു കാരണം.

[7-ാം പേജിലെ ചിത്രം]

പുതുതായി കണ്ടെത്തിയ ശിലോഹാംകുളം

[കടപ്പാട്‌]

© 2003 BiblePlaces.com