വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുരന്തമുഖത്തും വിശ്വാസം കൈവിടാതെ

ദുരന്തമുഖത്തും വിശ്വാസം കൈവിടാതെ

ദുരന്തമുഖത്തും വിശ്വാസം കൈവിടാതെ

“നിങ്ങൾക്ക്‌ ഈ കത്തു കിട്ടിയതിന്റെ അർഥം ഞാൻ ശസ്‌ത്രക്രിയയെ അതിജീവിച്ചില്ലെന്നും മേലാൽ നിങ്ങളോടൊപ്പം ഇല്ലെന്നുമാണ്‌.”

കാർമെൻ എന്ന ക്രിസ്‌തീയ മാതാവ്‌ 25-ഉം 19-ഉം 16-ഉം വയസ്സുള്ള തന്റെ പെൺമക്കൾക്ക്‌ എഴുതിയ കത്തിന്റെ പ്രാരംഭവാക്കുകളായിരുന്നു അവ. ദുഃഖകരമെന്നു പറയട്ടെ, കാർമെന്റെ ജീവൻ രക്ഷിക്കാൻ ആ ശസ്‌ത്രക്രിയയ്‌ക്കായില്ല.

സ്വന്തം മക്കളെ, അതും മൂന്നു പെൺകുട്ടികളെ, കണ്ണീർക്കയത്തിലാക്കി മരണത്തിലേക്കു യാത്രയാകുന്നത്‌ ആർക്കാണു താങ്ങാനാവുക! യഹോവയിലും അവന്റെ വാഗ്‌ദാനങ്ങളിലുമുള്ള ആ അമ്മയുടെ വിശ്വാസത്തിന്‌ പക്ഷേ ദുരന്തമുഖത്തും മങ്ങലേറ്റില്ല. അത്‌ അവർക്കു മനഃസമാധാനം നൽകി എന്നതു ഹൃദയസ്‌പർശിയായ ആ കത്തിൽനിന്നു വ്യക്തമാണ്‌. ആ അമ്മ തന്റെ മക്കളോട്‌ എന്താണു പറഞ്ഞതെന്നു നമുക്കു നോക്കാം.

“മക്കളേ, ഞാൻ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നോ. . . . നിങ്ങളെപ്പോലുള്ള പെൺകുട്ടികളെ മക്കളായി കിട്ടാൻ ഏതൊരു അമ്മയും കൊതിക്കും. ഞാൻ നിങ്ങളെപ്രതി അഭിമാനംകൊള്ളുന്നു.

“ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയലോകം വരുന്നതുവരെ നിങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്നായിരുന്നു എന്റെ ആശ . . . , പക്ഷേ അതിനി നടക്കില്ലല്ലോ. അതുകൊണ്ട്‌ വിശ്വസ്‌തഗതിയിൽ തുടരാൻ നിങ്ങളെ സഹായിക്കണമേയെന്ന്‌ ഞാൻ യഹോവയോടു പ്രാർഥിച്ചിട്ടുണ്ട്‌. എത്രയോ പരിശോധനകൾ നാം ഒരുമിച്ചു സഹിച്ചിരിക്കുന്നു, ഒരിക്കൽപ്പോലും യഹോവ നമ്മെ കൈവിട്ടിട്ടുമില്ല. . . . തന്റെ സംഘടനയിലൂടെ അവൻ നൽകുന്ന മാർഗനിർദേശങ്ങളിൽ ആശ്രയിക്കുകയും സഭയെയും മേൽവിചാരകന്മാരെയും പിന്തുണയ്‌ക്കുകയും ചെയ്യുന്നതിൽ തുടരണം. പ്രസംഗവേലയിൽ കഴിവിന്റെ പരമാവധി ഏർപ്പെടുകയും എല്ലാ സഹോദരങ്ങളെയും സ്‌നേഹിക്കുകയും വേണം.

“ഇതു വെറും താത്‌കാലികമായ ഒരു വേർപാടാണ്‌. . . . എന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങൾക്കും നിങ്ങളെ മനസ്സിലാക്കാതിരിക്കുകയോ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നു പറയാതിരിക്കുയോ ചെയ്‌ത ഓരോ നിമിഷത്തിനും മമ്മി ക്ഷമചോദിക്കുന്നു. . . . നിങ്ങൾക്ക്‌ ഓരോരുത്തർക്കും നിങ്ങളുടേതായ ആവശ്യങ്ങളുണ്ടെന്ന്‌ മമ്മിക്കറിയാം. എന്നാൽ അത്‌ എന്തൊക്കെയാണെന്ന്‌ നിങ്ങളെക്കാളധികം യഹോവയ്‌ക്കറിയാം. അവൻ അതെല്ലാം നടത്തിത്തരും. നിങ്ങളുടെ സഹിഷ്‌ണുതയ്‌ക്ക്‌ അവൻ പ്രതിഫലം നൽകുകയും ചെയ്യും.

“പുതിയലോകത്തിലെ ജീവിതം എന്ന ലക്ഷ്യത്തിൽനിന്ന്‌ ഒരിക്കലും വ്യതിചലിക്കരുത്‌. അതിനു യോഗ്യരായി നിലകൊള്ളാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം. യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും അന്ത്യത്തോളം വിശ്വസ്‌തരായിരിക്കാൻ ശക്തീകരിക്കുകയും ചെയ്യട്ടെ. . . . എന്റെ പൊന്നുമക്കൾ വിഷമിക്കരുത്‌. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, ഒരുപാടൊരുപാട്‌!”

ദുരന്തങ്ങൾ ഏതു സമയത്തും ആരെയും വേട്ടയാടിയെന്നുവരാം. പുരാതനകാലത്തെ ശലോമോൻ രാജാവ്‌ എഴുതി: “അവരുടെമേലെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണു വന്നു ഭവിക്കുന്നത്‌.” (സഭാപ്രസംഗി 9:11, NW) ദൈവത്തിൽ ശക്തമായ വിശ്വാസമുള്ളവർക്ക്‌ അപ്പൊസ്‌തലനായ പൗലൊസിന്‌ ഉണ്ടായിരുന്ന അതേ ഉറപ്പ്‌ ഉണ്ടായിരിക്കാനാകും. അവൻ ഇങ്ങനെ പറഞ്ഞു: “മരണത്തിന്നോ ജീവന്നോ . . . മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.”—റോമർ 8:38, 39; എബ്രായർ 6:10.