യഥാർഥ ആത്മീയത അത് എങ്ങനെ കണ്ടെത്താം?
യഥാർഥ ആത്മീയത അത് എങ്ങനെ കണ്ടെത്താം?
“ജഡത്തിൽ മനസ്സുവച്ചാൽ മരണമാണ്; ആത്മാവിൽ മനസ്സുവെച്ചാലോ ജീവനും സമാധാനവുമാണ്” എന്ന് അപ്പൊസ്‌തലനായ പൗലൊസ് എഴുതി. (റോമർ 8:6, ഓശാന ബൈബിൾ) ആത്മീയമനസ്‌കനായിരിക്കുക എന്നത് ഇഷ്ടാനുസരണം തീരുമാനിക്കേണ്ട ഒരു നിസ്സാര കാര്യമല്ലെന്നാണ് ആ വാക്കുകളിലൂടെ പൗലൊസ് ചൂണ്ടിക്കാണിച്ചത്. വാസ്‌തവത്തിൽ ജീവത്‌പ്രധാനമായ ഒന്നാണത്. എന്നാൽ ഒരു ആത്മീയവ്യക്തിക്ക് ഏതർഥത്തിലാണ് “ജീവനും സമാധാനവും” ലഭിക്കുന്നത്? ബൈബിൾ പറയുന്നതനുസരിച്ച് അത്തരമൊരു വ്യക്തി ഇപ്പോൾത്തന്നെ ദൈവവുമായുള്ള സമാധാനബന്ധവും ആന്തരിക സമാധാനവും ആസ്വദിക്കുന്നതോടൊപ്പം ഭാവിയിൽ നിത്യജീവനെന്ന അനുഗ്രഹവും പ്രാപിക്കും. (റോമർ 6:23; ഫിലിപ്പിയർ 4:7) “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു” എന്ന് യേശു പറഞ്ഞതിൽ യാതൊരു അതിശയവുമില്ല.—മത്തായി 5:3, NW.
നിങ്ങൾ ഈ മാസിക വായിക്കുന്നു എന്നതുതന്നെ കാണിക്കുന്നത് നിങ്ങൾ ആത്മീയതയിൽ തത്‌പരരാണെന്നാണ്, അതു ജ്ഞാനപൂർവകവുമാണ്. ആത്മീയത സംബന്ധിച്ച് ആളുകൾക്കു വിഭിന്ന വീക്ഷണങ്ങളുള്ളതിനാൽ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘യഥാർഥ ആത്മീയത എന്താണ്? അത് എങ്ങനെ നേടിയെടുക്കാം?’
“ക്രിസ്‌തുവിന്റെ മനസ്സ്”
ആത്മീയ മനസ്‌കനായിരിക്കുന്നതിന്റെ പ്രാധാന്യവും പ്രയോജനങ്ങളും ചൂണ്ടിക്കാണിച്ചതു കൂടാതെ യഥാർഥ ആത്മീയത എന്താണെന്നതിനെക്കുറിച്ചും പൗലൊസ് അപ്പൊസ്‌തലനു വളരെയധികം പറയാനുണ്ടായിരുന്നു. ജഡത്തിന്റെ മോഹങ്ങൾ അനുസരിച്ചു നടക്കുന്ന ജഡികമനുഷ്യനും ആത്മീയകാര്യങ്ങളെ പ്രിയപ്പെടുന്ന ആത്മികമനുഷ്യനും തമ്മിലുള്ള വ്യത്യാസം പുരാതന കൊരിന്ത്യ നഗരത്തിലെ ക്രിസ്‌ത്യാനികൾക്ക് അവൻ വിശദീകരിച്ചുകൊടുത്തു. അവൻ എഴുതി: “പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു.” നേരെമറിച്ച്, “ക്രിസ്‌തുവിന്റെ മനസ്സ്” ഒരു ആത്മീയ മനുഷ്യന്റെ സവിശേഷതയായിരിക്കുമെന്നു പൗലൊസ് വിശദമാക്കി.—1 കൊരിന്ത്യർ 2:14-16.
“ക്രിസ്‌തുവിന്റെ മനസ്സു”ണ്ടായിരിക്കുക എന്നത് അടിസ്ഥാനപരമായി “ക്രിസ്‌തുയേശുവിന് ഉണ്ടായിരുന്ന അതേ മാനസികഭാവം” ഉണ്ടായിരിക്കുന്നതിനെയാണ് അർഥമാക്കുന്നത്. (റോമർ 15:5, NW; ഫിലിപ്പിയർ 2:5, NW) മറ്റു വാക്കുകളിൽ പറഞ്ഞാൽ ഒരു ആത്മീയ മനുഷ്യൻ യേശു ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയും അവന്റെ കാൽച്ചുവടുകൾ പിന്തുടരുകയും ചെയ്യും. (1 പത്രൊസ് 2:21; 4:1) ഒരു വ്യക്തിയുടെ മനസ്സ് ക്രിസ്‌തുവിന്റേതുമായി എത്രയധികം അനുരൂപപ്പെടുന്നുവോ അദ്ദേഹത്തിന്റെ ആത്മീയത അത്രയധികം ആഴമുള്ളതായിത്തീരും. “ജീവനും സമാധാനവും” പ്രാപിക്കാനുള്ള സാധ്യതയും ഏറെയായിരിക്കും.—റോമർ 13:14.
“ക്രിസ്‌തുവിന്റെ മനസ്സ്” അറിയാനാകുന്ന വിധം
ക്രിസ്‌തുവിന്റെ മനസ്സ് ഉണ്ടായിരിക്കണമെങ്കിൽ ഒരുവൻ ആദ്യംതന്നെ അത് അറിയാൻ ശ്രമിക്കേണ്ടതുണ്ട്. അതുകൊണ്ട് ആത്മീയത വളർത്തിയെടുക്കുന്നതിലെ ആദ്യപടിയാണു യേശുവിന്റെ ചിന്താഗതി മനസ്സിലാക്കുന്നത്. എന്നാൽ ഇന്നേക്ക് 2,000 വർഷംമുമ്പു ജീവിച്ചിരുന്ന ഒരാളുടെ മനസ്സ് നിങ്ങൾക്ക് എങ്ങനെ അറിയാനാകും? നിങ്ങളുടെ രാജ്യത്തെ ചരിത്രപുരുഷന്മാരെക്കുറിച്ചു നിങ്ങൾ പഠിച്ചത് എങ്ങനെയാണ്? ഒരുപക്ഷേ പുസ്‌തകത്താളുകളിൽനിന്നാകാം. സമാനമായി യേശുവിന്റെ മനസ്സറിയാനുള്ള ഒരു പ്രധാന മാർഗം അവനെക്കുറിച്ചുള്ള ലിഖിത രേഖകൾ വായിക്കുന്നതാണ്.—യോഹന്നാൻ 17:3.
യേശുവിന്റെ കാര്യത്തിൽ മത്തായി, മർക്കൊസ്, ലൂക്കൊസ്, യോഹന്നാൻ എന്നിവർ എഴുതിയ നാലു വ്യത്യസ്‌ത ചരിത്ര രേഖകൾ അഥവാ സുവിശേഷങ്ങളാണുള്ളത്. ആ രേഖകൾ ശ്രദ്ധാപൂർവം വായിക്കുന്നത് യേശുവിന്റെ ചിന്താരീതികളും ആഴമായ വികാരങ്ങളും ഉൾപ്രേരണകളും ഗ്രഹിക്കാൻ നിങ്ങളെ സഹായിക്കും. യേശുവിനെക്കുറിച്ചു വായിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ശ്രദ്ധാപൂർവം ധ്യാനിക്കുമ്പോൾ അവൻ ഏതുതരം വ്യക്തിയായിരുന്നെന്നതു നിങ്ങളുടെ മനോമുകുരത്തിൽ തെളിഞ്ഞുവരും. നിങ്ങൾ ഇപ്പോൾത്തന്നെ ക്രിസ്‌തുവിന്റെ ഒരു അനുഗാമിയാണെന്നു കരുതുന്നെങ്കിൽപ്പോലും അത്തരം വായനയും ധ്യാനവും “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്‌തുവിന്റെ പരിജ്ഞാനത്തിലും” വളരുന്നതിൽ തുടരാൻ നിങ്ങളെ സഹായിക്കും.—2 പത്രൊസ് 3:18.
അതു മനസ്സിൽപ്പിടിച്ചുകൊണ്ട്, യേശുവിനെ ഒരു യോഹന്നാൻ 13:15.
ആത്മീയ വ്യക്തിയാക്കിയത് എന്താണെന്നു കാണാനായി ഏതാനും സുവിശേഷഭാഗങ്ങൾ നമുക്കു പരിശോധിക്കാം. അതിനുശേഷം, യേശുവെച്ച മാതൃക നിങ്ങൾക്ക് എങ്ങനെ അനുകരിക്കാനാകും എന്ന് ചിന്തിക്കുക.—ആത്മീയതയും ‘ആത്മാവിന്റെ ഫലവും’
യേശുവിന്റെ സ്‌നാപന സമയത്ത് ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവന്റെമേൽ ചൊരിയപ്പെട്ടെന്നും അങ്ങനെ അവൻ “പരിശുദ്ധാത്മാവു നിറഞ്ഞവനായി” എന്നും സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് പ്രസ്‌താവിച്ചു. (ലൂക്കൊസ് 3:21, 22; 4:1) ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഥവാ “പ്രവർത്തനനിരതമായ ശക്തി”യാൽ വഴിനടത്തപ്പെടേണ്ടതിന്റെ പ്രാധാന്യം യേശു തന്റെ ശിഷ്യന്മാർക്കു വ്യക്തമാക്കിക്കൊടുക്കുകയും ചെയ്‌തു. (ഉല്‌പത്തി 1:2, NW; ലൂക്കൊസ് 11:9-13) എന്തുകൊണ്ടാണ് അത് ഇത്ര പ്രധാനമായിരിക്കുന്നത്? എന്തുകൊണ്ടെന്നാൽ ക്രിസ്‌തുവിന്റേതുപോലെ ആകുംവണ്ണം ഒരുവന്റെ മനസ്സിനു പരിവർത്തനം വരുത്താൻ ദൈവാത്മാവിനു ശക്തിയുണ്ട്. (റോമർ 12:1, 2) പരിശുദ്ധാത്മാവ് ഒരുവനിൽ “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം [“നന്മ,” പി.ഒ.സി. ബൈബിൾ], വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നീ ഗുണങ്ങൾ ഉളവാക്കുന്നു. ‘ആത്മാവിന്റെ ഫലം’ എന്നു ബൈബിൾ വിളിക്കുന്ന ഈ ഗുണങ്ങൾ ഒരു യഥാർഥ ആത്മീയവ്യക്തിയെ തിരിച്ചറിയിക്കുന്നു. (ഗലാത്യർ 5:22, 23) ലളിതമായി പറഞ്ഞാൽ, ആത്മീയമനസ്‌കനായ ഒരുവൻ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവനാണ്.
തന്റെ ശുശ്രൂഷയിലുടനീളം യേശു ആത്മാവിന്റെ ഫലം പ്രകടമാക്കി. സമൂഹത്തിലെ താഴേക്കിടയിലുള്ളവരെന്നു കരുതപ്പെട്ടിരുന്നവരോട് അവൻ ഇടപെട്ട വിധത്തിൽ സ്‌നേഹം, ദയ, നന്മ എന്നിവപോലുള്ള ഗുണങ്ങൾ വിശേഷിച്ചും പ്രകടമായിരുന്നു. (മത്തായി 9:36) ഉദാഹരണത്തിന് അപ്പൊസ്‌തലനായ യോഹന്നാൻ വർണിക്കുന്ന ഒരു സംഭവം ശ്രദ്ധിക്കൂ: “[യേശു] കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.” യേശുവിന്റെ ശിഷ്യന്മാരും ആ കുരുടനെ കണ്ടെങ്കിലും ഒരു പാപിയായിട്ടാണ് അവർ അവനെ വീക്ഷിച്ചത്. അവർ ഇങ്ങനെ ചോദിച്ചു: “ആർ പാപം ചെയ്‌തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ?” ആ മനുഷ്യന്റെ അയൽക്കാരും അയാളെ കണ്ടിരുന്നു, ഒരു യാചകനായി മാത്രം. “ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ” എന്ന് അവർ ചോദിച്ചു. എന്നാൽ യേശു അവനെ വീക്ഷിച്ചത് സഹായം ആവശ്യമുള്ള ഒരു വ്യക്തിയെന്ന നിലയിലാണ്. യേശു അവനോടു സംസാരിക്കുകയും അവനെ സൗഖ്യമാക്കുകയും ചെയ്‌തു.—യോഹന്നാൻ 9:1-8.
ഈ സംഭവം ക്രിസ്‌തുവിന്റെ മനസ്സു സംബന്ധിച്ചു നിങ്ങളെ എന്തു പഠിപ്പിക്കുന്നു? ഒന്നാമതായി, പാവങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിനു പകരം യേശു അവരോട് ആർദ്രാനുകമ്പയോടെ ഇടപെട്ടു. രണ്ടാമതായി, മറ്റുള്ളവരെ സഹായിക്കാൻ അവൻ മുൻകയ്യെടുത്തു. യേശുവെച്ച ഈ മാതൃക നിങ്ങൾ പിൻപറ്റുന്നുണ്ടോ? മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനും അവരുടെ ഭാവി ശോഭനമാക്കാനും ആവശ്യമായ സഹായം നൽകിക്കൊണ്ട്, യേശു വീക്ഷിച്ചതുപോലെ മറ്റുള്ളവരെ വീക്ഷിക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? അതോ ഉന്നതരായവരെ പ്രീതിപ്പെടുത്താനും അല്ലാത്തവരെ കണ്ടില്ലെന്നു നടിക്കാനും ആണോ നിങ്ങളുടെ ചായ്‌വ്? ആളുകളെ സംബന്ധിച്ചു യേശുവിനുണ്ടായിരുന്ന വീക്ഷണമാണു നിങ്ങൾക്കും ഉള്ളതെങ്കിൽ നിങ്ങൾ തീർച്ചയായും അവന്റെ മാതൃക പിൻപറ്റുകയാണു ചെയ്യുന്നത്.—സങ്കീർത്തനം 72:12-14.
ആത്മീയതയും പ്രാർഥനയും
യേശു ദൈവത്തോടു കൂടെക്കൂടെ പ്രാർഥിച്ചതായി സുവിശേഷ വിവരണങ്ങൾ പറയുന്നു. (മർക്കൊസ് 1:35; ലൂക്കൊസ് 5:16; 22:41, 42) ഭൂമിയിലെ തന്റെ ശുശ്രൂഷക്കാലത്ത് യേശു പ്രാർഥനയ്‌ക്കുവേണ്ടി പ്രത്യേകം സമയം നീക്കിവെച്ചിരുന്നു. ശിഷ്യനായ മത്തായി എഴുതി: “[യേശു] പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി.” (മത്തായി 14:23) തന്റെ സ്വർഗീയ പിതാവുമായി നടത്തിയ അത്തരം സ്വകാര്യസംഭാഷണങ്ങളിൽനിന്ന് യേശു ശക്തിയാർജിച്ചു. (മത്തായി 26:36-44) സമാനമായി, ആത്മീയ മനസ്‌കരായ ആളുകൾ സ്രഷ്ടാവാം ദൈവവുമായി സംസാരിക്കാനുള്ള ഓരോ അവസരവും പ്രയോജനപ്പെടുത്തുന്നു; അത്തരം സംഭാഷണം അവനുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും തങ്ങളുടെ ചിന്താഗതി ക്രിസ്‌തുവിന്റേതുമായി കൂടുതൽ അനുരൂപപ്പെടുത്താൻ സഹായിക്കുമെന്നും അവർ തിരിച്ചറിയുന്നു.
യേശു പലപ്പോഴും പ്രാർഥനയ്‌ക്കായി വളരെയേറെ സമയം ചെലവഴിച്ചിരുന്നു. (യോഹന്നാൻ 17:1-26) ഉദാഹരണത്തിന്, 12 അപ്പൊസ്‌തലന്മാരെ തിരഞ്ഞെടുക്കുന്നതിനുമുമ്പ് അവൻ “പ്രാർത്ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ട് രാത്രി മുഴുവൻ ചെലവഴിച്ചു.” (ലൂക്കൊസ് 6:12, പി.ഒ.സി.) ഒരു രാത്രി മുഴുവനും പ്രാർഥനയിൽ ചെലവഴിക്കാനായില്ലെങ്കിലും ആത്മീയ മനസ്‌കരായവർ യേശുവിന്റെ മാതൃകയ്‌ക്കു ചേർച്ചയിൽ, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പ് പ്രാർഥനയ്‌ക്കായി വേണ്ടത്ര സമയം നീക്കിവെക്കുന്നു. അങ്ങനെ അവർ, തങ്ങളുടെ ആത്മീയത ആഴമുള്ളതാക്കാൻ സഹായിക്കുന്നതരം തിരഞ്ഞെടുപ്പുകൾ നടത്താൻ പരിശുദ്ധാത്മാവിന്റെ മാർഗനിർദേശം തേടുന്നു.
എത്രമാത്രം വികാരവായ്‌പോടെ പ്രാർഥിക്കണം എന്ന കാര്യത്തിലും യേശു മാതൃകവെച്ചു. മരണത്തിന്റെ തലേരാത്രിയിലെ അവന്റെ പ്രാർഥന സംബന്ധിച്ച് ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കൂ: “അവൻ തീവ്രവേദനയിൽ . . . കൂടുതൽ തീക്ഷ്‌ണമായി പ്രാർത്ഥിച്ചു. അവന്റെ വിയർപ്പു രക്തത്തുള്ളികൾപോലെ നിലത്തുവീണു.” (ലൂക്കൊസ് 22:44, പി.ഒ.സി.) മുമ്പും തീക്ഷ്‌ണമായി പ്രാർഥിച്ചിട്ടുണ്ടെങ്കിലും ഭൂമിയിലെ തന്റെ ജീവിതത്തിലെ ഏറ്റവും കടുത്ത പരിശോധനയെ നേരിടവേ അവൻ കൂടുതൽ തീക്ഷ്‌ണമായി പ്രാർഥിച്ചു; അതിന് ഉത്തരം ലഭിക്കുകയും ചെയ്‌തു. (എബ്രായർ 5:7) ആത്മീയ മനസ്‌കർ യേശുവിന്റെ മാതൃക പിൻപറ്റുന്നു. വിശേഷിച്ചും കടുത്ത പീഡനങ്ങൾ നേരിടുമ്പോൾ പരിശുദ്ധാത്മാവിനും മാർഗനിർദേശത്തിനും പിന്തുണയ്‌ക്കുമായി “കൂടുതൽ തീക്ഷ്‌ണമായി” അവർ ദൈവത്തോട് പ്രാർഥിക്കുന്നു.
യേശു പ്രാർഥനാനിരതനായിരുന്നതിനാൽ ശിഷ്യന്മാർ ഇക്കാര്യത്തിൽ അവനെ അനുകരിക്കാൻ ആഗ്രഹിച്ചതിൽ അതിശയമില്ല. അതുകൊണ്ട് അവർ അവനോട് ഇങ്ങനെ ആവശ്യപ്പെട്ടു: “കർത്താവേ, . . . ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ.” (ലൂക്കൊസ് 11:1) സമാനമായി ഇന്നും, ആത്മീയ കാര്യങ്ങളെ മൂല്യവത്തായി കാണുകയും ദൈവാത്മാവിന്റെ വഴിനടത്തിപ്പിനായി വാഞ്‌ഛിക്കുകയും ചെയ്യുന്നവർ പ്രാർഥനയുടെ കാര്യത്തിൽ യേശുവിനെ അനുകരിക്കുന്നു. യഥാർഥ ആത്മീയതയും പ്രാർഥനയും പരസ്‌പരം കൈകോർത്തുപോകുന്നു.
ആത്മീയതയും സുവാർത്താപ്രസംഗവും
രാത്രി ഏറെ വൈകിയും യേശു അനേകം രോഗികളെ സൗഖ്യമാക്കിയതിനെക്കുറിച്ചുള്ള ഒരു വിവരണം മർക്കൊസിന്റെ സുവിശേഷത്തിൽ കാണാവുന്നതാണ്. പിറ്റേന്ന് അതികാലത്ത് അവൻ ഒരു വിജനസ്ഥലത്തു പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന്, ആളുകൾ അവനെ അന്വേഷിക്കുന്നെന്ന് അറിയിച്ചു. രോഗം ഭേദമായിക്കിട്ടാനായിരിക്കാം അവർ അവനെ അന്വേഷിച്ചത്. എന്നിരുന്നാലും യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക.” തുടർന്ന് അവൻ അതിന്റെ കാരണം വ്യക്തമാക്കി: “ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്.” (മർക്കൊസ് 1:32-38; ലൂക്കൊസ് 4:43) ആളുകളെ സൗഖ്യമാക്കുന്നതു യേശുവിനു പ്രധാനമായിരുന്നെങ്കിലും ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുക എന്നതായിരുന്നു അവന്റെ പ്രഥമ ദൗത്യം.—മർക്കൊസ് 1:14, 15.
മറ്റുള്ളവരുമായി ദൈവരാജ്യ സുവാർത്ത പങ്കുവെക്കുന്നത് ഇന്നും, ക്രിസ്‌തുവിന്റെ മനസ്സുള്ളവരുടെ ഒരു തിരിച്ചറിയിക്കൽ അടയാളമാണ്. തന്റെ അനുഗാമികളാകാൻ ആഗ്രഹിക്കുന്ന സകലർക്കുമായി യേശു ഈ കൽപ്പന നൽകി: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും മത്തായി 28:19, 20) കൂടാതെ അവൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) പരിശുദ്ധാത്മാവിന്റെ ശക്തിയാലാണു പ്രസംഗവേല നടക്കുന്നതെന്നു ദൈവവചനം സൂചിപ്പിക്കുന്നു. അതിനാൽ ആ വേലയിൽ പങ്കുണ്ടായിരിക്കുന്നതു യഥാർഥ ആത്മീയതയുടെ ഒരു ലക്ഷണമാണ്.—പ്രവൃത്തികൾ 1:8.
ശിഷ്യരാക്കിക്കൊൾവിൻ.” (ലോകമെമ്പാടുമുള്ള ആളുകളോടു രാജ്യസന്ദേശം ഘോഷിക്കാൻ ദശലക്ഷങ്ങളുടെ കൂട്ടായ ശ്രമം ആവശ്യമാണ്. (യോഹന്നാൻ 17:20, 21) ഈ വേലയിൽ ഏർപ്പെടുന്നവർ ആത്മീയ മനസ്‌കരായിരിക്കുന്നതു കൂടാതെ ആഗോള അടിസ്ഥാനത്തിൽ സംഘടിതരും ആയിരിക്കേണ്ടതുണ്ട്. ക്രിസ്‌തുവിന്റെ കാലടികൾ പിന്തുടരുകയും ദൈവരാജ്യ സുവാർത്ത ലോകവ്യാപകമായി പ്രസംഗിക്കുകയും ചെയ്യുന്ന ആളുകളെ നിങ്ങൾക്കു തിരിച്ചറിയാനാകുന്നുണ്ടോ?
നിങ്ങൾ ആത്മീയ മനസ്‌കനാണോ?
ഒരു യഥാർഥ ആത്മീയ വ്യക്തിയെ തിരിച്ചറിയിക്കുന്ന വേറെയും ഘടകങ്ങൾ ഉണ്ടെന്നതു ശരിയാണ്. എങ്കിലും ഇതുവരെ പരിചിന്തിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ നിങ്ങൾക്കു സ്വയം എങ്ങനെ വിലയിരുത്താം? അതിനായി നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഞാൻ ക്രമമായി ദൈവവചനമായ ബൈബിൾ വായിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നുണ്ടോ? ഞാൻ എന്റെ ജീവിതത്തിൽ ആത്മാവിന്റെ ഫലം പ്രകടമാക്കുന്നുണ്ടോ? ഞാൻ പ്രാർഥനാനിരതനാണോ? ദൈവരാജ്യ സുവാർത്ത ലോകമെമ്പാടും പ്രസംഗിക്കുന്നവരുമായി സഹവസിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ?’
നിങ്ങളുടെ ആത്മീയതയുടെ ആഴമളക്കാൻ ആത്മാർഥമായ ഒരു ആത്മപരിശോധന സഹായിച്ചേക്കാം. “ജീവനും സമാധാനവും” പ്രതിഫലമായി ലഭിക്കേണ്ടതിന് ഇന്നുതന്നെ ആവശ്യമായ നടപടികളെടുക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.—റോമർ 8:6; മത്തായി 7:13, 14; 2 പത്രൊസ് 1:5-11.
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ആത്മീയതയുള്ളവർ . . .
◆ ദൈവവചനം പ്രിയപ്പെടും
◆ ആത്മാവിന്റെ ഫലം പ്രകടമാക്കും
◆ ദൈവത്തോട് ക്രമമായും ആത്മാർഥമായും പ്രാർഥിക്കും
◆ മറ്റുള്ളവരുമായി രാജ്യസുവാർത്ത പങ്കുവെക്കും
[5-ാം പേജിലെ ചിത്രം]
“ക്രിസ്‌തുവിന്റെ മനസ്സ്” അറിയാൻ ബൈബിൾ നിങ്ങളെ സഹായിക്കും