വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രത പാലിക്കുവിൻ”

“സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രത പാലിക്കുവിൻ”

“സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രത പാലിക്കുവിൻ”

“ഒരുവനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകകളല്ല അവന്റെ ജീവന്‌ ആധാരമായിരിക്കുന്നത്‌.”—ലൂക്കൊസ്‌ 12:15, NW.

1, 2. (എ) ഇന്ന്‌ ആളുകളുടെ താത്‌പര്യവും ശ്രദ്ധയും എന്തിലാണെന്നാണു നിങ്ങൾ കണ്ടിരിക്കുന്നത്‌? (ബി) അത്തരം ചിന്താഗതികൾ നമ്മെ എങ്ങനെ സ്വാധീനിച്ചേക്കാം?

പണം, പ്രതാപം, കുടുംബത്തിന്റെ നിലയും വിലയും, വസ്‌തുവകകൾ, ഉയർന്ന ശമ്പളമുള്ള ജോലി, ഇതൊക്കെ നോക്കിയാണു മിക്ക ആളുകളും ജീവിതവിജയം അളക്കുന്നത്‌ അല്ലെങ്കിൽ ഭാവി എത്ര സുരക്ഷിതമാണെന്നു കണക്കാക്കുന്നത്‌. സമ്പന്നരാജ്യത്തായാലും ദരിദ്രരാജ്യത്തായാലും മിക്ക ആളുകളുടെയും താത്‌പര്യവും ശ്രദ്ധയും ഇന്നു കേന്ദ്രീകരിച്ചിരിക്കുന്നത്‌ ഭൗതികനേട്ടങ്ങളിലാണ്‌. അതേസമയം ആത്മീയ കാര്യങ്ങളിൽ എന്തെങ്കിലും താത്‌പര്യം ഉണ്ടെങ്കിൽത്തന്നെ അത്‌ ഒന്നിനൊന്നു കുറഞ്ഞുവരികയുമാണ്‌.

2 ഈ സ്ഥിതിവിശേഷം ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും . . . ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.” (2 തിമൊഥെയൊസ്‌ 3:1-5) അനുദിനം ഇത്തരം ആളുകളോടൊപ്പം കഴിയേണ്ടിവരുന്നതിനാൽ അവരുടെ ചിന്താഗതിയും ജീവിതരീതിയുമൊക്കെ പകർത്താനുള്ള നിരന്തര സമ്മർദത്തിൻ കീഴിലാണ്‌ സത്യക്രിസ്‌ത്യാനികൾ. ഈ ലോകം “അതിന്റെ സ്വന്തം മൂശയിലേക്ക്‌ നമ്മെ തിരുകിക്കയറ്റാൻ” നടത്തുന്ന ശ്രമങ്ങളെ നമുക്ക്‌ എങ്ങനെ ചെറുക്കാനാകും?—റോമർ 12:2, ദ ന്യൂ ടെസ്റ്റമെന്റ്‌ ഇൻ മോഡേൺ ഇംഗ്ലീഷ്‌, ജെ.ബി. ഫിലിപ്‌സ്‌.

3. യേശുവിന്റെ ഏത്‌ ഉപദേശം നാം ഇപ്പോൾ പരിചിന്തിക്കുന്നതായിരിക്കും?

3 “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ” യേശുക്രിസ്‌തു ഇതു സംബന്ധിച്ച്‌ ചില സുപ്രധാന പാഠങ്ങൾ നമുക്കു പറഞ്ഞുതന്നിട്ടുണ്ട്‌. (എബ്രായർ 12:2) ഒരിക്കൽ യേശു സത്യാരാധനയോടു ബന്ധപ്പെട്ട ആഴമേറിയ ചില കാര്യങ്ങളെക്കുറിച്ചു ജനങ്ങളോടു സംസാരിക്കുകയായിരുന്നു, അപ്പോൾ ഒരു മനുഷ്യൻ ഇടയ്‌ക്കു കയറി പറഞ്ഞു: “ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‌വാൻ എന്റെ സഹോദരനോടു കല്‌പിച്ചാലും.” അതിനു മറുപടിയായി യേശു ആ മനുഷ്യനും അവിടെ കൂടിയിരുന്നവർക്കും സാരവത്തായ ചില ഉപദേശങ്ങൾ നൽകി. അത്യാഗ്രഹത്തിനെതിരെ വളരെ ശക്തമായ മുന്നറിയിപ്പു നൽകിയ അവൻ ചിന്തോദ്ദീപകമായ ഒരു ദൃഷ്ടാന്തകഥ പറഞ്ഞുകൊണ്ട്‌ അതിനു പിൻബലമേകുകയും ചെയ്‌തു. ആ സന്ദർഭത്തിൽ യേശു എന്തു പറഞ്ഞുവെന്നു ശ്രദ്ധിക്കുന്നതും അതു നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നതും തികച്ചും ഉചിതമാണ്‌.—ലൂക്കൊസ്‌ 12:13-21.

അനുചിതമായ ഒരു അഭ്യർഥന

4. ആ മനുഷ്യൻ യേശുവിനെ തടസ്സപ്പെടുത്തിയത്‌ ഉചിതമല്ലായിരുന്നത്‌ എന്തുകൊണ്ട്‌?

4 ആ മനുഷ്യൻ തടസ്സപ്പെടുത്തുമ്പോൾ, കാപട്യം ഒഴിവാക്കുന്നതിനെക്കുറിച്ചും മനുഷ്യരുടെ മുമ്പാകെ മനുഷ്യപുത്രനെ ഏറ്റുപറയാനുള്ള ധൈര്യം ഉണ്ടായിരിക്കുന്നതിനെക്കുറിച്ചും പരിശുദ്ധാത്മാവിന്റെ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചുമൊക്കെ യേശു സംസാരിക്കുകയായിരുന്നു. (ലൂക്കൊസ്‌ 12:1-12) ശിഷ്യന്മാർ ഉൾപ്പെടെ അവിടെ കൂടിയിരുന്ന എല്ലാവരും മനസ്സിൽപ്പിടിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു അവ. ഗൗരവമേറിയ ഇത്തരം കാര്യങ്ങൾ യേശു ചർച്ച ചെയ്യുന്നതിനിടെയാണ്‌ ആ മനുഷ്യൻ തന്റെ കുടുംബത്തിലെ സ്വത്തുതർക്കത്തിൽ ഇടപെടാൻ അവനോട്‌ ആവശ്യപ്പെട്ടത്‌. എന്നിരുന്നാലും ഈ സംഭവത്തിൽനിന്നു നമുക്കു പ്രധാനപ്പെട്ട ഒരു പാഠം പഠിക്കാനാകും.

5. ആ മനുഷ്യന്റെ അഭ്യർഥന അയാളെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

5 “ഒരു മതപ്രഭാഷണത്തിനു സന്നിഹിതനായിരിക്കുമ്പോൾ ഒരാൾ എന്താണോ ചിന്തിക്കുന്നത്‌ അതിൽനിന്ന്‌ അയാൾ ഏതു തരത്തിലുള്ള വ്യക്തിയാണെന്നു മനസ്സിലാക്കാനാകു”മെന്ന്‌ ഒരു എഴുത്തുകാരൻ അഭിപ്രായപ്പെട്ടു. ഗൗരവമേറിയ ആത്മീയ കാര്യങ്ങളെക്കുറിച്ചു യേശു സംസാരിച്ചുകൊണ്ടിരിക്കെ, സാധ്യതയനുസരിച്ച്‌ ആ മനുഷ്യന്റെ ചിന്ത മുഴുവനും തന്റെ കുടുംബ ഓഹരി എങ്ങനെ നേടിയെടുക്കാം എന്നായിരുന്നു. അയാളുടെ പരാതിക്ക്‌ തക്കതായ അടിസ്ഥാനമുണ്ടായിരുന്നോ എന്നു ബൈബിൾ പറയുന്നില്ല. ഒരുപക്ഷേ യേശുവിന്റെ അധികാരവും മനുഷ്യരുടെ കാര്യങ്ങൾ നന്നായി വിലയിരുത്തി തീർപ്പുകൽപ്പിക്കുന്നവൻ എന്ന അവന്റെ കീർത്തിയും പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അയാൾ. എന്തുതന്നെയായാലും, ആത്മീയ കാര്യങ്ങളോട്‌ അയാൾക്ക്‌ ഒട്ടും വിലമതിപ്പില്ലെന്ന്‌ അയാളുടെ ആ അഭ്യർഥന വെളിപ്പെടുത്തി. ഒരു ആത്മപരിശോധന നടത്താൻ ഈ വിവരണം നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? ഉദാഹരണത്തിന്‌ ക്രിസ്‌തീയ യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ നമ്മുടെ മനസ്സ്‌ പിന്നീടു ചെയ്യാൻപോകുന്ന കാര്യങ്ങളിൽ വ്യാപരിക്കാനോ അലഞ്ഞുതിരിയാനോ ഇടയുണ്ട്‌. എന്നാൽ നാം അവിടെ പറയുന്ന കാര്യങ്ങൾക്കു ശ്രദ്ധകൊടുക്കുകയും നമ്മുടെ സ്വർഗീയ പിതാവായ യഹോവയോടും സഹക്രിസ്‌ത്യാനികളോടുമുള്ള നമ്മുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനായി വ്യക്തിജീവിതത്തിൽ അതെങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കുകയും വേണം.—സങ്കീർത്തനം 22:22; മർക്കൊസ്‌ 4:24.

6. ആ മനുഷ്യന്റെ അപേക്ഷ യേശു തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ട്‌?

6 അയാൾ പരാതിപ്പെടാനുള്ള കാരണം എന്തുതന്നെയായാലും ആ പ്രശ്‌നത്തിൽ ഇടപെടാൻ യേശു വിസമ്മതിച്ചു. പകരം യേശു അയാളോട്‌: “മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ എന്നു ചോദിച്ചു.” (ലൂക്കൊസ്‌ 12:14) അങ്ങനെ പറയുകവഴി ജനങ്ങൾക്കു വളരെ പരിചിതമായ ഒരു കാര്യം പരാമർശിക്കുക ആയിരുന്നു യേശു. മോശൈക ന്യായപ്രമാണം അനുസരിച്ച്‌ ഇത്തരം കാര്യങ്ങൾക്കു തീർപ്പു കൽപ്പിക്കുന്നതിനുവേണ്ടി പട്ടണംതോറും ന്യായാധിപന്മാരെ നിയമിച്ചിരുന്നു. (ആവർത്തനപുസ്‌തകം 16:18-20; 21:15-17; രൂത്ത്‌ 4:1, 2) എന്നാൽ യേശുവിനാകട്ടെ രാജ്യസത്യത്തെക്കുറിച്ചു സാക്ഷ്യംപറയുക, ദൈവേഷ്ടം ആളുകളെ പഠിപ്പിക്കുക, തുടങ്ങി അതിലും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. (യോഹന്നാൻ 18:37) നമ്മുടെ ശ്രദ്ധ കവരാൻ ദൈനംദിന പ്രശ്‌നങ്ങളെ അനുവദിക്കാതെ സമയവും ഊർജവും എല്ലാം സുവാർത്ത പ്രസംഗിക്കാനും ‘സകലജാതികളെയും ശിഷ്യരാക്കാനും’ ഉപയോഗിച്ചുകൊണ്ടു നമുക്കു യേശുവിന്റെ മാതൃക പിൻപറ്റാം.—മത്തായി 24:14; 28:19-20.

അത്യാഗ്രഹത്തിനെതിരെ ജാഗ്രത പാലിക്കുക

7. ഉൾക്കാഴ്‌ച പ്രകടമാക്കിയ ഏതു നിരീക്ഷണമാണു യേശു നടത്തിയത്‌?

7 ആ മനുഷ്യന്റെ ഹൃദയവിചാരങ്ങൾ വിവേചിച്ചറിയാനായ യേശുവിന്‌ അവന്റെ ആ അഭ്യർഥനയിൽ ഗൗരവമേറിയ ഒരു പ്രശ്‌നം ഉൾപ്പെട്ടിട്ടുണ്ടെന്നു മനസ്സിലായി. അതുകൊണ്ട്‌ കേട്ടപാടെ അതു തള്ളിക്കളയുന്നതിനു പകരം ആ പ്രശ്‌നത്തിന്റെ കാതൽ കണ്ടെത്തി അവൻ പറഞ്ഞു: “സൂക്ഷിച്ചുകൊള്ളുവിൻ; സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രത പാലിക്കുവിൻ; എന്തെന്നാൽ ഒരുവനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകകളല്ല അവന്റെ ജീവന്‌ ആധാരമായിരിക്കുന്നത്‌.”—ലൂക്കൊസ്‌ 12:15, NW.

8. അത്യാഗ്രഹം എന്നാൽ എന്താണ്‌, അത്‌ എന്തിലേക്കു നയിക്കും?

8 അത്യാഗ്രഹത്തെ അതിരുകടന്ന ആഗ്രഹം എന്നു നിർവചിക്കാനാകും. വസ്‌തുക്കൾ സ്വന്തമാക്കാനുള്ള, ഒരുപക്ഷേ മറ്റുള്ളവരുടേതുപോലും കൈവശപ്പെടുത്താനുള്ള ഒരുതരം അടങ്ങാത്ത ആഗ്രഹമാണത്‌. ആ വസ്‌തുക്കൾ യഥാർഥത്തിൽ ആവശ്യമുണ്ടോയെന്നോ അവ കൈവശമാക്കുന്നത്‌ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നോ അത്യാഗ്രഹിയായ ഒരു വ്യക്തി ചിന്തിക്കുന്നില്ല. മറിച്ച്‌ അവ സ്വന്തമാക്കണമെന്നേ അയാൾക്കുള്ളൂ. അയാൾ ആഗ്രഹിക്കുന്നത്‌ എന്തായാലും അതാണ്‌ അയാളുടെ ചിന്തകളെയും പ്രവൃത്തികളെയും ഭരിക്കുന്നത്‌, ഫലത്തിൽ അതാണ്‌ അയാളുടെ ദൈവം. അപ്പൊസ്‌തലനായ പൗലൊസ്‌, അത്യാഗ്രഹിയായ ഒരു മനുഷ്യനെ ദൈവരാജ്യം അവകാശമാക്കുകയില്ലാത്ത വിഗ്രഹാരാധകനോടാണു തുലനം ചെയ്യുന്നത്‌.—എഫെസ്യർ 5:5; കൊലൊസ്സ്യർ 3:5.

9. അത്യാഗ്രഹം ഏതൊക്കെ വിധങ്ങളിലാണു പ്രകടമാകുക? ചില ഉദാഹരണങ്ങൾ നൽകുക.

9 ‘സകലവിധ അത്യാഗ്രഹത്തിനുമെതിരെ’ യേശു മുന്നറിയിപ്പു നൽകിയെന്നതു ശ്രദ്ധേയമാണ്‌. അത്യാഗ്രഹത്തിനു വിവിധ രൂപങ്ങളുണ്ട്‌. പത്തു കൽപ്പനയിൽ ഒടുവിലത്തേത്‌ അവയിൽ ചിലത്‌ എടുത്തു പറയുന്നു: “കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുത്‌.” (പുറപ്പാടു 20:17) ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള അത്യാഗ്രഹം മൂലം ഗുരുതരമായ പാപം ചെയ്‌ത നിരവധി ആളുകളുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌. മറ്റൊരാൾക്ക്‌ അവകാശപ്പെട്ടത്‌ അതിയായി കാംക്ഷിച്ച ആദ്യത്തെ വ്യക്തി സാത്താനാണ്‌. അവൻ യഹോവയ്‌ക്കു മാത്രം അവകാശപ്പെട്ട മഹത്ത്വവും ബഹുമാനവും അധികാരവും അതിയായി ആഗ്രഹിച്ചു. (വെളിപ്പാടു 4:11) ശരിയും തെറ്റും സ്വയം തീരുമാനിക്കാനുള്ള അവകാശം ഹവ്വാ അതിയായി മോഹിച്ചു, അങ്ങനെ വഞ്ചിക്കപ്പെട്ട അവൾ മനുഷ്യവർഗത്തിന്റെ പാപത്തിലേക്കും മരണത്തിലേക്കുമുള്ള പ്രയാണത്തിനു തുടക്കം കുറിച്ചു. (ഉല്‌പത്തി 3:4-7) അർഹതയില്ലാഞ്ഞത്‌ അതിയായി കാംക്ഷിച്ച്‌ തങ്ങളുടെ നിലയിൽ അതൃപ്‌തരായി ‘സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരാണ്‌’ ഭൂതങ്ങൾ. (യൂദാ 6; ഉല്‌പത്തി 6:2) ബിലെയാം, ആഖാൻ, ഗേഹസി, യൂദാസ്‌ എന്നിവരുടെ കാര്യമെടുത്താലോ? ഭൗതിക വസ്‌തുക്കളോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം അവർ സ്വജീവിതത്തിലെ അനുഗ്രഹങ്ങളിൽ തൃപ്‌തരാകാതെ തങ്ങളുടെ പദവികൾ ദുരുപയോഗം ചെയ്യുകയും നാശത്തിലേക്കു നിപതിക്കുകയും ചെയ്‌തു.

10. “ജാഗ്രത പാലിക്കുവിൻ” എന്ന യേശുവിന്റെ ഉദ്‌ബോധനം നാം ബാധകമാക്കേണ്ടത്‌ എങ്ങനെ?

10 “സൂക്ഷിച്ചുകൊള്ളുവിൻ” എന്ന ആമുഖത്തോടെ യേശു മുന്നറിയിപ്പു നൽകിയത്‌ തികച്ചും ഉചിതമായിരുന്നു. എന്തുകൊണ്ട്‌? സാധാരണഗതിയിൽ മറ്റുള്ളവരുടെ അത്യാഗ്രഹം എളുപ്പത്തിൽ നമ്മുടെ ശ്രദ്ധയിൽപ്പെടും. എന്നാൽ നമുക്കുതന്നെ ഈ പ്രശ്‌നം ഉണ്ടെന്ന്‌ അംഗീകരിക്കുക അത്ര എളുപ്പമല്ല. എന്നിരുന്നാലും, അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: “പണസ്‌നേഹം ഹാനികരമായ സകലതരം കാര്യങ്ങളുടെയും മൂലകാരണമാകുന്നു.” (1 തിമൊഥെയൊസ്‌ 6:9, 10, NW) “മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു” എന്നു ശിഷ്യനായ യാക്കോബ്‌ പ്രസ്‌താവിക്കുകയുണ്ടായി. (യാക്കോബ്‌ 1:15) യേശുവിന്റെ ഉദ്‌ബോധനത്തിനു ചേർച്ചയിൽ നാമെപ്പോഴും ‘ജാഗ്രത പാലിക്കണം.’ എന്തിനു വേണ്ടി? മറ്റുള്ളവർ അത്യാഗ്രഹികളാണോ എന്നു നോക്കാനല്ല, മറിച്ച്‌ നമ്മുടെ ഹൃദയം “സകലവിധ അത്യാഗ്രഹവും” വിട്ട്‌ ഒഴിഞ്ഞുനിൽക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻവേണ്ടി.

സമ്പദ്‌സമൃദ്ധിയും നമ്മുടെ ജീവനും

11, 12. (എ) യേശു അത്യാഗ്രഹത്തിനെതിരെ എന്തു മുന്നറിയിപ്പാണു നൽകിയത്‌? (ബി) യേശുവിന്റെ മുന്നറിയിപ്പിനു നാം ശ്രദ്ധകൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 അത്യാഗ്രഹത്തിനെതിരെ നാം ജാഗ്രത പാലിക്കേണ്ടതിനു മറ്റൊരു കാരണംകൂടെയുണ്ട്‌. യേശു അടുത്തതായി എന്തു പറഞ്ഞു എന്നു ശ്രദ്ധിക്കുക: “ഒരുവനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകകളല്ല അവന്റെ ജീവന്‌ ആധാരമായിരിക്കുന്നത്‌.” (ലൂക്കൊസ്‌ 12:15) ഭൗതികത്വം ആഴത്തിൽ വേരോടിയിരിക്കുന്ന, ഉയർന്ന ജീവിതനിലവാരവും സമ്പദ്‌സമൃദ്ധിയും ജീവിതവിജയത്തിന്റെയും സന്തുഷ്ടിയുടെയും പര്യായമായി വീക്ഷിക്കുന്ന ഇക്കാലത്ത്‌, നമ്മെ ചിന്തിപ്പിക്കേണ്ട ഒരു കാര്യമല്ലേ ഇത്‌. ഈ വാക്കുകളിലൂടെ യേശു ചൂണ്ടിക്കാണിച്ച വസ്‌തുത ഇതാണ്‌: എത്ര സമൃദ്ധിയുണ്ടായാലും ശരി, ഭൗതിക വസ്‌തുക്കളിൽനിന്നല്ല അർഥസമ്പൂർണവും സംതൃപ്‌തിദായകവുമായ ഒരു ജീവിതം ഉളവാകുന്നത്‌.

12 എന്നിരുന്നാലും ചിലർ ഇതിനോടു വിയോജിച്ചേക്കാം. ജീവിതം കൂടുതൽ സുഖകരവും ആസ്വാദ്യവുമാക്കാനും തദ്വാര കൂടുതൽ മൂല്യവത്താക്കാനും ഭൗതിക വസ്‌തുക്കൾക്കാകുമെന്ന്‌ അവർ വാദിക്കുന്നു. അതുകൊണ്ട്‌, അതൊക്കെ വാങ്ങിക്കൂട്ടുന്നതിനുള്ള പണം സമ്പാദിക്കുന്നതിനായി അവർ തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെക്കുന്നു. ആഗ്രഹിക്കുന്നത്‌ എല്ലാം ഉണ്ടായിരിക്കുന്നത്‌ ഒരു നല്ല ജീവിതം കൈവരുത്തുമെന്നാണ്‌ അവർ കരുതുന്നത്‌. എന്നാൽ ഇങ്ങനെ ചിന്തിക്കുകവഴി യേശു പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാതെ പോകുകയാണവർ.

13. ജീവിതത്തെയും വസ്‌തുവകകളെയും കുറിച്ചുള്ള ഒരു സന്തുലിത വീക്ഷണം എന്താണ്‌?

13 സമൃദ്ധിയുണ്ടായിരിക്കുന്നത്‌ തെറ്റോ ശരിയോ എന്നൊന്നും യേശു ഇവിടെ ചർച്ച ചെയ്യുന്നില്ല, എന്നാൽ ‘ഒരുവന്റെ വസ്‌തുവകകളല്ല’ അവന്റെ ജീവന്‌ ആധാരമായിരിക്കുന്നത്‌ എന്ന വസ്‌തുതയാണ്‌ യേശു നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്‌. ജീവിക്കുന്നതിന്‌ അല്ലെങ്കിൽ ജീവൻ നിലനിറുത്തുന്നതിന്‌ അധികമൊന്നും ആവശ്യമില്ല എന്നു നമുക്കേവർക്കും അറിയാം. അൽപ്പം ആഹാരം, ധരിക്കാൻ വസ്‌ത്രം, കിടക്കാൻ ഒരിടം, ഇത്രയൊക്കെയല്ലേ ആവശ്യമുള്ളൂ? ധനികർക്ക്‌ ഇതെല്ലാം ധാരാളമായുണ്ട്‌, എന്നാൽ പാവങ്ങളുടെ കാര്യമോ? രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണ്‌ അവർ. ധനവാനും ദരിദ്രനും തമ്മിലുള്ള അന്തരം എത്ര വലുതാണെങ്കിലും ജീവിതം അവസാനിക്കുമ്പോൾ ഇവർ തമ്മിൽ യാതൊരു അന്തരവും ഉണ്ടായിരിക്കില്ല. എല്ലാം അവിടംകൊണ്ട്‌ അവസാനിക്കും. (സഭാപ്രസംഗി 9:5, 6) അതുകൊണ്ട്‌ ജീവിതത്തിന്റെ അർഥവും മൂല്യവും, ഒരാൾക്കു സമ്പാദിക്കാനും കൈവശമാക്കാനും കഴിയുന്ന വസ്‌തുക്കളിൽ ആശ്രയിച്ചിരിക്കുന്നില്ല, ആശ്രയിച്ചിരിക്കാനും പാടില്ല. യേശു പറഞ്ഞത്‌ എന്താണെന്നു പരിശോധിക്കുമ്പോൾ ഈ ആശയം നമുക്കു കൂടുതൽ വ്യക്തമാകും.

14. ഒരുവന്റെ “വസ്‌തുവകകളല്ല അവന്റെ ജീവന്‌ ആധാരമായിരിക്കുന്നത്‌” എന്നു പറഞ്ഞപ്പോൾ യേശു അർഥമാക്കിയത്‌ എന്താണ്‌?

14 ഒരുവന്റെ “വസ്‌തുവകകളല്ല അവന്റെ ജീവന്‌ ആധാരമായിരിക്കുന്നത്‌” എന്നു പറഞ്ഞപ്പോൾ യേശു അർഥമാക്കിയത്‌ ധനികരായിരുന്നാലും ദരിദ്രരായിരുന്നാലും, ആർഭാടമായാണു ജീവിക്കുന്നതെങ്കിലും അതല്ല തട്ടിമുട്ടിയാണു കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നതെങ്കിലും, നാം എത്ര കാലം ജീവിക്കും, നാളെ നാം ജീവനോടെ ഉണ്ടായിരിക്കുമോ ഈവക കാര്യങ്ങളിലൊന്നും നമുക്കു പൂർണ നിയന്ത്രണമില്ല എന്നാണ്‌. ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “ഉത്‌ക്കണ്‌ഠമൂലം ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിലാർക്കെങ്കിലും സാധിക്കുമോ?” (മത്തായി 6:27, പി.ഒ.സി. ബൈബിൾ) “ജീവന്റെ ഉറവു” യഹോവ മാത്രമാണെന്നും അവനു മാത്രമേ വിശ്വസ്‌തരായവർക്കു ‘സാക്ഷാലുള്ള ജീവൻ’ അഥവാ ‘നിത്യജീവൻ,’ സ്വർഗത്തിലോ ഭൂമിയിലോ ഉള്ള അനന്തജീവൻ നൽകാനാകൂ എന്നും ബൈബിൾ വളരെ വ്യക്തമായി പറയുന്നു.—സങ്കീർത്തനം 36:9; 1 തിമൊഥെയൊസ്‌ 6:12, 19.

15. എന്തുകൊണ്ടാണ്‌ അനേകരും ഭൗതികസമ്പത്തിൽ ആശ്രയം അർപ്പിക്കുന്നത്‌?

15 ജീവിതത്തെക്കുറിച്ചു വികലമായ വീക്ഷണങ്ങൾ രൂപീകരിക്കുക എത്ര എളുപ്പമാണെന്നു യേശുവിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടുന്നു. ധനികരായാലും ദരിദ്രരായാലും എല്ലാ മനുഷ്യരും അപൂർണരും അവരെ കാത്തിരിക്കുന്നത്‌ ഒരേ അന്ത്യവുമാണ്‌. മോശെ ഇങ്ങനെ നിരീക്ഷിച്ചു: “ഞങ്ങളുടെ ആയുഷ്‌കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു.” (സങ്കീർത്തനം 90:10; ഇയ്യോബ്‌ 14:1, 2; 1 പത്രൊസ്‌ 1:24) ഇക്കാരണത്താൽ, ദൈവവുമായി ഒരു നല്ല ബന്ധം നട്ടുവളർത്താത്ത ആളുകൾ മിക്കപ്പോഴും അപ്പൊസ്‌തലനായ പൗലൊസ്‌ പരാമർശിച്ച “തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ” എന്ന മനോഭാവം വെച്ചുപുലർത്തുന്നു. (1 കൊരിന്ത്യർ 15:32) ജീവിതം നൈമിഷികവും അനിശ്ചിതത്ത്വം നിറഞ്ഞതുമാണെന്ന തിരിച്ചറിവിൽ മറ്റുചിലർ ഭൗതികസമ്പത്തിൽ സുരക്ഷിതത്ത്വവും ഭദ്രതയും കണ്ടെത്താൻ ശ്രമിക്കുന്നു. എത്രയധികം സമ്പത്തുണ്ടോ ജീവിതം അത്രയധികം സുരക്ഷിതമാകും എന്നായിരിക്കാം അവർ കരുതുന്നത്‌. അതുകൊണ്ടുതന്നെ, ഭൗതികസമ്പത്തു സന്തോഷവും സുരക്ഷിതത്ത്വവും പ്രദാനം ചെയ്യുമെന്ന മിഥ്യാധാരണയിൽ അതു വാരിക്കൂട്ടാൻ അവർ അവിശ്രമം അധ്വാനിക്കുന്നു.—സങ്കീർത്തനം 49:6, 11, 12.

ഒരു സുരക്ഷിതഭാവി

16. ജീവിതത്തിന്റെ യഥാർഥ മൂല്യം എന്തിലല്ല അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌?

16 ഒരു ഉയർന്ന ജീവിതനിലവാരം കൂടുതൽ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്‌തേക്കാം അല്ലെങ്കിൽ നല്ല ആരോഗ്യപരിചരണം ലഭിക്കുന്നതിനും അങ്ങനെ ആയുസ്സ്‌ അൽപ്പംകൂടി വർധിപ്പിക്കുന്നതിനും സഹായകമായേക്കാം. എന്നാൽ അത്തരമൊരു ജീവിതം യഥാർഥത്തിൽ കൂടുതൽ അർഥവത്തും സുരക്ഷിതവും ആയിരിക്കുമോ? ഒരു വ്യക്തി എത്ര വർഷം ജീവിച്ചിരുന്നുവെന്നതോ എത്രത്തോളം സമ്പത്ത്‌ ഉണ്ടാക്കിയെന്നതോ അല്ല ജീവിതത്തിന്റെ യഥാർഥ മൂല്യം നിർണയിക്കുന്നത്‌. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ആശ്രയിക്കുന്നതിന്റെ അപകടത്തിലേക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ വിരൽചൂണ്ടി. അവൻ തിമൊഥെയൊസിന്‌ എഴുതി: “ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനും . . . ആജ്ഞാപിക്ക.”—1 തിമൊഥെയൊസ്‌ 6:17-19.

17, 18. (എ) ഭൗതിക സമ്പത്തിനോടുള്ള ബന്ധത്തിൽ ഏതു നല്ല ദൃഷ്ടാന്തങ്ങൾ അനുകരണാർഹമാണ്‌? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ചചെയ്യും?

17 ഒരുവൻ ധനത്തിൽ തന്റെ പ്രത്യാശ വെക്കുന്നതു ബുദ്ധിയായിരിക്കില്ല, കാരണം അത്‌ ‘നിശ്ചയമില്ലാത്തതാണ്‌.’ ഗോത്രപിതാവായ ഇയ്യോബ്‌ വളരെ സമ്പന്നനായിരുന്നു. എന്നാൽ ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി ആഞ്ഞടിച്ചപ്പോൾ ധനത്തിന്‌ അവനെ ഒരു വിധത്തിലും സഹായിക്കാനായില്ല, ഒരു രാത്രികൊണ്ട്‌ അവന്‌ അതൊക്കെ നഷ്ടമായി. ദൈവവുമായുണ്ടായിരുന്ന ശക്തമായ ബന്ധമാണു ദുരന്തങ്ങൾ നിറഞ്ഞ കാലഘട്ടത്തിൽ അവനു താങ്ങായത്‌. (ഇയ്യോബ്‌ 1:1, 3, 20-22) യഹോവയിൽനിന്നുള്ള ദുഷ്‌കരമായ നിയമനം സ്വീകരിക്കുന്നതിന്‌ അബ്രാഹാമിന്‌ അവന്റെ സമ്പത്ത്‌ ഒരിക്കലും ഒരു തടസ്സമായില്ല. അതുകൊണ്ടുതന്നെ ‘ബഹുജാതികൾക്കു പിതാവാകുവാനുള്ള’ അനുഗ്രഹം അവനു ലഭിച്ചു. (ഉല്‌പത്തി 12:1, 4; 17:4-6) ഇതുപോലുള്ള അനുകരണാർഹമായ മറ്റു ദൃഷ്ടാന്തങ്ങളുമുണ്ട്‌. പ്രായഭേദമന്യേ നാമേവരും, ജീവിതത്തിൽ എന്തിനാണ്‌ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്നതെന്നും എന്തിലാണു പ്രത്യാശ അർപ്പിക്കുന്നതെന്നും ഒരു ആത്മപരിശോധന നടത്തി കണ്ടെത്തണം.—എഫെസ്യർ 5:9; ഫിലിപ്പിയർ 1:10.

18 അത്യാഗ്രഹത്തെയും ശരിയായ ജീവിതവീക്ഷണത്തെയും കുറിച്ച്‌ യേശു പറഞ്ഞ ആ ചുരുങ്ങിയ വാക്കുകൾ ശ്രദ്ധയർഹിക്കുന്നതും പ്രബോധനാത്മകവുമാണ്‌. എന്നിരുന്നാലും യേശുവിന്‌ ഇനിയും ചിലതു പറയാനുണ്ടായിരുന്നു, വിവേകശൂന്യനായ ധനവാനെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ ദൃഷ്ടാന്തകഥയാണ്‌ അവൻ തുടർന്നു പറഞ്ഞത്‌. ആ ദൃഷ്ടാന്തത്തിന്‌ ഇന്നു നമ്മുടെ ജീവിതത്തിൽ എന്തു പ്രസക്തിയാണുള്ളത്‌, അതിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും.

നിങ്ങളുടെ ഉത്തരം എന്താണ്‌?

• ഒരു മനുഷ്യന്റെ അപേക്ഷ യേശു നിരസിച്ചതിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

• അത്യാഗ്രഹത്തിനെതിരെ നാം ജാഗ്രത പുലർത്തേണ്ടത്‌ എന്തുകൊണ്ട്‌, അതെങ്ങനെ സാധിക്കും?

• ഭൗതിക സമ്പത്തിൽനിന്നു ജീവൻ ഉളവാകുന്നില്ലാത്തത്‌ എന്തുകൊണ്ട്‌?

• ജീവിതം ശരിക്കും മൂല്യവത്തും സുരക്ഷിതവും ആക്കിത്തീർക്കുന്നത്‌ എന്താണ്‌?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

എന്തുകൊണ്ടാണ്‌ ഒരു മനുഷ്യന്റെ അപേക്ഷ യേശു നിരസിച്ചത്‌?

[23-ാം പേജിലെ ചിത്രം]

അത്യാഗ്രഹം ദുരന്തത്തിലേക്കു നയിക്കും

[25-ാം പേജിലെ ചിത്രങ്ങൾ]

ഭൗതിക സമ്പത്തിനോട്‌ അബ്രാഹാം ശരിയായ മനോഭാവം കാണിച്ചതെങ്ങനെ?