വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ‘ദൈവവിഷയമായി സമ്പന്നനാണോ’?

നിങ്ങൾ ‘ദൈവവിഷയമായി സമ്പന്നനാണോ’?

നിങ്ങൾ ‘ദൈവവിഷയമായി സമ്പന്നനാണോ’?

“ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”—ലൂക്കൊസ്‌ 12:21.

1, 2. (എ) എന്തിനുവേണ്ടി ആളുകൾ വലിയ ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാകുന്നു? (ബി) ക്രിസ്‌ത്യാനികൾ ഏതൊക്കെ വെല്ലുവിളികളും അപകടങ്ങളും നേരിടേണ്ടിവരുന്നു?

സമ്പത്തിനുവേണ്ടിയുള്ള മനുഷ്യന്റെ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും കഥകൾ ചരിത്രത്തിന്റെ ഏടുകളിലെങ്ങും കാണാനാകും. ഉദാഹരണത്തിന്‌ 19-ാം നൂറ്റാണ്ടിൽ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, കാനഡ, ഐക്യനാടുകൾ എന്നിവിടങ്ങളിൽ സ്വർണനിക്ഷേപങ്ങൾ കണ്ടെത്തിയതിനെത്തുടർന്നു വിദൂര ദേശങ്ങളിൽനിന്നുപോലും ആളുകൾ വീടും വീട്ടുകാരെയുമൊക്കെ ഉപേക്ഷിച്ചു നിധിതേടി ആ രാജ്യങ്ങളിലേക്കു പ്രവഹിച്ചിട്ടുണ്ട്‌, ആ അപരിചിത നാടുകളിൽ അവരെ കാത്തിരുന്നത്‌ പ്രതികൂല സാഹചര്യങ്ങൾ ആയിരുന്നിട്ടുകൂടി. അതേ ഒട്ടുമിക്ക ആളുകളും ധനസമ്പാദനത്തിനായി വലിയ കഷ്ടനഷ്ടങ്ങൾ സഹിക്കാൻ തയ്യാറാണ്‌.

2 ഇന്നു മിക്ക ആളുകളും അക്ഷരാർഥത്തിൽ നിധിതേടിയൊന്നും പോകുന്നില്ലെങ്കിലും ജീവിക്കാൻവേണ്ടി അവർക്ക്‌ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. ഇന്നത്തെ ഈ വ്യവസ്ഥിതിയിൽ ഇത്‌ അങ്ങേയറ്റം ക്ഷീണിപ്പിക്കുന്നതും ക്ലേശപൂർണവുമാണ്‌. പ്രാധാന്യമേറിയ കാര്യങ്ങൾ അവഗണിക്കുകയോ ചിന്തയിൽപ്പോലും ഇല്ലാതാവുകയോ ചെയ്യുന്ന അളവോളം അനുദിന ആവശ്യങ്ങൾക്കായുള്ള നെട്ടോട്ടത്തിൽ ആളുകൾ മുഴുകിപ്പോയേക്കാം. (റോമർ 14:17) മനുഷ്യസഹജമായ ഈ സ്വഭാവം ശരിക്കും എടുത്തുകാണിക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറയുകയുണ്ടായി. ലൂക്കൊസ്‌ 12:16-21 വരെയുള്ള ഭാഗങ്ങളിൽ നമുക്കതു കാണാനാകും.

3. ലൂക്കൊസ്‌ 12:16-21-ലെ ദൃഷ്ടാന്തകഥ ചുരുക്കിപ്പറയുക?

3 അത്യാഗ്രഹത്തിനെതിരെ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പു നൽകിയ ഉടൻതന്നെയാണു യേശു ഈ ദൃഷ്ടാന്തകഥയും പറഞ്ഞത്‌. ആ മുന്നറിയിപ്പിനെക്കുറിച്ചു കഴിഞ്ഞ ലേഖനത്തിൽ അൽപ്പം വിശദമായി നാം പരിശോധിക്കുകയുണ്ടായി. ഇനി നമുക്കു യേശു പറഞ്ഞ ദൃഷ്ടാന്തത്തിലേക്കു വരാം: ധനവാനായ ഒരു മനുഷ്യന്റെ കളപ്പുരകളെല്ലാം വിളവും വസ്‌തുവകകളുംകൊണ്ടു നിറഞ്ഞിരിക്കുകയാണ്‌. എന്നാൽ അയാൾ അതുകൊണ്ടു തൃപ്‌തനാകുന്നില്ല. ഇനിയും കൂടുതൽ വസ്‌തുവകകൾ സൂക്ഷിക്കുന്നതിനുവേണ്ടി കളപ്പുരകൾ പൊളിച്ചു വലുതാക്കണമെന്നും അതിനുശേഷം സ്വസ്ഥമായിരുന്നു ജീവിതം ആസ്വദിക്കണമെന്നും അയാൾ ചിന്തിക്കുന്നു. എന്നാൽ ദൈവം അയാളോടു ചോദിക്കുന്നു: ‘നിന്റെ ജീവിതം അവസാനിക്കാൻ പോകുകയാണ്‌, പിന്നെ നീ ഈ കൂട്ടിവെച്ചിരിക്കുന്നതൊക്കെ ആർക്കാകും?’ യേശു ആ ദൃഷ്ടാന്തം ഇങ്ങനെ ഉപസംഹരിച്ചു: “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.” (ലൂക്കൊസ്‌ 12:21) ഈ ദൃഷ്ടാന്തകഥയിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും? നമ്മുടെ ജീവിതത്തിൽ അതെങ്ങനെ ബാധകമാക്കാം?

കുഴപ്പിക്കുന്ന ഒരു പ്രശ്‌നം

4. യേശുവിന്റെ ഉപമയിലെ മനുഷ്യനെക്കുറിച്ചു നമുക്ക്‌ എന്തു പറയാനാകും?

4 യേശു പറഞ്ഞ ആ ദൃഷ്ടാന്തം പല ദേശത്തും ചിരപരിചിതമായ ഒന്നാണ്‌. “ധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു” എന്നു പറഞ്ഞുകൊണ്ടാണു യേശു തന്റെ ഉപമ തുടങ്ങിയത്‌. ഇതു ശ്രദ്ധേയമായ ഒരു കാര്യമാണ്‌. ഏതെങ്കിലും കുടിലമോ നിയമവിരുദ്ധമോ ആയ മാർഗത്തിലൂടെയാണ്‌ ആ മനുഷ്യൻ ധനവാനായത്‌ എന്നു യേശു ഇവിടെ പറഞ്ഞില്ല. മറ്റുവാക്കുകളിൽ പറഞ്ഞാൽ ഒരു ചീത്ത മനുഷ്യനായിട്ട്‌ യേശു അയാളെ ചിത്രീകരിച്ചില്ല. ഇതിൽനിന്ന്‌ ആ മനുഷ്യൻ ഒരു കഠിനാധ്വാനി ആയിരുന്നുവെന്നു ന്യായമായും ചിന്തിക്കാം; ചുരുങ്ങിയപക്ഷം, അയാൾ തന്റെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കുകയും സമ്പത്ത്‌ കരുതിവെക്കുകയും ചെയ്‌തു. അതുകൊണ്ട്‌ ലൗകിക വീക്ഷണത്തിൽ അയാൾ തന്റെ ഉത്തരവാദിത്വങ്ങൾ നന്നായി നിറവേറ്റുന്ന അധ്വാനശീലനായ ഒരു മനുഷ്യനായിരുന്നു.

5. യേശുവിന്റെ ഉപമയിലെ മനുഷ്യൻ ഏതു പ്രശ്‌നം അഭിമുഖീകരിച്ചു?

5 എന്തുതന്നെയായാലും ഉപമയിലെ ആ മനുഷ്യനെ ധനികനായിട്ടാണ്‌ യേശു ചിത്രീകരിച്ചത്‌, അതായത്‌ ധാരാളം ഭൗതിക വസ്‌തുക്കൾ കൈവശമുള്ള ഒരാളായിട്ട്‌. എന്നാൽ ആ ധനവാൻ ഒരു പ്രശ്‌നം അഭിമുഖീകരിച്ചതായി യേശു പറഞ്ഞു. അയാളുടെ നിലം പ്രതീക്ഷിച്ചതിനെക്കാൾ വിളവ്‌ ഉത്‌പാദിപ്പിച്ചു; കണക്കിലധികമുള്ള ആ വിളവ്‌ ശേഖരിച്ചുവെക്കാൻ സ്ഥലം പോരാതെയായി. അയാൾ എന്തു ചെയ്യണമായിരുന്നു?

6. ദൈവദാസരിൽ പലരും ഇന്ന്‌ ഏതു തിരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കുന്നു?

6 ധനവാനായ ആ മനുഷ്യൻ അഭിമുഖീകരിച്ചതിനു സമാനമായ പ്രശ്‌നങ്ങൾ ഇന്നു യഹോവയുടെ ദാസരിൽ പലരും അഭിമുഖീകരിക്കുന്നുണ്ട്‌. സത്യക്രിസ്‌ത്യാനികൾ കഠിനാധ്വാനികളും ആത്മാർഥതയുള്ളവരും സത്യസന്ധരും ആയിരിക്കാൻ അങ്ങേയറ്റം ശ്രമിക്കുന്നു. (കൊലൊസ്സ്യർ 3:22, 23) ജോലിക്കാരായാലും സ്വന്തം ബിസിനസ്സ്‌ ചെയ്യുന്നവരായാലും പലപ്പോഴും തങ്ങൾ ചെയ്യുന്നതിൽ അവർ വിജയിക്കുന്നു. ജോലിക്കയറ്റത്തിനായി പരിഗണിക്കപ്പെടുമ്പോഴോ മെച്ചപ്പെട്ട ബിസിനസ്സ്‌ അവസരങ്ങൾ തുറന്നുകിട്ടുമ്പോഴോ അവർക്ക്‌ ഒരു തീരുമാനം എടുക്കേണ്ടതായിവരുന്നു: കിട്ടിയ അവസരങ്ങൾ പാഴാക്കാതെ കൂടുതൽ പണമുണ്ടാക്കണമോ വേണ്ടയോ? അതുപോലെ സാക്ഷികളായ പല കുട്ടികളും പഠിക്കാൻ സമർഥരാണ്‌. അതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസത്തിനായി അവർക്കു പ്രശസ്‌ത സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചേക്കാം. എന്നാൽ അനേകരും ചെയ്യുന്നതുപോലെ അവർ അതിന്റെ പിന്നാലേ പോകണമോ?

7. യേശുവിന്റെ ഉപമയിലെ മനുഷ്യൻ തന്റെ പ്രശ്‌നം പരിഹരിച്ചതെങ്ങനെ?

7 ഇനി, യേശുവിന്റെ ഉപമയിലേക്കു നമുക്കു മടങ്ങിവരാം. ഭൂമി നന്നായി വിളയുകയും അതൊക്കെ ശേഖരിച്ചുവെക്കാൻ സ്ഥലം പോരാതെ വരികയും ചെയ്‌തപ്പോൾ ധനവാനായ ആ മനുഷ്യൻ എന്താണു ചെയ്‌തത്‌? കളപ്പുരകൾ പൊളിച്ചു അധികം വലിയവ പണിതു വിളവും വസ്‌തുവകയും എല്ലാം അതിൽ കൂട്ടിവെക്കാൻ തീരുമാനിച്ചു. ആ കണക്കുകൂട്ടൽ അയാൾക്ക്‌ സംതൃപ്‌തിയും സുരക്ഷിതത്ത്വബോധവും പ്രദാനം ചെയ്‌തിരിക്കാം. അതുകൊണ്ട്‌ അയാൾ ഇങ്ങനെ ചിന്തിച്ചു: “എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്‌തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും.”—ലൂക്കൊസ്‌ 12:19.

‘മൂഢൻ’ എന്നു വിളിച്ചത്‌ എന്തുകൊണ്ട്‌?

8. ധനവാനായ മനുഷ്യൻ ഏതു പ്രധാനപ്പെട്ട ഘടകമാണു കണക്കിലെടുക്കാതെപോയത്‌?

8 യേശു പറഞ്ഞതിൽനിന്നും ധനവാനായ മനുഷ്യന്റെ കണക്കുകൂട്ടലുകളെല്ലാം മിഥ്യയായ സുരക്ഷിതത്ത്വബോധമേ അയാൾക്കു നൽകിയുള്ളുവെന്നു നമുക്കു മനസ്സിലാക്കാം. ആ പദ്ധതി വളരെ പ്രായോഗികമെന്നു തോന്നിയിരിക്കാമെങ്കിലും അതു തയ്യാറാക്കിയപ്പോൾ അയാൾ ഒരു പ്രധാനപ്പെട്ട ഘടകം—ദൈവേഷ്ടം—കണക്കിലെടുത്തില്ല. ആശ്വസിച്ച്‌, തിന്നുകുടിച്ച്‌ ആനന്ദിക്കണം എന്നിങ്ങനെ തന്നെക്കുറിച്ചു മാത്രമേ ആ മനുഷ്യൻ ചിന്തിച്ചുള്ളൂ. ‘അനവധി വസ്‌തുവകകൾ’ ഉള്ളതിനാൽ തനിക്ക്‌ “ഏറിയ ആണ്ടുകൾ” ജീവിച്ചിരിക്കാനാകുമെന്ന്‌ അയാൾ കരുതി. പക്ഷേ, അയാൾ വിചാരിച്ചതുപോലൊന്നും കാര്യങ്ങൾ നടന്നില്ല. ഇത്‌, “ഒരുവനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകകളല്ല അവന്റെ ജീവന്‌ ആധാരമായിരിക്കുന്നത്‌” എന്നു യേശു പറഞ്ഞതിനു ചേർച്ചയിലാണ്‌. (ലൂക്കൊസ്‌ 12:15) ആ രാത്രിയിൽ, ദൈവം അയാളോട്‌: ‘മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞപ്പോൾ’ അയാളുടെ കഠിനാധ്വാനമെല്ലാം വൃഥാവായി.—ലൂക്കൊസ്‌ 12:20.

9. ഉപമയിലെ മനുഷ്യനെ മൂഢൻ എന്നു വിളിക്കാൻ കാരണമെന്താണ്‌?

9 യേശുവിന്റെ ഉപമയിലെ മുഖ്യ ആശയത്തിലേക്ക്‌ നമുക്കിനി കടക്കാം. ദൈവം ആ മനുഷ്യനെ “മൂഢാ” എന്നു വിളിച്ചു. പുതിയനിയമ വിശദീകരണ നിഘണ്ടു (ഇംഗ്ലീഷ്‌) പറയുന്ന പ്രകാരം, മൂഢൻ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ വിവിധ രൂപങ്ങൾ ‘എല്ലായ്‌പോഴും വിവേകശൂന്യതയെ കുറിക്കുന്നു.’ ഈ ഉപമയിൽ, “ധനികരുടെ ഭാവി പദ്ധതികളുടെ അർഥമില്ലായ്‌മയെ” തുറന്നുകാണിക്കുന്നതിനാണ്‌ ഈ പദം ഉപയോഗിച്ചിരിക്കുന്നതെന്ന്‌ നിഘണ്ടു പ്രസ്‌താവിക്കുന്നു. ഈ പദം ബുദ്ധിയില്ലാത്ത ഒരാളെയല്ല മറിച്ച്‌ “ദൈവാശ്രയത്തിന്റെ പ്രാധാന്യം അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഒരാളെയാണ്‌” കുറിക്കുന്നത്‌. ധനവാനായ ആ മനുഷ്യനെക്കുറിച്ചുള്ള യേശുവിന്റെ വിവരണം, ഒന്നാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലുണ്ടായിരുന്ന ലവൊദിക്യ സഭയിലെ ക്രിസ്‌ത്യാനികളോടു പിന്നീടവൻ പറഞ്ഞത്‌ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “ഞാൻ ധനവാനാണ്‌, എനിക്ക്‌ സമ്പത്തുണ്ട്‌, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാൽ, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനും ആണെന്ന്‌ നീ അറിയുന്നില്ല.”—വെളിപ്പാടു 3:17, പി.ഒ.സി. ബൈബിൾ.

10. ‘അനവധി വസ്‌തുവകകൾ’ ഉണ്ടായിരിക്കുന്നത്‌ “ഏറിയ ആണ്ടുകൾ” ജീവിക്കുമെന്നതിന്‌ യാതൊരു ഉറപ്പും നൽകുന്നില്ലാത്തത്‌ എന്തുകൊണ്ട്‌?

10 ഈ ദൃഷ്ടാന്തകഥ നൽകുന്ന പാഠം നാം മനസ്സിൽപ്പിടിക്കേണ്ടതല്ലേ? ദൃഷ്ടാന്തകഥയിലെ മനുഷ്യനെപ്പോലെയാണോ നാം? ‘അനവധി വസ്‌തുവകകൾ’ ഉണ്ടാക്കാൻ കഠിനാധ്വാനം ചെയ്യുകയും അതേസമയം “ഏറിയ ആണ്ടുകൾ” ജീവിക്കാൻ ആവശ്യമായതൊന്നും ചെയ്യാതിരിക്കുകയുമാണോ? (യോഹന്നാൻ 3:16; 17:3) “ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല,” എന്നും “തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും” എന്നും ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 11:4, 28) അതുകൊണ്ട്‌ പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ യേശു ആ ദൃഷ്ടാന്തകഥ ഉപസംഹരിച്ചു: “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”—ലൂക്കൊസ്‌ 12:21.

11. ഒരുവൻ തന്റെ പ്രത്യാശയും സുരക്ഷിതത്വവും ഭൗതിക സമ്പത്തിൽ അടിസ്ഥാനപ്പെടുത്തുന്നതു നിരർഥകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 “തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു” എന്നു യേശു പറഞ്ഞപ്പോൾ, ഭൗതിക സമ്പത്തിൽ മാത്രം അടിസ്ഥാനമിട്ട്‌ ജീവിതം—അവരുടെ പ്രത്യാശയും സുരക്ഷിതത്ത്വവും—കെട്ടിപ്പടുക്കുന്നവരുടെ കാര്യം, ദൃഷ്ടാന്തത്തിലെ ധനവാന്റേതുപോലെ ആയിത്തീരും എന്ന്‌ അവൻ ചൂണ്ടിക്കാണിക്കുകയായിരുന്നു. ‘തനിക്കു തന്നേ നിക്ഷേപിക്കുന്നതിൽ’ അല്ല പിന്നെയോ ‘ദൈവവിഷയമായി സമ്പന്നനാകാൻ’ പരാജയപ്പെടുന്നതിലാണു തെറ്റ്‌. ശിഷ്യനായ യാക്കോബ്‌ സമാനമായ ഒരു മുന്നറിയിപ്പു മുഴക്കി: “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്‌തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ: നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു . . . കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്‌.” (യാക്കോബ്‌ 4:13-15) ഒരാൾ എത്രതന്നെ ധനവാനാണെങ്കിലും അയാൾക്ക്‌ എത്രമാത്രം വസ്‌തുവകകളുണ്ടെങ്കിലും അയാൾ ദൈവവിഷയമായി സമ്പന്നനല്ലെങ്കിൽ അതെല്ലാം വ്യർഥമാണ്‌. അപ്പോൾപ്പിന്നെ ദൈവവിഷയമായി സമ്പന്നനാകുക എന്നതിന്റെ അർഥമെന്ത്‌?

ദൈവവിഷയമായി സമ്പന്നരാകാൻ . . .

12. എന്തു ചെയ്‌താൽ നാം ദൈവവിഷയമായി സമ്പന്നരാകും?

12 യേശുവിന്റെ പ്രസ്‌താവനയിൽ, ദൈവവിഷയമായി സമ്പന്നനാകുന്നവനെ തനിക്കുവേണ്ടി തന്നേ നിക്ഷേപം സ്വരൂപിക്കുന്നവനുമായി വിപരീത താരതമ്യം ചെയ്‌തിരിക്കുകയാണ്‌. അതുവഴി, സമ്പത്തു വാരിക്കൂട്ടുന്നതോ അതു വെച്ചുനീട്ടുന്ന സുഖങ്ങൾ ആസ്വദിക്കുന്നതോ ആയിരിക്കരുത്‌ ജീവിതത്തിലെ മുഖ്യകാര്യമെന്നു പറയുകയായിരുന്നു അവൻ. മറിച്ച്‌, യഹോവയുമായുള്ള നമ്മുടെ ബന്ധം മെച്ചപ്പെടുത്താൻ അഥവാ ശക്തിപ്പെടുത്താൻ ഉതകുന്നവിധത്തിൽ നാം നമ്മുടെ ആസ്‌തികൾ വിനിയോഗിക്കണം. അങ്ങനെ ചെയ്യുന്നത്‌ ദൈവവിഷയമായി നമ്മെ സമ്പന്നരാക്കും. എന്തുകൊണ്ട്‌? കാരണം അത്‌ ദൈവത്തിൽനിന്നുള്ള നിരവധി അനുഗ്രഹങ്ങൾക്കു വഴിയൊരുക്കും. ബൈബിൾ പറയുന്നു: “യഹോവയുടെ അനുഗ്രഹം​—⁠അതാണു സമ്പത്തുണ്ടാക്കുന്നത്‌, അവൻ അതിനോടു വേദന കൂട്ടുന്നില്ല.”—സദൃശവാക്യങ്ങൾ 10:22, NW.

13. യഹോവയുടെ അനുഗ്രഹം ‘സമ്പത്തുണ്ടാക്കുന്നു’ എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

13 യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നത്‌ എല്ലായ്‌പോഴും ഏറ്റവും നല്ലതു നൽകിക്കൊണ്ടാണ്‌. (യാക്കോബ്‌ 1:17) ഉദാഹരണത്തിന്‌, യഹോവ ഇസ്രായേല്യർക്ക്‌ ഒരു ദേശം കൊടുത്തപ്പോൾ, അത്‌ ‘പാലും തേനും ഒഴുകുന്ന ഒരു ദേശമായിരുന്നു.’ ഈജിപ്‌തിനെയും അങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, യഹോവ ഇസ്രായേല്യർക്കു കൊടുത്ത ദേശത്തിനു പ്രധാനപ്പെട്ട ഒരു വ്യത്യാസമെങ്കിലും ഉണ്ടായിരുന്നു. മോശെ ഇസ്രായേല്യരോടു പറഞ്ഞു: ‘അതു നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്ന ദേശമാകുന്നു.’ മറ്റുവാക്കുകളിൽ പറഞ്ഞാൽ, യഹോവ അവരെ പരിപാലിക്കുന്നതിനാൽ അവർ അഭിവൃദ്ധി പ്രാപിക്കുമായിരുന്നു. ഇസ്രായേല്യർ യഹോവയോടു വിശ്വസ്‌തരായിരുന്നിടത്തോളം കാലം അവൻ അവരെ സമൃദ്ധമായി അനുഗ്രഹിച്ചു; ചുറ്റിനും പാർത്തിരുന്ന ജനതകളെക്കാൾ എന്തുകൊണ്ടും ശ്രേഷ്‌ഠമായ ഒരു ജീവിതം അവർ നയിക്കുകയും ചെയ്‌തു. അതേ യഹോവയുടെ അനുഗ്രഹമാണു ‘സമ്പത്തുണ്ടാക്കുന്നത്‌.’—സംഖ്യാപുസ്‌തകം 16:13; ആവർത്തനപുസ്‌തകം 4:5-8; 11:8-15.

14. ദൈവവിഷയമായി സമ്പന്നരായവർ എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു?

14 ‘ദൈവവിഷയമായി സമ്പന്നനാകുക’ എന്ന പ്രയോഗം “ദൈവസന്നിധിയിൽ സമ്പന്നനാകുക,” (പി.ഒ.സി.) “ദൈവദൃഷ്ടിയിൽ സമ്പന്നനാകുക” (ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാന്തരം) എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. സാധാരണഗതിയിൽ, മറ്റുള്ളവരുടെ ദൃഷ്ടിയിൽ തങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിൽ ഉത്‌കണ്‌ഠയുള്ളവരാണ്‌ സമ്പന്നർ. ഇതു മിക്കപ്പോഴും അവരുടെ ജീവിത രീതിയിൽ പ്രതിഫലിക്കുകയും ചെയ്യും. “ജീവനത്തിന്റെ പ്രതാപം” കാണിച്ച്‌ മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ അവർ ശ്രമിക്കുന്നു. (1 യോഹന്നാൻ 2:16) ഇതിനു വിപരീതമായി ദൈവവിഷയമായി സമ്പന്നരായവർ ദൈവത്തിന്റെ അംഗീകാരവും പ്രീതിയും അനർഹദയയും അതുപോലെ അവനുമായുള്ള ഒരു ഊഷ്‌മള വ്യക്തിബന്ധവും ആസ്വദിക്കുന്നു. അത്‌ അവർക്കു നൽകുന്നതാകട്ടെ, ഏതൊരു ഭൗതിക സമ്പത്തിനും പ്രദാനം ചെയ്യാനാവാത്തത്ര സന്തോഷവും സുരക്ഷിതത്ത്വവും. (യെശയ്യാവു 40:11) ഇപ്പോൾ അവശേഷിക്കുന്ന ചോദ്യമിതാണ്‌: ദൈവദൃഷ്ടിയിൽ സമ്പന്നരാകാൻ നാം എന്തു ചെയ്യണം?

ദൈവദൃഷ്ടിയിൽ സമ്പന്നർ

15. ദൈവവിഷയമായി സമ്പന്നരാകുന്നതിനു നാം എന്തു ചെയ്യണം?

15 യേശുവിന്റെ ദൃഷ്ടാന്തകഥയിലെ മനുഷ്യൻ പദ്ധതി ആവിഷ്‌കരിച്ചതും കഠിനാധ്വാനം ചെയ്‌തതും തനിക്കായി സമ്പത്തു കുന്നുകൂട്ടുക എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ്‌. അതുകൊണ്ടുതന്നെ അയാളെ മൂഢൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ ദൈവവിഷയമായി സമ്പന്നരാകുന്നതിന്‌, നാം ദൈവദൃഷ്ടിയിൽ വിലപ്പെട്ടതും മൂല്യമുള്ളതുമായ കാര്യങ്ങളിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്‌. “നിങ്ങൾ പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന അനുസരിക്കുന്നതും ഇവയിൽ ഉൾപ്പെടുന്നു. (മത്തായി 28:19, 20) നമ്മുടെ സമയവും ഊർജവും പ്രാപ്‌തികളും സ്വന്തം ഉന്നമനത്തിനുവേണ്ടിയല്ലാതെ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയ്‌ക്കായി വിനിയോഗിക്കുന്നത്‌ ഒരിക്കലും ഒരു നഷ്ടമല്ല. അങ്ങനെ ചെയ്‌തിട്ടുള്ളവർ ആത്മീയമായി വൻനേട്ടം കൊയ്‌തിരിക്കുന്നു. അതാണ്‌ പിൻവരുന്ന അനുഭവങ്ങൾ കാണിക്കുന്നത്‌.—സദൃശവാക്യങ്ങൾ 19:17.

16, 17. ദൈവദൃഷ്ടിയിൽ സമ്പന്നരാകാനുള്ള മാർഗം ഏതാണെന്നു കാണിക്കുന്ന അനുഭവങ്ങൾ നിങ്ങൾക്കു പറയാമോ?

16 ഏഷ്യയിലെ ഒരു ക്രിസ്‌ത്യാനിയുടെ കാര്യമെടുക്കുക. ഉയർന്ന ശമ്പളം കൈപ്പറ്റിയിരുന്ന ഒരു കമ്പ്യൂട്ടർ ടെക്‌നീഷ്യനായിരുന്നു അദ്ദേഹം. എന്നിരുന്നാലും ആ ജോലി അദ്ദേഹത്തിന്റെ സമയത്തിന്റെ സിംഹഭാഗവും കവർന്നെടുത്തു. മാത്രമല്ല ആത്മീയമായി തനിക്കു പലതും നഷ്ടപ്പെടുകയാണെന്ന തോന്നലും അദ്ദേഹത്തെ അലട്ടി. ഒടുവിൽ അദ്ദേഹം ജോലി ഉപേക്ഷിച്ചു, ജോലിക്കയറ്റത്തിനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടുകൂടി. തുടർന്ന്‌ അദ്ദേഹം ഉപജീവനത്തിനായി ഐസ്‌ക്രീം ഉണ്ടാക്കി തെരുവിൽ കൊണ്ടുചെന്നു വിൽക്കാൻ ആരംഭിച്ചു. അങ്ങനെ അദ്ദേഹത്തിന്‌ തന്റെ ആത്മീയ ആവശ്യങ്ങളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിനുള്ള സമയം കണ്ടെത്താനായി. മുൻസഹപ്രവർത്തകർ അദ്ദേഹത്തെ പരിഹസിച്ചെങ്കിലും ഒടുവിൽ എന്താണു സംഭവിച്ചത്‌? “കമ്പ്യൂട്ടർ ടെക്‌നീഷ്യനായി ജോലി ചെയ്‌തിരുന്ന കാലത്തേക്കാൾ കൂടുതൽ വരുമാനം എനിക്കു കിട്ടിത്തുടങ്ങി” അദ്ദേഹം പറഞ്ഞു. “മുമ്പ്‌ അനുഭവപ്പെട്ടിരുന്ന സമ്മർദമോ ഉത്‌കണ്‌ഠയോ എനിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ വളരെ സന്തോഷവാനായിരുന്നു. സർവോപരി, യഹോവയോട്‌ എനിക്കു കൂടുതൽ അടുപ്പം തോന്നുകയും ചെയ്‌തു.” ജീവിതത്തിൽ വരുത്തിയ ഈ മാറ്റം മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാൻ അദ്ദേഹത്തെ സഹായിച്ചു, ഇപ്പോൾ അദ്ദേഹം തന്റെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നു. അതേ, “യഹോവയുടെ അനുഗ്രഹം​—⁠അതാണു സമ്പത്തുണ്ടാക്കുന്നത്‌.”

17 അടുത്ത അനുഭവം ഒരു ക്രിസ്‌തീയ വനിതയുടേതാണ്‌. വിദ്യാഭ്യാസത്തിനു വളരെയധികം വിലകൽപ്പിച്ചിരുന്ന ഒരു കുടുംബമായിരുന്നു അവരുടേത്‌. ഫ്രാൻസ്‌, മെക്‌സിക്കോ, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിലെ സർവകലാശാലകളിൽ പഠനം നടത്തിയ അവർക്ക്‌ ഉന്നത പദവികളിൽ എത്തിച്ചേരാൻ സാധ്യതകളുള്ള ഒരു ജോലി ലഭിച്ചു. “എന്റെ ജോലിയിൽ ഞാൻ നന്നായി തിളങ്ങി, ആദരവും പ്രത്യേക പരിഗണനയും എനിക്കു ലഭിച്ചു.” അവർ പറഞ്ഞു. “എന്നാൽ ഉള്ളിന്റെയുള്ളിൽ എനിക്കു വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു, ഞാൻ തീർത്തും അസംതൃപ്‌തയായിരുന്നു.” അപ്പോഴാണ്‌ അവർ യഹോവയെക്കുറിച്ചു പഠിക്കുന്നത്‌. അവർ പറഞ്ഞു: “ഞാൻ ആത്മീയമായി പുരോഗമിക്കവേ, യഹോവയെ പ്രസാദിപ്പിക്കാനും അവൻ എനിക്കു നൽകിയിട്ടുള്ളതിൽനിന്നും അൽപ്പമെങ്കിലും തിരികെ കൊടുക്കാനുമുള്ള എന്റെ ആഗ്രഹം ഒരു മുഴുസമയ ശുശ്രൂഷകയാകാൻ എന്നെ പ്രചോദിപ്പിച്ചു.” അവർ ജോലി രാജിവെച്ചു, താമസംവിനാ സ്‌നാപനമേൽക്കുകയും ചെയ്‌തു. കഴിഞ്ഞ 20 വർഷമായി, ഒരു മുഴുസമയ ശുശ്രൂഷകയായി അവർ സന്തോഷത്തോടെ സേവിക്കുന്നു. “ഞാൻ എന്റെ കഴിവുകളൊക്കെ പാഴാക്കിക്കളഞ്ഞതായി ചിലർ ചിന്തിക്കുന്നു. എന്നാൽ ഞാൻ സന്തോഷവതിയാണെന്നു മനസ്സിലാക്കുന്ന അവർ ഞാൻ മുറുകെപ്പിടിക്കുന്ന തത്ത്വങ്ങളെ മതിപ്പോടെ വീക്ഷിക്കുന്നു. യഹോവയുടെ അംഗീകാരം ലഭിക്കാൻ തക്കവണ്ണം താഴ്‌മയുള്ളവളായിരിക്കാൻ എന്നെ സഹായിക്കണമേയെന്ന്‌ എല്ലാ ദിവസവും ഞാൻ പ്രാർഥിക്കാറുണ്ട്‌,” അവർ പറയുന്നു.

18. പൗലൊസിനെപ്പോലെ നമുക്കും ദൈവവിഷയമായി എങ്ങനെ സമ്പന്നരാകാം?

18 അപ്പൊസ്‌തലനായ പൗലൊസ്‌ എന്ന പേരിൽ പ്രശസ്‌തനായിത്തീർന്ന ശൗലിന്‌ ലൗകികമായി മുന്നേറുന്നതിനുള്ള അവസരമുണ്ടായിരുന്നു. എന്നിരുന്നാലും പിന്നീടവൻ എഴുതി: “എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും . . . എന്റെ കർത്താവായ ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്‌ഠതനിമിത്തം ഞാൻ ഇപ്പോഴും ചേതം എന്നു എണ്ണുന്നു.” (ഫിലിപ്പിയർ 3:7, 8) പൗലൊസിനെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിനു നൽകാൻ കഴിയുന്ന എന്തിനെക്കാളും ശ്രേഷ്‌ഠതയുള്ളതായിരുന്നു ക്രിസ്‌തുയേശുവിലൂടെ നേടിയ ആത്മീയ സമ്പത്ത്‌. സമാനമായി സ്വാർഥമായ ലക്ഷ്യങ്ങൾ ഉപേക്ഷിച്ചുകൊണ്ട്‌ ദൈവത്തിനു സമർപ്പിതമായ ഒരു ജീവിതം നയിക്കുകവഴി നമുക്കും ദൈവദൃഷ്ടിയിൽ സമ്പന്നമായ ഒരു ജീവിതം ആസ്വദിക്കാനാകും. ദൈവവചനം നമുക്ക്‌ ഉറപ്പുനൽകുന്നു: “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.”—സദൃശവാക്യങ്ങൾ 22:4.

നിങ്ങൾക്കു വിശദീകരിക്കാമോ?

• യേശുവിന്റെ ദൃഷ്ടാന്തത്തിലെ ധനവാനായ മനുഷ്യൻ അഭിമുഖീകരിച്ച പ്രശ്‌നം എന്തായിരുന്നു?

• ഉപമയിലെ ആ മനുഷ്യനെ മൂഢൻ എന്നു വിളിച്ചതിന്റെ കാരണമെന്ത്‌?

• ദൈവവിഷയമായി സമ്പന്നരാകുക എന്നതിന്റെ അർഥമെന്ത്‌?

• ദൈവവിഷയമായി നമുക്ക്‌ എങ്ങനെ സമ്പന്നരാകാം?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

ധനവാനായ മനുഷ്യനെ മൂഢൻ എന്നു വിളിച്ചത്‌ എന്തുകൊണ്ട്‌?

[27-ാം പേജിലെ ചിത്രം]

ഭൗതിക ഉന്നമനത്തിനായുള്ള അവസരം ഒരു പരിശോധന ആയേക്കാവുന്നത്‌ എങ്ങനെ?

[28, 29 പേജുകളിലെ ചിത്രം]

“യഹോവയുടെ അനുഗ്രഹം​—⁠അതാണു സമ്പത്തുണ്ടാക്കുന്നത്‌”