വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഒരിക്കൽ തന്റെ പരിചാരകനായിരിക്കാൻ ആളയച്ചു വിളിപ്പിച്ചിരുന്നു എന്നിരിക്കെ, ഗൊല്യാത്തിനെ കൊന്നു മടങ്ങിവന്ന ദാവീദിനോട്‌ “ബാല്യക്കാരാ, നീ ആരുടെ മകൻ” എന്നു ശൗൽ ചോദിച്ചതെന്തുകൊണ്ട്‌?—1 ശമൂവേൽ 16:22; 17:58.

അവരുടെ ആദ്യത്തെ കൂടിക്കാഴ്‌ച ഹ്രസ്വമായിരുന്നതിനാൽ ദാവീദ്‌ ആരായിരുന്നു എന്ന കാര്യം ശൗൽ മറന്നുപോയിരിക്കാം എന്നതാണ്‌ ലളിതമായ ഒരു ഉത്തരം. എന്നാൽ ഇതിനു സാധ്യത കുറവാണ്‌, കാരണം 1 ശമൂവേൽ 16:18-23 പറയുന്നതനുസരിച്ച്‌ ശൗൽ രാജാവ്‌ ദാവീദിനെ ആളയച്ചു വരുത്തിയെന്നു മാത്രമല്ല, അവനെ വളരെ സ്‌നേഹിക്കുകയും തന്റെ ആയുധവാഹകനാക്കുകയും ചെയ്‌തു. ശൗലിന്‌ ദാവീദിനെ നന്നായി അറിയാമായിരുന്നിരിക്കണം.

പൊതുയുഗത്തിനുമുമ്പ്‌ രണ്ടാം നൂറ്റാണ്ടിൽ പൂർത്തിയായ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ (എബ്രായ തിരുവെഴുത്തുകളുടെ പരിഭാഷ) ചില കോപ്പികളിൽ 1 ശമൂവേൽ 17:12-31; 17:55–18:5 എന്നീ ഭാഗങ്ങൾ കാണാത്തതിനാൽ ഇവ പിന്നീടു കൂട്ടിച്ചേർക്കപ്പെട്ടതാണെന്നു ചില ബൈബിൾ പണ്ഡിതന്മാർ കരുതുന്നു. എന്നാൽ, ചില കോപ്പികളിൽ ഈ ഭാഗങ്ങൾ കാണുന്നില്ല എന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ അത്തരം ഒരു നിഗമനത്തിലെത്തുന്നത്‌ ബുദ്ധിമോശമായിരിക്കും, എന്തെന്നാൽ എബ്രായ തിരുവെഴുത്തുകളുടെ മറ്റ്‌ ആധികാരിക കയ്യെഴുത്തുപ്രതികളിൽ ഈ ഭാഗം കാണപ്പെടുന്നുണ്ട്‌. *

ആദ്യം അബ്‌നേരിനോടും പിന്നെ ദാവീദിനോടും ഉള്ള ചോദ്യങ്ങളിൽനിന്ന്‌, ദാവീദിന്റെ പിതാവിന്റെ പേര്‌ അറിയുക എന്നതായിരുന്നില്ല ശൗലിന്റെ ഉദ്ദേശ്യം എന്നു വ്യക്തമാണ്‌. ഗൊല്യാത്തിനെ പരാജയപ്പെടുത്തി വരുന്ന ദാവീദിനെ തികച്ചും വ്യത്യസ്‌തമായ ഒരു തലത്തിൽനിന്നാണ്‌ ശൗൽ ഇപ്പോൾ വീക്ഷിക്കുന്നത്‌. ധീരനും ഇത്ര വലിയ വിശ്വാസത്തിന്റെ ഉടമയുമായ ഈ ബാലനെ വളർത്തിക്കൊണ്ടുവന്നത്‌ ഏതുതരത്തിലുള്ള ഒരു മനുഷ്യനാണെന്ന്‌ അറിയാൻ അവൻ ആഗ്രഹിച്ചു. ദാവീദിൽ കണ്ട ധീരത ഒരുപക്ഷേ അവന്റെ പിതാവായ യിശ്ശായിയിലും മറ്റു കുടുംബാംഗങ്ങളിലും കണ്ടേക്കാം എന്നതിനാൽ അവരെ തന്റെ സൈന്യത്തിൽ ചേർക്കുന്നതിനെക്കുറിച്ച്‌ അവൻ ചിന്തിച്ചിരുന്നിരിക്കാം.

“ഞാൻ ബേത്ത്‌ലേഹെമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ” എന്ന ഹ്രസ്വമായ മറുപടിയാണ്‌ 1 ശമൂവേൽ 17:58-ൽ കാണുന്നതെങ്കിലും തുടർന്നുള്ള വിവരണം സൂചിപ്പിക്കുന്നതനുസരിച്ച്‌ സംഭാഷണം കൂടുതൽ ദീർഘിച്ചിരിക്കാൻ സാധ്യതയുണ്ട്‌. ബൈബിൾ പണ്ഡിതന്മാരായ സി. എഫ്‌. കൈലും എഫ്‌. ഡെലിറ്റ്‌ഷും പറയുന്നത്‌ ശ്രദ്ധിക്കുക: “[1 ശമൂവേൽ 18:1-ലെ] ‘അവൻ ശൌലിനോടു സംസാരിച്ചുതീർന്നപ്പോൾ’ എന്ന വാക്കുകൾതന്നെ, ദൈർഘ്യമേറിയ സംഭാഷണത്തെ സൂചിപ്പിക്കുന്നതിനാൽ ശൗൽ ദാവീദിന്റെ വീട്ടുകാര്യങ്ങളെക്കുറിച്ച്‌ തുടർന്നു കൂടുതൽ വിവരങ്ങൾ തിരക്കി എന്നു വ്യക്തമാണ്‌.”

ഇതിന്റെയെല്ലാം വെളിച്ചത്തിൽ, “ബാല്യക്കാരാ, നീ ആരുടെ മകൻ” എന്ന്‌ ശൗൽ ചോദിച്ചത്‌ ദാവീദ്‌ ആരാണെന്നറിയാനല്ല—അതവന്‌ അറിയാമായിരുന്നു—പകരം അവന്റെ പശ്ചാത്തലം അറിയാനായിരുന്നുവെന്ന്‌ നമുക്കു നിഗമനം ചെയ്യാനാകും.

[അടിക്കുറിപ്പ്‌]

^ ഖ. 4 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 2, പേജ്‌ 855, സെപ്‌റ്റുവജിന്റിൽ വിട്ടുകളഞ്ഞിരിക്കുന്ന ഈ ബൈബിൾ ഭാഗങ്ങളുടെ ആധികാരികതയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണുക.

[31-ാം പേജിലെ ചിത്രം]

ദാവീദ്‌ ആരുടെ മകനാണെന്ന്‌ ശൗൽ അവനോടു ചോദിച്ചത്‌ എന്തുകൊണ്ട്‌?