വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യെഹെസ്‌കേലിൽനിന്നുള്ള വിശേഷാശയങ്ങൾ ഭാഗം—2

യെഹെസ്‌കേലിൽനിന്നുള്ള വിശേഷാശയങ്ങൾ ഭാഗം—2

യഹോവയുടെ വചനം ജീവനുള്ളത്‌

യെഹെസ്‌കേലിൽനിന്നുള്ള വിശേഷാശയങ്ങൾ ഭാഗം—2

പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 609 ഡിസംബർ. ബാബിലോണിയൻ രാജാവ്‌ യെരൂശലേമിനെതിരെയുള്ള അന്തിമ ഉപരോധം തുടങ്ങിയിരിക്കുന്നു. ബാബിലോണിയയിലെ പ്രവാസികളോടുള്ള യെഹെസ്‌കേലിന്റെ സന്ദേശം ഇതുവരെ പിൻവരുന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു: അവരുടെ പ്രിയനഗരമായ യെരൂശലേമിന്റെ വീഴ്‌ചയും നാശവും. എന്നാൽ ദൈവജനത്തിന്റെ അനർഥം കണ്ടു സന്തോഷിക്കാൻ കാത്തിരിക്കുന്ന പുറജാതി രാഷ്‌ട്രങ്ങൾക്കു വരുന്ന നാശമാണ്‌ ഇപ്പോൾ യെഹെസ്‌കേലിന്റെ പ്രവചനവിഷയം. 18 മാസങ്ങൾക്കുശേഷം യെരൂശലേം വീണുകഴിയുമ്പോൾ യെഹെസ്‌കേലിന്റെ സന്ദേശത്തിന്റെ പ്രമേയം പിന്നെയും മാറുന്നു; സത്യാരാധനയുടെ മഹത്ത്വപൂർണമായ പുനഃസ്ഥാപനത്തിലേക്ക്‌.

യെഹെസ്‌കേൽ 25:1–48:35 വരെയുള്ള ഭാഗങ്ങളിൽ ഇസ്രായേല്യരുടെ ചുറ്റുമുള്ള രാഷ്‌ട്രങ്ങളെയും ദൈവജനത്തിന്റെ വിമോചനത്തെയും കുറിച്ചുള്ള പ്രവചനങ്ങളാണ്‌ അടങ്ങിയിരിക്കുന്നത്‌. * യെഹെസ്‌കേൽ 29:17-20 ഒഴികെയുള്ള ഭാഗങ്ങൾ കാലാനുക്രമത്തിലും അതേസമയം വിഷയാനുക്രമത്തിലും ആണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നിരുന്നാലും ഈ നാലു വാക്യങ്ങൾ വിഷയാനുക്രമത്തിലാണ്‌. നിശ്വസ്‌ത തിരുവെഴുത്തുകളുടെ ഭാഗമെന്നനിലയിൽ യെഹെസ്‌കേൽ പുസ്‌തകം “ജീവനും ചൈതന്യവുമുള്ള” ഒരു സന്ദേശമാണു വഹിക്കുന്നത്‌.—എബ്രായർ 4:12.

‘ദേശം ഏദെൻതോട്ടം പോലെയായ്‌തീരും’

(യെഹെസ്‌കേൽ 25:1–39:29)

യെരൂശലേമിന്റെ വീഴ്‌ചയിൽ അമ്മോൻ, മോവാബ്‌, ഏദോം, ഫെലിസ്‌ത്യ, സോർ, സീദോൻ എന്നീ രാഷ്‌ട്രങ്ങളുടെ പ്രതികരണം മുൻകൂട്ടിക്കണ്ടുകൊണ്ട്‌ അവയ്‌ക്കെതിരായി പ്രവചിക്കാൻ യഹോവ യെഹെസ്‌കേലിനെ ഉപയോഗിക്കുന്നു. ഈജിപ്‌ത്‌ കൊള്ളയടിക്കപ്പെടും. ‘മിസ്രയീംരാജാവായ ഫറവോനും അവന്റെ പുരുഷാരവും’ “ബാബേൽരാജാവിന്റെ വാൾ”കൊണ്ട്‌ ഒരു ദേവദാരു കണക്കെ വെട്ടിയിടപ്പെടും.—യെഹെസ്‌കേൽ 31:2, 3, 12; 32:11, 12.

പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശത്തിന്‌ ഏതാണ്ട്‌ ആറു മാസത്തിനുശേഷം, “നഗരം പിടിക്കപ്പെട്ടുപോയി” എന്ന വാർത്ത അവിടെനിന്നു രക്ഷപ്പെട്ടുവന്ന ഒരാൾ, ബാബിലോണിൽ ആയിരുന്ന യെഹെസ്‌കേലിനെ അറിയിക്കുന്നു. പ്രവാചകൻ പ്രവാസികളോടു ‘പിന്നെ മിണ്ടാതെ ഇരിക്കുന്നില്ല.’ (യെഹെസ്‌കേൽ 33:21, 22) അവനു പുനഃസ്ഥാപന പ്രവചനങ്ങൾ പ്രഖ്യാപിക്കാനുണ്ട്‌. യഹോവ “ഒരേ ഇടയനെ അവെക്കായി നിയമിക്കും; . . . [തന്റെ] ദാസനായ ദാവീദിനെ തന്നേ.” (യെഹെസ്‌കേൽ 34:23) ഏദോം ശൂന്യമാക്കപ്പെടും. എന്നാൽ തെല്ലകലെയുള്ള യെഹൂദ, “ഏദെൻതോട്ടം പോലെയായ്‌”തീരും. (യെഹെസ്‌കേൽ 36:35) പുനഃസ്ഥാപിക്കപ്പെടുന്ന തന്റെ ജനത്തെ “ഗോഗിന്റെ” ആക്രമണത്തിൽനിന്നു സംരക്ഷിക്കുമെന്നു യഹോവ വാഗ്‌ദാനം ചെയ്യുന്നു.—യെഹെസ്‌കേൽ 38:2.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

29:8-12—ഈജിപ്‌തിന്റെ 40 വർഷത്തെ ശൂന്യകാലം ആരംഭിച്ചത്‌ എന്നായിരുന്നു? പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശത്തിനുശേഷം യിരെമ്യാവിന്റെ മുന്നറിയിപ്പു വകവെക്കാതെ യെഹൂദ ശേഷിപ്പ്‌ ഈജിപ്‌തിലേക്ക്‌ ഓടിപ്പോയി. (യിരെമ്യാവു 24:1, 8-10; 42:7-22) എന്നാൽ അത്‌ അവരുടെ ജീവൻ രക്ഷിച്ചില്ല. എന്തെന്നാൽ ഈജിപ്‌തിനുനേരെ വന്ന നെബൂഖദ്‌നേസർ അതിനെ കീഴടക്കി. അതോടെ ആയിരിക്കാം 40 വർഷത്തെ ശൂന്യകാലം ആരംഭിച്ചത്‌. ലൗകിക ചരിത്രം അതിനുള്ള തെളിവു നൽകുന്നില്ലെങ്കിലും യഹോവ പ്രവചനങ്ങൾ നിവർത്തിക്കുന്ന ദൈവമായതിനാൽ അതു സംഭവിച്ചുവെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.—യെശയ്യാവു 55:11.

29:18—‘എല്ലാതലയും കഷണ്ടിയാകുകയും എല്ലാചുമലും തോലുരിഞ്ഞുപോകുകയും’ ചെയ്‌തത്‌ എങ്ങനെ? സോർ ദേശത്തെ ഉപരോധിക്കാൻ തീവ്രശ്രമം വേണ്ടിവന്നു. അങ്ങനെ പടത്തൊപ്പി തലയിലുരഞ്ഞ്‌ നെബൂഖദ്‌നേസറിന്റെ പടയാളികളുടെ തല കഷണ്ടിയായി. കോട്ടകൊത്തളങ്ങളുടെ പണിക്കാവശ്യമായ സാധനങ്ങൾ ചുമന്ന്‌ അവരുടെ ചുമലിലെ തോലുരിഞ്ഞുംപോയി.—യെഹെസ്‌കേൽ 26:7-12.

നമുക്കുള്ള പാഠങ്ങൾ:

29:19, 20. സമ്പത്തിന്റെ സിംഹഭാഗവുമായി സോർനിവാസികൾ തങ്ങളുടെ ദ്വീപനഗരത്തിലേക്കു രക്ഷപ്പെട്ടതിനാൽ നെബൂഖദ്‌നേസർ രാജാവിന്‌ സോരിൽനിന്നു വളരെ കുറച്ചുമാത്രമേ കൊള്ളയായി ലഭിച്ചുള്ളൂ. അഹങ്കാരിയും സ്വാർഥനുമായ ഒരു ഭരണാധികാരി ആയിരുന്നു നെബൂഖദ്‌നേസറെങ്കിലും അവന്റെ “സൈന്യത്തിന്നു പ്രതിഫലമായി” യഹോവ അവന്‌ ഈജിപ്‌ത്‌ ദേശം നൽകി. സത്യദൈവമായ യഹോവയെ അനുകരിച്ചുകൊണ്ട്‌ നാമും ഗവൺമെന്റുകൾക്ക്‌ അവരുടെ സേവനങ്ങൾക്കുള്ള പ്രതിഫലമായി നികുതികൾ കൊടുക്കേണ്ടതല്ലേ? ലൗകിക അധികാരികളുടെ പെരുമാറ്റമോ അവർ നികുതികൾ വിനിയോഗിക്കുന്ന വിധമോ ഈ ബാധ്യതയിൽനിന്നു നമ്മെ ഒഴിവുള്ളവരാക്കുന്നില്ല.—റോമർ 13:4-7.

33:7-9. ആധുനികനാളിലെ കാവൽക്കാരൻവർഗമായ അഭിഷിക്ത ശേഷിപ്പും അവരുടെ സഹകാരികളും ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽനിന്നും വരാനിരിക്കുന്ന “മഹോപദ്രവ”ത്തെക്കുറിച്ചു (NW) മുന്നറിയിപ്പു മുഴക്കുന്നതിൽനിന്നും ഒരിക്കലും വിട്ടുനിൽക്കരുത്‌.—മത്തായി 24:21.

33:10-20. നമ്മുടെ രക്ഷ, തെറ്റായ വഴി ഉപേക്ഷിക്കുകയും ദൈവം ആവശ്യപ്പെടുന്നത്‌ അനുസരിക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു. തീർച്ചയായും യഹോവയുടെ വഴി ‘ചൊവ്വുള്ളതാണ്‌.’

36:20, 21. ഇസ്രായേല്യർ “യഹോവയുടെ ജനം” എന്ന്‌ അറിയപ്പെട്ടിരുന്നെങ്കിലും ആ പേരിനു ചേർച്ചയിൽ ജീവിക്കാൻ പരാജയപ്പെട്ട അവർ ജനതകളുടെ ഇടയിൽ ദൈവനാമത്തെ അശുദ്ധമാക്കി. ഒരിക്കലും നാം യഹോവയുടെ നാമമാത്ര ആരാധകരായിത്തീരരുത്‌.

36:25, 37, 38. ഇന്നു നാം ആസ്വദിക്കുന്ന ആത്മീയ പറുദീസ “വിശുദ്ധമായ ആട്ടിൻകൂട്ട”ത്താൽ അഥവാ വിശുദ്ധരായ ആളുകളാൽ നിറഞ്ഞിരിക്കുകയാണ്‌. അതുകൊണ്ട്‌ അതു ശുദ്ധമായി സൂക്ഷിക്കാൻ നാം യത്‌നിക്കണം.

38:1-23. മാഗോഗ്‌ ദേശത്തെ ഗോഗിന്റെ ആക്രമണത്തിൽനിന്ന്‌ യഹോവ തന്റെ ജനത്തെ രക്ഷിക്കുമെന്ന്‌ അറിയുന്നത്‌ എത്ര ആശ്വാസകരമാണ്‌! “ഈ ലോകത്തിന്റെ പ്രഭു”വായ പിശാചായ സാത്താന്‌, സ്വർഗത്തിൽനിന്നു നിഷ്‌കാസിതനായശേഷം ലഭിച്ച പേരാണ്‌ ഗോഗ്‌. സാത്താനെയും അവന്റെ ഭൂതങ്ങളെയും തള്ളിയിട്ടിരിക്കുന്ന ഭൂമിയുടെ പരിസരത്തെയാണു മാഗോഗ്‌ ദേശം അർഥമാക്കുന്നത്‌.—യോഹന്നാൻ 12:31; വെളിപ്പാടു 12:7-12.

“ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക”

(യെഹെസ്‌കേൽ 40:1–48:35)

യെരൂശലേം നഗരം പിടിക്കപ്പെട്ടിട്ട്‌ 14 വർഷം പിന്നിട്ടിരിക്കുന്നു. (യെഹെസ്‌കേൽ 40:1) പ്രവാസം ഇനി 56 വർഷംകൂടി നീണ്ടുനിൽക്കും. (യിരെമ്യാവു 29:10) യെഹെസ്‌കേലിന്‌ ഇപ്പോൾ 50-നോടടുത്തു പ്രായമുണ്ട്‌. ഒരു ദർശനത്തിൽ ഇസ്രായേൽ ദേശത്തെത്തുന്ന അവൻ ഈ വാക്കുകൾ കേൾക്കുന്നു: “മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക.” (യെഹെസ്‌കേൽ 40:2-4) ദർശനത്തിൽ ഒരു പുതിയ ആലയം കാണുന്നതു യെഹെസ്‌കേലിനെ എത്ര ആവേശംകൊള്ളിക്കുന്നുണ്ടാകണം!

യെഹെസ്‌കേൽ കാണുന്ന മഹത്ത്വപൂർണമായ ആലയത്തിൽ 6 പടിവാതിലുകൾ, 30 തീൻമുറികൾ, വിശുദ്ധം, അതിവിശുദ്ധം, തടികൊണ്ടുള്ള ഒരു പീഠം, ഹോമയാഗത്തിനുള്ള ഒരു പീഠം എന്നിവ ഉണ്ട്‌. ആലയത്തിൽനിന്നു “പുറപ്പെടുന്ന” നീർച്ചാൽ വലിയൊരു നദിയായി മാറുന്നു. (യെഹെസ്‌കേൽ 47:1) ഓരോ ഗോത്രത്തിനും കിഴക്കേ അതിർ മുതൽ പടിഞ്ഞാറേ അതിർ വരെയുള്ള തുണ്ടുകളായി ദേശം വിഭാഗിച്ചുകൊടുക്കുന്ന ദർശനമാണു യെഹെസ്‌കേൽ അടുത്തതായി കാണുന്നത്‌. യെഹൂദയുടെയും ബെന്യാമീന്റെയും അവകാശങ്ങൾക്കിടയിലായി ഒരു ഭരണപ്രദേശം ഉണ്ട്‌. “യഹോവയുടെ വിശുദ്ധമന്ദിരം,” യഹോവശമ്മാ എന്നറിയപ്പെടുന്ന “നഗരം” എന്നിവ ഈ പ്രദേശത്താണ്‌.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

40:3–47:12—ദർശനത്തിലെ ആലയം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? വാസ്‌തവത്തിൽ യെഹെസ്‌കേൽ ദർശനത്തിൽ കണ്ട ബൃഹത്തായ അളവുകളോടുകൂടിയ ആലയം ഒരിക്കലും നിർമിക്കപ്പെട്ടില്ല. ദൈവത്തിന്റെ ആത്മീയ ആലയത്തെ, അതായത്‌ നമ്മുടെ നാളിൽ സത്യാരാധനയ്‌ക്കുള്ള ആലയസമാന ക്രമീകരണത്തെയാണ്‌ അതു ചിത്രീകരിക്കുന്നത്‌. (യെഹെസ്‌കേൽ 40:2; മീഖാ 4:1; എബ്രായർ 8:2; 9:23, 24) പുരോഹിതവർഗം ശുദ്ധീകരിക്കപ്പെടുന്ന ‘അന്ത്യകാലത്ത്‌’ ഈ ദർശനം നിവൃത്തിയേറുന്നു. (2 തിമൊഥെയൊസ്‌ 3:1; യെഹെസ്‌കേൽ 44:10-16; മലാഖി 3:1-3) എങ്കിലും, പറുദീസയിലാണ്‌ അതിന്റെ അന്തിമ നിവൃത്തി. സത്യാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നും ഓരോ യെഹൂദ കുടുംബത്തിനും ദേശത്ത്‌ അവകാശം ലഭിക്കുമെന്നും ദർശനത്തിലെ ആലയം യെഹൂദ പ്രവാസികൾക്ക്‌ ഉറപ്പേകി.

40:3–43:17—ആലയം അളക്കുന്നത്‌ എന്തിനെ അർഥമാക്കുന്നു? ആലയം അളക്കുന്നത്‌, സത്യാരാധനയോടു ബന്ധപ്പെട്ട യഹോവയുടെ ഉദ്ദേശ്യം നിശ്ചയമായും നിറവേറും എന്നു സൂചിപ്പിക്കുന്നു.

43:2-4, 7, 9—ആലയത്തിൽനിന്നു നീക്കിക്കളയേണ്ടിയിരുന്ന “രാജാക്കന്മാരുടെ ശവങ്ങൾ” ഏവയാണ്‌? ശവങ്ങൾ വിഗ്രഹങ്ങളെയാണു സൂചിപ്പിക്കുന്നതെന്നു വ്യക്തം. യെരൂശലേമിലെ ഭരണാധികാരികളും ജനങ്ങളും യഹോവയുടെ ആലയത്തെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയിരുന്നു, ഫലത്തിൽ അവ അവരുടെ രാജാക്കന്മാരായിരുന്നു.

43:13-20—ദർശനത്തിൽ യെഹെസ്‌കേൽ കണ്ട യാഗപീഠം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തോടു ബന്ധപ്പെട്ട ദൈവോദ്ദേശ്യത്തെയാണ്‌ ആലങ്കാരിക യാഗപീഠം പ്രതിനിധാനം ചെയ്യുന്നത്‌. ഈ കരുതൽ നിമിത്തം അഭിഷിക്തർ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുകയും ‘മഹാപുരുഷാരത്തിനു’ ദൈവദൃഷ്ടിയിൽ ഒരു ശുദ്ധമായ നില സാധ്യമാകുകയും ചെയ്യുന്നു. (വെളിപ്പാടു 7:9-14; റോമർ 5:1, 2) ദർശനത്തിലെ ആലയത്തിൽ, ശലോമോന്റെ ആലയത്തിലുണ്ടായിരുന്ന വാർപ്പുകടൽ—പുരോഹിതന്മാർക്കു ദേഹശുദ്ധിവരുത്താനുള്ള വലിയ തൊട്ടി—കാണാതിരുന്നത്‌ അതുകൊണ്ടായിരിക്കാം.—1 രാജാക്കന്മാർ 7:23-26.

44:10-16—പുരോഹിതവർഗം ആരെയാണു പ്രതിനിധാനം ചെയ്യുന്നത്‌? നമ്മുടെ നാളിലെ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ കൂട്ടത്തെയാണ്‌ ഈ പുരോഹിതവർഗം മുൻനിഴലാക്കുന്നത്‌. 1918-ൽ “ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും” യഹോവ തന്റെ ആത്മീയ ആലയത്തിൽ ഇരുന്നപ്പോൾ അവരുടെ ശുദ്ധീകരണം നടന്നു. (മലാഖി 3:1-5) ശുദ്ധരായവർക്ക്‌ അഥവാ അനുതപിച്ചവർക്ക്‌ തങ്ങളുടെ അനുപമ സേവനത്തിൽ തുടരാനായി. ആ ശുദ്ധീകരണത്തിനുശേഷം “ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം” തങ്ങളെത്തന്നെ കാത്തുകൊള്ളാനും അങ്ങനെ പുരോഹിതേതര ഗോത്രങ്ങളാൽ പ്രതിനിധാനംചെയ്യപ്പെട്ട ‘മഹാപുരുഷാരത്തിനു’ മാതൃകകളായിരിക്കാനും അവർ ശ്രമംചെയ്യേണ്ടതുണ്ടായിരുന്നു.—യാക്കോബ്‌ 1:27; വെളിപ്പാടു 7:9, 10.

45:1; 47:13–48:29—‘ദേശവും’ അതിന്റെ വിഭാഗിക്കലും എന്തിനെ സൂചിപ്പിക്കുന്നു? ദൈവജനത്തിന്റെ പ്രവർത്തന മേഖലയെയാണ്‌ ദേശം കുറിക്കുന്നത്‌. എവിടെ ജീവിച്ചിരുന്നാലും സത്യാരാധന ഉയർത്തിപ്പിടിക്കുന്നിടത്തോളം കാലം യഹോവയുടെ ഒരു ആരാധകൻ പുനഃസ്ഥാപിത ദേശത്താണ്‌. ദേശം വിഭാഗിക്കുന്നതിന്റെ അന്തിമനിവൃത്തി നടക്കുന്നത്‌ പുതിയലോകത്തിൽ ഓരോ വിശ്വസ്‌ത ദാസനും അവകാശം ലഭിക്കുമ്പോഴാണ്‌.—യെശയ്യാവു 65:17, 21.

45:7, 16—പുരോഹിതവർഗത്തിനും പ്രഭുവിനുമുള്ള ജനങ്ങളുടെ വഴിപാട്‌ എന്തിനെ ചിത്രീകരിക്കുന്നു? ആത്മീയ ആലയത്തിൽ നൽകപ്പെടുന്ന ആത്മീയ പിന്തുണയെ—സഹായം നൽകുന്നതിനെയും സഹകരണമനോഭാവം പ്രകടമാക്കുന്നതിനെയും—ആണ്‌ പ്രാഥമികമായി ഇതർഥമാക്കുന്നത്‌.

47:1-5—യെഹെസ്‌കേലിന്റെ ദർശനത്തിലെ നദീജലം എന്തിനെ ചിത്രീകരിക്കുന്നു? യേശുക്രിസ്‌തുവിന്റെ മറുവിലയാഗവും ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന പരിജ്ഞാനവും ഉൾപ്പെടെ ജീവനുവേണ്ടിയുള്ള യഹോവയുടെ ആത്മീയ കരുതലുകളെയാണ്‌ ആ ജലം ചിത്രീകരിക്കുന്നത്‌. (യിരെമ്യാവു 2:13; യോഹന്നാൻ 4:7-26; എഫെസ്യർ 5:25-27) സത്യാരാധനയിലേക്കുള്ള പുതിയവരുടെ ഒഴുക്ക്‌ ഉൾക്കൊള്ളാൻ കഴിയത്തക്കവിധം ആ നദി ക്രമേണ ആഴമുള്ളതായിക്കൊണ്ടിരിക്കുകയാണ്‌. (യെശയ്യാവു 60:22) സഹസ്രാബ്ദ വാഴ്‌ചക്കാലത്ത്‌ ആ നദിയിലെ ജീവജലം അത്യന്തം ഗുണമേന്മയുള്ളതായിത്തീരും. അന്നു തുറക്കപ്പെടുന്ന ‘ചുരുളുകളിൽ’നിന്നു ലഭിക്കുന്ന വർധിച്ച ഗ്രാഹ്യവും ആ ജലത്തിന്റെ ഭാഗമായിരിക്കും.—വെളിപ്പാടു 20:12, NW; 22:1, 2.

47:12—ഫലവൃക്ഷങ്ങൾ എന്തിനെ കുറിക്കുന്നു? മനുഷ്യവർഗത്തെ പൂർണതയിലേക്കു പുനഃസ്ഥാപിക്കാനുള്ള ദൈവത്തിന്റെ ആത്മീയ കരുതലുകളെയാണ്‌ ആ ആലങ്കാരിക വൃക്ഷങ്ങൾ ചിത്രീകരിക്കുന്നത്‌.

48:15-19, 30-35—യെഹെസ്‌കേലിന്റെ ദർശനത്തിലെ നഗരം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? “യഹോവശമ്മാ” സ്ഥിതിചെയ്യുന്നത്‌ “മലിന”ദേശത്താണ്‌ എന്നത്‌ അതു ഭൗമികമായ ഒന്നാണെന്നു സൂചിപ്പിക്കുന്നു. നീതിയുള്ള “പുതിയ ഭൂമി”യുടെ ഭാഗമാകുന്ന എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ഭൗമിക ഭരണത്തെയാകാം ഈ നഗരം ചിത്രീകരിക്കുന്നത്‌. (2 പത്രൊസ്‌ 3:13) എല്ലാ വശത്തുമുള്ള വാതിലുകൾ, നഗരം എല്ലാവർക്കുമായി തുറന്നുകിടക്കുന്നു എന്നു സൂചിപ്പിക്കുന്നു. ദൈവജനത്തിനിടയിലെ മേൽവിചാരകന്മാർ സമീപിക്കാവുന്നവർ ആയിരിക്കേണ്ടതുണ്ട്‌.

നമുക്കുള്ള പാഠങ്ങൾ:

40:14, 16, 22, 26. ധാർമികശുദ്ധിയുള്ള ആളുകൾക്കു മാത്രമേ ആലയത്തിൽ കടക്കാനാകു എന്നാണ്‌ അതിന്റെ പ്രവേശന മാർഗത്തിലെ, ഈന്തപ്പനയുടെ രൂപത്തിലുള്ള കൊത്തുപണികൾ സൂചിപ്പിക്കുന്നത്‌. (സങ്കീർത്തനം 92:12) നാം നേരുള്ളവരായിരുന്നാൽ മാത്രമേ നമ്മുടെ ആരാധന യഹോവയ്‌ക്കു സ്വീകാര്യമായിരിക്കുകയുള്ളു എന്നാണ്‌ ഇതു നമ്മെ പഠിപ്പിക്കുന്നത്‌.

44:23. ആധുനിക നാളിലെ പുരോഹിതവർഗം ലഭ്യമാക്കുന്ന സേവനങ്ങളെപ്രതി നാം എത്ര നന്ദിയുള്ളവരായിരിക്കണം! യഹോവയുടെ ദൃഷ്ടിയിൽ ശുദ്ധമായതും അശുദ്ധമായതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നതിനായി വിശ്വസ്‌തനും വിവേകിയുമായ അടിമ തക്കസമയത്തെ ആത്മീയ ആഹാരം ലഭ്യമാക്കുന്നു.—മത്തായി 24:45.

47:9, 11. ഈ പ്രതീകാത്മക വെള്ളത്തിന്റെ മർമപ്രധാനമായ ഒരു സവിശേഷതയായ പരിജ്ഞാനം, നമ്മുടെ നാളിൽ അത്ഭുതകരമായ വിധത്തിൽ രോഗശാന്തി വരുത്തിക്കൊണ്ടിരിക്കുകയാണ്‌. ആ വെള്ളം കുടിക്കുന്നവരെയെല്ലാം അത്‌ ആത്മീയ ജീവനിലേക്കു വരുത്തുന്നു. (യോഹന്നാൻ 17:3) എന്നാൽ ഈ ജീവദായക വെള്ളം സ്വീകരിക്കാത്തവരെ “ഉപ്പുപടനെക്കായി വിട്ടേക്കും,” അതായത്‌ അവർക്കു നിത്യനാശം ഭവിക്കും. ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്‌തുകൊണ്ട്‌ നാം കഴിവിന്റെ പരമാവധി പ്രവർത്തിക്കേണ്ടത്‌’ എത്ര പ്രധാനമാണ്‌!—2 തിമൊഥെയൊസ്‌ 2:15, NW.

“എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും”

ദാവീദിന്റെ വംശത്തിലെ അവസാനത്തെ രാജാവിനെ നീക്കംചെയ്‌തതിനുശേഷം രാജത്വത്തിന്‌ “അവകാശമുള്ളവൻ” വരുന്നതുവരെ ഒരു ദീർഘകാലം കടന്നുപോകാൻ സത്യദൈവം അനുവദിച്ചു. എന്നിരുന്നാലും ദാവീദുമായുള്ള ഉടമ്പടി അവൻ മറന്നുകളഞ്ഞില്ല. (യെഹെസ്‌കേൽ 21:27; 2 ശമൂവേൽ 7:11-16) യഹോവയുടെ “ദാസനായ ദാവീദ്‌” ‘ഇടയനും’ ‘രാജാവും’ ആകുന്നതിനെക്കുറിച്ച്‌ യെഹെസ്‌കേൽ പ്രവചിച്ചു. (യെഹെസ്‌കേൽ 34:23, 24; 37:22, 24, 25) അത്‌ രാജ്യാധികാരത്തിലുള്ള യേശുക്രിസ്‌തുവല്ലാതെ മറ്റാരുമല്ല. (വെളിപ്പാടു 11:15) മിശിഹൈകരാജ്യം മുഖേന യഹോവ തന്റെ “മഹത്തായ നാമത്തെ . . . വിശുദ്ധീകരിക്കും.”—യെഹെസ്‌കേൽ 36:23.

ദൈവത്തിന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുന്ന സകലരും താമസിയാതെ നശിപ്പിക്കപ്പെടും. എന്നാൽ സ്വീകാര്യമായ വിധത്തിൽ യഹോവയെ ആരാധിച്ചുകൊണ്ട്‌ തങ്ങളുടെ ജീവിതത്താൽ ആ നാമത്തെ വിശുദ്ധമാക്കുന്നവർക്ക്‌ നിത്യജീവൻ ലഭിക്കും. അതുകൊണ്ട്‌ നമ്മുടെ നാളിൽ സമൃദ്ധമായി ഒഴുകുന്ന ജീവജലത്തിൽനിന്ന്‌ നമുക്കു പൂർണപ്രയോജനം നേടുകയും സത്യാരാധനയ്‌ക്കു ജീവിതത്തിൽ കേന്ദ്രസ്ഥാനം നൽകുകയും ചെയ്യാം.

[അടിക്കുറിപ്പ്‌]

^ ഖ. 4 യെഹെസ്‌കേൽ 1:1 മുതൽ 24:27 വരെയുള്ള ഭാഗത്തിന്റെ വിശദീകരണത്തിനായി 2007 ജൂലൈ ലക്കം വീക്ഷാഗോപുരത്തിലെ “യെഹെസ്‌കേലിൽനിന്നുള്ള വിശേഷാശയങ്ങൾ ഭാഗം—1” കാണുക.

[9-ാം പേജിലെ ചിത്രം]

യെഹെസ്‌കേലിന്റെ ദർശനത്തിലെ മഹത്ത്വപൂർണമായ ആലയം

[10-ാം പേജിലെ ചിത്രം]

യെഹെസ്‌കേലിന്റെ ദർശനത്തിലെ ജീവജല നദി എന്തിനെ ചിത്രീകരിക്കുന്നു?

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.