വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രണ്ട്‌ ‘അത്ഭുതങ്ങൾ’ അരങ്ങേറിയ ജോർജിയ കൺവെൻഷൻ

രണ്ട്‌ ‘അത്ഭുതങ്ങൾ’ അരങ്ങേറിയ ജോർജിയ കൺവെൻഷൻ

രണ്ട്‌ ‘അത്ഭുതങ്ങൾ’ അരങ്ങേറിയ ജോർജിയ കൺവെൻഷൻ

വർഷം 2006. വിസ്‌മയാവഹമായ രണ്ട്‌ അനുഭവങ്ങൾ അത്ഭുതം പകർന്ന അവിസ്‌മരണീയമായ ഒരു സംഭവത്തിനു ജോർജിയ വേദിയായി. ജൂലൈ 7 മുതൽ 9 വരെയുള്ള മൂന്നു നാളുകളിൽ രാജ്യത്തുടനീളം ആറു സ്ഥലങ്ങളിലായി യഹോവയുടെ സാക്ഷികളുടെ, “വിടുതൽ സമീപം!” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ അരങ്ങേറി. 17,000-ത്തിലേറെ പേർ ആ ആത്മീയ സദ്യ ആസ്വദിച്ചു.

കൺവെൻഷൻ നടക്കാനിരുന്ന പ്രമുഖ നഗരവും ജോർജിയയുടെ തലസ്ഥാനവുമായ റ്റബിലസിയിൽ ആയിരങ്ങൾക്കു സമ്മേളിക്കാൻ കഴിയുന്ന അനുയോജ്യമായ ഒരു സൗകര്യം കണ്ടെത്താനുള്ള ശ്രമം 2006 ജനുവരിയിൽത്തന്നെ ആരംഭിച്ചിരുന്നു. മറ്റു കൺവെൻഷൻ കേന്ദ്രങ്ങളെ ഇവിടവുമായി ടെലിഫോൺ വഴി ബന്ധിപ്പിക്കാനായിരുന്നു പരിപാടി.

കഴിഞ്ഞ പല വർഷങ്ങളിലൂടെ ജോർജിയയിലെ അധികാരികൾ അവിടെയുള്ളവർക്ക്‌ ആരാധനാസ്വാതന്ത്ര്യം അൽപ്പാൽപ്പമായി അനുവദിച്ചുവരികയായിരുന്നു. അതുകൊണ്ട്‌ പൂർവകാലത്തെ വ്യാപകമായ എതിർപ്പുകൾ ഗണ്യമാക്കാതെ സാക്ഷികൾ അചഞ്ചലരായി മുന്നോട്ടുനീങ്ങി. തലസ്ഥാന നഗരിയിൽ കൺവെൻഷനുള്ള ഒരു സ്ഥലം ലഭിക്കുമെന്നു തന്നെയായിരുന്നു അവരുടെ പ്രതീക്ഷ. ജോർജിയയിലെ ആളുകൾ സ്വതവേ സൗഹൃദരും അതിഥിപ്രിയരുമാണ്‌. എന്നിരുന്നാലും അധികാരികളിൽ ചിലർ മതപരമായ മുൻവിധികൾ വെച്ചുപുലർത്തുന്നു. അത്തരം ചിന്തകൾ മാറ്റിവെച്ചുകൊണ്ട്‌, കൺവെൻഷൻ നടത്താൻ യോജിച്ച ഒരു സ്ഥലം സാക്ഷികൾക്ക്‌ വാടകയ്‌ക്കു നൽകാൻ അവർ തയ്യാറാകുമോ?

കൺവെൻഷൻ കമ്മിറ്റിയിലെ സഹോദരങ്ങൾ പല സ്റ്റേഡിയങ്ങളും വലിയ സ്‌പോർട്‌സ്‌ ഹാളുകളും സന്ദർശിക്കുകയുണ്ടായി. ഓരോന്നിന്റെയും ഭാരവാഹികൾ സന്മനസ്സു കാണിച്ചെങ്കിലും നിശ്ചിത ദിവസങ്ങളിലേക്കു ബുക്കുചെയ്യാൻ ഒരുമ്പെട്ടപ്പോൾ അവർ പിന്മാറുകയായിരുന്നു. അതുകൊണ്ടുതന്നെ, റ്റബിലസിയിലെ ഓർക്കസ്‌ട്രാഗ്രൂപ്പ്‌ തങ്ങളുടെ ഹാളിൽ കൺവെൻഷൻ നടത്താൻ യഹോവയുടെ സാക്ഷികളെ അനുവദിച്ചപ്പോൾ കമ്മിറ്റിയംഗങ്ങൾ അത്ഭുതപ്പെട്ടുപോയി. നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നതും പ്രശസ്‌തമായ പല പരിപാടികൾ അരങ്ങേറുന്നതുമായ ഹാളാണ്‌ അത്‌.

തങ്ങളുടെ സുദീർഘ പ്രയത്‌നം ഫലംകണ്ടതിന്റെ സന്തോഷത്തിൽ കമ്മിറ്റിയംഗങ്ങൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾക്കു തിരികൊളുത്തി—റ്റബിലസിയിലും ഒപ്പം, രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പ്രസ്‌തുത കൺവെൻഷൻ നടത്താനിരുന്ന പട്ടണങ്ങളിലും നഗരങ്ങളിലും. റ്റസ്‌നോറി, കൂറ്റായീസി, സുഗ്‌ഡീഡി, കാസ്‌പി, ഗോറി എന്നിവയായിരുന്നു അവ. ഒരേസമയം എല്ലാവർക്കും കൺവെൻഷൻ ആസ്വദിക്കാൻ തക്കവണ്ണം ടെലിഫോൺ വഴി ഈ കേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിക്കുകയെന്നതു ഭാരിച്ച സംരംഭമായിരുന്നു. അങ്ങനെ സർവതും ഒരുങ്ങിക്കഴിഞ്ഞപ്പോഴാണ്‌ ഓർക്കസ്‌ട്രാ ഭാരവാഹികൾ കൺവെൻഷനു വെറും ഒരാഴ്‌ചമുമ്പ്‌, യാതൊരു വിശദീകരണവും നൽകാതെ കൺവെൻഷൻ കമ്മിറ്റിയുമായുള്ള ഉടമ്പടി റദ്ദാക്കുന്നത്‌.

ആദ്യ ‘അത്ഭുതം’

ഈ അവസാന നിമിഷത്തിൽ സഹോദരന്മാർ എന്തു ചെയ്യും? റ്റബിലസിയിൽനിന്ന്‌ 40 കിലോമീറ്റർ ദൂരെയുള്ള മാർനവുലി എന്ന ഗ്രാമപ്രദേശത്തേക്കു തിരിയുക എന്നതു മാത്രമായിരുന്നു പോംവഴി. അവിടെയുള്ള ഒരു സാക്ഷിക്കുടുംബത്തിന്റെ സ്ഥലത്ത്‌ പല കൺവെൻഷനുകളും നടത്തിയിട്ടുള്ളതാണ്‌. മുമ്പ്‌ അത്‌ വലിയൊരു തോട്ടമായിരുന്നു. റ്റബിലസിയിലെ സഭകൾക്ക്‌ കൺവെൻഷൻ നടത്താൻ, കഴിഞ്ഞ പത്തു വർഷമായി ലഭിച്ചിരുന്ന ഒരേയൊരു സ്ഥലമാണത്‌. അതേസമയം യഹോവയുടെ സാക്ഷികൾ ക്രൂരമായ ആക്രമണത്തിനു വിധേയരായിട്ടുള്ള സ്ഥലം കൂടിയാണത്‌.

2000 സെപ്‌റ്റംബർ 16-നാണ്‌ അത്തരമൊരു സംഭവമുണ്ടാകുന്നത്‌. സാക്ഷികൾക്ക്‌ കൺവെൻഷൻ സ്ഥലത്ത്‌ എത്താൻ കഴിയാതിരിക്കേണ്ടതിന്‌ മാർനവുലിയിലെ സിറ്റി പോലീസ്‌ എങ്ങും മാർഗതടസ്സം സൃഷ്ടിച്ചു. തുടർന്ന്‌ സ്വഭാവദൂഷ്യംകൊണ്ട്‌ സ്ഥാനഭ്രഷ്ടനായ വാസീലി കാലാവിഷ്‌വീലി എന്ന ഒരു ഓർത്തഡോക്‌സ്‌ പുരോഹിതന്റെ നേതൃത്വത്തിൽ കുറെ ഗുണ്ടകൾ ബസ്സുകളിലെത്തി. കൺവെൻഷൻ സ്ഥലത്തേക്കുള്ള ബസ്സുകളും കാറുകളുമെല്ലാം തടഞ്ഞുനിറുത്തിയശേഷം അവർ പലരെയും വലിച്ചിറക്കി നിഷ്‌കരുണം മർദിച്ചു. ശേഷം യാത്രക്കാരുടെ ബൈബിളും ബൈബിൾ പ്രസിദ്ധീകരണങ്ങളും മറ്റു വസ്‌തുവകകളും കൊള്ളയടിച്ചു.

മാർനവുലിയിലെ കൺവെൻഷൻ സൈറ്റിലും ഏകദേശം 60 പേരുള്ള അക്രമിസംഘം ആക്രമണം അഴിച്ചുവിട്ടു. ഉദ്ദേശം 40 സാക്ഷികൾക്കു പരുക്കേറ്റു. ഒരു സഹോദരന്റെ നെഞ്ചിനു കുത്തേറ്റു. അക്രമികളിൽ ചിലർ ആകാശത്തേക്കു വെടിയുതിർത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അവരിലൊരാൾ കൺവെൻഷൻ സ്ഥലത്തിന്റെ ഉടമസ്ഥയുടെനേർക്കു തോക്കു ചൂണ്ടിക്കൊണ്ട്‌ പണവും ആഭരണങ്ങളും ആവശ്യപ്പെട്ടു. കൺവെൻഷൻ സൈറ്റിന്റെ ഒരറ്റത്തായി ഉണ്ടായിരുന്ന അവരുടെ വീട്ടിലേക്ക്‌ ഇരച്ചുകയറിയ സംഘം സകലവും കൊള്ളയടിച്ചു. വീടിന്റെ ജനാലകളെല്ലാം തല്ലിത്തകർത്തശേഷം അവർ ബൈബിൾ പ്രസിദ്ധീകരണങ്ങളും കൺവെൻഷനായി പ്രത്യേകം നിർമിച്ച ബഞ്ചുകളും അഗ്നിക്കിരയാക്കി. ഒന്നര ടൺ പ്രസിദ്ധീകരണങ്ങളാണു നശിപ്പിക്കപ്പെട്ടത്‌. അടുത്തുണ്ടായിരുന്ന പോലീസുകാർ അക്രമികളെ തടയുന്നതിനു പകരം ആക്രമണത്തിൽ പങ്കുചേരുകയാണുണ്ടായത്‌. *

അക്രമഭീഷണിക്കു പുറമേ, ഉദ്ദേശം 2,500 പേർക്കു കൂടിവരാൻ കഴിയുന്ന ഒരു സ്ഥലത്ത്‌ 5,000 പേരെ എങ്ങനെ ഉൾക്കൊള്ളിക്കും എന്ന വെല്ലുവിളിയും കൺവെൻഷൻ കമ്മിറ്റിയുടെ മുമ്പാകെ ഉയർന്നുവന്നു. ഇത്ര കുറഞ്ഞ ഒരു സമയത്തിനുള്ളിൽ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും? തൊട്ടടുത്തുള്ള രണ്ടു ഭൂവുടമകൾ കൺവെൻഷനായി തങ്ങളുടെ തോട്ടങ്ങൾ വിട്ടുതരാമെന്നു പറഞ്ഞപ്പോൾ ഒരു അത്ഭുതം അരങ്ങേറുന്ന പ്രതീതിയായിരുന്നു സഹോദരന്മാർക്ക്‌.

കൃഷിയിടങ്ങൾ അനുയോജ്യമായ ഒരു കൺവെൻഷൻ സ്ഥലമാക്കി മാറ്റുകയെന്നതു ചില്ലറക്കാര്യമല്ലായിരുന്നു. പോരാഞ്ഞതിനു പ്രതികൂല കാലാവസ്ഥയും. കൺവെൻഷനുമുമ്പുള്ള ഒരാഴ്‌ച മുഴുവൻ കോരിച്ചൊരിയുന്ന മഴയായിരുന്നു. വിട്ടുകിട്ടിയ തോട്ടങ്ങളിൽ ഉരുളക്കിഴങ്ങു കൃഷിചെയ്‌തിരുന്നതിനാൽ വിളവെടുപ്പു നടത്തേണ്ടതുണ്ടായിരുന്നു. തകർത്തുപെയ്യുന്ന മഴയിൽ സ്വമേധാസേവകർ കൂട്ടമായി ഉരുളക്കിഴങ്ങ്‌ പറിച്ചുകൂട്ടി. തുടർന്ന്‌ വേലികളെല്ലാം നീക്കംചെയ്യുകയും മഴയിൽനിന്നും വെയിലിൽനിന്നുമുള്ള സംരക്ഷണാർഥം പന്തലിടുന്നതിന്‌ ആവശ്യമായ തൂണുകളും മറ്റും നാട്ടുകയും ചെയ്‌തു. കൂടുതൽ ബെഞ്ചുകൾ പണിയുകയും വിപുലമായ തോതിൽ ശബ്ദസംവിധാനങ്ങൾ ക്രമീകരിക്കുകയും ചെയ്‌തു. അറക്കലും തുളയ്‌ക്കലും ആണിയടിയുമായി ആശാരിപ്പണി രാവും പകലുമെന്നില്ലാതെ ആഘോഷമായി അരങ്ങേറി.

‘കൺവെൻഷൻ സമയത്തും മഴ തുടർന്നാലോ?’ എല്ലാവരും ഒരു നിമിഷം ചിന്തിച്ചു. ‘കൺവെൻഷൻ പ്രതിനിധികൾ ആ ചതുപ്പിൽ ആണ്ടുപോകുമോ?’ പെട്ടെന്നുതന്നെ, തറയിൽ നിരത്താൻ കെട്ടുകെട്ടായി വൈക്കോൽ വാങ്ങിക്കൂട്ടി. എന്നാൽ ഒടുവിൽ വാനം തെളിഞ്ഞു, സൂര്യനും മുഖംകാട്ടി. പരിപാടിയുടെ മൂന്നു ദിവസവും കൺവെൻഷൻ സ്ഥലം ഊഷ്‌മളവും മനോജ്ഞവുമായ സൂര്യകിരണങ്ങളിൽ കുളിച്ചുനിന്നു.

പ്രകൃതിരമണീയമായ ഒരു ദൃശ്യമാണ്‌ എത്തിച്ചേർന്ന പ്രതിനിധികൾക്കു കാണാനായത്‌. സ്വച്ഛന്ദമായ ആ ഗ്രാമീണ സൗന്ദര്യം പുതിയലോകത്തിന്റെ ഒരു പൂർവവീക്ഷണമായിരുന്നോ? അത്തിമരങ്ങളുടെയും മറ്റു ഫലവൃക്ഷങ്ങളുടെയും തക്കാളിത്തോട്ടങ്ങളുടെയും ചോളം വിളഞ്ഞ വയലേലകളുടെയും നടുവിൽ അവർ എല്ലാം മറന്ന്‌ ഇരുന്നു. സ്റ്റേജിന്റെ പിൻവശത്ത്‌ മുന്തിരിവള്ളികൾ അലങ്കാരതോരണം ചാർത്തിയിരുന്നു. പരിപാടികൾക്കിടയിൽ, പൂവൻകോഴി കൂവുന്നതും മുട്ടയിട്ടശേഷം പിടക്കോഴി കൊക്കുന്നതുമൊക്കെ കേൾക്കാമായിരുന്നു. ഗ്രാമാന്തരങ്ങളുടെ സവിശേഷതയായ മറ്റു ശബ്ദങ്ങളും അന്തരീക്ഷത്തിൽ അലയടിച്ചിരുന്നു, ഹാളിലുള്ളവർ അതെല്ലാം ഹൃദ്യമായ ഒരു സംഗീതംപോലെ ഏറ്റുവാങ്ങി. അതൊന്നും പക്ഷേ, അതിവിശിഷ്ടമായ ആ ആത്മീയ പരിപാടിയിൽ മനസ്സു കേന്ദ്രീകരിച്ചിരുന്ന അവരുടെ ശ്രദ്ധ വ്യതിചലിപ്പിച്ചില്ല. എന്നാൽ പ്രസ്‌തുത കൺവെൻഷനെ അവിസ്‌മരണീയമാക്കിയത്‌ ഇതു മാത്രമായിരുന്നില്ല.

രണ്ടാമത്തെ ‘അത്ഭുതം’

വെള്ളിയാഴ്‌ച രാവിലെ നടന്ന സെഷന്റെ ഒടുവിലായിരുന്നു അത്‌. യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ ജഫ്രി ജാക്‌സൺ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ സമ്പൂർണ ജോർജിയൻ പതിപ്പ്‌ പ്രകാശനം ചെയ്‌തപ്പോൾ പ്രതിനിധികൾ വിസ്‌മയഭരിതരായിത്തീർന്നു. * അവിശ്വാസം നിഴലിട്ട അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. “യഹോവ നിവർത്തിച്ച ഈ അത്ഭുതത്തോടുള്ള ഞങ്ങളുടെ വിലമതിപ്പ്‌ ഒരുകാലത്തും അവസാനിക്കില്ല. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര വിപുലമായ ഒരു സംരംഭം എങ്ങനെ പൂർത്തിയായി,” വികാരവായ്‌പോടെ ഒരു വ്യക്തി പറഞ്ഞു.

ടെലിഫോണിലൂടെ പരിപാടികൾ ശ്രദ്ധിച്ച, റ്റാലെൻജീഹാ പട്ടണത്തിൽനിന്നുള്ള ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “സമ്പൂർണ ബൈബിൾ ലഭിച്ചപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാൻ എനിക്കാകുന്നില്ല. അനിതരസാധാരണമായ ഈ ത്രിദിന കൺവെൻഷനായി ഞാൻ നിങ്ങളോടു നന്ദി പറയുന്നു. സത്യമായും അതൊരു വഴിത്തിരിവായിരുന്നു.” പശ്ചിമ ജോർജിയയിൽ കരിങ്കടലിനു സമീപമുള്ള ഒരു സഭയിലെ ഒരു വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇന്നുവരെയും ഞങ്ങളുടെ കുടുംബത്തിൽ ആകെക്കൂടി ഒരു ബൈബിളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഞങ്ങൾ നാലു പേർക്കും പുതിയലോക ഭാഷാന്തരം സ്വന്തമായുണ്ട്‌. അതുകൊണ്ടുതന്നെ വ്യക്തിപരമായി ബൈബിൾ പഠിക്കാൻ ഞങ്ങൾക്കു കഴിയുന്നു.”

എന്നാൽ ആരും കാണാത്ത ചില പ്രശ്‌നങ്ങളും ഇല്ലാതിരുന്നില്ല. ഉദാഹരണത്തിന്‌ കൺവെൻഷനു വിതരണം ചെയ്യാനുള്ള സമ്പൂർണ പുതിയലോക ഭാഷാന്തരം നേരത്തേതന്നെ ജോർജിയയിലേക്ക്‌ അയച്ചിരുന്നെങ്കിലും അത്‌ അതിർത്തി കടത്തിവിടാൻ കസ്റ്റംസുകാർ അനുവദിച്ചില്ല. അതേത്തുടർന്ന്‌ സഹോദരന്മാർ ഓംബുഡ്‌സ്‌മാന്റെ ഓഫീസുമായി ബന്ധപ്പെട്ടു. ബൈബിൾ വിട്ടുകൊടുക്കാൻവേണ്ട കാര്യങ്ങൾ ഓംബുഡ്‌സ്‌മാൻ ചെയ്‌തു. അങ്ങനെ കൃത്യസമയത്തുതന്നെ അതു കൺവെൻഷൻ സ്ഥലത്ത്‌ എത്തിക്കാനായി. ഓഫീസിലേക്ക്‌ പുതിയ ബൈബിളിന്റെ ഏതാനും കോപ്പികൾ വാങ്ങിക്കൊണ്ടുവരാനായി അദ്ദേഹം തന്റെ സഹായിയെ കൺവെൻഷൻ സ്ഥലത്തേക്കു പറഞ്ഞുവിടുകപോലും ചെയ്‌തു.

ഊഷ്‌മളമായ ഒരു വരവേൽപ്പ്‌ ജോർജിയൻ സ്റ്റൈലിൽ

മാർനവുലി കൺവെൻഷൻ ജോർജിയയിലെ യഹോവയുടെ സാക്ഷികൾക്ക്‌ ഒരു സവിശേഷ അനുഭവമായിരിക്കുന്നതിനു മറ്റൊരു കാരണം കൂടെയുണ്ട്‌. യഹോവയുടെ സാക്ഷികളുടെ ഒരു ഭരണസംഘാംഗം അതിൽ സന്നിഹിതനായിരുന്നു എന്നതാണത്‌. കൂടിവന്നവർക്കെല്ലാം അത്‌ എന്തെന്നില്ലാത്ത ആവേശം പകർന്നു. നാടൻരീതിയിൽ ഊഷ്‌മളമായി അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ അവരെല്ലാം ആഗ്രഹിച്ചു. അതിനായി അദ്ദേഹത്തിന്‌ കൺവെൻഷനുമുമ്പും പിമ്പും കൺവെൻഷനിലുടനീളവും മണിക്കൂറുകളോളം സഹോദരീസഹോദരന്മാർക്കായി നിന്നുകൊടുക്കേണ്ടിവന്നു. സഹോദരന്‌ അതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

മുമ്പ്‌ 1903-ൽ നടന്ന മറ്റൊരു കൺവെൻഷന്റെയൊടുവിൽ ഒരു സഹോദരൻ ഇങ്ങനെ പറയുകയുണ്ടായി: “പാവപ്പെട്ട ഒരു മനുഷ്യനാണു ഞാൻ. പക്ഷേ ആയിരം ഡോളർ തരാമെന്നു പറഞ്ഞാൽപ്പോലും ഈ കൺവെൻഷനിലൂടെ ലഭിച്ച നന്മകൾ വെച്ചുമാറാൻ എനിക്കാവില്ല.” അതുതന്നെയായിരുന്നു, ഒരു നൂറ്റാണ്ടിലേറെക്കാലത്തിനുശേഷം 2006-ലെ വേനൽക്കാലത്ത്‌ ജോർജിയയിൽ നടന്ന അവിസ്‌മരണീയമായ കൺവെൻഷനുകളിൽ സംബന്ധിച്ച സാക്ഷികളുടെയും ചേതോവികാരം.

[അടിക്കുറിപ്പുകൾ]

^ ഖ. 10 യഹോവയുടെ സാക്ഷികൾക്കു ജോർജിയയിലുണ്ടായ പീഡനത്തെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾക്ക്‌ 2002 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ 22-28 പേജുകൾ കാണുക.

^ ഖ. 16 ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ജോർജിയൻ ഭാഷയിൽ 2004-ൽ പ്രസിദ്ധീകരിച്ചിരുന്നു.

[19-ാം പേജിലെ ചതുരം]

“കുറഞ്ഞവൻ” വളർന്നിരിക്കുന്നു

യെശയ്യാവു 60:22-ലെ പിൻവരുന്ന വാക്കുകൾ ജോർജിയയുടെ കാര്യത്തിൽ സത്യമായി ഭവിച്ചിരിക്കുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” 20 വർഷത്തിൽക്കുറഞ്ഞ ഒരു കാലത്തിനുള്ളിൽ ജോർജിയയിലെ രാജ്യഘോഷകരുടെ എണ്ണം, 100-ലും കുറവായിരുന്ന അവസ്ഥയിൽനിന്ന്‌ ഏകദേശം 16,000 ആയിത്തീർന്നിരിക്കുന്നു. ദൈവവചനത്തിന്റെ ഈ സതീക്ഷ്‌ണ ശുശ്രൂഷകർ ഓരോ ആഴ്‌ചയും ഉദ്ദേശം 8,000 ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നു. വ്യക്തമായും ജോർജിയ വീണ്ടുമൊരു വർധനയുടെ വക്കിലാണ്‌.

[16-ാം പേജിലെ രേഖാചിത്രം/ഭൂപടങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

റഷ്യൻ ഫെഡറേഷൻ

ജോർജിയ

⇨ സുഗ്‌ഡീഡി

⇨ കൂറ്റായീസി

മാർനവുലി ⇨ ഗോറി

⇨ കാസ്‌പി

⇨ റ്റസ്‌നോറി

റ്റബിലസി

ടർക്കി

അർമേനിയ

അസർബൈജാൻ

[കടപ്പാട്‌]

ഗ്ലോബ്‌: Based on NASA/Visible Earth imagery

[16-ാം പേജിലെ ചിത്രം]

റ്റബിലസിയിലെ പ്രതിമ

[17-ാം പേജിലെ ചിത്രങ്ങൾ]

മാർനവുലിയിലെ കൺവെൻഷൻ മറ്റ്‌ അഞ്ചു സ്ഥലങ്ങളുമായി സെൽഫോൺ വഴി ബന്ധിപ്പിച്ചിരുന്നു

[18-ാം പേജിലെ ചിത്രങ്ങൾ]

“പുതിയലോക ഭാഷാന്തര”ത്തിന്റെ സമ്പൂർണ പതിപ്പ്‌ ജോർജിയൻ ഭാഷയിൽ പ്രകാശനം ചെയ്‌തപ്പോൾ പ്രതിനിധികൾക്ക്‌ ആശ്ചര്യവും ആഹ്ലാദവും അടക്കാനായില്ല